നിഘണ്ടുനിർമാണത്തിന്റെ രാഷ്ട്രീയം : ‘ശബ്ദതാരാവലി’യെ മുൻനിർത്തിയുള്ള സ്ത്രീപക്ഷ വിചിന്തനങ്ങൾ
- Jun 27
- 10 min read
അഞ്ജുഷ എന്‍.പി.

പ്രബന്ധസംഗ്രഹം
പദങ്ങളെ ആധികാരികമായി നിര്‍വചിക്കുന്ന ശബ്ദകോശങ്ങളാണ് നിഘണ്ടുക്കള്‍. നിഘണ്ടുക്കളിലെ പദങ്ങള്‍ സമൂഹനിര്‍മിതമാകയാല്‍ പദവ്യാഖ്യാനത്തിലും ഉള്ളടങ്ങിയിരിക്കുന്നത് സമൂഹത്തിന്‍റെ വീക്ഷണമാണ്. ഈ പ്രബന്ധത്തില്‍ പദനിര്‍വചനത്തിന്‍റെ സ്ത്രീപക്ഷവായനയാണ് നടത്തുത്. മലയാളനിഘണ്ടുക്കളില്‍ പൊതുവെ ആധികാരികമെന്ന് കരുതപ്പെടുന്ന ‘ശബ്ദതാരാവലി’യിലെ സ്ത്രീപുരുഷ ദ്വന്ദങ്ങളെ അടയാളപ്പെടുത്തുന്ന പദങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പദങ്ങളെ വിലയിരുത്തുകയാണ് ഈ പ്രബന്ധം. ആണ്‍നോട്ടത്തിലൂടെ സ്ത്രീയെ നിര്‍വചിക്കുന്ന പുരുഷാധിപത്യ സമൂഹത്തിന്‍റെ രീതി നിഘണ്ടുക്കളിലും പ്രതിഫലിക്കുന്നുണ്ട്. നിഘണ്ടുനിര്‍മാണത്തിന്‍റെ രാഷ്ട്രീയം സ്ത്രീവിരുദ്ധമാവുന്നത് എപ്രകാരമാണെന്ന ആലോചനകളാണ് ഈ പ്രബന്ധം മുന്നോട്ടുവെക്കുന്ന ആശയം.
താക്കോല്‍ വാക്കുകള്‍ :-
നിഘണ്ടു, നിഘണ്ടുനിര്‍മാണം, പദങ്ങള്‍, അര്‍ത്ഥം, ആണ്‍നോട്ടം, ലിംഗരാഷ്ട്രീയം, സമൂഹം, സാമൂഹികചരം, സാമൂഹികഭാഷാശാസ്ത്രം.
ആമുഖം
മതപ്രചരണത്തിനായി കേരളത്തിലെത്തിയ വിദേശമിഷനറിമാരാണ് മലയാളത്തില്‍ നിഘണ്ടുരചനയ്ക്ക് തുടക്കം കുറിച്ചതെന്ന് പറയാം. പദവ്യാഖ്യാനത്തിന്‍റെ ആധികാരിക രേഖയാണ് നിഘണ്ടുക്കള്‍. അകാരാദിക്രമത്തില്‍ പദങ്ങളെ ചിട്ടപ്പെടുത്തി അര്‍ത്ഥനിര്‍ണയം നടത്തുന്ന ശബ്ദകോശങ്ങളായ നിഘണ്ടുക്കളില്‍ പദങ്ങളുടെ നിരുക്തി, ഉച്ചാരണം, അര്‍ത്ഥവിവക്ഷ, ശെെലി, പഴഞ്ചൊല്ലുകള്‍, വെെജ്ഞാനിക വിവരങ്ങള്‍ എന്നിവകൂടി രേഖപ്പെടുത്തി വെക്കുന്നു. ഓരോ നിഘണ്ടുവും വ്യത്യസ്ത നിര്‍മാണരാഷ്ട്രീയം ഉള്‍ക്കൊള്ളുന്നവയാണ്. അതിനനുസരിച്ചായിരിക്കും നിഘണ്ടുനിര്‍മാണത്തിന്‍റെ ഉപാദാനങ്ങള്‍ സ്വീകരിക്കപ്പെടുന്നത്. നിഘണ്ടുനിര്‍മാണത്തിന്‍റെ രാഷ്ട്രീയം വ്യത്യസ്തമാണെങ്കിലും നിഘണ്ടുവില്‍ പൊതുവായി വേണ്ട അടിസ്ഥാനഘടകം പദങ്ങളാണ്. ഭാഷ, പദങ്ങള്‍, പ്രയോഗങ്ങള്‍, പദങ്ങളുടെ തിരഞ്ഞെടുപ്പിലും വ്യാഖ്യാനത്തിലും സ്വീകരിക്കുന്ന മാനദണ്ഡം എന്നിവയെ ആധാരമാക്കിയാണ് നിഘണ്ടുക്കളെ വിഭജിക്കുന്നത്. ഏകഭാഷാ നിഘണ്ടു, ദ്വിഭാഷാ നിഘണ്ടു, ബഹുഭാഷാ നിഘണ്ടു എന്നിങ്ങനെയാണ് മലയാളനിഘണ്ടുക്കളുടെ ഘടനാപരമായ വിഭജനം. മലയാളത്തില്‍ അനേകം നിഘണ്ടുക്കള്‍ ഉണ്ടായിട്ടുണ്ട്. അവ ഓരോന്നും പദങ്ങളിലും വ്യാഖ്യാനങ്ങളിലും സ്വീകരിക്കുന്ന വെെവിധ്യങ്ങളാല്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. അതുകൊണ്ട് തന്നെ അവ ഓരോന്നും വ്യത്യസ്ത രാഷ്ട്രീയം ഉള്‍ക്കൊള്ളുന്നവയാണെന്ന് പറയാം. ഈ പ്രബന്ധത്തില്‍ രാഷ്ട്രീയം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് പദങ്ങളിലെ സാമൂഹിക അധികാരത്തിന്‍റെ പ്രതിഫലനമാണ്. അതായത് നിഘണ്ടുക്കളിലെ പദങ്ങള്‍ സാമൂഹിക നിര്‍മിതമാകയാല്‍ സമൂഹത്തിന്‍റെ വീക്ഷണം പദങ്ങളിലും അര്‍ത്ഥവിശകലനത്തിലും ദര്‍ശനീയമാണ്. അത്തരം പദങ്ങളെ കുറിച്ചുള്ള ആലോചനകളാണ് ഈ പ്രബന്ധത്തില്‍ ഉള്ളടങ്ങിയിരിക്കുന്നത്. ഭാഷകസമൂഹത്തെ വിലയിരുത്തുമ്പോള്‍ പ്രധാനപ്പെട്ട താക്കോല്‍ വാക്കാണ് ‘ലിംഗം’ എന്നത്. അതുകൊണ്ട് തന്നെ നിഘണ്ടുനിര്‍മാണത്തിന്‍റെ രാഷ്ട്രീയത്തെ വിലയിരുത്തുന്നതിനായി ‘ശബ്ദതാരാവലി’യിലെ സ്ത്രീ- പുരുഷ ദ്വന്ദങ്ങളെ അടയാളപ്പെടുത്തിയ തിരഞ്ഞെടുത്ത പദങ്ങളാണ് ഇവിടെ പഠനവിധേയമാക്കുന്നത്. പ്രസ്തുത പദങ്ങളുടെ സ്ത്രീപക്ഷവിചിന്തനമാണ് ഈ പ്രബന്ധത്തിലൂടെ സാധ്യമാവുന്നത്.
‘ശബ്ദതാരാവലി’യിലെ ലിംഗരാഷ്ട്രീയം
സമൂഹത്തില്‍ നിന്നും രൂപാന്തരം പ്രാപിക്കുന്ന ഒന്നാണ് ഭാഷ. ആശയവിനിമയോപാധിയാണ് ഭാഷ എന്നതിനാല്‍ തന്നെ ഭാഷാപ്രയോഗത്തിലൂടെ വക്താവിന്‍റെ കാഴ്ചപ്പാടുകള്‍ എളുപ്പം മനസ്സിലാക്കാന്‍ സാധിക്കും. പദങ്ങള്‍ രൂപപ്പെടുത്തിയെടുക്കുന്നതില്‍ സമൂഹം നിര്‍ണായകമായ പങ്കുവഹിക്കുന്നു. ഓരോ പദവും രൂപപ്പെടുന്നതിനോടൊപ്പം തന്നെ അതിന്‍റെ അര്‍ത്ഥവും സമൂഹത്തില്‍ നിന്നു തന്നെ വ്യാഖ്യാനിക്കപ്പെടുന്നു. ഭാഷയും സമൂഹവും തമ്മിലുള്ള ബന്ധത്തെ സസൂക്ഷ്മം പഠിക്കുന്ന പഠനശാഖയാണ് സാമൂഹികഭാഷാവിജ്ഞാനം.
