top of page

മനുഷ്യരെ മാത്രമല്ല ചുറ്റുമുള്ള എല്ലാത്തിനെയും ഉൾപ്പെടുത്താൻ പുറത്തേക്ക് തുറന്നുവച്ച കണ്ണുകളുംചെവികളും വേണം നമുക്ക്.ഇതിലേക്കാണ് ഇത്തരമൊരു പൊതുരാഷ്ട്രീയത്തിലേക്കാണ് എൻ്റെ സിനിമകൾ പൊയ്ക്കൊണ്ടിരിക്കുന്നത്

Oct 25
7 min read

Updated: 7 days ago

ഇൻ്റർവ്യു - ഉണ്ണികൃഷ്ണൻ ആവള - ഡോ അമ്പിളി ആർ. പി.

1.‘ഉടലാഴ’ ത്തിലൂടെ 2018 iffk ൽ എത്തി ഇപ്പോൾ ‘തന്തപ്പേര്’ എന്ന ചിത്രത്തിലൂടെ iffk 2025 ലെ രജതചകോരം, നെറ്റ്പാക് അവാർഡ്, ഇൻ്റർനാഷണൽ ജൂറി പുരസ്‌കാരം തുടങ്ങി ഒട്ടേറെ അവാർഡുകൾ ലഭിച്ച ചലച്ചിത്രകാരൻ എന്ന നിലയിൽ നിൽക്കുമ്പോൾ  എന്തൊക്കെ തരത്തിലുള്ള മാറ്റങ്ങളാണ് താങ്കളിൽ സംഭവിച്ചിരിക്കുന്നത് വിലയിരുത്താമോ ?


  ഇത് രണ്ടും രണ്ട് ലോകമല്ലേ? രണ്ട് ലോകമാണ്. രണ്ട് ആകാശവും. ഞാനിപ്പോൾ ആലോചിക്കുന്നത് ഈ രണ്ടിടങ്ങളും അല്ല. പുതിയൊരു ആകാശത്തെക്കുറിച്ചാണ്.  ചില ലോകസിനിമകളുടെ ഫ്രെയിമുകൾ കാണുമ്പോൾ നമുക്ക് വരുന്ന ഒരു അത്ഭുതം ഉണ്ട്. ലോകസിനിമകൾ  ചിലപ്പോൾ എനിക്ക് പൂർണമായും ഫീൽ ആവാറില്ല. ഭാഷയുടെ പരിമിതി ആയിരിക്കാം.  സബ്ടൈറ്റിലുകൾ വായിച്ച് സിനിമ കാണുന്ന രീതി എനിക്കില്ല. എന്നാൽ ചില ലോകസിനിമകൾ ദൃശ്യങ്ങളിലൂടെ  എന്നെ ഭീകരമായി പിടിച്ചിരുത്താറുണ്ട്. സ്റ്റാറ്റിക് ഫ്രെയിമുകൾ കൊണ്ട് കഥ പറയുന്ന - പശ്ചാത്തല സംഗീതം പതിഞ്ഞ രീതിയിൽ ഉപയോഗിക്കുന്ന രീതി - ഇത് വിഷ്വലുകൾക്ക് മുകളിൽ സംവിധായകനുള്ള അപാരമായ ക്രാഫ്റ്റ് മേക്കിംഗ് കപ്പാസിറ്റിയാണ്. നമ്മൾ ഇനിയും ഒരുപാട് വളരേണ്ടിയിരിക്കുന്നു . ഞാനങ്ങനെയാണ് മനസിലാക്കുന്നത്. ആഗ്രഹിക്കുന്നത്. എന്നാൽ നമ്മുടെ ഉള്ളിൽതന്നെ ഒരു വിപരീതമുണ്ട്. അത്തരം ഗംഭീരക്രാഫ്റ്റ് മേക്കിങ്ങിലൂടെ - കലാമൂല്യമുള്ള സിനിമകൾ സംഭവിക്കുമ്പോൾ iffk  പോലുള്ള മേളകളിൽ 2000 ൽ പരം കാണികളിലൂടെ മാത്രമാണ് സിനിമ സഞ്ചരിക്കുക. എന്നാൽ അതിനപ്പുറത്തേക്കുള്ള വലിയൊരു വേദി ചിലപ്പോൾ എന്നെ പ്രലോഭിപ്പിക്കുന്നുണ്ട്. ഫുൾടൈം കാണികളെ എൻഗേജ് ചെയ്യിക്കുന്ന Wow പറയിപ്പിക്കുന്ന അവർക്ക് വേണ്ടത് മാത്രം കൊടുക്കുന്ന  സിനിമകൾ അതാണ് പലപ്പോഴും പുറത്തുള്ള ഭൂരിപക്ഷത്തെ തൃപ്തിപ്പെടുത്തുന്നത്. അതും ചിലപ്പോൾ എൻ്റെ സ്വപ്നമാണ്. ‘ എന്നാൽ അതിലേക്ക് സമരസപ്പെടുന്ന തരത്തിൽ ബൗദ്ധിക വ്യാപാരങ്ങൾക്ക് പ്രേക്ഷകരെ നയിക്കാത്ത സിനിമകൾ ചെയ്യാൻ എനിക്ക് ഇഷ്‌ടവുമില്ല. ഇത്തരം ഒരു conflict ഉണ്ട് ഉള്ളിൽ.


2. പക്കാ കൊമേഴ്സിലോ പക്കാ ആർട്ടോ ആവാതെ ഇവയ്ക്ക് ഇടയിലുള്ള ഒരു ധാര സജീവമായിരുന്നല്ലോ നമ്മുടെ മലയാള ചലച്ചിത്രരംഗത്ത്. അത്തരത്തിൽ ഒരു രീതി സ്വപ്നം കാണാറുണ്ടോ സ്വന്തം സിനിമകളിൽ ?


