top of page

കുമാരനാശാൻ കവിതകളിലെ കാരുണ്യദർശനം:സ്ത്രീ-കീഴാളസ്വത്വങ്ങളുടെ പുര:ക്ഷേപണം-നളിനി, ലീല, ചണ്ഡാലഭിക്ഷുകി, കരുണ എന്നീ കാവ്യങ്ങളെ മുൻനിർത്തിയുള്ള പഠനം

  • Jun 25
  • 8 min read

Updated: Jun 26

ഡോ. രുഗ്‌മിണി കെ.       

പ്രബന്ധസംഗ്രഹം

നവോത്ഥാനം കൊണ്ടുവന്ന ആധുനികാശയങ്ങൾ ഏറ്റവും നന്നായി സ്വാംശീകരിച്ച കവിയാണ് കുമാര നാശാൻ. കവിത്രയത്തിൽ മറ്റുള്ളവരിൽ നിന്നു വ്യത്യസ്തനായി വിദ്യാഭ്യാസത്തിനായി നടത്തിയ പ്രവാസജീവിതത്തിലൂടെയും സാമൂഹികപരിഷ്കരണപ്രവർത്തനങ്ങളിലൂടെയും ആർജ്ജിച്ച ആധുനിക ലോകബോധത്തിൻ്റെ വെളിച്ചം ആശാൻ കവിതകളിലുടനീളം കാണാം. യഥാസ്ഥിതിക ജീവിതബോധത്തിൽ നിന്നും കുതറിമാറി,അടിച്ചമർത്തപ്പെട്ട വരുടെ പക്ഷത്തു നിൽക്കുന്ന ബൗദ്ധവും മാനവികവുമായ ഒരു ജീവിതാവബോധം ആശാൻകൃതികളുടെ അന്തർധാരയായി പ്രവർത്തിച്ചു.ആഖ്യാനപരമായും പ്രമേയപരമായും പുതുമകൾ അവതരിപ്പിച്ച് നവ്യമായ ഒരു കാവ്യഭാവുകത്വത്തിന്  തുടക്കം കുറിച്ചു. അധ:സ്ഥിതപക്ഷത്തു നിന്നുകൊണ്ടുള്ള കാരുണ്യാത്മകസമീപനം ആശാൻ തൻ്റെ കൃതികളിലെല്ലാം പുലർത്തുന്നു. നളിനി, ലീല, ചണ്ഡാലഭിക്ഷുകി, കരുണ എന്നീ കാവ്യങ്ങളെ സവിശേഷമായി എടുത്തു കൊണ്ടുള്ള ഒരു പഠനമാണ് ഈ പ്രബന്ധത്തിൽ നടത്തുന്നത്.ജാതീയതയ്ക്കും സാമൂഹികാസമത്വങ്ങൾക്കും അനീതികൾക്കുമെതിരെ സ്ത്രീ- കീഴാളപക്ഷത്തു നിന്നുകൊണ്ടുള്ള കാരുണ്യാത്മകമായ ഒരു ജീവിതദർശനം തൻ്റെ കാവ്യങ്ങളിലൂടെ എങ്ങനെ ആവിഷ്കരിച്ചു എന്ന് കണ്ടെത്താൻ ശ്രമിക്കുകയാണീ പ്രബന്ധം.

 

താക്കോൽ വാക്കുകൾ

റാഡിക്കൽ ഫെമിനിസം, പിത്രാധികാരവ്യവസ്ഥിതി, കാരുണ്യാത്മക ജീവിതദർശനം, കാമന, കാരുണ്യാ നുഭൂതി, സ്വത്വബോധം

 

ആമുഖം

കേരളനവോത്ഥാനത്തിന്റെ ആശയധാരകളെ പലമട്ടിൽ സ്വാംശീകരിച്ചവരായിരുന്നു ആധുനിക കവിത്രയം - ആശാനും ഉള്ളൂരും വള്ളത്തോളും. നവോത്ഥാനം കൊണ്ടുവന്ന ആധുനികമൂല്യങ്ങളെ ഉൾക്കൊണ്ടുതന്നെ പല വഴികളിലൂടെയാണവർ മുന്നേറിയത്. വള്ളത്തോൾ ദേശാഭിമാനത്താൽ പ്രചോദിതമായും ഉള്ളൂർ പൗരാണികമൂല്യങ്ങളിൽ അടിയുറച്ചു നിന്നു കൊണ്ടുമാണ് ആധുനികാശയങ്ങളെ അവതരിപ്പിച്ചതെങ്കിൽ, ആശാൻ ശ്രീനാരാ യണഗുരുവിന്റെ ശരിയായ തുടർച്ചയായി നിന്നുകൊണ്ട്,  ജാതിമതാന്ധതയ്ക്കെ‌തിരായും സ്വാതന്ത്ര്യം,സമത്വം  മുതലായ ആധുനികാശയങ്ങളെ ഉയർത്തിപ്പിടിച്ചു കൊണ്ടും കാവ്യരചന നടത്തി.ആശാൻ സ്ത്രീ-പ്രകൃതിപക്ഷത്തു നിന്നുകൊണ്ട്  പിത്രാധികാരസാമൂഹിക വ്യവസ്ഥിതിയെക്കതിരെയും സാമൂഹികാനീതിയ്ക്കെതിരെയും തൂലിക പടവാളാക്കി കവിത്രയത്തിൽ  അഗ്രഗാമിയായി. എല്ലാത്തരത്തിലുമുള്ള ഉച്ച നീചത്വങ്ങളെയും കവിതയിലൂടെയും സാമൂഹിക പരിഷ്ക്കരണപ്രവർത്തനങ്ങളിലൂടെയും എതിരിട്ടു. വിദ്യാഭ്യാസത്തിനു വേണ്ടിയും മറ്റും ആശാൻ നടത്തിയ പ്രവാസങ്ങൾ സമകാലികരായ മറ്റു കവികളിൽ നിന്നു വ്യത്യസ്തമായി ഇന്ത്യൻനവോത്ഥാനത്തിൻ്റെ വിശാലവീക്ഷണങ്ങൾ ഉൾക്കൊള്ളാനും അതിന്റെ അലയൊലികൾ നേരിട്ട്കണ്ട് മനസ്സിലാക്കാനും സാധിച്ചു. ബാംഗ്ലൂർ, കൊൽക്കത്ത പോലുള്ള നഗരങ്ങളിലെ ജീവിതം അവിടങ്ങളിലെ സാമൂഹ്യപരിഷ്‌കരണപ്രസ്ഥാനങ്ങളെ സൂക്ഷ്‌മമായി കണ്ടറിയാൻ അദ്ദേഹത്തെ സഹായിച്ചിരുന്നു.സമൂഹത്തെ മാറ്റിത്തീർക്കുന്നതിൽ പരിഷ്കരണപ്രവർത്തനങ്ങൾക്ക് വലിയ പങ്കുണ്ടെന്ന് അദ്ദേഹം മനസ്സിലാക്കി.അതുകൊണ്ടു തന്നെ ജാതിയ്ക്കെതിരായിട്ടുള്ളതും മനുഷ്യർ തമ്മിലുള്ള തുല്യതയിലും സ്വാതന്ത്ര്യത്തിലും സ്നേഹത്തിലും അതിലുപരി കാരുണ്യത്തിലും അടിയുറച്ച ആവിഷ്കാരങ്ങളാണ് ആശാൻ നടത്തിയത്. വളളത്തോളടക്കമുള്ള നവോത്ഥാനകവികൾ രാഷ്ട്രീയസ്വാതന്ത്യത്തെ പ്രധാനമായി കണ്ടപ്പോൾ സാമൂഹികമായി സ്വാതന്ത്ര്യമില്ലാത്ത ഒരു ജനതയ്ക്ക് രാഷ്ട്രീയസ്വാതന്ത്ര്യം നിഷ്ഫലമായിരിക്കുമെന്നാണ് ആശാൻകരുതിയത്.രാഷ്ട്രീയസ്വാതന്ത്ര്യം സമീപമാണെങ്കിലും സാമൂഹികസ്വാതന്ത്ര്യം (പ്രത്യേകിച്ചും സ്ത്രീയ്ക്കും കീഴാളർക്കും) എത്രയോ അകലെയാണെന്നദ്ദേഹം  കണ്ടറിഞ്ഞു. ദുരവസ്ഥയും ചണ്ഡാലഭിക്ഷുകിയുമാണ് ജാതിയെ അങ്ങേയറ്റം രൂക്ഷമായി വിമർശിക്കുകയും കീഴാളരെ  മുൻനിർത്തുകയും ചെയ്യുന്ന കവിതകൾ. വീണപൂവു മുതൽ നളിനി, ലീല, ചിന്താവിഷ്ടയായസീത,കരുണ എന്നിവയെല്ലാം തന്നെ സ്വത്വബോധമാർജ്ജിച്ച സ്ത്രീയെ അവതരിപ്പിക്കുന്നു.

