ഉഴുതുമ്മൽ കിട്ടനും ദേവകി നിലയങ്ങോടും : ഭക്ഷണചരിത്രത്തിലെ രണ്ട് കേരളീയപ്രതിനിധാനങ്ങൾ
- Dec 31, 2023
- 4 min read
സംസ്കാരിക വിമർശനം
ഡോ. നൗഷാദ് എസ്.
പ്രബന്ധസംഗ്രഹം
ചരിത്രരചനയ്ക്കുള നിഷ്കളങ്ക ഉപാദാനസാമഗ്രികളല്ല, ആത്മകഥകളും ജീവചരിത്രങ്ങളും. അവ ചരിത്രത്തെ നിരന്തരം പ്രശ്നവൽക്കരിക്കുകയും ചരിത്രത്തെ കീഴ്മേൽ മറിക്കുകയും ചെയ്യും. പാലിന്റെയും പാലുൽപ്പന്നങ്ങളുടെയും ഉപഭോഗത്തെ ഉപരിവർഗ്ഗ ആത്മകഥകളും കീഴാളരുടെ ചരിത്രങ്ങളും എപ്രകാരമാണ് ആഖ്യാനം ചെയ്യുന്നത് ? അത് കേരളത്തിന്റെ സമുദായഘടനയുടെ ആഖ്യാനമായിത്തീരുന്നതെങ്ങനെയാണ്? - ഒരന്വേഷണം
താക്കോൽവാക്കുകൾ
പാലുപഭോഗത്തിന്റെ കേരളചരിത്രം - കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട് - ഉഴുതുമ്മൽ കിട്ടൻ - ദേവകി നിലയങ്ങോട്ട് - പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം
മഹാചരിത്രങ്ങൾക്കുള്ളിലെ അദൃശ്യസന്ദർഭങ്ങളെയാണ് ആത്മകഥകൾ ആഖ്യാനം ചെയ്യുന്നത്. ചരിത്രത്തെ നിരന്തരം പുതുക്കിയെഴുതുന്നതിനുള്ള ഉപാദാനങ്ങളായി അവ പ്രവർത്തിക്കുന്നുണ്ടെങ്കിലും ആഖ്യാനത്തിന്റെ ഏകതാനത ചിലപ്പോൾ ആഖ്യാതാക്കളുടെ കർത്തൃനിലകളെ പ്രശ്നവൽക്കരിച്ചേക്കാം. ആത്മകഥകൾ നിർമ്മിക്കുന്ന ചരിത്രങ്ങളിൽ അത്തരമൊരു കെണിയും അമർന്നിരിപ്പുണ്ട്. കേരളത്തിലെ ബ്രാഹ്മണരുടെ ഭക്ഷണസമ്പ്രദായത്തെക്കുറിച്ച് കാണിപ്പയ്യൂർ ശങ്കരൻനമ്പൂതിരിപ്പാടും ദേവകി നിലയങ്ങോടും എഴുതുമ്പോൾ അവയുടെ പാഠവൽക്കരണത്തിന് ഇതര ചരിത്രസന്ദർഭങ്ങളും അനിവാര്യമായിത്തീരുന്നത് അതുകൊണ്ടാണ്.
