എ ഐ കാലത്തെ സാഹിത്യം : ഒരവലോകനം
- Jun 25
- 4 min read
Updated: Jun 26
പാർവതി നായർ എൽ.

പ്രബന്ധസംഗ്രഹം
നിർമ്മിതബുദ്ധിയെന്നത് മനുഷ്യൻ നടത്തിയ വിപ്ലവകരമായ കണ്ടുപിടിത്തമാണ്. മനുഷ്യബുദ്ധി ആവശ്യമുള്ള ജോലികൾ കൃത്യതയോടെയും സമയബന്ധിതമായും ചെയ്യുന്നതിനായി രൂപകല്പന ചെയ്ത കമ്പ്യൂട്ടർ സിസ്റ്റങ്ങളെയാണ് ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് (നിർമ്മിതബുദ്ധി) എന്നു പറയുന്നത്. 'ചിന്തിക്കുന്ന യന്ത്രം' (Thinking Machine) എന്നു വിളിച്ചിരുന്ന ആശയത്തെ ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് എന്നു നാമകരണം ചെയ്തതു മുതൽ മനുഷ്യനു പകരക്കാരനാകുംവിധത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുന്നതിൽവരെ എത്തിനിൽക്കുന്ന എ.ഐ.യുടെ ചരിത്രം ഈ ലേഖനത്തിൽ വിശദീകരിക്കുന്നു. നിർമ്മിതബുദ്ധിയുടെ വളർച്ച, നമ്മുടെ ദൈനംദിനജീവിതത്തിമ്മിൽ അവർ ചെലുത്തുന്ന സ്വാധീനം, വിദ്യാഭ്യാസരംഗത്ത് എ.ഐ. വരുത്തിയ പരിഷ്‌കാരങ്ങൾ എന്നിവ ഈ ലേഖനത്തിൽ ചർച്ചചെയ്യപ്പെടുന്നു. നിർതബുദ്ധി സാഹിത്യരംഗത്തുണ്ടാക്കുന്ന സ്വാധീനം, എ.ഐ. പ്രമേയമാക്കി രചിച്ച കൃതികൾ എന്നിവയെക്കുറിച്ചും ഇതിൽ വിശദീകരിക്കുന്നുണ്ട്. ഈ സാങ്കേതികവിദ്യ സാഹിത്യരംഗത്തു സൃഷ്ടിക്കുന്ന നേട്ടങ്ങളും കോട്ടങ്ങളും ഈ ലേഖനത്തിൽ വളരെ വ്യക്തമായി പ്രതിപാദിക്കപ്പെടുന്നു.
താക്കോൽവാക്കുകൾ: നിർമ്മിതബുദ്ധി, എ.ഐ.ഇമേജ് ടൂൾസ്, ചാറ്റ്‌ബോട്ട്, മനുഷ്യഭാവന, റോബോട്ട്, യന്ത്രബുദ്ധി, സാമരംഗണസൂത്രധാര, ഓട്ടോമാറ്റ, ജിപിടി-3.
മനുഷ്യനെപ്പോലെ പ്രവർത്തിക്കുവാനും ചിന്തിക്കുവാനും തീരുമാനങ്ങളെടുക്കുവാനും യന്ത്രത്തെ പ്രാപ്തമാക്കുന്ന സാങ്കേതികവിദ്യയാണ് ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് അഥവാ നിർമ്മിതബുദ്ധി (കൃത്രിമബുദ്ധി). മനുഷ്യമസ്തിഷ്‌കത്തിന്റെ അതേ ശേഷിയുള്ള യന്ത്രങ്ങൾ എ.ഐ. നിർമ്മിച്ചിട്ടുണ്ട്. മനുഷ്യന്റെ വൈകാരികബുദ്ധി ഇത്തരം യന്ത്രങ്ങൾക്കില്ലയെന്നത് ഈ സാങ്കേതികവിദ്യയുടെ ഒരു ന്യൂനതയാണ്. എങ്കിലും, സ്വയം നവീകരിച്ചു മുന്നേറാനുള്ള കഴിവ് ഇവയ്ക്കുണ്ട്.