            നിലവിൽ കുറച്ചു കാലത്തേക്ക് എനിക്കത് നടക്കില്ല എന്നു തോന്നുന്നു.  ഒന്നുകിൽ ഫുൾ ടൈം എൻറർടൈൻമെന്റ് എന്ന നിലയിൽ ചെയ്യാം അല്ലെങ്കിൽ അക്കാദമിക്കായിട്ട് ചെയ്യാം. അക്കാദമിക്കായിട്ട് ചെയ്യുമ്പോൾ ഫെസ്റ്റിവൽ ഇടങ്ങൾ കണ്ടെത്തി അവാർഡുകൾ ലഭിച്ച് പുതിയ മേളകളിലേക്ക് പ്രവേശിച്ച് അവിടെ മാർക്കറ്റ് കണ്ടെത്തി പോകുന്ന സിനിമകൾ ഉണ്ട് അതും ഒരുതരത്തിൽ വാണിജ്യ സിനിമകൾ തന്നെയാണ്. എന്നാൽ ഇവയ്ക്ക് അപ്പുറത്ത് സിനിമയിടങ്ങൾ ഉണ്ട്. വാണിജ്യത്തിനപ്പുറത്ത് കലാപ്രവർത്തനം എന്ന നിലയിൽ സിനിമയെ കാണുന്ന ആ ഒരു വഴിയിലാണ് ഞാനിപ്പോൾ സത്യത്തിൽനിൽക്കുന്നത്.  അവിടെത്തന്നെയാണോ തുടരേണ്ടത് വാണിജ്യ സിനിമകളിലേക്ക് പോകണോ  രണ്ടു വഴികളും ഒരുമിച്ച് സ്വീകരിക്കണോ എന്ന് തുടങ്ങിയ വലിയ വലിയ ചോദ്യങ്ങൾക്ക് എനിക്ക് ഇപ്പോഴും ഉത്തരങ്ങൾ കിട്ടിയിട്ടില്ല. എൻ്റെ ആയുസ്സ് വച്ചിട്ടാണ് ജീവൻ വെച്ചിട്ടാണ് ഞാൻ സിനിമകൾ ചെയ്യുക അതുകൊണ്ടുതന്നെ ഒരാഴ്ചയോ മാസമോ  മാത്രം ജീവനുള്ള സിനിമകൾ ചെയ്യുക എന്നത് എനിക്ക് കഴിയില്ല എന്ന് തോന്നുന്നു.

3. കവി,  എഴുത്തുകാരൻ എന്നിങ്ങനെയുള്ള നിലകളിൽ നിന്ന് ചലച്ചിത്ര രംഗത്തേക്ക് കടന്നുവന്ന ആ വഴികളെക്കുറിച്ച് പറയാമോ?


    വിഷ്വൽ ആണ് നമ്മളെ എപ്പോഴും പ്രലോഭിപ്പിച്ചിട്ടുള്ളത്. വാക്കിൻ്റെ ദുർബലത -  അങ്ങനെയല്ല -  ചില വാക്കുകൾ നമ്മളെ വർഷങ്ങളോളം ജീവിപ്പിക്കാറുണ്ട് പക്ഷേ വിഷ്വലുകളാണ് ഉള്ളിൽ പലപ്പോഴും തെളിയാറ്. അതുകൊണ്ട് വാക്കിനെ തള്ളിപ്പറയുക എന്നത് എൻ്റെ രീതിയല്ല.  ചില വാക്കുകൾ നമ്മളെ സ്വാധീനിക്കാറുണ്ട്. പക്ഷെ വിഷ്വലുകൾ വലിയ ഒരു സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഞാൻ കവിത എഴുതുന്നു ഫീച്ചറുകൾ എഴുതുന്നു, കവർസ്‌റ്റോറി എഴുതുന്നു.പിന്നെയാണ് ഞാൻ വിഷ്വലുകളിലേക്ക് എത്തുന്നത്.  പക്ഷേ, വിഷ്വൽ ഉണ്ടാക്കുന്ന ഇംപാക്റ്റ് വളരെ വലുതാണ്. ഒരു ഇമോഷനെ ഒരു വസ്തുതയെ നമുക്ക് അവതരിപ്പിക്കാൻ അതാണ് കൂടുതൽ സ്വാതന്ത്ര്യവും വലിപ്പവും വ്യാപ്തിയും നൽകുന്നത്. ഒരേസമയത്ത് കഥയുണ്ട് കവിതയുണ്ട് വിഷ്വലുകൾക്കകത്ത്. ഒരു തെളിവായി സമൂഹത്തിന് സമർപ്പിക്കാൻ നമുക്ക് പറ്റും. ‘ലാസ്റ്റ് പേജ്’ എന്ന എൻ്റെ ഡോക്കുമെൻ്ററി ചിത്രത്തിൽ എയ്ഡ്സ് പിടിച്ച് മരിക്കുന്ന ഒരാളെ നടക്കുന്ന ഒരു സീൻ ഉണ്ട്. അതൊരു തരത്തിൽ കേരളത്തിൽ ഇങ്ങനെയൊരു വിഷ്വൽ ഉണ്ടായിരുന്നു എന്ന് എനിക്ക് പറഞ്ഞുവയ്ക്കാൻ കഴിയുന്ന ഒരു തെളിവാണിത്. സിനിമയുടെ ഭംഗിയും സാധ്യതയും ഒരു പക്ഷേ അതാണ്. എല്ലാത്തിൻ്റെയും ശരാശരികളാണ് എൻ്റെ കയ്യിൽ ഉള്ളത്. ഞാൻ ഒന്നിലും മാസ്റ്റർ അല്ലാത്തതുകൊണ്ട് ഇവയൊക്കെ എൻ്റെ കയ്യിൽ കുറച്ച്കുറച്ച് ഉണ്ട്. അവ സിനിമയ്ക്കുള്ളിൽ കൃത്യം രീതിയിൽ മിക്സ് ചെയ്യാൻ എനിക്ക് കഴിയാറുണ്ട്. ഒന്നിലും മാസ്റ്റർ അല്ല എന്നത് … അതാണ് എന്നിലെ ഡയറക്ടറുടെ സാധ്യത എന്ന് തോന്നുന്നു. എല്ലാം കുറച്ച് കുറച്ച്. സംഗീതം ആസ്വദിക്കാനുള്ള ശേഷി, ഒരാൾ വിരസത അനുഭവിക്കുന്നത് തിരിച്ചറിയാനുള്ള ശേഷി, ഇതൊക്കെയാണ് എൻ്റെ സിനിമകൾ സംവിധായകൻ എന്ന നിലയിൽ എന്നെ എൻഗേജ് ചെയ്യിക്കുന്നതെന്ന് തോന്നുന്നു. 


