top of page

യാത്ര, ആധുനികത, ദേശീയഭാവന: ‘ലണ്ടനും പാരീസും’ എന്ന യാത്രാവിവരണത്തെ മുൻനിർത്തി ഒരു വായന

Oct 24
8 min read

Updated: 7 days ago

ഷബീബ പി.എം.

പ്രബന്ധസംഗ്രഹം

യാത്രയും യാത്രയെഴുത്തും കേവലം കാഴ്ചകളുടെ ദൃക്സാക്ഷിവിവരണമല്ല. മറിച്ച് അത് എഴുതപ്പെടുന്ന കാലത്തിന്റെയും സമൂഹത്തിന്റെയും സാംസ്കാരികചരിത്രരേഖയാണ്. യൂറോപ്പിലേക്കുള്ള യാത്രയെ ആധാരമാക്കി ജി.പി പിള്ള രചിച്ച ലണ്ടനും പാരീസും (1897) എന്ന യാത്രാവിവരണത്തെ വിശകലനം ചെയ്തുകൊണ്ട് ഇന്ത്യ എന്ന ആധുനികദേശരാഷ്ട്രത്തെ പൂർവ്വദർശനം ചെയ്യുന്ന പ്രക്രിയയായി അദ്ദേഹത്തിന്റെ ഇംഗ്ലണ്ടുയാത്രയെ രേഖപ്പെടുത്തുവാനുള്ള ശ്രമമാണ് ഈ പ്രബന്ധം. ആധുനിക യാത്രയെഴുത്തിന്റെ മികച്ച മാതൃകയെങ്കിലും നമ്മുടെ സഞ്ചാരസാഹിത്യപഠനങ്ങളിൽ ഈ കൃതി വേണ്ടവിധം പരാമർശിക്കപ്പെട്ടിട്ടില്ല.  ദേശീയത, വ്യക്തി, പൗരസങ്കൽപം, ലിംഗകർതൃത്വങ്ങൾ, കുടുംബസങ്കൽപം എന്നിവ സംബന്ധിച്ച് പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളീയപൊതുമണ്ഡലത്തിൽ ഉയർന്നുവരുന്ന ആശയങ്ങളും അവയിലെ വൈരുദ്ധ്യങ്ങളും വിമർശനാത്മകമായി പരിശോധിക്കാനും പ്രബന്ധത്തിൽ ശ്രമിക്കുന്നു.

താക്കോൽ വാക്കുകൾ: യാത്രാവിവരണം, കൊളോണിയൽ ആധുനികത, പൗരബോധം, ദേശീയത, ലിംഗഭേദവിചാരം.

ആമുഖം

മലയാളിയുടെ യാത്രാചരിത്രം പ്രാചീനകാലം മുതൽ ആരംഭിക്കുന്നുണ്ടെങ്കിലും മലയാളത്തിലെ യാത്രാസാഹിത്യത്തിന്റെ ചരിത്രം ‘വർത്തമാനപുസ്തക’ത്തിൽ നിന്നാണ് ആരംഭിക്കുന്നത്. സന്ദേശകാവ്യങ്ങളിലും മറ്റുമുള്ള ദേശവിവരണങ്ങൾ യാത്രാവിവരണത്തിന്റെ പൂർവ്വമാതൃകകളായി പരിഗണിക്കാമെങ്കിലും ആധുനികയാത്രകളും ആധുനികയാത്രാവിവരണങ്ങളും രൂപപ്പെടുന്നത് പതിനെട്ടാം നൂറ്റാണ്ടിന് ശേഷമാണ്. നോവലും ചെറുകഥയും ആത്മകഥയും പോലെ കൊളോണിയൽ ആധുനികതയുടെ ഘട്ടത്തിലാണ് ആധുനികയാത്രയെഴുത്തുകളും ഉണ്ടാകുന്നത്. കൊളോണിയൽ ആധുനികത (Colonial modernity) യാത്രയുടെ ചരിത്രത്തിലെ പരിവർത്തനസന്ധിയെ കുറിക്കുന്നു. വ്യവസായവിപ്ലവവും സാങ്കേതികവളർച്ചയും ഗതാഗത-വാർത്താവിനിമയരംഗങ്ങളിലുണ്ടായ വികസനവും ചേർന്നൊരുക്കിയ ഭൗതികപശ്ചാത്തലവും ആധുനിക വ്യക്തിബോധത്തിന്റെയും പുതിയ ലോകബോധത്തിന്റെയും കാഴ്ചപ്പാടുകളും യാത്രകളെ പുനർനിർവ്വചിച്ചു. സാഹസികതയുടെയോ തീർത്ഥാടനത്തിന്റെയോ കേവലനിലയിൽനിന്നുയർന്നു നിൽക്കുന്ന ‘യാത്ര’കളാണ് ആധുനിക സഞ്ചാരസാഹിത്യത്തിന് വിഷയമായത്. പതിനെട്ടാം നൂറ്റാണ്ടിനുശേഷം ആധുനികതയുടെ പശ്ചാത്തലത്തിൽ രൂപപ്പെട്ടുവരുന്ന യാത്രാവിവരണങ്ങൾക്ക് ആധുനികപൂർവ്വ യാത്രാവിവരണങ്ങളിൽനിന്ന് അടിസ്ഥാനപരമായിത്തന്നെ വ്യത്യാസങ്ങളുണ്ട്. യാത്രാസങ്കല്പത്തിലും യാത്രാസംസ്കാരത്തിലും വന്ന മാറ്റത്തെയാണ് ഇവ അടയാളപ്പെടുത്തുന്നത്. 1897-ൽ ഇംഗ്ലണ്ടിലേക്ക് നടത്തിയ യാത്രയെ ആസ്പദമാക്കി ജി.പി പിള്ള രചിച്ച യാത്രാവിവരണമാണ് ‘ലണ്ടനും പാരീസും’. മലയാളത്തിലെ ആധുനികയാത്രയെഴുത്തിന്റെ ശ്രദ്ധേയമാതൃക എന്നനിലയിലാണ് ഈ കൃതിയെ വിശകലനം ചെയ്യുന്നത് .

            കോൺഗ്രസ് ദേശീയനേതാവ്, പത്രാധിപർ, മലയാളി മെമ്മോറിയലിന് നേതൃത്വം നൽകിയ സാമൂഹികപരിഷ്കർത്താവ് എന്നീനിലയിൽ ശ്രദ്ധേയനായ ജി.പി പിള്ള എഴുതിയ ഏക യാത്രാവിവരണമാണ് ‘ലണ്ടനും പാരീസും’. 1897 മെയ് 2 മുതൽ സെപ്റ്റംബർ 29 വരെ നടത്തിയ ഇംഗ്ലണ്ട് പര്യടനത്തിനിടയിൽ എഴുതിയ 12 കത്തുകൾ ചേർന്നതാണ് ഈ പുസ്തകം. ഇംഗ്ലീഷിൽ എഴുതി മദ്രാസ് സ്റ്റാൻഡേർഡിൽ പ്രസിദ്ധീകരിച്ച ഇവ 1897ൽ മദ്രാസിലെ വിജയന്തി പ്രസ്സ് ‘London and Paris through Indian spectacles’ എന്ന പേരിൽ പുസ്തകമാക്കി. അതേ വർഷം തന്നെ സി.പി ശങ്കുണ്ണിമേനോൻ നിർവഹിച്ച മലയാളവിവർത്തനം തിരുവനന്തപുരം നേറ്റീവ് പ്രസ്സ്  പ്രസിദ്ധീകരിച്ചു. 1982-ൽ ഡി.സി കിഴക്കെമുറി ഈ പുസ്തകം പുനഃപ്രസിദ്ധീകരിക്കുകയുണ്ടായി. പത്തൊമ്പതാം നൂറ്റാണ്ടിൽ മലയാളത്തിലുണ്ടായ ആദ്യത്തെ വിദേശയാത്രാവിവരണമായിരുന്നു ഈ വിവർത്തനകൃതി. മലയാളത്തിലെ സഞ്ചാരസാഹിത്യപഠനങ്ങളിലൊന്നും അത്ര പ്രാധാന്യത്തോടെ ഈ കൃതിയെ പരാമർശിച്ചു കാണുന്നില്ല. യാത്രയുടെ സ്വാനുഭവവിവരണങ്ങളില്ല എന്നതിനാൽ ഇതൊരു യാത്രാവിവരണമാവുന്നില്ല എന്നാണ് വി.രമേഷ് ചന്ദ്രൻ അഭിപ്രായപ്പെടുന്നത് (1989:91). എന്നാൽ പത്തൊമ്പതാം നൂറ്റാണ്ടിൽ ഇന്ത്യൻസമൂഹത്തെ പരുവപ്പെടുത്തിയെടുക്കുന്ന ഒരു സാംസ്കാരികഘടകം എന്നനിലയിൽ യാത്രയെയും അധിനിവേശഭൂമികയായ ഇംഗ്ലണ്ടിനെ നോക്കിക്കാണുന്ന ഒരു ഇന്ത്യക്കാരന്റെ യാത്രാരേഖ എന്ന വസ്തുതയും പരിഗണിക്കുമ്പോൾ ഈ കൃതി വളരെ പ്രധാന്യമർഹിക്കുന്നു.