1956-ൽ ഡാർമൗത്ത് കോളേജിൽ നടന്ന യുവപ്രതിഭകളുടെ കോൺഫറൻസിൽ യന്ത്രങ്ങൾ മനുഷ്യബുദ്ധിയെ അനുകരിക്കുന്ന സാങ്കേതികവിദ്യയെക്കുറിച്ചു ചർച്ചചെയ്തു. അതിന് ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് (എ.ഐ.) എന്നു നാമകരണംചെയ്തു. ജോൺ മെക്കാർത്തിയാണ് ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് എന്ന വാക്ക് ആദ്യമായി ഉപയോഗിക്കുന്നത്. അദ്ദേഹമാണ് എഐയുടെ പിതാവായി അറിയപ്പെടുന്നത്. 1970-80കളിൽ എഐയുടെ വളർച്ച മന്ദഗതിയിലായി. 1980-90 കളിൽ ന്യൂറൽ നെറ്റ്‌വർക്കുകളുടെയും മെഷീൻ ലേണിങ് ടെക്ക്‌നിക്കുകളുടെയും വികാസത്തോടെ എ.ഐ.യ്ക്കു പുനരുജ്ജീവനുണ്ടായി. വേഗതകൂടിയ പ്രൊസസ്സറുകളും ഡേറ്റ സംഭരണശേഷിയും (Big Data) ലഭ്യമായതോടെ പിന്നീടങ്ങോട്ട് എ.ഐയുടെ പുരോഗതി വേഗത്തിലായി.
ഇപ്പോൾ നമ്മുടെ ദൈനംദിനജീവിതം എ.ഐ.യോട് ഇഴപിരിയാനാകാത്തവിധം ചേർന്നിരിക്കുകയാണ്. ഗതാഗതം, ആരോഗ്യം, സാമ്പത്തികം, കൃഷി, വിനോദം തുടങ്ങി വ്യത്യസ്തമേഖലകളിൽ നിർമ്മിതബുദ്ധി സ്വാധീനം ചെലുത്തുന്നുണ്ട്. മനുഷ്യകേന്ദ്രിതമായിരുന്ന കൃത്യങ്ങളെല്ലാം വേഗതയോടെയും കാര്യക്ഷമതയോടെയും ചെയ്തുകൊണ്ട് നമ്മുടെ ജീവിതത്തെ തന്നെ എ.ഐ. പരിവർത്തനവിധേയമാക്കുന്നു. വിദ്യാഭ്യാസരംഗത്തും ഒട്ടനവധി മാറ്റങ്ങൾ സൃഷ്ടിക്കാൻ നിർമ്മിതബുദ്ധി നിമിത്തമായിട്ടുണ്ട്. നിലവിലുള്ള വിദ്യാഭ്യാസസമ്പ്രദായങ്ങളെപ്പോലും പരിഷ്‌കരിക്കുവാൻ എ.ഐ.ക്കു സാധിക്കുന്നു. വിദ്യാർത്ഥികളുടെ കഴിവിനനുസരിച്ചു പഠനവസ്തുക്കൾ ലഭ്യമാക്കിക്കൊണ്ട് വ്യക്തിഗതപഠനത്തിനുള്ള സൗകര്യം എ.ഐ. ഒരുക്കുന്നു. കൂടാതെ, Quizlet, Socratic by Google, Wolfram, Alpha, Jasper AI, Knewton Alta, Chat GPT തുടങ്ങിയ എ.ഐ. ടൂൾസ് വിദ്യാഭ്യാസരംഗത്തിനൊരു മുതൽക്കൂട്ടാണ്. വിദ്യാർത്ഥികൾക്കുള്ള സംശയങ്ങൾ ദൂരീകരിക്കുന്നതിനും പഠനം സുഗമമാക്കുന്നതിനും ഇവ സഹായിക്കുന്നു. ഇപ്പോൾ സ്‌കൂൾക്ലാസ്സുകളിൽ പോലും ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് പഠനവിധേയമാക്കിയിട്ടുണ്ട്. അതിനുദാഹരണമാണ് SCERT ഏഴാം ക്ലാസ്സിലെ കമ്പ്യൂട്ടർ IT പുസ്തകത്തിലെ കമ്പ്യൂട്ടർ വിഷൻ എന്ന അദ്ധ്യായം. മനുഷ്യരുടെ മുഖഭാവങ്ങൾ (നിഷ്പക്ഷത, സന്തോഷം, ദേഷ്യം, വെറുപ്പ്, ഭയം തുടങ്ങി ഏഴോളം മുഖഭാവങ്ങൾ) തിരിച്ചറിയുന്ന ഒരു എ.ഐ. പ്രോഗ്രാം കുട്ടികൾ സ്വയം തയ്യാറാക്കുന്നവിധമാണ് ഈ അദ്ധ്യായം ക്രമീകരിച്ചിരിക്കുന്നത്. കൂടാതെ, എ.ഐ. നിർമ്മിത അദ്ധ്യാപകരും ഇന്ന് രംഗത്തുണ്ട്. തിരുവനന്തപുരത്തെ കെ.ടി.സി.ടി. ഹയർ സെക്കൻഡറി സ്‌കൂളിലാണു കേരളത്തിലെ ആദ്യത്തെ എ.ഐ. ടീച്ചർ (Iris) പ്രവർത്തനമാരംഭിച്ചത്.
