top of page

പുറനാനൂറിലെ സാമൂഹ്യദർശനങ്ങൾ - ഒരു  പുനരാലോചന

Oct 25
8 min read

Updated: 6 days ago

ഡോ. ജൽസ എം.

സംഗ്രഹം

എട്ടുത്തൊകയിൽപ്പെടുന്ന പഴന്തമിഴ് പാട്ടുകളിൽ ഒന്നാണ് പുറനാനൂറ്. കേരളത്തിൻ്റെ പ്രാക് ചരിത്ര രചനാ രൂപീകരണത്തിൽ നിർണായകമായ പങ്കുവഹിച്ച ഈ പാട്ടുകളിൽനിന്ന് ജനതതിയുടെ ഭൗമമണ്ഡലത്തെ കുറിച്ചും മൂല്യ സാംസ്കാരികബോധ്യങ്ങളെ കുറിച്ചും സാമാന്യ ധാരണ ലഭ്യമാകുന്നു. ഏകദേശം സമാനകാലങ്ങളിൽ വ്യത്യസ്ത ദേശങ്ങളിൽനിന്ന് ലഭ്യമായ സാഹിത്യം, ശാസ്‌ത്രം എന്നീ വിഭാഗത്തിൽ പെടുന്ന കൃതികൾ പങ്കുവയ്കുന്ന ദർശനങ്ങളും പുറനാനൂറിന് സമാനമായി കാണുന്നത് കേവലം യാദൃശ്ചികമെന്ന് കരുതാൻ സാധ്യമല്ല. ഈ കൃതികളുടെയെല്ലാം പരസ്പരവിനിമയം ഭാരതത്തിലുടനീളം കലർന്നിരുന്നുവെന്ന് അനുമാനിയ്ക്കേണ്ടി വരുന്നു. അശ്വഘോഷൻ്റെ ബുദ്ധചരിതവും കൗടില്യൻ്റെ അർത്ഥശാസ്‌ത്രവും ഈ പരികല്പനയെ ശക്തമായി ഉറപ്പിക്കുന്നതിന് സഹായകമാണ്.

 

താക്കോൽ വാക്കുകൾ: സംഘസാഹിത്യം, പുറനാനൂറ്, അശ്വഘോഷൻ, ബുദ്ധചരിതം, കൗടില്യൻ, അർത്ഥശാസ്‌ത്രം.

 

1. ആമുഖം

ദർശനം എന്നവാക്കിന് വീക്ഷണം എന്ന കേവലാർത്ഥത്തിലുപരിയായി പരമമായ സത്യത്തെ അറിയുന്നത് എന്നാണ് അർത്ഥം. പുറനാനൂറ് എന്ന പഴന്തമിഴ് പാട്ടുകൾ പരിശോധിക്കുമ്പോൾ അത് മുന്നോട്ടു വയ്ക്കുന്നത് വ്യത്യസ്ത ജീവിതമണ്ഡലങ്ങളാണ്.  നാനാമണ്ഡലങ്ങളിലും ആത്യന്തികമായ പരമസത്യത്തെ ഏതെല്ലാംരീതിയിൽ പ്രകൃതിബിംബങ്ങളുമായി ഇടക്കലർത്തി ആവിഷ്കരിക്കുന്നുവെന്ന് വ്യക്തമാകുന്നു. മാത്രമല്ല കേരളത്തിൻ്റെ സാമൂഹ്യചരിത്രപശ്ചാത്തലത്തിൽ മറ്റ് കേരളീയേതര സാഹിത്യ-ശാസ്‌ത്രകൃതികളുമായി ദർശനങ്ങളിൽ ഇഴയടുപ്പമുണ്ടായിരുന്നു എന്നതും ഇതിൽനിന്ന് നിരൂപിക്കാവുന്നതാണ്.

 

2. സംഘകാലം

 

സംഘകാലസാഹിത്യം എന്നറിയപ്പെടുന്ന പഴന്തമിഴ് പാട്ടുകാലത്തെ (ബിസി മൂന്നുമുതൽ ഏഡി മൂന്നാം  ശതകം വരെ) പാട്ടുകളിൽനിന്നാണ് കേരളത്തിൻ്റെ പൂർവ്വചരിത്രം നമ്മൾ കണ്ടെത്തുന്നത്. അക്കാലത്തെ മുഖ്യധാരാ മനുഷ്യർ ഉപയോഗിച്ചിരുന്ന ഭാഷ അന്നത്തെ തമിഴകഭാഷയുടെ നാട്ടുവഴക്കം ആയിരുന്നു. ഇതിൻ്റെ പ്രധാനതെളിവാണ് പാണരും പുലവരും കെട്ടിയുണ്ടാക്കിയ പഴന്തമിഴ് പാട്ടുകൾ. കഴിഞ്ഞ തലമുറയിലെ  ഭാഷാ പണ്ഡിതരും ചരിത്രകാരന്മാരും ഇവയെ സംഘകൃതികളെന്നാണ് സങ്കല്പിച്ചിരുന്നത്. വാസ്‌തവത്തിൽ ഊർക്കിഴാന്മാരും കുറുനിലമന്നന്മാരും മലമൂപ്പന്മാരും (വേളിരുകൾ) നാട്ടുമൂപ്പന്മാരും (മൂവേന്തന്മാർ) അവരുടെ കൊള്ളപ്പോരുകളും ഗോത്രവർഗ ജീവിതപരിസരവുമെല്ലാമാണ് ഈ പഴന്തമിഴ് പാട്ടുകളുടെ കാതലായ വിഷയം. തമിഴ് ഐതിഹ്യങ്ങൾ അനുസരിച്ച് മധുരയിലും കപാടപുരത്തുമായി മൂന്ന് പ്രധാന ‘തമിഴ് സംഘങ്ങൾ’ (മുച്ചങ്കം) നിലനിന്നിരുന്നതായി പറയപ്പെടുന്നു. ‘സംഘം’ എന്നത് യഥാർത്ഥത്തിൽ ഒരു തമിഴ് വാക്കല്ല. അക്കാലത്ത് ദക്ഷിണേന്ത്യയിൽ പ്രചാരത്തിലുണ്ടായിരുന്ന ബുദ്ധ-ജൈന സന്യാസിമാരുടെ കൂട്ടായ്മകളെ സൂചിപ്പിക്കുന്ന ‘സംഘ’ എന്ന സംസ്കൃതപദത്തിൽനിന്നാണ് ഈ വാക്ക് രൂപപ്പെട്ടത് എന്ന് ചരിത്രകാരന്മാർ വിലയിരുത്തുന്നു (വൈദേഹി ഹെർബെർട്ട്). ഇതിൽ മൂന്നാമത്തെ സംഘത്തിന്റെ കാലത്ത് രചിക്കപ്പെട്ട കവിതകളാണ് ഇന്ന് നമുക്ക് ലഭ്യമായിട്ടുള്ള സംഘകൃതികൾ.

 

3. സംഘസാഹിത്യം

സംഘസാഹിത്യകൃതികളെ പ്രധാനമായും മേൽക്കണക്ക് എന്നും കീഴ്ക്കണക്ക് എന്നുമാണ് തിരിച്ചിരിക്കുന്നത്. ഇതിലെ മേൽക്കണക്ക് വിഭാഗത്തിലെ കൃതികളെയാണ് പൊതുവെ സംഘംകൃതികൾ എന്ന് പറയുന്നത്. പതിനെൺ മേൽക്കണക്ക് കൃതികളിൽ വരുന്നതാണ് എട്ടുതൊകൈയും പത്തുപ്പാട്ടും. പുറനാനൂറ്, സംഘസാഹിത്യത്തിലെ എട്ടുതൊകൈ (എട്ട് കാവ്യസമാഹാരങ്ങൾ) എന്ന വിഭാഗത്തിൽ ഉൾപ്പെടുന്ന പ്രാചീന തമിഴ് ഗ്രന്ഥമാണ്.

