കെ.പി.എ.സി. നാടകഗാനങ്ങളിലെ ഫോക്ലോർ സാന്നിധ്യം
Updated: Jun 27
രമ്യ സി.

പ്രബന്ധസംഗ്രഹം
സാമൂഹികവും സാമ്പത്തികവും സാങ്കേതികവുമായി ഒരുപാടു മുന്നേറി കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. മനുഷ്യൻ്റെ കടന്നുകയറ്റവും വിവര സാങ്കേതികവിദ്യയുടെ അതിപ്രസരവും മൂലം വൈവിധ്യമാർന്ന സാംസ്‌കാരിക അപചയങ്ങളും അറിഞ്ഞോ അറിയാതെയോ സംഭവിക്കുന്നുണ്ട്. നഷ്ടപ്പെടുകൊണ്ടിരിക്കുന്ന സാംസ്‌കാരിക മുദ്രകളെ തിരിച്ചുപിടിക്കേണ്ടതിൻ്റെ ആവശ്യകതയിൽ നിന്നും ഉടലെടുത്ത ചിന്താപദ്ധതിയാണ് നാടൻ സംസ്‌കാര പഠനം. മനുഷ്യൻ്റെ ജൈവികതയുടെ ഉറവിടം കണ്ടെത്തുന്നതിനുള്ള പഠനമേഖലയാണിത്. സാംസ്കാരിക കേരളത്തിലെ ഒരു കാലഘട്ടത്തെ പ്രതിനിധാനം ചെയ്ത കെ പി എ സി നാടകഗാനങ്ങളെ ഈ വിജ്ഞാന പദ്ധതിയിലൂടെ വിലയിരുത്തുന്നതാണ് ഈ പ്രബന്ധം. നാടകാവതരണങ്ങളിലെ വിരസത മാറ്റാനോ പ്രത്യയശാസ്ത്ര പ്രചരണത്തിനോ മാത്രമല്ല കെ പി എ സി, ഗാനങ്ങൾ ഉൾപ്പെടുത്തിയത്. കടന്നുപോയ കാലഘട്ടത്തിൻ്റെ ചരിത്രം കൂടി അവ രേഖപ്പെടുത്തുന്നുണ്ട്.
താക്കോൽവാക്കുകൾ: വൈജ്ഞാനികത, ഫോക് ലോർ, പ്രത്യയശാസ്ത്രം, സംസ്കാരം.
അനുഷ്ഠാനങ്ങൾ, വിശ്വാസങ്ങൾ, കഥാഗാനങ്ങൾ, പഴഞ്ചൊല്ലുകൾ തുടങ്ങിയ പ്രാക്തനകാല വിജ്ഞാനത്തെ മുഴുവൻ സൂചിപ്പിക്കുവാൻ 'ഫോക്‌ലോർ' എന്ന പദംകൊണ്ടു സാധിക്കുമെന്ന് വില്യം ജോൺതോംസ് വ്യക്തമാക്കി (1996:14). ജനകീയപ്പഴമ എന്നു സൂചിപ്പിച്ചിരുന്ന നാടൻവിജ്ഞാനത്തെ അദ്ദേഹം ഫോക്‌ലോർ എന്നു വിശേഷിപ്പിച്ചത് 1846 ലാണ്. ജനസംസ്‌കാരത്തെയാണ് ഈ പദം കൊണ്ടർത്ഥമാക്കുന്നത്. സമൂഹത്തിലെ അപരിഷ്കൃതരാണു 'ഫോക്' എന്ന വിഭാഗത്തിൽ ഉൾപ്പെടുന്നത്. അവർ നിരക്ഷരരും പാരമ്പര്യം കാത്തുസൂക്ഷിക്കുന്നവരുമാണ്. പാർശ്വവത്ക്കരിക്കപ്പെട്ട അത്തരം വിഭാഗത്തിന് ഏകീകൃത ഭാവമായിരിക്കും ഉണ്ടാവുക. ഇതിൻ്റെ അടിസ്ഥാനത്തിൽ നിരീക്ഷിക്കുമ്പോൾ കെ പി എ സി