നിർമ്മിതബുദ്ധി സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിക്കുന്ന നിരവധി കൃതികളുണ്ട്. എ.ഐ. പ്രമേയമാക്കി രചിക്കുന്ന സാഹിത്യകൃതികളും അക്കൂട്ടത്തിലുണ്ട്. ഇന്ത്യയിലെ പ്രാചീനവാസ്തുവിദ്യയെക്കുറിച്ച് ഭോജൻ എന്ന രാജാവ് 11-ാം നൂറ്റാണ്ടിലെഴുതിയ 'സാമരംഗണസൂത്രധാര' എന്ന സംസ്‌കൃതകൃതിയുടെ 31-ാം അദ്ധ്യായത്തിൽ യന്ത്രരൂപങ്ങളെക്കുറിച്ചു വിവരിക്കുന്നുണ്ട്. യന്ത്രനിർമ്മിതമായ പക്ഷികൾ, മനുഷ്യന്റെയും മൃഗങ്ങളുടെയും രൂപത്തിൽ നിർമ്മിച്ച ജലധാരാസംവിധാനം, വിളക്കു കത്തിക്കുന്ന പാവകൾ തുടങ്ങിയ യന്ത്രനിർമ്മിതികളെക്കുറിച്ച് ഓട്ടോമേറ്റ (Automata) എന്ന പേരിൽ ഈ ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നു. 1920-ൽ കാരൽകപെക്ക് എന്ന നാടകകൃത്താണ് റോസംസ് യൂണിവേഴ്‌സൽ റോബോട്ട് (R.U.R.) എന്ന തന്റെ നാടകത്തിലൂടെ 'റോബോട്ട്' എന്ന പേര് ആദ്യമായി അവതരിപ്പിക്കുന്നത്. ചെക്ക് ഭാഷയിലെ 'Robota' (കഠിനാദ്ധ്വാനം) എന്ന വാക്കിൽനിന്നാണ് റോബോട്ട് എന്ന പദം ഉരുത്തിരിഞ്ഞത്. മനുഷ്യർക്കു പകരം ജോലിചെയ്യാൻ നിർമ്മിച്ച കൃത്രിമമനുഷ്യരെക്കുറിച്ചാണ് ഈ നാടകം ചർച്ചചെയ്യുന്നത്. ഈ നാടകം എം. തോമസ് മാത്യു മലയാളത്തിലേക്കു വിവർത്തനം ചെയ്തിട്ടുണ്ട്. എ.ഐ. വിഷയങ്ങൾ പ്രതിപാദിക്കപ്പെടുന്ന സാഹിത്യകൃതികൾക്ക് അടിത്തറയിട്ട ഒരു രചനയായി ഇതിനെ കണക്കാക്കാം. പിന്നീടങ്ങോട്ടു പല നാടകങ്ങളിലും ഫിക്ഷനുകളിലും റോബോട്ട് കഥാപാത്രമായി എത്തിത്തുടങ്ങി. റോബോട്ടുകളെ പ്രമേയമാക്കിയും കഥാപാത്രമാക്കിയും നിരവധി കൃതികളെഴുതിയ വ്യക്തിയാണ് ഐസക്ക് അസ്സിമോവ്. 