രൂപഭദ്രതയുടെ അപനിർമ്മാണം : ‘തരകൻസ് ഗ്രന്ഥവരി’യിൽ
- Jun 25
- 7 min read
Updated: Jun 26
ഡോ. അർച്ചന എ.കെ.

പ്രബന്ധ സംഗ്രഹം
മലയാള സാഹിത്യത്തിൽ എക്കാലത്തും നൂതന പരീക്ഷണങ്ങൾക്ക് പ്രാമുഖ്യമുള്ള വിഭാഗമാണ് നോവലുകളുടേത്. ബെന്യാമിന്റെ ‘തരകന്‍സ് ഗ്രന്ഥവരി’ ആഖ്യാനത്തിലെ നൂതന പരീക്ഷണം കൊണ്ട് ശ്രദ്ധേയമായ നോവലാണ്. വ്യവസ്ഥാപിത നോവൽ ഘടനയെ പുനർനിർണയിച്ച ‘തരകന്‍സ് ഗ്രന്ഥവരി’ വിഭാവനം ചെയത ആഖ്യാനാത്മകതയെക്കുറിച്ചുള്ള അന്വേഷണമാണ് ഈ പഠനം. ഭദ്രമായൊരു ശിൽപ ഘടനയില്ലാതെ ചിതറിയ താളുകളിലായി അടുക്കിയിരിക്കുന്ന കഥാഘടന പുതിയൊരു വായനാനുഭവം നൽകുന്നു. എഴുത്തുകാരനും വായനക്കാരനും നിർമ്മിക്കുന്ന വ്യത്യസ്ത പാഠങ്ങൾ, നോവലിന്റെ ഏകതാനമായ കഥാഘടനയെ തന്നെ ചോദ്യം ചെയ്യും വിധത്തിൽ ലൂസ് ലീഫ് നോവലുകളിൽ വരാം.
താക്കോൽ വാക്കുകൾ
നോവൽ സാഹിത്യം, ലൂസ് ലീഫ്, രൂപഭദ്രത, അപ നിർമ്മാണം, പാഠാന്തരത
പാശ്ചാത്യ സാഹിത്യത്തിൽ വന്നിട്ടുള്ള ലൂസ് ലീഫ് നോവലുകളെ മലയാളത്തിൽ ആദ്യം പരിചയപ്പെടുത്തുന്നത് പി. കെ. രാജശേഖരൻ ആണ്. അധ്യായക്രമം തെറ്റിച്ചും അല്ലാതെയുമുള്ള വായനയെ അർജന്റൈൻ നോവലിസ്റ്റ് യൂലിയോ കോർത്തസർ (Yulio Cortazar) ‘ഹോപ്‌സ് കോച്ച്’ എന്ന നോവലിലൂടെ സാക്ഷാത്കരിച്ചുകൊണ്ട് വായനയുടെ രേഖീയക്രമം തകർക്കുക മാത്രമല്ല, ഇഷ്ടാനുസരണമുള്ള വായനയ്ക്ക് വായനക്കാരനെ അനുവദിക്കുകയും ചെയ്തു. (രാജശേഖരൻ പി. കെ. വാക്കിന്റെ മൂന്നാംകര. പേജ്. 98) നിയതമായ രൂപഘടനയിൽ വാർത്തെടുക്കുന്ന ഒന്നാണ് സാഹിത്യം എന്നതിനെ ചോദ്യം ചെയ്യുകയും വായനക്കാരന്റെ സ്വാതന്ത്ര്യത്തിന് പൂർണമായി വിട്ടു നൽകുന്ന ഒന്നായി നോവൽ മാറുകയും ചെയ്യുന്നു. ആഖ്യാന തന്ത്രങ്ങൾ, ഉപകഥകൾ, കഥാപാത്രങ്ങൾ അനുക്രമാധ്യായങ്ങൾ എന്നിവയെല്ലാം പാഠത്തിൽ സജീവമായി നിലകൊള്ളുകയും ക്രമബദ്ധതയെ നിരാകരിക്കുകയും ചെയ്യുന്നു കുത്തിക്കെട്ടില്ല നോവലുകളിൽ (Loose Leaf Novels). ബോക്സ് കാർഡു നോവലുകൾ എന്നറിയപ്പെടുന്ന ഇവ 1960 മുതൽ തന്നെ പാശ്ചാത്യ സാഹിത്യത്തിൽ ഉണ്ടായിട്ടുണ്ടെങ്കിലും സജീവമായത് പിന്നീടാണ്. സി. എസ്. ജോൺസന്റെ അൺ ഫോർച്യുണേറ്റ്സ് (1969) ഈ മേഖലയിലെ ഉണ്ടായ ആദ്യകാല കൃതികളിൽ പ്രശസ്തമാണ്.