നാടകഗാനങ്ങളിലെ സന്ദർഭങ്ങളെല്ലാം ഫോ ലോറിൻ്റെ പരിധിയിൽ വരുന്നുണ്ട്. ജാതീയമായും സാമ്പത്തികമായും അവർ അടിമത്തത്തിലാണ് നിലനിൽക്കുന്നത്. പാടത്തും പറമ്പിലും അധ്വാനിക്കുന്നതും അതിനിടയിൽ പാട്ടുപാടുന്നതും പ്രതിസന്ധികൾ അതിജീവിക്കുന്നതും ഒരേ വികാരത്തോടെയാണ്. ഇത്തരത്തിൽ സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ പ്രതിനിധാനം ചെയ്യുന്നവരെ നാടകഗാനങ്ങളിൽ കാണാം. കൃഷിക്കാർ, ശില്പികൾ, കല്പണിക്കാർ എന്നിങ്ങനെ അവരവരുടെ പണികളിൽ വ്യാപൃതരാകുമ്പോൾ ഓരോ ചെറു സമൂഹമായി (ഫോക്) മാറുന്നു. ഈ ചെറു സമൂഹങ്ങൾക്കു പിൽക്കാലത്തു ഘടനയിൽ പല മാറ്റങ്ങളും സംഭവിക്കുന്നു. നാടൻ സമൂഹങ്ങളുടെ ജീവിത സംസ്കാരത്തിൽ അവരുടെ ജീവിതവൃത്തികളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഉൾപ്പെടും. ആചാരാനുഷ്ഠാനങ്ങൾ, പാട്ടുകൾ, കഥകൾ, കലകൾ, വസ്ത്രധാരണം, ബന്ധങ്ങൾ, ഭക്ഷണക്രമങ്ങൾ, കൈതൊഴിലുകൾ, ഐതിഹ്യങ്ങൾ, പുരാവൃത്തങ്ങൾ എന്നിവയെല്ലാം ഉൾച്ചേർന്നതാണു സംസ്കാരപഠനം.
മുടിയനായ പുത്രൻ എന്ന നാടകത്തിലെ 'അരയരയോ കിങ്ങിണിയരയോ....' എന്ന ഗാനം കേരളത്തിന്റെ പഴയകാല ചിത്രങ്ങൾ വ്യക്തമാക്കുന്ന ഒന്നാണ്. നാടൻ പാട്ടിൻ്റെ ഈണവും താളവും നാടൻ ജീവിതത്തിൻ്റെ ഭാഷയും അതിൽ ഇണങ്ങുന്നുണ്ട്. ഇതിലെ 'കൊവരപ്പൂ' എന്നത് ഇന്നു സാധാരണ ഉപയോഗിച്ചു കാണുന്നില്ല. പ്രകാശത്തോടെ കത്തുന്ന വസ്തുവാണിത്. ആഘോഷവേളകളിൽ കത്തിക്കുന്ന പൂത്തിരി പോലെയുള്ളത്. കേരളത്തിലെ ആഘോഷവേളകളിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നായിരുന്നു വായ്ക്കുരവ. മംഗള കാര്യങ്ങൾ തുടങ്ങുന്നതിനു മുമ്പ് സ്ത്രീകളാണ് വായ്ക്കുരവയിടുക. ഇന്ന് അപൂർവമായി മാത്രമാണ് ഇത് കാണുന്നുള്ളൂ. സംഭാഷണ മട്ടിലാണ് ഈ ഗാനം അവതരിപ്പിച്ചിരിക്കുന്നത് കുരുവിപെണ്ണും കുട്ടിതത്തയുമെല്ലാമാണ് കഥാപാത്രങ്ങൾ.
അമ്മൂമ്മയെന്തെല്ലാം തന്നു തത്തേ !
