top of page

തീരദേശപുരാവൃത്തങ്ങള്‍ / മതാചാരവിശ്വാസങ്ങള്‍ -കേരളീയപരിസരത്തില്‍

  • Jun 25
  • 8 min read

Updated: Jun 27

ഡോ. ജോര്‍ജ്ജ് അലോഷ്യസ്

പ്രബന്ധസംഗ്രഹം

തീരദേശം വൈവിദ്ധ്യങ്ങളായ പുരാവൃത്തങ്ങള്‍, ആചാരവിശ്വാസങ്ങള്‍ എന്നിവ കൊണ്ട് സമ്പന്നമാണ്. മതപരമായ അനുഷ്ഠാനങ്ങളിലും വ്യത്യാസം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഈ വ്യത്യാസങ്ങള്‍ക്കിടയിലും അവയുടെ ഉദ്ദേശ്യശുദ്ധിയില്‍ സമാനത കാണാം. തീരദേശജനത മത്സ്യബന്ധനത്തെ മാത്രം ആശ്രയിച്ചു കഴിയുന്നവരാണ്. അതുകൊണ്ടുതന്നെ എല്ലാ ആചാര വിശ്വാസങ്ങളും ജീവനമാര്‍ഗ്ഗം എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തിയുള്ളതാണ്.

താക്കോല്‍വാക്കുകള്‍

ബന്ദ്രൂസ്, സാഞ്ചോകിളവന്‍, അന്തോണിമുട്ടൈ, അന്തോണിപ്പിച്ചൈ, മീനൂട്ട് , നീറ്റിലിറക്കല്‍, കടമോഷ്ഠി, കൊടിക്കൂറയും കൊടിക്കയറും, ദേശവിളക്ക്, ആറാട്ട്, വേട്ട, കുത്തുറാത്തീബ്, പള്ളിമുജീബും കബര്‍ മുജീബും, മതാധികാരം, തുറമൂപ്പന്‍ സങ്കല്പം, കുത്തക, വട്ടക്കാശ്, പള്ളിപ്പങ്ക്, കൂട്ടായി, മകര സ്രാവും ഐശ്വര്യവും, കടലമ്മയും ഭഗവതിയും, ചാവുവെയ്ക്കല്‍, പതിവ്രതയായ മുക്കുവസ്ത്രീ.

പുരാവൃത്തങ്ങള്‍ പലപ്പോഴും ദേശാടിസ്ഥാനത്തില്‍ നിലനില്‍ക്കുന്നവയാണ്. ഇവയാകട്ടെ ആ ജനതയുടെ മനോവ്യാപാരത്തിന്റെ സങ്കലിതരൂപം കൂടിയാണ്. മിക്കപ്പോഴും ദേശത്തുടിപ്പുകളായി ഇവയെ വ്യാഖ്യാനിക്കുന്നു. പ്രാഗ്സ്മരണകളെ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന ജനതയുടെ വ്യഗ്രത കൂടിയാണ് ഈ പുരാവൃത്തങ്ങള്‍. യുക്തിരഹിതമായി അവതരിപ്പിച്ച പല മിത്തുകളും ചില പ്രത്യേകരീതിയില്‍ യാഥാര്‍ത്ഥ്യാധിഷ്ഠിതമാണെന്ന് കൊസാംബി അഭിപ്രായപ്പെടുന്നുണ്ട്. തീരദേശവും പുരാവൃത്തങ്ങളാല്‍ സമ്പന്നമാണ്. തീരദേശത്ത് മാത്രം പ്രചരിക്കുന്നതും .  പ്രാമുഖ്യമുള്ളതുമായ പുരാവൃത്ത ങ്ങള്‍ ഏറെയുണ്ട്. തീരദേശത്തെ ആചാരവിശ്വാസങ്ങളധികവും മതാ ധിഷ്ഠിതമാണ്.മതപരമായ അനുഷ്ഠാനകര്‍മ്മങ്ങള്‍ ഇതര ദേശങ്ങളില്‍ നിന്നു ഭിന്നവുമാണ്. മതാധികാരത്തിന്റെ ഭാഗമായി തീരദേശത്തു മാത്രം ചില വിശ്വാസങ്ങളും കീഴ്‌വഴക്കങ്ങളും നിലനില്‍ക്കുന്നുണ്ട്.

കേരളീയ തീരദേശത്ത് ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലീംമതവിശ്വാസികള്‍ പാര്‍ക്കുന്നുണ്ട്. ഇവരുടെ ആചാരനുഷ്ഠാനങ്ങള്‍, വിശ്വാസങ്ങള്‍, പുരാവൃത്തങ്ങള്‍, മതാധികാരം എന്നിവയാണ് ഇവിടെ വിശദമാക്കുന്നത്.

ക്രിസ്ത്യാനികള്‍

ക്രിസ്തുമസ്, ഈസ്റ്റര്‍ തുടങ്ങിയ പൊതു ആഘോഷങ്ങളെ കൂടാതെ പള്ളിയുമായി ബന്ധപ്പെട്ട എല്ലാ പെരുന്നാളുകളും ആര്‍ഭാടമായിട്ടാണ് ആഘോഷിക്കുന്നത്. പുതുവര്‍ഷാഘോഷങ്ങള്‍ ഇതര മതസ്ഥരെക്കാള്‍ ക്രിസ്ത്യാനികള്‍ക്കു പ്രാധാന്യമുള്ളതാണ്. കൊല്ലം, എറണാകുളം ജില്ലകളിലെ പുതുവര്‍ഷാഘോഷങ്ങള്‍ പ്രസിദ്ധമാണ്. മേല്‍പ്പറഞ്ഞവയെക്കൂടാതെ പ്രാദേശികമായി അനുവര്‍ത്തിക്കുന്ന മതാചാരങ്ങളെയും വിശ്വാസങ്ങളെയുമാണു താഴെ സൂചിപ്പിക്കുന്നത്.

ജ്ഞാനസ്നാനം : ലത്തീന്‍ കത്തോലിക്കരുടെ പൊതുവായ കൂദാശാകര്‍മ്മമാണിത്. 'പേരീടില്‍' എന്നും 'മാമോദീസാ' എന്നും ഇതിനെ വിളിക്കുന്നുണ്ട്. ആദ്യകാലങ്ങളില്‍, ജനിച്ച് ഒരാഴ്ചക്കുള്ളില്‍ തന്നെ ഈ കര്‍മ്മം നടത്തണമെന്നു നിര്‍ബന്ധമുണ്ടായിരുന്നു. കാലാന്തരത്തില്‍ സൗകര്യാര്‍ത്ഥമാണ് ഈ കര്‍മ്മം നടത്തുന്നത്. പള്ളിയില്‍ നടക്കുന്ന ചടങ്ങിനു മാതാപിതാക്കളെ കൂടാതെ ഗോഡ്ഫാദര്‍,ഗോഡ്മദര്‍ എന്നിവരുടെ സാന്നിദ്ധ്യം നിര്‍ബന്ധമാണ്. കൊല്ലം തീരദേശങ്ങളില്‍ 'തലതൊട്ടപ്പന്‍', 'തലതൊട്ടമ്മ' എന്നിങ്ങനെയാണു യഥാക്രമം പേരുകള്‍. ബന്ധം കൂടിയവര്‍ പരസ്പരം കുമ്പാതിരി, കുമ്മാതിരി എന്നിങ്ങനെ അറിയപ്പെടും. ലത്തീന്‍ഭാഷയില്‍ നിന്ന് ഉത്ഭവിച്ച പദങ്ങളാണിത്. കുമ്പാരി, കുമ്മാരി, കുമ്പാതിരിച്ചി എന്നിങ്ങനെ ഭാഷാഭേദങ്ങളും നിലവിലുണ്ട്. എറണാകുളം ജില്ലയില്‍ പരിഞ്ഞപ്പന്‍, പരിഞ്ഞമ്മ എന്നീ പദങ്ങളാണു ഗോഡ്ഫാദറിനും ഗോഡ്മദറിനും പകരം ഉപയോഗിക്കുന്നത്. ജ്ഞാനസ്നാനാര്‍ത്ഥികളെ പീലാസുമകന്‍, പീലാസുമകള്‍ എന്നാണ് ഇവിടെ വിളിക്കുന്നത്.