സംഘസാഹിത്യം എന്ന പേരിലറിയപ്പെടുന്ന സാഹിത്യകൃതികളിൽ  ചരിത്രപഠിയിതാക്കളിൽ ഏറ്റവും സുപരിചിതമായ കൃതിയാണ് പുറനാനൂറ്. പല കാലങ്ങളിൽ പാടിയ പാട്ടുകളെ ചേർത്തു വച്ചാണ് ഇതിൻ്റെ ഉള്ളടക്കമെന്ന് പറയാം. പെരുംതേവനാരാണ് ഇതിലെ പ്രഥമഗാനം രചിച്ചിരിക്കുന്നത്. അത് മഹാദേവനെ സ്തുതിച്ചുകൊണ്ടുള്ളതാണ്. ഇതിലെ പാട്ടുകളൊന്നും ഏക കവി വിരചിതങ്ങളോ ഏക കാലികമോ അല്ല. അവ പലകവികൾ പലകാലങ്ങളിൽ പാടിയതാണ്. അതിനാൽത്തന്നെ വ്യത്യസ്ത സാംസ്‌കാരിക സമൂഹവും ഭൂമണ്ഡലവും ഇത് പ്രതിനിധാനം ചെയ്യുന്നുണ്ട്. ഇതിൽ 33 പാട്ടുകൾ ഔവ്വയാറും 28 പാട്ടുകൾ കപിലറും പാടിയിരിക്കുന്നു.  വെട്ചി, കരന്തൈ, വഞ്ചി, കാഞ്ചി, നൊച്ചി, ഉഴിഞ്ഞൈ, തുമ്പ, വാകൈ, പാടാൺ, പൊതുവിയൽ, കൈക്കിളൈ, പെരുന്തിണൈ എന്നിങ്ങനെ വിവിധങ്ങളായ തിണകൾ ഇതിലെ പുറം വിഷയങ്ങൾ ഉൾച്ചേർന്നിരിക്കുന്നു. ഒരു ജനതയുടെ സാമൂഹിക സാമ്പത്തിക രാഷ്‌ട്രീയം പുറനാനൂറിലെ പാട്ടുകളിൽനിന്ന് വേർതിരിച്ചെടുക്കാൻ സാധിക്കും.

ആദ്യ ഗാനം ഈശ്വര സ്തുതിയോടു കൂടി ആരംഭിക്കുന്നു എന്ന് സൂചിപ്പിച്ചല്ലോ. പിന്നീട് രണ്ടുമുതൽ അറുപത്തൊന്ന് പാട്ടുകൾ മന്നൻ്റെ വീരാപദാനങ്ങളാണ്. 62 മുതൽ 181 വരെയുള്ളത് മന്നന്മാരുടെ മരണം, യുദ്ധം, യുദ്ധവുമായി ബന്ധപ്പെട്ട അനുഷ്ഠാനങ്ങൾ,  രാജ്യത്തെ ദാരിദ്ര്യം എന്നിവ പ്രതിപാദിക്കുന്നു. 182 മുതൽ 195 വരെയുള്ള പാട്ടുകൾ മൂല്യബോധവും നൈതികതയും പ്രതിഫലിപ്പിക്കുന്നവയാണ്. 196-211 ഗാനങ്ങൾ ദരിദ്രരായ ഗായകരോടും കവികളോടും ദയ കാണിക്കാത്ത മന്നന്മാരിലേക്ക് വെളിച്ചം വീശുന്നു. 212 മുതൽ 282 വരെയുള്ള ഗാനങ്ങൾ സൗഹൃദത്തിന്റെ ആഘോഷത്തിലേക്ക് മാറുന്നു, മന്നന്മാരുടെ മരണം, വിധവകളുടെ ദുരവസ്ഥ, കന്നുകാലി ആക്രമണങ്ങൾ, സ്മാരകശിലകൾ എന്നിവയുൾപ്പെടെയുള്ള ജീവിതയാഥാർത്ഥ്യങ്ങൾ എന്നിവയുമായി ഇടകലർന്നിരിക്കുന്നു.  283 മുതൽ 314 വരെയുള്ള ഗാനങ്ങൾ യുദ്ധം, കന്നുകാലി ആക്രമണങ്ങൾ, സ്മാരകങ്ങൾ എന്നിവയുടെ പ്രമേയം തുടരുന്നു, അതേസമയം 315 മുതൽ 335 വരെയുള്ള ഗാനങ്ങൾ നാട്ടുവേന്തന്മാരുടെ ഔദാര്യത്തെ എടുത്തുകാണിക്കുന്നു. 336 മുതൽ 368 വരെയുള്ള തുടർന്നുള്ള ഗാനങ്ങൾ, വിവാഹാലോചനകൾമൂലം രാജ്യം നേരിടുന്ന ബുദ്ധിമുട്ടുകൾ ചിത്രീകരിക്കുന്നു, 368 മുതൽ 400 വരെയുള്ള പാട്ടുകളുടെ വിഷയം  സമ്മാനങ്ങൾ യാചിക്കുകയും മന്നന്മാരുടെ ഗുണങ്ങളെ പ്രകീർത്തിക്കുകയും ചെയ്യുന്നതാണ് (പുറനാനൂറ്  ആമുഖം xiii). പുറനാനൂറിലെ കാലവും പശ്ചാത്തലവും വ്യവച്ഛേദിച്ചു പരിശോധിക്കുമ്പോൾ അതിലെ ചിലപാട്ടുകളിലെ വിഷയങ്ങൾക്ക്  ബുദ്ധമതവുമായി പരോക്ഷമായ ബന്ധമുണ്ടെന്ന് മനസ്സിലാക്കാം.  ബുദ്ധമതത്തിലെ ധാർമ്മികമൂല്യങ്ങളുടെയും തത്വശാസ്ത്രങ്ങളുടെയും സ്വാധീനം ഈ പാട്ടുകളിൽ 185 മുതൽ 192 വരെയുള്ള പാട്ടുകളിൽ പ്രകടമായിട്ടുതന്നെയുമുണ്ട്.

ഭരണാധികാരികൾ നിർബ്ബന്ധമായും പാലിയ്ക്കേണ്ട നീതിയും സഹജീവിജാലങ്ങളോടു പുലർത്തേണ്ട കാരുണ്യവും ഇതിലെ വിഷയങ്ങളാണ്. യുദ്ധത്തിന്റെ ഭീകരതയെക്കുറിച്ച് പറയുമ്പോൾ ബുദ്ധമതത്തിലെ അഹിംസാവാദം ശക്തമായി നിഴലിക്കുന്നതായി കാണാം. അനശ്വരതയെപ്പറ്റിയും അസ്ഥിരതയെപ്പറ്റിയും ഇതിലെ വരികൾ പ്രധാന ബുദ്ധമത ദർശനമായ ക്ഷണികതാവാദത്തെ സ്പർശിച്ചു കടന്നു പോകുന്നു. എന്തായാലും പൂർണമായ തോതിൽ ബുദ്ധമതദർശന ഗ്രന്ഥമല്ലെങ്കിൽപോലും ബുദ്ധമതതത്ത്വങ്ങളുടെ ഒരു വേരോട്ടം ഈ പാട്ടുകളിൽ കാണാവുന്നതാണ്.

