നോം ചോംസ്കിയുടെ ജനറേറ്റീവ് ഗ്രാമര്‍ : ഒരു ദാര്‍ശനിക ഭാഷാശാസ്ത്ര അവലോകനം
- Jun 25
- 6 min read
Updated: Jun 27
ഡോ. അമ്പിളി എസ്.

പ്രബന്ധ സംഗ്രഹം
ഭാഷ മനുഷ്യന്‍റെ ഏറ്റവും സങ്കീര്‍ണ്ണവും അത്ഭുതകരവുമായ കഴിവുകളില്‍ ഒന്നാണ്. മനുഷ്യര്‍ തമ്മിലുള്ള ആശയവിനിമയത്തിനും ചിന്തയുടെ പ്രകടനത്തിനും ഭാഷ അത്യന്താപേക്ഷിതമാണ്. ഭാഷയെ എങ്ങനെ മനസിലാക്കാം എന്ന ചോദ്യത്തിന് കാലങ്ങളായി വിവിധ ഉത്തരങ്ങളാണ് ലഭിച്ചിരിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിലെ ഭാഷാശാസ്ത്ര പഠനങ്ങളെ അടിമുടി പരിഷ്കരിച്ച സിദ്ധാന്തമാണ് നോം ചോംസ്കിയുടെ ജനറേറ്റീവ് ഗ്രാമര്‍. ഭാഷ എന്നത് കേവലം ബാഹ്യമായ സാഹചര്യങ്ങളില്‍ നിന്ന് രൂപപ്പെട്ടുവന്ന ഒന്നല്ല മറിച്ച് മനുഷ്യ മസ്തിഷ്കത്തിന് ജന്മനാതന്നെയുള്ള ഒരു ജൈവിക ശേഷിയാണ് എന്ന് ഈ സിദ്ധാന്തം സമര്‍ത്ഥിക്കുന്നു. മുമ്പ് നിലനിന്നിരുന്ന ബിഹേവിയറിസ്റ്റ് സമീപനങ്ങളെ ഈ സിദ്ധാന്തം ചോദ്യം ചെയ്യുന്നു. ചോംസ്കിയുടെ അഭിപ്രായത്തില്‍ മനുഷ്യര്‍ക്ക് ഭാഷ പഠിക്കാന്‍ സഹായിക്കുന്ന ഒരു സഹജമായ ഘടനയുണ്ട്, അതിനെ യൂണിവേഴ്സല്‍ ഗ്രാമര്‍ എന്നു വിളിക്കുന്നു. ജനറേറ്റീവ് ഗ്രാമര്‍ ഭാഷയുടെ സൃഷ്ടിപരമായ സ്വഭാവത്തെ പ്രധാനമായി എടുത്തു കാട്ടുന്നു. മനുഷ്യര്‍ക്ക് അനന്തമായ വാക്യങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന ശേഷി ഒരു പരിമിതമായ നിയമ സമുച്ചയത്തിലൂടെയാണ് സാധ്യമാകുന്നത്.ഇതില്‍ competence performance തമ്മിലുള്ള വ്യത്യാസം നിര്‍ണ്ണായകമാണ്. കൂടാതെ ഡീപ് സ്ട്രക്ചറും സര്‍ഫസ് സ്ട്രക്ചറും തമ്മിലുള്ള ബന്ധം ട്രാന്‍സ്ഫര്‍മേഷന്‍ നിയമങ്ങളിലൂടെ വിശദീകരിക്കുന്നു. ഈ ലേഖനം ചോംസ്കിയുടെ ജനറേറ്റീവ് ഗ്രാമറിലെ ആശയങ്ങള്‍ ഘടന, പ്രാധാന്യം, വിമര്‍ശനങ്ങള്‍, സിദ്ധാന്തത്തിന്‍റെ ആധുനിക പ്രസക്തി എന്നിവയെ വിശദമായി പരിശോധിക്കുന്നു.