4. ഏറ്റവും ആദ്യം അടയാളപ്പെട്ട വർക്ക്, അല്ലെങ്കിൽ ഏറ്റവും ആദ്യം പ്രേക്ഷകർ അംഗീകരിച്ച ആദ്യ വർക്ക് ഏതായിരുന്നു. ?


ലാസ്റ്റ് പേജ് ആണ് അത്. ലാസ്റ്റ് പേജിൽ ആണ് തുടങ്ങിയത്. അതു തന്നെയാണ് ഇവിടെ നിൽക്കണം എന്ന തോന്നൽ എന്നിൽ ഉണ്ടാക്കിയത്. 

 

‘വി മെൻസെസ് ‘ എന്ന ഡോക്യുമെൻററി കേരളത്തിൽ അങ്ങോളമിങ്ങോളം ക്യാമ്പസുകൾ ഏറ്റെടുത്ത് പ്രദർശിപ്പിച്ച ചിത്രമാണ്. അങ്ങനെ ധാരാളം വേദികളിൽ മികച്ച ചർച്ചകൾക്ക് കാരണമാവുകയും ചെയ്തു. എന്തുകൊണ്ടാണ് അനുഷ്ഠാനങ്ങളിൽ നിന്നും കേരളത്തിലെ സ്ത്രീകൾ പുറത്തായി പോകുന്നത് എന്ന വിഷയമാണ് അത് ചർച്ച ചെയ്തത്. അമ്മ ദൈവങ്ങളെ കെട്ടാൻ എന്നും പുരുഷനു മാത്രമേ പറ്റൂ എന്നുള്ളതിനെ ചോദ്യം ചെയ്യുകയാണ് ചിത്രം. മറ്റെല്ലാ മേഖലകളിലും പുതിയകാലത്ത് കടന്നുവരുന്ന ലിംഗസമത്വം അനുഷ്ഠാനത്തിന്റെ മേഖലയിൽ വരുന്നില്ല എന്ന സത്യം വെളിപ്പെടുത്തുന്ന ചിത്രമാണത്.  എന്നാൽ IDSFK  പോലുള്ള ഇടങ്ങളിൽ ഈ ചിത്രത്തിന് സെലക്ഷൻ ലഭിച്ചില്ല. അവിടെ തള്ളിപ്പോയതുകൊണ്ട് ഒരു വർഷത്തോളമാണ് ആ ചിത്രം പെട്ടിയിലിരുന്നത്. ഗ്രാമീണ ചലച്ചിത്ര വേദികൾ ചെറുപ്പക്കാർ ഏറ്റെടുത്തത് കൊണ്ട് മാത്രമാണ് അതിന് പിന്നീട് കാണികൾ ഉണ്ടായതും തുടർച്ചകൾ ഉണ്ടായതും ഒക്കെ.  അതുകൊണ്ടാണ് മേളകളിലെ ചലച്ചിത്രങ്ങളുടെ തിരഞ്ഞെടുപ്പ് ഏറെ പ്രധാനപ്പെട്ട ഒന്നാണ് എന്ന് ഞാൻ ആവർത്തിച്ചു പറയുന്നത്.


5.ഈ രംഗത്ത് പ്രവർത്തിക്കുമ്പോൾ പ്രധാനപ്പെട്ട തടസ്സങ്ങൾ ആയിട്ട് തോന്നിയിട്ടുള്ളത്  എന്തൊക്കെയാണ് ?