ഭാഷയില്‍ ഉണ്ടായ പദവ്യാഖ്യാനത്തിന്‍റെ ആധികാരിക രേഖയാണ് നിഘണ്ടുക്കള്‍ എന്നതിനാല്‍ സമൂഹത്തിന്‍റെ സമീപനങ്ങള്‍ നിഘണ്ടുക്കളിലും കാണാന്‍ കഴിയും. നിഘണ്ടുക്കളിലെ പദങ്ങള്‍ വിലയിരുത്തുന്നതില്‍ പ്രധാനഘടകങ്ങളാണ് സാമൂഹികചരവും ഭാഷാചരവും. ‘സാമൂഹിക ഭാഷാശാസ്ത്ര സിദ്ധാന്തങ്ങളെ അടിസ്ഥാനമാക്കി ജാതി, മതം, ലിംഗം, പ്രായം, വര്‍ഗം, വംശം, വിദ്യാഭ്യാസം, തൊഴില്‍, തുടങ്ങിയ സാമൂഹികചരങ്ങളുമായുള്ള സാമൂഹിക ബന്ധത്തിന്‍റെ അടിസ്ഥാനത്തില്‍ മാറിക്കൊണ്ടിരിക്കുന്ന ഭാഷാശാസ്ത്രഘടകങ്ങളാണ് ഭാഷാചരങ്ങള്‍.’1 പദങ്ങളുടെ ആധികാരികമായ വ്യാഖ്യാന സ്രോതസ്സായ ‘ശബ്ദതാരാവലി’ പദത്തിന്‍റെ അര്‍ത്ഥം മാത്രമല്ല അനുബന്ധമായ വെെജ്ഞാനിക വിവരങ്ങള്‍ക്കൂടി നല്കുന്നുണ്ട്. ഭാഷാപദങ്ങളെ ആധികാരികമായി വ്യാഖ്യാനിക്കുക എന്നത് ‘ശബ്ദതാരാവലി’യുടെ നിര്‍മാണരാഷ്ട്രീയത്തില്‍ ഉള്ളടങ്ങിയിരിക്കുന്ന ലക്ഷ്യമാണ്. ‘ശബ്ദതാരാവലി’യിലെ നിര്‍മാണരാഷ്ട്രീയത്തെ കുറിച്ച് ആലോചിക്കുമ്പോള്‍ നിഘണ്ടുവിലെ ലിംഗരാഷ്ട്രീയം എന്നത് പ്രധാന ഘടകമാണ്. ആണ്‍- പെണ്‍ വിഷയകമായ പദങ്ങള്‍ എടുത്ത് പരിശോധിക്കുമ്പോള്‍ ആണ്‍നോട്ടത്തിലൂടെയാണ് ഭൂരിഭാഗം പദങ്ങളും വ്യവഹരിക്കപ്പെടുന്നതെന്ന് മനസ്സിലാക്കാം. പദവ്യാഖ്യാനത്തില്‍ ഉദാഹരണമായി നല്‍കിയിരിക്കുന്ന പഴഞ്ചൊല്ലുകളും ശെെലികളും പ്രയോഗങ്ങളും ‘ശബ്ദതാരാവലി’യിലെ ലിംഗരാഷ്ട്രീയത്തെ തുറന്നുകാട്ടുന്നവയാണ്.
പഴഞ്ചൊല്‍ ശെെലികളിലെ സ്ത്രീവിരുദ്ധത
ഒരു സമൂഹം അനുഭവജ്ഞാനത്തില്‍ നിന്നും ആര്‍ജ്ജിച്ചെടുത്ത സമഗ്രമായ ആശയങ്ങളുടെ സംക്ഷിപ്തമായ വാക് രൂപങ്ങളാണ് പഴഞ്ചൊല്ലും ശെെലിയും. ‘ശബ്ദതാരാവലി’യിലെ പദവ്യാഖ്യാനത്തില്‍ പഴഞ്ചൊല്ലും ശെെലിയും ഉദ്ധരണികളും പ്രയോഗങ്ങളും ഉദാഹരിച്ചിട്ടുണ്ട്. അത്തരത്തില്‍ പദവ്യാഖ്യാനത്തിലെ പഴഞ്ചൊല്ലും ശെെലിയും ഉദ്ധരണിയും പ്രയോഗവുമൊക്കെ ആണ്‍നോട്ടത്തിലൂടെ വ്യാഖ്യാനിക്കപ്പെട്ടതായി കണ്ടെത്താന്‍ കഴിയും.
സമൂഹം സ്ത്രീയെ ഗാര്‍ഹികമായും സാമൂഹികമായും അടിമയാക്കി നിര്‍ത്തുവാന്‍ പരിശ്രമിച്ചിരുന്നു എന്നതിന്‍റെ തെളിവാണ് ‘അടുക്കള’, ‘അടുക്കളമിടുക്ക്’, ‘അകത്തമ്മ’, ‘ഇട്ടിയമ്മ’, ‘കുടുംബം’, ‘കുടുംബിനി’, ‘പുരന്ധ്റി’ ,‘വീട്’, ‘നാരി’, എന്നീ പദങ്ങളുടെ വിശദീകരണങ്ങള്‍. ‘അടുക്കള’ എന്ന പദം പൊതുവെ സ്ത്രീയുമായി ബന്ധപ്പെടുത്തി പറയുന്നതാണ്. അര്‍ത്ഥവിശദീകരണത്തില്‍ തന്നെ ‘അടുക്കളക്കാരി’ എന്ന് നൽകിയിട്ടുണ്ട്. അതോടൊപ്പം ‘അടുക്കളക്കാരന്‍’ എന്ന് ചേര്‍ക്കപ്പെടുന്നില്ല. സ്ത്രീക്കായി സമൂഹം പതിച്ച് നല്‍കിയ ഇടമാണ് അടുക്കള എന്ന സൂചന നിഘണ്ടുവിലെ ഈ ഒരു വിശദീകരണത്തില്‍ വ്യക്തമാണ്. ‘അടുക്കളപ്പെണ്ണിന് അഴകെന്തിന്’ എന്ന പദവ്യാഖ്യാനത്തില്‍ നിന്നും അടുക്കളയില്‍ തളക്കപ്പെടേണ്ടവളാണ് സ്ത്രീ എന്ന സാമൂഹികബോധം വ്യക്തമാണ്. ‘അടുക്കളമിടുക്ക്’ എന്ന പദം സ്ത്രീ ജനങ്ങളുടെ മിടുക്ക് എന്ന് വ്യാഖ്യാനിച്ചിരിക്കുന്നു. അടുക്കളമിടുക്ക് പുരുഷ ജനങ്ങള്‍ക്കും ആകാവുന്നതാണ്. എന്നാല്‍ ഇവിടെ അത്തരം ചിന്തകള്‍ക്ക് പ്രസക്തി നല്കുന്നില്ല. ‘അടുക്കളമിടുക്ക്’ എന്ന പദം സ്ത്രീകള്‍ക്ക് വേണ്ടി നിര്‍മിച്ചെടുത്തതാണ്. ബ്രാഹ്മണവിഭാഗത്തിലെ സ്ത്രീകള്‍ അനുഭവിച്ച അസ്വാതന്ത്ര്യത്തിന്‍റെ നേര്‍സാക്ഷ്യമാണ് ‘അകത്തമ്മ’ , ‘അകായില്(ല്‍)’ എന്നീ പദങ്ങള്‍ വെളിയിലിറങ്ങുന്നതിലേക്ക് സ്വാതന്ത്ര്യമില്ലാത്തവള്‍, അകത്തിരിക്കുന്നവള്‍, എന്നാണ് അകത്തമ്മയുടെ പദവ്യാഖ്യാനം. ഭവനത്തില്‍ നിന്നും വെളിയില്‍ പ്രവേശിക്കുന്നതില്‍ വിരോധവും നിബന്ധനകളുമുള്ള കേരളീയ ബ്രാഹ്മണസ്ത്രീകളെ കുറിക്കുന്ന പദമാണ് അകായില്(ല്‍). സ്ത്രീയുടെ സഞ്ചാരസ്വാതന്ത്ര്യത്തിന് പോലും വിലക്കേര്‍പ്പെടുത്തിയിരുന്ന പുരുഷാധികാരത്തിന്‍റെ ഹുങ്കാരമാണ് ഈ പദങ്ങളില്‍ വ്യക്തമാവുന്നത്. ‘ഇട്ടിയമ്മ’ എന്ന പദത്തിനര്‍ത്ഥം നല്കിയിരിക്കുന്നത് സ്ത്രീ. ‘ഇട്ടിയമ്മ ചാടിയാല്‍ കൊട്ടിയമ്പലം വരെ’- സ്ത്രീകളുടെ സാമര്‍ഥ്യം വീടിനകത്ത് മാത്രം എന്നാണ്. പൊതുമണ്ഡലത്തില്‍ നിന്ന് സ്ത്രീയെ ഗൃഹത്തിലേക്ക് തളച്ചിടുന്ന മറ്റൊരു പദമാണ് ‘പുരന്ധ്റി’ ഭര്‍തൃപുത്ര ഭൃത്യാദികളോട് കൂടിയവള്‍; ഭര്‍തൃപുത്ര സംരക്ഷണത്തിൽത്തന്നെ സദാ വ്യാപൃതയായവള്‍ (പുരത്തെ, ഗൃഹത്തെ ധരിക്കുന്നവൾ, തറവാടു കൊണ്ടുനടക്കുന്നവൾ), വിവാഹിതയും പ്രായം ചെന്നവളുമായ സ്ത്രീ, മാന്യസ്ത്രീ. പതിവ്രത. എന്നിങ്ങനെ നൽകിയ അർഥവ്യഖ്യാനങ്ങൾ സ്ത്രീയെ എക്കാലവും അടിമയാക്കി നിര്‍ത്താന്‍ ആഗ്രഹിക്കുന്ന പുരുഷാധികാര ബോധത്തില്‍ നിന്നും ഉരുവം കൊണ്ടവയാണ്.