ബ്രാഹ്മണവീടുകളിൽ സ്ത്രീപുരുഷൻമാർക്ക് ഭക്ഷണം വിതരണം ചെയ്യപ്പെട്ടിരുന്നതിനെക്കുറിച്ച് ദേവകി നിലയങ്ങോട് എഴുതുന്നത് നോക്കുക: "എന്റെ കുട്ടിക്കാലത്തെ ഒരോർമ്മ കലവറയോട് ചേർന്നുള്ള പൂമുഖത്ത് കലവറക്കാരൻ നമ്പീശൻ ഒരു വലിയ നിലാതും (അണ്ടാവും) അടുത്തുവച്ച് പാൽ വാങ്ങാനിരിക്കുന്നതാണ്. അയൽപക്കങ്ങളിലെ, പശുക്കളുളള വീടുകളിൽ നിന്നെല്ലാം പാലുമായി ധാരാളം പേർ വരും. പാലെല്ലാം മനയ്ക്കലെത്തിക്കുക എന്നതായിരുന്നു പതിവ്. പാലുമായി എത്രപേർ വന്നാലും അത് വാങ്ങിക്കൊള്ളണം എന്നതായിരുന്നു അച്ഛന്റെ നിശ്ചയം. ഉച്ചയ്ക്ക് മുമ്പായി നിലാത് നിറയും. പിന്നീട് രണ്ടാൾ പിടിച്ചിട്ടാണ് അത് അടുക്കളയിലേക്ക് മാറ്റുക. പുറമേ നിറയെ പശുക്കളുള്ള ഇല്ലത്തെ തന്നെ തൊഴുത്തിൽ നിന്നും വാലിയക്കാർ കറന്ന് നാലുകെട്ടിലെത്തിക്കുന്ന പാൽ വേറെയുമുണ്ട്. അതിൽ കുറേ അളവുപാൽ പട്ടരുടെ അടുക്കളയിൽ ഏൽപ്പിക്കും. ഞങ്ങൾ കുട്ടികൾക്കോ ഇല്ലത്തെ മറ്റുള്ളവർക്കോ കുടിക്കാനുള്ളതല്ല ഇങ്ങനെ സംഭരിക്കുന്ന പാൽ . ഒരു വയസ്സിനപ്പുറം മുലപ്പാൽ കുടിക്കാത്തതുകൊണ്ട് ഞങ്ങൾ മിക്ക കുട്ടികളും ഗ്രഹണി പിടിച്ച വിധമായിരുന്നു. എന്നാലും ഞങ്ങൾക്കുള്ളതല്ല പാൽ. അമ്പലത്തിൽ വിളക്ക് വയ്ക്കാനുള്ള നെയ്യുണ്ടാക്കുവാനും ഇല്ലത്തെ സദ്യകൾക്ക് കാളൻ വയ്ക്കാനാവശ്യമായ മോരുണ്ടാക്കുവാനുമാണ് ആ പാൽ ഉപയോഗിച്ചത്. പാലത്രയും കാച്ചി മോരാക്കുവാനുള്ള ശ്രമം അടുക്കളയിൽ നടക്കും. ഉറയൊഴിച്ചുവച്ച പാൽ പിറ്റേന്ന് കലക്കി മോരും വെണ്ണയും വേറെയാക്കുന്നത് ഇരിക്കണമ്മമാരാണ്. വെണ്ണ ഉരുക്കി നെയ്യാക്കി നമ്പൂതിരിമാർക്ക് ഊണിന് ഉപസ്തരിക്കാൻ അൽപ്പം മാറ്റിവച്ച് ബാക്കി മുഴുവനും അമ്പലത്തിലേക്ക് കൊണ്ടുപോവും. കുറച്ച് മോര് നേർപ്പിച്ച് സംഭാരമാക്കി ഊണിന് വിളമ്പും. രാത്രി ചെറിയകുട്ടികൾ വശംകെട്ടുകരയുമ്പോൾ ഈ നേർപ്പിച്ച സംഭാരം രണ്ടിറക്ക് വായിലൊഴിച്ചു കൊടുക്കും. അതായിരുന്നു അന്നത്തെ ശിശുപരിപാലനം. അമ്പലത്തിലെ നെയ് വിളക്കുകൾ എരിയുമ്പോൾ അതുതന്നെ മതിയാകും കുട്ടികൾക്ക് വേണ്ടത്ര ശ്രേയസ്സും ആരോഗ്യവും ലഭിക്കുവാൻ എന്നായിരുന്നു എല്ലാവരുടെയും വിശ്വാസം."(18 - 19)
