top of page

നിർമ്മിത യാഥാർത്ഥ്യങ്ങളുടെ രാഷ്ട്രീയം: 9 MM ബെരെറ്റയിലെ ബോദ്രിയാറിയൻ വായന

Oct 25
7 min read

Updated: 7 days ago

സംഗ്രഹം 

സത്യാനന്തര രാഷ്ട്രീയം (Post-truth Politics) സമകാലിക രാഷ്ട്രീയ-സാമൂഹിക ജീവിതത്തിൽ മാധ്യമപ്രതിനിധാനങ്ങളും രാഷ്ട്രീയ ആഖ്യാനങ്ങളും ഡിജിറ്റൽ പ്രചാരണവും യാഥാർത്ഥ്യത്തെ എങ്ങനെ പുനർനിർമിക്കുന്നു എന്നതിനെ സൂചിപ്പിക്കുന്ന പ്രധാന സംജ്ഞയാണ്. ഈ പഠനം വിനോദ് കൃഷ്ണയുടെ 9 MM ബെരെറ്റ എന്ന നോവലിനെ ജീൻ ബോദ്രിയാറിന്റെ Simulacra and Simulation (1981) എന്ന സൈദ്ധാന്തിക ചട്ടക്കൂടിന്റെ അടിസ്ഥാനത്തിൽ വിശകലനം ചെയ്യുന്നു.  കൂടുതൽ ആഴത്തിൽ വിശകലനം ചെയ്യുന്നതിനായി മിഷേൽ ഫൂക്കോയുടെ Power–Discourse സങ്കൽപ്പവും ഹന്നാ ആരെന്റിന്റെ On Violence (1970) എന്ന കൃതിയിലെ അധികാര–അക്രമ വിശകലനവും അനുബന്ധ സൈദ്ധാന്തിക ഉപാധികളായി ഈ പഠനത്തിൽ ഉപയോഗിക്കുന്നു. ഗാന്ധിവധം, ദേശീയത, മതരാഷ്ട്രീയം, മാധ്യമപ്രതിനിധാനങ്ങൾ, ഡിജിറ്റൽ പ്രചാരണം എന്നിവ നോവലിൽ നിർമ്മിത രാഷ്ട്രീയ യാഥാർത്ഥ്യങ്ങളായി അവതരിപ്പിക്കപ്പെടുന്നതായി പഠനം കണ്ടെത്തുവാൻ ശ്രമിക്കുന്നു . കൂടാതെ, '9 MM ബെരെറ്റ' എന്ന പ്രതീകം ഭൗതിക ആയുധത്തിന്റെ സൂചന മാത്രമല്ല, നിർമ്മിത യാഥാർത്ഥ്യങ്ങളുടെയും പ്രത്യയശാസ്ത്രപരമായ അക്രമത്തിന്റെയും ഹൈപ്പർറിയൽ പ്രതീകമായി പരിവർത്തനപ്പെടുന്നത് എങ്ങനെയെന്നും ഈ പ്രബന്ധം പരിശോധിക്കുന്നു.

താക്കോൽ വാക്കുകൾ: സത്യാനന്തര രാഷ്ട്രീയം, സിമുലാക്ര, ഹൈപ്പർറിയാലിറ്റി, ജീൻ ബോദ്രിയാർ, 9 MM ബെരെറ്റ, മാധ്യമപ്രതിനിധാനം. ആശയപരമായ അതിക്രമം.

 

 

ആമുഖം 

 

ഡിജിറ്റൽ സാങ്കേതികവിദ്യയുടെ വ്യാപനവും സാമൂഹികമാധ്യമങ്ങളുടെ വളർച്ചയും സമകാലിക രാഷ്ട്രീയത്തിന്റെ സ്വഭാവത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. പൊതുബോധം രൂപപ്പെടുന്നതിൽ വസ്തുതകളേക്കാൾ വികാരങ്ങൾ, രാഷ്ട്രീയപ്രചാരണം, മാധ്യമപ്രതിനിധാനങ്ങൾ, ഡിജിറ്റൽ വിവരവിനിമയം എന്നിവയ്ക്കാണ് ഇന്ന് കൂടുതൽ സ്വാധീനം. ഈ പ്രതിഭാസത്തെയാണ് സത്യാനന്തര രാഷ്ട്രീയം (Post-truth Politics) എന്ന് വിശേഷിപ്പിക്കുന്നത്. ഇവിടെ സത്യം കണ്ടെത്തപ്പെടുന്ന ഒന്നല്ല; രാഷ്ട്രീയവും മാധ്യമങ്ങളും ചേർന്ന് നിർമ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന സാമൂഹിക നിർമിതിയാണ് .

ഈ അവസ്ഥയെ  വിശദീകരിക്കുന്ന പ്രധാന സൈദ്ധാന്തിക സമീപനമാണ് ജീൻ ബോദ്രിയാറിന്റെ (Jean Baudrillard) Simulacra and Simulation (1981). ബോദ്രിയാറിന്റെ അഭിപ്രായത്തിൽ ആധുനിക സമൂഹത്തിൽ പ്രതിനിധാനങ്ങൾ യാഥാർത്ഥ്യത്തെ പ്രതിഫലിപ്പിക്കുന്നില്ല; മറിച്ച് അതിന് പകരമായി പുതിയ യാഥാർത്ഥ്യങ്ങൾ നിർമ്മിക്കുന്നു. ഈ നിർമ്മിത യാഥാർത്ഥ്യങ്ങളെയാണ് സിമുലാക്ര (Simulacra) എന്നും, അവ സൃഷ്ടിക്കുന്ന അവസ്ഥയെ ഹൈപ്പർറിയാലിറ്റി (Hyperreality) എന്നും അദ്ദേഹം വിശേഷിപ്പിക്കുന്നത്.