4. പാട്ടുകളിലെ ദർശനം

പുറനാനൂറിലെ 182 മുതൽ 195 വരെയുള്ള പാട്ടുകൾ മൂല്യബോധവും നൈതികതയും പ്രതിഫലിപ്പിക്കുന്നവയാണ് എന്നു പറഞ്ഞല്ലോ.  ഓരോ പാട്ടിലും വ്യത്യസ്തമായ ഭരണവും സാമൂഹ്യപരവുമായ മര്യാദകളെക്കുറിച്ചും ജീവിതമൂല്യങ്ങളെക്കുറിച്ചും വെളിവാക്കുന്നുണ്ട്. ഏതാണ്ട് ഒന്നാം നൂറ്റാണ്ടിൽ രചിക്കപ്പെട്ടു എന്നു കരുതുന്ന അശ്വഘോഷൻ്റെ ബുദ്ധചരിതത്തിലും ബി സി2-ാം നൂറ്റാണ്ടിനും എ ഡി 3-ാം നൂറ്റാണ്ടിനും ഇടയിൽ രചിക്കപ്പെട്ടു എന്ന് കരുതുന്ന അർത്ഥശാസ്‌ത്രത്തിലും ഏതാണ്ട് ഇതേ ആശയം വിന്യസിക്കുന്നത് കാണാൻ സാധിക്കും. പ്രധാനമായും അധീശവർഗത്തെയും അറിവിനെയും സാമ്പത്തികസ്രോതസ്സായ നികുതിയെയും സംബന്ധിച്ച നിരീക്ഷണങ്ങൾ ഈ മൂന്നു വിഭാഗത്തിലുള്ള കൃതികളിലും കടന്നുവരുന്നതെങ്ങനെയെന്നാണ് പ്രധാനമായും അന്വേഷിക്കുന്നത് . അതിൽ ഭരണാധികാരിയെകുറിച്ച് പറയുന്നത് നോക്കുക;

 

4.1 ഭരണാധികാരിയുടെ മാഹാത്മ്യം

പഴന്തമിഴ് പാട്ടുകൃതിയായ പുറനാനൂറിൽ പലതരം മന്നന്മാരെക്കുറിച്ച് പറയുന്നുണ്ട്. അവർ യുദ്ധത്തിലും ദാനത്തിലും വീര്യത്തിലുമെല്ലാം പലതരത്തിൽ നിപുണരാണ്. എന്നാൽ കടലുൾ മായ്ന്ത ഇളെമ്പെരുവഴുതി എന്ന കവി പാടുന്ന പാട്ടിൽ ഒരു മന്നന് അവശ്യംവേണ്ടുന്ന ഗുണങ്ങളും ധാർമ്മികതയും പറയുന്നുണ്ട്. ഇത് വ്യക്തമാക്കുന്നതാണ് താഴെ പറയുന്ന പാട്ട്;

 

ഉണ്ടാലമ്മവിവ്വു ലകമിന്തിരർ

അമിഴ് തമിയൈവതായിനു മിനിതെനത്

തമിയരുണ്ടലുമിലരേ മുനിവിലർ

തുഞ്ചലുമിലർ പിറരഞ്ചുവതഞ്ചിപ്

പുകഴെനിനുയിര്  കൊടുക്കുവർ പഴിയെനിൻ

ഉലകുടൻ പെറിനുങ്കൊള്ളലരയർ വിലർ

അന്നമാട് ചിയനൈയരാകിത്

തമക്കെന മുയലാനോൻ്റാട്

പിറർക്കെനമുയലു നരുൺമൈയാനേ (പാട്ട് - 182)

ഈ പാട്ടിൽ നല്ലവരെക്കൊണ്ടു മാത്രം  നിലനിൽക്കുന്ന ലോകത്തെക്കുറിച്ചുള്ളതാണ്. സംഘകാലത്തെ ഭരണാധികാരികൾക്കുവേണ്ടുന്ന കൃത്യമായ മാർഗനിർദ്ദേശമായി ഈ പാട്ടിനെ വ്യാഖ്യാനിക്കാവുന്നതാണ്. ഒരു മന്നൻ്റെ ധർമ്മത്തെ ഇതിൽ പറയുന്നു. നല്ലഗുണങ്ങളുള്ള ആളുകളാലാണ് ഈ ലോകം നിലനിൽക്കുന്നതെന്നു കവി പറയുന്നു. ഇന്ദ്രന്റെ അമൃത് കിട്ടിയാലും അവർ മറ്റുള്ളവർക്കുകൂടി കൊടുത്തിട്ടേ കഴിക്കൂ, അവർ ആരെയും വെറുക്കുന്നില്ല, അവർക്കു മടിയുമില്ല, മറ്റുള്ളവർ ഭയപ്പെടുന്നതിനെ അവരും ഭയപ്പെടുന്നു. കീർത്തി കിട്ടുമെങ്കിൽ പകരം ജീവനും നൽകും നേരെമറിച്ച് പഴിയാണെങ്കിലോ ഈ ലോകംതന്നെ കിട്ടിയാലും വാങ്ങില്ല. അവർക്ക് തളർച്ചയോ നിരാശയോ ഇല്ല, ഇങ്ങനെ തങ്ങൾക്കുവേണ്ടിയല്ലാതെ മറ്റുള്ളവർക്കുവേണ്ടി കഠിനാദ്ധ്വാനം ചെയ്യുന്ന ഇത്തരം നല്ല മനുഷ്യരുള്ളതുകൊണ്ടാണ് ഈ ലോകം ഇങ്ങനെ നിലനിൽക്കുന്നത്.  ചേര മന്നന്മാരുടെയും ജനങ്ങളുടെയും യുദ്ധവും ഭരണരീതിയും സാമൂഹ്യസാംസ്ക്കാരിക  ജീവിതവുമെല്ലാം വ്യക്തമാക്കുന്ന പുറനാനൂറിലെ ഈ പാട്ടിൽ ആര്യസംസർഗ്ഗംമൂലം കടന്നുവന്ന ഇന്ദ്രനും അമൃതുമെല്ലാം ഉൾപ്പെടുന്നുണ്ട്. സാമൂഹ്യജീവിതത്തിൽ ആര്യവൽക്കരണത്തിൻ്റെ സ്വാധീന മുഖങ്ങൾ ഈ വരികളിൽ വ്യക്തമാണ്. വേദങ്ങളും ഉപനിഷത്തുക്കളും ഇതിഹാസങ്ങളും പരിചിതമായ വിഭാഗമായിരുന്നു അക്കാലത്ത് ഉണ്ടായിരുന്നത്. അതിനാൽ ആര്യവൽക്കരണത്തിൻ്റെയും ബുദ്ധമതത്തിൻ്റെയും ദർശനങ്ങളുടെ സങ്കലനം പുറനാനൂറിലെ പാട്ടുകളിൽനിന്ന് അരിച്ചെടുക്കാൻ സാധിക്കും.

 

 പുറനാനൂറിൽ ഊരിലെ മന്നനെക്കുറിച്ച് കവി വിഭാവനം ചെയ്യുന്നതുപോലെ അശ്വഘോഷൻ്റെ  ബുദ്ധചരിതത്തിലെ സർഗം ഒന്ന് അമ്പത്തിയാറാം ശ്ലോകത്തിൽ നൃപൻ എപ്രകാരമായിരിക്കണം എന്നു പറയുന്നുണ്ട്, നോക്കുക;

 

എതച്ച തദ്യേന നൃപർഷയസ്തേ

ധർമേണ സൂക്ഷ്‌മേണ ധനാന്യവാപ്യ /

നിത്യം ത്യജന്തോ വിധിവദ് ബഭൂവുസ്

തപോഭിരാഢ്യാ വിഭവൈർ ദരിദ്രാ://

 

അങ്ങയുടെ രാജർഷിമാർ നിത്യവും സൂക്ഷ്‌മ ധർമ്മത്തിലൂടെ സമ്പത്തുകൾ നേടി വിധിയാംവണ്ണം ത്യജിച്ച് തപസ്സിൽ ധനികരും വിഭവങ്ങളിൽ ദരിദ്രരുമായത്. ഭരണാധികാരി പ്രജകളെ പാലിക്കുന്നവനും ദീർഘദർശിയുമായിരിക്കണം (നൃപൻ + ഋഷി). ന്യായമായി വിഭവങ്ങൾ സമാഹരിച്ച് അവ സ്വന്തം സുഖത്തിനുപയോഗിക്കാതെ വേണ്ടവിധത്തിൽ മറ്റുള്ളവർക്കായി വിനിയോഗിക്കുന്ന ആളായിരിക്കണം ‘വിധിവത് ത്യജന്ത:’  എന്നതുകൊണ്ട് ഇതാണ് ഉദ്ദേശിക്കുന്നത്.