വിവാഹം : ലത്തീന്‍ ക്രിസ്ത്യാനികള്‍ക്കിടയില്‍ ഏറ്റവും ആര്‍ഭാടമായി നടത്തിവരുന്ന ആഘോഷമാണു വിവാഹം. ആദ്യകാലം മുതല്‍ ആഘോഷങ്ങളും ദുര്‍വ്യയവുമുള്ള ചടങ്ങാണു വിവാഹം. പെണ്ണിന്റെ വീട്ടുകാര്‍ ചെറുക്കനെ അന്വേഷിച്ചെത്തുകയാണു പതിവ്. പിന്നീടു പെണ്ണുകാണല്‍ചടങ്ങ്, വാക്കുറപ്പിക്കല്‍, വിവാഹനിശ്ചയം, വിവാഹംകഴിക്കല്‍ എന്നിങ്ങനെയുള്ള ഘട്ടങ്ങളിലൂടെ കടന്നുപോകുന്നു.കൊല്ലം, തിരുവനന്തപുരം തീരദേശങ്ങളില്‍ വിവാഹം കഴിഞ്ഞു പെണ്ണിന്റെ വീട്ടിലായിരുന്നു വിവാഹദിവസം വരന്‍ താമസിക്കുന്നത്. ഒരാഴ്ച കഴിഞ്ഞ് എട്ടാം ദിവസം മാത്രമേ വരന്റെ വീട്ടിലേക്കുപോയിരുന്നുള്ളൂ.'എട്ടാംകല്യാണം' എന്നാണ് ഈ ചടങ്ങിനു പറയുന്നത്. ഇപ്പോള്‍ വിവാഹദിവസം തന്നെ വധു വരന്റെ വീട്ടില്‍ പോകുന്നുണ്ടെങ്കിലും ഈ ചടങ്ങിന്  എട്ടാംകല്യാണമെന്നാണ് ഇപ്പോഴും പറയുന്നത്. വിവാഹദിവസം തന്നെ എട്ടാംകല്യാണമെന്ന ചടങ്ങു നടത്തുന്നുവെന്നുമാത്രം. തിരുവനന്തപുരത്ത് എട്ടാംകല്യാണം എന്നതിനുപകരം 'മറുവീട്' എന്നും പ്രയോഗമുണ്ട്.

കൊല്ലംജില്ലയിലെ ഇരവിപുരം ഭാഗത്തു വിവാഹദിവസം വധുവിന്റെ വീട്ടില്‍ വധൂവരന്മാര്‍ രണ്ടിടത്തായിരുന്നു ഉറങ്ങിയിരുന്നത്; വധു വീട്ടിനകത്തും വരന്‍ പന്തലിലുമായിരുന്നു. വൈവാഹിക ജീവിതത്തിന്റെ പവിത്രത സൂക്ഷിക്കുക എന്ന ആചാരമായിരുന്നു ഇതിനു പിന്നിലുള്ളത്.വിവാഹദിവസത്തെ ലൈംഗികത നിഷിദ്ധമായിരുന്നു. വിവാഹാനന്തമുള്ള ലൈംഗികത പരിശുദ്ധമാണെന്നു പഠിപ്പിക്കുന്ന ബൈബിള്‍വചനങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ചുരുക്കം ചില സന്ദര്‍ഭങ്ങളി ലൊന്നാണിത്.

മുറപ്പെണ്ണുസങ്കല്പം : തീരദേശത്തെ ലത്തീന്‍കത്തോലിക്കര്‍ക്കിടയില്‍ മുറപ്പെണ്ണുസമ്പ്രദായം നിലനിന്നിരുന്നു.മുറപ്പെണ്ണിനെ വിവാഹം ചെയ്യുന്നതു ഹൈന്ദവര്‍ക്കിടയിലും മുസ്ലീംങ്ങള്‍ക്കിടയിലും പൊതുവെ അംഗീകരിക്കപ്പെട്ടതാണെങ്കിലും ക്രിസ്ത്യാനികള്‍ക്കിടയില്‍ വിരളമാണ്.ക്രിസ്തീയമുറപ്രകാരം സഹോദരീസഹോദരന്‍മാരുടെ മക്കള്‍ തമ്മിലുള്ള വിവാഹം നിഷിദ്ധമാണ്.സഹോദരീസഹോദരന്മാരുടെ മക്കള്‍ സഹോദരതുല്യരാണെന്ന വിശ്വാസമാണിതിനു കാരണം.

ബന്ദ്രൂസ് : വലിയ നോമ്പിന്റെ ആരംഭം ക്ഷാരബുധനോടുകൂടിയാണ്. ഈ ദിവസത്തിനു മുന്നിലുള്ള ചൊവ്വാഴ്ചയാണു ബന്ദ്രൂസ് ആചരിക്കുന്നത്. ചാരം കലക്കി പരസ്പരം ദേഹത്ത് ഒഴിക്കുന്ന ചടങ്ങാണിത്. 'ചാരംപൂശുക' എന്ന ബൈബിള്‍ബിംബത്തിന്റെ ഭാഗമാണിത്. ചാരംപൂശി ചാക്കുടുത്ത് ഉപവസിക്കേണ്ടതിന്റെ ആവശ്യകത ബൈബിളില്‍ പറയുന്നുണ്ട്. ഇത്, കാലക്രമത്തില്‍ നിറം കലര്‍ന്ന വെള്ളം പരസ്പരം ഒഴിക്കുന്ന രീതിയിലേക്കു മാറി. അപൂര്‍വ്വം ചിലയിടങ്ങളില്‍ മുട്ട എറിയുന്ന രീതിയുമുണ്ട്. ബന്ദ്രൂസ് എന്ന ചടങ്ങു കൊല്ലംതീരദേശങ്ങളില്‍ നിലനിന്നിരുന്ന ആചാരമാണ്.

സാഞ്ചോകിളവന്‍ : വലിയ ആഘോഷമില്ലാതെയുള്ള ആചാരങ്ങളും തീരദേശങ്ങളിലുണ്ട്. സ്നാപകയോഹന്നാന്റെ ഓര്‍മ്മതിരുനാള്‍ ജൂണ്‍ 24 ആണ്. ജൂണ്‍മാസാവസാനത്തിലെ ഒരു ദിവസം കൊല്ലംതീരദേശത്തു വള്ളങ്ങള്‍ നിരനിരയായി കടപ്പുറത്തു തീപ്പന്തങ്ങള്‍ ജ്വലിപ്പിച്ചുകൊണ്ടു നില്‍ക്കുന്ന ചടങ്ങുണ്ട്. വള്ളങ്ങള്‍ കടലിലിറക്കാതെ കരയില്‍ തന്നെയായിരിക്കും സ്ഥിതി ചെയ്യുന്നത്.

"സാഞ്ചോകിളവന്‍ പാറാണ്ടി

മദ്ദളമെല്ലാം തവിടുപൊടി"

എന്നിങ്ങനെയുള്ള ഈരടികള്‍ ഈ അവസരത്തില്‍ ആവര്‍ത്തിക്കുന്നു. സെന്റ്ജോണ്‍ എന്ന പദത്തിന്റെ ഗ്രാമ്യപ്രയോഗമാണ് 'സാഞ്ചോ' എന്നത്.

അന്തോണിമുട്ടൈ: തമിഴ് വംശജര്‍ കുടിയേറിപ്പാര്‍ത്ത തീരദേശ ലത്തീന്‍ക്രിസ്ത്യാനികള്‍ക്കിടയില്‍ ഉണ്ടായിരുന്ന മുടിവെട്ടുകര്‍മ്മമാണിത്. അന്തോനീസ്പുണ്യവാളന്റെ കടുത്ത വിശ്വാസികളാണ് ഈ കര്‍മ്മം ചെയ്യുന്നത്.പുണ്യവാളന്റെ മുഖസാദൃശ്യത്തോടു ചേരുന്നമുടിവെട്ടാണ്  വിശ്വാസികള്‍ അനുവര്‍ത്തിക്കുന്നത്. തലയ്ക്കു ചുറ്റിനും ഒരു വൃത്തം പ്രകടമാകുന്ന രീതിയിലാണു മുടിവെട്ട്. തിരുവനന്തപുരത്തെ തമിഴ്നാട് അതിര്‍ത്തിപ്രദേശങ്ങളിലും കൊല്ലത്തെ മൂതാക്കരപ്രദേശങ്ങളിലും ഈ രീതിയിലുള്ള നേര്‍ച്ചകള്‍ കാണാം.

അന്തോണിപ്പിച്ചൈ : അന്തോണിമുട്ടൈ പോലെയുള്ള മറ്റൊരു വിശ്വാസമാണിത്. തമിഴ് വംശജരുടെ ഇടയിലാണിതു കാണുന്നത്. സന്താനലബ്ധിയില്ലാതെ വിഷമിക്കുന്ന ദമ്പതികള്‍ക്കു പുണ്യവാളനോടുള്ള പ്രാര്‍ത്ഥനയും നേര്‍ച്ചയും വഴി സന്താനഭാഗ്യമുണ്ടാകുമ്പോള്‍, പുണ്യവാളന്‍ തന്ന ദാനം എന്ന അര്‍ത്ഥത്തിലാണ് 'അന്താണിപ്പിച്ചൈ' എന്ന് കുട്ടിക്കു പേരിടുന്നത്. ഭിക്ഷ എന്ന മലയാളപദത്തിനു സമാനമായിട്ടാണു തമിഴില്‍ 'പിച്ചൈ' എന്ന പദം ഉപയോഗിക്കുന്നത്. ഭിക്ഷ എന്നര്‍ത്ഥത്തിലാണ് ഇങ്ങനെ പേരിടുന്നത്. 'അന്തോണി പിച്ചൈ' എന്ന പ്രയോഗത്തെത്തുടര്‍ന്ന് ഓരോ പുണ്യവാളന്റെ പേരിലും പിച്ചൈ അനുപ്രയോഗിച്ചു മക്കള്‍ക്കു പേരിടുന്ന രീതിയുമുണ്ട്. ഉദാ ഹരണം സെബാസ്റ്റ്യന്‍ പിച്ചൈ, യോനാപ്പിച്ചൈ.