സ്ത്രീയെ കേന്ദ്രീകരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വ്യവഹാരകേന്ദ്രം കുടുംബമാണ്. കുടുംബത്തിൽ സ്ത്രീ എങ്ങനെയായിരിക്കണം സ്ത്രീയുടെ പദവി എന്താണെന്ന കാഴ്ച്ചപ്പാട് സമൂഹത്തിന് ഉണ്ട്. സമൂഹത്തിന്റെ ഇതേ കാഴ്ച്ചപ്പാട് തന്നെ നിഘണ്ടുവിൽ കാണുവാൻ കഴിയും, കുടുംബം എന്ന പദത്തിന് ശബ്ദതാരാവലിയിൽ അർത്ഥം പറഞ്ഞിരിക്കുന്നത് വീട്, സന്താനം, (ഭാര്യപുത്രാദികൾ കൂടെയുള്ളത്; താൻ പോഷിപ്പിക്കേണ്ട പുത്ര ഭൃത്യാദികൾ) കുടുംബം ഭരിച്ചവൻ കാശിയിൽ പോകേണ്ട. വീട്ടുഭരണം എന്നിങ്ങനെയാണ്. പുരുഷ പക്ഷത്ത് നിന്നു കൊണ്ടാണ് ഇതിന് അർത്ഥം പറഞ്ഞിരിക്കുന്നത്. അർത്ഥം വ്യക്തമാക്കുവാൻ വേണ്ടി പറഞ്ഞ ശൈലി പുരുഷൻ്റെ പ്രവൃത്തിയെ ഒന്നുകൂടി മഹത്വവൽക്കരിക്കുന്നതാണ്. കാശിക്ക് പോയാൽ പുണ്യം കിട്ടും എന്നാണ് വിശ്വാസം. കുടുംബം പോറ്റിയവൻ കാശിയിൽ പോവേണ്ട എന്നാണ് അർത്ഥ വിശദീകരണം നൽകിയത്. ഇവിടെ കുടുംബം ഭരിക്കുന്നത് പുരുഷനാണ് എന്ന സൂചന കാണാം. കുടുംബം ഭരിച്ചവൻ എന്നാണ് പറയുന്നത്. കുടുംബം ഭരിച്ചവൾ എന്നിവിടെ പറയുന്നില്ല. വേണമെങ്കിൽ കുടുംബം ഭരിച്ചവർ എന്ന് പറയാമായിരുന്നു. കുടുംബം ഭരിക്കേണ്ടവൻ പുരുഷനാണെന്ന ഒരു ധാരണ സമൂഹത്തിനുണ്ട്.
കുടുംബിനി എന്ന പദത്തിൻ്റെ അർത്ഥം പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാവും. കുടുംബമുള്ളവൾ , ഭാര്യ (ഭർതൃപുത്രാദികളോട് കൂടിയവളും അവരുടെ സംരക്ഷണത്തിൽ തന്നെ സദാ വ്യാപൃതയുമായവൾ). എന്നാണ് അർത്ഥം നൽകിയിരിക്കുന്നത്. സ്ത്രീകൾ പുരുഷന് കീഴിൽ ജീവിക്കേണ്ടവളാണെന്ന പിതൃമേധാവിത്വവ്യവസ്ഥിതിയുടെ വീക്ഷണമാണ് ഇത്. 'പിതോരക്ഷതി കൗമാരേ
ഭർത്തോ രക്ഷതി യൗവ്വനേ
പുത്രോ രക്ഷതി വാർദ്ധക്യേ
ന: സ്ത്രീ സ്വാതന്ത്ര്യമർഹതി'2
എന്ന മനുസ്മൃതി ശ്ലോകത്തിൻ്റെ അതേ ചിന്താഗതി തന്നെയാണ് കുടുംബിനി എന്ന പദത്തിന് അർത്ഥം സൃഷ്ടിക്കപ്പെടുന്നതിന് പിന്നിലുള്ളത്. ഭർത്തൃ പുത്ര ഭൃത്യാദികളോട് കൂടിയവളും അവരുടെ, സംരക്ഷണത്താൽ സദാ വ്യാപൃതയുമായവൾ എന്ന് അർത്ഥം കൽപ്പിച്ചതിൽനിന്ന് വ്യക്തമാണ് പിതൃമേധാവിത്വത്തിന്റെ കാഴ്ച്ചപ്പാടിൽനിന്ന് ഉരുത്തിരിഞ്ഞു വന്ന അർത്ഥ വ്യാഖ്യാനമാണിതെന്ന്. ‘ കുടുംബികൻ’ എന്ന പദത്തിനർത്ഥം കുടുംബം രക്ഷിക്കുവാനുള്ളവൻ എന്ന് കൊടുത്തതിൽനിന്ന് കാര്യം ഒന്നുകൂടെ വ്യക്തമായി.
‘നാരി’ എന്ന പദത്തിന് നൽകിയ അർത്ഥത്തിൽനിന്ന് സ്ത്രീവിവേചനത്തിന്‍റെ പ്രത്യക്ഷീകൃതമായ മനോഭാവം കാണുവാൻ കഴിയും. സ്ത്രീ (ഭാര്യ, ഗൃഹകാര്യങ്ങളെ കൊണ്ടു നടക്കുന്നവൾ.) സ്ത്രീയെന്നത് ഗാർഹികകാര്യങ്ങൾ ചെയ്യേണ്ടവളാണെന്ന സാമൂഹികബോധം അർത്ഥം നൽകിയതിൽ ധ്വനിക്കുന്നുണ്ട്. നാരി തടുത്താലും മാരി തടുത്താലും ഒരു കാര്യവും നടക്കില്ല, നാരി നടിച്ചേടവും നാരകം നട്ടേടവും കൂവളം പട്ടേടവും മുടിയും! എന്നിങ്ങനെ ‘നാരി’ എന്ന പദത്തിന് പഴഞ്ചൊല്ലിലൂടെ നൽകിയ അർത്ഥ വിശദീകരണവും സ്ത്രീ വിരുദ്ധമാണ്. പെണ്ണ് എന്നത് സ്ത്രീയുടെ പര്യായപദമാണ്. പെറുന്നവൾ എന്ന അർത്ഥത്തിലാണ് പെണ്ണ് എന്ന പദം ഉപയോഗിക്കുന്നത്. പെണ്ണ് മുറിച്ചാൽ മണ്ണ് മുറിയുമോ, പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുത്തുകൂട എന്നാണ് പഴഞ്ചൊല്ല് ഉദാഹരിച്ച് പറയുന്നത്. പെണ്ണിനെ ഒന്നിനും കൊള്ളില്ല എന്ന വ്യംഗ്യാർത്ഥം ആദ്യത്തെ പഴഞ്ചൊല്ലിൽ കാണാം. രണ്ടാമത്തെ പഴഞ്ചൊല്ല് സ്ത്രീയുടെ മോശം സ്വഭാവത്തെ കുറിക്കാനാണ് സമൂഹം കൂടുതലായി പ്രയോഗിക്കുന്നത്. അത് പോലെ തന്നെയാണ് ‘പെൺപട’ എന്ന പദത്തെ വ്യക്തമാക്കാൻ 'പെൺപട പടയല്ല, മൺചെറ ചെറയല്ല' എന്നാണ് പഴഞ്ചൊല്ല് നൽകിയിരിക്കുന്നത്. ബലമില്ലാത്ത മൺചെറയോടാണ് സ്ത്രീകളുടെ കൂട്ടത്തെ ഉപമിക്കുന്നത്. സ്ത്രീ സൈന്യത്തെക്കൊണ്ട് ഒരു കാര്യവുമില്ല, ബലഹീനയാണ് സ്ത്രീ എന്ന സാമൂഹിക ബോധമാണ് ഈ പഴഞ്ചൊല്ലിന് പിന്നിൽ വർത്തിക്കുന്നത്. ‘തലയണ’ എന്ന പദത്തിലെ വിശദീകരണത്തിൽ നൽകിയ ശൈലി തികച്ചും സ്ത്രീവിരുദ്ധമാണ്. മുലയുള്ള പെണ്ണിന് തലയില്ല എന്നാണ് പറയുന്നത്. ബുദ്ധിയെ ആണ് തല എന്നത് കൊണ്ട് ഇവിടെ സൂചിപ്പിക്കുന്നത്. ‘പിൻബുദ്ധി’ എന്ന പദത്തിന് പെൺബുദ്ധി പിൻബുദ്ധി എന്ന ശൈലിയാണ് നൽകിയിരിക്കുന്നത്. വൈകിയുള്ള ബുദ്ധിയാണ് പിൻബുദ്ധികൊണ്ട് ഉദ്ദേശിക്കുന്നത്. സ്ത്രീ ബുദ്ധിവൈഭവത്തിൽ ഏറെ പിറകിലാണെന്ന ധ്വനി ഈ പദങ്ങൾ നൽകുന്നു.
‘അമ്മ പോറ്റിയ മകള്‍ അഹങ്കാരമുള്ളവള്‍’, ‘അമ്മപോറ്റിയ മകളും ഉമ്മ പോറ്റിയ കോഴിയും അടങ്ങുകയില്ല’, ‘അമ്മ കിടക്കും മകളോടും’ എന്നീ സ്ത്രീവിരുദ്ധ പഴഞ്ചൊല്ലുകളാണ് അമ്മ എന്ന പദത്തിന് ഉദാഹരണമായി നല്കിയിരിക്കുന്നത്. ഭർത്താവിനെ ദൈവതുല്യമായി കാണുക എന്നത് ഭാരതീയ സ്ത്രീകളുടെ സ്വഭാവഗുണങ്ങളിൽ ഒന്നായി ആണധികാരസമൂഹം കണ്ടിരുന്നു. 'മംഗല്യ സ്ത്രീകൾക്ക് ഭർത്താവ് ദൈവതം' എന്ന ഉദ്ധരണിയിലൂടെ ‘ദൈവതം’ എന്ന പദത്തിൽ ഭർത്താവിന് ദിവ്യമായ സ്ഥാനം കൽപ്പിക്കുന്നു. എന്നാല്‍ ഭാര്യക്ക് ഇത്തരം പരിവേഷങ്ങള്‍ നല്കുന്ന പദം ‘ശബ്ദതാരാവലി’യില്‍ നിന്നും കണ്ടെത്താനായില്ല. ഭാര്യ എന്നാല്‍ ഭർത്താവിന് വിധേയപ്പെട്ടവളാണെന്ന പൊതുബോധത്തിൽ നിന്നാണ് ഇത്തരം പദങ്ങള്‍ രൂപപ്പെടുന്നത്. സ്ത്രീ സംബന്ധമായ ഏറെക്കുറെ പദങ്ങളെല്ലാം ഇത്തരം വീക്ഷണകോണിലൂടെ വ്യാഖ്യാനിക്കപ്പെട്ടതാണ്. ‘ആലത്തുരലും വീട്ടിയുലക്കയും ചീനത്തമ്മിയും വീട്ടിലൊരുത്തിയും’ എന്നാണ് ‘വീട്’ എന്ന പദത്തെ നിര്‍വചിക്കാനുള്ള ഉദാഹരണം നല്കിയത്. സ്ത്രീയെ നിര്‍ജ്ജീവമായ വീട്ടുപകരണത്തോടാണ് സമരസപ്പെടുത്തിയിരിക്കുന്നത്. സ്ത്രീക്ക് യാതൊരു വിലയും കല്പിക്കാത്ത സമൂഹത്തെ ഈ വ്യാഖ്യാനങ്ങളില്‍ നിന്നും കണ്ടെത്താം. പുരുഷാധിപത്യസമൂഹം സ്ത്രീക്ക് ഏര്‍പ്പെടുത്തിയ അദൃശ്യമായ വിലക്കിനെ അടയാളപ്പെടുത്തുന്നവയാണ് ഇത്തരം പദങ്ങള്‍.