ബി സി 2-ാം നൂറ്റാണ്ടിനും എ ഡി 3-ാം നൂറ്റാണ്ടിനും ഇടയിൽ രചിക്കപ്പെട്ടുവെന്നു കരുതുന്ന അർത്ഥശാസ്‌ത്രത്തിൽ രാജാവിനുവേണ്ടുന്ന ഗുണങ്ങൾ എന്താണെന്ന് പറഞ്ഞിട്ടുണ്ട്. അർത്ഥശാസ്‌ത്രം രചിച്ച കൗടില്യൻ ജീവിച്ചിരുന്നത് ബി.സി. നാലാം നൂറ്റാണ്ടിലാണ് (ഏകദേശം ബി.സി. 350 - 275 കാലഘട്ടം). ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ മൗര്യസാമ്രാജ്യത്തിന്റെ  സ്ഥാപനവുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിന്റെ കാലഘട്ടം അടയാളപ്പെടുത്തുന്നത്. മൗര്യസാമ്രാജ്യത്തിന്റെ ഉദയം വരുന്നത് മഗധ ഭരിച്ചിരുന്ന നന്ദ രാജവംശത്തിലെ അവസാന രാജാവായ ധനനന്ദനെ പുറത്താക്കിയപ്പോഴാണ്. പിന്നീട് മൗര്യ സാമ്രാജ്യ സ്ഥാപകനായ ചന്ദ്രഗുപ്ത മൗര്യനെ (ബി.സി. 321 – 297) സിംഹാസനത്തിലേറ്റാൻ മുഖ്യ സൂത്രധാരനായി പ്രവർത്തിച്ചത് കൗടില്യനായിരുന്നുവെന്ന് പറയപ്പെടുന്നു. ഭാരതത്തിൽ നിലനിന്നിരുന്ന ബൗദ്ധ-ജൈന-ഹിന്ദു ചരിത്ര സ്രോതസ്സുകളിൽനിന്ന് ചാണക്യന്റെ പ്രധാനകേന്ദ്രം തക്ഷശിലയായിരുന്നുവെന്നും അവിടെ സാമ്പത്തികശാസ്‌ത്രവിദഗ്ദ്ധനായിരുന്നുവെന്നും സാക്ഷ്യപ്പെടുത്തുന്നു.  രാജഭരണവുമായും ഒരുരാജ്യത്തിലെ ജനതതിയുടെ ജീവിതവ്യവഹാരങ്ങളുമായും കൃത്യമായ ധാരണയുണ്ടായിരുന്ന ഒരാളാണ് ഇതിൻ്റെ രചയിതാവെന്ന് മനസ്സിലാക്കാം. അർത്ഥശാസ്‌ത്രത്തിൽ പ്രജകളുടെ ക്ഷേമത്തിനായി ജീവിക്കുന്ന, ഉയർന്ന ധാർമ്മികതയുള്ള ഒരു വ്യക്തിയായിരിക്കണം രാജാവെന്ന്  പറയുന്നു. ഇന്ദ്രിയങ്ങളെ ജയിക്കുന്നവനും ആത്മനിയന്ത്രണം കൈവന്നവനും വിനയാധികാരികം അഥവാ വിദ്യാഭ്യാസവും ഉത്ഥാനം അഥവാ കാര്യശേഷിയുള്ളവനുമായിരിക്കണം രാജാവ് എന്നു പറയുന്നതിന് പുറമേ പ്രധാനമായി  പ്രജാ നിർവ്വഹണം അഥവാ പ്രജാക്ഷേമം കൃത്യമായി നിർവ്വഹിക്കുന്നവനുമായിരിക്കണം എന്ന് പറയുന്നുണ്ട്.

“പ്രജാസുഖേ സുഖം രാജ്ഞ: പ്രജാനാം ച ഹിതേ ഹിതം

നാത്മപ്രിയം ഹിതം രാജ്ഞ: പ്രജാനാം തു പ്രിയം ഹിതം” (വിനയാധികാരിക. ഒന്നാം അധികരണം,  അദ്ധ്യായം 19, സൂത്രം 34)

രാജാവിന് സ്വന്തമായി പ്രത്യേക താല്പര്യങ്ങൾ ഉണ്ടായിരിക്കരുത്. പ്രജകളുടെ ക്ഷേമത്തിനുപയുക്തമാകുന്ന കാര്യങ്ങൾ മാത്രമേ രാജാവ് നിർവ്വഹിച്ചു കൂടൂ എന്നും ഇതിൽ അനുശാസിക്കുന്നു.

ദ്രാവിഡമതത്തിലും ആര്യമതത്തിലും ബുദ്ധമതത്തിലും  ഏകദേശം ഒരേ കാലഘട്ടത്തിൽ രാജ്യരക്ഷയെക്കുറിച്ച്  ഏകദർശനമാണ് കാണാൻ കഴിയുന്നത്. ഇതിൽനിന്ന്  മതഗ്രസ്ഥങ്ങളുടെ സാമൂഹ്യവിനിമയവും മതപ്രബോധനങ്ങളുടെ കൊള്ളകൊടുക്കലുകളും അക്കാലങ്ങളിൽ സാർവ്വത്രികമായിരുന്നുവെന്നാണ് മനസ്സിലാക്കേണ്ടത്.

4.2 വിദ്യയുടെ പ്രാധാന്യം

വിദ്യയെക്കുറിച്ചും അറിവിനെക്കുറിച്ചും പുറനാനൂറിൽ പരാമർശമുണ്ട് . വിദ്യ, ജ്ഞാനം എന്നിവ സാമൂഹ്യസംസ്‌ക്കാരത്തിന് അത്യന്തം ആവശ്യമാണെന്നും ഈ അറിവ് സാമൂഹ്യസംസ്‌ക്കരണത്തിന് സാധ്യമാക്കുന്നതെന്നും അറിയുന്ന വിഭാഗമായിരുന്നു അന്നുണ്ടായിരുന്നത്. ജ്ഞാനത്തിൻ്റെ മാഹാത്മ്യത്തെയും ഗുരുവിൻ്റെ സ്ഥാനത്തെയും താഴെ പറയുന്ന പാട്ടിൽ പരാമർശിക്കുന്നുണ്ട്.

          ഉറ്റുഴിയുതവിയു മുറുപൊരുൾ കൊടുത്തും

പിറൈറനിലൈമുനിയാതു കറ്റനൻറേ

പിറപ്പോരന്നവുടൻവയിറ്റുള്ളും.

ചിറപ്പിൻപാലാറ്റയുമനന്തിരിയും

ഒരു കുടിപ്പിറന്ത പല്ലോരുള്ളും

മൂത്തോൻവരുകവെന്നാതവരുൾ

അറിവുടൈയോനാറരചുഞ്ചെല്ലും

വേറ്റുമൈതെരിന്ത നാർപാലുള്ളും

കീഴ്പ്പാലൊരുവൻകർപിൻ

മേർപാലൊരുവനുമവൻകട് പടുമേ. (പാട്ട്  183)

പാണ്ഡ്യൻ ആര്യപ്പടൈ കടന്ത നെടുഞ്ചെഴിയൻ എന്ന രാജാവെഴുതിയ ഒരേയൊരു പാട്ടാണിത്. ഈ പാട്ടിൽ അദ്ദേഹം വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുന്നു. വിദ്യ അഭ്യസിപ്പിക്കുന്ന ഗുരുവിനെ ബഹുമാനിക്കുകയും സഹായിക്കുകയുംവേണം.  വിദ്യയുള്ളതുകൊണ്ട് താണവനെ ഉയർന്നവൻ ബഹുമാനിക്കും.  കുടുംബം, സമുദായം, ഭരണകൂടം എന്നിവ വിദ്യയ്ക്ക് കൊടുക്കുന്ന പ്രാധാന്യം ഈ പാട്ടിൽനിന്നു വ്യക്തമാകുന്നു.

വിദ്യ എന്നതുകൊണ്ട് സാമൂഹ്യ അസമത്വം നശിക്കുകയും അതുവഴി ഉദ്‌ഗ്രഥനം സാധ്യമാകുന്നു എന്ന് ഈ വരികളിൽനിന്ന് സിദ്ധമാണ്.  സാമൂഹ്യമണ്ഡലങ്ങളിൽ എപ്രകാരം ജ്ഞാനം എന്ന ബോധ്യത്തെ പ്രായോഗികമാക്കാം എന്ന തിരിച്ചറിവ് വിദ്യയിൽനിന്ന് ലഭിക്കുന്നു എന്ന് ഈ വരികളിൽ സ്‌ഫുരിക്കുന്നുണ്ട്.