   പണം ആണ് ഏറ്റവും വലിയ പരിമിതി. ഏറ്റവും കൂടുതൽ ആവശ്യമുള്ളത് പണമാണ്. പക്ഷേ ഒരു  കലാകാരന് ഏറ്റവും അധികം  ആവശ്യമുള്ളത് സ്വാതന്ത്ര്യമാണ് അതിലൂടെയുള്ള സമാധാനമാണ്. പക്ഷേ ഇത് രണ്ടും തമ്മിൽ ഒത്തുപോകാൻ ഒരുപാട് കാലം എടുക്കും. ഇപ്പോൾ എനിക്ക് ഓക്കെയാണ് ഈ ദിവസങ്ങളിൽ വിദേശത്ത് നിന്ന് പലരും വിളിക്കുന്നുണ്ട് പടം ചെയ്യാൻ താല്പര്യം കാണിക്കുന്നുണ്ട്. പ്രൊഡ്യൂസ് ചെയ്യാൻ ഇപ്പോൾ ആളുകളുണ്ട് പക്ഷേ ഒരു കൊല്ലം പടം ചെയ്തിട്ടില്ലെങ്കിൽ ഇതേ ആളുകൾ എന്നെ മറന്നുപോകും. തുടർച്ചയായി സിനിമകൾ ചെയ്യുകയും ഇതേ രംഗത്ത് നിലനിൽക്കുകയും വിജയിക്കുകയും ചെയ്താൽ മാത്രമേ തുടർച്ചകൾ സംഭവിക്കുകയുള്ളൂ. സ്ക്രിപ്റ്റ് പറഞ്ഞു് അത് അവർക്ക് ഇഷ്ടപ്പെട്ട് … ഇതൊക്കെ ഒരു വലിയ പണിയാണ്. ഒന്നാലോചിച്ചു നോക്കൂ നമ്മുടെ മനസ്സിലുള്ള ഒരു സ്ക്രിപ്റ്റ് മറ്റൊരാൾക്ക് ഇഷ്ടമാകുന്നത് …  ഇതൊക്കെ ഒരു വലിയ പ്രോസസ്സ് ആണ്. അത് ഇഷ്ടപ്പെടുന്ന ആൾക്കാരെ കണ്ടെത്തുക എന്നുള്ളത് മറ്റൊരു പണിയാണ്. സ്വാതന്ത്ര്യം വളരെ കുറവാണ് സിനിമയിൽ പ്രത്യേകിച്ച് തുടക്കക്കാർക്ക്. അതൊരു വലിയ വെല്ലുവിളിയാണ്. ഇത്രയും വലിയ കാലങ്ങൾ വളരെ ഫൈറ്റ് ചെയ്തിട്ടാണ് ഞാനൊക്കെ ഇത് മറികടന്ന് കയറിവരുന്നത്. അതുകൊണ്ട് ഇപ്പോൾ സ്വാതന്ത്ര്യത്തോടെ വർക്ക് ചെയ്യാൻ പറ്റും. പക്ഷേ അപ്പോഴും ഒരു സിനിമ ഫ്ലോപ്പ് ആയാൽ തീരാവുന്നതേ ഉള്ളൂ ഈ സ്വാതന്ത്ര്യം. ഒരു കലാകാരന്റെ മനസ്സോടുകൂടി സിനിമാരംഗത്ത് ജീവിക്കുക എന്നത് വലിയൊരു വെല്ലുവിളിയാണ്. വർക്കൗട്ടാവുന്നത്  ഒരു ബിസിനസുകാരൻ്റെ മനസ്സോടുകൂടി കുറച്ച് കലാബോധത്തോടെ നിലനിൽക്കുന്നതാണ് എന്ന് പലപ്പോഴും തോന്നാറുണ്ട്. ഇതാണ് പ്രശ്നം. അതുകൊണ്ടുതന്നെയാണ് സിനിമകൾ പലപ്പോഴും ആഴ്ചകൾകൊണ്ട് മറന്നുപോവുന്നത്. ഏത് സൂപ്പർ ഹിറ്റും നൂറുകോടി ആകുമ്പോൾ ശ്രദ്ധിക്കും പിന്നെ അത് മറന്നുപോകും. ഇത്തരം പല സിനിമകൾ നമ്മുടെ ഉള്ളിലുണ്ട് പക്ഷേ ചെയ്യാൻ സാധിക്കാത്തത്. ഈ  സിനിമകളിലേക്കുള്ള പോക്ക് എനിക്ക് ഒരു വെല്ലുവിളി തന്നെയാണ്. പിന്നെ അതാണ് കൂടുതൽ തൃപ്തി തരുന്നതെങ്കിൽ ചിലപ്പോൾ അതിലേക്കായിരിക്കും പോവുക. അറിഞ്ഞൂട.

6. സ്വന്തമായി ഒരു സിനിമയുമായി  iffk യിലേക്ക് കാലുകുത്തിയ ഒരാളാണ് താങ്കൾ. iffk പോലുള്ള ഒരു മേള എങ്ങനെയാണ് മലയാളസിനിമയെ സ്വാധീക്കുന്നത് എന്നാണ് താങ്കൾക്ക് തോന്നുന്നത് ?


        സത്യംപറഞ്ഞാൽ ഒരു രക്ഷയുമില്ല.മലയാളസിനിമകൾ എത്രമേൽ മുന്നോട്ടു പോയിരിക്കുന്നു എന്ന ബോധ്യങ്ങൾ കേരള ടുഡേ വിഭാഗങ്ങൾ നൽകുന്നു. മേക്കിങ്ങിൽ, സബ്ജറ്റ് തെരഞ്ഞെടുക്കുന്നതിൽ, ലിംഗ സമത്വത്തിന്റെ കാര്യത്തിൽ സമൂഹത്തിനോടുള്ള അവരുടെ കാഴ്ചപ്പാടിൽ എത്ര സൂക്ഷ്‌മമായാണ് ഇവർ ഇടപെടുന്നത്. നിലവിലെ  സമൂഹത്തിലെ ചില അസ്വസ്ഥതകളോട് അല്ലെങ്കിൽ മാറ്റണമെന്ന് തോന്നുന്ന ചില കാര്യങ്ങളോട് അതിശക്തമായി കലഹിക്കാൻ കഴിവുള്ള സിനിമകളാണ് ഇവയൊക്കെ. അത് iffk യുടെ ഒരു സംഭാവന തന്നെയാണ്. ഞാനൊക്കെ ഒരു സിനിമ ചെയ്യുമ്പോൾ അത് എവിടെ കാണിക്കും എന്നുള്ളത് വലിയൊരു ചോദ്യമാണ്. പ്രൗഢമായ ഒരു ജനതയുടെ മുന്നിൽ സിനിമ കാണിക്കാൻ ആകും എന്ന ചിന്ത തന്നെ ഞങ്ങളെപ്പോലുള്ള സാധാരണ സിനിമക്കാർക്ക് വലിയൊരു സന്തോഷമാണ്. 