ഭാഷകസമൂഹത്തിന്‍റെ സാംസ്കാരികയുക്തികള്‍ തുറന്നുകാട്ടുന്നവയാണ് ഇത്തരം അര്‍ത്ഥവ്യാഖ്യാനങ്ങള്‍. മുഖ്യധാരാസമൂഹത്തില്‍ സ്ത്രീക്ക് ഇടമില്ലാതിരുന്ന കാലത്തിന്‍റെ ഓര്‍മപ്പെടുത്തലാണ് ഇത്തരം പദനിര്‍വചനങ്ങള്‍. ഇത്തരത്തിലുള്ള അനേകം ഉദാഹരണങ്ങള്‍ ‘ശബ്ദതാരാവലി’യില്‍ നിന്നും കണ്ടെത്താന്‍ കഴിയും.
പദനിര്‍മിതിയിലെ സ്ത്രീസ്വത്വ പരികല്പന
പുരുഷാധിപത്യസമൂഹം സ്ത്രീസ്വത്വത്തെ വിലയിരുത്തിവെച്ചതിന്‍റെ സാംസ്കാരികവും ചരിത്രപരവുമായ സൂചന നല്കുന്നവയാണ് ‘ശബ്ദതാരാവലി’യിലെ സ്ത്രീസ്വത്വത്തെ അടയാളപ്പെടുത്തുന്ന പദങ്ങള്‍. സ്ത്രീക്ക് ഉണ്ടായിരിക്കേണ്ട ഗുണങ്ങള്‍ എന്തെല്ലാമാണെന്ന പൂര്‍വധാരണകള്‍ പുരുഷാധിപത്യസമൂഹം നിര്‍മിച്ചുവെച്ചിട്ടുണ്ട്. അതിന് വിപരീതമായി പ്രവര്‍ത്തിക്കുന്നവള്‍ സമൂഹത്തില്‍ കൊള്ളരുതാത്തവളാവുന്നു. പൃതൃഅധികാര സമൂഹം രൂപകല്പനചെയ്ത പൗരാണികമായ മൂല്യസങ്കല്പനങ്ങളുടെ പ്രതിഫലനമാണ് ‘കന്യക’, ‘കന്യകത്വം’, ‘കുലധര്‍മം’, ‘പതിവ്രത’, ‘ചാരിത്രം’, ‘ചാരിത്രവതി’, ‘ചാരിത്രശുദ്ധി’, ‘ധര്‍മപത്നി’, തുടങ്ങിയ പദങ്ങള്‍. സ്ത്രീകളുടെ സ്വച്ഛന്ദലെെംഗികതയുടെ നിയന്ത്രണാധികാരം പൂര്‍ണമായും പുരുഷനിലാണ് എന്ന വസ്തുത പദനിര്‍വചനത്തില്‍ നിന്നും മനസ്സിലാക്കാം. ഇത്തരം ചട്ടക്കൂടുകള്‍ ഭേദിക്കുന്ന സ്ത്രീകളെ കുറിക്കാന്‍ പുരുഷാധിപത്യ സമൂഹം അനേകം പദങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ‘അനിയത’, ‘കുംഭദാസി’, ‘ഗണിക’, ‘കുലട’, ‘ഗ്രാമ്യവല്ലഭ’, ‘നിശാചരി’, ‘പാണാംഗന’, ‘പുംചലി’, ‘ലലിത’, ‘വേശ്യ’, ‘വേശനാരി’, ‘സ്വെെരിണി’, ‘ശംഭളി’, ‘ഷണ്ഡാലി(ളി)’, തുടങ്ങി മുപ്പതില്‍പ്പരം പദങ്ങള്‍ ലെെംഗികവാസനയുള്ള സ്ത്രീകളെ കുറിക്കാനായി ‘ശബ്ദതാരാവലി’യില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പുരുഷശരീരം പുരുഷനെ അംഗീകരിക്കുന്നിടത്ത് സ്ത്രീശരീരം സ്ത്രീയെ തമസ്ക്കരിക്കാനുള്ള ഉപാധിയായിമാറുന്നു. ബുദ്ധി ആണിനും സൗന്ദര്യം പെണ്ണിനും എന്ന സാമൂഹിക ബോധം സ്ത്രീ- പുരുഷ സ്വത്വത്തെ നിര്‍വചിക്കുന്ന പദങ്ങളില്‍ നിന്നും കണ്ടെത്താനാവും.
സ്ത്രീ സ്വത്വവുമായി ബന്ധപ്പെട്ട പദങ്ങൾ എടുത്തു പരിശോധിക്കുമ്പോൾ ‘ശബ്ദതാരാവലി’യിലെ സ്ത്രീസ്വത്വ രാഷ്ട്രീയം എന്തെന്ന് മനസിലാക്കാം. സമൂഹത്തിന്റെ അധികാരം ആണിന്റെ കൈയ്യിലാണെന്നും ആൺ മേധാവിത്വം പെണ്ണിന്റെ അടിച്ചമർത്തലിനാണ് പ്രാമുഖ്യം നൽകുന്നതെന്നും ശബ്ദതാരാവലിയിൽ നൽകിയിരിക്കുന്ന പദവ്യാഖ്യാനങ്ങളിൽ വ്യക്തമാണ്.
സ്ത്രീയുടെ ഭാവം എന്ന അർത്ഥത്തിലാണ് ‘സ്ത്രീത്വം’, ‘യൗഷണ്യം’ എന്നീ പദങ്ങൾ പ്രയോഗിക്കപ്പെടുന്നത്. സ്ത്രീയുടെ സ്വഭാവത്തെ കുറിക്കുന്ന പദമാണി ത്. സ്ത്രീസ്വത്വം എന്ന അർത്ഥത്തിൽ ഇതിനെ വ്യാഖ്യാനിക്കാവുന്നതാണ്. ‘മാതൃത്വം’, ‘പാതിവ്രത്യം’, ‘കന്യകാത്വം’, തുടങ്ങി സ്ത്രീയ്ക്ക് പിത്രധികാരം കൽപ്പിച്ച വാർപ്പ് മാതൃകകളുമായി ബന്ധപ്പെട്ടു കിടക്കുന്ന പദമാണിത്. സ്ത്രീത്വം എന്നത് പോലെ തന്നെ പ്രയോഗിക്കുന്ന പദമാണ് പൗരുഷം. സ്ത്രീത്വം സ്ത്രീയ്ക്കും പൗരുഷം പുരുഷനും ചിട്ടപ്പെടുത്തിയെടുത്ത സ്വത്വമാണ്. പ്രതാപം എന്ന അർത്ഥമാണ് പൗരുഷത്തിന് നൽകിയിരിക്കുന്നത്. പുരുഷൻ പ്രതാപശാലിയായിരിക്കണം എന്ന സൂചന നിഘണ്ടു നൽകുന്നു. ആണത്തം എന്ന അർത്ഥത്തിലും പൗരുഷം എന്ന പദം പ്രയോഗിക്കപ്പെടുന്നുണ്ട്. ചുണ, ധീരത എന്നതാണ് പൗരുഷത്തിൻ്റെ അടയാളമായി സമൂഹം കാണുന്നത്. അത് തന്നെയാണ് ശബ്ദതാരാവലിയിലും രേഖപ്പെടുത്തിയിരിക്കുന്നത്. സ്ത്രീത്വം എന്ന പദം സ്ത്രീയെ അബലയാക്കുകയും പൗരുഷം പുരുഷനെ ബലവാനാക്കുകയും ചെയ്യുന്നു. ആണ്മ, പെണ്മ എന്നീ പദങ്ങൾ സ്ഥൂലമായി വിലയിരുത്തുമ്പോൾ തുല്യമാണ്. എന്നാൽ അർത്ഥം കൽപ്പിച്ചിരിക്കുന്നതിൽ വൈരുദ്ധ്യമുണ്ട്. പെണ്മ എന്നത് സ്ത്രീത്വം എന്നതിൽ മാത്രം ഒതുങ്ങുന്നു ആണ്മ എന്നത് ധീരതയെയും പ്രൗഢിയെയും കുറിക്കുന്നു. ‘ആൺപിറന്നവൻ’ എന്ന പദം പുരുഷൻ, മിടുക്കൻ എന്ന് വ്യാഖ്യാനിച്ചിരിക്കുന്നു. ‘പെൺപിറന്നവൾ’ എന്ന പദം സ്ത്രീ എന്ന് പറഞ്ഞ് ഒതുക്കി നിർത്തുകയാണ് ചെയ്തത്. മിടുക്കി, ധീര എന്നൊരു വിശേഷണവും പെൺപിറന്നവൾക്ക് കൊടുക്കുന്നില്ല. കോപമില്ലാത്തവളായിരിക്കണം സ്ത്രീ എന്ന് ധ്വനിപ്പിക്കും വിധത്തിലാണ് ‘അകോപന’ എന്ന പദത്തിനർത്ഥം നൽകിയിരിക്കുന്നത്. കോപമില്ലാത്തവൾ എന്ന അർത്ഥത്തിൽ അകോപനയെ വിശദീകരിക്കുമ്പോൾ ‘അകോപനനൻ’ എന്നതിന് കോപശീലമില്ലാത്തവൻ, കോപിക്കാത്തവൻ എന്നൊക്കെ അർത്ഥ വ്യാഖ്യാനം നൽകാമായിരുന്നു. ‘അഗ്ന്യാത്മക’ എന്ന പദത്തിനർത്ഥം അഗ്നിയുടെ സ്വഭാവമുള്ളത് എന്നാണ്. അർത്ഥവ്യാഖ്യാനത്തിൽ പുരുഷനെ ‘അഗ്ന്യാത്മകൻ’ എന്നും സ്ത്രീയെ ‘സോമാത്മിക’ എന്നും കുറിക്കുന്നു. പുരുഷനെ തീക്ഷണനായും സ്ത്രീയെ ശാന്തസ്വരൂപിണിയായുമാണ് അർത്ഥവ്യാഖ്യാനം നൽകിയത്. ഒരേ അർത്ഥം സ്ഫുരിക്കുന്ന പദത്തിന് തന്നെ ലിംഗപരമായ വേർതിരിവുകൾ കണ്ടെത്താൻ കഴിയും അത്തരത്തിൽ ഒരു പദമാണിത്. ഈ പദം പിത്രധികാരം മെനഞ്ഞെടുത്ത സ്ത്രീ പുരുഷ സ്വത്വത്തെ കുറിക്കുന്നു. സ്ത്രീ സ്വത്വത്തെ നിർമ്മലമായ പദങ്ങൾ കൊണ്ടും പുരുഷ സ്വത്വത്തെ ഗാംഭീര്യം നിറഞ്ഞ പദങ്ങൾ കൊണ്ടുമാണ് നിഘണ്ടുവില്‍ അടയാളപ്പെടുത്തിയിരിക്കുന്നത്. ഭർത്താവുള്ള സ്ത്രീയെയും ഭർത്താവില്ലാത്ത സ്ത്രീയെയും കുറിക്കാൻ ശബ്ദതാരാവലിയിൽ നിരവധി പദങ്ങൾ ഉണ്ട്. ‘അധവ’, ‘വിധവ’, ‘അഭർതൃക’, എന്നീപദങ്ങൾ ഭർത്താവ് ഇല്ലാത്തവളെ കുറിക്കാൻ പ്രയോഗിക്കുന്നു. ‘പതിപത്നി’, ‘ഭർതൃസാൽകൃത’, ‘ഭർതൃമതി’, എന്നീ പദങ്ങൾ ഭർത്താവുള്ളവളെ കുറിക്കാനും വിപ്രോഷിത എന്ന പദം ഭർത്താവ് താൽക്കാലികമായി സമീപത്തില്ലാത്തവളെ കുറിക്കാനും ശബ്ദതാരാവലി പ്രയോഗിക്കുന്നു. ഇതിന് സമാനമായ പുല്ലിംഗപദം ശബ്ദതാരാവലിയിൽ ഇല്ല.
‘പാതിവ്രത്യം’ എന്നത് പുരുഷാധിപത്യം സ്ത്രീയെ അടിച്ചമര്‍ത്താന്‍ വേണ്ടി തന്ത്രപൂർവ്വം മെനഞ്ഞെടുത്ത പദമാണ്. അങ്ങനെ മെനഞ്ഞെടുത്ത അനേകം പദങ്ങൾ ശബ്ദതാരാവലിയിൽ കാണാം. ‘അവനീത’ എന്ന പദത്തിനർത്ഥം കൽപ്പിച്ചിരിക്കുന്നത് പാതിവ്രത്യം ഇല്ലാത്തവൾ, കുലട എന്നൊക്കെയാണ്. ‘കലാംഗന’, ‘കുലസ്ത്രീ’, ‘കുലനാരി’, ‘സതി’, ‘ഏകചാരിണി’, ‘ചാരിത്ര്യം’, ‘ചാരിത്ര്യശുദ്ധി’, ‘ചാരിത്ര്യവതി’, ‘ചാരിത്ര്യശാലിനി’, ‘ഏകചാരിണി’, ‘ക്ഷത’, ‘ക്ഷതയോനി’ എന്നീ പദങ്ങൾ ‘പതിവ്രത’ എന്ന അർത്ഥത്തിൽ സ്ത്രീസ്വത്വത്തെ നിര്‍വചിക്കാന്‍ പുരുഷാധിപത്യസമൂഹം നിര്‍മിച്ചെടുത്ത പദങ്ങളാണ്. ഇതിന് വിപരീതമായി പ്രവർത്തിക്കുമ്പോൾ ‘ചാരിത്രഭംഗം’, ‘ചാരിത്രദൂഷണം’ എന്നീ പദങ്ങൾ കൊണ്ട് അടയാളപ്പെടുത്തുന്നു. ‘കന്യക’ എന്ന പദവും പുരുഷാധിപത്യം മെനഞ്ഞെടുത്ത ഒന്നാണ്. അതിന് സമാനമായ പദങ്ങൾ ശബ്ദതാരാവലിയിൽ കാണാം. ‘അപൂർവ്വവതി’, ‘അകന്യ’, ‘അപ്രൗഢ’, ‘അനൂഢ’, ‘അക്ഷത’ എന്നീ പദങ്ങൾ കന്യകയുമായി ബന്ധപ്പെട്ടതാണ്. ‘കന്യക’, ‘കന്യകാത്വം’ എന്നത് സ്ത്രീ സ്വത്വവുമായി ബന്ധപ്പെടുത്തി പറയുന്നതാണ്. പുരുഷന് ഇത്തരം പരികൽപ്പന കൾ ബാധകമല്ല.
‘കുലധർമ്മം’ എന്നത് സ്ത്രീ സ്വത്വത്തിന്റെ ഭാഗമായാണ് പിത്രധികാരം കൽപ്പിച്ചിരുന്നത്. കാര്യവിചാരത്തിൽ മന്ത്രിയെപ്പോലെയും പരിചര്യകളിൽ ദാസിയെപ്പോലെയും രൂപസൗന്ദര്യത്തിൽ ലക്ഷ്മിയെപ്പോലെയും ക്ഷമാശീല ത്തിൽ ഭൂമിയെപ്പോലെയും സ്നേഹം കൊണ്ട് അമ്മയെപ്പോലെയും ശയ്യാതല ത്തിൽ വേശ്യയെപ്പോലെയും ആയിരിക്കണം ധർമപത്നി എന്ന ശ്ലോകം ഇവിടെ ഉദ്ധരിക്കുന്നു. അത്തരത്തിലുള്ള ആറ് കർങ്ങളാണ് കുലധർമ്മമായി ശബ്ദതാരാവലിയിൽ പതിച്ചു നൽകിയത്. സ്ത്രീസ്വത്വത്തിന് യാതൊരു വില യും കൽപ്പിക്കാത്ത മനുസ്മൃതി എന്ന സ്ത്രീവിരുദ്ധ ഗ്രന്ഥത്തിൽ ധർമ്മ പത്നിക്ക് നൽകിയ അതേ വ്യാഖ്യാനമാണ് കുലധർമ്മം എന്ന പദത്തിന് നൽകിയിരിക്കുന്നത്. പുരുഷന് അപ്രിയമായി ഒന്നും പ്രവർത്തിക്കാത്തവളായിരിക്കണം സ്ത്രീധർമ്മം എന്നതാണ് ശബ്ദതാരാവലിയിൽ നൽകിയിരിക്കുന്ന കുലധർമ്മം. പുരുഷന് അത്തരത്തിൽ യാതൊരു ധർമ്മവും നൽകിയിട്ടില്ല. അവൻ സ്വതന്ത്രനാണ്. സ്ത്രീസ്വത്വത്തെ അടിച്ചമർത്താൻ സമൂഹം മെനഞ്ഞെടുത്ത പദമാണ് കുലധർമ്മം എന്നത്.