1940-നും 1995-നും ഇടയ്ക്ക് അദ്ദേഹം രചിച്ചതാണ് മുപ്പത്തിയേഴ് സയൻസ് ഫിക്ഷൻ ചെറുകഥകളും, ആറ് നോവലുകളുമടങ്ങുന്ന റോബോട്ട് സീരീസ്. വില്യം ഗിബ്‌സൺ രചിച്ച ന്യൂറോമാൻസർ (1984) എന്ന കൃതിയിലും വിന്റർമ്യൂട്ട്, ന്യൂറോമാൻസർ എന്നീ റോബോട്ടുകളെക്കുറിച്ചുള്ള കഥ പറയുന്നുണ്ട്. ഇത്തരത്തിൽ പാശ്ചാത്യ സാഹിത്യകൃതികളിൽ കാലങ്ങൾക്കു മുൻപുതന്നെ റോബോട്ടുകൾ കഥാപാത്രരൂപേണ സ്ഥാനംപിടിച്ചിട്ടുണ്ട്. കൂടാതെ ബ്രിട്ടണിലെ ഗാർഡിയൻ (The Guardian) എന്ന പത്രത്തിൽ, എഡിറ്റ് പേജിൽ റോബോട്ട് രചിച്ച ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജി.പി.ടി.-3 [(GPT-3) Generative Pretrained Trasnformer] എന്ന ഒരു സോഫ്റ്റ്‌വെയർ നിർമ്മിതബുദ്ധിയുപയോഗിച്ചു സൃഷ്ടിച്ചതാണിത്. കേവലം സാഹിത്യസൃഷ്ടികൾക്കുള്ള പ്രമേയമായും, കഥാപാത്രമായും മാത്രം ഒതുങ്ങാതെ രചയിതാവ് എന്ന സ്ഥാനവും എ.ഐ. സ്വീകരിച്ചിട്ടുണ്ട് എന്നതിനു തെളിവാണിത്.
നിർമ്മിതബുദ്ധിയുടെ സ്വാധീനം സമൂഹത്തിൽ സൃഷ്ടിക്കാനിടയുള്ള മാറ്റങ്ങൾ മുൻകൂട്ടി കണ്ടുകൊണ്ടു രചിച്ച കൃതികൾ മലയാളസാഹിത്യത്തിലുമുണ്ട്. എ.ഐ. മനുഷ്യനെ സ്വാധീനിക്കുന്നതെങ്ങനെയൊക്കെയാണെന്നും അതു മനുഷ്യജീവിതത്തെ മാറ്റിമറിക്കുന്നതെങ്ങനെയാണെന്നുമുള്ള വിഷയങ്ങൾ ഈ കൃതികൾ പ്രമേയമാക്കുന്നു. യന്ത്രസംസ്‌കാരത്തിന്റെ ദൂഷ്യവശങ്ങൾ പറഞ്ഞുവയ്ക്കുന്ന കൃതികളാണ് മധുരം ഗായതി (ഒ.വി. വിജയൻ), കൊക്കിരിണി (ടി.വി. കൊച്ചുവാവ) എന്നിവ. ആർട്ടിഫിഷ്യൽ ഇന്റലിജെൻസിനെ ഭാവനാപൂർവ്വം അവതരിപ്പിക്കുന്ന ബാലസാഹിത്യനോവലാണ് എ.ഐ. ബൊമ്മു (സിബി ജോൺ തൂവൽ). നിർമ്മിതബുദ്ധിയും മനുഷ്യബുദ്ധിയും തമ്മിലുള്ള ബന്ധങ്ങളെ തത്ത്വചിന്താപരമായും രാഷ്ട്രീയപരമായും വിശകലനംചെയ്യുന്ന പഠനഗ്രന്ഥമാണ് ടി.വി. മധു രചിച്ച യന്തിരചിന്തനം. ഇതുകൂടാതെ, എ.ഐ.യെക്കുറിച്ചു വിശദമായ വിവരണം നൽകുന്ന നിരവധി പുസ്തകങ്ങളും ഇപ്പോൾ ലഭ്യമാണ്.