ചണ്ഡാലഭിക്ഷുകി

 

ജാതിചിന്തയുടെ നിരർത്ഥകത വെളിപ്പെടുത്തി ക്കൊണ്ട് ജാതിയ്ക്കതീതമായി പ്രവർത്തിക്കുന്ന കാരുണ്യം എന്ന ദർശനത്തിൻ്റെ ആവിഷ്കാരമായി നിൽക്കുന്ന ഒരു കാവ്യമാണ് ചണ്ഡാലഭിക്ഷുകി. പ്രൊഫ. ലക്ഷ്മ‌ീനരസുവിന്റെ 'The Essence of Budd hism' എന്ന കൃതിയെ ആധാരമാക്കി രചിച്ചിട്ടുള്ള താണിത്. ജാതീതയ്ക്കെതിരായ ശക്തമായ ഒരു ആവിഷ്ക്കാരമാണീ ഈ കൃതിയിലൂടെ കവി നടത്തിയിട്ടുള്ളത്. ജാതിവ്യത്യാസത്തിൻ്റെ അർത്ഥശൂന്യതയെ തുറന്നുകാട്ടിയ ബുദ്ധൻതന്നെ ഒരു കഥാപാത്രമായി വരുന്നു എന്നതും ശ്രദ്ധേയമാണ്.രണ്ടായിരത്തഞ്ഞൂറ് വർഷങ്ങൾക്കു മുമ്പ് ഉത്തരേന്ത്യയിലെ ശ്രാവസ്‌തിയ്ക്കടുത്തുള്ള ഒരു ഗ്രാമത്തിൽ വേനലിൽ, വാകമരങ്ങൾ പൂത്തുനിൽക്കുന്ന, കത്തുന്ന ഒരു മദ്ധ്യാഹ്നനേരത്ത്, ദാഹിച്ചു വലഞ്ഞു വരുന്ന ആനന്ദൻ എന്ന ബുദ്ധഭിക്ഷുവിനെ അവതരിപ്പിച്ചു കൊണ്ടാണ് കാവ്യാരംഭം. ഒരു കിണറിൻ്റെ സമീപത്തേക്കാണ യാൾ വരുന്നത്. അവിടെ വെള്ളം കോരിക്കൊണ്ടു നിന്ന ഒരു യുവതിയോട് ആ ഭിക്ഷു കുടിക്കാൻ വെള്ളം ചോദിക്കുന്നു.

"ദാഹിക്കുന്നു ഭഗിനീ കൃപാരസ-

മോഹനം കുളിർ തണ്ണീരിതാശു നീ"                (കുമാരനാശാൻ,1986;  548)

ബുദ്ധഭിക്ഷുവിൻ്റെ ഈ ചോദ്യം വെറും ദാഹജലത്തിന്റെ പ്രശ്നമായിട്ടല്ല, അത് ജാതിയെ സംബന്ധി ച്ചുള്ള ഒരു സംവാദമായിട്ടാണ് അവതരിപ്പിച്ചത്. ഒരു വരേണ്യകുലത്തിൽപ്പെട്ട സന്യാസിയായ ഒരു പുരുഷൻ.ജാതിയിൽ താഴ്ന്നവളായ ചണ്ഡാലപെൺകുട്ടിയോട് ദാഹജലം ചോദിക്കുക-അവളിൽ നിന്നുള്ള 'കൃപാരസ'ത്തിനായി കൈക്കുമ്പിൾ നീട്ടിനിൽക്കുക എന്നത് അക്കാലത്തെ സംബന്ധിച്ച് അങ്ങേയറ്റം വിപ്ലവാത്മകമാണ്. പൊതുവഴി ഉപയോഗിക്കാൻ കഴിയാത്ത, പൊതുകിണറിൽനിന്ന് വെള്ളമെടുക്കാൻ കഴിയാത്ത ഒരു വർഗ്ഗത്തിൻ്റെ പ്രതിനിധിയോടാണ് ഭിക്ഷു വെള്ളം ചോദിക്കുന്നത്.

"അല്ലല്ലെന്തു കഥയിതു കഷ്ട‌മേ അല്ലലാലങ്ങു ജാതി മറന്നിതോ നീചനാരിതൻ കയ്യാൽ ജലം വാങ്ങി-

യാചമിക്കുമോ ചൊല്ലെഴുമാര്യന്മാർ"       (കുമാരനാശാൻ,1986: 658)

എന്ന ചണ്ഡാലികയുടെ ചോദ്യത്തിന് ജാതിചോദിക്കുന്നില്ല എന്ന ഭിക്ഷുവിൻ്റെ വാക്കുകൾ ജാതിയുടെ വിലക്കുകൾക്കുള്ളിൽ ജീവിക്കുന്ന മാതംഗിയെ സംബന്ധിച്ച് വലിയ പരിവർത്തനത്തിലേക്കാണ് നയിച്ചത്. മറ്റുള്ളവരുടെ കൺവെട്ടത്തുപോലും കാണാൻ പാടില്ലാത്ത പുറജാതികളിൽപ്പെട്ട ഒരുവളോട് ആര്യവംശജനായ ഒരാൾ വെള്ളം ചോദിച്ചിരിക്കുന്നു. അവളിൽ അമ്പരപ്പും ഭയവും ഉണ്ടാകുന്നു. താൻ ജലം പകർന്നു നൽകിയാൽ പാപമുണ്ടാകുമെന്നാണവൾ ഭയപ്പെടുന്നത്.എന്നാൽ ഭിക്ഷുവിൻ്റെ വാക്കുകൾ അവളിലെ ഭയത്തെ ഇല്ലാതാക്കുകയായിരുന്നു.

 "ജാതി ചോദിക്കുന്നില്ല ഞാൻ സോദരീ, ചോദിക്കുന്നു നീർ നാവുവരണ്ടഹോ ഭീതിവേണ്ട തരികതെനിക്കു നീ"  (കുമാരനാശാൻ,1986:658)