    വർഷംതോറും കുറഞ്ഞത് ഒരു 12 ഡയറക്ടർമാർക്ക് അതിനുള്ള ധൈര്യം കിട്ടുന്നുണ്ട്. അത് ഒരു വലിയ ഉറപ്പാണ്.  iffk പോലുള്ള ഇടം നൽകുന്ന ആ ധൈര്യം ഒത്തിരി പേരെ മുന്നോട്ടു നയിക്കുന്നുണ്ട്. പിന്നെ തെരഞ്ഞെടുപ്പുകളെ കുറിച്ച് ചില പ്രശ്നങ്ങൾ ഉണ്ടാവാറുണ്ട് പലപ്പോഴും. സെലക്ഷൻ ജൂറിയെ തിരഞ്ഞെടുക്കുന്നത് അത്ര സൂക്ഷ്മമായി വേണം എന്നതാണ് എൻ്റെ അഭിപ്രായം. പ്രൈമറി  പ്രീ പ്രൈമറി സെലക്ഷൻ ജൂറികൾ തിരഞ്ഞെടുത്താൽ മാത്രമേ പ്രധാനപ്പെട്ട ജൂറിയിലേക്ക് പ്രേക്ഷകരിലേക്ക് തുടർന്ന് സിനിമ എത്തുകയുള്ളൂ. സെലക്ഷൻ ജൂറിയെ അതിഗൗരവത്തോടെ കാണണം. നോക്കു, കാണുന്ന സിനിമകളെക്കുറിച്ചാണ് നിങ്ങൾ അഭിപ്രായം പറയുന്നത്. ഏത് സിനിമ കാണണം എന്നത് ഇത്തരം  ഇടങ്ങളാണ് പക്ഷേ തീരുമാനിക്കുന്നത്. അത്ര സൂക്ഷ്‌മമായ -  ഉന്നത ഔന്നത്യബോധമുള്ള സിനിമയെക്കുറിച്ച് ആഴത്തിൽ അറിവുള്ള -  മനുഷ്യർ വേണം സെലക്ഷൻ ജൂറിയിൽ. സിനിമയോടുള്ള പാഷൻ ആത്മാർത്ഥത എന്നിവ മാത്രമുള്ള ഒരു കൂട്ടം മനുഷ്യർ ഉണ്ടെങ്കിൽ മാത്രമേ സിനിമ കൃത്യഇടത്തിൽ എത്തുകയുള്ളൂ എന്നുള്ളത് ഒരു ശ്രദ്ധിക്കേണ്ട കാര്യമാണ്.

    പിന്നെ സിനിമ കഴിഞ്ഞ ഉടനെയുള്ള Q & A സെഷൻ പോലുള്ളവ വേണ്ടായെന്നാണ് എനിക്ക് തോന്നുന്നത്. സിനിമ കഴിഞ്ഞിറങ്ങുന്ന മനുഷ്യരിൽ സിനിമ നിറഞ്ഞുനിൽക്കണം. സിനിമ കഴിഞ്ഞ് സംവിധായകനോട് സംസാരിക്കുമ്പോൾ സിനിമയെന്ന അനുഭവം അവരുടെ ഉള്ളിൽനിന്ന് ഊർന്നുപോകുമെന്ന് തോന്നുന്നു. അത് അവിടെ കിടക്കുകയാണ് വേണ്ടത്.

 

7. തന്തപ്പേര് നമ്മൾ ഇതുവരെ കാണാത്ത ഒരു ഭൂപ്രകൃതി അത്ര പരിചയമില്ലാത്ത മനുഷ്യർ എന്നിങ്ങനെ ഒരു പുതിയ അനുഭവമാണല്ലോ കാണികൾക്ക് നൽകുന്നത്. ചോലനായ്ക്കർ എന്ന വിഭാഗത്തെ  സിനിമ എന്ന ഇടത്തിലേക്ക് എത്തിക്കാൻ എത്രത്തോളം പ്രയാസങ്ങൾ നേരിട്ടു?


          അതൊരു വലിയ പ്രവർത്തനമായിരുന്നു. സിനിമയെക്കുറിച്ച് ധാരണയുള്ള മനുഷ്യർക്ക് സ്ക്രിപ്റ്റ് കൊടുത്തിട്ട് അവരെക്കൊണ്ട് ചെയ്യുന്നതുപോലെ അത്ര ലളിതം അല്ല ഇത്. ആദ്യം നിങ്ങളെയാണ് അവർ പഠിക്കുന്നത്. സിനിമ ചെയ്യുന്ന ആളെയാണ് അവർ പഠിക്കുന്നത്. അയാളെ അവർ വിശ്വസിക്കണം. അവർക്ക് അയാളോട് സ്നേഹം തോന്നണം. അയാളുടെ സ്നേഹം തിരിച്ചറിയണം. വല്ലാത്ത ഒരു പ്രോസസ്സ് ആണിത്. അങ്ങനെ ആയാൽ മാത്രം നടക്കുന്ന  ഒന്നാണ് ഈ സിനിമ. അതുകൊണ്ടാണ് ഇത്രയും വലിയ ദൈർഘ്യമുണ്ടായിട്ടും. ഇതിനോടുള്ള ആത്മാർത്ഥതയും അതിനു പുറകിലുള്ള വലിയ വേദനയും ഒക്കെക്കൂടി ഇത് സാധ്യമായത്. എൻ്റെ സിനിമയിൽനിന്ന് ഇടയ്ക്ക് ഒരാൾ ഇറങ്ങിപ്പോകുമ്പോൾ എനിക്ക് വലിയ അസ്വസ്ഥത ഉണ്ടാവാറുണ്ട്. അത് ശരിയല്ല എന്നെനിക്കറിയാം. പക്ഷേ, എൻ്റെ ഒരു മനുഷ്യായുസ്സിൻ്റെ വലിയൊരു ഭാഗം എടുത്തുചെയ്യുന്ന ഒരു സിനിമ എന്നതുകൊണ്ടാവാം അത്.

           

       ഇന്ന് നമ്മുടെ സിനിമയുടെ സ്ക്രീനിംഗ് ഉണ്ട് എന്നറിയുമ്പോൾ കാട്ടിൽ റേഞ്ചിൽ ഇല്ലാത്തതിനാൽ റേഞ്ച് കിട്ടാൻ ഇടയുള്ള ഏതോ പാറയുടെ മുകളിൽ എൻ്റെ ഫോൺ വിളിക്കായി കാത്തിരുന്ന്,  കറക്ട് സമയം കഴിയുമ്പോൾ അവരെന്ത് പറഞ്ഞു എന്ന്  ആകാംക്ഷയോടെ ചോദിക്കുന്ന നിലയിലേക്ക് അവർ വന്നിട്ടുണ്ട്. അതായത് ഇപ്പോൾ ഇത് അവരുടെകൂടി സിനിമയായിട്ടുണ്ട്. ഒരു സിനിമ എന്നതിലുപരി ഇതൊരു സാമൂഹ്യപ്രവർത്തനം പോലെയായിരുന്നു എനിക്ക് അനുഭവപ്പെട്ടത്. ഞങ്ങളെക്കുറിച്ച് ഒരു സിനിമ വന്നാൽ നമ്മുടെ സമൂഹത്തിനും അത് നല്ലതല്ലേ എന്ന നിലയിൽ ചോദിക്കാൻ അവർക്കാവുന്നു എന്നത് തന്നെ വലിയൊരു സന്തോഷമാണ്.