ഹിന്ദുക്കള്‍

ഹൈന്ദവക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടു നിലനില്‍ക്കുന്ന എല്ലാ ഉത്സവങ്ങളും ചടങ്ങുകളും തീരദേശത്തുണ്ട്. ഇവ വിപുലമായി ആഘോഷിക്കുന്നു. ഓണം, വിഷു, നവരാത്രി, ശിവരാത്രി, ഹൈന്ദവ ദേവീദേവന്‍മാരുടെ പേരിലുള്ള ആഘോഷദിവസങ്ങള്‍ തുടങ്ങിയവ തീരദേശങ്ങളില്‍ സവിശേഷമായി ആചരിക്കുന്നുണ്ട്. തീരദേശവുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന ആചാരങ്ങള്‍ പൂര്‍ണമായും ക്ഷേത്രാചാരങ്ങളുമായി ബന്ധപ്പെട്ടതാണ്. തീരദേശത്തെ ഹൈന്ദവര്‍ക്കിടയില്‍ ക്ഷേത്രാ ഘോഷങ്ങള്‍ക്കു പൊതു ആഘോഷങ്ങളെക്കാള്‍ പ്രാധാന്യമുണ്ട്. ക്ഷേത്രക്കമ്മിറ്റിയിലും ഉത്സവനടത്തിപ്പിലും പ്രധാനസ്ഥാനീയരായി നില്‍ക്കുന്നതു തീരദേശജനതയാണ്.

ചരട്കെട്ട്:നവജാതശിശുവിന്റെ അരയില്‍ ചരടുകെട്ടുന്ന ചടങ്ങാണിത്.ഹൈന്ദവര്‍ക്കിടയിലുള്ള പൊതുവായ ആചാരമാണ് ചരടുകെട്ട്.ചരടുകെട്ടിനു 'ഇരുപത്തെട്ട്ക്കെട്ട്' എന്ന പേരും നിലവിലുണ്ട്. കുട്ടി ജനിച്ച് ഇരുപത്തിയെട്ടു ദിവസം കഴിയുമ്പോഴാണ് ഈ ചടങ്ങു നടത്തുന്നത്.

വിവാഹം : ചെറുക്കനെ അന്വേഷിച്ചു പെണ്ണിന്റെ വീട്ടുകാര്‍ എത്തുന്നതാണു പൊതുവായ രീതി. ചെറുക്കനു സ്വന്തമായി വള്ളവും വലയും ഉണ്ടാകുക എന്നതാണു പ്രധാനം. സ്വന്തമായി വലയും വള്ളവുമുള്ള ചെറുക്കനു മകളെ വിവാഹം ചെയ്തു നല്‍കുന്നതിനു തീരദേശത്തു പരസ്പരം മത്സരിക്കുന്ന മാതാപിതാക്കളും കുറവല്ല. ചെറുക്കന്റെ ഏറ്റവും വലിയ സമ്പാദ്യമായി കാണുന്നതു വള്ളവും വലയുമാണ്.കാരണവന്‍മാരോടൊപ്പം എത്തിയതിനുശേഷം പെണ്ണു കാണല്‍ചടങ്ങ്,സ്ത്രീധന മുറപ്പിക്കല്‍ എന്നിവയിലൂടെ   വിവാഹത്തിലെത്തുന്നു. വിവാഹദിവസം വധുവിന്റെ വീട്ടില്‍ തങ്ങുന്നതു ചുരുക്കം ചില സ്ഥലങ്ങളില്‍ മാത്രമാണ്. ഭൂരിഭാഗമിടങ്ങളിലും വിവാഹദിവസം തന്നെ വരന്റെ വീട്ടിലേക്കു പോകും. ഒരാഴ്ചക്കുള്ളില്‍ വധൂവരന്മാര്‍ വധുവിന്റെ വീട്ടില്‍വന്നു താമസിക്കുന്നതിനെ 'വിരുന്ന് പോക്ക്' എന്നാണ് പറയുക. വധുവിന്റെ വീട്ടില്‍ പോയതിനുശേഷം മാത്രമേ മറ്റു ബന്ധുഗൃഹങ്ങളില്‍ പോകാന്‍ പാടുള്ളുവെന്നു നിര്‍ബന്ധമുണ്ട്. കുടുംബത്തില്‍ നടക്കുന്ന പ്രധാനപ്പെട്ട ആഘോഷങ്ങളായ ചരടുകെട്ട്, വിവാഹം എന്നിവയെ കൂടാതെ ക്ഷേത്രോത്സവങ്ങളോടു ചേര്‍ന്ന് ആഘോഷിക്കുന്നവ ചുവടെ സൂചിപ്പിക്കുന്നു.

മീനൂട്ട് :ക്ഷേത്രോത്സവാചാരമാണിത്. മത്സ്യലഭ്യതയ്ക്കായിട്ടാണ്  ഇത് നടത്തുന്നത്. അമ്പലങ്ങളോടു ചേര്‍ന്ന കുളങ്ങളില്‍ മീനൂട്ടു നടത്താറുണ്ട്. ചുരുക്കം ചില പ്രദേശങ്ങളില്‍ കടലില്‍ മീനൂട്ടു നടത്തുന്നു.കൊല്ലംജില്ലയിലെ പണ്ടാരത്തുരുത്ത്ക്ഷേത്രം, അഴീക്കല്‍ക്ഷേത്രം,വലിയ അഴീക്കല്‍ ക്ഷേത്രം എന്നിവിടങ്ങളിലെ ഉത്സവത്തിന്റെ ഭാഗമായി വള്ളങ്ങള്‍ കടലിലിറക്കിയാണ് മത്സ്യങ്ങളെ ഊട്ടുന്നത്. അരിയും മറ്റു ഭക്ഷണസാധനങ്ങളും മീനുകള്‍ക്കു നല്‍കുന്നു. പ്രസിദ്ധമായ ഇരിങ്ങാലക്കുട കൂടല്‍മാണിക്യക്ഷേത്രത്തിലെ (ഭരതപ്രതിഷ്ഠ) മീനൂട്ടിനു മത്സ്യലഭ്യതയുമായി ബന്ധമില്ല; രോഗമുക്തിയുമായിട്ടാണ് ബന്ധം. അതുപോലെ കേരളത്തിലെ പ്രസിദ്ധമായ തൃപ്രയാര്‍ ശ്രീരാമസ്വാമിക്ഷേത്രത്തിലും മീനൂട്ട് വഴിപാടുണ്ട്. മഹാവിഷ്ണുവിന്റെ ആദ്യാവതാരമായ മത്സ്യത്തെ പ്രീതിപ്പെടുത്തുകവഴി ഈശ്വരാനുഗ്രഹം ഉണ്ടാകുമെന്നു വിശ്വസിച്ചാണ് ഈ ചടങ്ങുനടത്തുന്നത്. മറ്റു പല ക്ഷേത്രങ്ങളിലും ഈ ചടങ്ങ് കാണാം.

നീറ്റിലിറക്കല്‍ : പുതിയ വള്ളങ്ങള്‍ ആദ്യമായി കടലില്‍ ഇറക്കുന്ന സന്ദര്‍ഭത്തിലെ ചടങ്ങാണിത്. ആദ്യകാലങ്ങളില്‍ ഹൈന്ദവമതാചാരപ്രകാരമുള്ള ചടങ്ങായിരുന്നു. 'പ്രഥമസ്ഥാനീയര്‍' എന്ന പ്രത്യേക വിഭാഗമാണ് ഈ ചടങ്ങിനു നേതൃത്വം നല്‍കിയിരുന്നത്. പിന്നീട് ഈ ചടങ്ങില്ലാതെയായി. ഇപ്പോള്‍ ബന്ധുമിത്രാദികളും തൊഴിലാളികളും ചേര്‍ന്നു മധുരവിതരണം നടത്തി കടലില്‍ വള്ളമിറക്കുന്ന രീതിയാണുള്ളത്. കുടുംബത്തിലെ ആരെങ്കിലും പ്രാര്‍ത്ഥനാകര്‍മ്മങ്ങള്‍ക്കു നേതൃത്വം കൊടുക്കുകയും ചെയ്യുന്നു.