ജാതിയെന്ന ഒരു ഭയം ചൂഴ്ന്നുനിന്നിരുന്ന അവളെ ജാതിയ്ക്കതീതമായി ആദ്യമായാണൊരാൾ പരിഗ ണിക്കുന്നത്. ബുദ്ധഭിക്ഷുവിൻ്റെ സംബോധനകൾ അവളിലെ വ്യക്തിസ്വാതന്ത്ര്യത്തെ ഉണർത്തുന്ന തായിരുന്നു. ഓമലേ, ഭഗിനീ, സോദരീ എന്നിങ്ങനെ യുള്ള സംബോധനകൾ അവളിൽ ചില അനുഭൂതി തലങ്ങൾ ഉണർത്തുക തന്നെ ചെയ്‌തു. ബുദ്ധഭി ക്ഷുവിന്റെ സമഭാവന അവളെ ജാതി സ്വത്വത്തിൽ നിന്ന്  മനുഷ്യൻ എന്ന ഏകകത്തിലേക്കുണർത്തുകയായിരുന്നു. അങ്ങനെ ഭയം വെടിഞ്ഞ്, മധ്യം പൊട്ടി നുറുങ്ങിവിലസുന്ന ശുദ്ധകണ്ണാടികാന്തി ചിതറുന്ന' ജലം അവൾ ബുദ്ധഭിക്ഷുവിൻ്റെ കൈകളിലേക്ക് കാരുണ്യത്തോടെ പകർന്നു നൽകുന്നു. അവൾ നൽകിയ തെളിനീരിലൂടെ അലിഞ്ഞില്ലാതായത് ജാതിയുടെ മതിൽക്കെട്ടുകളായിരുന്നു. മുകൾത്തട്ടി ൽ നിന്നു താഴേക്ക്, പുരുഷനിൽനിന്ന് സ്ത്രീയിലേ ക്ക്, മേലാളനിൽ നിന്നു കീഴാളനിലേക്ക്  പ്രവഹിക്കുന്നതാണ് കാരുണ്യം എന്ന സങ്കല്‌പത്തെയാണിവിടെ ആശാൻ തിരുത്തിക്കുറിക്കുന്നത്. യാതൊരു ഭേദങ്ങളുമില്ലാതെ മനുഷ്യനിൽ നിന്നും മനുഷ്യനിലേക്ക് പകരേണ്ട ഒന്നായി കാരുണ്യത്തെ ഇവിടെ ഭാവന ചെയ്യുന്നു. മാതംഗി പകർന്നുനൽകുന്ന തെളിനീരീന് ജീവിതത്തോളം തന്നെ മൂല്യമുണ്ട്. ഭയത്തിനു പകരം അവളുടെ മനസ്സിൽ അങ്കുരിച്ച കാരുണ്യമാണിവിടെ  പരിവർത്തനം സൃഷ്ട‌ിക്കുന്നത് എന്ന് കവിതന്നെ അവിടെ പറഞ്ഞു വെയ്ക്കുന്നു1. കാരുണ്യപൂർണ്ണ മായ പ്രവൃത്തികൾ മൂലം മറ്റുള്ളവർക്ക് മാത്രമല്ല നന്മ ലഭിക്കുക. അവനവനും അതിനാൽ സംസ്‌കരി ക്കപ്പെടുന്നു. ബുദ്ധഭിക്ഷുവിന് ജലം നൽകിയതിന് ശേഷം അവളിലുണ്ടായ രാസപരിണാമം അതാണ് സൂചിപ്പിക്കുന്നത്. ജാതിയുടെ അദൃശ്യമായ ചങ്ങ ലക്കെട്ടിൽ നിന്ന് സ്വയം മോചിതയാകാനും ഉച്ച-നീച ത്വഭേദം വിട്ടകന്ന് ആര്യനായ ഭിക്ഷുവിനെ പ്രണയിക്കാനും അവൾക്കത് ധൈര്യം നൽകുന്നു.ഇങ്ങനെ അധമബോധം വിട്ടകന്ന്  സ്വാതന്ത്ര്യബോധവും സ്വത്വബോധവുമാർജ്ജിച്ച ആദ്യ കീഴാളസ്ത്രീയായി മലയാളകവിതയിൽ മാതംഗിയെ ഉയർത്തിനിർത്തുകയാണ് ആശാൻ.അപരോന്മുഖമായി അവളിൽ പ്രവർത്തിച്ച കാരുണ്യം തന്നെയാണ് പ്രണയത്തിലേക്കും അതിലൂടെ  സ്വാതന്ത്ര്യത്തിലേക്കും അവളെ വഴി നടത്തു ന്നത്.പ്രണയത്തിൽ കർതൃസ്ഥാനത്തേയ്ക്കുയരാൻ അവൾക്കു ധൈര്യം നൽകുന്നതും അവളിലെ കാരുണ്യാനുഭൂതി തന്നെയാണ്.ജാതീയമായ അതിർ വരമ്പുകളെ ഭേദിച്ച് തന്നോട് സമദർശനം കാണിച്ച ആനന്ദഭിക്ഷുവിൻ്റെ കാലടികളെ പിന്തുടർന്ന് അവൾ എത്തിച്ചേരുന്നത് കാരുണ്യത്തിൻ്റെ മൂർത്ത രൂപമായ ബുദ്ധസന്നിധിയിലാണ്. ശ്രാവസ്‌തി നഗര ത്തിലെ വിഹാരത്തിൽ കരുണയുടെ ഉടൽപൂണ്ട ബുദ്ധനെ കണ്ടമാത്രയിൽത്തന്നെ ഉള്ളുലയ്ക്കുന്ന പാരവശ്യവും സംഭ്രമവും അവൾക്കുണ്ടായി.

"പുതുദീപം മുമ്പിൽ പതംഗിപോലെ കതിരവൻ മുമ്പിൽ ധരിത്രിപോലെ, നിഗമരത്നത്തിൻമുമ്പിൽ യുക്തി-വികലമാം പാമരവാണിപോലെ"

                               (കുമാരനാശാൻ,1986: 665)

എന്നിങ്ങനെയുള്ള വരികൾ കാരുണ്യാനുഭൂതിയുടെ രണ്ട് തലങ്ങളെ പ്രതിനിധീകരിക്കുന്നു. ബുദ്ധനെ കാണുന്നതോടെ തന്റെ ആന്തരികലോകത്തിലും പുതിയ വെളിച്ചങ്ങൾ പടർന്നു തുടങ്ങുന്ന അനുഭവം അവൾക്കുണ്ടാകുന്നതായി പറയുന്നുണ്ട്. കരുണാമൂർത്തിയായ ബുദ്ധൻ്റെ ധർമ്മോപദേശം കേൾക്കുകയും ഭിക്ഷുകീമന്ദിരത്തിലെ അന്തേവാസിയാവുകയും ചെയ്തതോടെ അവളുടെ ജീവിതം സാഫല്യം നേടുന്നതായി കവി പറയുന്നു. ബുദ്ധശിഷ്യയായി ഭിക്ഷുമന്ദിരത്തിലെ ചിട്ടകൾ ശീലിക്കുകയും മറ്റ് അന്തേവാസികളുടെയെല്ലാം സ്നേഹാദരങ്ങൾ നേടിയെടുക്കുകയും ചെയ്യുന്നു. ബുദ്ധകാരുണ്യം അഭേദഭാവനയുടെ ഒരു ലോകമായി വികസിക്കുന്നത് ഇവിടെ കാണാം. എന്നാൽ ചണ്ഡാലയുവതിയ്ക്ക് സന്യാസം നൽകിയത് അക്ഷന്തവ്യമായ കുറ്റമായി അന്നത്തെ പൗരസമൂഹം കണ്ടു. നവോത്ഥാനകാല സമൂഹത്തിലും നടക്കാനരുതാത്ത ഒന്നുതന്നെയാ  യിരുന്നു ഇത്. അതിനാൽത്തന്നെ ചണ്ഡാലഭിക്ഷു കിയിലൂടെ അന്നത്തെ ജാതിസമൂഹത്തിനു മുന്നിൽ ഏറ്റവും വിപ്ലവകരമായ ആവിഷ്‌കാരം നടത്തുക യായിരുന്നു ആശാൻ. ഇന്ത്യൻ ദാർശനികതയുടെ അടിസ്ഥാനമായ ബൗദ്ധകാരുണ്യത്തെ കേരളീയ നവോത്ഥാനത്തിനകത്തേക്ക് സംക്രമിപ്പിക്കാനുള്ള ഗൗരവതരമായ ഒരു.ശ്രമം കൂടിയായി ഇതിനെ കാണാം. കേവലമൊരു കഥ പറയൽ എന്നതിനപ്പുറം കേരളീയ സാമൂഹ്യനവോത്ഥാനത്തിൽ ജാതിയെ പ്രതിരോധിക്കാനായി ആശാൻ മുന്നോട്ടുവെച്ച ആദർശങ്ങളിൽ ഏറ്റവും പ്രധാനമായ ഒന്നായിട്ടാണ് ചണ്ഡാലഭിക്ഷുകിയിലെ സ്നേഹ-കാരുണ്യാവിഷ്‌കാരങ്ങൾ വരുന്നത്. സാമൂഹ്യപരിവർത്തനത്തിന് സാഹിത്യം എത്രമാത്രം ഉപയുക്തമാണ് എന്ന് ആശാന്റെ മറ്റുകൃതികളെപ്പോലെത്തന്നെ ബോധ്യപ്പെടുത്തുന്ന ഒരു കൃതിയാണ് ചണ്ഡാലഭിക്ഷുകി. നവോത്ഥാന പൂർവ്വകേരളത്തിൽ ആത്മീയതയ്ക്കു മാത്രമല്ല യാതൊന്നിനും അധികാരമില്ലാതെ അങ്ങേയറ്റംഅപമാനീകരിക്കപ്പെട്ട കീഴാള-സ്ത്രീസ്ഥാനങ്ങളെ ഒരുമിച്ചു കൊണ്ടുവന്ന് ആത്മീയതയ്ക്കും സാമൂഹികഉന്നമനത്തിനും അധികാരിയാക്കി തീർക്കുകയായിരുന്നു. ആശാൻ.മേൽത്തട്ടിൽ നിന്നുമാത്രമല്ല കീഴ്ത്തട്ടിൽ നിന്നുകൂടിയാണ് കാരുണ്യം പ്രവർത്തിക്കുന്നതെന്ന് ഓർമ്മിപ്പിക്കുന്ന കൃതിയാണ് ചണ്ഡാലഭിക്ഷുകി. സ്നേഹത്തിന്റെയും അനുകമ്പയുടെയും വഴികൾ എല്ലാ മനുഷ്യർക്കും മുന്നിൽ തുറന്നുകൊണ്ടല്ലാതെ ജാതിയുടെ ഹിംസാത്മകതയെ പ്രതിരോധിക്കാനാവില്ല എന്ന തത്വത്തിലാണ് ഈ കവിതയുടെ ജീവൻ, അതുതന്നെയാണിതിന്റെ പ്രസക്തിയും. എല്ലാ മനുഷ്യർക്കും അവരുടെ ഇഷ്ട ത്തിനൊത്തു വളർന്നുവികസിക്കാൻ പറ്റുന്ന സാമൂഹികാന്തരീക്ഷം പുലർന്നുകാണാനാണ്  ഇവിടെ  കവി ഇച്ഛിക്കുന്നത്, അതിന് ജാതിയുടെ കെട്ടുപാടുകൾ പൊട്ടിച്ചെറിഞ്ഞേ മതിയാവൂ എന്ന് കവി ഊന്നിപ്പറയുന്നുണ്ട്. “ചണ്ഡാലുഭിക്ഷുകിയിൽ രണ്ടുതരം കലാപവും സമ്മേളിക്കുന്നു. ആത്മീയതയുടെ മണ്ഡലം സ്ത്രീക്ക് അപ്രാപ്യമാണെന്ന പുരുഷ വീക്ഷണത്തിനെതിരെയുള്ള കലാപവും, വർണ്ണ ശ്രേണിയിലെ ഉന്നതർക്കെതിരെ അധഃകൃതർക്കു വേണ്ടിയുള്ള കലാപവും “(എം. ലീലാവതി, 2012:25). എന്ന അഭിപ്രായം ഇവിടെ എത്രയും അർത്ഥവത്താണ്.കാലഹരണപ്പെട്ട ചട്ടങ്ങളും നിയമങ്ങളും സ്വയംമാറ്റിയില്ലെങ്കിൽ അവ നിങ്ങളെത്തന്നെ മാറ്റുമെന്നും കവി ദുരവസ്ഥയിൽ ഉദ്ബോധിപ്പിക്കുന്നുണ്ടല്ലോ. ഒന്നും മറ്റൊന്നിനു തടസ്സമാവാത്ത എല്ലാം അതിന്റേതായ പൂർണ്ണതയിൽ വളർന്നു വികസിച്ചു പരിലസിക്കുന്ന വർണ്ണശബളമായ ഒരു പൂന്തോട്ടമായി കവി കേരളത്തെ ഭാവനചെയ്യുന്നു. ദുർമ്മത്സരം,വിദ്വേഷം  മുതലായ സമൂഹമർമ്മം കരളുന്ന കീടങ്ങളെ അകറ്റി സമത്വസുന്ദരവും സ്നേഹം, ദയ ആദിയായ വികാരങ്ങളാൽ ആർദ്രവുമായ ഒരു സമൂഹത്തിന്റെ ചിത്രമാണ് കേരളീയസമൂഹത്തിന്റെ ഭാവിചിത്രമായി കവി വരച്ചുവെച്ചിട്ടുള്ളത്. ഇനിയും സഫലമായിട്ടില്ലാത്ത ഒരു സമൂഹചിത്രമായിത്തന്നെ നില്ക്കുന്നുണ്ട് ആശാന്റെ ഈ ഭാവനാചിത്രം.