 

       iffk അവാർഡ് ലഭിച്ചുകഴിഞ്ഞപ്പോൾ എന്നെ ആര്യൻ ഷൗക്കത്ത് വിളിക്കുകയുണ്ടായി. അഭിനന്ദനങ്ങൾ അറിയിച്ചശേഷം ഏറനാട്ടിലെതന്നെ ഏറ്റവും പ്രസിദ്ധമായ  നിലമ്പൂർ പാട്ടുത്സവം എന്ന ആഘോഷത്തിലേക്ക് ക്ഷണിക്കുകയുണ്ടായി. മലപ്പുറത്തെ സകലമനുഷ്യരുടെയും ഒരു അനുഷ്ഠാനപരമായ ഉത്സവം കൂടിയാണിത്. അതു ഉദ്ഘാടനം ചെയ്യുന്നതിലേക്കായി എന്നെയും തന്തപ്പേരിലെ  നായകനെയും ക്ഷണിച്ചു. ഗോത്രവിഭാഗത്തിൻ്റെ മണ്ണായ അവിടെ അധിനിവേശസ്വഭാവം കാണിച്ച് അധികാരം കൈയെത്തിയ കോവിലകത്തിന്റെ മണ്ണിൽ ഒരുകാലത്ത് ആട്ടിയോടിക്കപ്പെട്ട ഗോത്ര വിഭാഗത്തിൽപ്പെട്ട ഒരാൾ ആ ഉത്സവം ഉദ്ഘാടനം ചെയ്യാൻവരുന്നു എന്നുള്ളത് കാലത്തിൻ്റെ  ഒരു കാവ്യനീതി തന്നെയായി.  എന്നെ സംബന്ധിച്ച് ഞാൻ ആഗ്രഹിച്ചതിന്റെ എത്രയോ വലിയ മടങ്ങ് ഇതിലൂടെ ലഭിച്ചു എന്നാണ് ഞാൻ കരുതുന്നത്. ഇതിന് ഞങ്ങളുടെ തന്തപ്പേര് ടീമിലൂടെ സാധിച്ചു എന്നതിൽ കവിഞ്ഞ് മറ്റൊരു സന്തോഷവും ഇതിനു മുകളിൽ ലഭിക്കാനില്ല.


8. ഈ സിനിമ, ചില ഫ്രെയിമുകളിലുടെ സീനുകളിലൂടെ അടിയന്തിരാവസ്ഥയെ ലൗഡായി കാണിക്കുന്നുവെന്ന നിലയിൽ ഒരു വായന സിനിമാ നിരൂപകർക്കിടയിൽ വന്നിട്ടുണ്ടല്ലോ.  അതിനെ എങ്ങനെയാണ് നോക്കിക്കാണുന്നത്?


   ഒരു സിനിമ എല്ലാ മനുഷ്യർക്കും ഇഷ്ടമാകണമെന്ന് കരുതിയിട്ടാണ്  ഞാനും സിനിമ ചെയ്തു തുടങ്ങിയത്.  പക്ഷേ, ഒരിക്കലും അത് സംഭവിക്കില്ല എന്നെനിക്കറിയാം. കാരണം പലതരം ആസ്വാദകരാണല്ലോ ഉള്ളത്. ഇഷ്ടമുള്ളവർ ഉണ്ടാവും ഇഷ്ടമില്ലാത്തവർ ഉണ്ടാവും. ഇപ്പോൾ കുറച്ചു വർഷംകൊണ്ട് എനിക്കിതൊക്കെ ശീലമായി.  എല്ലാരും ഇഷ്ടപ്പെടുന്ന സിനിമ നടക്കില്ല എന്ന് അറിയുമ്പോൾപോലും ആരും കുറ്റം പറയാതിരിക്കാൻ ആദ്യമൊക്കെ നമ്മൾ ശ്രമിക്കുമല്ലോ. പക്ഷേ ഇപ്പോൾ എൻ്റെ സിനിമ ചെയ്ത് മുന്നോട്ടുപോകാനാണ് ഞാൻ ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ അതൊന്നും എൻ്റെ വിഷമത്തിന് കാരണമല്ല. വ്യക്തിപരമായ ഉപദ്രവിക്കുന്ന മാതിരിയുള്ള വിമർശനങ്ങൾ ഒഴികെ ബാക്കിയുള്ളവ  ഇപ്പോൾ അങ്ങനെ വിഷമിപ്പിക്കാറില്ല. മാനസിക പക്വതയും ശേഷിയുമൊക്കെ എനിക്ക് ഇപ്പോൾ കുറേയൊക്കെ ഉണ്ട്. സിനിമകൾ ഓരോ വ്യക്തികളും പുനർ നിർമ്മിക്കുകയാണ് ചെയ്യുന്നത്. സംവിധായകൻ ചെയ്ത സിനിമയെ പുന:സംവിധാനം ചെയ്യുകയാണ് ഓരോ കാണിയും ചെയ്യുന്നത്.


9. സംവിധായകൻ എന്ന നിലയിൽ ഒരു പുതിയ സിനിമയിലേക്ക് എത്തുന്ന രീതി എങ്ങനെയാണ്?