പാൽ എന്ന ഭക്ഷണപദാർത്ഥം വീട്ടിൽ യഥേഷ്ടമുണ്ടായിട്ടും സ്ത്രീകൾക്കും പെൺകുട്ടികൾക്കും അത് ആവശ്യത്തിന് ലഭിക്കാതെ പോകുന്ന നികൃഷ്ടതയെക്കുറിച്ചാണ് ദേവകി പരാതി പറയുന്നത്. മതാധികാരങ്ങളും ആചാരങ്ങളും രൂപം കൊടുക്കുന്ന തിയോക്രാറ്റിക് നാടുവാഴിസംവിധാനത്തിൽ ഉപരിവർഗ്ഗസമൂഹത്തിന്റെ ഗാർഹികഅന്തരീക്ഷം അമിതഭക്ഷണത്തിന്റെയും സൽക്കാരത്തിന്റെയും ആണത്തആഘോഷമായിരിക്കും എന്നാണ് ദേവകി വിവരിക്കുന്നത്. നമ്പൂതിരിഗൃഹങ്ങളിലെ പിറന്നാളാഘോഷങ്ങൾ നമ്പൂതിരിമാർക്കും ആൺകുട്ടികൾക്കും മാത്രമേയുള്ളുവെന്നും അവരെഴുതുന്നുണ്ട്. വിസ്തരിച്ച സദ്യ അവർക്ക് മാത്രമാണ്. ആദ്യം കുട്ടികൾ, പിന്നെ നമ്പൂതിരിമാർ, ഒടുക്കം അന്തർജനങ്ങൾ - ഇതാണ് ഊണിന്റെ പന്തിതിരിവ് (68). ബ്രാഹ്മണവീടുകളിൽ അമിതഭക്ഷണമുണ്ടായിരിക്കുമ്പോഴും അതിന്റെ അവസാനപന്തിയിലേക്ക് ബ്രാഹ്മണസ്ത്രീകളെ ആനയിക്കുന്നതിലും തുണക്കാരികളായ നായർസ്ത്രീകൾക്ക് എച്ചിലിലയിൽ ഭക്ഷണം വിളമ്പുന്നതിലും ഉള്ള അസ്വസ്ഥതയും അവർ പങ്കുവയ്ക്കുന്നുണ്ട്. ഈ ക്രൂരമായ അനീതിയുടെ ചരിത്രം മറ്റ് പല രൂപങ്ങളിൽ ഇന്നും ആവർത്തിക്കുന്നുണ്ടെന്ന് ഓം പ്രകാശ് വാൽമീകിയുടെ എച്ചിലും ശരൺകുമാർ ലിംബാളെയുടെ അക്കർമാശിയും മുൻനിർത്തി അവർ എഴുതുന്നു ("ഞാൻ പറഞ്ഞ കഥ മുമ്പ് കഴിഞ്ഞുപോയതാണെങ്കിൽ ഈ എച്ചിൽക്കഥകൾ ഇപ്പോഴും നടക്കുന്നവയാണ്. ഭൂതകാലത്തിലേക്ക് നിശേഷം മാഞ്ഞു കഴിഞ്ഞെന്ന് ഞാൻ ആശ്വസിച്ച ഏറ്റവും ക്രൂരമായ അനീതികളിലൊന്ന് അങ്ങനെ ഇല്ലാതായിട്ടില്ലെന്നും ഇപ്പോഴും തുടരുകയാണ് എന്നുമാണ് ഈ കഥകൾ എന്നോട് പറഞ്ഞത്." - 71)
ബ്രാഹ്മണഗൃഹങ്ങളിലുണ്ടായിരുന്ന ലിംഗപരമായ വിവേചനത്തെക്കുറിച്ചാണ് ഭക്ഷണപ്പാലിന്റെയും പിറന്നാളാഘോഷത്തിന്റെയും സദ്യവിളമ്പലിലെ പന്തിതിരിവിന്റെയും കാര്യങ്ങൾ മുൻനിർത്തി ദേവകി നിലയങ്ങോട് സംസാരിക്കുന്നത്. നായർ സ്ത്രീകൾക്ക് എച്ചിലില നൽകുന്നതിനെ സമകാലഇന്ത്യൻ ദളിതാവസ്ഥകളോട് അവർ സമപ്പെടുത്തുന്നു. പക്ഷേ പശുവിൻപാൽ എന്ന ഭക്ഷണത്തിന്റെ ഉപഭോഗത്തെയാണ്, അതിൻറെ ഉൽപ്പാദനത്തെയല്ല ലിംഗവിവേചനത്തിന്റെയും ജാതിവിവേചനത്തിന്റെയും മാനദണ്ഡമായി ആ കൃതി ഉയർത്തിക്കാട്ടുന്നത്. അതുകൊണ്ടുതന്നെ അവരുടെ ആത്മകഥാവിവരണത്തിലെ വിടവുകൾ ചില ചോദ്യങ്ങളെ ഉയർത്തുന്നുണ്ട്. അവ -
1. ഇല്ലത്തെ തൊഴുത്തിൽ തന്നെ യഥേഷ്ടം പശുക്കളുണ്ടായിട്ടും അയൽപക്കത്തുള്ളവർ പാലുമായി ഇവിടെ വരുന്നതെന്തുകൊണ്ടാണ്?