ഋതുമതിയായിരിക്കുന്ന സ്ത്രീക്ക് സമൂഹം അശുദ്ധി കൽപ്പിച്ചിരുന്നു. ഋതു മതിയാവുക എന്നത് സ്ത്രീശരീരത്തിൽ നടക്കുന്ന സ്വാഭാവിക പ്രക്രിയയാണ്. പിന്നെ എന്തുകൊണ്ടാണ് സ്ത്രീ അശുദ്ധയാവുന്നത് ? സമൂഹത്തിന്റെ മുൻനിര യിൽനിന്ന് സ്ത്രീയെ പിറകിലേക്ക് വലിക്കാനുള്ള പിത്രധികാരത്തിന്റെ തന്ത്ര മായിരുന്നു സ്ത്രീക്ക് അശുദ്ധികൽപ്പിക്കുക എന്നത്. സ്ത്രീക്ക് അശുദ്ധി കൽപ്പിച്ച് അവളെ മുഖ്യധാരയിൽനിന്ന് മാറ്റിനിർത്തുകയാണ് പുരുഷാധിപത്യ സമൂഹം ചെയ്തത്. സ്ത്രീ അശുദ്ധയും പുരുഷൻ ശുദ്ധനുമാവുന്നു. ആർത്തവം അശുദ്ധിയാണെന്നും, പുരുഷനെ അശുദ്ധനാക്കുന്നത് സ്ത്രീയാണെന്നുമുള്ള അധമ വിചാരമാണ് സമൂഹം ഇന്നും വെച്ചു പുലർത്തുന്നത്. ‘തീണ്ടാരി’ എന്ന പദം സമൂഹം സ്ത്രീക്ക് കല്പിച്ചിരിക്കുന്ന അശുദ്ധിയെ സൂചിപ്പിക്കുന്നു. ‘രജസ്വല’, ‘മലിനി’, ‘സ്ത്രീധർമ്മിണി’, ‘ആത്രേയി’, ‘ഉദക്യ’, ‘മാസക്കുളി’, ‘യോന്യാവരം’, ‘ആർത്തവം’, ‘ആർത്തവേയി’, ‘നിയമവതി’, എന്നീ പദങ്ങൾ കൊണ്ട് ഋതുമതി എന്ന പദത്തിന് സമാനമായ അർത്ഥം നൽകുന്നു. ആർത്തവസമയത്ത് മാറിയിരിക്കുന്നതിനെ ‘നല്ലിരിക്കുക’ എന്ന പദം കൊണ്ട് സൂചിപ്പിക്കുന്നു. ആർത്തവസമയത്ത് സ്ത്രീക്ക് ഉപയോഗിക്കാൻ പ്രത്യേകമായ മെത്തയുണ്ടെന്ന സൂചന ‘പടുപ്പ്’ എന്ന പദം നൽകുന്നു. സ്ത്രീയെ മാറ്റിനിർത്തിയ സമൂഹത്തിൻ്റെ ചരിത്രപരമായ സൂചനയാണ് ശബ്ദതാരാവലിയിൽ നൽകിയ ഇത്തരം പദവ്യാഖ്യാനത്തിനുള്ളത്. സമൂഹത്തിന്റെ പരിണാമത്തിനൊത്ത് അർത്ഥപരിണാമവും സാധ്യമാകേണ്ടതുണ്ട്. നിഘണ്ടുനിർമ്മിച്ച കാലഘട്ടത്തിൽനിന്ന് മാറ്റമില്ലാതെയാണ് അർത്ഥവ്യാഖ്യാനം തുടർന്നു പോവുന്നത്. സമൂഹത്തിൻ്റെ പൊതുബോധത്തില്‍ നിന്നാണ് ഇത്തരം അര്‍ത്ഥവ്യാഖ്യാനങ്ങള്‍ നിര്‍മിക്കപ്പെടുന്നത്. സ്ത്രീസ്വത്വത്തിൻ്റെ ഭാഗമാണ് ‘ആർത്തവം’ എന്ന അവസ്ഥ. മഹത്വവൽക്കരിക്കുന്നതിന് പകരം അശുദ്ധികൽപ്പിച്ച് സ്ത്രീതമസ്ക്കരണമാണ് പുരുഷാധിപത്യസമൂഹം സാധ്യമാക്കിയത്. മുഖ്യധാരയിൽനിന്ന് സ്ത്രീയെ മാറ്റിനിർത്താനുള്ള വെറും ഉപാധിമാത്രമാണ് ഇത്തരം പദങ്ങള്‍.
സ്ത്രീസ്വത്വം എന്നത് പുരുഷൻ്റെ വീക്ഷണ കോണിൽനിന്ന് ഉരുവം കൊണ്ടതാണ്. പല സ്ത്രീകളും അതിനെ കൈകൊട്ടി സ്വാഗതം ചെയ്യുകയും അതിന് വിധേയപ്പെട്ട് നില്‍ക്കുകയും ചെയ്യുന്നു. നിഘണ്ടുവിൽ സ്ത്രീയെ അടയാളപ്പെടുത്തുന്നത് ആൺനോട്ടത്തിലൂടെയാണ്. പിതൃമേധാവിത്വ വ്യവസ്ഥിതിയുടെ ചട്ടക്കൂടില്‍ നിന്നുകൊണ്ടാണ് ‘ശബ്ദതാരാവലി’യില്‍ സ്ത്രീസ്വത്വത്തെ അടയാളപ്പെടുത്തുന്ന പദങ്ങള്‍ നിര്‍വചിച്ചിരിക്കുന്നത്.
ബന്ധസൂചകപദങ്ങളിലെ ആണ്‍നോട്ടം
മാനുഷ്യര്‍ക്കിടയിലെ ബന്ധങ്ങളെ സൂചിപ്പിക്കാന്‍ പ്രയോഗിക്കുന്ന പദങ്ങളാണ് ബന്ധസൂചകപദങ്ങള്‍. ‘അമ്മ’, ‘അച്ഛന്‍’, ‘ഭാര്യ’, ‘ഭര്‍ത്താവ്’, തുടങ്ങിയ ബന്ധസൂചകപദങ്ങള്‍ ആണ്‍നോട്ടത്തിലൂടെ നിര്‍വചിച്ചവയാണ്. ‘അമ്മ’ എന്ന പദത്തിന് വ്യത്യസ്തമായ പര്യായപദങ്ങൾ നൽകിയിട്ടുണ്ട്. അതിൽ നൽകിയ ‘ഈശ്വരി’ എന്ന പദത്തിൻ്റെ അർത്ഥവ്യാഖ്യാനത്തിൽ പ്രഥമമായ അർത്ഥം പാർവ്വതി എന്നാണ്. എന്നാൽ അത് വിശകലനം ചെയ്തിരിക്കുന്നത് ഈശ്വരന്റെ പത്നി, ഐശ്വര്യശാലിനി എന്നാണ്. സ്ത്രീക്ക് ദിവ്യത കൽപ്പിക്കുന്ന സ്വരൂപത്തിൽ പോലും സ്ത്രീയെ രണ്ടാംകിടയാക്കിത്തീർക്കാനാണ് പിതൃആധിപത്യസമൂഹം ശ്രമിക്കുന്നത്. ഈശ്വരൻ്റെ പത്നിയാണ് ഈശ്വരി എന്ന ലേബലാണ് ഈശ്വരിക്ക് നൽകിയിരിക്കുന്നത്. എന്നാൽ ഈശ്വരൻ എന്ന പദത്തിനർത്ഥം ശിവൻ ഐശ്വര്യത്തോട് കൂടിയവൻ എന്നാണ്. ആ അർത്ഥവ്യാഖ്യാനത്തിൽ ഈശ്വരിയെ കൂട്ടുപിടിക്കുന്നില്ല. ഇവിടെ ഈശ്വരൻ എന്നത് പ്രാണേശ്വരനും, ഭർത്താവും, നാഥനും ഒക്കെയാണ്. സ്ത്രീയെ രണ്ടാം കിടയാക്കിത്തീർക്കുന്ന വാക് രൂപങ്ങളാണിവ. ‘അമ്മ’ എന്ന പദത്തിന് പഴഞ്ചൊല്ലിലൂടെ അർത്ഥ വിശകലനം നൽകിയത് കാണാം. സമൂഹത്തിൽ ഉപയോഗിച്ചു വരുന്ന സ്ത്രീവിരുദ്ധമായ പഴഞ്ചൊല്ലാണ് ശ്രീകണ്ഠേശ്വരം ഉദ്ധരിച്ചത് എന്നതിനാൽ പൊതുബോധത്തിൽനിന്ന് ഉടലെടുത്ത പുരുഷ വീക്ഷണമാണിതെന്ന് പറയാം.
‘അച്ഛൻ’ എന്നത് ഇവിടെ രക്ഷകർത്താവായാണ് പ്രത്യക്ഷപ്പെടുന്നത്. അച്ഛന്റെ പര്യായമായി ‘പിതാവ്’, ‘രക്ഷിക്കുന്നവൻ’, ‘പാലനം ചെയ്യുന്നവൻ’ എന്നാണ് അർത്ഥം നൽകിയിരിക്കുന്നത്. പൂജിക്കപ്പെടുന്നവൾ എന്ന അർത്ഥത്തിലാണ് മാതാവിന് അർത്ഥവിശകലനം നൽകിയത്. അവൾ പൂജിക്കപ്പെടാനും അവൻ രക്ഷകനായിത്തീരാനും എന്ന വിരുദ്ധാർത്ഥമാണ് ഇവിടെ പ്രതിഫലിക്കുന്നത്. അവളെ പൂജിക്കപ്പെടുന്നവളായി ഒതുക്കി നിർത്തുമ്പോൾ അവന് രക്ഷകന്റെ പരിവേഷം നൽകുന്നു. യഥാർത്ഥത്തിൽ രക്ഷക എന്ന അർത്ഥം നൽകേണ്ടിയിരുന്നത് മാതാവിനാണ്. കാരണം അവൾ തൻ്റെ കുഞ്ഞിനെ ഭ്രൂണാവസ്ഥ മുതൽ ഒരു പോറലും ഏൽക്കാതെ സംരക്ഷിച്ച് പോന്നവളാണ്. എന്നാൽ ഇവിടെ പുരുഷാധിപത്യസമൂഹം പുരുഷനെയാണ് രക്ഷകനായിക്കാണുന്നത്. താതൻ എന്ന പദം പുത്ര ശരീരത്തെ ഉണ്ടാക്കിയവൻ എന്ന അർത്ഥത്തിൽ പ്രയോഗിക്കുന്നു. അവിടെ പുത്രിക്ക് യാതൊരു വിലയും കൽപ്പിക്കുന്നില്ല. 'ഗുരൂ ഗീഷ്മതി പിത്രാദൗ' അച്ഛൻ എന്ന പദത്തിന് ഉദ്ധരിച്ചിരിക്കുന്നു. അച്ഛന്‍ ഗുരുവാണ്. എങ്ങനെയെന്നാൽ ജനിപ്പിക്കുക, പഠിപ്പിക്കുക, ചോറുകൊടുത്ത് വളര്‍ത്തുക ഇത്രയും ചെയ്യുന്നതിനാൽ അച്ഛൻ ഗുരുവാണെന്നാണ് ശബ്ദതാരാവലി വ്യാഖ്യാനം നൽകിയിരിക്കുന്നത്. അങ്ങനെയെങ്കിൽ ഗുരുസ്ഥാനിയായി നിൽക്കേണ്ടത് അമ്മയല്ലെ? അമ്മ ചെയ്യുന്ന കർമ്മത്തെ സങ്കുചിതമാക്കുകയും അച്ഛൻ ചെയ്യുന്ന കർമ്മത്തെ വിശാലമാക്കുകയും ചെയ്യുന്ന പുരുഷാധിപത്യ സമൂഹത്തിന്റെ നികൃഷ്ടമായ മനോഭാവമാണ് ശബ്ദതാരാവലിയിൽ പ്രതിഫലിക്കുന്നത്. മാതൃശബ്ദം നിർമ്മാണത്തെയും പിതൃശബ്ദം പാലനത്തെയും കുറിക്കുന്ന വേദാർത്ഥ വിചാരത്തിലെ നിരീക്ഷമാണ് ഇവിടെയും കാണാൻ കഴിയുന്നത്.