     “ തസ്മാത് പ്രമാദം ന ഭജാമി ഭോഗേഷു ആത്മവത്തയാ

മോഹാന്ധകാര വിദ്ധസ്യ ലോകസ്യ ജ്ഞാനദീപികാ”  (ബുദ്ധചരിതം നാലാം സർഗം സൂത്രം 84)

മോഹമാകുന്ന അന്ധകാരത്തിൽ പെട്ടുപോയ ഈ ലോകത്തിന് നേർവഴി കാണിക്കുന്ന ജ്ഞാനമാകുന്ന പ്രകാശഗോപുരമാണ് (ദീപിക) യഥാർത്ഥ വിദ്യ. അതുകൊണ്ടുതന്നെ ആത്മനിയന്ത്രണമുള്ള ഞാൻ താല്ക്കാലികമായ ഭൗതികസുഖങ്ങളിൽ മുഴുകി എന്റെ ജീവിതം പാഴാക്കുകയില്ല. ലൗകികമോഹങ്ങൾ മനുഷ്യനെ അറിവില്ലായ്മയിലേക്ക് നയിക്കുമ്പോൾ ആത്മീയജ്ഞാനം ആ അന്ധകാരത്തെ ഇല്ലാതാക്കുന്നുവെന്ന് സിദ്ധാർത്ഥൻ ഈ വരികളിലൂടെ സമർത്ഥിക്കുന്നു.

“തമോഗ്രസ്തേ യഥാ ലോകേ പ്രദീപോ ദൃശ്യതേ പുരാ” (ബുദ്ധചരിതം, സർഗ്ഗം 12)

ഈ വരികളെല്ലാം വ്യക്തമാക്കുന്നത് ഗുരു എന്നത് കേവലം അറിവ് തരുന്ന ഒരാളല്ല, മറിച്ച് മാർഗ്ഗദർശിയായോ അല്ലെങ്കിൽ അതിലും ഉയർന്ന രീതിയിൽ ബഹുമാനിക്കപ്പെടേണ്ട പരമമായ വെളിച്ചമാണെന്നാണ്. കുറച്ചുകൂടി ദാർശനികമായി ബുദ്ധമതം അറിവിനെ സമീപിക്കുന്നുണ്ട്. ഭൗതികമായ ജ്ഞാനാർജ്ജനം എന്ന പരിധിക്കപ്പുറമായി മനുഷ്യ ജീവിതത്തിൻ്റെ സമ്യക്കായ ഉത്‌ക്കർഷത്തിലേക്ക് നയിക്കുന്ന പരമമായ ശുദ്ധജ്ഞാനം അഥവാ ആത്മീയജ്ഞാനത്തെയാണ് ബുദ്ധദർശനത്തിൽ വിദ്യയെന്നും അറിവെന്നും സൂചിപ്പിക്കുന്നത്. ഇത്തരം അറിവ് പകർന്നു തരുന്ന ഗുരുവിനോടുള്ള കടപ്പാട് അനിർവചനീയമാണെന്നും പറയുന്നുണ്ട്.

ബുദ്ധചരിതത്തിലെപ്പോലെ ആത്മീയമായ മോക്ഷമാണ് അറിവുകൊണ്ട് ഉദ്ദേശിക്കുന്നതെങ്കിൽ ഒരു രാജ്യത്തെ മികച്ചരീതിയിൽ ഭരിക്കാൻ രാജാവിനെ പ്രാപ്തനാക്കുന്ന പ്രായോഗികവും ധാർമ്മികവുമായ വെളിച്ചമായാണ് അർത്ഥശാസ്ത്രത്തിൽ ഗുരുവിനെ ചിത്രീകരിച്ചിരിക്കുന്നത്.

കൗടില്യന്റെ അർത്ഥശാസ്ത്രത്തിലെ ഒന്നാം അധികരണത്തിൽ (വിനയാധികാരികം), അഞ്ചാം അധ്യായമായ ‘വൃദ്ധസംയോഗം’  എന്ന ഭാഗത്താണ് വിദ്യാഭ്യാസത്തെക്കുറിച്ചും ഗുരുവുമായുള്ള ബന്ധത്തെക്കുറിച്ചും വ്യക്തമായി പ്രതിപാദിക്കുന്നത്.ഒരു രാജാവ് എങ്ങനെയായിരിക്കണം എന്ന് വ്യക്തമാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വരി ഇതാണ്:

“വിദ്യാവിനീതോ രാജാ ഹി പ്രജാനാം വിനയേ രതഃ” (അർത്ഥശാസ്‌ത്രം 1.5. 17)

ശാസ്ത്രപഠനത്തിലൂടെയും ഗുരുശിക്ഷണത്തിലൂടെയും വിനയം കൈവരിച്ച ഒരു രാജാവിന് മാത്രമേ തന്റെ പ്രജകളെ ശരിയായ വിനയത്തിലേക്കും അച്ചടക്കത്തിലേക്കും നയിക്കാൻ സാധിക്കുകയുള്ളൂ. ഗുരുവിൽ നിന്നുള്ള വിദ്യയാണ് വിനയത്തിന്റെ അടിത്തറ.

വിദ്യാഭ്യാസം കഴിഞ്ഞാലും ഭരണാധികാരി ജ്ഞാനവൃദ്ധരായ ഗുരുക്കന്മാരുടെ സമ്പർക്കം ഉപേക്ഷിക്കരുത് എന്ന് കൗടില്യൻ നിർദ്ദേശിക്കുന്നു:

“ശ്രുതവത്‌സമ്പാദനാർഥം വൃദ്ധസംയോഗഃ”(അർത്ഥശാസ്‌ത്രം 1.5.2).

താൻ പഠിച്ച അറിവുകൾ പ്രായോഗികമായി നിലനിർത്തുന്നതിനും വർദ്ധിപ്പിക്കുന്നതിനും വേണ്ടി രാജാവ് എപ്പോഴും ജ്ഞാനത്തിലും പ്രായത്തിലും മുതിർന്ന ഗുരുക്കന്മാരുമായി (വൃദ്ധരുമായി) സമ്പർക്കം പുലർത്തണം.

പുറനാനൂറിൽ അറിവു നേടുന്നതിന് കാരണമായ ഗുരുവിനെയും കേവലമായ ജ്ഞാനം ആർജ്ജിക്കുന്നതിനെപ്പറ്റിയുമാണ് പരാമർശമുള്ളത്. വിദ്യകൊണ്ട് സാമൂഹിക ഉച്ചനീചത്വങ്ങൾ ഉല്ലംഘിക്കുന്നതിന്  ഏതൊരുവനും സാധ്യമാണെന്ന് പറയുന്നു. സാമൂഹ്യാടിസ്ഥാനത്തിൽ വിദ്യകൊണ്ട് നേടേണ്ട അറിവിൻ്റെ പ്രബോധനമാണ് പുറനാനൂറിൽ പറയുന്നതെങ്കിൽ ധമ്മപദത്തിൽ മനുഷ്യൻ്റെ ആത്മീയോൽക്കർഷത്തിന് ഹേതുവാകുന്ന ഗുരുവും ആത്മീയോന്നമനം എന്നതാണ് വിദ്യയെന്നും പറയുന്നു. ഇതിൽ ഭൗതികലക്ഷ്യങ്ങളല്ല അറിവിൻ്റെ ആത്യന്തിക ഫലമായടയാളപ്പെടുത്തുന്നത്. മറിച്ച് മനുഷ്യമനസ്സിന് ശാശ്വതമായി നേടുന്ന ശാന്തതയെയും ഔൽക്കർഷ്യത്തെയുമാണ്. അറിവിൻ്റെ മറ്റൊരു തലമാണ് അർത്ഥശാസ്‌ത്രത്തിലുള്ളത്. ലഭ്യമായ അറിവിനെ മനോശുദ്ധിയിലൂടെ ജനസേവനത്തിലേയ്ക്ക് ഉപയോഗിക്കണമെന്ന് പറയുന്നു. അറിവിൻ്റെ മൂന്നു തലങ്ങൾ ഇവിടെയുണ്ട്. ഗുരുവിൻ്റെ ഉപദേശ ഘട്ടം, അതിനുശേഷം മനസംസ്‌ക്കരണം, പിന്നെ ലഭ്യമായ അറിവിൻ്റെ പ്രായോഗിക തലം. പുറനാനൂറിൽ ഏകാത്മകമായ വിദ്യാർജ്ജനം ആണെങ്കിൽ ധമ്മപദത്തിൽ അത് ദ്വിവിധ ഭാഗമായി മാറുന്നു. ഗുരൂപദേശവും മനസംസ്‌ക്കരണവും അർത്ഥശാസ്‌ത്രത്തിൽ അത് ത്രിയുക്തികളായി പരിവർത്തനം ചെയ്യപ്പെടുന്നു.