 യാത്രയും ആധുനികതയും

            വ്യവസായവിപ്ലവം, ശാസ്ത്രവികാസം, മുതലാളിത്തം, നഗരവൽക്കരണം, മധ്യവർഗരൂപീകരണം, അച്ചടി, പൊതുമാധ്യമങ്ങൾ, മതപരിഷ്കരണം, ഇംഗ്ലീഷ് വിദ്യാഭ്യാസം, ആധുനികഗദ്യത്തിന്റെ പിറവി, ഭാഷാമാനകീകരണം, ദേശീയതാബോധം തുടങ്ങിയ ആധുനികതയുടെ പ്രഭവകേന്ദ്രങ്ങളിലൊന്നായിരുന്നു യാത്രയും. പതിനെട്ടാം നൂറ്റാണ്ട് മുതൽ ഇങ്ങോട്ടുള്ള ഇന്ത്യൻസമൂഹത്തിൽ ഇവ പരസ്പരപൂരകമായി പ്രവർത്തിക്കുന്നതുകാണാം. പൗരബോധത്തിലേക്കുയരുന്ന വ്യക്തിയുടെ സഞ്ചാരസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ളതായിരുന്നു നമ്മുടെ ആദ്യത്തെ നവോത്ഥാനസമരങ്ങൾ. യാത്രാവിവരണങ്ങളിൽ മാത്രമല്ല നോവൽ പോലുള്ള ഇതര ആഖ്യാനങ്ങളിൽ പോലും കേന്ദ്രപ്രമേയമായി യാത്രകൾ പ്രത്യക്ഷപ്പെടുന്നു. ഇന്ദുലേഖയിൽ മാധവന്റെ കപ്പൽയാത്രയ്ക്കും തീവണ്ടിയാത്രയ്ക്കും സരസ്വതീവിജയത്തിൽ മരത്തന്റെയും കുബേരൻ നമ്പൂതിരിയുടെയും യാത്രകൾക്കും ലഭിക്കുന്ന പ്രതീകാത്മകമായ മാനങ്ങൾ പഠിക്കപ്പെട്ടിട്ടുണ്ട്. മതകീയമോ തീർത്ഥാടനപരമോ ആയ പശ്ചാത്തലമുള്ള വർത്തമാനപുസ്തകം പോലും ഇന്ത്യൻദേശീയബോധത്തിന്റെയും ബഹുസ്വരമായ ലോകബോധത്തിന്റെയും സൂചനകൾ ഉൾകൊള്ളുന്നുണ്ട്. ആധുനികതയുടെ ചരിത്രപശ്ചാത്തലത്തിലല്ലാതെ ഈ ഘട്ടത്തിൽ നമുക്ക് യാത്രാവ്യവഹാരങ്ങളെ നോക്കിക്കാണാനാവില്ല. അതുപോലെ സവിശേഷമായ ലക്ഷ്യസ്ഥാനങ്ങളെയോ പ്രക്രിയകളെയോ ആധാരമാക്കുന്ന യാത്രകൾ യാത്രാഖ്യാനങ്ങളിൽ പ്രാമുഖ്യം നേടുന്നതും കാണാം. കോളനീകരണാനന്തര  യൂറോപ്പ് യാത്രകൾ ഉദാഹരണമാണ്.

             പൂർവ്വാധുനികകാലം മുതലേ ഇന്ത്യക്കാർ വിവിധ ലക്ഷ്യങ്ങളോടെ അറേബ്യയുൾപ്പടെയുള്ള അന്യദേശങ്ങളിൽ സഞ്ചരിക്കുന്നുണ്ടെങ്കിലും യൂറോപ്പ് യാത്രാകേന്ദ്രമാകുന്നത് വളരെ വൈകിമാത്രമാണ്. പതിനെട്ടാം നൂറ്റാണ്ടുവരെ ആകെ ആറ് യൂറോപ്യൻ യാത്രാനുഭവരേഖകൾ മാത്രമാണ് ലഭ്യമായിട്ടുള്ളത്.  അവയെല്ലാംതന്നെ മുസ്‌ലിം, ക്രിസ്ത്യൻ വിഭാഗങ്ങളിൽപെട്ട പുരുഷന്മാരായ യാത്രികരുടെ ആഖ്യാനങ്ങളാണ് (ഫിഷർ,2007). ഇന്ത്യക്കാരുടെ യാത്രാചരിത്രം പരിശോധിച്ചാൽ ആദ്യമായി കടൽ കടന്നത് ഇവിടുത്തെ ന്യൂനപക്ഷസമൂഹങ്ങളിലുള്ളവരായിരുന്നു എന്നുകാണാം. മതവിശ്വാസപരമായ കാരണങ്ങളാൽ സമുദ്രാന്തരസഞ്ചാരങ്ങൾക്ക് ഹിന്ദുവരേണ്യവർഗത്തിൽ വിലക്കുകളുണ്ടായിരുന്നു. എന്നാൽ മുസ്‌ലിം-ക്രൈസ്തവവിഭാഗങ്ങൾക്കിടയിലും തീരദേശസമൂഹങ്ങൾക്കിടയിൽ പ്രത്യേകിച്ചും വിപുലമായി സമുദ്രാന്തരയാത്രകളും അതുവഴിയുള്ള സാംസ്കാരികകൈമാറ്റങ്ങളുമുണ്ടായിട്ടുണ്ട്. ഇത്തരം യാത്രാനുഭവങ്ങൾ വാമൊഴി രൂപത്തിലാണ് പ്രചരിച്ചിരുന്നത് എന്നതുകൊണ്ടുതന്നെ ഇവയുടെ യാത്രാനുഭവരേഖകൾ കൂടുതലൊന്നും ലഭ്യമല്ല. കോളനീകരണത്തിന്റെ പാതകളാണ് യൂറോപ്പിലേക്കുള്ള സഞ്ചാരങ്ങൾക്ക് ആക്കം കൂട്ടിയത്. “എല്ലാ വഴികളും യാത്രകളും യൂറോപ്പിലേക്കോ ബ്രിട്ടനിലേക്കോ ചെന്നെത്തുന്ന ഏകദിശാചലനങ്ങൾകൊണ്ട് ഇതര ജനതകൾക്കുമേൽ അതുവരെഉണ്ടായിരുന്ന കേന്ദ്രങ്ങളെ നിഷ്പ്രഭമാക്കുകയാണ് കോളനീകരണത്തിൽ സംഭവിക്കുന്നത്. പടിഞ്ഞാറിലേക്കുള്ള സവിശേഷമായ ഒരു ചലനദിശ രൂപപ്പെടുത്തിയെടുക്കുകയും അതിനെ ഉദാത്തവൽക്കരിക്കുകയും ചെയ്യുന്നതിലൂടെയാണ് കിഴക്കും പടിഞ്ഞാറുമൊക്കെ സ്ഥാപിക്കപ്പെടുന്നത്”(ഹക്കീം,2022:11). അധിനിവേശരാഷ്ട്രമെന്ന പ്രഭാസങ്കൽപത്തിനുള്ളിലാണ് ഇംഗ്ലണ്ടിനെക്കുറിച്ചുള്ള ആഖ്യാനങ്ങളെല്ലാം കൊളോണിയൽ രാഷ്ട്രങ്ങളിൽ രൂപപ്പെടുന്നത്.