കടമോഷ്ഠി : കാസര്‍കോഡ് നീലേശ്വരം ഭാഗങ്ങളില്‍ മുക്കുവവിഭാഗം മത്സ്യലഭ്യതയ്ക്കായി അനുഷ്ഠിക്കുന്ന ചടങ്ങാണിത്. മത്സ്യലഭ്യതയില്ലാതെ വരുമ്പോള്‍ ക്ഷേത്രങ്ങളില്‍ നടത്തുന്ന കര്‍മ്മ മാണിത്.മത്സ്യലഭ്യത തീരെയില്ലാതെയിരുന്ന വര്‍ഷമാണ്, ആദ്യമായി ഈ ചടങ്ങുനടത്തിയത്. ഇതിനെത്തുടര്‍ന്നു കടലില്‍ നിന്നു ധാരാളം മത്തിമത്സ്യം ലഭിച്ചുവെന്നാണു നീലേശ്വരത്തെ മത്സ്യത്തൊഴിലാളികള്‍ ഉറച്ചു വിശ്വസിക്കുന്നത്.

കൊടിക്കൂറയും കൊടിക്കയറും : തൃക്കുന്നപ്പുഴ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ടു കൊടിക്കൂറയും കൊടിക്കയറും നല്‍കുന്നതു തൃക്കുന്നപ്പുഴ തുറയിലെ അരയമൂപ്പനാണ്. ഇപ്പോഴും ഈ ചടങ്ങിനു മാറ്റമില്ല. കോട്ടേമുറിക്കരയിലെ അരയമൂപ്പനില്‍നിന്നു കൊടിക്കൂറയും കൊടിക്കയറും സ്വീകരിച്ചാണ് ഉത്സവം കൊടികയറുന്നത്.  വൃശ്ചികമാസത്തില്‍ നടക്കുന്ന ഉത്സവത്തിനു തുറയരയനായ ഭാര്‍ഗ്ഗവനാശാനില്‍ നിന്നാണു ഇപ്പോള്‍ കൊടിക്കൂറയും കൊടിക്കയറും ക്ഷേത്രക്കമ്മിറ്റി സ്വീകരിക്കുന്നത്.

ദേശവിളക്ക്.:അയ്യപ്പന്‍വിളക്കുമായി ബന്ധപ്പെട്ട്, തൃശ്ശൂര്‍ തളിക്കുളം തീരദേശങ്ങളില്‍ നടത്തി വരുന്ന ചടങ്ങാണിത്.തീരദേശം പൂര്‍ണമായും വിളക്കുകള്‍ കൊണ്ട് അലങ്കരിക്കുന്നു. ആദ്യകാലങ്ങളില്‍ തൊണ്ട്, ചിരട്ട എന്നിവയാണു പ്രകാശത്തിനായി ഉപയോഗിച്ചിരുന്നത്. വൈദ്യുതി സാര്‍വ്വത്രികമായതോടെ വര്‍ണാഭമായ  ദീപാലങ്കാരങ്ങളിലേക്കു  ദേശവിളക്കുമാറി.

ആറാട്ട്: ക്ഷേത്രോത്സവത്തോടനുബന്ധിച്ചു നടത്തുന്ന ആറാട്ടുചടങ്ങു കടലില്‍ നിര്‍വ്വഹിക്കുന്ന തീരദേശങ്ങളുണ്ട്. ദേവീവിഗ്രഹം കടലില്‍ കൊണ്ടുവന്നു ചടങ്ങുകളോടെ ആറാട്ടു നടത്തുകയും തിരികെ വലിയ ആഘോഷത്തോടെ ക്ഷേത്രത്തിലേക്കുകൊണ്ടു പോകുകയും ചെയ്യുന്നു. തൃശ്ശൂര്‍ നമ്പിക്കടവ്ക്ഷേത്രം, എരണഴിത്ത് ഭഗവതിക്ഷേത്രം, വല്ലത്ത് ഭഗവതിക്ഷേത്രം തുടങ്ങിയ സ്ഥല ങ്ങളില്‍ കടലിലാണ് ആറാട്ട് നടത്തുന്നത്. അതുപോലെ കോഴിക്കോട് ബേപ്പൂര്‍ ഭദ്രകാളിക്ഷേത്രത്തിലും കടലില്‍ തന്നെയാണ് ആറാട്ടു നടത്തുന്നത്.

വേട്ട:ബേപ്പൂര്‍ ഭദ്രകാളിക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചു നടത്തുന്ന മറ്റൊരാചാരമാണിത്. തീരദേശത്തേക്കു വലിയ ആഘോഷത്തോടെ ദേവീവിഗ്രഹവുമായി പോകുന്നു. അവിടെ സ്ഥാപിച്ചിരിക്കുന്ന വേട്ട മൃഗമായ പന്നി (കൃത്രിമമായി നിര്‍മ്മിച്ചത്)യെ കീഴ്പ്പെടുത്തി അതിനെയും വഹിച്ചുകൊണ്ടു തിരികെ ആഘോഷത്തോടെ ക്ഷേത്രത്തിലെത്തുന്നു. വേട്ടയ്ക്കുശേഷം കടലില്‍ ആറാട്ടു നടത്തുന്നു. വിഗ്രഹത്തോടൊപ്പം പരികര്‍മ്മികളും സ്നാനകര്‍മ്മങ്ങള്‍ ചെയ്യുന്നു. ഇതിനെത്തുടര്‍ന്ന് ക്ഷേത്രത്തില്‍ തിരികെ എത്തുകയും ദേവിയ്ക്കു നിദ്രയൊരുക്കുകയും ചെയ്യുന്നു. ഇതിനുശേഷം, അന്നേ ദിവസം ക്ഷേത്രത്തില്‍ യാതൊരുവിധ കര്‍മ്മങ്ങളും ഉണ്ടാകില്ല.

മുസ്ലീങ്ങള്‍

മതപരമായ ആചാരാനുഷ്ഠാനങ്ങള്‍ക്കു അതീവ പ്രാധാന്യം നല്‍കുന്ന മതവിഭാഗമാണു തീരദേശത്തെ മുസ്ലീങ്ങള്‍. സാധാരണ മതപരമായി ആഘോഷിക്കുന്ന ചെറിയ പെരുന്നാള്‍,വലിയപെരുന്നാള്‍, നബിദിനം എന്നിവ കൂടാതെ പ്രാദേശികമായി ചുരുക്കം ചില ആഘോഷങ്ങളെ മുസ്ലീ ങ്ങള്‍ക്കിടയിലുള്ളു. മതപരമായ നിഷ്കര്‍ഷയാണിതിനു കാരണം. ജനനം, വിവാഹം, മരണം തുടങ്ങി യവയുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ മതാചാരമനുസരിച്ചാണ് നടത്തുന്നത്.

കുത്തുറാത്തീബ് : തൃശ്ശൂര്‍ തളിക്കുളംപ്രദേശങ്ങളിലെ തീരദേശങ്ങളിലെ മുസ്ലീങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ആചാരമാണിത്. മൂര്‍ച്ചയുള്ള ആയുധം കൊണ്ടു സ്വയം ശരീരത്തിനു മുറിവേല്‍പ്പിക്കുന്നു. സ്വയംപീഡകൊണ്ടു പാപപരിഹാരമുണ്ടാകുന്നുവെന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാ ണിത് ആചരിക്കുന്നത്. ഹൈന്ദവര്‍ക്കിടയില്‍ നിലനില്‍ക്കുന്ന 'ഗരുഡന്‍തൂക്കം','ശൂലംകുത്തല്‍' എന്നിവയ്ക്ക് സമാനമാണിത്. ശരീരത്തിലുണ്ടാകുന്ന മുറിവുകള്‍ ദൈവാനുഗ്രഹത്താല്‍ ഭേദമാകുമെന്ന വിശ്വാസവും ഇവര്‍ക്കുണ്ട്.