ബന്ധസൂചകപദമായ ഭര്‍ത്താവിനെ സൂചിപ്പിക്കാന്‍ ‘ആവുത്തന്‍’ എന്ന പദമാണ് നല്‍കിയിരിക്കുന്നത്. അളിയന്‍, സഹോദരിയുടെ ഭര്‍ത്താവ് (സഹോദരിയെ രക്ഷിക്കുന്നതിനാല്‍) എന്നിങ്ങനെയാണ് ‘ആവുത്തന്‍’ എന്ന പദത്തിന് അര്‍ത്ഥ വ്യാഖ്യാനം നല്‍കിയത്. പുരുഷനാല്‍ രക്ഷിക്കപ്പെടേണ്ടവളാണ് സ്ത്രീയെന്ന സാമൂഹിക ബോധം ‘ആവുത്തന്‍’ എന്ന പദത്തില്‍ നിന്നും കണ്ടെത്താനാവും. ഭാര്യ, ഭർത്താവ് എന്ന ദ്വന്ദങ്ങളിൽ ഭാര്യ എന്നത് ഭരിക്കപ്പെടേണ്ടവൾ എന്ന അർത്ഥത്തിലാണ് പ്രയോഗിക്കപ്പെടുന്നത്. ഭരിക്കപ്പെടേണ്ട, നിയമപ്രകാരം വിവാഹം ചെയ്യപ്പെട്ട സ്ത്രീ എന്നാണ് ഭാര്യക്ക് ‘ശബ്ദതാരാവലി’യിൽ അർത്ഥം നൽകിയിരിക്കുന്നത്. ഭർത്താവിനാൽ ഭരിക്കപ്പെടേണ്ടവളാണ് ഭാര്യ എന്ന് വ്യാഖ്യാനിച്ചിരിക്കുന്നു. ഭർത്താവ് അവിടെ വിവാഹം ചെയ്ത പുരുഷനാവുന്നു. ഭരിക്കുന്നവൻ എന്ന അർത്ഥവ്യാഖ്യാനമാണ് നൽകിയിരിക്കുന്നത്. ‘ചരണദാസി’ എന്ന പദത്തിനർത്ഥം ചെരുപ്പ് എന്നാണ് ഭാര്യ എന്നും അർത്ഥം നൽകിയിട്ടുണ്ട്. പുരുഷന്റെ കാൽക്കീഴിൽ അമരേണ്ടവളാണ് സ്ത്രീ എന്ന ആന്തരികാർത്ഥം സ്ഫുരിക്കുന്ന പദമാണിത്. സ്ത്രീയെ ഭരിക്കപ്പെടാനുള്ള വെറും ശരീരമായാണ് പുരുഷാധിപത്യ സമൂഹം നോക്കികണ്ടത്. യാതൊരു വ്യക്തിത്വവും അവൾക്ക് നൽകിയില്ല. അതു തന്നെയാണ് ഇത്തരം പദവ്യാഖ്യാനങ്ങളിൽനിന്ന് വ്യക്തമാവുന്നത്. ഭര്‍ത്താവിന് ‘പതി’, ‘പ്രിയൻ’, ‘കർത്താവ്’, ‘രക്ഷകൻ’, ‘വഹിക്കുന്നവൻ’ എന്നിങ്ങനെയാണ് പര്യായപദങ്ങൾ നൽകിയിരിക്കുന്നത്. ഇതിലെല്ലാം സ്ത്രീവിരുദ്ധത കാണാൻ കഴിയും. ‘ഏകചാരിണി’, ‘സപത്നി’ എന്നിങ്ങനെ ഭാര്യ രണ്ടു വിധത്തിലാണെന്ന് വ്യാഖ്യാനിക്കുന്നുണ്ട്. ‘ഏകചാരിണി’ എന്നാൽ ‘പതിവ്രത’ എന്നാണ് അർത്ഥം. ഭർത്താവിൻ്റെ അന്യഭാര്യ, കൂട്ടുഭാര്യയാണ് സപത്നി. ഭാര്യ പതിവ്രതയാവുന്ന സമയത്ത് ഭർത്താവ് എന്ത് കൊണ്ട് പത്നീവ്രതൻ ആയിക്കൂട. ഭർത്താവ് ഒന്നിലധികം സ്ത്രീകളെ ഭാര്യയാക്കി വെക്കുന്നതിൽ തെറ്റില്ല. എന്നാൽ ഭാര്യ മറ്റൊരുവനെ കാംക്ഷിച്ചാൽ അവൾ ഭർതൃനിഷ്ഠയില്ലാത്തവളായിത്തീരും. സമൂഹം അത് വളരെ കുറ്റകരമായാണ് കാണുന്നത്. പുരുഷൻ എന്ത് ഹീനപ്രവൃത്തി ചെയ്താലും പിന്തുണയ്ക്കുന്ന സമൂഹത്തിന്റെ തരംതാഴ്ന്ന മനോഭാവമാണ് ഈ പദങ്ങളിൽ നിന്ന് കാണാൻ കഴിയുന്നത്. അതായത് പുരുഷനെ സ്വതന്ത്രനായി ചിന്തിക്കാനും സ്ത്രീയെ പുരുഷന്റെ ചിന്തയ്ക്ക് കീഴിൽ വർത്തിക്കാനും സമൂഹം പഠിപ്പിക്കുന്നു.
അഗ്നി സാക്ഷിയായ് വിവാഹം ചെയ്യപ്പെട്ട ഭാര്യ എന്നാണ് പത്നിക്ക് അർത്ഥം നൽകിയിരിക്കുന്നത്. യാഗാദി കർമ്മങ്ങളിൽ ഭർത്താവിനോടുകൂടി തുട ർന്നിരുന്നവൾ എന്ന് അർത്ഥവ്യാഖ്യാനം നൽകിയിരിക്കുന്നതിൽനിന്ന് സ്ത്രീയെ രണ്ടാംകിടയായി മാറ്റിനിർത്തുകയാണ് ചെയ്യുന്നത്. ‘പത്നി’ക്ക് നൽകിയ പര്യായപദങ്ങളിൽ ഒന്ന് ‘ദ്വിതീയ’ ആണ്. ദ്വിതീയം എന്നാൽ രണ്ടാമത് എന്നാണ് അർത്ഥം. ‘പാണീഗൃഹീതി’ എന്ന പര്യായപദത്തിനർത്ഥം പാണിഗൃഹണം ചെയ്യപ്പെട്ടവൾ എന്നാണ്. ‘പാണിഗ്രാഹൻ’ എന്നത് വിവാഹം ചെയ്യപ്പെടുന്നവൻ എന്ന അർത്ഥത്തിലാണ് പ്രയോഗിക്കുന്നത്. അവിടെ അധികാരത്തിന്റെ ശബ്ദമാണ് ഉയരുന്നത്. അങ്ങനെ വരുമ്പോൾ ഇവിടെ പാണിഗൃഹണം എന്നത് വിധേയപ്പെടലും പാണിഗ്രാഹൻ വിധേയപ്പെടുത്തുന്നവനുമാണ്. പുരുഷന് വിധേയപ്പെട്ടവളാണ് സ്ത്രീ എന്ന പൊതുബോധം ഈ പദങ്ങളിൽ കാണാം.