വിനോദ് കൃഷ്ണയുടെ 9 MM ബെരെറ്റ  എന്ന നോവൽ ഈ ആശയങ്ങളോടു ചേർന്നു പോകുന്നതാണ്. ഗാന്ധിവധം, ദേശീയത, മതരാഷ്ട്രീയം, മാധ്യമങ്ങൾ, ഡിജിറ്റൽ മാധ്യമങ്ങളിലൂടെയുള്ള പ്രചാരണം, ചരിത്രത്തിന്റെ രാഷ്ട്രീയ പുനർനിർമ്മാണം എന്നിവയെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് സമകാലിക ഇന്ത്യൻ സമൂഹത്തിന്റെ അധികാരഘടനകളെ വിമർശനാത്മകമായി അവതരിപ്പിക്കുന്ന കൃതിയാണിത്. അതിനാൽ ഈ നോവൽ ഒരു രാഷ്ട്രീയ ത്രില്ലറായി മാത്രമല്ല; സമകാലിക രാഷ്ട്രീയത്തിന്റെ സാംസ്കാരിക വിമർശനമായും വായിക്കപ്പെടേണ്ടതാണ്.

 

 9 MM ബെരെറ്റയെ ബോദ്രിയാറിന്റെ സിമുലാക്ര സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിൽ വിശകലനം ചെയ്യുന്നു. അതോടൊപ്പം മിഷേൽ ഫൂക്കോയുടെ അധികാരം–വ്യവഹാരം (Power–Discourse) എന്ന ആശയവും ഹന്നാ ആരെന്റിന്റെ ഹിംസാസിദ്ധാന്തവും (Theory of Violence) പഠനത്തിന്റെ അനുബന്ധ സൈദ്ധാന്തിക ചട്ടക്കൂടുകളായി ഉപയോഗിക്കുന്നു. ഫൂക്കോ അധികാരം സത്യത്തെയും അറിവിനെയും എങ്ങനെ നിർമ്മിക്കുന്നു എന്ന് വിശദീകരിക്കുമ്പോൾ, ആരെന്റ് അക്രമം അധികാരത്തിന്റെ ഉറവിടമല്ല, മറിച്ച് അധികാരം പ്രതിസന്ധിയിലാകുമ്പോൾ ഉപയോഗിക്കപ്പെടുന്ന രാഷ്ട്രീയ ഉപാധിയാണെന്ന് ചൂണ്ടിക്കാണിക്കുന്നു.

 9 MM ബെരെറ്റയിലെ 'ബെരെറ്റ' എന്ന പ്രതീകം ഒരു ഭൗതിക ആയുധത്തെ മാത്രം സൂചിപ്പിക്കുന്നില്ല. മറിച്ച് അത് ആശയപരമായ അക്രമത്തിന്റെ (Ideological Violence), ചരിത്രത്തിന്റെ രാഷ്ട്രീയ പുനർനിർമ്മാണത്തിന്റെ, നിർമ്മിത യാഥാർത്ഥ്യങ്ങളുടെ ഹൈപ്പർറിയൽ (Hyperreal) പ്രതീകമായി പ്രവർത്തിക്കുന്നു.

 

സിദ്ധാന്ത പരിസരം.

 

ഈ പഠനത്തിന്റെ പ്രാഥമിക സൈദ്ധാന്തിക അടിത്തറ ജീൻ ബോദ്രിയാറിന്റെ (Jean Baudrillard) Simulacra and Simulation (1981) എന്ന കൃതിയാണ്. ഇതോടൊപ്പം മിഷേൽ ഫൂക്കോയുടെ (Michel Foucault) അധികാരം–വ്യവഹാരം (Power–Discourse), അധികാരം/അറിവ് (Power/Knowledge) എന്നീ ആശയങ്ങളും ഹന്നാ ആരെന്റിന്റെ (Hannah Arendt) On Violence (1970) എന്ന കൃതിയിൽ അവതരിപ്പിക്കുന്ന അക്രമസിദ്ധാന്തവും (Theory of Violence) പഠനത്തിന്റെ അനുബന്ധ സൈദ്ധാന്തിക ചട്ടക്കൂടുകളായി സ്വീകരിക്കുന്നു.