ഇംഗ്ലണ്ട് എന്ന സ്വപ്നഭൂമിക

            വിക്ടോറിയാ രാജ്ഞിയുടെ സ്ഥാനാരോഹണത്തിന്റെ വജ്രജൂബിലി ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ജി.പി. പിള്ള സുഹൃത്ത് ഡോക്ടർ ടി.എം നായർക്കൊപ്പം ഇംഗ്ലണ്ടിൽ പോകുന്നത്. അദ്ദേഹത്തിന്റെ ആദ്യ ഇംഗ്ലണ്ട് യാത്രയാണ് 'ലണ്ടനും പാരീസും‘ എന്ന പുസ്തകത്തിനാധാരം. ബാരിസ്റ്റർ ബിരുദപഠനത്തിനായി 1899ൽ രണ്ടാമതും അദ്ദേഹം ഇംഗ്ലണ്ടിലെത്തുന്നുണ്ട്.  ജി.പി.യെ സംബന്ധിച്ച് ആദ്യ ഇംഗ്ലണ്ട് യാത്ര അദ്ദേഹത്തിന്റെ സ്വപ്നസാക്ഷാത്കാരമായിരുന്നു. ഇംഗ്ലീഷ് ഭാഷയോടും സാഹിത്യത്തോടുമുള്ള അടുപ്പവും ഇംഗ്ലീഷുകാരായ അദ്ധ്യാപകരുടെ മാതൃകാജീവിതത്തിൽനിന്നു ലഭിച്ച ആദർശങ്ങളും ഗ്ലാഡ്സ്റ്റണെയും എഡ്ലിനോർട്ടനെയും പോലുള്ള ഉന്നതവ്യക്തികളോടുള്ള ആരാധനയും ജി.പി.യെ ഇംഗ്ലണ്ട് സന്ദർശിക്കാൻ കുറച്ചൊന്നുമല്ല പ്രേരിപ്പിച്ചത് (നായർ,2018:62). ജി.പി.യുടെ മാത്രമല്ല, പത്തൊമ്പതാം നൂറ്റാണ്ടിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ഇന്ത്യൻമധ്യവർഗത്തിന്റെ സ്വപ്നഭൂമികയായിരുന്നു ഇംഗ്ലണ്ട്. ഒന്നാം പതിപ്പിനെഴുതിയ മുഖവുരയിൽ “അവ ഞാൻ പോയതിന്റെ ഒരു ഓർമ്മവസ്തുവായും എന്റെ ബാല്യകാലത്തിലെ ആഗ്രഹങ്ങളിൽ ഒന്നു സാധിച്ചതിന്റെ ഒരു ദൃഷ്ടാന്തമായും മാത്രം എനിക്ക് സാരമുള്ളവയാണ്” എന്ന് ജി.പി. എഴുതുന്നുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിൽ രാജാറാം മോഹൻറോയ്, കേശബ് ചന്ദ്രസെൻ, ബെഹ്റാംജി മലബാറി തുടങ്ങിയവരും സമാനസ്വപ്നം പങ്കുവെച്ചിരുന്നതായി കാണാം. പടിഞ്ഞാറിന്റെ സാംസ്കാരികാഭിരുചികളിൽ ശിക്ഷണം നേടിയിരുന്ന മധ്യവർഗബുദ്ധിജീവികൾ ജനാധിപത്യത്തിന്റെയും സിവിൽസമൂഹത്തിന്റെയും  നീതിന്യായവ്യവസ്ഥയുടെയും മാതൃകാസ്ഥാപനമായി ഇംഗ്ലണ്ടിനെ നോക്കികണ്ടു. അതിന്റെ ശ്രീകോവിലായി പ്രതിഷ്ഠിക്കപ്പെട്ട പരിഷ്കൃത ലണ്ടൻ നഗരമായിരുന്നു അവരുടെ ആധുനിക തീർത്ഥാടനകേന്ദ്രം.  അത്‌ അവരുടെ സൗന്ദര്യസങ്കൽപത്തിന്റെയും ആഗ്രഹങ്ങളുടെയും കേന്ദ്രമായിരുന്നു. ഭാവി ഇന്ത്യയുടെ കണ്ണാടിയായാണ് ഈ സാമ്രാജ്യത്വകേന്ദ്രങ്ങൾ വീക്ഷിക്കപ്പെട്ടത്. അധികാരത്തിന്റെ ബലതന്ത്രങ്ങൾക്കുള്ളിലാണ് ഈ ‘നോട്ടം’ രൂപപ്പെടുന്നത്.

            നോക്കുന്ന ആളിന്റെയും (യാത്രിക) നോട്ടത്തിന് വിധേയമാകുന്ന സാഹചര്യങ്ങളുടെയും ചരിത്രബന്ധങ്ങൾക്കുള്ളിലാണ് യാത്രയുടെയും യാത്രയെഴുത്തിന്റെയും രാഷ്ട്രീയകാഴ്ചപ്പാടുകൾ രൂപപ്പെടുന്നത്. അധിനിവേശകർ കോളനികളെ ‘നോക്കിക്കണ്ടതു’പോലെ പടിഞ്ഞാറിനെ വസ്തുവൽക്കരിക്കുന്ന (Objectification) നോട്ടം യൂറോപ്പിനെക്കുറിച്ചുള്ള ഇന്ത്യൻ ആഖ്യാനങ്ങളിൽ കാണാം. ഒരു മിത്തിക്കൽ ഭൂമികയായാണ് ഇവയിൽ ഇംഗ്ലണ്ട് ആവിഷ്ക്കരിക്കപ്പെടുന്നത്. ഇംഗ്ലണ്ടിലെ നഗരക്കാഴ്ചകളും ജനജീവിതവും കൗതുകത്തോടെ വീക്ഷിക്കുന്ന ജി.പി പിള്ള അത്ഭുതരസത്തോടെ അവയിലോരോന്നും ദീർഘമായിതന്നെ വിവരിക്കുന്നു. ഇതിനായി സ്വീകരിച്ച കത്തിന്റെ രൂപവും പത്രമെന്ന മാധ്യമവും വിവരണാത്മകഗദ്യശൈലിയും ചേർന്ന് ഇംഗ്ലണ്ടിന്റെ ഒരു എതിനോഗ്രഫിക് രേഖയായി ഈ സചിത്രവിവരണത്തെ പരിഗണിക്കാവുന്നതാണ്. പാശ്ചാത്യനഗരത്തിലെ ദൈനംദിനജീവിതകാഴ്ചകളാണ് യാത്രാകുറിപ്പിലെ ഭൂരിഭാഗവും. എന്നാൽ ഒരു ഇന്ത്യക്കാരനെ സംബന്ധിച്ച് അന്ന് അവയെല്ലാം അസാധാരണമായ അനുഭവങ്ങളായിരുന്നു. “വിശേഷവിധിയായ ജനങ്ങളെയും വിശേഷവിധിയായ കാഴ്ചകളും കാണുന്ന ഒരു സ്ഥലത്ത് എവിടെയാണ് പോകേണ്ടത്, എന്താണ് കാണേണ്ടത് എന്ന് അറിയുന്നില്ല. വിശേഷവിധിയായ ഈ സ്ഥലത്ത് എല്ലാം പുതിയതും എല്ലാം പുത്തനും ഓരോന്നും താൽപര്യം ജനിപ്പിക്കുന്നതുമാകുന്നു” (പിള്ള,1982:31). പതിനെട്ടാം നൂറ്റാണ്ടിനുശേഷം ഇംഗ്ലണ്ടിനെക്കുറിച്ച് എഴുതപ്പെട്ട ഇന്ത്യൻആഖ്യാനങ്ങളിൽ അവർ സ്വാംശീകരിച്ച ഇംഗ്ലണ്ട് എന്ന മനോഭൂമികയുടെ (Psychogeography) സവിശേഷമായ ടൈപ്പോഗ്രാഫി അവതരിപ്പിക്കപ്പെടുന്നത് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് (ചാറ്റർജി,2020). വീടുകൾ, തെരുവുകൾ, ഭക്ഷണശാലകൾ, പാർക്ക്, മാർക്കറ്റ്, പ്രസ്സ്, ഭൂഗർഭറയിൽവേ, പാർലമെന്റ്സഭകൾ, ബാർബർഷോപ്പ്, സ്മാരകങ്ങൾ, വാഹനങ്ങൾ, എന്നിങ്ങനെ ജി.പി നൽകുന്ന വിവരണങ്ങൾ ഒരു നാഗരികസംസ്കൃതിയുടെ വാങ്മയചിത്രം വായനക്കാർക്കുമുന്നിൽ അവതരിപ്പിക്കുന്നു.   തൊഴിലാളികൾ, തൂപ്പുകാർ, പോലീസ്, തപാൽക്കാരൻ, ഹോട്ടൽപരിചാരകർ, പത്രവിൽപനക്കാർ, പൂക്കാരികൾ, പ്രഭുക്കൾ, അധികാരികൾ എന്നിങ്ങനെ സമൂഹത്തിലെ വ്യത്യസ്ത തുറകളിൽപെട്ട മനുഷ്യരിൽ ജി.പി.യുടെ ശ്രദ്ധപതിയുന്നു. നാഗരികതയുടെയും വികസനത്തിന്റെയും ജനാധിപത്യത്തിന്റെയും മാതൃകാസമൂഹത്തെയാണ് ജി.പി ലണ്ടനിൽ കാണുന്നത്. പടിഞ്ഞാറിനെ ഉദാത്തവൽക്കരിക്കുന്ന ഒരു സമീപനം ഇവയിൽ പ്രകടമാകുന്നുണ്ടെങ്കിലും അധിനിവേശിതവിഷയിയുടെ (colonised subject) സാമ്രാജ്യത്വഭ്രമം എന്ന് തീർപ്പുകൽപിക്കാവുന്നത്ര ലളിതമായിരുന്നില്ല ഇവ.