2. പാലുമായി എത്രപേർ വന്നാലും അത് വാങ്ങിക്കണമെന്ന് ശഠിക്കുന്ന ഗൃഹസ്ഥനായ അച്ഛൻനമ്പൂതിരിയുടെ നിലപാട് പാൽകൊണ്ടുവരുന്നവരോടുള്ള ഔദാര്യമായി മാറുന്നതെന്തുകൊണ്ട്?
3. കച്ചവടം എന്ന നിലയിൽത്തന്നെയാണോ ഇവിടെ പാൽവിതരണം നടക്കുന്നത്?
4. അയൽപക്കത്തുളളവർ എന്ന സാമാന്യനാമത്തിലുൾപ്പെടുന്നവരുടെ സാമൂഹ്യനിലയെന്ത്?
5. ലിംബാളെയുടെയും ഓം പ്രകാശ് വാൽമീകിയുടെയും സമുദായത്തിൽപ്പെട്ടവർ നേരിട്ടിരുന്ന നേരിട്ടുകൊണ്ടിരിക്കുന്ന അനീതികളെ ഉപരിവർഗ്ഗഭവനങ്ങളിലെ യജമാനഭാര്യമാരും അവരുടെ തോഴികളും നേരിട്ട ദുരിതങ്ങളോട് സമപ്പെടുത്താനാകുമോ?
കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാടിന്റെ എന്റെ സ്മരണകൾ എന്ന ആത്മകഥയിൽ പാലുൽപ്പാദനത്തെയും വിതരണത്തെയും സംബന്ധിച്ച കാര്യങ്ങൾ കുറേക്കൂടി വ്യക്തമാണ് : "പണ്ടുകാലത്ത് കേരളത്തിൽ പശുക്കളെക്കറന്നു പാലുപയോഗിക്കാൻ സവർണ്ണഹിന്ദുക്കൾക്ക് മാത്രമേ അർഹതയുള്ളൂവെന്ന ഒരു വിശ്വാസവും ആചാരവുമുണ്ടായിരുന്നു. എനിക്ക് ഓർമ്മവെച്ച കാലമായപ്പോഴേക്കും അതൊരു പഴങ്കഥപോലെ ആയിക്കഴിഞ്ഞു ... കറവപ്പശുക്കളുള്ള ഈഴുവന്മാരുടെ വീടുകൾ കണ്ടുതുടങ്ങിയിരുന്നു. ഈഴുവൻമാരുടെ വീടുകളിൽ പയ്യുപെറ്റാൽ 11-ാം ദിവസത്തെ പാല് മനയ്ക്കിലേക്ക് കൊടുക്കാനുള്ളതാണ്. അതിനാൽ 11-ാം ദിവസം ആളെ അയച്ച് പശുവിനെ കറപ്പിച്ച് പാൽ കൊണ്ടു പോരണമെന്ന് അതിന്റെ ഉടമസ്ഥൻ 10-ാം ദിവസം ഇല്ലത്തുവന്നപേക്ഷിക്കുകയും അപ്രകാരം പാൽ കൊണ്ടുവരികയും ചെയ്തതായി പല തവണ ഞാൻ കണ്ടിട്ടുണ്ട് " (എന്റെ സ്മരണകൾ രണ്ടാംഭാഗം-299 - 300). കേരളത്തിലെ അധ:സ്ഥിതർക്ക് പാലുൽപ്പന്നങ്ങൾ ഉപയോഗിക്കാനറിയില്ല എന്ന നിഗമനത്തിലെത്തിച്ചേരാൻ കാണിപ്പയ്യൂർ വ്യക്തിപരമായ ഒരനുഭവം കൂടി ആത്മകഥയിൽ ചേർക്കുന്നുണ്ട്. അദ്ദേഹത്തിന്റെ തൊഴിൽശാലയിൽ, ഈഴവരടക്കമുള്ള ജോലിക്കാർക്ക് മോര് കൂട്ടിയുള്ള സദ്യ കൊടുത്തപ്പോൾ, മോര് കൂട്ടി ഉണ്ണുന്നതെങ്ങനെയെന്നറിയാത്തതുകൊണ്ട് അവരത് കുടിക്കുകയാണ് ചെയ്തതെന്ന് കാണിപ്പയ്യൂർ എഴുതുന്നു (302).