4.3 നികുതിയുമായി ബന്ധപ്പെട്ടത്

പഴന്തമിഴ് പാട്ടുകാലത്തെ ഭരണക്രമത്തിനും സമ്പദ് വ്യവസ്ഥയ്ക്കും കൃത്യമായ മുറയും ചിട്ടയുമുണ്ടായിരുന്നതായി അവരുടെ നികുതി വ്യവസ്ഥയെ സംബന്ധിച്ച കാഴ്ചപ്പാടിൽനിന്ന് മനസ്സിലാക്കാം. പ്രധാന സാമ്പത്തികസ്രോതസ്സാണ് നികുതി എന്നതുകൊണ്ട് അത് ജനങ്ങളിൽനിന്ന് പരമാവധി ചെലുത്തുന്നത് ദുഷ്ക്കരമാണെന്ന് അത് ബോധിപ്പിക്കുന്നുണ്ട്. പുറനാനൂറിലെ നികുതി പിരിക്കുന്നതുമായി ബന്ധപ്പെട്ട പാട്ട് പാണ്ഡ്യൻ അറിവുടൈ നമ്പിയെ കുറിച്ച് പി ചിരാന്തൈയാർ പാടിയതാണ്.  ആന കേറിയ വയൽപോലെ നാടിനെ നശിപ്പിക്കരുത് എന്ന് പാണ്ഡ്യനോട് ഉപദേശിക്കുന്നു.

          കായ്‌നെല്ലറുത്തുക്കവളങ്കൊളിനേ

          മാനിറൈവില്ലതും പന്നാട് കാകും

നൂറു ചെറുവായിനുന്തമിത്തുപ്പുക്കുണിനേ

വായ്പുകുവതനിനുങ്കാൽ പെരിതു കെടുക്കും

അറിവുടൈവേന്തനെറിയറിന്തു കൊളിനേ

കോടിയാത്തു നാടുപെരിതു നന്തും

മെല്ലിയൻ കിഴവനാകി വൈകലും

വരിചൈയറിയാക്കല്ലെൻ ചുറ്റമൊടു

പരിവുതപവെടുക്കും പിണ്ടനച്ചിൻ

യാനൈപുക്ക പുലംപോലത്

താനുമുണ്ണാനുലകമുങ്കെടുമേ. (പാട്ട് 184)

പാണ്ഡ്യൻ അറിവുനമ്പി തൻ്റെ പ്രജകളെ ഉപദ്രവിക്കുകയും അവരിൽനിന്നു ചുങ്കം പിരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ അടുത്തു ചെന്നു തെറ്റുകൾ ചൂണ്ടിക്കാണിച്ച് തിരുത്താൻ ആരും മുന്നോട്ടുവന്നില്ല. ആ സാഹചര്യത്തിൽ പിചിരാന്തൈയാരോട് പാണ്ഡ്യനെ ഉപദേശിക്കാൻ അവിടത്തെ ജനങ്ങൾ ആവശ്യപ്പെട്ടു. അവരുടെ അഭ്യർത്ഥന മാനിച്ച്  മന്നൻ എങ്ങനെയാണ് നികുതി പിരിക്കേണ്ടതെന്ന്  പാണ്ഡ്യനോട് ഉപദേശിക്കുന്ന പ്രധാനപ്പെട്ട പാട്ടാണിത്.

വിളഞ്ഞ നെല്ല് നന്നായ് നിൽക്കുന്ന നേരത്ത് ഒരു ആന പാടത്ത് കടന്ന് നെല്ല് തിന്നുമ്പോൾ വായിൽ വയ്ക്കുന്ന നെല്ലിനേക്കാൾ കൂടുതൽ ചവിട്ടടിയിൽ അമർന്നു പോകും. അതുപോലെ നെറിവോടുകൂടി ചുങ്കം പിരിച്ചാൽ മാത്രമേ നാടു സമ്പത്തുകൊണ്ട് ഉയർച്ച നേടൂ. അല്ലാതെ നെറിവില്ലാതെ മന്നൻ ദയയില്ലാതെ ചുങ്കം പിരിച്ചാൽ ആനകേറിയ നിലമായ് നാട് മാറും. തനിക്കും ഉണ്ണാൻ ലഭിക്കില്ല. നാടിനും നേട്ടമില്ല. പ്രകൃതിയുമായി നേരിട്ട ബിംബങ്ങളെ സാമാന്യജനങ്ങളുമായി സംവദിക്കാനുതകുന്ന ലാളിത്യത്തോടെ അവതരിപ്പിക്കുന്ന രീതിയാണ് പുറനാനൂറിൽ പ്രായേണ കാണുന്നത്.  പ്രകൃതിയുമായി ബന്ധപ്പെട്ട ജീവജാലങ്ങൾ, പ്രകൃതിയോടിടപെടുന്ന ജീവിതരീതികൾ, വിശ്വാസങ്ങൾ എന്നിങ്ങനെ സമസ്ത ജീവിതവ്യവഹാരങ്ങളിലും പ്രകൃതിയുടെ നിറസാന്നിധ്യം പ്രകടമാണ്.

അശ്വഘോഷൻ്റെ ബുദ്ധചരിതത്തിലും രാജാവ് നികുതി പിരിക്കുന്നതിനെക്കുറിച്ച് നേരിട്ടുള്ള പരാമർശങ്ങളുണ്ട്. എന്നാൽ ഇത് നികുതി ഘടനയെക്കുറിച്ചുള്ള സാമ്പത്തിക വിവരണമായല്ല, മറിച്ച് ഒരു നല്ല രാജാവിന്റെ ധർമ്മവും പ്രജാപരിപാലനവും എങ്ങനെയായിരിക്കണമെന്ന് വ്യക്തമാക്കാനാണ് കാവ്യത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ബുദ്ധചരിതത്തിലെ ഒന്നാം അധ്യായത്തിൽ (ഭഗവത്പ്രസൂതി) സിദ്ധാർത്ഥന്റെ പിതാവായ ശുദ്ധോദന രാജാവിന്റെ ഭരണത്തെക്കുറിച്ച് വിവരിക്കുമ്പോൾ നികുതിയെക്കുറിച്ച് വ്യക്തമായി പറയുന്നുണ്ട്. ശുദ്ധോദന രാജാവ് തന്റെ പ്രജകളിൽനിന്ന് നികുതി ഈടാക്കിയിരുന്നത് കഠിനമായ നിയമങ്ങൾ മൂലമോ ജനങ്ങളെ പീഡിപ്പിച്ചോ ആയിരുന്നില്ല. ഒരു രാജാവിന് പ്രജകളെ സംരക്ഷിക്കുന്നതിന് നികുതി ആവശ്യമാണ്. എന്നാൽ അത് ധർമ്മത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ പിരിക്കാവൂവെന്ന് ശുദ്ധോദന രാജാവ് വിശ്വസിച്ചിരുന്നു. ധർമ്മം കാത്തുസൂക്ഷിക്കാൻവേണ്ടി മാത്രമാണ് അദ്ദേഹം നികുതി സ്വീകരിച്ചിരുന്നത്.

ബുദ്ധചരിതം രണ്ടാം സർഗ്ഗത്തിലെ 43-ാമത്തെ ശ്ലോകത്തിലും ഇത് ആവർത്തിക്കുന്നു.