സൂചികാപദം : ജനറേറ്റീവ് ഗ്രാമര്‍, യൂണിവേഴ്സല്‍ ഗ്രാമല്‍, ട്രാന്‍സ്ഫെര്‍മേഷന്‍ ഗ്രാമര്‍, ഭാഷാശാസ്ത്രം
ആമുഖം
ഭാഷ മനുഷ്യജീവിതത്തിന്‍റെ അടിസ്ഥാനഘടകമാണ്. മനുഷ്യന്‍ ആശയവിനിമയം നടത്താനും ചിന്തകള്‍ പ്രകടിപ്പിക്കുവാനും ലോകത്തെ മനസ്സിലാക്കുവാനും ഭാഷയെ ആശ്രയിക്കുന്നു. ഭാഷയുടെ സ്വഭാവം എന്താണ്? അത് എങ്ങനെ പ്രാവര്‍ത്തികമാകുന്നു? മനുഷ്യന്‍ എങ്ങനെ അനന്തമായ വാക്യങ്ങള്‍ രൂപപ്പെടുത്തുന്നു? എന്ന ചോദ്യങ്ങള്‍ക്ക് ശാസ്ത്രീയമായി മറുപടി നല്‍കാന്‍ ശ്രമിച്ച ഭാഷാശാസ്ത്രജ്ഞനാണ് നോം ചോംസ്കി. അദ്ദേഹത്തിന്‍റെ ജനറേറ്റീവ് ഗ്രാമര്‍ എന്ന സിദ്ധാന്തം ഭാഷാശാസ്ത്രത്തില്‍ വിപ്ലവകരമായ മാറ്റം സൃഷ്ടിച്ചു.
നോം ചോംസ്കി ആധുനിക ഭാഷാശാസ്ത്രത്തിലെ ഏറ്റവും സ്വാധീനമുള്ള ചിന്തകരില്‍ ഒരാളാണ്. 1928 ഡിസംബര്‍ 7 ന് അമേരിക്കയിലെ ഫിലാഡല്‍ഫിയയില്‍ ചോംസ്കി ജനിച്ചു. ഭാഷാശാസ്ത്രജ്ഞന്‍, തത്വചിന്തകന്‍, രാഷ്ട്രീയ വിമര്‍ശകന്‍, സാമൂഹിക പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ അദ്ദേഹം പ്രശസ്തനാണ്. ചോംസ്കിയുടെ പ്രധാന സംഭാവന ഭാഷാശാസ്ത്രത്തില്‍ ആണ്. ഇരുപതാം നൂറ്റാണ്ടിന്‍റെ മധ്യത്തില്‍ അദ്ദേഹം അവതരിപ്പിച്ച ജനറേറ്റീവ് ഗ്രാമര്‍ എന്ന സിദ്ധാന്തം ഭാഷയെക്കുറിച്ചുള്ള പഠനത്തെ പൂര്‍ണ്ണമായും മാറ്റിമറിച്ചു. ഭാഷ മനുഷ്യന്‍റെ മനസ്സിന്‍റെ ഒരു ഘടകമാണ്. മനുഷ്യന്‍ ജന്മനാ ഒരു ഭാഷാശേഷിയായി ജനിക്കുന്നുവെന്നും അദ്ദേഹം രേഖപ്പെടുത്തി. അദ്ദേഹത്തിന്‍റെ പ്രസിദ്ധമായ കൃതികളാണ് സിന്‍റാക്റ്റിക് സ്ട്രക്ചേഴ്സ് (1951) ഉം ആസ്പെക്റ്റ് ഓഫ് ദ തിയറി ഓഫ് സിന്‍റാക്സ് (1965) ഉം. ഈ കൃതികളിലൂടെ ഭാഷയുടെ ഘടനയും നിയമങ്ങളും ശാസ്ത്രീയമായി പഠിക്കാന്‍ സാധിച്ചു. ഭാഷാശാസ്ത്രത്തിനു പുറമേ ചോംസ്കി ഒരു ശക്തനായ രാഷ്ട്രീയ വിമര്‍ശകന്‍ കൂടി ആയിരുന്നു. അമേരിക്കന്‍ വിദേശനയത്തെക്കുറിച്ചുള്ള വിമര്‍ശനങ്ങളും സാമൂഹിക നീതിക്കായുള്ള അദ്ദേഹത്തിന്‍റെ നിലപാടുകളും ലോകശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്.