ആദ്യകാലത്ത്, ബ്രാഹ്മണഗൃഹങ്ങളിലും അമ്പലങ്ങളിലും മാത്രമായിരുന്നു പശുവിൻപാൽ ഭക്ഷണമായി ഉപയോഗിച്ചിരുന്നതെന്നും പിൽക്കാലത്ത് ആ ആനുകൂല്യം ബ്രാഹ്മണർക്ക് നഷ്ടമായി എന്നുമാണ് കാണിപ്പയ്യൂർ സൂചിപ്പിക്കുന്നത്. ഈഴവഗൃഹങ്ങളിലെ 11-ാം ദിവസത്തെ പാൽ ബ്രാഹ്മണഗൃഹങ്ങളിൽ വിതരണം ചെയ്യുന്നതിലൂടെ ആ ആചാരം തന്റെ കാലത്തും പരിമിതമായ തോതിലെങ്കിലും അവശേഷിക്കുന്നുണ്ട് എന്നും അദ്ദേഹം ആശ്വസിക്കുന്നുണ്ട്. ഈ ആത്മകഥനവും ചില ചോദ്യങ്ങളുയർത്തുന്നുണ്ട്. അവ - എപ്പോഴാണ് ബ്രാഹ്മണരിൽ മാത്രമുണ്ടായിരുന്ന പാലുപഭോഗം ഇതര സമുദായങ്ങളിലേക്കും വ്യാപിച്ചത്? പാലുൽപ്പന്നങ്ങൾ അവർ ശരിയായ രീതിയിൽ ഭക്ഷിച്ചു തുടങ്ങിയത്?
വീട്ടിൽ യഥേഷ്ടം പാലുണ്ടായിട്ടും ഞങ്ങൾക്കത് കിട്ടിയില്ല എന്നും സദ്യ ഞങ്ങൾക്കവസാനമേ ലഭിച്ചിരുന്നുള്ളൂ എന്നും പരാതി പറയുന്ന ദേവകി നിലയങ്ങോടും കേരളത്തിലെ അധ:സ്ഥിതർക്ക് മോര് കൂട്ടി ഉണ്ണാനറിയില്ല എന്നാക്ഷേപിക്കുന്ന കാണിപ്പയ്യൂരും ഭക്ഷണഉപഭോക്താക്കളുടെ പക്ഷത്ത് നിന്നാണ് സംസാരിക്കുന്നത്. ഉപഭോക്താക്കൾ ആഖ്യാതാക്കളാകുമ്പോൾ ഉൽപ്പാദകരുടെ കർത്തൃത്വം മറഞ്ഞുപോകുന്നതതുകൊണ്ടാണ്. ഉപരിവർഗ്ഗജനതയുടെ ആത്മകഥനങ്ങളുടെ പരിമിതിയാണത്. ഈഴവരുടെ ഭക്ഷണരീതിയെ ആക്ഷേപിക്കുന്ന കാണിപ്പയ്യൂരിനെ വിമർശിച്ചുകൊണ്ടാണ് പത്തൊമ്പതാം നൂറ്റാണ്ടിലെ പശുക്കറവയുടെ ചരിത്രത്തെ പി.ഭാസ്കരനുണ്ണി വിവരിക്കുന്നത്. ഭാസ്കരനുണ്ണി എഴുതുന്നു: "പശുവിനെ കറക്കുന്നതും പാലും മറ്റുൽപ്പന്നങ്ങളും കൈകാര്യം ചെയ്യുന്നതും സവർണ്ണർ തന്നെയാവണമെന്നായിരുന്നു രാജനിശ്ചയം."(41). 1911 - ലെ സെൻസസ് അനുസരിച്ച് 314889 പശുക്കളാണ് തിരുവിതാംകൂറിലുണ്ടായിരുന്നത്. അവ നിന്നിരുന്നത് സവർണ്ണരുടെ ആലയിലായിരുന്നാലും അവർണ്ണരുടെ തൊഴുത്തിലായിരുന്നാലും സവർണ്ണരുടെ ആവശ്യത്തിന് സവർണ്ണർ തന്നെ അവയെ കറന്നു പാലെടുത്തിരുന്നു. അവർണ്ണർക്ക് മോരുകൂട്ടി ചോറുണ്ണാനറിയില്ലെന്ന ആക്ഷേപത്തിന്റെ കാതൽ മറ്റൊന്നല്ല എന്ന് ഭാസ്കരനുണ്ണി പറയുന്നു.