കാരുണ്യവും അധികാരവും

 

സാമൂഹിക അധികാരം എക്കാലത്തും കീഴാളനെ യും സ്ത്രീയെയും താഴ്ന്നപടിയിൽ നിർത്തിക്കൊണ്ട്  കാരുണ്യരഹിതവുമായി ഇടപെടുകയാണ്  ചെയ്‌തത്‌.സ്ത്രീപുരുഷബന്ധത്തിൽ സംഘർഷം രൂപംകൊണ്ടത് അതിനകത്തെ അധികാരത്തിലൂടെയാണ്.കേരളത്തിൽ സംഘകാലം മുതൽ സ്ത്രീ - പുരുഷ ബന്ധത്തിൽ തുല്യത നിലനിന്നിരുന്നു. സ്ത്രീകൾക്ക് ഇഷ്‌ടപ്പെട്ട പുരുഷനെ വിവാഹം കഴിക്കാനുള്ളസ്വാതന്ത്ര്യം ഉണ്ടായിരുന്നു. കളവ് എന്ന പേരിലറിയപ്പെട്ടിരുന്ന ഗാന്ധർവ്വരീതിയിലുള്ള വിവാഹം അക്കാലത്ത്  സാർവ്വത്രികമായിരുന്നുവെന്ന് സംഘംകൃതികൾ തെളിവു നൽകുന്നു. അത്തരം പ്രേമവിവാഹങ്ങൾക്കു സാമൂഹികാംഗീകാരവും ഉണ്ടായിരുന്നു. അക്കാലത്ത് സ്ത്രീ-പുരുഷബന്ധങ്ങൾ താരതമ്യേന സ്വതന്ത്രമാ യിരുന്നു. എന്നാൽ പിന്നീട് സ്വകാര്യസ്വത്തുടമസ്ഥത വർദ്ധിച്ചതോടെ പിതൃ-അധികാരവ്യവസ്ഥ രൂപമെടു ക്കുകയും വിവാഹകാര്യത്തിൽ സ്ത്രീയുടെ സ്വാതന്ത്ര്യത്തിന് തടയിടുകയും ചെയ്തു. സ്വാഭാവികമായും വിവാഹം സ്ഥാപനവൽക്കരിക്കപ്പെടുകയും സ്ത്രീ-പുരുഷതുല്യത ഇല്ലാതാക്കപ്പെടുകയുമാണുണ്ടായത്. ഏതാണ്ട് 8-ാംനൂറ്റാണ്ടു മുതൽ ജാതീയമായ അധീശത്വം ശക്തിപ്രാപിക്കുകയും രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിൽ ആധിപത്യം നേടുകയും ചെയ്‌തതോടെ സ്ത്രീയുടെ സ്വതന്ത്രപദവി തീർത്തും നഷ്‌ടപ്പെട്ടു. അധഃകൃതർക്കു തുല്യം അടിച്ചമർത്തപ്പെട്ട വിഭാഗമായി സ്ത്രീകൾ മാറി. സമൂഹത്തിലെ സ്ത്രീ-പുരുഷ തുല്യത പൂർണ്ണമായും തന്നെ നഷ്ടമായി. പിന്നീട്, 19-ാം നൂറ്റാണ്ടോടെ കേരളത്തിലാവിർഭവിച്ച നവോത്ഥാനാധുനികത സ്ത്രീ-പുരുഷബന്ധത്തെ പുനർനിർണയിക്കുകയും പ്രശ്‌നവൽക്കരിക്കുകയും ചെയ്തു. ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഫലമായി സാമൂഹിക -സാംസ്കാരിക-സാമ്പത്തിക വ്യവസ്ഥകളിലുണ്ടായ   പരിവർത്തനങ്ങൾ സ്ത്രീ-പുരുഷബന്ധത്തിൽ വലിയസ്വാധീനം ചെലുത്തി. അണുകുടുംബത്തിൻ്റെ ആവിർഭാവം,മക്കത്തായരീതി,മുതലാളിത്തസാമ്പത്തികവ്യവസ്ഥ എന്നിവ ഇതിൽ നിർണ്ണായക സ്വാധീനം ചെലുത്തി. സ്ത്രീയുടെ ചാരിത്ര്യം,മാതൃത്വം ,പാതിവ്രത്യം,വിധേയത്വം മുതലായവയെ സംബന്ധിച്ച പിത്രാധികാരപ്രത്യയശാസ്ത്രസങ്കല്പനങ്ങൾ രൂപപ്പെട്ടുവെങ്കിലും സ്ത്രീ-പുരുഷബന്ധത്തിൽ ഒരു പരിധി വരെ സ്വാതന്ത്ര്യവും കല്‌പിക്കപ്പെട്ടു.

കുടുംബമെന്ന അധികാരരൂപം

 