ജനറേറ്റീവ് ഗ്രാമര്‍
1950-കളുടെ മധ്യത്തില്‍ നോം ചോംസ്കി അവതരിപ്പിച്ച ജനറേറ്റീവ് ഗ്രാമര്‍ ഭാഷാശാസ്ത്ര രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്നു. ഭാഷ എന്നത് കേവലം അനുകരണത്തിലൂടെയോ ശീലത്തിലൂടെയോ പഠിച്ചെടുക്കുന്ന ഒന്നാന്ന് എന്നുള്ള അന്നത്തെ ബിഹേവിയറിസ്റ്റ് കാഴ്ച്ചപ്പാടിനെ ചോംസ്കി തിരുത്തിക്കുറിച്ചു. മനുഷ്യര്‍ക്ക് ജനിക്കുമ്പോള്‍ തന്നെ ഭാഷ കൈകാര്യം ചെയ്യാനുള്ള സഹജമായ കഴിവുണ്ടെന്ന് അദ്ദേഹം വാദിച്ചു. ചോംസ്കിയുടെ ഈ സിദ്ധാന്തം ഭാഷാശാസ്ത്രത്തെ, മനഃശാസ്ത്രമായും ജീവശാസ്ത്രമായും ബന്ധിപ്പിച്ചു. ഭാഷാപഠനം വെറുമൊരു സാമൂഹിക പ്രക്രിയയല്ല, മറിച്ച് മനഷ്യന്‍റെ ചിന്താശക്തിയുടെയും ജൈവികമായ പ്രത്യേകതകളുടെയും ഭാഗമാണെന്ന് ഇത് തെളിയിച്ചു. പില്‍ക്കാലത്ത് മിനിമലിസ്റ്റ് പ്രോഗ്രാം പോലുള്ള ഘട്ടങ്ങളിലൂടെ ഈ സിദ്ധാന്തം കൂടുതല്‍ പരിഷ്കരിക്കപ്പെട്ടു. ആധുനിക ഭാഷാശാസ്ത്രത്തെയും കമ്പ്യൂട്ടേഷണല്‍ ലിംഗിസ്റ്റിക്സിനെയും ഇന്നും സ്വാധീനിക്കുന്ന ഒന്നാണ് ജനറേറ്റീവ് ഗ്രാമര്‍.
ജനറേറ്റീവ് ഗ്രാമര്‍ എന്നത് ഒരു ഭാഷയിലെ ശരിയായ വാക്യങ്ങള്‍ നിര്‍മ്മിക്കുവാന്‍ കഴിയുന്ന ഒരു സമുച്ചയമാണ്. മനുഷ്യന് പരിമിതമായ ചില വ്യാകരണ നിയമങ്ങള്‍ മാത്രം ഉപയോഗിച്ച് അനന്തമായ വാക്യങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്നു എന്നതാണ് ഈ സിദ്ധാന്തത്തിന്‍റെ അടിസ്ഥാന ആശയം. ചോംസ്കിയുടെ വാക്കുകളില്‍" language is a set of sentences constructed from a finite set of elements" എന്താണ് ജനറേറ്റീവ് ഗ്രാമര്‍ : ഒരു ഭാഷയിലെ ശരിയായ വാക്യങ്ങളെ നിര്‍മ്മിക്കാനും തെറ്റായവയെ തിരിച്ചറിയാനും സഹായിക്കുന്ന നിയമങ്ങളുടെ ഒരു കൂട്ടത്തെയാണ് ജനറേറ്റീവ് ഗ്രാമര്‍ എന്ന് അറിയപ്പെടുന്നത്. മനുഷ്യന്‍ തന്‍റെ ജീവിതകാലത്ത് ഒരിക്കലും കേട്ടിട്ടില്ലാത്ത വാക്യങ്ങള്‍ പോലും പെട്ടെന്ന് നിര്‍മ്മിക്കാനും മനസ്സിലാക്കുവാനും പ്രാപ്തനാണ്. ഈ കഴിവിനെയാണ് ചോംസ്കി ഡിസ്ക്രീറ്റ് ഇന്‍ഫിനിറ്റി എന്ന് വിശേഷിപ്പിച്ചത്. നോം ചോംസ്കി അവതരിപ്പിച്ച ജനറേറ്റീവ് ഗ്രാമര്‍ ഭാഷയുടെ ആന്തരികഘടനയെ വിശദീകരിക്കുന്ന സിദ്ധാന്തമാണ്. ഈ സിദ്ധാന്തമനുസരിച്ച് മനുഷ്യന്‍റെ മനസ്സില്‍ ജന്മസിദ്ധമായ ഒരു ഭാഷാശേഷി ഉണ്ടെന്ന് ചോംസ്കി പറയുന്നു. അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ ഭാഷ ഒരു സാമൂഹിക ശീലമല്ലെന്നും മറിച്ച് മാനസിക ഘടനകളാല്‍ നിയന്ത്രിക്കപ്പെടുന്ന സൃഷ്ടിപരമായ ഒരു വ്യവസ്ഥയാണ്.