അഞ്ഞാഴി നെല്ലിൻ്റെ മുത്തവില്
കൃഷിയും നെല്ലും പ്രധാന വിളയായിരുന്ന അക്കാലത്തെ പലഹാരത്തിനും വിശപ്പടക്കാനുമുള്ള ഒന്നായിരുന്നു അവിൽ. നെല്ല്, അരി, അവിൽ എന്നിവ കൈമാറ്റം ചെയ്തിരുന്ന കാലഘട്ടം കൂടിയായിരുന്നു. (പുരാണത്തിലെ കുചേലൻ കൃഷ്ണന് സമ്മാനമായി കൊണ്ടുപോയതും അവിൽ ആയിരുന്നുവല്ലോ). തത്തയുടെ ഭക്ഷണത്തെ പറ്റി ചോദിക്കുമ്പോൾ, 'ആഞ്ഞിലിക്കുരു രണ്ടു വറുത്തു തിന്നു!' ആഞ്ഞിലി ഒരുകാലത്തു സാധാരണക്കാർ വീട് നിർമ്മാണത്തിന് ഉപയോഗിക്കുന്ന പ്രധാന മരം കൂടിയായിരുന്നു. ആരിയൻ കൊയ്യുന്ന കൊയ്ത്തുകാരും കോയിക്കൽ തമ്പുരാനും കാലഘട്ടത്തെ ഒന്നുകൂടി വ്യക്തമാക്കുന്നു.
കോയിക്കൽ തമ്പുരാൻ തന്തോയം കൊണ്ടാലും
കോരന് കുമ്പിളിൽ കഞ്ഞിയാണേ
എന്നത് 'ഓണം വന്നാലും ഉണ്ണി പിറന്നാലും കോരന് കുമ്പിളിൽ തന്നെ കഞ്ഞി' എന്ന നാടൻ ചൊല്ലിനെ ഓർമ്മിപ്പിക്കുന്നു. നാടൻ ജീവിതക്രമങ്ങളും ഭക്ഷണങ്ങളും വ്യക്തമാകുന്ന മറ്റൊരു ഗാനം ഇതേ നാടകത്തിലുണ്ട്. ' എന്നമ്മേ കൊച്ചുതുമ്പീ....' എന്നു തുടങ്ങുന്ന ഗാനത്തിൽ
പുത്തരീം അവിലുമുണ്ട്
കുച്ചരീം തവിടുമുണ്ട്
ചുട്ട കെഴങ്ങുമുണ്ട്
അച്ചിങ്ങാ കറിയുമുണ്ട്
കുച്ചരിയെന്നത്, തീരെ ചെറിയ അരിയെന്നയർത്ഥത്തിലാണ്. അരി മുറത്തിലിട്ടു ചേറിക്കൊഴിച്ചെടുക്കുന്ന മുറിഞ്ഞ അരിമണികളാണ് . ഇത് ഉപ്പുമാവ് പോലെയുള്ള പലഹാരങ്ങൾ ഉണ്ടാക്കാൻ ഉപയോഗിച്ചിരുന്നു. അക്കാലത്ത് ചുട്ടും പുഴുങ്ങിയും കഴിച്ചിരുന്ന കിഴങ്ങു വർഗ്ഗങ്ങളാണു ചെറുകിഴങ്ങ്, കപ്പ എന്നിവ. നെല്ല് അല്ലെങ്കിൽ അരിയുടെ കുറവുമൂലം വിശപ്പ് അടക്കിയിരുന്നത് സ്വന്തം പറമ്പിലും മറ്റും കൃഷി ചെയ്തിരുന്ന ഇത്തരം കിഴങ്ങു വർഗ്ഗങ്ങൾ കൊണ്ടാണ്. കിഴങ്ങ് എന്നാൽ ഇന്ന് ഉരുളക്കിഴങ്ങാണ്. ഇന്നത്തെ പോലെ ഉരുളക്കിഴങ്ങിന് കേരളത്തിൽ അത്ര പ്രചാരം ലഭിച്ചിരുന്നില്ല. അച്ചിങ്ങ കറി അക്കാലത്തെ അധിക വിഭവമായി കരുതാം. ഈ പാട്ട് കേരളത്തിൻ്റെ പാരമ്പര്യം വെളിപ്പെടുത്തുന്ന തുമ്പി തുള്ളലിന്റെ ഈണത്തിലാണ് ഒരുക്കിയിരിക്കുന്നത്.
പുതിയ ആകാശം പുതിയ ഭൂമി എന്ന നാടകത്തിലെ ' ചാഞ്ചാടുണ്ണി ചരിഞ്ഞാടുണ്ണി..' എന്ന പാട്ടിൽ
പാലടയുണ്ട് പഴം നുറുക്കുണ്ട് പാൽ -
പ്പായസമുണ്ട് നീയാടാട്....