വ്യക്തിബോധം, പൗരബോധം, ദേശീയത

അന്യമായ/അപരമായ ഒന്നിന്റെ സാന്നിദ്ധ്യത്തിൽ മാത്രം രൂപപ്പെടുന്നതും നിലനിൽക്കുന്നതുമാണ് ആത്മം എന്ന സങ്കൽപം. ആത്മം-അപരം എന്നീ ദ്വന്ദകൽപനകളുടെ അടിസ്ഥാനത്തിലാണ് സ്വദേശം-വിദേശം എന്നീ സങ്കൽപനങ്ങൾ സ്ഥാപിക്കപ്പെടുന്നത്. അഥവാ അപരദേശത്തേക്കുള്ള യാത്ര എന്ന പ്രക്രിയ സങ്കൽപനപരമായി ദേശീയതയെ ഉൾവഹിക്കുന്നുണ്ട്. അധിനിവേശരാജ്യം എന്ന പരദേശത്തിന്റെ സാന്നിധ്യമാണ് ആഭ്യന്തര വൈരുദ്ധ്യങ്ങൾക്കപ്പുറമുള്ള ദേശം എന്ന സങ്കൽപരൂപീകരണത്തില്‍ അടിസ്ഥാനമായി പ്രവർത്തിക്കുന്നത്. ദേശീയാവബോധമാർജ്ജിക്കുന്ന ഒരു ഇന്ത്യൻപൗരന്റെ സന്ദിഗ്ദ്ധതകളും സംഘർഷങ്ങളുമാണ് ജി.പി.യുടെ നോട്ടങ്ങളെ നിർണയിക്കുന്നത്. ഇംഗ്ലണ്ട് എന്ന ആധുനികരാഷ്ട്രത്തിന്റെ വർണനകളിൽ വിഭാവിത   ഇന്ത്യൻസമൂഹത്തിന്റെ രാഷ്ട്രീയ, സാംസ്കാരികമാതൃകകൾക്ക് വേണ്ടിയുള്ള അന്വേഷണങ്ങൾ കൂടി ഉള്ളടങ്ങിയിട്ടുണ്ട്. ലണ്ടൻ നഗരത്തിലും അവിടുത്തെ സാമൂഹികജീവിതത്തിലും അദ്ദേഹം കണ്ടെത്തുന്ന ഗുണങ്ങൾ ആധുനികസിവിൽസമൂഹത്തിന്റെ മൂല്യങ്ങളാണ് എന്നത് ശ്രദ്ധേയമാണ്. ഇന്ത്യനവസ്ഥകളെ വിമർശനാത്മകമായി വിശകലനംചെയ്തുകൊണ്ട് ഭാവിയിൽ ഇന്ത്യക്കാർ സ്വീകരിക്കേണ്ട രാഷ്ട്രീയ-സാമൂഹികമാറ്റങ്ങളെ അദ്ദേഹം സ്വരൂപിച്ചെടുക്കുന്നു. അദ്ദേഹത്തിന്റെ യാത്രയുടെ പശ്ചാത്തലം കൂടി പരിഗണിക്കുമ്പോൾ ഈ നിരീക്ഷണം കൂടുതൽ പ്രസക്തമാകുന്നു. ഇംഗ്ലണ്ടുയാത്രയുടെ കാര്യപരിപാടികളെക്കുറിച്ച് ജി.പി പിള്ള യാത്രാകുറിപ്പിൽ പരാമർശിക്കുന്നില്ലെങ്കിലും ഇന്ത്യയെയും വിശിഷ്യാ കേരളത്തെയും സംബന്ധിച്ച് വളരെ രാഷ്ട്രീയപ്രസക്തിയുള്ള ചില ഇടപെടലുകൾ ഈ ഇംഗ്ലണ്ട് യാത്രയിൽ അദ്ദേഹം നടത്തുന്നുണ്ട്. ഈഴവമെമ്മോറിയലിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ ഈഴവരുടെ പ്രശ്നങ്ങൾ ഇംഗ്ലണ്ടിലെ കോമൺ സഭയുടെ മുമ്പിലവതരിപ്പിച്ചതും ദക്ഷിണേന്ത്യയിലെ പ്രമുഖവ്യക്തികളെക്കുറിച്ച് തയ്യാറാക്കിയ ‘Representative Men of Southern India’ എന്ന തന്റെ പുസ്തകം ഇംഗ്ലണ്ടിൽ പ്രസിദ്ധീകരിക്കുന്നതും ഈ യാത്രയിലാണ്. പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളീയസമൂഹത്തിലെ വിപ്ലവകരമായ രണ്ട് അധ്യായങ്ങളായിരുന്നു മലയാളിമെമ്മോറിയലും ഈഴവമെമ്മോറിയലും. കേരളീയസമൂഹത്തിന്റെ ആദ്യത്തെ പൗരബോധരാഷ്ട്രീയപാഠങ്ങളെന്ന് വിശേഷിപ്പിക്കാവുന്ന ഇവയ്ക്ക് നേതൃത്വം നൽകിയവരിലൊരാളാണ് ജി.പി പിള്ള. പ്രജാബോധത്തിൽനിന്നും പൗരസങ്കൽപത്തിലേക്കും രാജഭരണ, കൊളോണിയൽവ്യവസ്ഥയിൽനിന്നും ആധുനിക ദേശരാഷ്ട്രത്തിലേക്കുമുള്ള പരിവർത്തനസൂചകങ്ങളാണ് ലണ്ടനും പാരീസും എന്ന യാത്രാവിവരണത്തിലും തെളിഞ്ഞുവരുന്നത്. 