ഈ സിദ്ധാന്തത്തിന്‍റെ കേന്ദ്രം എന്നത് syntax എന്ന വാക്കില്‍ അധിഷ്ഠിതമാണ്. syntax എന്നത് വാക്യങ്ങളുടെ ഘടന, അവയുടെ രൂപീകരണം എന്നിവയെപറ്റി പഠിക്കുന്ന ശാഖയാണ്. ജനറേറ്റീവ് ഗ്രാമറില്‍ syntax ന് വളരെയധികം പ്രാധാന്യമുണ്ട്. കാരണം ഭാഷയുടെ ശരിയായ രൂപം നിര്‍ണ്ണയിക്കുന്നത് syntax ആണ്. ജനറേറ്റീവ് ഗ്രാമറിന്‍റെ മറ്റൊരു പ്രധാന ഘടകമാണ് ആഴത്തിലുള്ള ഘടനയും (Deep structure ) ഉപരിഘടനയും ( surface structure ). ഡീപ് സ്ട്രക്ചര്‍ വാക്യത്തിന്‍റെ അടിസ്ഥാന അര്‍ത്ഥത്തെ പ്രതിനിധീകരിക്കുന്നു. എന്നാല്‍ സര്‍ഫസ് സ്ട്രക്ചര്‍ വാക്യത്തിന്‍റെ പ്രകടമായ രൂപമാണ് കാണിക്കുന്നത്. അതായത് നമ്മള്‍ പുറമേ കേള്‍ക്കുന്നതോ വായിക്കുന്നതോ ആയ വാക്യത്തിന്‍റെ രൂപം. രാമന്‍ മാമ്പഴം ഭക്ഷിച്ചു എന്ന വാക്യവും മാമ്പഴം രാമനാല്‍ ഭക്ഷിക്കപ്പെട്ടു എന്ന വാക്യവും ഒരേ അര്‍ത്ഥം നല്‍കുന്നുവെങ്കിലും അവയുടെ ഘടന വ്യത്യസ്തമാണ്.
ഒരു ആശയത്തെ തന്നെ വ്യത്യസ്ത രീതിയില്‍ പറയാന്‍ സാധിക്കുന്നത് (ഉദാഹരണത്തിന് കര്‍ത്തരി പ്രയോഗവും കര്‍മ്മണി പ്രയോഗവും) ഈ രണ്ട് തലങ്ങള്‍ ഉള്ളതുകൊണ്ടാണ്. ഡീപ് സ്ട്രക്ചറിനെ സര്‍ഫസ് സ്ട്രക്ചര്‍ ആക്കി മാറ്റാന്‍ ഉപയോഗിക്കുന്ന നിയമമാണ് ട്രാന്‍സ്ഫോര്‍മേഷന്‍ ഗ്രാമര്‍. ഈ രീതി ഉപയോഗിച്ച് ഒരു വാക്യം മറ്റൊരു രൂപത്തിലേക്ക് മാറ്റാന്‍ കഴിയും. ട്രാന്‍സ്ഫോര്‍മേഷന്‍ എന്ന പ്രക്രിയയിലൂടെയാണ് ഡീപ് സ്ട്രക്ചര്‍ സര്‍ഫസ് സ്ട്രക്ചര്‍ ആയി മാറുന്നത്.
ജനറേറ്റീവ് ഗ്രാമറിന്‍റെ മറ്റൊരു പ്രധാനപ്പെട്ട ആശയമാണ് യൂണിവേഴ്സല്‍ ഗ്രാമര്‍. ഈ സിദ്ധാന്ത പ്രകാരം എല്ലാ മനുഷ്യരും ഒരു ഭാഷാ ഘടനയുമായി ജനിക്കുന്നു. ലോകത്തിലെ എല്ലാ ഭാഷകള്‍ക്കും അടിസ്ഥാനപരമായ ചില പൊതുനിയമങ്ങളുണ്ട്. കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ തന്നെ ഭാഷ പഠിക്കാനുള്ള അന്തര്‍ലീനമായ കഴിവുമായാണ് (innate ability ) ജനിക്കുന്നത്. അതുകൊണ്ടാണ് കുട്ടികള്‍ വളരെ എളുപ്പത്തില്‍ ഭാഷ പഠിക്കുന്നതിന്‍റെ കാരണം എന്നാണ് ചോംസ്കി പറയുന്നത്. " Childs mind contains innate grammatical principles " കുട്ടികളുടെ ഈ കഴിവിനെ ലാംഗ്വേജ് അക്വിസിഷന്‍ ഡിവൈസ് (LAD) എന്ന് വിളിച്ചു. ചുറ്റുപാടുകളില്‍ നിന്ന് ലഭിക്കുന്ന അറിവ് കുറവാണെങ്കില്‍ പോലും കുട്ടികള്‍ പെട്ടെന്ന് ഭാഷ പഠിക്കുന്നത് ഈ ജൈവികഘടന ഉള്ളതുകൊണ്ടാണ് ഇതിലൂടെ ചോംസ്കി ഭാഷയെയും മനുഷ്യ മനസ്സിനെയും ബന്ധിപ്പിക്കുന്ന ഭാഷ പഠിക്കുന്നത് ഒരു LEARNING PROCESS മാത്രമല്ല മറിച്ച് ഒരു INNATE CAPACITY ആണ് എന്ന് സമര്‍ത്ഥിക്കുന്നു.