മനുഷ്യന്റെ ബുദ്ധിയിൽ പിറന്ന നിർമ്മിതബുദ്ധിയെന്ന സാങ്കേതികവിദ്യ സാഹിത്യകൃതികൾക്കു വിഷയീഭവിക്കുക മാത്രമല്ല ചെയ്യുന്നത്. അത് സാഹിത്യരചനയെ സഹായിക്കുകകൂടി ചെയ്യുന്നുണ്ട്. മനുഷ്യഭാവന ഒരിക്കലും യന്ത്രവൽക്കരിക്കപ്പെടില്ലെന്നു പ്രശസ്ത സാഹിത്യനിരൂപകനായ കെ.പി. അപ്പൻ നിസ്സംശയം പറഞ്ഞിരുന്നു. എന്നാൽ, സാഹിത്യരംഗത്തെ നിർമ്മിതബുദ്ധിയുടെ കടന്നുവരവിനെ ചെറുക്കാൻ സാധിക്കുകയില്ലെന്നും അദ്ദേഹം മനസ്സിലാക്കിയിരുന്നു (കെ പി അപ്പന്റെ തെരഞ്ഞെടുത്ത കൃതികൾ). എന്നാൽ, മേൽപറഞ്ഞ അദ്ദേഹത്തിന്റെ വിശ്വാസത്തെ തകർത്തുകൊണ്ടാണ് 'Chat gpt, Jasper AI, Perplexity AI, Google Gemini, Quill Bot തുടങ്ങിയ ചാറ്റ്‌ബോട്ടുകളുടെ കടന്നുവരവ്. ഏവർക്കും ഉപയോഗിക്കാൻ കഴിയുന്നവിധത്തിലാണ് ചാറ്റ് ജിപിടിയുടെ നിർമ്മാണം. നിർമ്മിതബുദ്ധിയെ ജനകീയമാക്കുവാൻ ഈ ചാറ്റ്‌ബോട്ടിനു കഴിയുന്നുണ്ട്. ആഴത്തിലുള്ള അറിവ് സമഗ്രമായി ഇവ നമുക്കു മുന്നിലെത്തിക്കുന്നു. പ്രസിദ്ധ എഴുത്തുകാരനായ യുവാൻ നോവ ഹരാരിയുടെ സാപ്പിയൻസ് എന്ന പുസ്തകത്തിന്റെ പത്താം പ്രസിദ്ധീകരണ വാർഷികത്തോടനുബന്ധിച്ചിറക്കിയ പ്രത്യേക എഡിഷന് ആമുഖമെഴുതിയത് ചാറ്റ് ജി.പി.ടി.യാണ്. അദ്ദേഹം രചിച്ച പുസ്തകങ്ങളും തിസീസുകളുമൊക്കെ വിശകലനം ചെയ്തിട്ടാണ് ചാറ്റ് ജി.പി.ടി. ഈ കൃത്യം നിർവ്വഹിച്ചിരിക്കുന്നത്. സാഹിത്യരചന, വിവർത്തനം, പുനരാഖ്യാനം, സാഹിത്യവിമർശനം എന്നിങ്ങനെ സാഹിത്യരംഗത്തെ പലയിടങ്ങളിലും പുത്തനുണർവ് സൃഷ്ടിക്കാൻ നിർമ്മിതബുദ്ധിക്കു കഴിയുന്നുണ്ട്. വികാരങ്ങളുടെ അനർഗ്ഗളപ്രവാഹമാണ് കാവ്യമെന്ന (William Wordsworth) കാല്പനികസങ്കല്പത്തെ ഇതു തിരുത്തിക്കുറിക്കുന്നു. ഭാവനാത്മകമായും സർഗ്ഗാത്മകമാ യും മനുഷ്യമനസ്സിൽ നിന്നു പിറവികൊണ്ടിരുന്ന രചനകൾ ഇന്ന് നിർമ്മിതബുദ്ധിയാൽ നിർമ്മിക്കപ്പെടുന്നു.