പശുക്കറവും അതിന്റെ ഉപഭോഗവും അവർണ്ണരിലേക്ക് എത്തിച്ചേർന്ന സംഭവവികാസങ്ങളെക്കുറിച്ച് കെ.സി.കുട്ടൻ രണ്ട് സമുദായപരിഷ്കർത്താക്കൾ എന്ന കൃതിയിലെഴുതുന്നുണ്ട്. "പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളത്തി"ൽ ആ വിവരണവും വായിക്കാം : "പശുക്കളെ ആർക്കും വളർത്താം. പക്ഷേ, അതു പ്രസവിച്ചുപോയാൽ പിന്നെ, ഈഴവർക്കും മറ്റും കറന്നെടുക്കാൻ അവകാശമില്ല. അടുത്തുള്ള നായർപ്രമാണിയെ ഏൽപിച്ചേക്കണം. കറവ തീരുമ്പോൾ അറിയിക്കും. അപ്പോൾ വീണ്ടും കൊണ്ടുപോന്നേക്കണം കൊടുക്കുമ്പോഴും വാങ്ങുമ്പോഴും ഓരോ ഊണു കിട്ടിയെന്ന് വരാം. ഇതാണ് പ്രതിഫലം വിപരീതമായി നിന്നുപോയാൽ പശുവിന്റെ ഉടമസ്ഥനെ മരത്തിൽ കെട്ടി അടിക്കും. സ്വന്തമാളുകൾ ചെന്ന് വെറ്റിലപാക്ക് വച്ച് ക്ഷമാപ്രാർത്ഥന ചെയ്ത് പശുവിനെ കൊടുത്ത് അയാളെ മരത്തിൽ നിന്ന് അഴിവിച്ചു വിടുവിക്കണം. ഈ അവസ്ഥയ്ക്ക്… 1875-80 നോടടുത്ത് ചില പ്രദേശങ്ങളിൽ മാറ്റമുണ്ടായിത്തുടങ്ങി. ചേർത്തലയിലെ തണ്ണീർമുക്കം എന്ന സ്ഥലത്തെ ഉഴുതുമ്മൽ കിട്ടൻ എന്ന സാമൂഹ്യപരിഷ്കർത്താവ് ഈഴവരെ സംഘടിപ്പിച്ചു പശുക്കറയ്ക്കുള്ള സവർണരുടെ കോയ്മക്ക് വിഘ്നം വരുത്തി. ഈഴവരിൽ ചങ്കൂറ്റവും മെയ്സ്വാധീനവും ഉള്ള പല പ്രമാണികളെയും ചെന്നുകണ്ട് ദീർഘമായ ആലോചന നടത്തി വിവരം എല്ലാ തണ്ടാൻപണിക്കാർക്കും അറിവ് കൊടുത്തു. അടുത്ത നാളിൽ തന്നെ അയൽവീട്ടിലെ പശു പ്രസവിച്ചു. ഉടമസ്ഥനോട് തനിയെ കറന്നുപയോഗിക്കാൻ ധൈര്യപ്പെടുത്തി. പാൽ കറന്നുപയോഗിക്കാൻ കരുതിയിരുന്ന നായർ പ്രമാണിക്ക് ഇത് രസിക്കുമോ ? പത്ത് പന്ത്രണ്ട് മല്ലന്മാരായ അനുയായികളാണ് അങ്ങോട്ട് ചെന്നത്. ഉടമസ്ഥൻ ഭയന്ന് ചരിത്രപുരുഷന്റെ വീട്ടിൽ അഭയംപ്രാപിച്ചു... എന്നാൽ നായന്മാർക്ക് കാണാൻ കഴിഞ്ഞത് പത്തറുപത് സന്നദ്ധരായ ഈഴവർ തങ്ങളെ വലയം ചെയ്തിരിക്കുന്നതാണ്. അവർ സ്ഥലം വിട്ടു. ഞർക്കുരു കുട്ടിപ്പണിക്കർ എന്നാണ് ആ പ്രമാണിയുടെ പേര്... അടുത്ത ദിവസം ഒരു കേസ് ഫയലായി... സകലരും പ്രതികളായി ... എല്ലാവരും ഒത്തൊരുമിച്ച് പണപ്പിരിവ് നടത്തി കേസ് വാദിച്ചു. ഒടുവിൽ ഈഴവർ തന്നെ വിജയം വരിക്കുകയാണ് ചെയ്തത്. " (43)