ബോദ്രിയാറിന്റെ അഭിപ്രായത്തിൽ മാധ്യമങ്ങൾ, പരസ്യങ്ങൾ, മറ്റു പ്രതിനിധാന രൂപങ്ങൾ, ഡിജിറ്റൽ സംസ്കാരം എന്നിവ യാഥാർത്ഥ്യത്തെ പ്രതിഫലിപ്പിക്കുന്നില്ല; മറിച്ച് പുതിയ യാഥാർത്ഥ്യങ്ങൾ സൃഷ്ടിക്കുന്നു — ഈ നിർമ്മിത പ്രതിനിധാനങ്ങളെയാണ് അദ്ദേഹം സിമുലാക്ര (Simulacra) എന്ന് വിളിക്കുന്നത്; യാഥാർത്ഥ്യത്തിന്റെയും പ്രതിനിധാനത്തിന്റെയും അതിരുകൾ ഇല്ലാതാകുന്ന അവസ്ഥയാണ് ഹൈപ്പർറിയാലിറ്റി (Hyperreality). 9 MM ബെരെറ്റയിൽ ചരിത്രം, ദേശീയത, മാധ്യമം, ഡിജിറ്റൽ രാഷ്ട്രീയം എന്നിവ യാഥാർത്ഥ്യത്തിന്റെ രേഖകളായല്ല, നിർമ്മിത രാഷ്ട്രീയ ആഖ്യാനങ്ങളായാണ് പ്രവർത്തിക്കുന്നത് — അതിനാൽ ഈ നോവലിനെ മനസ്സിലാക്കാൻ ബോദ്രിയാറിന്റെ സിമുലാക്ര സിദ്ധാന്തം അനുയോജ്യമാണ്. ഈ നിർമ്മിത യാഥാർത്ഥ്യങ്ങൾ സൃഷ്ടിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും ഫൂക്കോ പറയുന്ന അധികാരം–വ്യവഹാരം എന്ന ആശയം കൂടി നിർണ്ണായകമാകുന്നുണ്ട്, കാരണം ഫൂക്കോയുടെ അഭിപ്രായത്തിൽ അധികാരം ഭരണകൂടത്തിൽ മാത്രം കേന്ദ്രീകരിക്കുന്ന ഒന്നല്ല; അറിവ്, ഭാഷ, വിദ്യാഭ്യാസം, മാധ്യമങ്ങൾ, സാമൂഹിക വ്യവഹാരങ്ങൾ എന്നിവയിലൂടെ സമൂഹത്തിന്റെ എല്ലാ തലങ്ങളിലും പ്രവർത്തിക്കുന്ന ബന്ധവ്യവസ്ഥയാണ് — അതിനാൽ സമൂഹം സത്യമായി അംഗീകരിക്കുന്ന അറിവ് പോലും അധികാരത്തിന്റെ നിർമ്മിതിയാണ്; 9 MM ബെരെറ്റയിൽ മാധ്യമങ്ങൾ, ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ, രാഷ്ട്രീയഭാഷ, സംഘടിത പ്രചാരണം എന്നിവ അധികാരത്തിന്റെ വ്യവഹാരരൂപങ്ങളായി പ്രവർത്തിക്കുന്നു — ഇതിലൂടെ പൊതുബോധവും രാഷ്ട്രീയ സത്യങ്ങളും എങ്ങനെ നിർമ്മിക്കപ്പെടുന്നു എന്ന് നോവൽ അവതരിപ്പിക്കുന്നു; ഈ രണ്ട് സിദ്ധാന്തങ്ങളും പരസ്പരം ബന്ധിപ്പിക്കുമ്പോൾ, ഹന്നാ ആരെന്റ് തന്റെ On Violence (1970) എന്ന കൃതിയിൽ അധികാരവും അക്രമവും തമ്മിൽ വ്യക്തമായ വ്യത്യാസം സ്ഥാപിക്കുന്നു — അവരുടെ അഭിപ്രായത്തിൽ അധികാരം ജനങ്ങളുടെ സമ്മതത്തിൽ അധിഷ്ഠിതമാണ്; അക്രമം അധികാരത്തിന്റെ ഉറവിടമല്ല, മറിച്ച് അധികാരം പ്രതിസന്ധിയിലാകുമ്പോൾ ഉപയോഗിക്കപ്പെടുന്ന രാഷ്ട്രീയ ഉപാധിയാണ്; ഈ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിൽ 9 MM ബെരെറ്റയിലെ അക്രമം ശാരീരിക ആക്രമണമായി മാത്രമല്ല, ആശയപരമായ അക്രമം (Ideological Violence) എന്ന നിലയിലും വായിക്കാം — രാഷ്ട്രീയഭാഷ, ചരിത്രത്തിന്റെ പുനർനിർമ്മാണം, മാധ്യമപ്രതിനിധാനങ്ങൾ എന്നിവ ഈ ആശയപരമായ അക്രമത്തിന്റെ പ്രധാന രൂപങ്ങളായി നോവലിൽ പ്രവർത്തിക്കുന്നു; അതായത്, ബോദ്രിയാറിന്റെ സിമുലാക്ര സിദ്ധാന്തം നോവലിലെ നിർമ്മിത യാഥാർത്ഥ്യങ്ങളെ വിശദീകരിക്കുന്നു, ഫൂക്കോയുടെ അധികാരം–വ്യവഹാരം എന്ന ആശയം ആ നിർമ്മിത യാഥാർത്ഥ്യങ്ങൾ സൃഷ്ടിക്കപ്പെടുന്നതും പ്രചരിപ്പിക്കപ്പെടുന്നതും എങ്ങനെയെന്ന് വെളിപ്പെടുത്തുന്നു, ഹന്നാ ആരെന്റിന്റെ അക്രമസിദ്ധാന്തം ഈ നിർമ്മിത യാഥാർത്ഥ്യങ്ങളിലൂടെയും അധികാര വ്യവഹാരങ്ങളിലൂടെയും നടക്കുന്ന ആശയപരമായ അക്രമത്തെ മനസ്സിലാക്കാൻ സഹായിക്കുന്നു — ഈ മൂന്ന് സൈദ്ധാന്തിക സമീപനങ്ങളും പരസ്പരം ബന്ധപ്പെട്ടുനിൽക്കുന്നവയാണ്.

 ഈ സംയോജിത സമീപനത്തിലൂടെയാണ് 9 MM ബെരെറ്റയെ സമകാലിക രാഷ്ട്രീയത്തിന്റെ സാംസ്കാരിക വിമർശനമായി ഈ പഠനം വായിക്കുന്നത്.

 

 

നിർമ്മിത യാഥാർത്ഥ്യങ്ങളും (Simulacra) സത്യാനന്തര രാഷ്ട്രീയവും (Post-truth Politics)

സമകാലിക ജനാധിപത്യ സമൂഹങ്ങളിൽ രാഷ്ട്രീയം വസ്തുതകളുടെ അടിസ്ഥാനത്തിൽ മാത്രം പ്രവർത്തിക്കുന്നില്ല. മാധ്യമങ്ങൾ, സാമൂഹികമാധ്യമങ്ങൾ, രാഷ്ട്രീയപ്രചാരണം (political propaganda), സംഘടിത വിവരവിനിമയം എന്നിവ പൊതുബോധത്തെ നിർണ്ണയിക്കുന്ന പ്രധാന ശക്തികളായി മാറിയിരിക്കുന്നു. ഈ സാഹചര്യത്തെയാണ് സത്യാനന്തര രാഷ്ട്രീയം (Post-truth Politics) എന്ന് വിശേഷിപ്പിക്കുന്നത്. ഇവിടെ തെളിവുകളേക്കാൾ വികാരങ്ങൾക്കും രാഷ്ട്രീയവിശ്വാസങ്ങൾക്കും മാധ്യമനിർമിത ആഖ്യാനങ്ങൾക്കുമാണ് കൂടുതൽ സ്വാധീനം.

ജീൻ ബോദ്രിയാർ ഈ പ്രതിഭാസത്തെ സിമുലാക്ര (Simulacra), സിമുലേഷൻ (Simulation), ഹൈപ്പർറിയാലിറ്റി (Hyperreality) എന്നീ ആശയങ്ങളിലൂടെ വിശദീകരിക്കുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ആധുനിക സമൂഹത്തിൽ പ്രതിനിധാനങ്ങൾ യാഥാർത്ഥ്യത്തെ പ്രതിഫലിപ്പിക്കുന്നില്ല; മറിച്ച് പുതിയ യാഥാർത്ഥ്യങ്ങൾ സൃഷ്ടിക്കുന്നു. അതിനാൽ സമൂഹം അനുഭവിക്കുന്നത് യഥാർത്ഥ ലോകമല്ല, നിർമ്മിത യാഥാർത്ഥ്യങ്ങളുടെ ലോകമാണ്.