എന്ന വരികളിൽ നിന്നും പാലടയും പഴം നുറുക്കും 'കോമ്പിനേഷനായി' കഴിച്ചിരുന്ന കാലം വ്യക്തമാകുന്നു. തിരുവിതാംകൂർ വിഭവമായ ബോളിയും പാലടയും കേരളത്തിൽ പ്രചാരമായതുപോലെ പാലടയും പഴം നുറുക്കുമാണ് അന്നത്തെ പ്രധാന വിഭവമെന്നു മനസ്സിലാക്കാം.
പ്രകൃതിയെ അമ്മയായി കരുതുന്ന സംസ്കാരമാണ് നമ്മുടേത്. കടലമ്മ, തത്തമ്മ, മയിലമ്മ എന്നിങ്ങനെ പ്രകൃതി വിഭവങ്ങളെയും ജീവജാലങ്ങളെയും കഥകളിലും പാട്ടുകളിലും പരാമർശിക്കാറുണ്ട്. ഇതേ നാടകത്തിലെ 'പാൽക്കുടമൊക്കത്തേന്തി....' എന്ന പാട്ടിലെ ചരണത്തിൽ
അക്കരെ ഞങ്ങടെ വയലമ്മക്കൊരു
നൃത്തം കാണാൻ മോഹം
എന്നതിലെ വയലമ്മ എന്ന പ്രയോഗം വിള തരുന്ന വയലിനോടുള്ള സ്നേഹവും ബഹുമാനവും സൂചിപ്പിക്കുന്നു. 'ആഞ്ഞിലിപ്പഴം പൊഴിഞ്ഞേ ...' എന്ന പാട്ടിലെ
ഉള്ളം കൈകളിലെന്തുണ്ട്
ഉഴക്ക് പൊന്മണി വിത്തുണ്ട്
അവില് കൊറിക്കാൻ കൊതിച്ചിരിക്കും
വയലമ്മയ്ക്ക് കൊടുക്കാലോ തെയ്യ തെയ്യാ ത്താരാ
എടങ്ങാഴി, നാഴി, ഉരി, ഉഴക്ക് എന്നിങ്ങനെയുള്ളതിൽ ഉഴക്ക് എന്നത് ഏറ്റവും ചെറിയ അളവാണ്. ഇവിടെയും വയലമ്മയെ കാണാം. തുടർന്നുള്ള വരികളിൽ കേരള സ്ത്രീകളുടെ വസ്ത്രങ്ങളെ പറ്റിയുള്ള പരാമർശങ്ങളും കാണുന്നുണ്ട്. പുളിയില, പുള്ളിപ്പുടവ എന്നിവയാണ് അക്കാലത്തെ പ്രധാന വേഷവിതാനങ്ങൾ. ശരശയ്യ എന്ന നാടകത്തിലെ 'വെളുത്ത വാവേ വെളുത്ത വാവേ....' എന്ന ഗാനത്തിലെ ചരണത്തിലെ വരികൾ
പാതിരാപ്പെണ്ണിനു മേനിയിലണിയാൻ
പാലയ്ക്കാമോതിരമോ
പകലിളവെയിലിനു ഞൊറിഞ്ഞുടുക്കാൻ
പുളിയിലക്കരയൊന്നരയോ ?
പാലക്കാമോതിരവും പുളിയിലക്കര ഞൊറിഞ്ഞുടുക്കുന്ന സവർണ്ണ സ്ത്രീ ചിത്രമാണ് ഈ പാട്ടിൽ വ്യക്തമാകുന്നത്.