പള്ളിമുജീബും കബര്‍ മുജീബും: ആദ്യകാലങ്ങള്‍ രാത്രിയിലെ നക്ഷത്രങ്ങളുടെ സാന്നിദ്ധ്യം മത്സ്യബന്ധനത്തിനു ഏറെ സഹായകരമായിരുന്നു.ദിക്ക് മനസ്സിലാക്കുന്നതിനും പ്രകൃതിയുടെ ഗതിവിഗതികള്‍ തിരിച്ചറിയുന്നതിനും നക്ഷത്രങ്ങളെ ആശ്രയിക്കാറുണ്ട്. നക്ഷത്രങ്ങള്‍ക്കു പേരു നല്‍കുന്നത് പ്രദേശഭേദമനുസരിച്ച് വ്യത്യാസമുണ്ട്. മുസ്ലീംഭൂരിപക്ഷമുള്ള മലപ്പുറത്തെ പറവണ്ണ ഭാഗത്തു മൂന്നുനക്ഷത്രങ്ങള്‍ നിരന്നുനില്‍ക്കുന്നതിനു പള്ളിമുജീബ്, കബര്‍ മുജീബ് എന്നാണ് വിളിക്കുന്നത്. നക്ഷത്രത്തിനു പകരമായി 'മുജീബ്' എന്ന പദമാണ് പ്രയോഗിക്കുന്നത്. 'മുജീബ്' എന്ന അറബിപദത്തിന് 'ഉത്തരം നല്‍കുന്നവന്‍' എന്നാണര്‍ത്ഥം. തൊഴിലിടങ്ങളിലെ ആശങ്കകള്‍ക്കു മറുപടി നല്‍കുന്നവന്‍ എന്ന അര്‍ത്ഥത്തില്‍ ഈ പ്രയോഗം അര്‍ത്ഥവത്താണ്. പള്ളി, കബര്‍ എന്നിവയുടെ സ്ഥാനക്രമത്തില്‍ ഈ നക്ഷത്രങ്ങള്‍ നില്‍ക്കുന്നതു കൊണ്ടാണിപ്രകാരം വിളിക്കുന്നതെന്നു തീരദേശ വാസികള്‍ കരുതുന്നു.

മതാധികാരം

തീരദേശങ്ങളില്‍ അലിഖിതമായ മതാധികാരം നിലനില്‍ക്കുന്നുണ്ട്. എല്ലാ മതങ്ങള്‍ക്കും തീരദേശങ്ങളില്‍ ശക്തമായ സ്വാധീനമുണ്ട്. ഹൈന്ദവര്‍ക്കിടയിലെ എ.കെ.ഡി.എസ്,അരയസമാജം തുടങ്ങിയ സംഘങ്ങള്‍ സമുദായ സേവനത്തിന്റെ ഭാഗമായി ക്ഷേത്രാധികാരം കയ്യാളുന്നുണ്ട്. ഈ സംഘങ്ങള്‍ തീരദേശത്തെ മതപരമായ അധികാരസ്ഥാനമായി വര്‍ത്തിക്കുന്നുമുണ്ട്. ക്രിസ്ത്യാനികള്‍ക്കിടയില്‍ കത്തോലിക്കാസഭയുടെ അടിസ്ഥാനഘടകമായ ഇടവകയും ആദ്ധ്യാത്മികകാര്യങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന പുരോഹിതനുമാണു തീരദേശങ്ങളില്‍  അധികാരകേന്ദ്രമായി പ്രവര്‍ത്തിക്കുന്നത്.മഹല്‍   (പള്ളികമ്മറ്റി) ആണു മുസ്ലീംഭൂരിപക്ഷപ്രദേശങ്ങളിലെ അധികാര സ്ഥാനം.

തുറമൂപ്പന്‍ സങ്കല്പം : അരയര്‍, മുക്കുവര്‍ എന്നീ വിഭാഗങ്ങളില്‍ക്കിടയില്‍ തുറമൂപ്പന്‍ സമ്പ്രദായം നിലനിന്നിരുന്നു. മതപരമായ ആചാരാനുഷ്ഠാനങ്ങള്‍ക്ക് മുഖ്യകാര്‍മ്മികനായി നിന്നിരു ന്നതിനാല്‍, ഇദ്ദേഹത്തിന്റെ വാക്കുകള്‍ക്കു തുറയില്‍ വലിയ പ്രാധാന്യം കല്പിച്ചിരുന്നു. ഭയബഹുമാനങ്ങളാണിതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത്. കുടുംബപ്രശ്നങ്ങള്‍ക്കു പരിഹാരം നിര്‍ണയിക്കുന്നതിനു തുറമൂപ്പന് അധികാരമുണ്ടായിരുന്നു. അടിമയുടമസമ്പ്രദായത്തിന്റെ പ്രാഗ്സ്വത്വചിന്തകളാണ് ഈ അധികാരസങ്കല്പത്തെ ബലപ്പെടുത്തിയത്. നവോത്ഥാന പ്രസ്ഥാനങ്ങള്‍,   പുരോഗമനചിന്തകള്‍, കമ്മ്യൂണിസ്റ്റാശയങ്ങള്‍ എന്നിവ പ്രബലമായതോടെ തുറയധികാര സങ്കല്പത്തിനു പ്രാധാന്യം കുറഞ്ഞു. കാലക്രമേണ നാമമാത്രമായി തുടരുകയും ചെയ്തു.

പുരോഹിതാധികാരം : ലത്തീന്‍ക്രിസ്ത്യാനികള്‍ക്കിടയില്‍ മതപുരോഹിതന്‍മാരായിരുന്നു നീതിന്യായവ്യവസ്ഥയുടെ നെടും തൂണുകളായി നിന്നിരുന്നത്. പള്ളിയും പള്ളിവികാരിയുമായി തീരദേശജനതയ്ക്കു ഹൃദ്യമായ ബന്ധമാണുള്ളത്. പുരോഹിതര്‍ ഇടവകയിലെ എല്ലാ അംഗങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. വിശേഷദിവസങ്ങളില്‍ വികാരിയച്ചന്‍മാരെ കുടുംബാംഗമായി പരിഗണിച്ചുകൊണ്ടു വീടുകളിലേക്കു ക്ഷണിക്കുന്ന പതിവുമുണ്ട്. തന്റെ ഇടവകയിലെ കുടുംബാംഗങ്ങളുടെ ആത്മീയ-ഭൗതികകാര്യങ്ങളില്‍ മാര്‍ഗ്ഗദര്‍ശിയായി നില്‍ക്കേണ്ടതു തങ്ങളുടെ കടമയാണെന്നു പുരോഹിതരും കരുതിയിരുന്നു. ഇങ്ങനെ ശക്തമായ സ്വാധീനം ഇടവകക്കാര്‍ക്കുമേല്‍ ഉണ്ടായതുകൊണ്ട് എല്ലാവിധ പ്രശ്നങ്ങളിലും പുരോഹിതര്‍ പരിഹാരം നിര്‍ദ്ദേശിച്ചിരുന്നു. ക്രിസ്തുവിന്റെ പ്രതിപുരുഷന്മാരായി കാണുന്നതിനാല്‍, ഇടവകക്കാര്‍ ഇവരെ അന്ധമായി വിശ്വസിച്ചിരുന്നു. പുരോഹിതന്റെ വാക്കുകള്‍ക്കു മറുവാക്കില്ലാത്തതിനാല്‍ പ്രശ്നപരിഹാരത്തിനു ബുദ്ധിമുട്ടേണ്ട സാഹചര്യമില്ലായിരുന്നു. സമൂഹത്തെ ബാധിക്കുന്ന പ്രശ്നങ്ങള്‍ക്കും ക്രമസമാധാനപ്രശ്നങ്ങള്‍ക്കും വികാരിയച്ചനായിരുന്നു അവസാനവാക്ക്.

മഹലുകള്‍ (പള്ളിക്കമ്മിറ്റി) : സെമറ്റിക്മതങ്ങളായ ക്രിസ്ത്യന്‍, മുസ്ലീംമതങ്ങള്‍ക്കു പൊതു ഘടനയാണുള്ളത്. ക്രിസ്തുമതത്തെപ്പോലെ മുസ്ലീംങ്ങള്‍, അവരുടെ കുടുംബ-സാമൂഹ്യപ്രശ്നങ്ങള്‍ പരി ഹരിച്ചിരുന്നത് ആരാധനാലയങ്ങള്‍ മുഖേനയാണ്. മസ്ജിദുകളില്‍ പ്രവര്‍ത്തിച്ചിരുന്ന 'മഹലുകള്‍' ആണു കോടതികളായി വര്‍ത്തിച്ചത്. മതാധികാരികളും പ്രമാണികളുമടങ്ങിയതായിരുന്നു മഹലുകളുടെ ഘടന. ദൈവവിശ്വാസത്തിന്റെ പേരിലായിരുന്നു മഹലുകളുടെ തീരുമാനത്തെ വിശ്വാസികള്‍ സ്വീകരിച്ചത്. ക്രിസ്തുമത വിശ്വാസികളെപ്പോലെ ആരാധനാലയങ്ങളുമായി മുസ്ലീം തീരദേശജനതയ്ക്കു ദൃഢബന്ധമാണുണ്ടായിരുന്നത്.

മതാധികാരത്തിന്റെ ഭാഗമായി തീരദേശങ്ങളില്‍ നിലനില്‍ക്കുന്ന ചില ധനശേഖരണമാര്‍ഗ്ഗങ്ങള്‍ ചുവടെ ചൂണ്ടിക്കാട്ടാം.

 കുത്തക:തിരുവനന്തപുരത്തെ തീരദേശങ്ങളിലെ ലത്തീന്‍ കത്തോലിക്കരുടെ പള്ളികളില്‍ നിലനില്‍ക്കുന്ന ധനശേഖരണരീതിയാണ് 'കുത്തക'. 'പള്ളിക്കൂര്‍' എന്നായിരുന്നു ഇത് ആദ്യം അറിയപ്പെട്ടിരുന്നത്. ഇടവകയിലെ മത്സ്യത്തൊഴിലാളികളെല്ലാം മാസാവസാനം കൃത്യമായ ഒരു തുക പള്ളിക്കു നല്‍കണമായിരുന്നു. ഇതിനെയാണ് 'പള്ളിക്കൂര്‍' എന്നു വിളിച്ചിരുന്നത്. മാസാമാസങ്ങളില്‍ ലഭിക്കുന്ന തുകയ്ക്കു മുടക്കം വന്നതോടെയാണ് 'കുത്തക' സമ്പ്രദായം നിലവില്‍ വന്നത്. കടലില്‍ നിന്നു കൊണ്ടുവരുന്ന മത്സ്യസമ്പത്തിന്റെ ചെറുഭാഗം പള്ളിക്കു നല്‍കണമെന്നതായിരുന്നു വ്യവസ്ഥ. തുടര്‍ന്നു ജീവനക്കാരെ ഏര്‍പ്പെടുത്തി പള്ളി തന്നെ നേരിട്ടു സ്വരൂപിക്കാന്‍ തുടങ്ങി. കാലക്രമത്തില്‍ 'കുത്തക'  സമ്പ്രദായം നടപ്പിലാക്കുന്ന രീതിക്കുമാറ്റം വന്നു. കുത്തക പിന്നീടു ലേലം ചെയ്തു നല്‍കുന്നതിലേക്കു മാറി. ലേലം കൈക്കൊള്ളുന്ന വ്യക്തി തുകയുടെ മൂന്നിലൊന്നുഭാഗം മുന്‍കൂറായി പള്ളിയിലടയ്ക്കണം. ഒരു വര്‍ഷത്തേക്കു വള്ളങ്ങളില്‍ നിന്നു മത്സ്യസമ്പത്തിന്റെ രണ്ടു ശതമാനം പിരിച്ചെടുക്കാം. ഒരു വര്‍ഷത്തിനുള്ളില്‍ ലേലത്തുക പൂര്‍ണമായും പള്ളിയില്‍ അടയ്ക്കുകയും വേണം. മീന്‍ലഭ്യതയനുസരിച്ചു കുത്തക ഏല്‍ക്കുന്ന വ്യക്തിക്ക് ലാഭവും നഷ്ടവും ഉണ്ടാകാം. മരിയനാട് പള്ളിയില്‍ 2021-ലെ കുത്തകത്തുക ഒരു കോടി രൂപയിലധികമാണ്.

ചിന്നക്കുത്തക: തദ്ദേശീയ വള്ളങ്ങളില്‍ നിന്നു പിരിക്കുന്ന കുത്തക കൂടാതെ മറ്റു സ്ഥലങ്ങ ളിലെ വള്ളങ്ങള്‍ മത്സ്യം വില്‍ക്കാന്‍ എത്തുമ്പോള്‍ അവരില്‍ നിന്നു സ്വരൂപിക്കുന്ന തുകയാണു ചിന്നക്കുത്തക. മീന്‍ ലഭ്യതയുള്ള സ്ഥലം തേടി പോകുന്ന രീതിയുള്ളതിനാല്‍, ലഭ്യമാകുന്ന മത്സ്യം തൊട്ടടുത്തു തന്നെ വില്‍ക്കേണ്ടിവരും. ഇങ്ങനെ തിരുവനന്തപുരത്തെ തീരപ്രദേശങ്ങളിലേക്കു വരുന്ന അന്യവള്ളങ്ങളില്‍നിന്നു പിരിച്ചെടുക്കാന്‍ കുത്തക നല്‍കുന്നതാണു ചിന്നക്കുത്തക.

വട്ടക്കാശ് : തൃക്കുന്നപ്പുഴ ഭാഗങ്ങളിലെ വഞ്ചിത്തൊഴിലാളികള്‍ സംഘത്തിലേക്കായി മാറ്റിവയ്ക്കുന്ന തുകയാണിത്.മത്സ്യത്തിന്റെ വിറ്റുവരവില്‍ നിന്നു ചെലവുപണം കഴിഞ്ഞുള്ള തുകയുടെ രണ്ടു ശതമാനം മുതല്‍ മൂന്നുശതമാനം വരെ മാറ്റിവയ്ക്കുന്നു. എല്ലാ വള്ളങ്ങളും കൃത്യമായി ഈ തുക മാറ്റിവയ്ക്കും. ജോലി ഉണ്ടെങ്കില്‍ മാത്രമേ ഇങ്ങനെയൊരു തുക നല്‍കേണ്ടതുള്ളു. തൃശ്ശൂരിലെ തീര പ്രദേശങ്ങളില്‍ ഇങ്ങനെ മാറ്റിവയ്ക്കുന്ന പണത്തിനു 'കള്ളിക്കാശ്', എന്നാണറിയപ്പെടുന്നത്.

പള്ളിപ്പങ്ക്:പുന്നപ്രഭാഗങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ പള്ളിയ്ക്കു നല്‍കുന്ന വിഹിതമാണു പള്ളിപ്പങ്ക്. ഇടവകപ്പള്ളിയുടെ ദൈനംദിനച്ചെലവുകള്‍ക്കായുള്ള വരുമാന മാര്‍ഗ്ഗമാണിത്. വര്‍ഷാ വസാനത്തില്‍ നല്‍കിയ വിഹിതത്തില്‍ നിന്ന് ഒരു ഭാഗം തിരികെ ലഭിക്കും.

മലപ്പുറം, പൊന്നാനി, പറവണ്ണ ഭാഗങ്ങളില്‍ പള്ളിക്കുള്ള വിഹിതം നല്‍കുന്നുണ്ട്.മസ്ജിദ്ജീവനക്കാരുടെ ശമ്പളം,മദ്രസയിലെ അദ്ധ്യാപകര്‍ക്കുള്ള ശമ്പളം എന്നിവ നല്‍കുന്നതിനായി പള്ളിക്കുകൊടുക്കുന്ന വിഹിതമാണു പള്ളിവിഹിതം. അതുപോലെ കാസര്‍കോഡുള്ള നീലേശ്വരം, മരക്കാപ്പ്, കാഞ്ഞങ്ങാട് ഭാഗങ്ങളില്‍ ക്ഷേത്രനടത്തിപ്പിനായുള്ള തുകയുടെ നല്ലൊരുഭാഗം മത്സ്യത്തൊഴിലാളികള്‍ നല്‍കുന്നതാണ്. മുന്‍കാലങ്ങളില്‍, ലഭിക്കുന്ന മത്സ്യത്തില്‍ നിന്നു ചെറിയകുട്ടയിലെ മത്സ്യം മാറ്റിവയ്ക്കുമായിരുന്നു. ഇങ്ങനെ ലഭിക്കുന്ന മത്സ്യം ലേലംചെയ്തു ലഭിക്കുന്ന തുക ക്ഷേത്രാവശ്യങ്ങള്‍ക്കായുള്ള ചെലവിനായി എടുത്തിരുന്നു. പിന്നീട് ഓരോ വള്ളത്തില്‍നിന്നും വാര്‍ഷിക തുക നിശ്ചയിച്ചു. 2021 ലെ വാര്‍ഷിക തുക 6000 മുതല്‍ 8000 രൂപ വരെ ആയിരുന്നു.

കൂട്ടായി:കാസര്‍കോഡ് മരക്കാപ്പിലെ തീരദേശങ്ങളില്‍ ക്ഷേത്രഭരണച്ചെലവുകള്‍ക്കായി മത്സ്യത്തൊഴിലാളികള്‍ മാറ്റിവയ്ക്കുന്ന വിഹിതമാണ് 'കൂട്ടായി' എന്നറിയപ്പെടുന്നത്. കാഞ്ഞങ്ങാട് ഭാഗങ്ങളിലും ഈ പേരിലാണു വള്ളങ്ങളുടെ വിഹിതം അറിയപ്പെടുന്നത്.കൂട്ടമായി നല്‍കുന്ന തുക എന്നര്‍ത്ഥത്തിലാണ് ഈ പ്രയോഗം രൂപപ്പെട്ടത്.

കടലോരത്തെ മൂന്നു പ്രധാനമതങ്ങളും വ്യത്യസ്തതരത്തിലും ഭാവത്തിലും അധികാരകേന്ദ്രമായി വര്‍ത്തിക്കുന്നുണ്ട്. മത്സ്യത്തൊഴിലാളികള്‍ ധനം സ്വേച്ഛയാനല്‍കുന്നുവെന്നു പറയുമ്പോഴും അലിഖിതമായ നിര്‍ബന്ധബുദ്ധി ഇതിനു പുറകിലുണ്ട്. ആരാധനാലയങ്ങളുടെ നടത്തിപ്പും ആഘോഷപരിപാടികളും സ്വന്തം കടമയാണെന്നു വിശ്വസിക്കുന്നവരാണ് ഇവര്‍.