   എത്രയോ അനുഭവങ്ങൾ, അല്ലെങ്കിൽ കഥകൾ കേട്ടും അറിഞ്ഞുമാണ് നമ്മൾ ഒരു സിനിമ ചെയ്യണമെന്ന അവസ്ഥയിലേക്ക് -  സിനിമയിലേക്ക് എത്തുന്നത്. അങ്ങനെ ഒരു സിനിമ സെലക്ട് ചെയ്യുക എന്നതാണ് ഒരു സംവിധായകൻ്റെ പ്രാഥമികമായിട്ടുള്ള ചുവട്. അങ്ങനെ ഒരു ചുവടിൽ എത്തിയിട്ടുപോലും അതിൽനിന്നും പലതും ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട്.  ഏതോ ഒരു ഘട്ടത്തിൽവച്ച് ഇതിൻ്റെ ആദ്യത്തെ ഗവേഷണം അല്ലെങ്കിൽ ചർച്ച - സ്വയം അവരവരോട് നടത്തുന്ന ചർച്ച - അതിനൊക്കെശേഷം ഏതോ ഒരു സമയത്ത് ഈ സിനിമ സംഭവിച്ചേ മതിയാവു എന്ന ഒരു അവസ്ഥ വന്നുചേരും. അതൊരു വല്ലാത്ത എക്സൈറ്റ്മെൻ്റാണ് . ആ ഒരു എക്സൈറ്റ്മെന്റ് തുടങ്ങിക്കഴിഞ്ഞാൽ പിന്നെ സിനിമ… എന്താ പറയുക… ഒരു ചെണ്ടപ്പുറത്ത് ഒരു സീസണിൽ വെറുമൊരു സാധാരണമനുഷ്യൻ വെളിച്ചപ്പാടാവുന്നതുപോലെ നമ്മൾ ആർട്ടിസ്‌റ്റിക് സെൻസ് എന്നൊക്കെ പറയില്ലേ  ഈ ഒരു സാധനം വർക്ക് ഔട്ട് ചെയ്യുക എന്നതാണ് എന്നെ സംബന്ധിച്ച് സംഭവിക്കുന്നത്. ഞാൻ മാറിയിരുന്ന് ഉടലാഴം എങ്ങനെയാണ് പൂർത്തിയായത് തന്തപ്പേര് എങ്ങനെയാണ് സംഭവിച്ചത് എന്ന് ഇന്ന് ഓർക്കുമ്പോൾ എനിക്കിപ്പഴും അത്ഭുതം ആണ്. നിങ്ങൾ ഇത് എന്ത് എഫർട്ടാണ് ചെയ്തതെന്ന് എൻ്റെ തൊട്ടടുത്തുനിന്ന മനുഷ്യർ പിൽക്കാലത്ത് ചോദിക്കാറുണ്ട്. പക്ഷേ എനിക്കത് ആലോചിക്കുമ്പോൾ ഇപ്പോഴും ഒരു ഞെട്ടലാണ് ഉണ്ടാവുക!!  ഒരു സിനിമ ഏതെങ്കിലും തരത്തിൽ നമ്മെ പിടിച്ചുകുലുക്കുകയോ  അല്ലെങ്കിൽ നമ്മുടെ ഉള്ളിൽ ഒരു കടച്ചിൽ ഉണ്ടാക്കുന്ന സമയത്താണ് സിനിമ ചെയ്താൽ മതി എന്ന് ഞാൻ തീരുമാനിക്കുന്നത്. അതുകൊണ്ടാണ് എണ്ണത്തിൽ സിനിമകൾ കുറയുന്നത് അല്ലെങ്കിൽ ഒരു കൊല്ലത്തിൽ ഒരു സിനിമ ചെയ്യാമല്ലോ. എണ്ണത്തിൽ എൻ്റെ സിനിമ കുറയുന്നതും ചെയ്യുന്ന സിനിമകൾ ഇമോഷണലി കണക്ട് ആവുന്നതും അതുകൊണ്ടാവാം എന്ന് ഞാൻ വിചാരിക്കുന്നു.   


10.നിരന്തരം അരികുവൽക്കരിക്കപ്പെട്ട മനുഷ്യരെ പുറത്തേക്ക് കൊണ്ടുവരാനാണ് താങ്കളുടെ സിനിമകൾ ശ്രമിക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്.  ആദ്യത്തെ ഉടലാഴമാണെങ്കിലും ഇപ്പോഴത്തെ തന്തപേരാണെങ്കിലും അത്തരത്തിൽ ആണല്ലോ. പുതിയ പ്രോജക്ടുകൾ ഏതൊക്കെയാണ് ഉണ്ണിയുടെ മനസിൽ ഉള്ളത്. അവയും ഇത്തരമൊരു രാഷ്‌ട്രീയം നിലനിറുത്തുന്നുണ്ടോ ?