ജനറേറ്റീവ് ഗ്രാമറിന്‍റെ പ്രധാന നേട്ടങ്ങള്‍
ഭാഷാ സ്വാംശീകരണം (Language Acquisition) : കുട്ടികള്‍ എങ്ങനെയാണ് ഇത്ര പെട്ടെന്ന് ഒരു ഭാഷ പഠിച്ചെടുക്കുന്നത് എന്നതിന് ഈ സിദ്ധാന്തം വ്യക്തമായ ഉത്തരം നല്‍കുന്നു. മനുഷ്യന്‍റെ തലച്ചോറില്‍ ജന്മനാ തന്നെയുള്ള ഒരു യൂണിവേഴ്സല്‍ ഗ്രാമര്‍ ഉണ്ടെന്നും അത് പുതിയ വാക്യങ്ങള്‍ നിര്‍മ്മിക്കാന്‍ സഹായിക്കുന്നുവെന്ന് ഇത് വ്യക്തമാക്കുന്നു.
അപരിമിതമായ സര്‍ഗ്ഗാത്മകത (Infinite Productivity ) : നാം മുന്‍പ് കേട്ടിട്ടില്ലാത്ത വാക്യങ്ങള്‍ നിര്‍മ്മിക്കാനും അവയുടെ അര്‍ത്ഥം മനസ്സിലാക്കുവാനും നമുക്ക് സാധിക്കുന്നത് ജനറേറ്റീവ് ഗ്രാമറിലെ നിയമങ്ങള്‍ മൂലമാണ്. ചുരുങ്ങിയ നിയമങ്ങള്‍ കൊണ്ട് എണ്ണമറ്റ വാക്യങ്ങള്‍ സൃഷ്ടിക്കാനുള്ള കഴിവിനെ ഇത് അംഗീകരിക്കുന്നു.
ഭാഷയുടെ ആഴത്തിലുള്ള പഠനം (Deep V/s Surface structure ) : വാക്യങ്ങളുടെ ഉപരിപരമായ രൂപവും അവ നല്‍കുന്ന ആഴത്തിലുള്ള അര്‍ത്ഥവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാന്‍ ഇത് സഹായിക്കുന്നു. ഒരേ രൂപത്തിലുള്ള വാക്യങ്ങളില്‍ മറഞ്ഞിരിക്കുന്ന വ്യത്യസ്ത അര്‍ത്ഥങ്ങളെ ശാസ്ത്രീയമായി വിശകലനം ചെയ്യാന്‍ ഇതിലൂടെ സാധിക്കും.
ഭാഷയുടെ സാര്‍വത്രികത (Linguistic Universality ) : ലോകത്തെ എല്ലാ ഭാഷകള്‍ക്കും അടിസ്ഥാനപരമായ ചില പൊതു സ്വഭാവങ്ങള്‍ ഉണ്ടെന്ന് ജനറേറ്റീവ് ഗ്രാമര്‍ നിരീക്ഷിക്കുന്നു. ഏതു ഭാഷയായാലും അവയുടെ വ്യാകരണ നിയമങ്ങളില്‍ നിലനില്‍ക്കുന്ന സാമ്യതകള്‍ കണ്ടെത്താന്‍ ഇത് ഗവേഷകരെ സഹായിക്കുന്നു.
കമ്പ്യൂട്ടേഷന്‍ ലിംഗുസ്റ്റിക്സ് : ഗണിതശാസ്ത്രപരമായ നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള പഠനമായതു കൊണ്ട് കമ്പ്യൂട്ടറുകളെ ഭാഷ പഠിപ്പിക്കാന്‍ (മെഷീന്‍ ട്രാന്‍സലേഷന്‍, എ.ഐ) ഈ സിദ്ധാന്തം വലിയ രീതിയില്‍ ഉപകരിക്കുന്നു.
കാര്യക്ഷമതയും പ്രകടനവും (Competence and Performance ) : ഒരു വ്യക്തിയ്ക്ക് തന്‍റെ ഭാഷയെക്കുറിച്ചുള്ള അറിവും അത് അയാള്‍ പ്രയോഗത്തില്‍ വരുത്തുന്ന രീതിയും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാന്‍ ഈ വ്യാകരണരീതി സഹായിക്കുന്നു. ഇത് ഭാഷാപഠനത്തെ കൂടുതല്‍ മനഃശാസ്ത്രപരമായി സമീപിക്കുവാന്‍ വഴികാട്ടിയായി.