കചേൻ ന കശ്ചിത് പ്രണയാദ് ഉപാത്തോ

ന ച പ്രിയോപ്യപ്രിയകൃദ് ദദണ്ഡ്യഃ |

തസ്മിൻ ന ചാനൃത്യമതോ ജഗാർഹ

ധർമ്മേണ ഭേജേ കലിനാപി ധർമ്മഃ || ( 2. 43)

ശുദ്ധോധന രാജാവ് തന്റെ പ്രജകളിൽനിന്ന് നികുതി ഈടാക്കുമ്പോൾ പാലിച്ചിരുന്ന നീതിയെയും ധർമ്മത്തെയുംക്കുറിച്ചാണ് ഈ ഭാഗത്ത് പ്രതിപാദിക്കുന്നത്. ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ, ഒരു വൈദ്യൻ രോഗിക്ക് മരുന്ന് നൽകുന്നതുപോലെ കൃത്യമായ അളവിൽ മാത്രമേ അദ്ദേഹം നികുതി വാങ്ങിയിരുന്നുള്ളൂവെന്ന് ഇതിന്റെ വ്യാഖ്യാനങ്ങളിൽ വ്യക്തമാക്കുന്നു. ധർമ്മനിഷ്ഠമായ നികുതി പിരിവാണ് ഉണ്ടായിരുന്നത്. പ്രജകളെ അമിതമായി ചൂഷണം ചെയ്യാതെയുള്ള നികുതി പിരിവായിരുന്നു അത്. ന്യായമായ വിഹിതമനുസരിച്ചു നികുതി സ്വീകരിച്ചിരുന്നു.  പുരാതന ഇന്ത്യൻ ധർമ്മശാസ്ത്രങ്ങൾക്ക് അനുസൃതമായി ഉത്പാദനത്തിന്റെ ആറിലൊന്ന് (1/6) ഭാഗമാണ് പൊതുവെ നികുതിയായി (ഭാഗ അല്ലെങ്കിൽ ബലി) സ്വീകരിച്ചിരുന്നത്. ചുരുക്കത്തിൽ, കേവലം ഒരു മതഗ്രന്ഥം എന്നതിനപ്പുറം അക്കാലത്തെ സാമൂഹിക-രാഷ്ട്രീയ വ്യവസ്ഥകളെയും നികുതി സമ്പ്രദായങ്ങളെയും കുറിച്ചുള്ള ചരിത്രപരമായ വിവരങ്ങൾ കൂടി ബുദ്ധചരിതം നൽകുന്നുണ്ട്.

            നഗര രാഷ്ട്രീയവും നഗരഭരണവും ബുദ്ധചരിതത്തിലെ ചരിത്രവസ്തുതകളിൽനിന്ന് വേർതിരിച്ചു മനസ്സിലാക്കാൻ സാധിക്കും. കുശാന വംശജനായ കനിഷ്ക്കൻ്റെ കാലത്താണ് ബുദ്ധചരിതം എഴുതപ്പെട്ടത്. സാകേതരാജ്യവംശജനായ അശ്വഘോഷൻ ജീവിതത്തിലെ വലിയൊരുഭാഗം അയോധ്യയിലും പിന്നീട് പുരുഷപുരം എന്നറിയപ്പെടുന്ന പെഷവാറിലുമായിരുന്നു ജീവിച്ചു തീർത്തത്. അതുകൊണ്ടുതന്നെ നഗരഭരണത്തിലെ അധികാര വ്യവഹാരങ്ങളെക്കുറിച്ച് അദ്ദേഹത്തിന് തൻ്റെ കൃതിയായ  ബുദ്ധചരിതത്തിൽ കൂടി രേഖപ്പെടുത്താനും സാധിച്ചിരിക്കുന്നു.

കൗടില്യന്റെ അർത്ഥശാസ്‌ത്രത്തിൽ നികുതിപിരിവിനെക്കുറിച്ചും ധനസമാഹരണത്തെക്കുറിച്ചും ഗദ്യരൂപത്തിലാണ് (സൂത്രങ്ങളായി) വിവരിച്ചിരിക്കുന്നത്. ഇതിൽ ഏറ്റവും പ്രശസ്തമായ നികുതി തത്വം പറയുന്ന സൂത്രം ഇതാണ്;

“പക്വമിവ ഫലം വനാദുപഭുഞ്ജീത, പ്രകോപഭയാദപക്വം വർജയേത്” (അർത്ഥശാസ്ത്രം - 5.2.70)

കാട്ടിൽനിന്ന് പഴങ്ങൾ പറിക്കുമ്പോൾ പഴുത്ത പഴങ്ങൾ മാത്രം പറിച്ചെടുത്ത് ആസ്വദിക്കുന്നതുപോലെവേണം രാജാവ് രാജ്യത്തുനിന്ന് നികുതി ശേഖരിക്കാൻ. അപ്രായോഗികമായ രീതിയിൽ പച്ചക്കായകൾ (അപക്വം) പറിച്ച് നശിപ്പിക്കുന്നതുപോലെ നികുതി ഈടാക്കരുത്. അത് ജനങ്ങളിൽ വൻ അതൃപ്തിക്കും കലാപങ്ങൾക്കും (പ്രകോപഭയം) കാരണമാവുകയും രാജ്യത്തെ സ്വയം നാശത്തിലേക്ക് നയിക്കുകയും ചെയ്യും.

ഇത്തരത്തിൽ രാജാധികാരത്തിൻ്റെ മറവിൽ അമിതമായി നികുതി ഈടാക്കുന്ന അധികാരികൾക്ക് ശാസന എന്ന രീതിയിലും  നിയമവ്യവസ്ഥ എന്ന രീതിയിലും അർത്ഥശാസ്‌ത്രം സാമാന്യ കല്പനകളെ ഉപയോഗിച്ച് സാക്ഷത്കരിക്കുന്നുണ്ട്. ഏതാണ്ട് മൂന്നു കൃതികളിലും അതായത് പുറനാനൂറ്, ബുദ്ധചരിതം, അർത്ഥശാസ്‌ത്രം എന്നിവയെല്ലാം കയ്യാളുന്ന വ്യക്തികൾ സാമാന്യമായി ഭരണത്തിൻ്റെ സമഗ്രമായ വ്യവസ്ഥകളെ നൈതികാടിസ്ഥാനത്തിൽ സമീപിച്ചിരുന്നവരെന്ന് കാണാൻ കഴിയും. സാമ്പത്തിക സ്രോതസ്സ് എന്ന രീതിയിൽ അമിതമായി നികുതി ഈടാക്കുന്ന അധികാരി വർഗത്തെ മൂന്ന് കൃതികളിലും വിമർശബുദ്ധ്യാ നിരീക്ഷിക്കുന്നുണ്ട്.