സമൂഹത്തിൽ പ്രവർത്തിക്കുന്ന ഒരു അധികാരസ്വരൂപമാണ് കുടുംബം. മുതലാളിത്തത്തിന്റെ വളർച്ചയോടൊപ്പം വളർന്നുവന്ന ഒരു സാമൂഹികരൂപമാണത്. ഒരു ഉടമയുടെ കീഴിലുള്ള അടിമക്കൂട്ടത്തെ സൂചിപ്പി ക്കുന്ന ഫാമിലിയാ(Familia) എന്ന റോമൻപദത്തിൽ നിന്നാണ് ഫാമിലി (family) എന്ന  ഇംഗ്ലീഷ്‌പദത്തിൻ്റെ ഉദ്ഭവം. ഇന്നു നാം കല്പിക്കുന്ന വൈകാരികമായ തലങ്ങളൊന്നും ആദ്യകാലത്ത് ഈ പദത്തിനുണ്ടായിരുന്നില്ല.ചില പ്രാചീനഗോത്രങ്ങളിലെ   രക്തബന്ധവ്യവസ്ഥകളിൽ നിന്നാണ് കുടുംബങ്ങൾ വളർന്നുവന്നത് എന്ന് ഏംഗൽസ് കണ്ടെത്തുന്നുണ്ട് 2. കുടുംബ ഘടനയുടെ പലതരം പരിണാമങ്ങളിലൂടെ ഏകവേഴ്ച്ചാകുടുംബം (monogamousfamily)രൂപംകൊണ്ടതോടെയാണ് പുരുഷാധിപത്യം ഔപചാരികമായി അംഗീകരിക്കപ്പെട്ടത്. നാഗരികതയുടെ വളർച്ചയും ഏകവേഴ്ച്ചയിലുള്ള കുടുംബവും ഒരേസാമൂഹിക പ്രവണതയുടെ ഭാഗമായാണ് ഉണ്ടായിവന്നതെന്നും കരുതുന്നുണ്ട്.മലയാളത്തിൽ കുടി എന്ന ധാതുവിൽ നിന്നാണ് കുടുംബം എന്ന പദത്തിന്റെ നിഷ്പത്തി. കേരളത്തിൽ പത്തൊൻപതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ രൂപപ്പെട്ട അണുകുടുംബമാണ് കുടുംബത്തെ സംബന്ധിച്ചുള്ള ഇവിടുത്തെ ആദർശമാതൃക.പുരുഷൻ്റെ പരമാധികാരവും സ്ത്രീയുടെ സമ്പൂർണ്ണവിധേയത്വവുമാണ് ഈ കുടുംബഘടനയുടെ അടിസ്ഥാനം. പുരുഷൻ്റെ അധികാരം പുരുഷാധിപത്യവ്യവസ്ഥയുടെ ഭൗതികമായ അടിത്തറയായി മാറുന്നു.സ്ത്രീയെ എന്നെന്നേയ്ക്കും ഗാർഹികാടിമത്തത്തിൽ തളച്ചിടേണ്ടത് പുരുഷന്മാരുടെ വർഗ്ഗതാല്‌പര്യമായി മാറുകയും ചെയ്യുന്നു.അതുകൊണ്ടു തന്നെയാവാം പുരുഷൻ ബൂർഷ്വായും സ്ത്രീ,തൊഴിലാളിയുമാണെന്ന് ഏംഗൽസ്  പറയുന്നത്3.കുടുംബനിരാകരണവും അതിൽനിന്നുള്ള സ്വാതന്ത്ര്യപ്രഖ്യാപനവുമാണ് ആശാൻകൃതികളിൽ കാണാൻ കഴിയുക. ആശാന്റെ കൃതികളിൽ കുടുംബജീവിതത്തിൻ്റെ വിവരണങ്ങൾ ഇല്ലെന്നുതന്നെ പറയാം. ജാതിയിലെ ന്ന പോലെ കുടുംബത്തിലും ശ്രേണീകൃത അധികാരം പ്രവർത്തിക്കുന്നു. കുടുംബമെന്ന അധികാരസ്ഥാപനരൂപം സ്ത്രീ-പുരുഷബന്ധങ്ങളെ വ്യവസ്ഥപ്പെടുത്തി അതിലെ സ്വാതന്ത്യത്തെയും സമത്വത്തെയും ഇല്ലായ്‌മചെയ്‌തു. അതിനെ തിരെയുള്ള കലാപമാണ് ആശാൻകവിതകളിലെ സ്ത്രീ-പുരുഷബന്ധങ്ങൾ.ജാതി/മത/പുരുഷഅധികാരങ്ങളെചോദ്യംചെയ്യുന്ന നായികാ-നായക സൃഷ്‌ടിയാണ് ആശാനിൽ കാണാൻ കഴിയുന്നത്. ആശാന്റെ കവിതകളിലെ പശ്ചാത്തലം അതിവിദൂരങ്ങളായ വനപ്രദേശങ്ങളോ പർവ്വതസാനുക്കളോ മരുഭൂപ്രദേശങ്ങളോ നദീതീര ങ്ങളോ ഒക്കെയാവുന്നത് നിലവിലുണ്ടായിരുന്ന സാമൂഹികവ്യവസ്ഥയിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചുപോകുന്നവരായിരുന്നു ആശാൻ്റെ നായികാ-നായകന്മാർ എന്നതു കൊണ്ടാവാം. ജാതി കേന്ദ്രിതമായ അധികാരവ്യവസ്ഥയിൽ കീഴാളനും സ്ത്രീയ്ക്കുംസ്ഥാനമുണ്ടായിരുന്നില്ല. ആശാന്റെ നായികമാർ കുടുംബത്തിൽനിന്നും സമൂഹത്തിൽനിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ച് സ്ത്രീയ്ക്ക് അപ്രാപ്യമായ സന്യാസം പോലുള്ള പുരുഷാധീശത്വമേഖലകളിലേക്ക് തള്ളിക്കയറി വന്നവരായിരുന്നു. ഇവിടെ റാഡിക്കൽഫെമിനിസത്തിന്റെ സ്വഭാവം കാണാം.  വിവാഹത്തെയും കുടുംബഘടനയെയും അത് നിരാ കരിക്കുന്നു. സ്ത്രീയുടെ സ്വാതന്ത്ര്യത്തെ പുരുഷനി ൽ നിന്നുള്ള സ്വാതന്ത്ര്യമായല്ല ആശാൻ കണ്ടത്.

പുരുഷാധിപത്യഅധികാരവ്യവസ്ഥിതിയിൽ നിന്നുള്ള സ്വാതന്ത്യമായാണ്. അതുകൊണ്ടു തന്നെയാവാം സ്വാതന്ത്ര്യത്തോടൊപ്പം തന്നെ വിധേയത്വസ്വഭാവവും സ്ത്രീ-പുരുഷബന്ധത്തിനകത്ത് കാണാൻ കഴിയുന്നത്.

നളിനി

 

നളിനിയിൽ ഒരു പുരുഷാധികാരം പ്രവർത്തിക്കു ന്നുണ്ട് എങ്കിലും ആധുനികമായൊരു സ്വാതന്ത്ര്യ സങ്കല്പത്തിനകത്താണ് അതിലെ സ്ത്രീ-പുരുഷബന്ധം രൂപപ്പെട്ടുവന്നിട്ടുള്ളത് എന്നും കാണാം. മണിപ്രവാളസാഹിത്യത്തിൽ സ്ത്രീയ്ക്ക് മനസ്സ് എന്ന ഒന്ന് ഇല്ലാത്ത മട്ടിലായിരുന്നു ആവിഷ്കാരം. സ്ത്രീക്ക് അവളുടെ സ്വന്തമായ തിരഞ്ഞെടുപ്പും ഇഷ്ടങ്ങളും വ്യക്തിത്വവുമുള്ള ഒരുവളായി ആശാൻ കാവ്യങ്ങളിൽ സ്ത്രീകഥാപാത്രങ്ങൾ സൃഷ്‌ടിക്കപ്പെട്ടു. നളിനി-ദിവാകരന്മാർ സന്യാസത്തിൻ്റെ മാർഗ്ഗത്തിൽ സഞ്ചരിച്ചതിൽനിന്നും അവർ എല്ലാതരം കെട്ടുപാടുകളിൽനിന്നും(ജാതി-മത-സാമൂഹിക-കുടുംബ) സ്വാതന്ത്ര്യം പ്രഖ്യാപിച്ചതു കൊണ്ടാണെന്ന് കാണാം. നളിനീകാവ്യത്തിൽ ആദ്യന്തം വിളങ്ങി നിൽക്കുന്നത് സ്വതന്ത്രചിന്തയാണെങ്കിലും വിധേയത്വത്തിൻ്റെ സ്വരവും ഉയർന്നു കേൾക്കുന്നുണ്ട്. സ്ത്രീയ്ക്കും പുരുഷനും നൽകുന്ന വിശേഷണങ്ങൾ പല പ്പോഴു അത്തരം ബോധത്തിൽ നിന്നുണ്ടായതാണ്. അഗതിയായദാസി,ഭീരു,അധീര,എളിയശിഷ്യ,സന്നധൈര്യ,അശക്തഎന്നിങ്ങനെയുള്ളവ നളിനിയെയും ധീരൻ, യമി, യതി, ഭഗവൻ എന്നിങ്ങനെയുള്ളവ ദിവാകരനെയും പ്രതിനിധീകരിക്കുന്നു.ഔന്നത്യത്തി ൻ്റെ അനന്തതയിൽ വിരാജിക്കുന്ന സൂര്യനെയും വിടരാനായി സൂര്യോദയം കാത്ത് ഇങ്ങു താഴെ ചെളിയിൽ നിൽക്കുന്ന താമരയെയും പ്രതീകങ്ങളാ ക്കി ദിവാകരനെയും നളിനിയെയും സൃഷ്‌ടിക്കുമ്പോൾ  തന്നെ നളിനിയുടെ വിധേയത്വസ്വഭാവം പ്രകടമാണ്. പുരുഷനിൽ തനിക്കുള്ള വിധേയത്വത്തെ സ്വയം സ്വീകരിക്കുന്ന സ്ത്രീയായി നളിനി മാറുന്നു.സ്വത്വബോധമുള്ള സ്ത്രീയാണെങ്കിലും പുരുഷനോടുള്ള വിധേയത്വത്തിൽ നിൽക്കുന്നവളുമാണ്.കേവലമായപ്രണയ ത്തിന്റെ തലത്തിൽ നിന്നുമുയർന്ന്  സർവ്വവും അടിയറ  വെയ്ക്കുന്നഭക്തിഭാവമാണ്  നളിനിയിൽ കാണാനാവുന്നത്. സ്വന്തം വീടും കുടുംബവുമൊക്കെ ഉപേക്ഷിച്ച് സ്നേഹനിധികളായ അച്ഛനമ്മമാരെപോലും ധിക്കരിച്ച് അത്യന്തം സ്വതന്ത്രവും സാഹസികവുമായ രീതിയിൽ കാട്ടിലെത്തിച്ചേർന്ന നളിനി സ്വയംഅധീരയെന്നും അശക്തയെന്നുമൊക്കെ പറയുന്നത് സ്ത്രീയെ സംബന്ധിച്ച ആശാന്റെ തന്നെ ലോകബോധമായിരിക്കണം. സ്ത്രീയുടെ ആത്മീയമായ സ്വാതന്ത്ര്യം, പ്രണയത്തിനുവേണ്ടിയുള്ള സ്വാതന്ത്ര്യം എന്നിവയൊക്കെ ആശാൻ നളിനീകാവ്യത്തിന്റെ രചനയിൽ ഉൾച്ചേർത്തിരിക്കുന്നു. നിലവിലുള്ള അധികാരവ്യവസ്ഥിതിയ്ക്കു നേരെയുള്ളത് മാത്രമ ല്ല നിലവിലുള്ള കാവ്യപാരമ്പര്യത്തിനെതിരെയുള്ള കലാപമായിക്കൂടിയാണ്  നളിനീകാവ്യത്തെ കാണാ ൻ കഴിയുന്നത്. പുരുഷനെ അധികാരസ്ഥാനത്തു നിർത്തിക്കൊണ്ട് അവനിൽനിന്നു കാരുണ്യം സ്വീകരിക്കുന്ന .തരത്തിലാണ്ന നായികമാരുടെ സൃഷ്ടി ആശാൻ നടത്തിയിരിക്കുന്നത്. എന്നാൽ ചില സന്ദർഭങ്ങളിൽ നായികമാരുടെ കാരുണ്യത്തി പാത്രമാകുന്ന നായകന്മാരെയും കാണാം. നളിനീകാവ്യത്തിൽ നായികയെ അവതരിപ്പിക്കുന്നതുതന്നെ ദയാർഹയായവൾ എന്ന രീതിയിലാണ്. നായകനെയാകട്ടെ ഒന്നിനെയും ഭയക്കാത്തവനും ആരിലും കരുണ കാണിക്കുന്ന ധീരനായ ഒരു തപസ്വിയായുമാണ്  .