വന്നു കരിമുകിൽ മേലെ - മഴ
വില്ലു കുലച്ചു മുറിക്കാൻ
കന്യകയെ കൈക്കൊള്ളാൻ നീയോ
കാണാതെങ്ങോ നിന്നു..... (പുതിയ ആകാശം പുതിയ ഭൂമി)
കാമിനിയെ ഓർക്കുന്ന സന്ദർഭത്തിൽ രാമായണത്തിലെ സീതാസ്വയംവര സന്ദർഭത്തെ സൂചിപ്പിക്കുന്നു. പുരാണ കഥാസന്ദർഭത്തെ സൂചിപ്പിച്ചുകൊണ്ടുള്ള മറ്റൊരു ഗാനസന്ദർഭമാണ് അശ്വമേധത്തിലെ 'ഒന്നാം കൊമ്പത്തു എന്ന് തുടങ്ങുന്ന ഗാനം. പ്രണയബന്ധത്തിലായിരുന്ന നായികക്ക് കുഷ്ഠരോഗമാണെന്നു സ്ഥിരീകരിച്ചപ്പോൾ കാമുകൻ പിന്മാറുന്ന സന്ദർഭത്തെ
നീളൻ ദർഭക്കതിരുകൾ തിങ്ങിയ
നീലക്കാടുകൾ പൂനീട്ടി
ചൂളം കുത്തിപ്പതഞ്ഞൊഴുകും കാട്ടു-
ചോലയ്ക്കെന്തൊരു പുന്നാരം !
ദർഭ കതിരുകൾ ശകുന്തള- ദുഷ്യന്ത പ്രണയത്തെയും തുടർന്നുള്ള പ്രണയനിരാസത്തെയുമാണ് സൂചിപ്പിക്കുന്നത്. അശ്വമേധത്തിന്റെ തുടർച്ചയായ ശരശയ്യ എന്ന നാടകത്തിൽ പമ്പയുടെ തീരത്ത് എന്ന് തുടങ്ങുന്ന ഗാനം കാത്തിരിപ്പിന്റെ സൂചനകളാണ് നൽകുന്നത്.
പമ്പയുടെ തീരത്ത് പഞ്ചമി നിലാവത്ത്
പണ്ടൊരു കന്യക തപസ്സിരുന്നു
കന്യകയവളൊരു ഒരു കായാമ്പൂവർണ്ണനെ
കല്യാണമാലയിടാൻ കൊതിച്ചിരുന്നു
മാളികപ്പുറത്തമ്മ അയ്യപ്പനെ വിവാഹം ചെയ്യാൻ ആഗ്രഹിച്ചതും തുടർന്നുള്ള കാത്തിരിപ്പുമാണ് ഗാനത്തിൽ അവതരിപ്പിക്കുന്നത്.
ഒരേസമയം സമൂഹത്തിൻ്റെ രണ്ട് വ്യത്യസ്ത അവസ്ഥകൾ ചിത്രീകരിക്കുന്ന ഗാന സന്ദർഭമാണ് കൂട്ടുകുടുംബത്തിലെ 'മാറിൽ കുങ്കുമമാലകൾ ചാർത്തിയ...' എന്നും തുടങ്ങുന്ന ഗാനത്തിലെ ചരണത്തിലെ വരികൾ
ധനുമാസത്തിനെ ലജ്ജയിൽ മുക്കും
തിരുവാതിര കളിയറിയാമോ
കയ്യിൽ അമ്പിളിയരിവാൾ മിന്നണ
കർഷക നൃത്തങ്ങളറിയാമോ -