5. ഉപസംഹാരം

പുറനാനൂറിൽ പഴന്തമിഴ് പാട്ടുകാലത്തെ ജീവികാസമ്പ്രദായങ്ങൾ ഉല്പാദന വിതരണ രീതികൾ, വിശ്വാസങ്ങൾ, അധികാര പ്രയോഗങ്ങൾ, വീര്യം, യുദ്ധം, കുടുംബസമ്പ്രദായങ്ങൾ എന്നിങ്ങനെ പല വിഷയങ്ങളും കടന്നുപോകുന്നുണ്ട്. ഈ നാനൂറ് പാട്ടിൽ 182 മുതൽ 195 വരെയുള്ള പാട്ടുകളിലാണ് നൈതികബോധ്യങ്ങളെ പറ്റിയും ധാർമ്മികതയെക്കുറിച്ചുമെല്ലാം ഗഹനമായ വിചിന്തനങ്ങൾ സമർത്ഥിച്ചിരിക്കുന്നത്. അതിൽ  ഭരണാധികാരി, വിദ്യ, നികുതി, എന്നിവ ഉൾപ്പെടുന്നത് കേവലം മൂന്നു പാട്ടുകളിൽ മാത്രമാണ്. മാനവികത, സമത, സത്യസന്ധത തുടങ്ങിയ വിഷയങ്ങളും ചർച്ച ചെയ്യുന്നുണ്ട്. ഇതെല്ലാം ബുദ്ധമതത്തിൻ്റെ തത്ത്വസംഹിതകളുമായി ഒത്തുചേർന്നു പോകുന്നു. ബുദ്ധമതത്തിൻ്റെ ആര്യ സത്യങ്ങളും സമത്വ ദർശനങ്ങളുമെല്ലാം പുറനാനൂറുമായി യോജിക്കുന്നതത്രെ. അതിനാൽ ആ വിഷയങ്ങളിൽ കൂടി ബുദ്ധമത സ്വാധീനത്തെ വേർതിരിക്കാൻ ശ്രമിക്കുമ്പോൾ പുറനാനൂറിൻ്റെ സമകാല പ്രസക്തി വർദ്ധിക്കുമെന്ന് പറയേണ്ടതില്ലല്ലോ. പഴംതമിഴ് പാട്ടുകാലത്തെ ജീവിതവ്യവഹാരങ്ങളെക്കുറിച്ച് ധാരണയുണ്ടാക്കാൻ പര്യാപ്തമായ പാട്ടുകൾ പുറനാനൂറിലുണ്ട്. ഈ കൃതി കേവലം സാമൂഹ്യ അവസ്ഥകളെ പരാമർശിച്ച് പോവുകയല്ല ചെയ്യുന്നത്. രാഷ്‌ട്രീയ സാമൂഹിക സാമ്പത്തിക സാംസ്‌ക്കാരികമെന്നുവേണ്ട സമസ്തമേഖലകളെയും അത് വിശദമായി നിരൂപിക്കുകയാണ്. പഴന്തമിഴ് വീരഗാഥകളെന്ന നിലയിൽ മാത്രം സംഘസാഹിത്യത്തെ വിലയിരുത്തേണ്ടത്. കാരണം ബിസി മൂന്നാം നൂറ്റാണ്ടു മുതൽ എ ഡി മൂന്നാം നൂറ്റാണ്ടുവരെയുള്ള കാലത്ത് നിലവിലുണ്ടായിരുന്ന ജീവികാസമ്പ്രദായവും ഉല്പന്ന മാർഗങ്ങളും ഉല്പന്നങ്ങളുടെ വിതരണരീതിയുമെല്ലാം ഇതിൽ അന്തർലീനമാണ്. ഇത് സമദ് വ്യവസ്ഥ സാമൂഹ്യമായി കടന്നുവന്നതിൻ്റെ സൂചനയാണ്. അതുപോലെ  ഒരു സ്ഥാപനമെന്ന വ്യവസ്ഥയിൽത്തന്നെ ദാനം നിർവഹിക്കുന്ന ധർമ്മത്തെ നിരീക്ഷിക്കുന്നുണ്ട്. ഇത്തരം അനേക നൈതികധർമ്മവ്യവസ്ഥകളുടെ ആഖ്യാനമാണ് പുറനാനൂറ്.  അധീശവർഗത്തിൻ്റെ കെടുകാര്യസ്ഥതയെ ചൂണ്ടിക്കാണിക്കാനും ജനജീവിതസമ്പ്രദായങ്ങളെ ഉദ്ധരിക്കാനും ഈ പാട്ടുകൾക്ക് സാധ്യമാണ്. ബ്രാഹ്മണമതത്തിൻ്റെയും ബുദ്ധമതത്തിൻ്റെയും സാരാംശങ്ങൾ പുറനാന്നൂറിന് അന്യമായിരുന്നില്ല എന്ന് ഈ പാട്ടുകളിൽനിന്ന് മനസ്സിലാക്കാൻ സാധിക്കും. നഗരവൽക്കരണം സംഭവിക്കാത്ത ഊരിൻ്റെ സാമൂഹ്യജീവിതത്തിനും അധീശവർഗത്തിൻ്റെ ജനപരിപാലനത്തിനും ഈ  മൂല്യബോധ്യങ്ങൾ സഹായകമായിട്ടുണ്ടാകാം. പിന്നീടുവന്ന  മാനവികബോധ്യങ്ങളിലും സാഹിത്യരൂപങ്ങളിലും ആവർത്തിച്ചുകൊണ്ടിരിക്കുന്ന മൂല്യബോധ്യത്തിൻ്റെയും ധാർമ്മിക വിശ്വാസത്തിൻ്റെയും ദർശനപദ്ധതിക്ക് പുറനാനൂറിനും കാതലായ സംഭാവന നൽകാൻ കഴിഞ്ഞിട്ടുണ്ട്. പരിവർത്തനോന്മുഖമായ കാലഗതിയിൽ ഇതേ ദർശനങ്ങളും ജീവിതബോധ്യങ്ങളും ആവർത്തിക്കുന്നത് നമുക്ക് അറിവുള്ളതാണല്ലോ. അതിനാൽ ദാർശനിക യാഥാർത്ഥ്യങ്ങളെ ആവിഷ്ക്കരിക്കുന്ന സാഹിത്യരൂപങ്ങളുടെ ചങ്ങലക്കണ്ണിയിലെ ഒരു കണ്ണിയായി പുറനാനൂറിനെ   ഉറപ്പിക്കേണ്ടിവരുമെന്നത് വരും കാലങ്ങളിൽ വിസ്‌മരിച്ചുകൂടാ.

ആധാരസൂചി

ജോൺസ്റ്റൺ, ഇ. എച്ച്., എഡിറ്റർ. അശ്വഘോഷന്റെ ബുദ്ധചരിതം. പഞ്ചാബ് യൂണിവേഴ്‌സിറ്റി, 1936.

വാസുദേവൻ മൂസ്സത്, കെ., വിവർത്തനം. കൗടില്യന്റെ അർത്ഥശാസ്ത്രം. ശ്രീരാമവർമ്മ ഗ്രന്ഥാവലി - ഒന്നാം ഭാഗം, കൊച്ചി മലയാളഭാഷാ പരിഷ്കരണക്കമ്മിറ്റി, 1935.

രാജൻ ഗുരുക്കൾ. മിത്ത് ചരിത്രം സമൂഹം. പ്രസക്തി ബുക്ക് ഹൗസ്, 2009

മിഥുൻ, കെ. എസ്., വിവർത്തനം. പുറനാനൂറ്. സെൻട്രൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ക്ലാസിക്കൽ തമിഴ്, 2025.

Vaidehi. “Sangam Literature.” Sangam Translations by Vaidehi, https://sangamtranslationsbyvaidehi.com/sangam-literature/. Accessed 10 Sept. 2026.

ഡോ. ജൽസ എം.

അസോസിയേറ്റ് പ്രൊഫസർ

മലയാളവിഭാഗം

ശ്രീകേരളവർമ്മ കോളേജ്, തൃശ്ശൂർ

 

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
ചീഫ് എഡിറ്റര്‍
ഡോ. ബി. ശ്രീകുമാർ സമ്പത്ത്



സ്റ്റുഡന്‍റ് എഡിറ്റര്‍
രതീഷ്
Fkv. 

ഇഷ്യു എഡിറ്റർ

​ഷീന എസ്.

FUntäm-dnb t_mÀUv 
AwK§Ä
ഡോ. കെ. റഹിം
ഡോ. സജീവ്കുമാർ എസ്.
ഡോ. ശ്രീലക്ഷ്മി എസ്.കെ.
ഡോ. രാമചന്ദ്രൻ പിള്ള എം.
ഡോ. അമ്പിളി ആർ.പി.
ഡോ. സംഗീത കെ.
ബിന്ദു എ.എം.

ഷീന എസ്.
ഡോ. കാരുണ്യ വി. എം.
അസോസിയേറ്റ് എഡിറ്റേഴ്സ്
ഡോ.ലാലു വി. , യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം
ഡോ.ഗംഗാദേവി എം., ഗവ. കോളേജ്, നെടുമങ്ങാട്, 
ഡോ.സേതുലക്ഷ്മി എം.എസ്. 
ഗവ.കോളേജ് ,നെടുമങ്ങാട്
Publishers Name:          
Dr.B.SREEKUMAR SAMBATH
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996          

Unssk³ & te Hu«vv
cXojv Fk.v

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2026

​

bottom of page