"പാരിലില്ല ഭയമെന്നു, മേറെയു-ണ്ടാരിലും കരുണയെന്നു, മേതിനും പോരുമെന്നരുളീ പ്രസന്നമായ് ധീരമായ മുഖകാന്തിയാലവൻ" (കുമാരനാശാൻ,1986: പുറം - 99)

അതോടൊപ്പം ശത്രുവിനെ ജയിക്കാൻ കോപ്പിടുന്ന രാജാവായും കല്പിക്കുന്നത് നായകൻ്റെ അധികാര സ്ഥാനത്തെ കാണിക്കുന്നു.നളിനിയിൽ നായികയെ അവതരിപ്പിക്കുന്നത് നോക്കുക.

"ശാന്തയായ്സുചിരയോഗസംയത-

സ്വാന്തയായിവിടെ മേവിയേറെനാൾ കാന്ത,

യിന്നടി തകർന്ന സേതുപോൽ ദാന്തിയറ്റു ദയനീയയായിതേ"       ( കുമാരനാശാൻ,1986: 107).

ഇങ്ങനെ നായകനിൽ മാത്രമല്ല ആരിലും കാരുണ്യം ജനിപ്പിക്കുന്നവിധം ദയനീയയായവളായി നായിക നിൽക്കുന്നു. നായികയുടെ ദയനീയത വെളിവാക്കു ന്ന തരത്തിലുള്ള ധാരാളം പ്രയോഗങ്ങളും കാണാം. 'ശ്യാനയാം തടിനിപോലെ തന്വിയാൾ' ഹൈമന സരോജമൊത്തവൾ, ഹാ, കൃശാതരുതലത്തിലിന്ദു വിന്നേകരശ്‌മിപോലെ, ദൃഷ്ടയത്നദയനീയയായവൾ ഹന്ത, ഭീരു യമിയെ തടുക്കുമോ? കുമ്പിടുന്നഗതിയാ യ ദാസി ഞാൻ എന്നിങ്ങനെയുള്ള പ്രയോഗങ്ങൾ നായികയെ അനുകമ്പനീയയാക്കി തീർക്കുന്നു. എന്നാൽ നായകനായ ദിവാകരനെ ഉദ്ഫുല്ലബാലരവി പോലെ കാന്തിമാനും,ധ്യാനശീലനും,ധന്യത തികഞ്ഞ സർവ്വഭൗമനായും ഒന്നിനെയും ഭയക്കാത്തവനും എന്നാൽ ആരിലും കരുണ കാണിക്കുന്നവനും ഏതിനും പോന്നവനാണെന്നുമുള്ള തരത്തിൽ അവതരിപ്പിക്കുന്നു. യതി, യമി മുതലായ പ്രയോഗ ങ്ങൾ മനസ്സിന്റെ അടക്കത്തെ, അചഞ്ചലതയെ സൂചിപ്പിക്കുന്നു.അങ്ങേയറ്റത്തെ കാരുണ്യവാനായിട്ടാണ് ദിവാകരനെ കവി അവതരിപ്പിക്കുന്നത്.ഇവിടെ സ്ത്രീയോട് ഒരു അധികാരസ്ഥാനത്തു നിന്നുകൊണ്ട് കരുണ കാണിക്കേണ്ടവനായി പുരുഷനെ അവതരി പ്പിക്കുന്നു.എന്നാൽ പിന്നീട് അധികാരസ്ഥാനത്തു നിന്നും ഇറങ്ങിവരുന്ന നായകനെകാണാം.അവസാനം, നളിനി തൻ്റെ പ്രിയനായ ദിവാകരന്റെ മാറിടം ചരമശയ്യയാക്കിതീർത്ത സന്ദർഭത്തെപ്പറ്റി ദിവാകരന്റെ വാക്കുകൾ ഇപ്രകാരമാണ് 'കുഞ്ഞ് അതിൻ്റെ തള്ളയുടെ മാറിൽ സ്നേഹത്തോടെ ഉറങ്ങാൻ വന്നണഞ്ഞപോലെയാണ് നിന്റെയീശ്രമം. അതു നിരസിച്ചിരിക്കിൽ ഞാനെത്ര സാഹസികനാ കുമായിരുന്നു. ഈ ഭോഗമയമായ ലോകത്തിൽ സമഗ്രത്യാഗം ആർക്കുണ്ടാവാം. അങ്ങനെയുള്ള ലോകത്തെ ഇത്രവേഗം വെടിഞ്ഞ നീ ഭാഗ്യവതി തന്നെ. ബൗദ്ധദർശനത്തിലെ തൃഷ്ണ‌യുടെ മോചനം തന്നെയാണിവിടെ കവി അർത്ഥമാക്കുന്നത്. നിനക്കിനി ദുഃഖമില്ല ഞാനും ദുഃഖിക്കയില്ല. നീ വിടുന്ന ഈ ലോകമാണ് അത്യന്തം ദയനീയം എന്നും ഇവിടെ പറയുന്നു. പിന്നീട്, നളിനിയിൽനിന്നു പാഠമുൾക്കൊണ്ട് ലോകക്ഷേമത്തിനായി സ്വയം സമർപ്പിച്ച് ആ യമി നിത്യസുഖം പ്രാപിച്ചതിനെ പറഞ്ഞു കൊണ്ട് കാവ്യം അവസാനിക്കുന്നു. തന്നിൽ നിന്നു കാരുണ്യം യാചിച്ച നളിനിയിൽനിന്നും സ്വയം     പാഠമുൾക്കൊണ്ടാണ്

അവസാനം ദിവാകരയോഗി ലോകസേവനം തെരഞ്ഞെടുത്ത് പരമമായ സത്യം തേടുന്നത്. യമിയായ ദിവാകരനു മുമ്പെ പരമമായ പദം പ്രാപിക്കുന്ന നളിനി സത്യത്തിൽ ദിവാകരനെ ലജ്ജിപ്പിക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ കാരുണ്യം/അനുകമ്പ പ്രവഹിക്കുന്നത് പുരുഷനിൽ നിന്ന്  സ്ത്രീയിലേക്ക് ,മേലാളനിൽ നിന്ന് കീഴാളനിലേക്ക് എന്നതിനപ്പുറം മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് എന്നതാണ് ആശാൻകവിത പഠിപ്പിക്കുന്നത്.