പുരാവൃത്തങ്ങള്‍/ആചാരവിശ്വാസങ്ങള്‍

ഹിരണ്യകശിപുവിന്റെ വധവും മത്സ്യബന്ധനവും: തൃശ്ശൂര്‍ ജില്ലയിലെ പെരിഞ്ഞനം ഭാഗങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ സന്ധ്യാസമയത്ത് പണിക്കു പോകുന്നതിനെ ഹിരണ്യകശിപു കൊല്ലപ്പെട്ട സമയവുമായി താരതമ്യം ചെയ്തുപറയാറുണ്ട്. പകലും രാത്രിയുമില്ലാത്ത സമയത്താണു ഹിരണ്യകശിപുവിനെ വധിച്ചത്. അതുകൊണ്ടുതന്നെ ഈ സമയങ്ങളില്‍ കടലില്‍ പണിക്കു പോയാല്‍ മത്സ്യലഭ്യത കൂടുതലായിരിക്കുമെന്നാണ് ഇവര്‍ വിശ്വസിക്കുന്നത്.

മകരസ്രാവും ഐശ്വര്യവും : സ്രാവിനത്തില്‍ സവിശേഷ പ്രാധാന്യമുള്ള വര്‍ഗ്ഗമാണു മകരസ്രാവ്. മകരസ്രാവിന്റെ കൊമ്പു വീടുകളുടെ മുന്‍വശത്തു സ്ഥാപിക്കുന്ന പതിവു കോഴിക്കോട് ബേപ്പൂരിലെ അരയര്‍ക്കിടയിലുണ്ട്. ഈ കൊമ്പു വീടുകളില്‍ അഭിവൃദ്ധിയുണ്ടാക്കുമെന്ന വിശ്വാസം ഇവിടെയുണ്ട്. വീട്ടിലുണ്ടാകുന്ന ഉയര്‍ച്ചകള്‍ക്കും താഴ്ച്ചകള്‍ക്കും കാരണമായി ഇതിനെ കരുതുന്ന വരുമുണ്ട്. അപൂര്‍വ്വമായി മാത്രം ലഭിക്കുന്ന സ്രാവ് ആയതിനാലായിരിക്കാം ഇങ്ങനെയൊരു വിശ്വാസം ബലപ്പെട്ടത്. സ്രാവുകളുടെ കുലപതിയായിട്ടാണ് മകരസ്രാവിനെ കണക്കാക്കുന്നത്.

കടലമ്മയും ഭഗവതിയും : ബേപ്പൂര്‍ഭഗവതിക്ഷേത്രവുമായി ബന്ധപ്പെട്ടു നിലനില്‍ക്കുന്ന ഐതീഹ്യമാണു കടലമ്മ - ഭഗവതി സങ്കല്പം. ദേവീപ്രതിഷ്ഠയ്ക്കായുള്ള വിഗ്രഹം കടലില്‍നിന്നു കിട്ടിയതാണ്. ഈ വിഗ്രഹം ലഭിച്ചസമയത്തു കോവിലകത്തെ ജന്മിയ്ക്കു കാഴ്ചയായി നല്‍കി. ഈ വിഗ്രഹം നിമിത്തം കോവിലകത്ത് ദുരന്തങ്ങളുണ്ടായെന്നു വിശ്വസിച്ച ജന്മി അരയര്‍ക്കു തന്നെ തിരികെനല്‍കി. തിരികെ ലഭിച്ച വിഗ്രഹത്തില്‍ അരയര്‍ പൂജ നടത്തുകയും ചെയ്തു. പലവിധത്തിലുള്ള കടലപകടങ്ങളില്‍ നിന്നു മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെട്ടത് ഈ വിഗ്രഹത്തിന്റെ അനുഗ്രഹത്താലാണെന്നു വിശ്വസിച്ചതിനാല്‍, തീരദേശത്തു തന്നെ ക്ഷേത്രം പണിയാന്‍ തീരുമാനിച്ചു. പിന്നീടു ക്ഷേത്രം നിര്‍മ്മിക്കുകയും കാലാന്തരത്തില്‍ ഉത്സവാഘോഷങ്ങള്‍ മുടക്കം കൂടാതെ നടത്തുകയും ചെയ്തു.

പേരുകളും അഭിവൃദ്ധിയും : വ്യക്തികളുടെ പേരിന് അവരവരുടെ ജീവിതാഭിവൃദ്ധിയുമായി ബന്ധമുണ്ടെന്നവിശ്വാസം കൊല്ലം തീരദേശങ്ങളിലുണ്ട്. സ്വന്തം മക്കള്‍ക്കു നല്‍കുന്ന പേരുകള്‍ക്കു ഭംഗിക്കുറവുണ്ടെങ്കില്‍ മക്കള്‍ ഭാവിയില്‍ അഭിവൃദ്ധി പ്രാപിക്കുമെന്ന വിശ്വാസമാണിതിനു പിന്നിലുള്ളത്. തീരദേശത്ത് കുറവന്‍, ചേന്നന്‍, ചക്കി തുടങ്ങിയ പേരുകള്‍ വരാന്‍ കാരണമിതാണ്. അതു പോലെതന്നെ ജനിക്കുന്ന ഒന്നോ രണ്ടോ മക്കള്‍ ശിശുവായിരിക്കെ മരണപ്പെട്ടു കഴിയുമ്പോള്‍, പിന്നീടു ജനിക്കുന്ന മക്കള്‍ ദീര്‍ഘായുസ്സോടെയിരിക്കാന്‍ ഇതുപോലെയുള്ള പേരുകള്‍ നല്‍കുന്നതും തീരദേശങ്ങളിലുണ്ട്. പുരോഗമനാശയങ്ങളുടെ ശക്തമായ സ്വാധീനം മൂലം ഈ വിശ്വാസം പിന്നീടി ല്ലാതെയായി. 

ചാവുവെയ്ക്കല്‍ : മത്സ്യബന്ധനത്തിനു ലഭിക്കുന്ന മികച്ചതും വലിപ്പമുള്ളതുമായ മത്സ്യമാണു ചാവുവെയ്ക്കലിനായി തെരഞ്ഞെടുക്കുന്നത്. ഈ മത്സ്യം വീട്ടിലെത്തിച്ചു പാകം ചെയ്തതിനുശേഷം ഒരു ഭാഗം പരേതര്‍ക്കു നീക്കിവയ്ക്കുകയും ശേഷമുള്ളവ കുടുംബാംഗങ്ങള്‍ ഒരുമിച്ചിരുന്നു ഭക്ഷിക്കുകയും ചെയ്യുന്നു.ഇതിനു പ്രത്യേകദിവസമൊന്നുമില്ല. ഈ ചടങ്ങു പരേതരോടുള്ള ബഹുമാനം സൂചിപ്പിക്കുന്നതാണ്. കൂടാതെ ആത്മാവിന് മോക്ഷം ലഭിക്കുന്നതിനുള്ള മാര്‍ഗ്ഗമായിട്ടാണു ഇവര്‍ ഈ ചടങ്ങിനെ കരുതുന്നത്.

സുനാമിയും രാജാവിന്റെ മകളുടെ വിവാഹവും: ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യം, സുനാമിക്ക് സമാനമായ കടല്‍കയറ്റം തിരുവനന്തപുരത്തിന്റെ തെക്കുഭാഗത്തുണ്ടായതായി, പൂര്‍വ്വികരില്‍നിന്നു തീരദേശവാസികള്‍ അറിഞ്ഞിട്ടുണ്ട്. രാജഭരണകാലമായിരുന്നതിനാല്‍, രാജാവിന്റെ മകളുടെ വിവാഹത്തിനു എല്ലാവരെയും ക്ഷണിക്കുന്ന കൂട്ടത്തില്‍ കടലിനെയും രാജാവു ക്ഷണിച്ചിരുന്നു. താന്‍ വന്നാല്‍ കര താങ്ങില്ലെന്നു സമുദ്രം പറഞ്ഞെന്നും എന്നാല്‍ രാജാവിന്റെ നിര്‍ബന്ധത്തിനുവഴങ്ങി കടല്‍ രാജാവിന്റെ മകളുടെ വിവാഹ ദിവസം തന്നെയെത്തിയെന്നും ഇവര്‍ വിശ്വസിക്കുന്നു.ഇരയിമ്മന്‍ തുറയുടെ കരഭാഗങ്ങളില്‍ കീലോമീറ്ററോളം ദൂരത്തില്‍ കടല്‍മണ്ണാണ്. തീരപ്രദേശ ങ്ങളില്‍ കുഴിയെടുക്കുമ്പോള്‍ വീട്ടുപകരണങ്ങള്‍, ഇരുമ്പായുധങ്ങള്‍, പൂജാവിഗ്രഹങ്ങള്‍ എന്നിവ ഇപ്പോഴും ലഭിക്കുന്നത് ഇതുകാരണമാണെന്നു തീരദേശവാസികള്‍ കരുതുന്നു.