നവീന ക്രിട്ടിസിസം എഴുത്തിനെ പുനർവായനയായിട്ടാണ് പരിഗണിക്കുന്നത്. ആശയത്തിന്റെ കേന്ദ്രീകരണത്തെ തകർക്കുക മാത്രമല്ല എഴുതപ്പെട്ട വാക്കുകൾ പുതുപാഠങ്ങൾ രൂപപ്പെടുത്തുകയും ചെയ്യുന്നു. ഒന്നിന്റെയും നിർവചനങ്ങളെ പിന്താങ്ങുക നവീന ക്രിട്ടിസത്തിന്റെ പരിധിയിൽ വരുന്നില്ല. പാഠം, വായനക്കാരനും വാക്കും തമ്മിലുള്ള വിനിമയം മാത്രമാകുകയും പുതിയ പാഠങ്ങൾ രൂപം കൊള്ളുകയും ചെയ്യുന്നു. കർതൃത്വം (Subject) പാഠപരത (Textuality) വ്യവഹാരം ( Discourse) എന്നിവയ്ക്ക് ഘടനാവാനന്തരവാദം പ്രാധാന്യം നൽകി. കർത്തൃത്വമെന്നത് ഭാഷാനിർമ്മിതിയാണ്. അത് വിഭജിതവും (Split) അസ്ഥിര (Unstable)വും ശകലിത (Fragmented)വുമാണെന്നാണ് ഘടനാവാദാനന്തരവാദികൾ സമർഥിച്ചത്. (പോക്കർ പി. കെ., അപ നിർമ്മാണത്തിന്റെ തത്വചിന്തകൻ, പേജ്: ആമുഖം). ആധുനികതയിലാണ് അപനിർമാണ ചിന്തകൾ സാഹിത്യത്തിൽ സജീവമാകുന്നത്. അതിന്റെ പലവിധ അപഗ്രഥന സങ്കേതങ്ങൾ എല്ലാകാലത്തും സാഹിത്യ പഠനത്തിൽ ഇടപെടാറുണ്ട്. ഈയൊരു ചിന്തയിൽ നിന്നുകൊണ്ടാണ് ബെന്യാമിന്റെ നോവലായ ‘തരകൻസ് ഗ്രന്ഥവരി’ (2022) യെ സമീപിക്കുന്നതും. ആധുനികതയിൽ നിന്ന് വ്യത്യസ്തമായ ആശയപരതയും ആഖ്യാന മാധ്യമവും മലയാള നോവലിൽ കടന്നുവരുന്നത് ഉത്തരാധുനികതയിലാണ്. പ്രസിദ്ധീകരണ മാധ്യമങ്ങളുടെ തെരഞ്ഞെടുപ്പിലും വിഷയ സ്വീകരണത്തിലുമെല്ലാം പുതുമദർശിക്കാൻ കഴിയും. സാഹിത്യഭാഷയെയും ഘടനയെയും കുറിച്ചുള്ള വ്യക്തമായ ധാരണകളുണ്ടായിരിക്കുന്നതുപോലെ നോവലിന്റെ സാഹിതീയ ലക്ഷണങ്ങളെ ലംഘിക്കുന്ന രൂപങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുന്നു. മലയാളസാഹിത്യത്തിൽ ‘തരകൻസ് ഗ്രന്ഥവരി’ പോലെ പുതുമ ദർശിക്കാവുന്ന നോവലുകൾ ഉണ്ടായിട്ടില്ലെങ്കിലും ആനന്ദിന്റെ ‘ഗോവർദ്ധന്റെ യാത്രകളും’ മുകുന്ദന്റെ ‘ഒരു ദളിത് യുവതിയുടെ കദനകഥ’യും ആനന്ദിന്റെ ‘വ്യാസനും വിഘ്നേശ്വരനും’ ടി. ഡി രാമകൃഷ്ണന്റെ ‘ഫ്രാൻസിസ് ഇട്ടേക്കോര’യും ആർ. രാജശ്രീയുടെ കല്യാണിയെ ന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത’ എന്നിവയെല്ലാം വ്യത്യസ്തതയുടെ ആഖ്യാനങ്ങളായിട്ടാണ് നിൽക്കുന്നത്. മലയാള നോവലിന്റെ ഭാവുകത്വവ്യതിയാനങ്ങളിൽ ശില്പ ഭദ്രത പൊളിച്ചെഴുതുന്ന വിധത്തിലൊരു നവ പരീക്ഷണം നടക്കുന്നത് ബെന്യാമിന്റെ ‘തരൻസ് ഗ്രന്ഥവരി’ യിലൂടെയാണെന്ന് നിസംശയം പറയാം. പുറംചട്ടയില്ലാതെ ലീഫുകൾക്ക് നിയതക്രമമില്ലാതെ ബോക്സ് കാർഡുകളായി ക്രമീകരിച്ചാണ് വായനക്കാരുടെ സമക്ഷം ഈ നോവലെത്തിയത്. വായനയുടെ പുതു തന്ത്രത്തെയും ചട്ടക്കൂടുകളുടെ അനാവശ്യത്തെയും ഇതിലൂടെ മലയാളത്തിന് പരിചിതമായി. നോവൽ സാഹിത്യ ശാഖയുടെ വ്യവസ്ഥാപിത ക്രമങ്ങളെ പുറത്തുനിർത്തി തന്റേതായ നവീന ശൈലിയെ പരിചയപ്പെടുത്തുകയാണ് ബെന്യാമിൻ. ‘തരകൻസ് ഗ്രന്ഥവരി’ എന്ന നോവലിന്റെ പ്രസിദ്ധീകരണത്തിലൂടെ മലയാള നോവലിൽ നവീനമായ മറ്റൊരു മാർഗം കൂടി കടന്നു വരുന്നു. തരകന്‍സ് ഗ്രന്ഥവരി അനുക്രമമല്ലാത്ത ആഖ്യാനപാത തുടരുന്നുവെന്നും കൃതിയെ നിങ്ങളൊരു ഗ്രന്ഥവരിയായി കാണണമെന്നും നോവലിസ്റ്റ് പല അഭിമുഖങ്ങളിലും സൂചനകൾ നൽകുന്നുണ്ട്. പല രീതിയിലുള്ള ചരിത്രവും വർത്തമാനവും പ്രണയവും ഘടിപ്പിച്ചിരിക്കുന്ന ഈ നോവലിന്റെ പ്രസിദ്ധീകരണ പുറങ്ങളിൽ കാണുന്നതുപോലെ ഒരു നോവലായി ഈ കൃതിയെ സമീപിക്കുമ്പോൾ വായനക്കാരന് വലിയൊരു പ്രബന്ധം വായിക്കുന്ന