കരുണ

 

കരുണാകാവ്യത്തിൽ കുടുംബത്തിനു പുറത്തുള്ള സർവ്വതന്ത്രസ്വതന്ത്രയായ ഒരു സ്ത്രീയായിട്ടാണ് വാസവദത്തയെ അവതരിപ്പിച്ചിട്ടുള്ളത്. 'കഞ്ജ ബാണൻ തൻ്റെ പട്ടംകെട്ടിയ രാജ്ഞിയെപ്പോലെ “ ഇരിക്കുന്ന അവളിൽ മാദകസൗന്ദര്യത്തിന്റെ വഴിഞ്ഞൊഴുക്ക് മാത്രമല്ല കവി കാണിച്ചുതരുന്നത്. അക്ഷമയോടെയാണ് ആ ഇരിപ്പെങ്കിലും ഒരു സ്ത്രീയെന്ന നിലയിൽ അങ്ങേയറ്റം സ്വാതന്ത്ര്യവും ആത്മവിശ്വാസവും പുലർത്തുന്നതായികാവ്യത്തിൽ സൂചിപ്പിക്കുന്നുണ്ട്.ഒരു വേശ്യാസ്ത്രീ ആയതുകൊണ്ടാണ് അവൾക്കിഷ്ടം തോന്നിയ ഒരു പുരുഷനോട് വരാൻ പറയാൻ സ്വാതന്ത്ര്യം ലഭിക്കുന്നത്. അയാൾ വരുമെന്നതിൽ ആത്മവിശ്വാസവും പ്രകടമാക്കു ന്നുണ്ടവൾ.

"എനിക്കു സന്ദേഹമില്ലയിക്കുറിയോർക്കിലപ്പുമാൻ മനുഷ്യനാണല്ലോ, നീയും ചതുരയല്ലോ"

                                (കുമാരനാശാൻ,1986:41)

എന്നത് അവളിലെ താൻപ്പോരിമയെ തന്നെയാണ് സൂചിപ്പിക്കുന്നത്. കുടുംബം എന്ന സ്ഥാപനരൂപമാണ് സ്ത്രീയുടെ സ്വാതന്ത്ര്യത്തെ വിലങ്ങിടുന്നതെന്നതിനാൽത്തന്നെയാവാം കുടുംബത്തിനു പുറത്തു നിൽക്കുന്ന വാസവദത്ത മറ്റു നായികമാരിൽനിന്നും ഭിന്നമാവുന്നു. അവളെ നിയന്ത്രിക്കാൻ കുടുംബത്തിന്റെ അധികാരരൂപങ്ങളൊന്നുമില്ല. എന്നാൽ, 'കുലനയവിരുദ്ധമായി അവളിൽ അങ്കുരിച്ച .അനുരാഗത്തെ തല്ക്കാലം കണ്ടില്ലെന്നു നടിക്കാനേ അവളിലെ ലോകബോധത്തിനും കഴിയുമായിരുന്നുള്ളൂ. ആ ലോകബോധത്തിൻ്റെ ഭാഗമായതു കൊണ്ടുതന്നെയാണ് തോഴിയും അവളെ ആ പ്രണയത്തിൽ നിന്നു വിലക്കുന്നത്.അധികാരത്തിൻ്റെയും.സമ്പന്നതയുടെ യും പ്രതീകമായ ഒരു വണിഗ്വരൻ അവളുടെ മലർ മുറ്റത്ത് വന്നിറങ്ങുന്നതോടെ, ‘കരപറ്റിനിന്നു വീണ്ടും കുണുങ്ങിത്തൻ…. നടന്നു പോയി‘ എന്നാണ് കവി പറയുന്നത്. ഇവിടെ അവളിലെ ലൗകികസുഖഭോഗാ സക്തികൊണ്ടോ ഉപഗുപ്തനോടുള്ള .പ്രണയമില്ലായ്‌മ കൊണ്ടോ അല്ല ഇതു സംഭവിക്കുന്നതെന്ന് കാണാം.വാരനാരിയിൽ നിന്ന് സമൂഹം ആവശ്യപ്പെടുന്ന 'കുലമര്യാദ'യിൽ അവളും ബന്ധിതയാണെന്ന് സൂക്ഷ്‌മവായനയിൽ കാണാം.അവിടെ സാമ്പത്തികമായ ഒരു അധികാരം പ്രവർത്തിക്കുന്നു.ആ.അധികാരത്തിൻ്റെ.സമ്മർദ്ദംതന്നെയാവണം തൊഴിലാളിത്തലവനെ .കൊലപ്പെടുത്തുന്നതിലേക്കും.നയിച്ചിട്ടുള്ളത്.അവളുടെ .പ്രണയത്തെ സ്വീകരിക്കാൻ 'സമയ‘മായില്ലെന്നാവർത്തിച്ച സന്യാസാധികാരം കൂടി അവിടെ   കാണാം.ഇങ്ങനെ നിലവിലുള്ള സാമൂഹികാധികാരങ്ങൾ സ്ത്രീയുടെ ജീവിതത്തിനുമേൽ പ്രവർത്തിക്കുന്നുണ്ടെന്നുള്ളതും ഇവിടെ കാണേണ്ടതാണ്.

ലീല

കുടുംബത്തിലെ പിതൃഅധികാരത്തിൻ്റെപ്രവർത്തന ത്താൽ കശക്കിയെറിയപ്പെട്ട ഒരു ജീവിതമാണ് ലീല യിൽ ആവിഷ്കൃതമാവുന്നത്. ഉദയപുരത്തിലെ വർത്തകപ്രമുഖനായ അർത്ഥപാലകൻ തന്റെ അതിസുന്ദരിയായ മകൾ ലീലയെ വിജയപുരത്തിലെ വർത്തകമുഖ്യൻ്റെ പുത്രവധുവായി നൽകുകയായിരുന്നു. ഇവിടെ ലീലയുടെ മനസ്സറിയാതെ ചെയ്ത പ്രവർത്തിയാണെങ്കിലും അതവളെ തീരാദുഃഖത്തിലാഴ്ത്തുകയായിരുന്നു ഫലം.

‘’ഗുരുജനവചനം,കുലക്രമം, തരുണികൾ തന്നുടെയസ്വതന്ത്രത കരുതിയിവ മറച്ചു കാമിതം കരുമനപൂണ്ടിവൾ കാട്ടിലൗകികം“ (1986; പുറം. 25)

ഇവിടെ, ഗുരുജനവചനത്തെയും കുലക്രമത്തെയും ചോദ്യം ചെയ്യാൻ കഴിയാത്ത തരത്തിൽ അസ്വതന്ത്ര യാണ് സ്ത്രീ എന്നതുകൊണ്ടുതന്നെയാണ് അവൾ ക്ക് തൻ്റെ ഇഷ്‌ടം തുറന്നുപറയാൻ കഴിയാതിരുന്നത്. സ്ത്രീയ്ക്ക് തന്റെ മനസ്സ്തുറന്ന്  കാണിക്കാൻപോലും സ്വാതന്ത്ര്യമില്ലാത്തവിധം പിതൃഅധികാരവ്യവസ്ഥ ശക്തമായിരുന്നു അന്ന് എന്നത് വ്യക്തമാണ്.