എ.ഐ.യുടെ സ്വാധീനം സാഹിത്യരംഗത്ത് ഗുണദോഷസമ്മിശ്രഫലങ്ങളാണുണ്ടാക്കുന്നത്. എ.ഐ.യുടെ ഉപയോഗം വർദ്ധിക്കുന്ന ഈ കാലഘട്ടത്തിൽ അതു സാഹിത്യമേഖലയ്ക്കുണ്ടാക്കുന്ന ഗുണദോഷങ്ങളെക്കുറിച്ചു ചർച്ചചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. ഒരു നൂതന സൃഷ്ടി നടത്തുന്നതിനായി തയ്യാറെടുക്കുന്ന എഴുത്തുകാരനെ/ എഴുത്തുകാരിയെ സഹായിക്കാൻ എ.ഐ.യ്ക്കു കഴിയുന്നു. പുത്തൻ വാക്കുകളും ആശയങ്ങളും മറ്റും വേഗത്തിൽ കണ്ടെത്തുവാനും സാഹിത്യകാരന്റെ ഉള്ളിലുള്ള കഥാതന്തുവിനെ വികസിപ്പിക്കുവാനും ഇവ ഏറെ സഹായകമാണ്. കൂടാതെ, സാഹിത്യകൃതികളിലെ കഥാപാത്രരൂപീകരണം നടത്തുവാനും ഇതു സഹായിക്കുന്നു. ഇത്തരത്തിൽ സാഹിത്യസൃഷ്ടിയെന്ന ബൃഹത്തായ പ്രക്രിയയെ എളുപ്പത്തിലാക്കാനുള്ള കഴിവ് നിർമ്മിതബുദ്ധിക്കുണ്ട്. ഒരു വ്യക്തിക്കു തന്റെ ആശയങ്ങളുപയോഗിച്ച് ഏതു ഭാഷയിൽ വേണമെങ്കിലും രചന നിർവ്വഹിക്കാൻ എ.ഐ. സഹായിക്കുന്നു. അതുപോലെ ഈ സാങ്കേതികവിദ്യയുപയോഗിച്ച് വായനക്കാർക്ക് അവർക്കിഷ്ടമുള്ള ഭാഷാകൃതികൾ വായിക്കുവാനും മനസ്സിലാക്കുവാനും സാധിക്കുന്നു. അതുമൂലം ഭാഷകളും സാഹിത്യകൃതികളും ജനാധിപത്യവൽക്കരിക്കപ്പെടുന്നു. സാഹിത്യത്തിൽ ഗവേഷണം നടത്തുന്നവർക്കും നിർമ്മിതബുദ്ധി ഏറെ സഹായകമാണ്. ഏതു കൃതിയെക്കുറിച്ചും വിവരം ലഭിക്കുവാനും അവയെ വിശകലനം ചെയ്യാനും റഫറൻസ് ശേഖരണത്തിനും എ.ഐ. സഹായിക്കുന്നു. അത് ഗവേഷകരുടെ ജോലിഭാരം കുറയ്ക്കുന്നതിനും സമയലാഭത്തിനും വഴിയൊരുക്കുന്നു. അതുകൂടാതെ പുസ്തകങ്ങളുടെ കവർപേജ്ഡിസൈൻരംഗത്തും എ.ഐ. വലിയ മാറ്റങ്ങൾ സൃഷ്ടിക്കുന്നുണ്ട്. കൃതിയുടെ ഉള്ളടക്കത്തെ ദൃശ്യരൂപത്തിൽ അവതരിപ്പിക്കുകയാണ് കവർച്ചിത്രത്തിന്റെ ലക്ഷ്യം. എ.ഐ.ഇമേജ് ടൂൾസ് (Dall E, Abode Firefly, Midjourney, Canva AI....) ഉപയോഗിച്ച് രസകരമായ കവർപേജുള്ള പുസ്തകങ്ങൾ ഇപ്പോൾ വിപണിയിൽ ധാരാളമാണ്. മലയാളത്തിൽ എ.ഐ. നിർമ്മിത കവർ ചിത്രത്തോടെ ആദ്യമിറങ്ങിയ പുസ്തകമാണ് Chat GPTയും നിർമ്മിതബുദ്ധിയും (ട്രിഷാ ജോയിസ്).