അനുഭവമായിരിക്കും ഉണ്ടാവുക. നോവലായി അടയാളപ്പെടുത്തുകയും നോവലാവാതെ നിൽക്കുകയും ചെയ്യുന്നുവെന്നതും ഇതിന്റെ പ്രത്യേകതയാണ്. സാഹിത്യകൃതിയുടെ ധർമ്മമെന്ന് വായനക്കാരൻ പ്രതീക്ഷിക്കുന്ന ചില ആഖ്യാനാനുഭൂതികൾ മാറ്റിനിർത്തി എഴുത്തുകാരൻ സൃഷ്ടിച്ചിരിക്കുന്ന രൂപഭദ്രതയുടെ വിഘടന ക്രമത്തെ പിന്തുടരേണ്ടി വരും. വായനയുടെ ചങ്ങല പൊട്ടുകയും പിരിഞ്ഞുപോയ കണ്ണികളെ സമസ്തവും കൂട്ടിയിണക്കേണ്ടിവരുന്ന ദൗത്യവും വായനക്കാരന്റേതായി മാറുന്നു. ലൂസ് ലീഫ് എന്നത് വായനക്കാരന്റെ എഴുത്തായി മാറുന്നു. ബെന്യാമിൻ അവകാശപ്പെടുന്നു ഈ ലീഫിനെ എങ്ങനെ വായിച്ചാലും നിങ്ങളവസാനം എത്തുക കഥയുടെ പൂർണ്ണതയിലായിരിക്കും അപ്പോൾ നിങ്ങൾ അനുഭവിക്കുക ശൂന്യതയായിരിക്കും. കഥാപാത്രത്തിന്റെ അനുക്രമ ചലനങ്ങളിലൂടെ ആവിഷ്കരിച്ചിരിക്കുന്ന വ്യവസ്ഥാപിത നോവലായിരുന്നുവെങ്കിൽ ഏകതാനമായൊരു ആഖ്യാനക്രമം കണ്ടെത്താമായിരുന്നു. എന്നാൽ അത്തരം വായനാനുഭവം ഈ കൃതിക്കുള്ളിൽ ദർശിക്കാൻ കഴിയില്ല. എഴുതുന്നതും വായിക്കുന്നതും രൂപ പ്രക്രിയയെന്ന പോലെ വായനയും വേർതിരിഞ്ഞു നിൽക്കുന്നു. അല്ലെങ്കിൽ എഴുതുന്നവനെ മാറ്റി വായിക്കുന്നവൻ കൃതിയെ ഏറ്റെടുക്കുന്നതോടെ ഏതു കൃതിയും ലൂസ് ലീഫ് തന്നെയാണെന്നും ചിന്തിക്കേണ്ടിയിരിക്കുന്നു. അവിടെ അർത്ഥവും വ്യവഹാരവും നിശ്ചയിക്കുന്നത് വായനക്കാരനാണ്. എഴുത്തുകാരന്റെ സ്ഥാനം പാഠത്തിനു പുറത്താണ്. ഇവിടെ വായനക്കാരന് പാഠത്തിലേക്ക് അനസ്യൂതം പ്രവേശിക്കാൻ സാധ്യമാകുന്നില്ല. എന്നുമാത്രമല്ല ഈ പാഠം വായനക്കാരന്റെ രണ്ടാമത്തെയോ മൂന്നാമത്തെയോ വായനയെ അശ്ലേഷം അനുവർത്തിക്കുന്നില്ല. കാരണം അവ്യക്തമാണെങ്കിലും പാഠാന്തരതയുടെ പലവിധ പാഠങ്ങൾ പോലെ ശിഥിലമായ ആഖ്യാനതലവും വായനയെ സ്വാധീനിക്കുന്നുണ്ട്. നോവലിനുള്ളിൽ ‘ആലപ്പുഴ പടിയോല’ ‘പാ എന്ന പേരായവൾക്ക്’ എന്നീ രണ്ട് വ്യത്യസ്ത കൃതികളിലൂടെയാണ് ആഖ്യാനത്തെ കൊണ്ടുപോകുന്നത്. പാഠത്തെ സജ്ജമാക്കുന്ന പ്രക്രിയയിൽ നോവൽ വിശകലനത്തെ മുന്നോട്ടു കൊണ്ടു പോകുന്നത്. ഇരു കൃതികൾക്കുള്ളിലെയും സംഭവഗതികൾ എന്ന നിലയ്ക്കാണ്. രണ്ട് നോവലിലും പറയുന്ന കാര്യങ്ങൾ വ്യത്യസ്ത ആശയങ്ങളാണ്. ഒന്ന് മറ്റൊന്നിനെ പൂരിപ്പിക്കാൻ ശ്രമിക്കുന്നു. ‘ആലപ്പുഴ പടിയോല’ തിരുവിതാംകൂറിന്റെ ചരിത്രത്തെ അധികരിച്ച് എഴുതിയ കൃതിയാണ്. ‘പാ എന്ന പേരായവൾക്ക്’ പ്രണയ പരാജയം പ്രമേയമായി വരുന്നതുമാണ്. തിരുവിതാംകൂർ രാജ്യ ചരിത്രത്തിലെ വലിയ ചതിയുടെ പശ്ചാത്തല വിശദീകരണങ്ങളിലൂടെ ഒരു കേസന്വേഷണത്തിന്റെ പാതയൊരുക്കിക്കൊണ്ടാണ് ‘ആലപ്പുഴ പടിയോല’ ‘പാ എന്ന പേരായവൾക്ക്’ എന്നീ രണ്ട് നോവലുകളെ നിബന്ധിച്ചിരിക്കുന്നത്. വായനക്കാർക്ക് അനായാസം സഞ്ചരിക്കാവുന്ന ഒന്നായി നോവൽ മാറുമ്പോഴും ചരിത്രം, പ്രണയം, മതം, രാഷ്ട്രീയം, അടിമക്കച്ചവടം, മതസംഘർഷങ്ങൾ, കുടുംബബന്ധങ്ങൾ എന്നിവ പ്രതിപാദിച്ചുകൊണ്ട് കേരളീയ സംസ്കാര ചരിത്രത്തിലെ ഒരു കാലഘട്ടത്തെ അരേഖിയമായി അടയാളപ്പെടുത്തുകയാണ് നോവലിസ്റ്റ്. സന്ദർഭങ്ങളും സാഹചര്യങ്ങളും ഘടിപ്പിക്കാനുള്ള ശ്രമം വായനക്ലേശം അനുഭവപ്പെടുത്തുന്ന ഒന്നായി മാറുകയും വായനക്കാരന് ക്രമരഹിതമായ താളുകളിലൂടെ എഴുത്തുകാരന്റെ അതേ മന:ഘടനയിൽ നോവലിനുള്ളിൽ പ്രവേശിക്കാനുള്ള ബുദ്ധിമുട്ടുളവാക്കുന്ന വിനിമയാവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്നു.