"തരുമനുമതി താതനിങ്ങുകാലം വരുവതിനൊന്നിവൾ നാഥ, കാത്തിരുന്നേൻ, ഗുരുജനഭയപഞ്ജരസ്ഥ കഷ്‌ടം! പരനഥപൈങ്കിളിപോലെ ദത്തയായേൻ"

                                    (1986: പുറം -211)

എന്നിങ്ങനെയാണ് അന്നത്തെ തൻ്റെ അവസ്ഥയെ ക്കുറിച്ച് അവൾ പിന്നീട് മദനനനോട് മനസ്സുതുറക്കു ന്നത്.ഭയമാകുന്ന കൂട്ടിലടയ്ക്കപ്പെട്ട പൈങ്കിളിയെപ്പോലെയാണവൾ മറ്റൊരാൾക്ക് നൽകപ്പെട്ടത്. തന്റെ ഇംഗിതം പറയാനുള്ള .അവസരംപോലും അവൾക്കു നിഷേധിക്കപ്പെട്ടു. ഇങ്ങനെ മറ്റൊരാൾക്കു നൽകപ്പെടുംവരെ താൻ മദനനു തുല്യയെന്ന് അഭിമാനിച്ചിരുന്നു. എന്നാൽ അതിനുശേഷം, അല്ലയോ അമൂല്യരത്നമേ, താൻ മനസ്സുറപ്പില്ലാത്ത ദയനീയദാസി മാത്രമാണ് എന്നാണവൾ ഈ സന്ദർഭത്തിൽ പറയുന്നത്.പിതാവിനാൽ നൽകപ്പെട്ട പതിയോടവൾക്ക് ഭയം മാത്രമേഉ ണ്ടായിരുന്നുള്ളൂ.അയാൾ യോഗ്യനും ഗുണവാനും സ്നേഹസമ്പന്നനുമെല്ലാമായിരുന്നെങ്കിലും തീരാത്ത ആധിമാത്രമാണവൾക്ക് നൽകിയത്. പതിവ്രതമാർ ഒരു പുരുഷൻ്റെ ഗുണഗണങ്ങളെ മാത്രമേ കാണുകയുള്ളൂ എന്നും പലരുടെയും ഗുണങ്ങളെ നിരീക്ഷിച്ച് താരതമ്യം ചെയ്ത് വരിക്കാൻ സതികൾക്കു കഴിയില്ലെന്നും അവൾ വ്യക്തമാക്കുന്നുണ്ട്. ഇവിടെ സ്ത്രീയെ സംബന്ധിച്ച ലോകബോധം തന്നെയാണ് ലീലയെയും നയിക്കുന്നത്. എങ്കിലും ‘യുവജന ഹൃദയം സ്വതന്ത്രമാണവരുടെകാമ്യപരിഗ്രഹേച്ഛയിൽ‘ എന്നതിന് ആശാന് രണ്ടു പക്ഷമില്ല എന്ന് ലീലയും തെളിവു തരുന്നുണ്ട്. പിതാവിനോടുള്ള കടപ്പാടും ഭർത്താവിനോടുള്ളെ വിധേയത്വവും പുലർത്തി പോന്ന അവൾ ഒരനുകൂല സാഹചര്യം കിട്ടിയപ്പോൾ സ്വതന്ത്രയും സാഹസികയുമായ കാമുകിയായി മാറുന്നു.പ്രേമസാഫല്യത്തിനായ്സ്വയംബലിയാകാനും അവൾ മടിക്കുന്നില്ല. മരണത്തിലായാലും ജീവിതത്തിലായാലും സ്വയം നിർണയാവകാശമുള്ള സ്ത്രീകളായി ആശാൻ്റെ നായികമാർ മാറുന്നുണ്ട്.

 

ആത്മീയതയടക്കമുള്ള രംഗങ്ങളിൽ സ്ത്രീ-പുരുഷ തുല്യത ആദ്യമായി അനുവദിച്ച ബുദ്ധദർശനങ്ങളുടെ സ്വാധീനം കേരളനവോത്ഥാനത്തിൽ പ്രകടമാണ്. അതിൻ്റെ ഏറ്റവും വലിയ തെളിവായി ആശാൻ കവിതകളിലെ സ്വതന്ത്രമായ സ്ത്രീ-പുരുഷബന്ധനിർമ്മിതിയെ കാണാവുന്നതാണ്. സ്നേഹം, കാരുണ്യം തുടങ്ങിയ ഘടകങ്ങൾ അതിൽ ഉള്ളടങ്ങിയിട്ടുള്ളതായും കാണാം. പാശ്ചാത്യഅധിനിവേശ ആശയങ്ങൾ എന്നതിനപ്പുറം ബുദ്ധമതത്തിലെ മാനവികതയിലധിഷ്ഠിതമായ തുല്യതയുടെതും കാരുണ്യത്തിന്റേതുമായ ആദർശങ്ങളെ സ്ത്രീ-പുരുഷബന്ധത്തിനകത്തേക്കു കൊണ്ടുവന്നു. അത് നിലവിലുളള അധികാരരൂ  പങ്ങളെ വെല്ലുവിളിച്ചുകൊണ്ടായിരുന്നു എന്ന താണ് ആശാൻ തന്റെ കവിതകളിലെ കഥാപാത്ര സൃഷ്‌ടിയിലൂടെ ചെയ്‌തുവെച്ചത്. ഇങ്ങനെ പിതൃ അധികാരത്തെയും ജാത്യധികാരത്തെയുംമറികടന്ന് സ്വന്തം സ്വത്വം തേടുന്ന സ്ത്രീ-കീഴാളപാത്രനിർമ്മിതി യിലൂടെ കാലത്തിനു മുമ്പേ നടന്ന കവിയായി ആശാൻ മലയാളകാവ്യചരിത്രത്തിൽ ഇടംനേടി.മനുഷ്യത്വരഹിതമായ ജാതി മുതലായ അനീതികൾക്കും സ്ത്രീ - കീഴാളവിരുദ്ധതയ്ക്കും അസമത്വങ്ങൾക്കുമെതിരെ നവോത്ഥാനമാനവികദർശനങ്ങളായ സ്നേഹം, സമത്വം, സ്വാതന്ത്ര്യം,സാഹോദര്യംഎന്നിവ യെല്ലാം ഉള്ളടങ്ങുന്ന കാരുണ്യത്തെയാണിവിടെ ആശാൻ മുന്നോട്ടുവെയ്ക്കുന്നത്.

കുറിപ്പുകൾ

1“പുണ്യശാലിനീ, നീ പകർന്നീടുമീത്തണ്ണീർ തന്നുടെയോരോരോ തുള്ളിയും അന്തമറ്റ സുകൃതഹാരങ്ങൾ നി -ന്നന്തരാത്മാവിലർപ്പിക്കുന്നുണ്ടാവാം"

                                 (കുമാരനാശാൻ,1986:  659).

2.Engels, The origin of family, private property and the state, 1983, P-58)

3. Engels, The origin of family, private property and the state, 1983,

 സഹായക ഗ്രന്ഥസൂചി

1 കുമാരനാശാൻ, 1986 :കുമാരനാശാൻ്റെ സമ്പൂർണ്ണപദ്യകൃതികൾ. കോട്ടയം, സാഹിത്യ പ്രവർത്തക സഹകരണ സംഘം

2.ഗീത പി.   2000 : സ്ത്രീവിമോചനമെന്നാൽ മനുഷ്യ വിമോചനം,തിരുവനന്തപുരം,ചിന്ത പബ്ലിഷേഴ്സ്

3. ജോസഫ് മുണ്ടശ്ശേരി,   1971 : ആശാൻ കവിത ഒരു പഠനം, കോട്ടയം, കറൻ്റ് ബുക്സ്

4.ലീലാവതി  എം. 2012: നവകാന്തം,കോട്ടയം, സാഹിത്യ പ്രവർത്തക സഹകരണ സംഘം

5.ലീലാവതി  എം. 1996 : മലയാള കവിതാ സാഹിത്യ ചരിത്രം,  തൃശ്ശൂർ, കേരള സാഹിത്യ അക്കാദമി

6. Frederick Engels, 1883: The origin of family, private property and state, Zurich,  Hottingen

Dr. Rugmini. K

Senior Fellow

CESCM

Vakkad

Tirur

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
ചീഫ് എഡിറ്റര്‍
ഡോ. ബി. ശ്രീകുമാർ സമ്പത്ത്



സ്റ്റുഡന്‍റ് എഡിറ്റര്‍
രതീഷ്
Fkv. 

ഇഷ്യു എഡിറ്റർ

ഡോ. ശ്രീലക്ഷ്മി എസ്. കെ.

FUntäm-dnb t_mÀUv 
AwK§Ä
ഡോ. കെ. റഹിം
ഡോ. സജീവ്കുമാർ എസ്.
ഡോ. ശ്രീലക്ഷ്മി എസ്.കെ.
ഡോ. രാമചന്ദ്രൻ പിള്ള എം.
ഡോ. അമ്പിളി ആർ.പി.
ഡോ. സംഗീത കെ.
ബിന്ദു എ.എം.

ഷീന എസ്.
ഡോ. കാരുണ്യ വി. എം.
അസോസിയേറ്റ് എഡിറ്റേഴ്സ്
ഡോ.ലാലു വി. , യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം
ഡോ.ഗംഗാദേവി എം., ഗവ. കോളേജ്, നെടുമങ്ങാട്, 
ഡോ.സേതുലക്ഷ്മി എം.എസ്. 
ഗവ.കോളേജ് ,നെടുമങ്ങാട്
Publishers Name:          
Dr.B.SREEKUMAR SAMBATH
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996          

Unssk³ & te Hu«vv
cXojv Fk.v

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2026

bottom of page