അധികാരരൂപങ്ങളുടെ അക്രമങ്ങളിലൂടെയും ഉഗ്രശാസനകളിലൂടെയുമാണ് ഉൽപ്പാദകനെ ഉൽപ്പന്നത്തിൽ നിന്ന് ആട്ടിപ്പായിച്ചിരുന്ന ആചാരങ്ങൾ കേരളത്തിൽ നിലനിന്നിരുന്നത് എന്നാണ് ഉഴുതുമ്മൽ കിട്ടനടക്കമുള്ള അധ:സ്ഥിതരുടെ കീഴാളചരിത്രം ബോധ്യപ്പെടുത്തുന്നത്. ഉൽപ്പന്നത്തെ സ്പർശിച്ചാൽ കിട്ടുമായിരുന്ന ശിക്ഷയെച്ചൊല്ലിയുള്ള ഭയമാണ് ദേവകി നിലയങ്ങോടിന്റെ ഇല്ലങ്ങളെ പാലാഴികളാക്കിയത്. ഈഴവരെ രണ്ടാംകിടയാക്കുന്ന ബ്രാഹ്മണഭക്ഷണമായും ബ്രാഹ്മണസ്ത്രീകളെ രണ്ടാംകിടയാക്കുന്ന ആണത്തഭക്ഷണമായും കാണിപ്പയ്യൂരും ദേവകി നിലയങ്ങോടും പശുവിൻപാലിനെ നിർണ്ണയിക്കുന്നെങ്കിലും ബ്രാഹ്മണവീടുകളിലെ നിലാതുകളെ നിറച്ചിരുന്ന ആ പാല്, ഉൽപ്പാദകരെ മരത്തിൽ കെട്ടിയിട്ട് തല്ലി അപഹരിച്ചുകൊണ്ടുവന്നതാണ് എന്ന ആഖ്യാനം ഇരുകൃതികളിലുമുണ്ടാകുന്നില്ല. ഉൽപ്പന്നത്തെ ഉൽപ്പാദകനിൽ നിന്ന് അപഹരിക്കുന്ന പ്രക്രിയയെയാണ് അപഹർത്താവിന്റെ ഔദാര്യമായി ദേവകി നിലയങ്ങോട് വിവരിക്കുന്നത്. ഉൽപ്പന്നത്തിന്റെ അവകാശം ഉൽപ്പാദകന് ലഭ്യമായതിന്റെ ചരിത്രം ഉപരിവർഗ്ഗ ആഖ്യാനങ്ങളിൽ ഉണ്ടാവില്ല എന്ന് ദേവകി നിലയങ്ങോടിന്റെയും കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാടിന്റെയും ആത്മകഥകൾ ബോധ്യപ്പെടുത്തുന്നുണ്ട്.
പാൽ, വിവേചനത്തിന്റെ രൂപകമാകുന്നത് ബ്രാഹ്മണവീട്ടിനുള്ളിലല്ല; ഉൽപ്പാദനസ്ഥലത്ത് തന്നെയാണ്. ഉൽപ്പന്നത്തിന്റെ അവകാശം ആരുടേതാണ് എന്ന ചോദ്യമാണ് ഉഴുതുമ്മൽ കിട്ടനക്കമുള്ള അധ:സ്ഥിതവിഭാഗത്തിൽപ്പെട്ട പാലുൽപ്പാദകരുടെ അവകാശസമരത്തിൽ ഉന്നയിക്കപ്പെട്ടത്. കൊണ്ടും കൊടുത്തും കോടതി കയറിയും അവർ നേടിയെടുത്തത് സമാനകളില്ലാത്ത അവകാശമായിരുന്നു. അവർ ഇല്ലാതാക്കിയ ആ ആചാരത്തെയാണ് പഴങ്കഥപോലെയെന്ന പ്രയോഗം കൊണ്ട് കാണിപ്പയ്യൂർ ലഘൂകരിക്കുന്നത്.