ഈ സൈദ്ധാന്തിക പശ്ചാത്തലത്തിൽ 9 MM ബെരെറ്റയെ വായിക്കുമ്പോൾ, ചരിത്രം, ദേശീയത, മതരാഷ്ട്രീയം, മാധ്യമങ്ങൾ, ഡിജിറ്റൽ പ്രചാരണം എന്നിവ പരസ്പരം ബന്ധിപ്പിക്കപ്പെട്ട നിർമ്മിത രാഷ്ട്രീയ ആഖ്യാനങ്ങളായി പ്രവർത്തിക്കുന്നതായി കാണാം. നോവൽ രാഷ്ട്രീയസംഭവങ്ങളെ രേഖപ്പെടുത്തുന്നതിൽ ഒതുങ്ങുന്നില്ല; അവയെക്കുറിച്ചുള്ള സാമൂഹികധാരണകൾ എങ്ങനെ രൂപപ്പെടുന്നു എന്ന പ്രക്രിയയാണ് വിശകലനം ചെയ്യുന്നത്.

നോവലിൽ മാധ്യമങ്ങൾ നിഷ്പക്ഷ വിവരവാഹകരല്ല. രാഷ്ട്രീയപ്രതിനിധാനങ്ങൾ നിർമ്മിക്കുകയും പൊതുബോധത്തെ സ്വാധീനിക്കുകയും ചെയ്യുന്ന അധികാരഘടനകളായാണ് അവ പ്രവർത്തിക്കുന്നത്. വാർത്തകൾ, ദൃശ്യങ്ങൾ, ഡിജിറ്റൽ പ്രചാരണം എന്നിവയുടെ നിരന്തര ആവർത്തനത്തിലൂടെ ഒരു പ്രത്യേക രാഷ്ട്രീയ ആഖ്യാനം സാമൂഹികസത്യമായി അംഗീകരിക്കപ്പെടുന്നു. ഈ സാഹചര്യത്തിൽ യഥാർത്ഥ സംഭവങ്ങളെക്കാൾ അവയുടെ മാധ്യമപ്രതിനിധാനങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം ലഭിക്കുന്നത്. ബോദ്രിയാർ വിശേഷിപ്പിക്കുന്ന ഹൈപ്പർറിയാലിറ്റി (Hyperreality)യുടെ സാമൂഹികരൂപം ഇതിലൂടെ പ്രകടമാകുന്നു. നോവലിൽ ആബിയ മഖ്ദൂമിയെ തീവ്രവാദിയായി ചിത്രീകരിക്കുന്ന വ്യാജ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നതും, ഒരു നടിയുടെ ട്വീറ്റിനെ ആസ്പദമാക്കി അവർക്ക് നേരെ സൈബർ ആക്രമണം നടക്കുന്നതും യഥാർത്ഥ സംഭവങ്ങളെക്കാൾ മാധ്യമങ്ങൾ നിർമ്മിച്ച പ്രതിച്ഛായകളാണ് സാമൂഹിക സത്യമായി അംഗീകരിക്കപ്പെടുന്നതെന്ന് വ്യക്തമാക്കുന്നു

നോവലിലെ കഥാപാത്രങ്ങളുടെ സാമൂഹികസ്വത്വവും ഈ നിർമ്മിത യാഥാർത്ഥ്യങ്ങളുടെ അടിസ്ഥാനത്തിലാണ് നിർവചിക്കപ്പെടുന്നത്. വ്യക്തിയുടെ അനുഭവങ്ങളോ പ്രവർത്തനങ്ങളോ അല്ല, അദ്ദേഹത്തെക്കുറിച്ച് നിർമ്മിക്കപ്പെടുന്ന രാഷ്ട്രീയപ്രതിനിധാനങ്ങളാണ് സാമൂഹികസ്വീകാര്യത നിർണ്ണയിക്കുന്നത്. ഇതിലൂടെ വ്യക്തി ഒരു സാമൂഹിക അസ്തിത്വമെന്നതിലുപരി ഒരു രാഷ്ട്രീയചിഹ്നമായി മാറുന്നു. ഈ പരിവർത്തനം സത്യാനന്തര രാഷ്ട്രീയത്തിന്റെ അടിസ്ഥാനസ്വഭാവം വെളിപ്പെടുത്തുന്നു.

 

ഗാന്ധിവധവുമായി ബന്ധപ്പെട്ട ആഖ്യാനങ്ങളും ഇതേ പ്രക്രിയയുടെ ഭാഗമാണ്. ചരിത്രസംഭവം എന്ന നിലയിൽ അത് അവസാനിക്കുന്നില്ല; സമകാലിക രാഷ്ട്രീയത്തിൽ നിരന്തരം പുനർനിർമിക്കപ്പെടുന്ന ആശയപരമായ വിഭവമായി പ്രവർത്തിക്കുന്നു. അതിനാൽ ചരിത്രം ഭൂതകാലത്തിന്റെ രേഖയല്ല, വർത്തമാന രാഷ്ട്രീയത്തിന്റെ സജീവ ഉപാധിയായി മാറുന്നു.

ഈ സാഹചര്യത്തിൽ 9 MM ബെരെറ്റ സത്യാനന്തര രാഷ്ട്രീയത്തെ ചിത്രീകരിക്കുന്ന ഒരു നോവൽ മാത്രമല്ല; നിർമ്മിത യാഥാർത്ഥ്യങ്ങളുടെ സാമൂഹിക ഉൽപ്പാദനത്തെ വിമർശനാത്മകമായി വിശകലനം ചെയ്യുന്ന സാഹിത്യപാഠവുമാണ്. ബോദ്രിയാറിന്റെ സിമുലാക്ര സിദ്ധാന്തത്തിന്റെ വെളിച്ചത്തിൽ നോക്കുമ്പോൾ, സമകാലിക രാഷ്ട്രീയം യാഥാർത്ഥ്യത്തിന്റെ അടിസ്ഥാനത്തിലല്ല, നിർമ്മിത രാഷ്ട്രീയപ്രതിനിധാനങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നതെന്ന് നോവൽ സൂചിപ്പിക്കുന്നു.