            യാത്രാകുറിപ്പിലെ പന്ത്രണ്ടാമത്തെ കത്തിൽ ലണ്ടനിലെ ഹൗസ് ഓഫ്  കോമൺസിന്റെ വിവരണത്തോടൊപ്പം ഇന്ത്യയിലെ സാമൂഹികമായ അസമത്വങ്ങൾ അവസാനിപ്പിക്കേണ്ടതിനെക്കുറിച്ച് ജി.പി എഴുതിയിട്ടുണ്ട്. നിറത്തിന്റെ പേരിൽ ലണ്ടനിലും ചെസ്റ്ററിലും നേരിടേണ്ടിവന്ന അസ്വസ്ഥപ്പെടുത്തുന്ന നോട്ടങ്ങളെ സൂചിപ്പിച്ചുകൊണ്ട് ഇന്ത്യയിലെ വർണവിവേചനത്തിനെതിരെ അദ്ദേഹം സംസാരിക്കുന്നു. “ഇന്ത്യ ബ്രിട്ടന്റെ ഒന്നിച്ചു ജയിക്കുകയോ നശിക്കുകയോ വേണം. ഈ സംഗതി യഥാർത്ഥമാക്കി തീർപ്പാനുള്ള ഏക മാർഗം ഇന്ത്യയിൽ ബ്രിട്ടീഷുകാരും ഇന്ത്യക്കാരും തമ്മിൽ യോജിപ്പിന്നു നിർഭാഗ്യവശാലുള്ള തടസ്സം ഇല്ലായ്മ ചെയ്ത് ഇന്ത്യയിയും ഗ്രേറ്റ് ബ്രിട്ടനിലെയും യോഗക്ഷേമങ്ങൾ ഒന്നാക്കിത്തീർക്കുന്നതാണ്; എന്നുവെച്ചാൽ നിറംകൊണ്ടുള്ള എല്ലാ ഭേദങ്ങളും ഇല്ലായ്മ ചെയ്യണം. ഗ്രേറ്റ് ബ്രിട്ടനിൽ ആ വക ഭേദങ്ങൾ നോക്കാറില്ല. എന്നാൽ ഇന്ത്യയിൽ എന്തിനായിട്ട് അതു നോക്കണം?”(1982:172,173). ജാതിയുടെയും നിറത്തിന്റെയും പേരിലുള്ള അസമത്വങ്ങൾ ഇല്ലാതാകുന്നതോടെ ഇന്ത്യൻസമൂഹം ഇംഗ്ലണ്ടുപോലെ ഒരു ആധുനികസമൂഹമായി മാറും എന്ന പ്രത്യാശയാണ് അദ്ദേഹം പങ്കുവെക്കുന്നത്. “പ്രഭുവും ഇടത്തരക്കാരനും പണിയെടുത്ത് ഉപജീവനം കഴിക്കുന്നവനും ഏതു ദിവസവും ഏതു തെരുവിലെയും പടവുകളിൽ ഒന്നായ് ചേർന്നുനിൽക്കുന്നതു കാണാം. ക്ഷീണമുണ്ടെങ്കിലോ ദൂരം പോകേണ്ടതുണ്ടെങ്കിലോ എളുപ്പത്തിൽ ഒരു വാഹനം സമ്പാദിക്കാം. അതു മതിരാശി ജഡ്ക്കയെപ്പോലെയല്ല, തീർച്ചതന്നെ. ഈ ജഡ്ക്ക മതിരാശിയിലെ ഒരു വിശേഷഭാഗ്യമാണ്”(1982:53). ജാതിമതഭേദങ്ങൾക്കനുസരിച്ച് മാത്രം പൊതുവഴികളിലേക്കും വാഹനങ്ങളിലേക്കും പ്രവേശനം ലഭിക്കുന്ന ഒരിടത്ത് അത്തരം ഭേദങ്ങൾ വ്യക്തിയുടെ സഞ്ചാരസ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തരുതെന്ന ആശയം പ്രധാനമാണ്. ജാതിശരീരങ്ങളിൽ നിന്ന് വ്യക്തി-പൗരശരീരങ്ങളിലേക്കുള്ള പരിണാമം ഫ്യൂഡൽവ്യവസ്ഥയിൽനിന്നും ജനായത്തവ്യവസ്ഥയിലേക്കുള്ള പരിണാമസൂചനകൂടിയായി വായിച്ചെടുക്കാവുന്നതാണ്.

            ജോലി, കൂലി, വിശ്രമം, വിനോദം എന്ന ആധുനികമുതലാളിത്തക്രമത്തെ ഇന്ത്യയിലെ ഫ്യൂഡൽ വ്യവസ്ഥയുമായി ജി.പി. താരതമ്യം ചെയ്യുന്നുണ്ട് ഇംഗ്ലണ്ടിൽ സമ്പന്നരും ദരിദ്രരും അവരുടേതായ രീതിയിൽ ഒഴിവുദിവസത്തെ വിനോദത്തിനായി മാറ്റിവെക്കുന്നു. എന്നാൽ ഇന്ത്യയിൽ സമ്പന്നനുപോലും വിനോദത്തിന് അവസരം ലഭിക്കുന്ന സാമൂഹ്യസ്ഥിതിയില്ല.   “മതിരാശിക്കാരൻ ഒഴിവുദിവസത്തെ സുഖം അറിയുന്നതു ദുർലഭമാണ്. ശനിയാഴ്ചയോ ഞായറാഴ്ചയോ ഇതും ആഴ്ചയിലെ മറ്റ് അഞ്ചുദിവസങ്ങളും തമ്മിൽ ഭേദമെന്താണെന്ന് അവന്നറിഞ്ഞുകൂടാ. ആഴ്ചയിലെ മറ്റു ദിവസങ്ങളെപ്പോലെ ആ ദിവസങ്ങളിലും അവൻ വീട്ടിൽ ഉണ്ടായിരിക്കും” (1982:105). ഇവിടെ ‘ഒഴിവുദിവസം‘, ’വിനോദം’ എന്നിവയ്ക്ക് ലഭിക്കുന്ന ഊന്നൽ പ്രത്യേകശ്രദ്ധയർഹിക്കുന്നു. ആധുനികവ്യക്തിയ്ക്ക് തന്റെ ഒഴിവുസമയം എങ്ങനെ ചിലവഴിക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. മുതലാളിത്തവ്യവസ്ഥയിലെയും ഫ്യൂഡൽ വ്യവസ്ഥയിലെയും അവധിദിനങ്ങൾ തമ്മിൽ അടിസ്ഥാനപരമായിതന്നെ വ്യത്യാസപ്പെട്ടിരിക്കുന്നു. ഫ്യൂഡൽ ഘട്ടത്തിലെ ചാക്രികമായ സമയക്രമത്തിൽ ഒരിക്കലും സാധ്യമാകാത്ത ഒന്നാണ് ഒഴിവുസമയം എന്ന സങ്കൽപം.  അതുപോലെ വിനോദം എന്നത് ഒരു സാമൂഹികാനുഭവത്തിൽനിന്ന് മാറി സ്വകാര്യാനുഭവമാകുന്നതും മുതലളിത്തവ്യവസ്ഥയിലാണ്. വൈയക്തിക്കും സ്വകാര്യവുമായ ആനന്ദം തങ്ങളുടെ വ്യക്തിത്വത്തിന്റെ ഭാഗമാണെന്ന തിരിച്ചറിവ് പുതിയതരം കർതൃത്വരൂപീകരണത്തിന്റെ ഭാഗമാണ്. “വലിയവനും ചെറിയവനും ഒരുപോലെയാണ്. അവർക്ക് ഒരുപോലെ സ്വാതന്ത്യമുണ്ട്. അവർ ഒരുപോലെ സ്വാതന്ത്ര്യം അനുഭവിക്കുന്നും ഉണ്ട്. ഇവിടെ പ്രഭവം നടിച്ച് ആടിക്കൊണ്ട് നടക്കുന്ന ഗവർമ്മേണ്ട് ഉദ്യോഗസ്ഥനെയോ സ്വത്തുണ്ടെന്ന് ഘോഷമായി കാട്ടുന്ന കോടീശ്വരനെയോ കാണുകയില്ല. സമ്പന്നനും ദരിദ്രരും തമ്മിൽ പ്രത്യക്ഷമായ ഭേദം ഒന്നും വെച്ചിട്ടില്ല. എല്ലാവരും അവരുടെ വിശേഷദിവസങ്ങളിൽ ഒരുപോലെ സുഖിക്കും”(1982:111). മുതലാളിക്കും തൊഴിലാളിക്കും ഒരുപോലെ അവകാശപ്പെട്ടതാണ് വിനോദം എന്ന ധാരണ ജി.പി.പിള്ള അവതരിപ്പിക്കുന്നുണ്ട്. ആധുനികവും മുതലാളിത്തവ്യവസ്ഥയ്ക്ക് അനുഗുണവുമായ രീതിയിൽ പാരമ്പര്യത്തെ പരിവർത്തിപ്പിക്കാനുള്ള ആഗ്രഹമാണ് ഈ അഭിപ്രായത്തിനുപിന്നിലുള്ളത് എന്ന് മനസ്സിലാക്കാം.