ആഖ്യാനത്തെ നവ മാതൃകയിലൂടെ പരിചയപ്പെടുത്തുമ്പോഴും ആശയത്തെ തന്റേതായ രീതിയിൽ വിശകലന വിധേയമാക്കുകകൂടി നോവലിസ്റ്റ് ചെയ്യുന്നുണ്ട്. സുഘടിതമായ പ്രതലത്തിനപ്പുറം നവ മാതൃകയെ അവതരിപ്പിച്ചതിലുള്ള ആശങ്കയും നിഴലിക്കുന്നതായി കാണാം. മുൻ ജാമ്യങ്ങൾ പലതും നോവലിസ്റ്റിന്റേതായി ഇവിടെ വരുന്നുണ്ട്. ഒന്നാം നോവൽ അയാളുടെ വന്യമായ ഏതോ ഒരു സ്വപ്നത്തോട് ചേർത്ത് വച്ചതാണ്. അടുത്തതാകട്ടെ അടുത്തിടെ ഉണ്ടായ ഏതോ വലിയ പരാജയത്തിന്റെയും ചിലപ്പോൾ അതൊരു പ്രണയഭംഗം ആവാം. അതിന്റെ പ്രതിഫലനവുമാകാം. രണ്ടാമത്തെ സംഭവം ഒന്നാമത്തെ സംഭവത്തിലേക്ക് നയിച്ചിരിക്കാനും ഇടയുണ്ട് (ബെന്യാമിൻ). ഇതിനെയെല്ലാം കൂട്ടി യോജിപ്പിച്ച് ഉചിതമായ കഥയുണ്ടാക്കേണ്ട ഉത്തരവാദിത്വം വായനക്കാരന്റേതാണ്. ഈ നോവലിന്റെ മറ്റൊരു ആഖ്യാനതന്ത്രം പേജ് നമ്പറുകൾ ഇല്ല എന്നുള്ളതാണ്. പേജുകൾ ഒന്ന്, രണ്ട് എന്നിങ്ങനെ വ്യവസ്ഥാപിത രീതിയിൽ പറഞ്ഞു വെച്ചിട്ടില്ല. എഴുത്തു പ്രക്രിയയുടെ രൂപപരതയെ പൂരിപ്പിക്കാനും ഘടനാത്മകതയുടെ ശൈഥല്യത്തെ ഉറപ്പിക്കുവാനും ലൂസ് ലീഫ് ഘടനയുടെ ഭാവപരതയെ വ്യജ്ഞിപ്പിക്കാനുമാണ് എഴുത്തുകാരൻ ശ്രമിച്ചിരിക്കുന്നത്. നോവലിന്റെ ശില്പം ഒരു കഥാപാത്രത്തിന്റെ തിരോധാനത്തെക്കുറിച്ചുള്ള അന്വേഷണ രൂപത്തിലാണ്. പലയിടത്തുനിന്നായി വിവരങ്ങൾ ശേഖരിക്കുന്ന പ്രബന്ധ കർത്താവിന്റെ ദൗത്യമാണ് ഓരോ വായനക്കാരനും നിർവഹിക്കേണ്ടി വരുന്നത്. കഥയുടെ പൂർണ്ണതയെ കോർത്തിണക്കുകയെന്ന വലിയ ദൗത്യം വായനക്കാരനിൽ നിഷിപ്തമാക്കുകയാണ്. പാഠ സന്നിവേശത്തിൽ ആശയങ്ങളുടെ ആവർത്തനം ഈ നോവലിനെ വല്ലാതെ ബാധിച്ചിട്ടുണ്ട്. ചരിത്ര സംഭവങ്ങൾ, പ്രണയം, തിരുവതാംകൂർ രാജവാഴ്ച, മാത്യു തരകൻ, കുടുംബ ചരിത്രം, തരകൻസ് ലോഡ്ജ്, തരകന്മാരുമായി ബന്ധപ്പെട്ടുള്ളതും ആദ്യകാലത്തെ പള്ളികൾ കേന്ദ്രമാക്കി നടത്തിയിരുന്നതുമായ അടിമ കച്ചവടം, ആചാരപരമായ സംഘർഷങ്ങൾ, കച്ചവടങ്ങൾ തുടങ്ങിയ ഇതര സംഭവവികാസങ്ങൾ എന്നിവയെല്ലാം ഇതിൽ വിശദമായി പ്രതിപാദിക്കുന്നു, തിരുവിതാംകൂർ ചരിത്രത്തിൽ രാജാധികാരത്തിനെതിരെ പോലും ബദലുകൾ സൃഷ്ടിച്ചു കൊണ്ടിരുന്ന വ്യക്തിയായിരുന്നു പ്രമുഖ നസ്രാണി കുടുംബത്തിലെ അംഗമായ തച്ചിൽ മാത്തു തരകൻ.
1789- ൽ ടിപ്പുവിന്റെ ആക്രമണം ഭയന്നാണ് കുത്തിയത്തോട്ടിൽ നിന്നും തരകൻ കുടുംബം ആലപ്പുഴയിലെ തത്തപ്പള്ളിയിൽ എത്തുന്നത്. മൂത്തമകൻ മാത്തു, അതിനു താഴെ കുഞ്ഞുവറീത്, ഇട്ടിയവര, തരിയത് എന്നിങ്ങനെ നാല് മക്കളാണ് ഉണ്ടായിരുന്നത്. ഇവരിൽ മാത്തു തരകന്റെ കുടുംബ പശ്ചാത്തലത്തിലൂടെയാണ് കഥ തുടങ്ങുന്നത്. കുടുംബം നിധി പോലെ കരുതിയിരുന്ന സ്വർണ ചെവി മോഷണം പോകുന്നതും അതിനെ സൂചിപ്പിച്ചു കടന്നുപോകുന്ന ചരിത്ര സംഭവങ്ങളുമാണ് പ്രതിപാദ്യം. നിധി പോലീസിൽ ഏൽപ്പിക്കുന്നത് ഞാനും റഷീദുമാണെന്ന സൂചനകളിലൂടെ സ്വർണ ചെവി വിറ്റ ആളെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നു. ചെവി കൈയിലിരുന്ന ആളുകൾ ഓരോരുത്തരായി കൊല്ലപ്പെടുന്നതും അശുഭസൂചകമായി നോവലിൽ വരുന്നു. ഞാൻ (എഴുത്തുകാരൻ) ആഖ്യാതാവായി നിന്നുകൊണ്ട് കഥ പറയുന്ന രീതിയാണ് മിക്ക അധ്യായങ്ങളിലും സ്വീകരിച്ചിരിക്കുന്നത്. ഞാൻ കഥാപാത്രമായി മാറുമ്പോൾ സൂചിതമാകുന്ന വസ്തുക്കൾ അപരഭാവങ്ങൾ കൈവരിക്കുകയും നവീനമായ ഭാഷാതലത്തിലേക്ക് വായനക്കാരനെ നയിക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ വരുന്ന പ്രതീകങ്ങൾ ചരിത്രത്തെയാണ് ആവിഷ്കരിക്കുന്നത്. ഈ കഥകളെല്ലാം വ്യക്തമാക്കുന്നത് നോവലിൽ പ്രതിപാദിതമാകുന്ന ‘കൊച്ചുമോൻ കൊലക്കേസ്’ ‘പാ എന്ന പേരായവൾക്ക്’ തുടങ്ങിയ അധ്യായങ്ങളുടെ ആഖ്യാനത്തിലൂടെയാണ്. ആരാണ് ജിജോ, മാത്തൻ തരകൻ കുടുംബത്തിലെ ഇളം തലമുറയിലെ കണ്ണിയായ അവൻ എന്തിനാവാം ചെവികൾ മോഷ്ടിച്ചത്. എന്തിനായിരിക്കും തിരികെ കൊണ്ടുപോയി വെച്ചത്. ആരാവും അവനെ കൊന്നത് തുടങ്ങിയ കാര്യങ്ങൾ തരകൻസ് കുടുംബത്തിന്റെ പശ്ചാത്തലത്തിലേക്കാണ് വായനക്കാരനെ എത്തിക്കുന്നത്. സ്വർണ്ണ ചെവി വിറ്റ പയ്യനാണ് ശവക്കോട്ട പാലത്തിനടുത്ത് മരിച്ചത്. അത് ജിജോയാണ്, അവന്റെ മാനേജരാണ് ചെവി മോഷ്ടിക്കാൻ അവനെ പ്രേരിപ്പിച്ചത്. തരകൻ എന്ന സർനെയിം ചേർക്കാൻ അവൻ ആഗ്രഹിച്ചിരുന്നതിനെക്കുറിച്ചുള്ള പ്രതിപാദ്യങ്ങളുണ്ടെങ്കിലും നോവലിൽ ഒരിടത്തും കഥാപാത്രത്തിന് തരകൻ കുടുംബത്തിൽ ആരുമായിട്ടാണ് ബന്ധമെന്ന് പറയുന്നില്ല. എന്തുകൊണ്ട് അതൊരു തടസ്സമായി എന്നതിനെ സംബന്ധിച്ച സൂചനകളും ഇല്ല. ഇങ്ങനെ പല സന്ദർഭങ്ങളിലും കേന്ദ്രീകൃതാശയങ്ങളിലേക്ക് കടക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. ആ ചെവി കൈയ്യിലിരിക്കുന്ന പയ്യനും മരണപ്പെടുന്നു എന്ന പ്രസ്താവനയിലൂടെ തരകൻ കുടുംബത്തിന്റെയും തിരുവതാംകൂറിന്റെയും ചരിത്ര സംഭവങ്ങളിലേക്ക് വായനക്കാരനു കടക്കേണ്ടി വരുന്നു. ജിജോയാണോ ചെവിയുടെ ശരിക്കുള്ള അവകാശി അതിനുമേൽ മറ്റാരെങ്കിലും അവകാശവാദം ഉന്നയിച്ചിരുന്നോ, ജിജോ ആരുടെ പുത്രനാണ് തുടങ്ങിയ വാദങ്ങൾ പല താളുകളിൽ നിന്നും നാം കണ്ടെത്തേണ്ടിയിരിക്കുന്നു. ബുദ്ധിപൂർവ്വമുള്ള അന്വേഷണത്തിൽ ഒരു കുറ്റാന്വേഷകന്റെ പരിപ്രേക്ഷ്യമാണ് വായനക്കാരന് ഏറ്റെടുക്കേണ്ടി വരുന്നത്. ബെന്യാമിന്റെ ഈ നോവലിലെ ക്രിസ്തീയ പശ്ചാത്തലം സംവാദത്തിന്റെ വലിയ തലങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഇവിടെയും ചരിത്ര പാഠത്തിൽ നിന്നുകൊണ്ട് തന്റെ സ്വത്വത്തിൽ ലയിച്ചിരിക്കുന്ന ക്രിസ്തീയ പൊരുളുകളെ പുന:സ്ഥാപിക്കുക, അതിന്റെ മഹിമ വെളിപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളും നോവലിസ്റ്റ് നിർവഹിക്കുന്നുണ്ട്.
കഥാപാത്ര വിന്യാസങ്ങൾ
ഏക കേന്ദ്രീകൃതമായ സൂക്ഷ്മാവലോകനത്തിന് വിധേയമാക്കാവുന്ന ഒരു കഥാപാത്രത്തെയും നമുക്കിതിൽ കാണാൻ കഴിയില്ല. തലക്കെട്ടുകൾ നമ്മോട് പറയുന്നതെല്ലാം കഥയെ പൂരിപ്പിക്കാനുള്ള ആശയങ്ങളാകുന്നു. ചില തലക്കെട്ടുകളും അവയോടൊപ്പം നൽകിയിരിക്കുന്ന ചിഹ്നങ്ങളും ആശയങ്ങൾ സംവേദനം ചെയ്യുന്നുണ്ട്. കഥ പറയാൻ വരുന്ന മൂന്നാമനായിട്ട് ഇതിലെ തലക്കെട്ടുകളെ കാണാം. കപ്പൽ അതിനുപോലും നെഞ്ചു പൊട്ടുന്ന ഒരു കഥയാണ് പറയാനുള്ളത്. കരിയാറ്റിലും പാറേമാക്കലും റോമയ്ക്ക് പോയ കഥ കപ്പൽ പറയും, അവസാനം ജോലി ചെയ്ത സ്ഥാപനത്തിലെ ജനറൽ മാനേജർ, മുൻ പത്രപ്രവർത്തകൻ, കഥ ഇങ്ങനെ തുടരുന്നു, ധൃതിയിൽ പുറപ്പെടുന്ന ഒരു കപ്പലിന്റെ ആവലാതികൾ… ഇങ്ങനെ നോവലിൽ പരാമർശിച്ചിരിക്കുന്ന ഓരോ വസ്തുകളും വ്യക്തികളും കഥാപാത്രങ്ങളായി അവതരിക്കുന്നു. ധാരാളം കഥയും ഉപകഥയും ചേർന്ന വിനിമയമായതിനാൽ ഏക കേന്ദ്രീകൃത വീക്ഷണം ഇല്ലെന്ന് പറയാം. ‘ആലപ്പുഴ പടിയോലയും, പാ എന്ന പേരായവൾക്കും അധ്യായങ്ങളാണെങ്കിലും കഥ പറയുന്ന കഥാപാത്രങ്ങൾ തന്നെയാണ്. എന്നാൽ അവയിലൂടെ പറയുന്ന കാര്യങ്ങളും ഞാൻ എന്ന അവ്യവസ്ഥിതാസ്ഥയിലൂടെയാണ് വായനക്കാരനിൽ എത്തുന്നത്.