 

 

ഗാന്ധിവധവും ചരിത്രത്തിന്റെ രാഷ്ട്രീയ പുനർനിർമ്മാണവും

 

ചരിത്രം ഭൂതകാല സംഭവങ്ങളുടെ നിഷ്പക്ഷ രേഖയാണെന്ന ധാരണ സമകാലിക സാമൂഹിക സിദ്ധാന്തങ്ങൾ ചോദ്യം ചെയ്യുന്നു. ചരിത്രം ഒരു സ്ഥിരരേഖയല്ല; മറിച്ച് അധികാരം, പ്രത്യയശാസ്ത്രം, സാമൂഹിക വ്യവഹാരം എന്നിവയുടെ സ്വാധീനത്തിൽ നിരന്തരം പുനർനിർമിക്കപ്പെടുന്ന ആഖ്യാനമാണ്. ജീൻ ബോദ്രിയാറിന്റെ സിമുലാക്ര (Simulacra) സിദ്ധാന്തവും മിഷേൽ ഫൂക്കോയുടെ അധികാരം–വ്യവഹാരം (Power–Discourse) എന്ന ആശയവും ഈ പ്രക്രിയയെ വിശദീകരിക്കാൻ സഹായിക്കുന്നു.

9 MM ബെരെറ്റയിൽ ഗാന്ധിവധം ഒരു ചരിത്രസംഭവത്തിന്റെ പുനരാഖ്യാനം മാത്രമല്ല. സമകാലിക രാഷ്ട്രീയത്തിൽ ആവർത്തിച്ച് ഉപയോഗിക്കപ്പെടുന്ന ആശയപരമായ വിഭവമായിക്കൂടിയാണ് അത് അവതരിപ്പിക്കപ്പെടുന്നത്. ഗാന്ധിയുടെ വധം ഒരു ഭൂതകാല സംഭവമായി നിലനിൽക്കാതെ ദേശീയത, മതരാഷ്ട്രീയം, രാഷ്ട്രീയധ്രുവീകരണം എന്നിവയുടെ ഭാഗമായി പുതിയ അർത്ഥങ്ങൾ സ്വീകരിക്കുന്നു.

ബോദ്രിയാറിന്റെ കാഴ്ചപ്പാടിൽ, ചരിത്രസംഭവത്തേക്കാൾ അതിനെക്കുറിച്ചുള്ള രാഷ്ട്രീയപ്രതിനിധാനങ്ങളാണ് സമൂഹത്തെ സ്വാധീനിക്കുന്നത്. അതിനാൽ ഗാന്ധിവധത്തിന്റെ ചരിത്രപരമായ യാഥാർത്ഥ്യത്തേക്കാൾ അതിനെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ ആഖ്യാനങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം ലഭിക്കുന്നത്. ചരിത്രം ഇവിടെ യാഥാർത്ഥ്യത്തിന്റെ രേഖയല്ല; നിർമ്മിത യാഥാർത്ഥ്യത്തിന്റെ (Simulated Reality) ഭാഗമാണ്.നോവലിൽ നാരായൺ അപ്തെയും ഗോഡ്സെയും  ഗാന്ധിയെ "ഹിന്ദുവിരുദ്ധൻ", "ദേശദ്രോഹി" എന്നിങ്ങനെ അവതരിപ്പിക്കുകയും, അതിലൂടെ അദ്ദേഹത്തിന്റെ വധത്തെ ന്യായീകരിക്കുന്ന രാഷ്ട്രീയ ആഖ്യാനം രൂപപ്പെടുകയും ചെയ്യുന്നു. ഇവിടെ ചരിത്രസംഭവത്തേക്കാൾ അതിന്റെ രാഷ്ട്രീയ പുനർവായനയ്ക്കാണ് പ്രാധാന്യം ലഭിക്കുന്നത്.

 

ഫൂക്കോയുടെ Power–Discourse സങ്കൽപ്പം ഈ പ്രക്രിയയെ കൂടുതൽ വ്യക്തമാക്കുന്നു. ചരിത്രം ആരാണ് പറയുന്നത്, ഏത് ഭാഷയിലാണ് അവതരിപ്പിക്കുന്നത്, എന്ത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് പ്രചരിപ്പിക്കുന്നത് എന്നതിനെ ആശ്രയിച്ചാണ് അതിന്റെ സാമൂഹിക അർത്ഥം രൂപപ്പെടുന്നത്. അതിനാൽ ചരിത്രം അറിവിന്റെ വിഷയമെന്നതിലുപരി അധികാരത്തിന്റെ വിഷയമായിത്തീരുന്നു.

നോവലിൽ മാധ്യമങ്ങളും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളും ഈ പുനർനിർമ്മാണത്തെ ശക്തിപ്പെടുത്തുന്നു. ചരിത്രസംഭവങ്ങൾ ആവർത്തിച്ച് പുനരവതരിപ്പിക്കപ്പെടുമ്പോൾ അവയുടെ യഥാർത്ഥ സന്ദർഭം പിന്നിലാകുകയും രാഷ്ട്രീയപ്രതിനിധാനങ്ങൾ സാമൂഹികസത്യമായി അംഗീകരിക്കപ്പെടുകയും ചെയ്യുന്നു. ഇതാണ് ബോദ്രിയാർ വിശേഷിപ്പിക്കുന്ന ഹൈപ്പർറിയാലിറ്റി (Hyperreality).

അതുകൊണ്ട് 9 MM ബെരെറ്റ ഗാന്ധിവധത്തെ ചരിത്രത്തിന്റെ അവസാനിച്ച അധ്യായമായി കാണുന്നില്ല. മറിച്ച് വർത്തമാന രാഷ്ട്രീയത്തെ രൂപപ്പെടുത്താൻ ഉപയോഗിക്കപ്പെടുന്ന സജീവമായ ആശയപരമായ ഉപാധിയായി അവതരിപ്പിക്കുന്നു.