പല കാര്യങ്ങളും മനുഷ്യനെക്കാൾ വേഗത്തിലും കൃത്യതയോടെയും എ.ഐ.യ്ക്കു ചെയ്യാനാകുന്നു. എന്നാൽ, നിർമ്മിതബുദ്ധി മനുഷ്യനുമേൽ ആധിപത്യം സ്ഥാപിക്കുമോ എന്ന ഉത്ക്കണ്ഠയും മറുവശത്തുണ്ട്. ഒരു നാണയത്തിന്റെ രണ്ടു വശങ്ങളെന്നപോലെ, മേല്പ്പറഞ്ഞ ഗുണങ്ങൾ കൂടാതെ ദൂഷ്യവശങ്ങളും നിർമ്മിതബുദ്ധിക്കുണ്ട്. എ.ഐ.യുടെ ഉപയോഗംമൂലം എഴുത്തുജോലിയിൽ (Content writing, Script writing) ഏർപ്പെടുന്നവർക്കു തൊഴിൽനഷ്ടം സംഭവിച്ചേക്കാം. മുൻകാല സാഹിത്യകൃതികളിൽനിന്നും അറിവുകൾ ശേഖരിച്ചാണ് എ.ഐ. ആശയങ്ങൾ സൃഷ്ടിച്ചെടുക്കുന്നത്. അതുകൊണ്ടുതന്നെ സമാനതയുള്ള ആശയങ്ങളുണ്ടാവുകയും ചെയ്യുന്നു. അതുവഴി കൃതിക്കു പുതുമ നഷ്ടപ്പെടാനുള്ള സാദ്ധ്യതയുമേറുന്നു. അതിരുകടന്ന എ.ഐ. ഉപയോഗം മനുഷ്യരുടെ സ്വതന്ത്രചിന്തയെ ദുർബ്ബലപ്പെടുത്താനുള്ള കാരണമാകുന്നു.
എ ഐയുടെ വിപുലമായ ജ്ഞാനസാധ്യതകളിലേക്ക് മനുഷ്യൻ തന്റെ വൈകാരികതയും സർഗാത്മകതയും ആവശ്യാനുസരണം സന്നിവേശിപ്പിച്ച് സാഹചര്യങ്ങൾക്ക് അനുഗുണമായ രീതിയിൽ ഭാഷയെയും സാഹിത്യത്തെയും രൂപപ്പെടുത്തുന്ന കാലമാണ് നമുക്ക് മുന്നിലുള്ളത്. അതിനു ഉദാഹരണമാണ് 2024 ജനുവരിയിൽ ജപ്പാനിലെ അകുതഗാവ പുരസ്‌കാരത്തെ കേന്ദ്രീകരിച്ചുണ്ടായ വിവാദചർച്ച. കാരണം ഈ പുരസ്‌കാരം ലഭിച്ച റീ കുദാൻ എന്ന എഴുത്തുകാരി തനിക്കു അവാർഡ് ലഭിച്ച ടോക്കിയോ ടവർ ഓഫ് സിംപതി എന്ന നോവലിലെ 5% ഭാഗങ്ങൾ Chat Gpt എഴുതിതന്നത് അതേപടി പകർത്തിയതാണെന്നു പുരസ്‌കാരവേളയിൽ വെളിപ്പെടുത്തുകയുണ്ടായി. അത് ചർച്ചാവിഷയമാവുകയും ചെയ്തു. ഒരു മനുഷ്യന്റെ ഉള്ളിലുള്ള നൈസർഗീകമായി ഉണർന്നുവരുന്ന സൃഷികളാണ് സർഗാത്മകരചനകൾ. എന്നാൽ മനുഷ്യന്റെ നിർദേശമനുസരിച്ചു ശേഖരിച്ചുവച്ചിട്ടുള്ള ഡാറ്റകളിൽ നിന്നും ജനറേറ്റ് ചെയ്യുന്ന സൃഷ്ടികൾക്ക് മനുഷ്യകേന്ദ്രിതമായ സർഗാത്മകഥ അവകാശപ്പെടാനാവില്ല.അതിരുകവിഞ്ഞ എ ഐ ആശ്രിതത്വം മനുഷ്യന്റെ സഹജമായ കഴിവുകളെ പരിമിതപെടുത്തുന്നു.