            ഇംഗ്ലണ്ടിലെ അവധിദിവസത്തെക്കുറിച്ചുള്ള അവതരണത്തിനിടെ ഇന്ത്യയിലേയും ഇംഗ്ലണ്ടിലേയും കുടുംബവ്യവസ്ഥകളുടെ താരതമ്യത്തിലേക്കും  ജി.പി. കടക്കുന്നുണ്ട്. വിനോദപ്രവർത്തനങ്ങളുടെ അഭാവം ഇന്ത്യയിലെ പരമ്പരാഗത മരുമക്കത്തായ-കൂട്ടുകുടുംബ വ്യവസ്ഥയുടെ പരിമിതിയായിട്ടാണ് ജി.പി. വ്യാഖ്യാനിക്കുന്നത്. “അവന്റെ ജേഷ്ഠന്റെയോ അനുജന്റെയോ മകന്റെയെങ്കിലും മകളുടെയെങ്കിലും പൗത്രനേയും പൗത്രിയേയും രണ്ടുവണ്ടിക്കു പിടിപ്പതു സാമാനങ്ങളും ഒന്നിച്ചു കൊണ്ടുപോകണം; ജീവനുള്ളതും ജീവനില്ലാത്തതുമായ ഈ ഭാരം മുഴുവനും കൊണ്ടുപോവാനായി ഏർപ്പാടുകൾ ചെയ്യുമ്പോഴേക്ക് ഒഴിവുകാലം തീർന്നുപോകുകയും ചെയ്യും”(1982:105).  ആധുനികകുടുംബം, വിവാഹം എന്നിവയെക്കുറിച്ച് കേരളീയപൊതുമണ്ഡലത്തിൽ ഉയർന്നുവരുന്ന ചർച്ചകളുടെ തുടർച്ചയിലാണ്   ജി.പിയുടെ ഈ മരുമക്കത്തായ കുടുംബവിമർശനത്തെയും വായിക്കേണ്ടത്. പരമ്പരാഗത മരുമക്കത്തായവ്യവസ്ഥയിൽനിന്ന് പിതൃകേന്ദ്രിതമായ മക്കത്തായത്തിലേക്കും അണുകുടുംബവ്യവസ്ഥയിലേക്കും ഉള്ള മാറ്റത്തെ സ്വാഗതം ചെയ്യുന്നതാണ് ജി.പിയുടെ പരാമർശം. ഇന്ദുലേഖ നോവലിൽ പഞ്ചുമേനവൻ എന്ന കാരണവരെ ചോദ്യംചെയ്യുന്ന മാധവനിലും സമാനമായ പാരമ്പര്യവിമർശനത്തിന്റെ ഉദാഹരണമുണ്ട്. ഇന്ദുലേഖയെക്കുറിച്ചുള്ള പഠനത്തിൽ പത്തൊമ്പതാം നൂറ്റാണ്ടിലെ മധ്യവർഗത്തിന്റെ സ്വഭാവസവിശേഷതകളിലൊന്നായി ഈ പരിവർത്തനേഛയെ കെ.എൻ പണിക്കർ നിരീക്ഷിക്കുന്നു: “സർക്കാർ ഉദ്യോഗത്തിലും തൊഴിലുകളിലും അതുവഴി അവർക്ക് തുറന്നുകിട്ടിയ സാഹചര്യങ്ങളും; പടിഞ്ഞാറൻ ചിന്തയിൽനിന്ന് അവർ ഉൾക്കൊണ്ടതും വൈയക്തികതാവാദത്താലും ഉദാരവാദത്താലും ബോധിതമായതുമായ ഒരു പുതിയ ലോകവീക്ഷണവും നിലനിൽക്കുന്ന സാമൂഹികസ്ഥാപനങ്ങളെയും ആചാരങ്ങളെയും ആത്മവിമർശനപരമായി പരിശോധിക്കുവാൻ അവരെ പ്രേരിപ്പിച്ചു. വൈയക്തികസ്വാതന്ത്ര്യത്തെയും ഉപരിശ്രേണികളിലേക്കുള്ള മുന്നേറ്റത്തെയും തടയുന്ന സാമൂഹികവും ഗാർഹികവുമായ ബന്ധങ്ങളെ മാറ്റിത്തീർക്കുവാനാണ്  നവീകരണങ്ങളിലൂടെ അവർ ശ്രമിച്ചത്” (2014:84)

            ലണ്ടനിലെ പോലിസുകാരെക്കുറിച്ച് പരാമർശിക്കുമ്പോൾ ഇന്ത്യയിലെ ക്രമസമാധാനപാലനത്തിന്റെ പോരായ്മകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് ഇന്ത്യയിലെ അഴിമതിക്കാരായ പോലീസ് സംവിധാനത്തെ ജി.പി നിശിതമായി വിമർശിക്കുന്നുണ്ട്. ഫ്രാൻസിൽ “ജനങ്ങൾക്കായി ഉണ്ടാക്കിയതും ജനങ്ങൾ ഉണ്ടാക്കിയതും ജനങ്ങളോടു സമാധാനം പറയേണ്ടതുമായ ജനങ്ങളുടെ ഗവൺമെന്റിനു കീഴിൽ ഇരിക്കുന്നതെന്ന്” (1982:160) ബോധ്യമുള്ള സ്കൂൾ വിദ്യാർത്ഥികളെ അദ്ദേഹം കാണുന്നു. ഫ്രാൻസിൽ ഗവൺമെന്റ് നടപ്പാക്കുന്ന വിരമിച്ച പട്ടാളക്കാർക്കുള്ള പെൻഷൻ ഉൾപ്പടെയുള്ള ക്ഷേമപദ്ധതികളെ അദ്ദേഹം ശ്ലാഘിക്കുന്നു. ജനക്ഷേമത്തിലൂന്നിയ ജനാധിപത്യവ്യവസ്ഥയിൽ ജനസഭകളിൽ സ്ത്രീകൾക്ക് പ്രവേശനമില്ലാത്തതിന്റെ വൈരുദ്ധ്യവും അദ്ദേഹം ശ്രദ്ധിക്കുന്നുണ്ട് (1982:169). ആധുനികസമൂഹത്തിലെ ആദർശ സ്ത്രീപുരുഷമാതൃകകൾക്ക്‌ വേണ്ടിയുള്ള ആലോചനകളും ലിംഗഭേദവിചാരങ്ങൾക്കും പത്തൊമ്പതാം നൂറ്റാണ്ടിലെ മധ്യവർഗങ്ങൾക്കിടയിൽ വലിയപ്രാധാന്യം ലഭിക്കുന്നുണ്ട്. ഇംഗ്ലണ്ടിലെ സ്ത്രീകളെക്കുറിച്ച് ജി.പി പിള്ള നടത്തുന്ന ചില നിരീക്ഷണങ്ങൾ ഇക്കാലയളവിലെ ഇന്ത്യൻസമൂഹത്തിൽ പ്രചാരം നേടുന്ന ലിംഗഭേദവിചാരങ്ങളുടെ വൈരുദ്ധ്യങ്ങൾ തുറന്നുകാണിക്കാൻ കൂടി പര്യാപ്തമാണ്.