ആഖ്യാന സങ്കേതങ്ങൾ
തച്ചിൽ മാത്തു തരകൻ തിരുവിതാംകൂറിൽ നടത്തിയ രാഷ്ട്രീയ പടയൊരുക്കവും തദ്ദേശീയ സഭയിലെ സംഘർഷങ്ങളുമാണ് തിരുവിതാംകൂർ ചരിത്രമായും പ്രണയമായും ഇതൾ വിരിയുന്നത്. തിരുവിതാംകൂറിലെ അധികാര വടംവലിയും മലങ്കര സഭയ്ക്ക് സ്വന്തമായി മെത്രാൻ ഉണ്ടായിരിക്കേണ്ട ആവശ്യകതയും പ്രതിപാദിക്കുന്ന നോവലാണിതെന്ന് പറയാം. ആഖ്യാതാവ് കഥ പറയുവാനായി ചരിത്രത്തിൽ ഇടപെട്ടിരിക്കുന്ന സംഗതികളെ കൊണ്ടുവരികയും അവയിലൂടെ കഥ പറയുകയുമാണ്. കപ്പൽ കഥ പറയുന്നു, കുതിര പറയുന്നു, അമീറ പറയുന്നു, അടിമ പറയുന്നു, ബിഷപ്പ് ഹൗസ് പറയുന്നു ഇതിലെല്ലാം ചരിത്രവും സഭയും തമ്മിലുള്ള ബന്ധം വിശകലനം ചെയ്യുവാനുള്ള സംഭവഗതികളെ കോർത്തിണക്കിയിരിക്കുന്നു. തരകൻസ് ലോഡ്ജ് അധികാരക്രിയവിക്രയങ്ങളുടെയും സത്യപ്രസ്താവനകളുടെയും കേന്ദ്രബിന്ദുവായി വരുന്നു. ‘തരകൻസ് ലോഡ്ജ്’ എന്ന പ്രയോഗത്തെ ആധുനികകാലത്തെ പൊളിറ്റിക്സുമായി യോജിപ്പിക്കാനുള്ള ശ്രമം നോവലിൽ കാണാം. സഭയുടെ മാത്രമല്ല സമൂഹത്തെ നിയന്ത്രിക്കുന്ന അന്തർ ഇടങ്ങളെന്ന നിലയിലും ‘തരകൻസ് ലോഡ്ജ്’ ആശയതലത്തിൽ നിൽക്കുന്നു. അന്നത്തെ തിരുവിതാംകൂർ ദളവയായിരുന്ന വേലുത്തമ്പിയെ പോലും നിലയ്ക്കു നിർത്താൻ പ്രാപ്തിയുള്ളവനും നാട്ടിൽ നിന്ന് വേലുതമ്പിക്ക് ഒളിച്ചോടേണ്ടിവന്ന കാരണക്കാരിൽ ഒരാളുമായിരുന്നു തരകൻ. തിരുവിതാംകൂറിൽ ധർമ്മരാജ മരിക്കുന്നതോടെ ബാലനായ ബാലരാമവർമ്മ അധികാരത്തിൽ വരുന്നു. തുടർന്ന് നമ്പൂതിരി, ചെട്ടി, തരകൻ എന്നീ മൂവർ സംഘം അധികാരത്തിൽ പിടിമുറുക്കുന്നു. ഭരണതലത്തിൽ ജാതീയമായ ഘടന രൂപം കൊള്ളുന്നതിന്റെയും അധികാരങ്ങൾ ജാതികേന്ദ്രീകൃതമാകുന്നതിന്റെയും സൂചനകൾ നോവലിൽ കാണാം. ലക്ഷ്യം തദ്ദേശീയ സഭയുടെ മെത്രാൻ ആവുക മാത്രമായിരുന്നില്ല തിരുവിതാംകൂർ ഭരണാധികാരി കൂടിയാവുകയായിരുന്നു. മാത്തു തരകന്റെ ജീവിതത്തിലെ വലിയ വിജയങ്ങളിലൊന്നാണ് പാറേമാക്കൽ തോമ കത്തനാരെ സുറിയാനി കത്തോലിക്കരുടെ വികാരി ജനറലായി നിയമിച്ചത്. എന്നാൽ റോമിൽ പോയി തിരികെ വരുന്ന കത്തനാർ ഗോവയിലെ ബിഷപ്പിന്റെ ഓഫീസിൽ വച്ച് കൊല്ലപ്പെടുന്നു. സഭയുടെ ചരിത്ര ത്തിലെയും മാത്തു തരകന്റെ സഭാപ്രവേശനത്തിലെയും നാഴികക്കല്ലുകളിലൊന്നാണിത്. തിരുവിതാംകൂർ രാജ്യ ചരിത്രത്തിലെ വലിയൊരു ചതിയുടെ രൂപകങ്ങളിലൂടെ തരകൻസ് എന്നതിന്റെ ഘടനാത്മകതയെ പ്രണയവും പകയും ചേർത്ത് സൂക്ഷ്മമായി നിബന്ധിക്കാൻ നോവലിസ്റ്റിന് കഴിഞ്ഞിട്ടുണ്ട്. എഴുത്തുകാരന്റെ ജീവിത പശ്ചാത്തലത്തിൽ നിന്നും ആഖ്യാന പരിസരത്തിൽ നിന്നും വ്യതിരിക്തമായി നിങ്ങളെന്റെ നോവൽ വായിക്കാനെടുക്കണം എന്ന ബെന്യാമിന്റെ വാക്കുകൾ അപനിർമാണ വായനയുടെ പ്ലോട്ട് എന്ന പരിസരത്തെ മാത്രമേ പരിചയപ്പെടുത്തുന്നുള്ളൂ എന്നതിനെ ഊട്ടിയുറപ്പിക്കുന്നതു കൂടിയാകുന്നു. ഗ്രന്ഥവരിയിലൂടെ കടന്നുപോകുമ്പോൾ വായനക്കാരൻ ചരിത്രത്തിലേക്ക് കടക്കുകയും