ധനുമാസത്തിലെ തിരുവാതിരയും തിരുവാതിരക്കളിയും സവർണ്ണ വിഭാഗത്തിന്റെ ആഘോഷങ്ങളും തുടർന്നുവരുന്ന വരികളിൽ പണിയെടുക്കുന്ന കർഷകസ്ത്രീയെയും അധ്വാനത്തെയുമാണ് സൂചിപ്പിക്കുന്നത്. അടിസ്ഥാന വർഗ്ഗത്തെയും സവർണ്ണ വിഭാഗത്തിന്റെ ജീവിതവും ഒരേ പാട്ടിൽ അവതരിപ്പിക്കുന്നതിലൂടെ സാമൂഹ്യവസ്ഥ ചിത്രീകരിക്കുകയാണ്. സ്ത്രീകൾ ആഘോഷിക്കുന്ന കേരളത്തിലെ പ്രധാനപ്പെട്ട ആഘോഷം കൂടിയാണ് തിരുവാതിര. ഇരുമ്പുമറ എന്ന നാടകത്തിൽ 'പുത്തൻ തിരുവാതിര..' എന്ന് തുടങ്ങുന്ന ഗാനത്തിലും തിരുവാതിരയുടെ പരാമർശങ്ങളും ആഘോഷങ്ങളും സ്ത്രീകളുടെ തുടിച്ചു കുളിയും കല്യാണി കളവാണി പാട്ടുമെല്ലാം പരാമർശിക്കുന്നുണ്ട്. പാഞ്ചാലി എന്ന നാടകത്തിലെ 'അമ്മാനം ചെമ്മാനം...' എന്നാൽ ഗാനത്തിൽ 'ആതിരപോലെ തിളങ്ങും..' എന്ന വരികൾ 'തിരുവാതിര നക്ഷത്രം തീക്കട്ടപോലെ' എന്ന ചൊല്ലിനെ സൂചിപ്പിക്കുന്നു. തുലാഭാരം എന്ന നാടകത്തിലെ 'അകത്തിരുന്നു തിരിതെറുത്തു ....' എന്ന ഗാനത്തിൽ തൃക്കാക്കരയും തിരുവോണത്തെയും പറ്റിയ പരാമർശമുണ്ട്. അനുരാഗഗാനം എന്ന നിലയ്ക്ക് അവതരിപ്പിക്കുന്ന ഈ ഗാനത്തിലെ ചരണത്തിലെ വരികളിൽ
തൃക്കാക്കരേ തെക്കേക്കരേ
തിരുവോണത്തിനു പോകുമ്പോൾ
തുമ്പിതുള്ളാനിരിക്കുമ്പോൾ... ഓണം എന്ന ഐതിഹ്യത്തോടൊപ്പം ഓണാഘോഷത്തോടൊപ്പം പെൺകുട്ടികളുടെ വിനോദമായ തുമ്പിതുള്ളലും പരാമർശിക്കുന്നു. രജനി എന്ന നാടകത്തിലെ 'പൂവേപൊലി പൂവേപൊലി ...' എന്നു തുടങ്ങുന്ന ഗാനത്തിൽ ' വീണേ വീണക്കുഞ്ഞേ വീണയ്ക്കെത്ര നാള്.... ' എന്ന ചോദ്യം നാവേറ്പാട്ടിനെ അനുസ്മരിപ്പിക്കുന്നു. മൂലധനം എന്ന നാടകത്തിലെ 'മണ്ണാങ്കട്ടയും കരിയിലയും കൂടി ...'തുടങ്ങുന്നു ഗാനം മണ്ണാങ്കട്ടയും കരിയിലയും കാശിയ്ക്ക് പോയ നാടൻ കഥയെ അനുസ്മരിപ്പിക്കുന്നു. പെൻഡുലം എന്ന നാടകത്തിലെ 'അന്നു ഞാനന്തിക്ക് ചന്തയ്ക്ക് പോകുമ്പം ...' എന്ന പാട്ടിൽ 'പേരെന്ത് ? പേരയ്ക്ക ! നാടേത് ? നാരങ്ങ !' എന്ന വരികൾ കുട്ടിക്കാലത്തെ വിനോദത്തെ ഓർമ്മിപ്പിക്കുന്നു.