ഒരേ ഉൽപ്പന്നത്തെക്കുറിച്ചാണ് കാണിപ്പയ്യൂരിന്റെയും ദേവകി നിലയങ്ങോടിന്റെയും ഉഴുതുമ്മൽ കിട്ടന്റെയും ജീവിതങ്ങൾ നമ്മോട് സംസാരിക്കുന്നത്. ഉൽപ്പാദകരുടെ ആഖ്യാനം ചോരയുടെയും കോടതിവ്യവഹാരത്തിന്റെയും ആഖ്യാനമായി മാറുന്നുവെങ്കിൽ ഉപഭോക്താക്കളുടേത് ആചാരബദ്ധതയുടെയും ആക്ഷേപിക്കലിന്റെയും ഔദാര്യത്തിന്റെയും ഉപരിവർഗ്ഗവൈരുധ്യങ്ങളുടെയും ആഖ്യാനമായി മാറുന്നു. കേരളത്തിലെ ഉപരിവർഗ്ഗഭവനങ്ങളിലെ നായികമാരും തോഴികളും നേരിട്ട അപമാനങ്ങളെ, വളർത്തുനായയുടെ പരിഗണന പോലും ലഭിക്കാതിരുന്ന ദളിതജീവിതങ്ങളോട് സമപ്പെടുത്തുന്നതും അത് ഉപരിവർഗ്ഗജീവിതങ്ങൾ നേരിട്ട അപമാനങ്ങളുടെ തുടർച്ചയാണെന്ന് പറയുന്നതും ചരിത്രത്തിന്റെ ലഘൂകരണവും വികലീകരണവുമാണ്. നൂറ്റാണ്ടുകളായി കേരളത്തിൽ തുടർന്നുകൊണ്ടിരുന്ന, ദേവകി നിലയങ്ങോടിന്റെ വീട്ടുമുറ്റത്തും സംഭവിച്ചുകൊണ്ടിരുന്ന ജാതിദുരാചാരങ്ങളുടെ തീവ്രത ദേവകി നിലയങ്ങോടിന് ബോധ്യപ്പെടുന്നത് വടക്കേഇന്ത്യയിൽ നിന്നിറങ്ങിയ ആത്മകഥകളിലൂടെയാണ് എന്നതും സ്വന്തം സാമൂഹികസാഹചര്യങ്ങളെ സാമാന്യമായിപ്പോലും മൂല്യനിർദ്ധാരണം ചെയ്യാനാകാത്ത അവരുടെ പരിമിതിയെത്തന്നെയാണ് സൂചിപ്പിക്കുന്നത്. പക്ഷേ അവരുടെ രചനകളെ ആധികാരികചരിത്രങ്ങളായും പാഠപുസ്തകങ്ങളായും ആഘോഷിക്കുന്നതിലാണ് പ്രശ്നം. ആഖ്യാതാക്കളുടെ സാമുദായികനിലകളെയും സാമൂഹികസാഹചര്യങ്ങളെയും നിർണ്ണയിച്ച് മാത്രമേ വ്യവഹാരവിശകലനം സാധ്യമാകൂ എന്ന് പറയേണ്ടി വരുന്നതതു കൊണ്ടാണ്
ആധാരഗ്രന്ഥങ്ങൾ
1. കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട്, എന്റെ സ്മരണകൾ (രണ്ടാം ഭാഗം), പഞ്ചാംഗം പുസ്തകശാല, 2005
2. ദേവകി നിലയങ്ങോട്, കാലപ്പകർച്ചകൾ, മാതൃഭൂമി ബുക്സ്, 2008
3. പി.ഭാസ്കരനുണ്ണി, പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം, കേരള സാഹിത്യ അക്കാഡമി, 2012
ഡോ. നൗഷാദ് എസ്.
അസോസിയേറ്റ് പ്രൊഫസർ
ORI & MSS ലൈബ്രറി
കേരളസർവ്വകലാശാല, കാര്യവട്ടം
Ph: 9446370168
--------------------------------------------




Comments