 

‘9 MM ബെരെറ്റ': ആശയപരമായ അക്രമത്തിന്റെ (Ideological Violence) ഹൈപ്പർറിയൽ പ്രതീകം (Hyperreal Symbol)

9 MM ബെരെറ്റയുടെ കേന്ദ്രപ്രതീകം 'ബെരെറ്റ'യാണ്. പ്രത്യക്ഷത്തിൽ അത് ഒരു തോക്കിന്റെ പേരാണെങ്കിലും, നോവലിന്റെ രാഷ്ട്രീയഘടനയിൽ അത് ഭൗതിക ആയുധത്തിന്റെ അർത്ഥം മറികടന്ന് ആശയപരമായ അക്രമത്തിന്റെ (Ideological Violence) പ്രതീകമായി മാറുന്നു.

ഹന്നാ ആരെന്റിന്റെ  അക്രമത്തെക്കുറിച്ചുള്ള കാഴ്ചപ്പാടനുസരിച്ച് അക്രമം അധികാരത്തിന്റെ ഉറവിടമല്ല; അധികാരം ദുർബലമാകുന്ന സാഹചര്യങ്ങളിൽ ഉപയോഗിക്കപ്പെടുന്ന രാഷ്ട്രീയ ഉപാധിയാണ്. ഈ കാഴ്ചപ്പാടിൽ നോക്കുമ്പോൾ നോവലിലെ അക്രമം ശരീരത്തെ ലക്ഷ്യമിടുന്ന ഭൗതിക ആക്രമണത്തിൽ ഒതുങ്ങുന്നില്ല. ഭാഷ, ചരിത്രം, മാധ്യമങ്ങൾ, രാഷ്ട്രീയപ്രചാരണം എന്നിവയിലൂടെ പ്രവർത്തിക്കുന്ന ആശയപരമായ നിയന്ത്രണമായാണ് അത് പ്രത്യക്ഷപ്പെടുന്നത്.

ബോദ്രിയാറിന്റെ സിമുലാക്ര സിദ്ധാന്തത്തിന്റെ വെളിച്ചത്തിൽ 'ബെരെറ്റ' ഒരു ഭൗതിക വസ്തുവിൽ നിന്ന് രാഷ്ട്രീയ ചിഹ്നമായി (Political Signifier) രൂപാന്തരപ്പെടുന്നു. അത് ഒരു വെടിയുണ്ടയെയോ കൊലപാതകത്തെയോ മാത്രം പ്രതിനിധീകരിക്കുന്നില്ല; രാഷ്ട്രീയ വിദ്വേഷം, ചരിത്രത്തിന്റെ പുനർനിർമ്മാണം, ദേശീയതയുടെ പ്രതീകവൽക്കരണം, മാധ്യമനിർമിത യാഥാർത്ഥ്യം എന്നിവയുടെ സംയുക്തരൂപകമാണ്.

നോവലിലെ കഥാപാത്രങ്ങളുടെ അനുഭവങ്ങൾ ഈ ആശയത്തെ ശക്തിപ്പെടുത്തുന്നു. അവരുടെ സാമൂഹികസ്ഥാനം യഥാർത്ഥ ജീവിതാനുഭവങ്ങൾ കൊണ്ടല്ല നിർണ്ണയിക്കപ്പെടുന്നത്; മാധ്യമങ്ങളും രാഷ്ട്രീയവ്യവഹാരങ്ങളും നിർമ്മിക്കുന്ന പ്രതിച്ഛായകളിലൂടെയാണ്. ഈ സാഹചര്യത്തിൽ വ്യക്തി ഒരു മനുഷ്യനെന്നതിലുപരി ഒരു രാഷ്ട്രീയപ്രതിനിധാനമായി മാറുന്നു.

ഫൂക്കോയുടെ Power–Discourse ആശയം ഇവിടെ നിർണായകമാണ്. അധികാരം ശരീരത്തെ നിയന്ത്രിക്കുന്നതിനേക്കാൾ ഭാഷയെയും അർത്ഥനിർമ്മാണത്തെയും നിയന്ത്രിക്കുന്നു. 'ബെരെറ്റ' എന്ന പ്രതീകം ഈ അർത്ഥനിർമ്മാണത്തിന്റെ കേന്ദ്രമായി പ്രവർത്തിക്കുന്നു. അതിന്റെ ശക്തി ആയുധത്തിന്റെ ഭൗതികശേഷിയിലല്ല; സാമൂഹികസങ്കൽപ്പത്തിൽ സൃഷ്ടിക്കുന്ന രാഷ്ട്രീയ അർത്ഥത്തിലാണ്.

അതിനാൽ 9 MM ബെരെറ്റയിലെ 'ബെരെറ്റ'യെ ഒരു ആയുധത്തിന്റെ പ്രതിനിധാനമായി മാത്രം വായിക്കുവാൻ സാധിക്കുകയില്ല. അത് ആശയപരമായ അക്രമത്തിന്റെ ഹൈപ്പർറിയൽ പ്രതീകമാണ് (Hyperreal Symbol of Ideological Violence). ഈ പ്രതീകത്തിലൂടെയാണ് നോവൽ ഹിംസ ശരീരത്തിൽ മാത്രമല്ല, ഭാഷയിലും ചരിത്രത്തിലും മാധ്യമങ്ങളിലും രാഷ്ട്രീയസ്മരണയിലും പ്രവർത്തിക്കുന്നുവെന്ന് സ്ഥാപിക്കുന്നത്.

 

ഡിജിറ്റൽ പ്രചാരണവും അധികാരത്തിന്റെ പ്രവർത്തനവും

ഡിജിറ്റൽ മാധ്യമങ്ങളുടെ വളർച്ച രാഷ്ട്രീയ അധികാരത്തിന്റെ പ്രവർത്തനരീതിയിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. സമകാലിക സമൂഹത്തിൽ അധികാരം ഭരണസംവിധാനങ്ങളിലോ നിയമവ്യവസ്ഥയിലോ മാത്രം പ്രവർത്തിക്കുന്നില്ല; വിവരങ്ങളുടെ ഉൽപ്പാദനം, വിതരണം, ആവർത്തനം, വ്യാഖ്യാനം എന്നിവയിലൂടെയാണ് അത് പൊതുബോധത്തെ നിയന്ത്രിക്കുന്നത്. ഈ സാഹചര്യത്തിൽ മിഷേൽ ഫൂക്കോയുടെ അധികാരം–വ്യവഹാരം (Power–Discourse) എന്ന ആശയം 9 MM ബെരെറ്റയെ മനസ്സിലാക്കുന്നതിനുള്ള പ്രധാന സൈദ്ധാന്തിക ഉപാധിയാണ്.

നോവലിൽ വാർത്താമാധ്യമങ്ങൾ, സാമൂഹികമാധ്യമങ്ങൾ, ഡിജിറ്റൽ പ്രചാരണം, സംഘടിത വിവരവിനിമയം എന്നിവ നിഷ്പക്ഷ ആശയവിനിമയ സംവിധാനങ്ങളല്ല. അവ രാഷ്ട്രീയ അർത്ഥങ്ങൾ നിർമ്മിക്കുന്ന അധികാരസംവിധാനങ്ങളായി പ്രവർത്തിക്കുന്നു. വിവരങ്ങളുടെ ആവർത്തനത്തിലൂടെ പ്രത്യേക രാഷ്ട്രീയ നിലപാടുകൾ സാമൂഹികസത്യമായി അംഗീകരിക്കപ്പെടുകയും, വ്യത്യസ്ത നിലപാടുകൾ അപ്രസക്തമാക്കപ്പെടുകയും ചെയ്യുന്നു. ട്രോൾ ആർമികൾ, ഹാഷ്ടാഗ് രാഷ്ട്രീയം, വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, കൃത്രിമ വീഡിയോകൾ എന്നിവ ഉപയോഗിച്ച് രാഷ്ട്രീയ ശത്രുബിംബങ്ങൾ നിർമ്മിക്കുകയും അവയെ സാമൂഹിക സത്യമായി പ്രചരിപ്പിക്കുകയും ചെയ്യുന്ന പ്രക്രിയ നോവലിൽ വ്യക്തമായി അവതരിപ്പിക്കുന്നു.

 

ഈ സാഹചര്യത്തിൽ വ്യക്തിയുടെ സാമൂഹികസ്വത്വം പോലും യഥാർത്ഥ അനുഭവങ്ങളെക്കാൾ മാധ്യമപ്രതിനിധാനങ്ങളാൽ നിർണ്ണയിക്കപ്പെടുന്നു. ഫൂക്കോ ചൂണ്ടിക്കാണിക്കുന്നതുപോലെ, അധികാരം ബലപ്രയോഗത്തിലൂടെയല്ല; അറിവും ഭാഷയും നിയന്ത്രിച്ചുകൊണ്ടാണ് പ്രവർത്തിക്കുന്നത്. 9 MM ബെരെറ്റ ഈ പ്രക്രിയയെ ഡിജിറ്റൽ രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിൽ വിമർശനാത്മകമായി അവതരിപ്പിക്കുന്നു.

ബോദ്രിയാറിന്റെ ഹൈപ്പർറിയാലിറ്റി (Hyperreality) എന്ന ആശയം ചേർത്തുവായിക്കുമ്പോൾ, മാധ്യമങ്ങൾ യാഥാർത്ഥ്യത്തെ പ്രതിഫലിപ്പിക്കുന്നില്ല; മറിച്ച് പുതിയ രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ നിർമ്മിക്കുന്നു. അതിനാൽ വിവരങ്ങളുടെ സമൃദ്ധി സത്യത്തെ വ്യക്തമാക്കുന്നില്ല; മറിച്ച് യാഥാർത്ഥ്യവും നിർമ്മിത യാഥാർത്ഥ്യവും തമ്മിലുള്ള അതിർത്തി കൂടുതൽ മങ്ങിയതാക്കുന്നു.

 

 സിമുലാക്രയും സമകാലിക രാഷ്ട്രീയ യാഥാർത്ഥ്യങ്ങളും

9 MM ബെരെറ്റയുടെ സമഗ്രമായ വായന വ്യക്തമാക്കുന്നത് ഈ നോവൽ രാഷ്ട്രീയസംഭവങ്ങളുടെ വിവരണം മാത്രമല്ല എന്നതാണ്. യാഥാർത്ഥ്യം എങ്ങനെ നിർമ്മിക്കപ്പെടുന്നു, ചരിത്രം എങ്ങനെ പുനർവായിക്കപ്പെടുന്നു, മാധ്യമങ്ങൾ എങ്ങനെ രാഷ്ട്രീയസത്യങ്ങൾ സൃഷ്ടിക്കുന്നു, ആശയപരമായ അക്രമം എങ്ങനെ സാധാരണവൽക്കരിക്കപ്പെടുന്നു എന്നീ ചോദ്യങ്ങളാണ് നോവലിന്റെ കേന്ദ്രവിഷയം.

നോവലിൽ ചരിത്രം, ദേശീയത, മതരാഷ്ട്രീയം, ഡിജിറ്റൽ പ്രചാരണം എന്നിവ വ്യത്യസ്ത പ്രമേയങ്ങളല്ല; സമകാലിക രാഷ്ട്രീയത്തിന്റെ നിർമ്മിത യാഥാർത്ഥ്യത്തെ രൂപപ്പെടുത്തുന്ന പരസ്പരബന്ധിത ഘടകങ്ങളാണ്. ഈ സാഹചര്യത്തിൽ രാഷ്ട്രീയം അധികാരം നേടാനുള്ള മത്സരം മാത്രമല്ല, യാഥാർത്ഥ്യത്തെ നിർവചിക്കാനുള്ള മത്സരവുമാണ്.

'ബെരെറ്റ' എന്ന പ്രതീകം ഈ മുഴുവൻ പ്രക്രിയയുടെ കേന്ദ്രരൂപകമാണ്. അത് ഭൗതിക അക്രമത്തിന്റെ സൂചനയിൽ ഒതുങ്ങുന്നില്ല; ചരിത്രത്തിന്റെ രാഷ്ട്രീയവൽക്കരണം, ആശയപരമായ അക്രമം, മാധ്യമപ്രതിനിധാനം, ദേശീയതയുടെ നിർമ്മാണം എന്നിവയുടെ ഹൈപ്പർറിയൽ പ്രതീകമായി പ്രവർത്തിക്കുന്നു.ഗാന്ധിവധവും ആബിയ മഖ്ദൂമിയുടെ കൊലപാതകവും ഒരേ ആയുധത്തിന്റെ പ്രതീകാത്മക തുടർച്ചയിലൂടെ ബന്ധിപ്പിക്കുന്ന നോവലിന്റെ ആഖ്യാനരീതി, ചരിത്രവും വർത്തമാനവും ഒരേ നിർമ്മിത രാഷ്ട്രീയ യാഥാർത്ഥ്യത്തിന്റെ ഭാഗമായി അവതരിപ്പിക്കുന്ന സിമുലാക്രയുടെ പ്രവർത്തനത്തെ വ്യക്തമാക്കുന്നു.