   സത്യത്തിൽ ഒരു സിനിമ ചെയ്തു കഴിഞ്ഞാൽ അടുത്തത് ചെയ്യാതിരിക്കാനാ ഞാൻ ശ്രമിക്കുക. ഉള്ളിൻ്റെ ഉള്ളിൽനിന്ന് ഒരു തള്ളൽ വരുമ്പോൾ അത് കുത്തിപൊട്ടിക്കുമ്പോഴാണ് സിനിമയോ എഴുത്തോ ഒക്കെയായി മാറുന്നത്. എഴുതുക സിനിമ ചെയ്യുക എന്നൊക്കെ പറയുന്നത് തികച്ചും നമുക്ക് വേദന ഉണ്ടാക്കുന്ന സംഗതികളാണ്. അതത്ര സുഖകരമല്ല. പക്ഷേ അത് അനുഭവിച്ച് റിസൾട്ട് ഉണ്ടാകുമ്പോൾ 100 മടങ്ങ് സന്തോഷം നമുക്ക് ലഭിക്കുകയും ചെയ്യും.  അത് വേറെ കാര്യം. അടുത്ത മൂന്ന് സിനിമകൾ മനസ്സിലുണ്ട്.അതിൽ ഏതു വേണം എന്നുള്ളത് ഇപ്പോൾ ആലോചിക്കുന്നു. കുറച്ചുകൂടി എനിക്ക് എന്നെ കണ്ടെത്താൻ ആകുന്ന സിനിമകളാണ് ഞാൻ ആഗ്രഹിക്കുന്നത് എന്തായാലും അടുത്തത് നാടുമായി ബന്ധപ്പെട്ടതായിരിക്കും.കാടല്ല. ആലോചനകളും എഴുത്തും പലയിടങ്ങളിലായി നടക്കുന്നു. പറഞ്ഞല്ലോ, കുറച്ചുകൂടി എന്നെയും നിങ്ങളെയും ഇടപെടുത്താൻ കഴിയുന്ന തരത്തിലുള്ള സിനിമയാണ് ഞാൻ ആഗ്രഹിക്കുന്നത്. വൈകാതെ അത് സംഭവിക്കുമായിരിക്കും. ഉടലാഴം കഴിഞ്ഞിട്ട് ഇപ്പോൾ ഇത്ര വർഷമായല്ലോ അക്കാലത്ത് എൻ്റെ ഇൻറർവ്യൂ ചെയ്ത ഒരു സുഹൃത്ത് ഈ ഇടയ്ക്ക് കണ്ടപ്പോൾ അന്ന് ഞാൻ ഷെയർ ചെയ്ത ഒരു പ്രോജക്ടിനെക്കുറിച്ച് അതിന്റെ ആലോചനയെക്കുറിച്ച് ചോദിക്കുകയുണ്ടായി.  എനിക്ക് അത്ഭുതം തോന്നി സത്യത്തിൽ ഇത്ര വർഷം കഴിഞ്ഞിട്ടും എൻ്റെ പറച്ചിലുകളെ എൻ്റെ സ്വപ്നങ്ങളെ നിങ്ങൾ ഓർമ്മിച്ച് വയ്ക്കുന്നുണ്ടല്ലോ അതുതന്നെയാണ് വലിയ അംഗീകാരം എന്നാണ് ഞാൻ അദ്ദേഹത്തിന് ഉത്തരം നൽകിയത്. ചില സബ്ജക്ടുകൾ കുറച്ച് ആൾക്കാരുടെ അത്രയും പ്രിയപ്പെട്ടതാണ്. ഭൂരിപക്ഷങ്ങളുടെ പ്രിയങ്ങളിലേക്ക് പലപ്പോഴും അവ എത്തിപ്പെടാറില്ല. ഞാനിപ്പോഴും എൻ്റെ സ്റ്റാൻഡിനെ കുറിച്ച് കൺഫ്യൂസ്ഡ് ആണ്. മൂന്ന് സിനിമകൾ തൽക്കാലം എൻ്റെ മനസ്സിൽ ഓൺ ആണ് .  മാനസികാവസ്ഥയും സാഹചര്യവും പണവും ഒക്കെ ഒത്തു വരുമ്പോൾ അത് നടക്കും .

 

     പിന്നെ, മനുഷ്യർ പലപല ഉരസലുകളിലൂടെയാണ് കടന്നുപോകുന്നത്.   ജീവിക്കാനറിയാത്ത മനുഷ്യരുടെ ഇടയിൽ ലോകമിങ്ങനെ സഞ്ചരിക്കുന്നു. മനുഷ്യരല്ലാതെ മറ്റുള്ള ജീവികൾ എങ്ങനെ ജീവിക്കുന്നു എന്ന് നമ്മൾ പലപ്പോഴും ശ്രദ്ധിക്കാറില്ല.  രണ്ട് ജീവികൾ ഒന്നുചേർന്ന് പോകുന്ന മനോഹരമായ  ഒരു പ്രണയരംഗമുണ്ട് സിനിമയിൽ. എത്ര ഭാരരഹിതമായാണ് അത് സംഭവിക്കുന്നത് ചെറുപ്പം മുതൽ ഞാൻ കാണുന്ന ഒരു ഫ്രെയിം ആണത്. അതുപോലെ മനുഷ്യരെ, അവരുടെ വിവിധ ഭാവങ്ങളെ നോക്കുന്ന നായ ഇതൊന്നും പരിശീലിപ്പിച്ച് ചെയ്യിക്കുന്നതല്ല. മനുഷ്യരെ  മാത്രമല്ല  ചുറ്റുമുള്ള എല്ലാത്തിനെയും ഉൾപ്പെടുത്താൻ പുറത്തേക്ക് തുറന്നുവച്ച കണ്ണുകളും ചെവികളും വേണം നമുക്ക്. ഇതിലേക്കാണ് ഇത്തരമൊരു പൊതു രാഷ്ട്രീയത്തിലേക്കാണ് എൻ്റെ സിനിമകൾ പൊയ്ക്കൊണ്ടിരിക്കുന്നത്. അതിൽ നിരന്തരം പുതുക്കലും പഠിക്കലും സംഭവിച്ചു കൊണ്ടിരിക്കുന്നു.



 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
ചീഫ് എഡിറ്റര്‍
ഡോ. ബി. ശ്രീകുമാർ സമ്പത്ത്



സ്റ്റുഡന്‍റ് എഡിറ്റര്‍
രതീഷ്
Fkv. 

ഇഷ്യു എഡിറ്റർ

​ഷീന എസ്.

FUntäm-dnb t_mÀUv 
AwK§Ä
ഡോ. കെ. റഹിം
ഡോ. സജീവ്കുമാർ എസ്.
ഡോ. ശ്രീലക്ഷ്മി എസ്.കെ.
ഡോ. രാമചന്ദ്രൻ പിള്ള എം.
ഡോ. അമ്പിളി ആർ.പി.
ഡോ. സംഗീത കെ.
ബിന്ദു എ.എം.

ഷീന എസ്.
ഡോ. കാരുണ്യ വി. എം.
അസോസിയേറ്റ് എഡിറ്റേഴ്സ്
ഡോ.ലാലു വി. , യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം
ഡോ.ഗംഗാദേവി എം., ഗവ. കോളേജ്, നെടുമങ്ങാട്, 
ഡോ.സേതുലക്ഷ്മി എം.എസ്. 
ഗവ.കോളേജ് ,നെടുമങ്ങാട്
Publishers Name:          
Dr.B.SREEKUMAR SAMBATH
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996          

Unssk³ & te Hu«vv
cXojv Fk.v

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2026

​

bottom of page