ഉപസംഹാരം
മനുഷ്യന്റെ ബൗദ്ധിക പ്രവർത്തനങ്ങളെ അനുകരിച്ച് ജോലികളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും സമയലാഭം ഉറപ്പാക്കുന്നതിനുമായി രൂപകൽപന ചെയ്ത സാങ്കേതികവിദ്യയാണ് നിർമ്മിതബുദ്ധി. ഈ ഡിജിറ്റൽ കാലഘട്ടത്തിൽ സാഹിത്യരംഗത്ത് എ ഐ ഗണ്യമായ സ്വാധീനം ചെലുത്തുന്നുണ്ട്. വിവരശേഖരണം, ആശയരൂപീകരണം, ഭാഷാപരിഷ്കരണം, വിവർത്തനം തുടങ്ങിയ മേഖലകളിൽ എഴുത്തുകാരെ സഹായിക്കാനും പുത്തൻസാധ്യതകൾ തുറന്നുകൊടുക്കുവാനും നിർമ്മിതബുദ്ധിക്കു കഴിയുന്നുണ്ട്. എന്നാൽ അമിതമായി എ ഐയെ ആശ്രയിക്കുക വഴി സാഹിത്യസൃഷ്ടികളുടെ അടിസ്ഥാനഘടകങ്ങളായ സർഗ്ഗാത്മകത, ഭാവന,അനുഭവസമ്പത്ത്, മാനുഷികവികാരങ്ങൾ എന്നിവയുടെ തനിമ നഷ്ടമായേക്കാം.മനുഷ്യന്റെ അനുഭവസമ്പത്തും വികാരബോധവും ചേർന്നാൽ മാത്രമേ സാഹിത്യകൃതിക്കു ജീവനുണ്ടാകൂ. നിർമ്മിതബുദ്ധിയും മനുഷ്യന്റെ വൈകാരികബുദ്ധിയും സമന്വയിച്ചുള്ള സമീപനമാകും സാഹിത്യത്തിനേറെ അഭികാമ്യമാവുക. എ.ഐ. വെറുമൊരു ഉപകരണം മാത്രമാണെന്നും അതിന്റെ സ്രഷ്ടാവ് മനുഷ്യനാണെന്നുമുള്ള തിരിച്ചറിവ് ആവശ്യമാണ്. അതുകൊണ്ടുതന്നെ നിർമ്മിതബുദ്ധിയെ ഒരു പ്രതിസന്ധിയായല്ല കാണേണ്ടത്, മറിച്ച് അതിനെ അവസരമായിക്കണ്ട് അതിന്റെ സാദ്ധ്യതകളുപോഗിച്ചു മുന്നേറുകയാണു വേണ്ടത്.
സഹായഗ്രന്ഥങ്ങൾ
1) ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സോണി തോമസ് അമ്പൂക്കൻ, സഞ്ജയ് ഗോപിനാഥ്, ഗ്രീൻ ബുക്‌സ്, 2024
2) റോബോട്ട് ഭാവനയുടെ ശാസ്ത്രചരിത്രം, ശ്രുതി സുബ്രഹ്‌മണ്യൻ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 2019
3) നിർമ്മിതബുദ്ധി-വികാസപരിണാമങ്ങൾ, ഡോ. ജിജോ പി. ഉലഹന്നാൻ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 2025
4) ചിന്തിക്കുന്ന യന്ത്രം - എഡിറ്റർ, കെ.എസ് രഞ്ജിത്ത്, ചിന്താ പബ്ലിഷേഴ്‌സ്, 2024.
പാർവതി നായർ എൽ.
ഗവേഷക
മലയാളവിഭാഗം
കേരള സർവകലാശാല
മെയിൽ: parvathy9512@gmail.com




Comments