ലിംഗഭേദവിചാരവും  സ്ത്രീ സ്വാതന്ത്ര്യവും

            ഇംഗ്ലണ്ടിലെ സ്ത്രീകളെക്കുറിച്ചുള്ള ജി.പി. പിള്ളയുടെ നിരീക്ഷണങ്ങൾ നിരവധി വൈരുദ്ധ്യങ്ങൾ നിറഞ്ഞതാണ്. പരമ്പരാഗതവും പുരുഷകേന്ദ്രിതവുമായ ബോധ്യങ്ങൾക്കുള്ളിൽ തിടംവെച്ചതാണ്   സ്ത്രീസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള അന്നത്തെ സങ്കൽപങ്ങൾ. പത്തൊമ്പതാം നൂറ്റാണ്ടിൽ നവോത്ഥാനപരിഷ്ക്കരണശ്രമങ്ങളുടെ ഭാഗമായി ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ട പുതിയ സമൂഹമാതൃകയുടെ സ്ത്രീസങ്കൽപത്തിലേക്ക് ഇംഗ്ലണ്ടിലെ സ്ത്രീകളുടെ ആദർശരൂപങ്ങൾ ഏറിയോ കുറഞ്ഞോ ഉൾച്ചേർക്കപ്പെടുന്നുണ്ട്. ആരോഗ്യത്തിലും സൗന്ദര്യത്തിലും മനോവികാസത്തിലും ഇന്ത്യൻ സ്ത്രീകളെക്കാൾ  മുകളിലാണ് ഇംഗ്ലീഷ്സ്ത്രീകളുടെ സ്ഥാനമെന്ന് ജി.പി. പറയുന്നു.  പുരുഷനും സ്ത്രീയും പൊതുഇടങ്ങളിൽ ഒരുമിച്ച് ഇടപഴകുന്നത് അത്ഭുതത്തോടെയാണ് അദ്ദേഹം വീക്ഷിക്കുന്നത്. “ഇന്ത്യയിലായിരുന്നപ്പോൾ ഒരു സ്ത്രീയെക്കുറിച്ചുള്ള യഥാർത്ഥമായ അഭിമാനവും അവളോടുള്ള മോഹമോ പ്രേമമോ ഇതുതമ്മിൽ വെവ്വേറെ തിരിച്ചറിയാൻ തനിക്ക് എത്രയോ പ്രയാസമായിരുന്നു. താൻ ഒരു സ്ത്രീയുമായി മാത്രം സഹവാസം ചെയ്തിരുന്നു അത് തന്റെ ഭാര്യയായിരുന്നു. അത് ശീലംകൊണ്ടും അവിടുത്തെ ജനസമുദായസ്വഭാവം കൊണ്ടുമായിരുന്നു. എന്നാൽ ഇംഗ്ലണ്ടിലെപ്പോലെയുള്ള ജനസമുദായത്തിൽ നീചസംബന്ധമായ പ്രേമത്തിൽനിന്നു കേവലംവിട്ടു സ്ത്രീകളെ അഭിമാനിപ്പാൻ ഇടവരുന്നു” (1982:122). അഭിരുചിയിലും ചിന്തയിലും പുരുഷനോട് തുല്യമായിനിന്ന് പൊതുസമൂഹത്തിൽ ഇടപെടേണ്ടവരായി ആധുനികസ്ത്രീത്വത്തെ അദ്ദേഹം മനസിലാക്കുന്നുണ്ട്. അന്ന് ഇന്ത്യനവസ്ഥയിൽ ഇതൊരു വിദൂരസാധ്യത മാത്രമായിരുന്നു. വിദ്യാസമ്പന്നനായ പുരുഷന്റെ ബൗദ്ധികനിലവാരത്തിലേക്ക് ഇന്ത്യൻസ്ത്രീകൾ ഉയർന്നിട്ടില്ലാത്തതുകൊണ്ട്   ഇന്ത്യയിൽ സ്ത്രീയോട് സംസാരിക്കുമ്പോൾ സ്ത്രീയുടെ നിലയിലേക്ക് താണ് സംസാരിക്കേണ്ടി വരുന്നു എന്നും അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്.

            ആണ്, പെണ്ണ് എന്നീ ലിംഗസ്വത്വങ്ങളെയും ലിംഗബോധങ്ങളെയും വേറെയായി ഉറപ്പിച്ചുനിർത്തുന്ന സാംസ്കാരികഘടകങ്ങളും ശീലങ്ങളും അവതരിപ്പിക്കുമ്പോഴാണ് പത്തൊമ്പതാം നൂറ്റാണ്ടിലെ ഇന്ത്യൻ മധ്യവർഗം സ്വാംശീകരിച്ച സ്ത്രീമാതൃകയുടെ വൈരുദ്ധ്യങ്ങൾ ജി.പിയുടെ എഴുത്തിലും വെളിപ്പെടുന്നത്. ഇംഗ്ലീഷ്സ്ത്രീകളുടെ വസ്ത്രധാരണം മനോഹരമാണെന്ന് അഭിപ്രായപ്പെടുന്ന ജി.പി.ക്ക് പാരീസ് പോലുള്ള പരിഷ്കൃതമായ നഗരങ്ങളിൽ സ്ത്രീകൾ പുരുഷന്മാരെപ്പോലെ കാലുറകൾ ധരിക്കുന്നത് സഹിക്കാനാകുന്നില്ല.  ചവിട്ടുവണ്ടി ഓടിക്കാനും മറ്റും അവരുടെ നീളംകൂടിയ വസ്ത്രങ്ങൾ അസൗകര്യമാണെങ്കിലും സ്ത്രീ അവളുടെ പ്രത്യേകവസ്ത്രം ധരിച്ചുകാണുന്നതിലും സ്ത്രീയെ സ്ത്രീത്വമായി കാണുന്നതിലും ഒരു പ്രത്യേക രസമുണ്ട് എന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. “ആണെന്നും പെണ്ണെന്നുമുള്ള ഭേദം ആദ്യവസനാമില്ലാതെ ദൈവം എന്നന്നേക്കുമായി നിശ്ചയിച്ചിട്ടുള്ളതാണെന്ന് അവർ മറന്നുകളയുന്നതായി തോന്നുന്നു”(1982:124).  പാരീസിലെ യുവതികൾക്കിടയിൽ വിവാഹസമ്പ്രദായത്തോടുള്ള എതിർപ്പും വിവാഹംകൂടാതെ സ്ത്രീപുരുഷന്മാർ ഒന്നിച്ചുജീവിക്കുന്നതും ജനപ്പെരുപ്പത്തെക്കുറിച്ച് ബോധവതികളായവർ കുട്ടികൾ വേണ്ടെന്നുവെക്കുന്നതും ഒട്ടൊരുസംശയത്തോടെയാണ് അദ്ദേഹം നോക്കിക്കാണുന്നത്. “എല്ലാതരം സ്വാതന്ത്ര്യങ്ങൾക്കും അതിരുവേണം. ഈ കാലത്തിന്റെ ഗതി സ്ത്രീകളുടെ സ്വാതന്ത്ര്യം വർധിപ്പാനും നിർഭാഗ്യവശാൽ പലപ്പോഴും അത് വഷളായി പ്രയോഗിപ്പാനുമാണ്” (1982:123) എന്ന ജി.പിയുടെ ആശങ്ക സ്ത്രീസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള പുരുഷാധിപത്യസമൂഹത്തിന്റെ എക്കാലത്തെയും ആശങ്കയാണ് പ്രതിധ്വനിപ്പിക്കുന്നത്. ഇന്ത്യക്കാരുടെ സന്മാർഗനടപടികൾ ഇംഗ്ലണ്ടുകാരേക്കാൾ ഉയർന്നതാണ് എന്ന വാദവും “ഇന്ത്യയിൽനിന്നു പഠിപ്പാനായി വന്ന അനേകം ആളുകളുടെയും സന്മാർഗനാശം വന്നത് ലണ്ടനിൽ വെച്ചാണ്. പലപ്പോഴും വീട്ടുകാരിയായിട്ടോ അവളുടെ മകളായിട്ടോ അല്പം രഹസ്യവും ഉണ്ടാകും. ദുർമാർഗ്ഗികളായി നടപ്പാൻ ഇച്ഛിക്കുന്നവർക്ക് പാരീസ് വിട്ടാൽ പിന്നെ ലണ്ടനെപ്പോലെ അത്രവശ്യമുള്ള മറ്റുസ്ഥലമില്ല” (1982:128) എന്ന ആരോപണവും അദ്ദേഹം ഉന്നയിക്കുന്നു. പുരുഷന്റെ ഭോഗതൃഷ്ണകളുടെ ധാർമ്മികബാധ്യതകൾ സ്ത്രീയുടെ ഉത്തരവാദിത്വമാണെന്ന സങ്കൽപമാണ് ഈ അഭിപ്രായത്തിൽ തെളിയുന്നത്. പാതിവ്രത്യസങ്കൽപത്തിലൂന്നിയ വൈവാഹികസങ്കൽപങ്ങളും (ഇന്ദുലേഖ നോവലിൽ സംബന്ധവ്യവസ്ഥയെക്കുറിച്ചുള്ള മാധവന്റെയും ഇന്ദുലേഖയുടെയും സംവാദം ഇതേ ആശയങ്ങൾ അവതരിപ്പിക്കുന്നു) വിവാഹപരിഷ്ക്കരണബില്ലുപോലുള്ള നിയമപരിഷ്ക്കാരങ്ങളും പിന്തുണക്കുന്ന മധ്യവർഗത്തിന്റെ സാംസ്കാരികബോധമാണ് ജി.പി പങ്കുവെക്കുന്നത്. പിതൃമേധാവിത്വസമൂഹം ആധുനികലിംഗഭേദവിചാരങ്ങളെ സ്വാംശീകരിച്ചതിലെ വൈരുദ്ധ്യങ്ങളാണ് ഈ വിവരണങ്ങളിൽനിന്ന് വ്യക്തമാകുന്നത്. ആധുനികമായ ഒരു ദേശീയസമൂഹത്തിെലെ സ്ത്രീ, പുരുഷകർതൃത്വങ്ങളെക്കുറിച്ചുള്ള ആലോചനകളുടെ പൂർവ്വകൽപനകൾ എന്നനിലയിൽ ഇവ പ്രസക്തമാകുന്നു.