‘പതി’ എന്നതിന് ‘ഭർത്താവ്’, ‘പ്രഭു’, ‘ഉടമസ്ഥൻ’, ‘യജമാനസ്ത്രീ’ എന്നിങ്ങനെ യാണ് അർത്ഥകൽപ്പന ചെയ്തിരിക്കുന്നത്. പതിയെ ഇവിടെ പത്നിയെ രക്ഷി ക്കുന്നവനായിട്ടാണ് വ്യാഖ്യാനിച്ചിരിക്കുന്നത്. സ്ത്രീയുടെ യജമാനനായി വർ ത്തിക്കുന്നവനാണ് പതി. സ്ത്രീയെ രണ്ടാം കിടയാക്കി നിർത്തുന്ന പുരുഷാധിപത്യബോധം ‘പതി’, ‘പത്നി’ എന്നീ ദ്വന്ദങ്ങളിൽ കാണാം. ‘വധു’, ‘വരൻ’ എന്നീ ദ്വന്ദങ്ങളിലും സ്ത്രീ വിരുദ്ധത കാണാൻ കഴിയും. കൊണ്ടു വരപ്പെടുന്നവൾ എന്ന അർത്ഥവ്യാഖ്യാനമാണ് വധുവിന് നൽക്കുന്നത്. വരൻ എന്നാൽ ഭരിക്കുന്നവനാണ്. ശ്രേഷ്ഠൻ എന്ന അർത്ഥത്തിലാണ് വരൻ എന്ന പദം രൂപപ്പെടുത്തിയത്. ഭർത്താവിനാൽ വഹിക്കപ്പെടുന്നവൾ, കൊണ്ടുവരപ്പെടുന്നവൾ എന്നാണ് വധുവിന് അർത്ഥ വിശദീകരണം നൽകിയിരിക്കുന്നത്. ‘കാംക്ഷ’, ‘രൂപം’, ‘അനുരാഗം’, ‘ബഹുമാനം’, ‘സ്നേഹം’, ‘ലജ്ജ’ എന്നിങ്ങനെയാണ് ശബ്ദതാരാവലിയിൽ നൽകിയിരിക്കുന്ന വധുഗുണങ്ങൾ. സമൂഹം സൃഷ്ടിച്ച സ്ത്രീസ്വത്വമാണിത്. എന്നാൽ വരനിൽ കന്യക സൗന്ദര്യവും അമ്മ ധനവും അച്ഛൻ അറിവും ബന്ധുക്കൾ ആഭിജാത്യവും ഇച്ഛിക്കുന്നു എന്നാണ് വ്യാഖ്യാനിച്ചിരിക്കുന്നത്. ഇവിടെ വരനെ ഉയർത്തുകയും വധുവിനെ ഇകഴ്ത്തുകയുമാണ് ചെയ്യുന്നത്. രൂപലാവണ്യവും സമൂഹം അടിച്ചേൽപ്പിച്ച സ്വഭാവഗുണങ്ങളുമാണ് വധൂഗുണങ്ങളായി പറയുന്നത്. എന്നാൽ വരനെ വധുവിനെ ഭരിക്കാൻ പ്രാപ്തനാക്കുന്ന രീതിയിലുള്ള ഗുണകണങ്ങളാണ് കൽപ്പിച്ചു കൊടുത്തിരിക്കുന്നത്. സ്ത്രീയെ അരികുവൽക്കരിക്കുവാനുള്ള തന്ത്രമാണ് വധൂവരന്മാരുടെ ഗുണകണങ്ങളിലൂടെ മെനഞ്ഞെടുക്കുന്നത്. ‘നല്ലുയിർ’ എന്ന പദത്തിനർത്ഥം ഭർത്താവ് (ഭാര്യയുടെ ജീവൻ) എന്നാണ്. ‘അസുസമൻ’ എന്ന പദം ഭർത്താവ് പ്രാണനാഥൻ എന്ന് അർത്ഥം കുറിക്കുന്നു. ഭർത്താവിനെ പ്രാണന് തുല്യം സ്നേഹിക്കണം ഭാര്യ എന്ന പരികൽപ്പന അവിടെ കാണാം. സ്ത്രീയെ പുരുഷാധിപത്യ സങ്കൽപ്പനത്തിന് കീഴിൽ നിഘണ്ടുവിൽ പ്രതിഷ്ഠിക്കപ്പെട്ട പദമാണ് ഭാര്യ എന്നത്. ‘ഭാര്യ’ എന്ന പദത്തിന്റെ പര്യായപദത്തിന് തുല്യമായി വരുന്ന ‘പത്നി’, ‘സഹധർമ്മിണി’, ‘പാണീഗൃഹീതി’, ‘ദ്വിതീയ’, ‘ധർമ്മപത്നി’, ‘വധു’, ‘കുടുംബിനി’ തുടങ്ങിയ പദങ്ങളിൽ പിത്രധികാര നോട്ടത്തിൻ്റെ മാനദണ്ഡ മൂല്യങ്ങളായ സദാചാര ബിംബങ്ങൾ കാണാൻ കഴിയും.
‘കാര്യേഷു മന്ത്രീ കരണേഷുദാസി
രൂപേഷുലക്ഷ്മീഃ ക്ഷമയാ ധരിത്രീ
സ്നേഹേഷു മാതാ ശയനേഷു വേശ്യാ
ഷട്കർമ്മനാരീ കുലധർമ്മ പത്നീ’ 3
എന്ന മനുസ്മൃതിയിലെ കാഴ്ച്ചപ്പാട് തന്നെയാണ് സ്ത്രീയെ അടയാളപ്പെടുത്തുന്ന പദങ്ങളിൽ സ്ഫുരിക്കുന്നത്. ശബ്ദതാരാവലിയിൽ സ്ത്രീയെ വ്യാഖ്യാനിക്കുന്നത് പുരുഷാധിപത്യസമൂഹത്തിന്‍റെ വീക്ഷണ കോണുകളിലൂടെയാണ്. സ്ത്രീക്ക് സ്വതന്ത്രമായ ഒരു വ്യക്തിത്വം കൽപ്പിക്കുന്നില്ല. സൂക്ഷ്മമായി പരിശോധിക്കുമ്പോൾ ശബ്ദതാരാവലിയിലെ ലിംഗ രാഷ്ട്രീയം എന്നത് പുരുഷാധിപത്യ സമൂഹത്തിന്‍റെ ജല്‍പ്പനമാണെന്ന് മനസ്സിലാക്കാം. സമൂഹത്തില്‍ ലിംഗഭേദമില്ലെന്ന് പറയുമ്പൊഴും സ്ത്രീപുരുഷ ദ്വന്ദങ്ങളെ സൂചിപ്പിക്കുന്ന പദങ്ങള്‍ എടുത്ത് പരിശോധിക്കുമ്പോള്‍ അദൃശ്യമായ പൗരാണികസദാചാരയുക്തി ഭാഷകസമൂഹം പിന്തുടരുന്നുണ്ടെന്ന് കണ്ടെത്താന്‍ കഴിയും.
ഉപസംഹാരം
പദങ്ങളെ അകാരാദിക്രമത്തില്‍ ശാസ്ത്രീയമായി ചിട്ടപ്പെടുത്തിയ ആധികാരികമായ ശബ്ദകോശങ്ങളാണ് നിഘണ്ടുക്കള്‍. മാനുഷികജീവിതത്തില്‍ ആശയവിനിമയം നടത്തുന്നതിനുള്ള ഉപാധിയാണ് ഭാഷ. സമൂഹവും ഭാഷയും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്, ഭാഷ ഒരു സാമൂഹികപ്രതിഭാസമാണ്. പദങ്ങള്‍ രൂപപ്പെടുത്തിയെടുക്കുന്നതില്‍ സമൂഹം നിര്‍ണായകമായ പങ്കുവഹിക്കുന്നു. ഒരു സമൂഹം സ്ത്രീയെ എപ്രകാരമാണ് നോക്കിക്കാണുന്നത് എന്നതിന്‍റെ ദൃഷ്ടാന്തമാണ് ഇത്തരം പദങ്ങള്‍, പൗരാണികമായ സ്ത്രീസ്വത്വമാണ് നിഘണ്ടുക്കള്‍ സ്ത്രീക്ക് ചാര്‍ത്തിക്കൊടുക്കുന്നത്. സമൂഹത്തിന്‍റെ ബോധം നിഘണ്ടുവിന്‍റെ പദസ്വീകരണത്തിലും അര്‍ത്ഥവിശദീകരണത്തിലും കാണാന്‍ കഴിയും ശബ്ദതാരാവലിയുടെ നിര്‍മാണരാഷ്ട്രീയത്തില്‍ ഉള്ളടങ്ങിയിരിക്കുന്നത് സാമൂഹിക ബോധമാണ്. അര്‍ത്ഥവ്യാഖ്യാനത്തിലൂടെ സാമൂഹികപശ്ചാത്തലവും നിഘണ്ടുവില്‍ ഉള്ളടങ്ങിയിട്ടുണ്ട്. പദവ്യാഖ്യാനത്തില്‍ നല്‍കിയ പഴഞ്ചൊല്ലും ശെെലിയുമെല്ലാം സാമൂഹികമായ അധികാരബോധത്തിന്‍റെ പ്രതിഫലനമായി മാറുന്നുണ്ട്. നിഘണ്ടുക്കളിലെ പദങ്ങള്‍ സാമൂഹികവും സാംസ്കാരികവും ചരിത്രപരവുമായ അടയാളപ്പെടുത്തലുകളാണ്. സ്ത്രീപക്ഷവാദത്തിന്‍റെയും സാമൂഹികഭാഷാശാസ്ത്ര വിജ്ഞാനീയത്തിന്‍റെയും പരികല്പനയിലൂടെ ‘ശബ്ദതാരാവലി’യെ നോക്കിക്കാണുമ്പോള്‍ ‘ശബ്ദതാരാവലി’യുടെ നിര്‍മാണരാഷ്ട്രീയമെന്നത് ആണധികാര സമൂഹം ചിട്ടപ്പെടുത്തിയ ചട്ടക്കൂടിലാണെന്ന് മനസ്സിലാക്കാം.
കുറിപ്പ്
1. നിഘണ്ടുക്കളിലെ സാമൂഹികതയും അധികാരവും, ദീപാമേരി ജോസഫ്,പുറം,2.
2. മനുസ്മൃതി, സ്വാമിസിദ്ധിനാഥാനന്ദ(മലയാളവ്യാഖ്യാനം)പുറം,390.
3. അമൂല്യ ശ്ലോകമാല, അരവിന്ദന്‍, പുറം,10.
ഗ്രന്ഥസൂചി
1. അഞ്ജുഷ, എന്‍. പി., നിഘണ്ടുക്കളും സമൂഹവും ശ്രീകണ്ഠേശ്വരത്തിന്റെ ശബ്ദതാരാവലിയെ മുന്‍നിര്‍ത്തി ഒരു അന്വേഷണം,
എം.എ.ഡിസര്‍ട്ടേഷന്‍, ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല, 2020.
2. അരവിന്ദന്‍, അമൂല്യശ്ലോകമാല, കറന്‍റ് ബുക്സ്, 2000.
3. ഓമനക്കുട്ടി, പി. വി,
നിഘണ്ടുക്കൾ മലയാളത്തിൽ, കറന്റ് ബുക്സ്, 1990.
4. ദീപാമേരി ജോസഫ്,
നിഘണ്ടുക്കളിലെ സാമൂഹികതയും അധികാരവും, കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 2021.
5. പത്മനാഭപ്പിള്ള, ജി. ശ്രീകണ്ഠേശ്വരം,
ശബ്ദതാരാവലി, നാഷണൽ ബുക്ക് സ്റ്റാൾ, 2016.
6. സോമശേഖരൻ നായർ, പി.,
നിഘണ്ടുവിജ്ഞാനീയം, കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 2016.
7. സ്വാമി സിദ്ധിനാഥാനന്ദ,
മനുസ്മൃതി, ശ്രീരാമകൃഷ്ണമഠം, 2016.
—---------------------------------------
അഞ്ജുഷ എന്‍.പി
ഗവേഷക, മലയാളവിഭാഗം യൂണിവേഴ്സിറ്റി കോളേജ്
തിരുവനന്തപുരം
9605921650




Comments