ഇതിനാൽ 9 MM ബെരെറ്റയെ ഒരു രാഷ്ട്രീയ ത്രില്ലറായോ ചരിത്രനോവലായോ മാത്രം വായിക്കുന്നത് അതിന്റെ സങ്കീർണ്ണമായ രാഷ്ട്രീയ-സാംസ്കാരിക ഘടനയെ പരിമിതപ്പെടുത്തും. ബോദ്രിയാറിന്റെ സിമുലാക്ര (Simulacra) സിദ്ധാന്തത്തിന്റെ വെളിച്ചത്തിൽ വായിക്കുമ്പോഴാണ് നോവൽ സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തിന്റെ സാംസ്കാരിക വിമർശനമായി പൂർണ്ണ അർത്ഥം കൈവരിക്കുന്നത്.

 

 ഉപസംഹാരം

 

വിനോദ് കൃഷ്ണയുടെ 9 MM ബെരെറ്റ സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഉപരിതല സംഭവങ്ങളെ അവതരിപ്പിക്കുന്ന കൃതി മാത്രമല്ല. സത്യാനന്തര രാഷ്ട്രീയം, നിർമ്മിത യാഥാർത്ഥ്യം, മാധ്യമപ്രതിനിധാനം, ചരിത്രത്തിന്റെ രാഷ്ട്രീയ പുനർനിർമ്മാണം, ആശയപരമായ അക്രമം എന്നിവ തമ്മിലുള്ള ബന്ധത്തെ വിമർശനാത്മകമായി പരിശോധിക്കുന്ന രാഷ്ട്രീയ-സാംസ്കാരിക നോവലാണ് ഇത്.

ജീൻ ബോദ്രിയാറിന്റെ സിമുലാക്ര സിദ്ധാന്തം (Theory of Simulacra) ഈ നോവലിന്റെ രാഷ്ട്രീയഘടന മനസ്സിലാക്കുന്നതിനുള്ള ഏറ്റവും അനുയോജ്യമായ സൈദ്ധാന്തിക ചട്ടക്കൂടാണെന്ന് ഈ പഠനം തെളിയിക്കുന്നു. അതോടൊപ്പം ഫൂക്കോയുടെ Power–Discourse ആശയവും ഹന്നാ ആരെന്റിന്റെ Theory of Violence എന്ന സമീപനവും ഈ വിശകലനത്തെ കൂടുതൽ സമഗ്രമാക്കുന്നു.

ഈ ഗവേഷണത്തിന്റെ പ്രധാന അക്കാദമിക സംഭാവന 9 MM ബെരെറ്റയിലെ 'ബെരെറ്റ' എന്ന പ്രതീകത്തെ ആശയപരമായ അക്രമത്തിന്റെ ഹൈപ്പർറിയൽ പ്രതീകമായി വ്യാഖ്യാനിക്കുന്നതിലാണ്. ഈ സമീപനം സമകാലിക മലയാള രാഷ്ട്രീയനോവലിനെ സത്യാനന്തര രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിൽ വായിക്കുന്നതിനുള്ള പുതിയ വിമർശനസാധ്യത മുന്നോട്ടുവയ്ക്കുന്നു.

അതുകൊണ്ട് 9 MM ബെരെറ്റയെ ഒരു രാഷ്ട്രീയനോവൽ എന്ന നിലയിൽ മാത്രം കാണാതെ, നിർമ്മിത യാഥാർത്ഥ്യങ്ങളുടെയും രാഷ്ട്രീയപ്രതിനിധാനങ്ങളുടെയും അധികാരപ്രവർത്തനങ്ങളുടെയും സാഹിത്യവിശകലനമായി വായിക്കേണ്ടതാണ് .

 

ആധാരസൂചി

 കൃഷ്ണ, വിനോദ്.,9 MM ബെരെറ്റ, D C Books, 2022

Arendt, Hannah. On Violence. Harcourt Brace Jovanovich, 1970.

Baudrillard, Jean. Simulacra and Simulation. Translated by Sheila Faria Glaser, University of Michigan Press, 1994.

Foucault, Michel. Power/Knowledge: Selected Interviews and Other Writings, 1972–1977. Edited by Colin Gordon, Pantheon Books, 1980.


ശ്രീതു. ആർ

ഗവേഷക

മലയാള വിഭാഗം

സനാതന ധർമ്മ കോളേജ്

ആലപ്പുഴ

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
ചീഫ് എഡിറ്റര്‍
ഡോ. ബി. ശ്രീകുമാർ സമ്പത്ത്



സ്റ്റുഡന്‍റ് എഡിറ്റര്‍
രതീഷ്
Fkv. 

ഇഷ്യു എഡിറ്റർ

​ഷീന എസ്.

FUntäm-dnb t_mÀUv 
AwK§Ä
ഡോ. കെ. റഹിം
ഡോ. സജീവ്കുമാർ എസ്.
ഡോ. ശ്രീലക്ഷ്മി എസ്.കെ.
ഡോ. രാമചന്ദ്രൻ പിള്ള എം.
ഡോ. അമ്പിളി ആർ.പി.
ഡോ. സംഗീത കെ.
ബിന്ദു എ.എം.

ഷീന എസ്.
ഡോ. കാരുണ്യ വി. എം.
അസോസിയേറ്റ് എഡിറ്റേഴ്സ്
ഡോ.ലാലു വി. , യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം
ഡോ.ഗംഗാദേവി എം., ഗവ. കോളേജ്, നെടുമങ്ങാട്, 
ഡോ.സേതുലക്ഷ്മി എം.എസ്. 
ഗവ.കോളേജ് ,നെടുമങ്ങാട്
Publishers Name:          
Dr.B.SREEKUMAR SAMBATH
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996          

Unssk³ & te Hu«vv
cXojv Fk.v

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2026

​

bottom of page