ജനറേറ്റീവ് ഗ്രാമറിന്‍റെ പ്രധാന പോരായ്മകള്‍
അമിതമായ സിദ്ധാന്തവല്‍ക്കരണം : ജനറേറ്റീവ് ഗ്രാമര്‍ ഭാഷയെ ഒരു ഗണിതശാസ്ത്ര ഫോര്‍മുല പോലെയാണ് സമീപിക്കുന്നത്. ഇത് ഭാഷയുടെ സങ്കീര്‍ണ്ണമായ മാനുഷിക ചിന്തകളെയും വികാരങ്ങളെയും അവഗണിക്കുന്നുവെന്ന് വിമര്‍ശകര്‍ വാദിക്കുന്നു. പലപ്പോഴും ഇത് സാധാരണക്കാര്‍ക്ക് മനസ്സിലാക്കുവാന്‍ പ്രയാസമുള്ള ആബ്സ്ട്രാക്ട് ആയ നിയമങ്ങളില്‍ പെട്ടുപോകുന്നു.
സാമൂഹികപശ്‌ചാത്തലത്തിന്‍റെ അഭാവം : ഭാഷ എന്നത് സമൂഹത്തില്‍ ഇടപഴകി വളരുന്ന ഒന്നാണ്. എന്നാല്‍ ചോംസ്കിയുടെ സിദ്ധാന്തം ഭാഷയുടെ സാമൂഹികമായും സാംസ്കാരികവുമായ പശ്ചാത്തലത്തിന് പ്രാധാന്യം നല്‍കുന്നില്ല. സാഹചര്യത്തിനനുസരിച്ച് ഭാഷാപ്രയോഗത്തില്‍ വരുന്ന മാറ്റങ്ങള്‍ പ്രത്യേകിച്ച് തമാശകള്‍, പരിഹാസം എന്നിവയ്ക്ക് ഈ സിദ്ധാന്തം വേണ്ടത്ര പരിഗണന നല്‍കുന്നില്ല.
അര്‍ത്ഥവിജ്ഞാനത്തോടുള്ള അവഗണന : ആദ്യകാല ജനറേറ്റീവ് ഗ്രാമര്‍ വാക്യഘടനയ്ക്ക് മാത്രമാണ് അമിത പ്രാധാന്യം നല്‍കിയത്. വാക്യത്തിന്‍റെ വ്യാകരണം ശരിയായാലും അതിന് അര്‍ത്ഥമുണ്ടാകണം എന്ന് നിര്‍ബന്ധമില്ല എന്ന ചോംസ്കിയുടെ വാദം ഭാഷയുടെ യഥാര്‍ത്ഥ ലക്ഷ്യം ആശയവിനിമയമാണെന്ന വസ്തുതയെ നിസ്സാര വല്‍ക്കരിക്കുന്നു.
ജന്മനാ ലഭിക്കുന്ന കഴിവിനെക്കുറിച്ചുള്ള തര്‍ക്കം : മനുഷ്യനില്‍ ജന്മനാ തന്നെ ഭാഷാ പഠനത്തിനുള്ള സംവിധാനമുണ്ട് എന്ന വാദം പല മനഃശാസ്ത്രജ്ഞരും ഭാഷാശാസ്ത്രജ്ഞരും എതിര്‍ക്കുന്നു. ഭാഷ പഠിക്കുന്നത് അനുഭവങ്ങളിലൂടെയും പരിസരങ്ങളില്‍ നിന്നുള്ള നിരീക്ഷങ്ങളിലൂടെയും ആണെന്ന് ഇവര്‍ വാദിക്കുന്നു.
പ്രകടനവും അറിവും : ഭാഷയെക്കുറിച്ചുള്ള ആന്തരികമായ അറിവിനാണ് ഈ സിദ്ധാന്തം മുന്‍തൂക്കം നല്‍കുന്നത്. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ മനുഷ്യര്‍ ഭാഷ ഉപയോഗിക്കുമ്പോള്‍ വരുത്തുന്ന തെറ്റുകള്‍, സംസാരത്തിലെ തടസ്സങ്ങള്‍ എന്നിവയെ പ്രകടനം എന്ന പേരില്‍ തള്ളിക്കളയുമ്പോള്‍ അത് ഭാഷപഠനത്തെ അപൂര്‍ണ്ണമാക്കുന്നു.