സ്വയം വ്യാഖ്യാനിക്കുകയുമാണ് ചെയ്യുന്നത്. നോവലിസ്റ്റ് നിഷ്പക്ഷനാവുകയും പുതിയ മാതൃകയെ പരിചയപ്പെടുത്തുകയും ചെയ്യുന്ന വക്താവാകുന്നു. നോവലെന്ന വ്യവസ്ഥാപിത പരികല്പനയെ പുറം തള്ളിക്കൊണ്ട് പല കൊളാഷുകളുടെയും ചരിത്ര ഭൂപടം വ്യക്തമാകുന്നു. രചന വൈദഗ്ധ്യത്തിലെ വികേന്ദ്രീകരണം അനവധി പാഠസാധ്യതകളിലേക്ക് നയിക്കുന്നുണ്ട്. നോവൽ ഘടനയിലുണ്ടായ നവീനത, വിഷയതലത്തിൽ സ്വീകരിച്ചിരിക്കുന്ന സാംസ്കാരികതലം, കാവ്യാത്മക ഘടന, ബിംബാത്മകത, വിദേശിയവും ദേശീയവുമായ മതവിനിമയങ്ങൾ, തിരുവിതാംകൂർ ചരിത്രം, അടിമ കച്ചവടം… തുടങ്ങി സമാന്തര വിഷയങ്ങൾ സ്വശൈലിയിൽ രൂപപ്പെടുത്തിയ ബെന്യാമിൻ ‘ആസ്വാദനം’ എന്ന പ്രക്രിയയെ അപ്രത്യക്ഷവൽക്കരിച്ചു. പാഠത്തിനുള്ളിൽ വെറുമൊരു ഗവേഷകൻ മാത്രമായി പോകുന്നു വായനക്കാരൻ. കണ്ടെത്തലാണിവിടെ കഥയായി പരിവർത്തിക്കേണ്ടത്. അതാവട്ടെ കെട്ടു പിണഞ്ഞവ്യവസ്ഥയ്ക്കുള്ളിലാണ് നിലക്കൊള്ളുന്നത്. നവീന നിരൂപണങ്ങളിൽ ഏറെ പ്രാധാന്യമുള്ളതും ഘടനാപരമായ പഠനങ്ങളിൽ ശ്രദ്ധ പുലർത്തുന്നതുമായ രൂപഭദ്രത ഇവിടെ ശൈഥല്യപ്പെടുന്നു. നോവലിന്റെ രൂപഭദ്രതയെ അപനിർമ്മിച്ചുവെന്നത് മലയാളത്തിൽ ആദ്യം അവകാശപ്പെടാവുന്നത് ബെന്യാമിന്റെ ഈ നോവലിനാണ്. രൂപഭദ്രതയ്ക്ക് ഔപചാരികത എന്ന അർത്ഥമാണുള്ളത്. ഓരോ സാഹിത്യ രൂപത്തിനും അതുവഹിക്കുന്ന നിയതമായ ക്രമ വിന്യാസങ്ങൾ കൽപ്പിക്കുന്നതാണ് രൂപഭദ്രത. രൂപത്തിന് പ്രാധാന്യം നൽകുന്ന നിരൂപണ സിദ്ധാന്തം എന്ന നിലയിലിത് പ്രശസ്തമാണ്. കാവ്യ മേഖലയിൽ ധാരാളം കേട്ടിട്ടുള്ള പദം കൂടിയാണിത്. അപ നിർമ്മാണ പ്രക്രിയ വായനയുടെ രൂപഭദ്രതയെ പൊളിച്ചെഴുതുകയാണെങ്കിൽ ഇവിടെ രൂപത്തിന്റെ ഘടനയെ തന്നെ പൊളിച്ചെഴുതിയിരിക്കുന്നു.
ഉപസംഹാരം
നോവലിന്റെ ആഖ്യാന ശില്പത്തെ പുതിയൊരു പരീക്ഷണത്തിലൂടെ ബെന്യാമിൻ പുനർനിർവഹിച്ചു. ‘തരകന്‍സ് ഗ്രന്ഥവരി’ അനുവാചകനെ സ്വാധീനിച്ചത് വായനയുടെയും ആസ്വാദനത്തിന്റെയും പുത്തൻ വിചിന്തനങ്ങളെ ആശ്ലേഷിക്കാൻ ഈ പരീക്ഷണത്തിന് കഴിയുന്നുണ്ടോ എന്ന അന്വേഷണത്തിലൂടെയാണ്. മാറ്റത്തിന്റെ എന്തെല്ലാം ഭാവുകത്വത്തെയാണീ നോവൽ പരിഗണിച്ചത് തുടങ്ങിയവയെ ആശയതലത്തിലും ആസ്വാദത്തിലും പരിഗണിക്കാനാണിവിടെ ശ്രമിച്ചത്. ലൂസ് ലീഫ് നോവലുകളുടെ മാതൃകയിൽ മലയാളത്തിൽ ആദ്യമായി വന്ന നോവൽ എന്ന പ്രത്യേകത ഈ കൃതിക്കുണ്ട്. തന്റെ സുഹൃത്തായ രാജശേഖരനിൽ നിന്നും ലൂസ് ലീഫ് നോവലുകളെ അറിയാനിടയായതാണ് ഈ പരീക്ഷണത്തിന് മുതിരാനിടയായ സാഹചര്യമെന്ന് നോവലിസ്റ്റ് വിശദീകരിച്ചിട്ടുണ്ട്. വിദേശീയ സഭാ നേതൃത്വത്തോടുള്ള വിയോജിപ്പു മാത്രമല്ല തനതു കേരളീയ മാതൃക രൂപപ്പെടുത്താനുള്ള ആഗ്രഹമായി, പാറേമാക്കൽ തോമകത്താനാരുടെയും അനുയായികളുടെയും റോമാ യാത്രയെ കാണാം. ഉപ്പിനു നികുതി കൂട്ടുന്നതിലൂടെ സാധാരണ ജനതയെയും തിരുവിതാംകൂർ ഭരണ നേതൃത്വത്തെയും തമ്മിൽ ഭിന്നിപ്പിക്കുക; മാത്തൻ തരകന്റെ രാഷ്ട്രീയ നീക്കങ്ങളുടെ ഫലമാണ്. കൊളോണിയൽ ആധിപത്യത്തിൽ നിന്നു മാത്രമല്ല രാജ ഭരണത്തിൽ നിന്നും രക്ഷപ്പെടാനുള്ള കേരളീയ ജനതയുടെ ആഗ്രഹമായും ഈ സംഗതികളെ കാണാം. കഥകൾ /പാഠങ്ങൾ തമ്മിലുള്ള ഐക്യം മനസ്സിലാക്കുവാൻ തിരുവിതാംകൂറിന്റെ ചരിത്രവും ആദ്യകാല ക്രിസ്തീയ സാമുദായ ചരിത്രവും അതിനുള്ളിലുള്ള സംഘർഷങ്ങളും അധികാര പിടിവലികളും നന്നായി അറിയേണ്ടിയിരിക്കുന്നു. ചരിത്ര നോവലിന്റെ ആഖ്യാനഘടനയിൽ ഏക കേന്ദ്രിതവും വിശദവുമായ പ്രതിപാദന രീതിയായിരുന്നുവെങ്കിൽ നോവലിന്റെ പാഠം വ്യക്തമാക്കുന്നതിനുള്ള ക്ലിഷ്ടത ഒഴിവാക്കാമായിരുന്നു. എന്നാലിത് പാഠാന്തരയെയാണ് മുൻ നിർത്തുന്നത്. അതിനാൽ ആസ്വാദനപരവും അനുഭൂതിദായകവുമായ പശ്ചാത്തലവും രൂപഘടനയും ശിഥിലമായിരിക്കുന്നു. കാവ്യരീതിയിലുള്ള ബിംബവൽക്കരണവും ആദിമധ്യാന്ത പൊരുത്തം ഇല്ലായ്മയും ആഖ്യാനത്തെ ബാധിച്ചിരിക്കുന്നു. ഓരോ താളിലും ചരിത്രം പറയുമ്പോഴും വിനിമയം ക്ലേശകരമായി അനുഭവപ്പെട്ടു. കെട്ടുറപ്പില്ല എന്നത് ഈ നോവലിന്റെ മറ്റൊരു പോരായ്മയാണ്. ഈ കഥ ആരുടേതാണ്; ജിയോ തരകന്റേത്, തിരുവിതാംകൂറിന്റെത്, അടിമ കച്ചവടത്തിന്റെ, പ്രണയത്തിന്റെ, പകയുടെ, സഭയുടെ ഇങ്ങനെ ചരിത്രത്തെയും വ്യത്യസ്ത സാമൂഹിക തലങ്ങളെയും ചേർത്ത് വെച്ചിരിക്കുന്നു. ചില താളുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ചിലത് പ്രബന്ധങ്ങളിൽ ആവർത്തിക്കുന്നതു പോലെ ആവർത്തിച്ചിരിക്കുന്നു. ലൂസ് ലീഫ് ആണല്ലോ കഥ മനസ്സിലാക്കണമല്ലോ എന്നതിന്റെ മനപ്പൂർവമായ സംഗതിയായും ഇതിനെ കാണാം. ‘ഞാൻ’ എന്ന മാധ്യമത്തെ ഉത്തമപുരുഷ രീതിയിലുള്ള കഥാഖ്യാന മാർഗമായി ബെന്യാമിൻ രൂപപ്പെടുത്തിയിരിക്കുന്നു. ഇവിടെ ‘ഞാൻ’ എന്ന തലക്കെട്ടിൽ പറയുന്ന ആശയങ്ങൾ പല ഞാനുകളായി മാറുമ്പോൾ ആശയവിനിമയത്തിൽ വളരെ ക്ലിഷ്ടത സൃഷ്ടിക്കുന്നു. ആദ്യകാല ക്രിസ്തീയ ചരിത്രവും അധികാരം മണ്ഡലങ്ങളും കച്ചവടവും വിശദമാക്കാൻ നോവലിസ്റ്റ് ശ്രമിക്കുന്നുണ്ട്. നോവലിന്റെ രൂപഭദ്രതാ സിദ്ധാന്തത്തിനു പുറത്ത് നിൽക്കുന്നവയാണ് ലൂസ് ലീഫ് നോവലിന്റെ ഘടന. ഇവിടെ ലൂസ് ലിഫ് ഘടനയ്ക്കുവേണ്ടി കഥയുടെ ഭദ്രത ബെന്യാമിൻ വെടിഞ്ഞു എന്നു പറയേണ്ടിവരും.
സഹായക ഗ്രന്ഥങ്ങൾ
● ബെന്യാമിൻ. 2022. തരൻസ് ഗ്രന്ഥവരി. ഡി.സി. ബുക്സ്; കോട്ടയം.
● രാജശേഖരൻ, പി. കെ. 1999. അന്ധനായ ദൈവം മലയാള നോവലിന്റെ 100 വർഷങ്ങൾ. കറന്റ് ബുക്സ്; കോട്ടയം.
● രാജശേഖരൻ, പി. കെ. 2006. ഏകാന്ത നഗരങ്ങൾ ഉത്തരാധുനിക മലയാളസാഹിത്യത്തിന്റെ സൗന്ദര്യശാസ്ത്രം. ഡി. സി. ബുക്സ്; കോട്ടയം.
● രാജശേഖരൻ, പി. കെ. 2008. വാക്കിന്റെ മൂന്നാംകര ലോക നോവലിലെ സഞ്ചാരങ്ങൾ. ഡി. സി. ബുക്സ്; കോട്ടയം.
ഡോ. അർച്ചന എ.കെ.
അസിസ്റ്റന്റ് പ്രൊഫസർ
സി.എം.എസ് കോളേജ്, കോട്ടയം
Email: archanaak@cmscollege.ac.in
Phone: 09446610155




Comments