ഉപസംഹാരം        

യാത്ര എന്നത് അത്മം, അപരം, ദേശം, ദേശീയത തുടങ്ങിയവയെ പ്രശ്നവൽക്കരിക്കുകയും പുനർനിർവ്വചിക്കുകയും ചെയ്യുന്ന സാംസ്കാരികപ്രക്രിയയാണ്. പതിനെട്ടാം നൂറ്റാണ്ടിന് ശേഷം ഉണ്ടായിട്ടുള്ള യാത്രാവ്യവഹാരങ്ങൾ ആധുനികതയുടെ യുക്തികൾ പങ്കുവെക്കുകയും  അവയുമായി വൈരുദ്ധ്യാത്മകബന്ധം പുലർത്തുകയും ചെയ്യുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൽ കൊളോണിയിൽ ആധുനികതയുടെ ചരിത്രപശ്ചാത്തലത്തിൽ രചിക്കപ്പെട്ട ജി.പി. പിള്ളയുടെ ‘ലണ്ടനും പാരീസും’ മലയാളത്തിലുണ്ടായ ആദ്യകാല യാത്രാവിവരണങ്ങളിൽ സവിശേഷ ശ്രദ്ധയർഹിക്കുന്നു. ആധുനിക ദേശീയസമൂഹത്തിന്റെ ഉദാത്തമാതൃകയായി യൂറോപ്പിനെ നോക്കിക്കാണുകയും അതിൽനിന്നും ഭാവിയിലെ ആധുനിക ഇന്ത്യൻ രാഷ്ട്രീയസമൂഹത്തിന്റെ മാതൃക വിഭാവനം ചെയ്യാനും ശ്രമിക്കുന്ന സാംസ്കാരികപാഠമായി  ഈ യാത്രാവിവരണത്തെ വായിച്ചെടുക്കാം. മുതലളിത്തവ്യവസ്ഥയുടെ മൂല്യസങ്കൽപങ്ങൾക്ക് അനുഗുണമായ രീതിയിലാണ് ദേശീയതാസങ്കൽപം രൂപീകരിക്കപ്പെടുന്നത് എന്നതും ശ്രദ്ധേയമാണ്. അതേസമയംതന്നെ കോളനികളിലെ ദേശരാഷ്ട്രസങ്കൽപം കൊളോണിയൽ മൂല്യങ്ങളുടെ നേർപതിപ്പായിരുന്നില്ല, പാരമ്പര്യത്തിന്റെയും ആധുനികയുടെയും സങ്കീർണ്ണവും സന്ദിഗ്ദ്ധവുമായ സങ്കൽപനപദ്ധതിയായിരുന്നു എന്നും ഈ വിശകലനത്തിൽ നിന്ന് വ്യക്തമാകുന്നു. ഫ്യൂഡൽ വ്യവസ്ഥയിലെ ജാതിശരീരങ്ങളിൽ നിന്ന് ആധുനിക വ്യക്തി-പൗര സങ്കൽപത്തിലേക്കുള്ള കർതൃത്വപരിണാമത്തിന്റെ ചരിത്രഘട്ടത്തെക്കൂടി ഈ പാഠം അടയാളപ്പെടുത്തുന്നു. ഇന്ത്യൻ മധ്യവർഗത്തെ സ്വാധീനിക്കുന്ന കുടുംബം, വിവാഹം, ലിംഗഭേദവിചാരം എന്നിവ സംബന്ധിച്ച വൈരുദ്ധ്യങ്ങളിലേക്കും ഈ അന്വേഷണം വെളിച്ചം നൽകുന്നു.

സഹായകഗ്രന്ഥങ്ങൾ

●      ദേവിക,ജെ. “കുലടയ്ക്കും കുലീനയ്ക്കുമപ്പുറം: ലിംഗഭേദവിചാരം സരസ്വതിയമ്മയുടെ കൃതികളിൽ”, കെ.സരസ്വതിയമ്മയുടെ സമ്പൂർണ്ണകൃതികൾ, രവികുമാർ, കെ.എസ്(എഡി), ഡി.സി ബുക്സ്, കോട്ടയം, 2001

●      നായർ, കെ.എൻ.എസ്. ജി.പി പിള്ള:നവോത്ഥാനനഭസ്സിലെ മേഘജ്യോതിസ്സ്, സാഹിത്യപ്രവർത്തക സഹകരണസംഘം, കോട്ടയം,2018.

●      പിള്ള,ജി.പി.ലണ്ടനും പാരീസും. ഡി.സി.ബുക്സ്.കോട്ടയം,1982.

●      മണലിൽ,പോൾ (സമ്പാ), യാത്രാവിവരണങ്ങൾ പത്തൊമ്പതാം നൂറ്റാണ്ടിൽ, കേരള സാഹിത്യ അക്കാദമി,തൃശൂർ,2015.

●      രമേഷ് ചന്ദ്രൻ, വി.സഞ്ചാരസാഹിത്യം മലയാളത്തിൽ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം,1989.

●      പണിക്കർ, കെ.എൻ. “പുതിയ സാംസ്കാരികാഭിരുചിയുടെ നിർമിതി പത്തൊമ്പതാം നൂറ്റാണ്ടിലെ ഒരു മലയാളനോവലിന്റെ വായന”, സാംസ്കാരിക വിമർശവും മലയാളഭാവനയും, ഷാജി ജേക്കബ്(എഡി). കേരള ഭാഷാഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2014.

●      ശ്രീകുമാർ, ടി.ടി. നവോത്ഥാനചരിത്രദർശനം, മാതൃഭൂമി ബുക്സ്, കോഴിക്കോട്, 2024.

●      ഹക്കീം, അബ്ദുൾ.എ.കെ. ആഫ്രിക്കൻ യാത്രകളുടെ സാംസ്കാരികദൂരങ്ങൾ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം,2022.

●      Chatterjee, Arup K.Decolonising from London. An Indian psychogeography around Victorian railway spaces (1870-1914), Diasporas,36, 2020.

●      Chatterjee,Arup K. “The Story of our Experiments with London: The Victorian City in Indian Imagination (1870-1900)”, Rupkatha journal on interdisciplinary studies in humanities, Vol.12, No.3, 2020. https://rupkatha.com/V12/n3/v12n319.pdf

●      Codell,Julie F. “Reversing the Grand Tour: Guest Discourse in Indian Travel Narratives” Huntington Library Quarterly, Vol. 70, No. 1, pp. 173-189, March 2007, University of Pennsylvania Press .https://www.jstor.org/stable/10.1525/hlq.2007.70.1.173

●      Fisher,Michael H. “From India to England and Back: Early Indian Travel Narratives for Indian Readers” Huntington Library Quarterly , Vol.70, No.1, pp. 153-172, University of Pennsylvania Press, 2007.JSTOR, https://www.jstor.org/stable/10.1525/hlq.2007.70.1.153

ഷബീബ പി.എം.

ഗവേഷക

മലയാള കേരളപഠനവിഭാഗം

കാലിക്കറ്റ് സർവ്വകലാശാല

 

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
ചീഫ് എഡിറ്റര്‍
ഡോ. ബി. ശ്രീകുമാർ സമ്പത്ത്



സ്റ്റുഡന്‍റ് എഡിറ്റര്‍
രതീഷ്
Fkv. 

ഇഷ്യു എഡിറ്റർ

​ഷീന എസ്.

FUntäm-dnb t_mÀUv 
AwK§Ä
ഡോ. കെ. റഹിം
ഡോ. സജീവ്കുമാർ എസ്.
ഡോ. ശ്രീലക്ഷ്മി എസ്.കെ.
ഡോ. രാമചന്ദ്രൻ പിള്ള എം.
ഡോ. അമ്പിളി ആർ.പി.
ഡോ. സംഗീത കെ.
ബിന്ദു എ.എം.

ഷീന എസ്.
ഡോ. കാരുണ്യ വി. എം.
അസോസിയേറ്റ് എഡിറ്റേഴ്സ്
ഡോ.ലാലു വി. , യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം
ഡോ.ഗംഗാദേവി എം., ഗവ. കോളേജ്, നെടുമങ്ങാട്, 
ഡോ.സേതുലക്ഷ്മി എം.എസ്. 
ഗവ.കോളേജ് ,നെടുമങ്ങാട്
Publishers Name:          
Dr.B.SREEKUMAR SAMBATH
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996          

Unssk³ & te Hu«vv
cXojv Fk.v

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2026

​

bottom of page