ഭാഷാശാസ്ത്രത്തിന് ഒരു ശാസ്ത്രീയഅടിത്തറ നല്‍കിയെങ്കിലും മനുഷ്യബന്ധങ്ങളുടെയും സാമൂഹിക സാഹചര്യങ്ങളുടെയും പശ്ചാത്തലത്തില്‍ ഭാഷയെ വിലയിരുത്തുന്നതില്‍ ജനറേറ്റീവ് ഗ്രാമര്‍ പരാജയപ്പെടുന്നു എന്നതാണ് പ്രധാന വിമര്‍ശനം.
ഉപസംഹാരം
നോം ചോംസ്കി അവതരിപ്പിച്ച ജനറേറ്റീവ് ഗ്രാമര്‍ ഭാഷയെക്കുറിച്ചുള്ള നമ്മുടെ ധാരണമായ പൂര്‍ണ്ണമായും മാറ്റിമറിച്ച ഒരു സിദ്ധാന്തമാണ്. ഈ സിദ്ധാന്തത്തില്‍ ഭാഷയെ ഒരു സൃഷ്ടിപരവും നിയമാധിഷ്ഠിതവുമായ മാനസികപ്രക്രിയയായി വിശദീകരിക്കുന്നു. ഭാഷ എന്നത് കേവലം അനുകരണത്തിലൂടെ പഠിക്കുന്ന ഒന്നല്ല മറിച്ച് അത് മനുഷ്യ മസ്തിഷ്കത്തിന്‍റെ ജൈവികമായ ഒരു കഴിവാണ് എന്ന് നമുക്ക് കാട്ടിത്തരുന്നു. അദ്ദേഹത്തിന്‍റെ ഈ കണ്ടെത്തല്‍ ഭാഷാശാസ്ത്രത്തെ മനഃശാസ്ത്രവുമായും ജീവശാസ്ത്രവുമായും ബന്ധിപ്പിച്ചു. ഭാഷ എന്നത് വെറുമൊരു സാമൂഹിക പ്രതിഭാസമല്ല. മറിച്ച് മനുഷ്യന്‍റെ ചിന്താശക്തിയുടെ ഭാഗമാണ് എന്ന് ഇത് രേഖപ്പെടുത്തുന്നു. ഭാഷയെ മനസ്സിന്‍റെ സൃഷ്ടിയായി കാണുന്ന ഈ സമീപനം മനുഷ്യ ബുദ്ധിയുടെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ മനസ്സിലാക്കുവാന്‍ സഹായിക്കുന്നു. അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഇവിടെ സ്മരിക്കുന്നു. " to study language is to study the human mind "
ചോംസ്കിയുടെ ജനറേറ്റീവ് ഗ്രാമര്‍ എന്ന സിദ്ധാന്തത്തിന് സൈക്കോളജിയിലും കൊഗിനിറ്റീവ് സയന്‍സിലും വളരെയധികം സ്വാധീനം ചെലുത്താന്‍ കഴിഞ്ഞു. ഭാഷയെ മനസ്സിന്‍റെ ഘടകമായി കാണുന്നതിലൂടെ ഇത് കൊഗിനിറ്റീവ് റെവലൂഷന് തുടക്കം കുറിച്ചു. കൂടാതെ കമ്പ്യട്ടര്‍ സയന്‍സ്, ആര്‍ട്ടിഫിഷന്‍ ഇന്‍റലിജന്‍സ്, എന്‍.എല്‍.പി, മഷീന്‍ ട്രാന്‍സലേഷന്‍ തുടങ്ങിയ മേഖലകളില്‍ ഒരു അടിസ്ഥാന സിദ്ധാന്തമായി ജനറേറ്റീവ് ഗ്രാമറിനെ ഈ കാലഘട്ടത്തില്‍ ഉപയോഗിക്കുന്നു. വിവിധ ഭാഷകളുടെ താരതമ്യ പഠനത്തിന് വളരെയധികം സഹായം ചെയ്യുന്നു. യൂണിവേഴ്സല്‍ ഗ്രാമര്‍ ഉപയോഗിച്ച് ഭാഷകളുടെ സാമ്യങ്ങളും വ്യത്യാസങ്ങളും കണ്ടെത്താന്‍ കഴിയും. ഇതിലൂടെ ഭാഷാശാസ്ത്രത്തില്‍ കൂടുതല്‍ ആഴത്തിലുള്ള പഠനങ്ങള്‍ നടത്താന്‍ സാധിക്കുന്നു. തത്വചിന്തയില്‍ ജനറേറ്റീവ് ഗ്രാമര്‍ റാഷണലിസത്തിനും ഇംപിരിസിസത്തിനും ഇടയില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിപാകി. മനുഷ്യബുദ്ധിയുടെ സ്വഭാവം എന്താണ് എന്ന ചോദ്യത്തിന് ഇതിലൂടെ ഒരു പരിധിവരെ ഉത്തരങ്ങള്‍ നല്‍കാന്‍ സാധിക്കുന്നു എന്നാല്‍ പോലും ചില വിമര്‍ശനങ്ങളും ഉണ്ട്. ചിലര്‍ ഇത് വളരെ സങ്കീര്‍ണ്ണമാണെന്നും, ഭാഷയുടെ സാമൂഹികഘടകങ്ങളെ അവഗണിക്കുന്നുവെന്നും പറയുന്നു. ബി. എഫ് സ്കിന്നര്‍ ഭാഷാപഠനം പരിസ്ഥിതി അടിസ്ഥാനമാക്കിയാണെന്ന് വാദിച്ചു. എന്നാല്‍പോലും ഈ വിമര്‍ശനങ്ങള്‍ ജനറേറ്റീവ് ഗ്രാമറിന്‍റെ പ്രാധാന്യത്തെ ഒട്ടും തന്നെ കുറയ്ക്കുന്നില്ല.