പള്ളിക്കല്ല് : കൊല്ലം തങ്കശ്ശേരി ലൈറ്റ്ഹൗസിനു സമീപം കടലില്‍ സ്ഥിതി ചെയ്യുന്ന വലിയ പാറയാണിത്.ശക്തമായ തിരമാലകള്‍ അപ്രതീക്ഷിതമായി പതിക്കുന്നതിനാല്‍ അപകടം പതിവാണ്. കരയായിരുന്ന പ്രദേശം കടല്‍ കയറിയെന്ന വിശ്വാസമാണ് തീരദേശവാസികള്‍ക്കുള്ളത്. പള്ളിയുടെ അവശിഷ്ടങ്ങളാണെന്നെ വിശ്വാസത്തിലാണു 'പള്ളിക്കല്ല്' എന്നു പേരു നല്‍കിയിരിക്കുന്നത്. അപ്രതീക്ഷിതമായി കടല്‍ പ്രക്ഷുബ്ധമാകുന്ന സാഹചര്യം ഈ ഭാഗത്തുള്ളതു കൊണ്ടുതന്നെ നിരവധി മരണങ്ങളും സംഭവിച്ചിട്ടുണ്ട്.

മന്ത്രതന്ത്രാദികള്‍ : ഇക്കാലത്തും തീരദേശത്തു ചുരുക്കം ചിലരെങ്കിലും മന്ത്രതന്ത്രാദികളില്‍ വിശ്വസിക്കുന്നുണ്ട്. ആദ്യകാലങ്ങളില്‍ ഈ വിശ്വാസം വ്യാപകവും ശക്തവുമായിരുന്നു. മറ്റുള്ളവര്‍ക്കു മീന്‍ ലഭിക്കുന്നതും തങ്ങള്‍ക്കു മീന്‍ ലഭിക്കാത്തതും മന്ത്രതന്ത്രാദികള്‍ കൊണ്ടാണെന്നു വിശ്വസിക്കുന്നു. ഈ വിശ്വാസത്തിന്റെ ഭാഗമായി ജപിച്ച ചരടുകള്‍, ഭസ്മം തുടങ്ങിയവ വള്ളത്തില്‍ സൂക്ഷിക്കാറുണ്ട്.

പതിവ്രതയായ മുക്കുവസ്ത്രീ : പാതിവ്രത്യമാഹാത്മ്യത്തെ സൂചിപ്പിക്കുന്ന സാങ്കല്പികകഥയാ ണിത്. തീരദേശങ്ങളില്‍ മാത്രമല്ല കേരളത്തിലുടനീളം നൈതികതയുടെ ഭാഗമായി പ്രചാരത്തിലുള്ളതാണ്. കരയിലിരിക്കുന്ന മുക്കുവസ്ത്രീയുടെ പാതിവ്രത്യശുദ്ധിയുമായി ബന്ധപ്പെട്ടാണ് ഈ മിത്ത് നിലനില്‍ക്കുന്നത്. കരയിലിരിക്കുന്ന സ്ത്രീയുടെ പാതിവ്രത്യശുദ്ധിയനുസരിച്ചാണു മുക്കുവന്‍ ജീവനോടെ തിരികെ വരുന്നതും മരണപ്പെടുന്നതും. ധാര്‍മ്മികതയെ ഉയര്‍ത്തിക്കാട്ടാന്‍ ഉപയോഗിച്ച ഈ മിത്ത് പലപ്പോഴും സ്ത്രീകളുടെ ജീവിതത്തെ ദുരിതപൂര്‍ണമാക്കുന്നുണ്ട്. കടലപകടങ്ങള്‍ പതിവായ സാഹചര്യത്തില്‍ ഏതൊരു രീതിയിലുള്ള അപകടമരണവും സ്ത്രീയുടെ ചാരിത്ര്യശുദ്ധിയെ ചോദ്യം ചെയ്യും. ഇതിന്‍റെ അപകര്‍ഷത സഹിച്ചുകൊണ്ടു ജീവിക്കേണ്ടി വരുന്ന കുടുംബങ്ങള്‍ നിരവധിയാണ്. ധാര്‍മ്മികബോധനകല്പിതകഥകള്‍ ഉദ്ദേശ്യശുദ്ധിയില്‍നിന്നു വ്യതിചലിക്കുന്നതായി, ഇതുപോലെ യുള്ള കഥകളില്‍ നിന്നു മനസ്സിലാക്കാം.

ഇവിടെ സൂചിപ്പിച്ച എല്ലാ ആചാരാനുഷ്ഠാനങ്ങളും തീരദേശത്തെ ജീവിതവൃത്തിയും മതവുമായി ബന്ധപ്പെട്ടു നില്‍ക്കുന്നു. അസ്ഥിരമായ വരുമാനവും പ്രവചനാതീതമായ കാലാവസ്ഥയുമാണ് ഈ അനുഷ്ഠാനങ്ങള്‍ രൂപപ്പെടാന്‍ കാരണം. അതുപോലെ ജീവന് ഭീഷണിയുണ്ടാകുന്ന സന്ദര്‍ഭങ്ങള്‍ നിത്യസംഭവങ്ങളാണ്. ചുരുക്കത്തില്‍ കടലിലോട് മല്ലടിച്ചു ജീവിക്കുന്ന ജനതയുടെ പരിസരമാണ്. എല്ലാ സങ്കല്പങ്ങളിലും നിഴലിച്ചു നില്‍ക്കുന്നത്.

ഗ്രന്ഥസൂചി

1.    ആന്‍ഡ്രൂസ് എ. എണ്ണിയാല്‍ തീരാത്ത നൊമ്പരങ്ങള്‍. എ. ആന്‍ഡ്രൂസ്, 2006.

2.    ...  കടല്‍മുത്ത്. ഡി.സി. ബുക്സ്, 1990.

3.    ...  അറേബ്യന്‍ സമുദ്രത്തിന്റെ ഹൃദയത്തുടിപ്പുകള്‍. എ.ആന്‍ഡ്രൂസ്, 2017.

4.    മാത്യു, ഏര്‍ത്തയില്‍. കേരളത്തിലെ മത്സ്യത്തൊഴിലാളി പ്രസ്ഥാനം. ഡി.സി. ബുക്സ്, 2002.

5.    മാത്യൂസ് പി.എഫ്. തീരജീവിതത്തിന് ഒരു ഒപ്പീസ്. ഡി.സി.ബുക്സ്, 2018.

6.    വില്‍ഫ്രഡ്. തീരം തേടി. എവര്‍ഗ്രീന്‍ ബുക്സ്, 2019.


ഡോ. ജോര്‍ജ്ജ് അലോഷ്യസ്

അസോസിയേറ്റ് പ്രൊഫസര്‍

മലയാളവിഭാഗം

ബേബിജോണ്‍ മെമ്മോറിയല്‍ 

ഗവ. കോളേജ്, ചവറ, കൊല്ലം.

 

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
ചീഫ് എഡിറ്റര്‍
ഡോ. ബി. ശ്രീകുമാർ സമ്പത്ത്



സ്റ്റുഡന്‍റ് എഡിറ്റര്‍
രതീഷ്
Fkv. 

ഇഷ്യു എഡിറ്റർ

ഡോ. ശ്രീലക്ഷ്മി എസ്. കെ.

FUntäm-dnb t_mÀUv 
AwK§Ä
ഡോ. കെ. റഹിം
ഡോ. സജീവ്കുമാർ എസ്.
ഡോ. ശ്രീലക്ഷ്മി എസ്.കെ.
ഡോ. രാമചന്ദ്രൻ പിള്ള എം.
ഡോ. അമ്പിളി ആർ.പി.
ഡോ. സംഗീത കെ.
ബിന്ദു എ.എം.

ഷീന എസ്.
ഡോ. കാരുണ്യ വി. എം.
അസോസിയേറ്റ് എഡിറ്റേഴ്സ്
ഡോ.ലാലു വി. , യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം
ഡോ.ഗംഗാദേവി എം., ഗവ. കോളേജ്, നെടുമങ്ങാട്, 
ഡോ.സേതുലക്ഷ്മി എം.എസ്. 
ഗവ.കോളേജ് ,നെടുമങ്ങാട്
Publishers Name:          
Dr.B.SREEKUMAR SAMBATH
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996          

Unssk³ & te Hu«vv
cXojv Fk.v

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2026

bottom of page