ആലും ഇലഞ്ഞിയും പുത്തിലഞ്ഞിയും ആറ്റുവഞ്ചി തണൽകീഴും കായലും കായലിലെ ഓളങ്ങളും പൊയ്കയിലെ പൊൻമീനിനെ ചൂണ്ടുന്ന പൊന്മാനും തുടങ്ങിയ കേരളത്തിൻ്റെ മനോഹാര പ്രകൃതിവർണ്ണനയും ഗാനങ്ങളിൽ കാണാം. ഉദ്യോഗപർവ്വം എന്ന നാടകത്തിലെ 'കാലത്തെ മഞ്ഞുകൊണ്ട് ...' എന്നു തുടങ്ങുന്ന പാട്ടിൽ കേരളത്തിലെ കല്യാണ വീടുകളുടെ അലങ്കാരങ്ങളും ആഘോഷങ്ങളും ഓർമിപ്പിക്കുന്നു. മുറ്റത്ത് തീർക്കുന്ന നാലുനില പന്തലും കതിർമണ്ഡപം അലങ്കരിക്കുന്നതും മണ്ഡപത്തിൽ വെള്ള വിരിക്കുന്നതും കയ്യിലെ അഷ്ടമംഗല്യവുമായി വരുന്ന കന്യകമാരെയും സുമംഗലികളെയും വർണ്ണിക്കുന്നു. ഓഡിറ്റോറിയങ്ങളും ഇവൻറ് മാനേജ്മെൻറ് വന്നതോടെ ഇന്ന് ഇത്തരം കാഴ്ചകൾ ഗ്രാമങ്ങളിൽ പോലും കാണാനില്ല. ഭാരതീയ ശില്പ പൈതൃകത്തെയും ഭാരതീയ വസ്തുവിദ്യയെയും സ്മരിക്കുന്ന ഗാനമാണ് 'കൃഷ്ണശിലാ കലാശില്പങ്ങളേ....'എന്ന ഗാനം. തൊഴിലിന്റെ മഹത്വത്തെയും അധ്വാനത്തെയും പ്രകീർത്തിക്കുന്നു.
വൈവിധ്യമാർന്ന സസ്യ സമ്പത്തു നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ജൈവ സസ്യജാലങ്ങൾ നാടകഗാനങ്ങളിൽ ധാരാളം കാണുന്നുണ്ട്. കവിതയിലും സാഹിത്യത്തിലും കാണുന്നതിൽ നിന്നും വ്യത്യസ്തമായി മന്ദാരവും ആമ്പലും മുല്ലയും താമരയും മാത്രമല്ല കുരുക്കുത്തി മുല്ലയും ഉഷമലരിയും ( ശവംനാറി ) ഇലഞ്ഞിപ്പൂവും മാതളപ്പൂവും നീലക്കുറിഞ്ഞിയും പാട്ടുകളിൽ പരാമർശിക്കുന്നുണ്ട്. വയണ, വാക തുടങ്ങിയ ഔഷധ വൃക്ഷങ്ങളും കാവും എല്ലാം നാടകഗാനങ്ങളിലുണ്ട്. ഇത്തരത്തിൽ വൈവിധ്യമാർന്ന വൈജ്ഞാനികതലം കെ പി എ സി നാടകഗാനങ്ങൾ അവതരിപ്പിക്കുന്നു.
കേരളത്തിന്റെ ഒരു കാലഘട്ടത്തിലെ ചരിത്ര സംസ്കാരിക പ്രതിഫലനമെന്ന രീതിയിൽ കെപിഎസി നാടകഗാനങ്ങളെ വിലയിരുത്തുമ്പോൾ അവ ചരിത്രത്തിൻ്റെ അവശേഷിപ്പുകൾ മാത്രമല്ല വൈജ്ഞാനിക തലങ്ങളെ കൂടി അതി സൂക്ഷ്മമായി രേഖപ്പെടുത്തിയ അടയാളങ്ങളാകുന്നു.
കുറിപ്പ്
1 വിഷ്ണു നമ്പൂതിരി എം വി ഡോ, നാടോടിവിജ്ഞാനീയം, പുറം 14
ഗ്രന്ഥസൂചി
1 വിഷ്ണു നമ്പൂതിരി എം വി ഡോ, നാടോടിവിജ്ഞാനീയം, ഡിസി ബുക്സ് കോട്ടയം, 1996
2 ......, കെ പി എ സി നാടകഗാനങ്ങൾ, പ്രഭാത ബുക്ക് ഹൗസ്, തിരുവനന്തപുരം, 2000
3 വിഷ്ണു നമ്പൂതിരി എം വി ഡോ, കേരളത്തിലെ നാടോടിവിജ്ഞാനീയത്തിനൊരു മുഖവുര, ഡിസി ബുക്സ് കോട്ടയം, 2012
രമ്യ സി
അസിസൻ്റ് പ്രൊഫസർ ഓൺ കോൺട്രാക്‌റ്റ്
സെൻ്റ് തോമസ് കോളെജ് (ഓട്ടോണമസ് ), തൃശ്ശൂർ
കാലിക്കറ്റ് യൂണിവേഴ്സിറ്റി
email: remyac2020@gmail.com




Comments