അവസാനമായി ജനറേറ്റീവ് ഗ്രാമര്‍ എന്ന സിദ്ധാന്തത്തിന് ഭാഷാശാസ്ത്രത്തിലും മറ്റു ശാസ്ത്രശാഖകളിലും വളരെയധികം സ്വാധീനം ചെലുത്താന്‍ കഴിഞ്ഞു. ഈ സിദ്ധാന്തം ഭാഷയെക്കുറിച്ചുള്ള മനുഷ്യന്‍റെ ധാരണയെ അടിമുടി മാറ്റിമറിച്ചു. ഇത് ഭാഷയെ ഒരു സൃഷ്ടിപരമായ മാനസികശാസ്ത്രീയപ്രക്രിയയായി അവതരിപ്പിക്കുന്നു. ഭാഷ മനസിലാക്കുവാനുള്ള മനുഷ്യബുദ്ധിയുടെ സര്‍ഗ്ഗാത്മകതയെ ആഴത്തില്‍ മനസ്സിലാക്കുവാന്‍ ഇത് സഹായിക്കുന്നു. ഇതിന് ചില പരിമിതികളുണ്ടെങ്കിലും ജനറേറ്റീവ് ഗ്രാമര്‍ ഇല്ലാതെ ആധുനിക ഭാഷാശാസ്ത്രത്തിന്‍റെ വളര്‍ച്ച ചിന്തിക്കാന്‍ കഴിയില്ല. ഭാഷയെക്കുറിച്ചുള്ള പഠനത്തില്‍ ഈ സിദ്ധാന്തത്തിന്‍റെ പ്രാധാന്യം ഇന്നും തുടര്‍ന്ന് വരികയാണ്. ഇത് ഇല്ലാതെ ആധുനിക ഭാഷാശാസ്ത്രവും എ.ഐ. ലോകവും പൂര്‍ണ്ണമാകില്ല എന്ന് ഉറപ്പായും പറയാം. എന്നാല്‍ പോലും ഭാഷയുടെ സാമൂഹിക, പ്രായോഗിക, സാംസ്കാരിക ഘടകങ്ങളെ ഉള്‍ക്കൊള്ളുന്ന കൂടുതല്‍ സമഗ്രമായ സമീപനങ്ങള്‍ ആവശ്യമാണ്.
ഗ്രന്ഥസൂചി
Chomsky, N. (1957). Syntactic structures. Mouton.
• Chomsky, N. (1965). Aspects of the theory of syntax. MIT Press.
• Chomsky, N. (1968). Language and mind. Harcourt Brace Jovanovich.
• Chomsky, N. (1980). Rules and representations. Columbia University Press.
• Chomsky, N. (1986). Knowledge of language: Its nature, origin, and use. Praeger.
• Chomsky, N. (2002). On nature and language. Cambridge University Press.
• Cook, V., & Newson, M. (2007). Chomsky’s universal grammar: An introduction (3rd ed.). Blackwell Publishing.
• Crystal, D. (2008). A dictionary of linguistics and phonetics (6th ed.). Blackwell Publishing.
• Lyons, J. (1981). Language and linguistics: An introduction. Cambridge University Press.
ഡോ. അമ്പിളി എസ്.
അസോസിയേറ്റ് പ്രൊഫസര്‍
ഫിലോസഫി വിഭാഗം
യൂണിവേഴ്സിറ്റി കോളേജ്
തിരുവനന്തപുരം
ഫോണ്‍ : 9895636275
മെയില്‍ : ambilimoon@rediffmail.com




Comments