top of page

"കൊളോണിയൽ ആധുനികതയും ലിംഗഭാവനകളും: 'ചെറുപൈതങ്ങളി'ലെ കുട്ടിക്കാലവും അച്ചടക്കവും"

Oct 24
6 min read

Updated: 7 days ago

അപർണ എം.ബി.

പ്രബന്ധസംഗ്രഹം:-

 

ബെഞ്ചമിൻ ബെയിലി,1824-ൽ വിവർത്തനം ചെയ്ത് പ്രസിദ്ധീകരിച്ച 'ചെറുപൈതങ്ങൾക്ക ഉപകാരാർത്ഥം ഇംക്ലീശിൽനിന്ന പരിഭാഷപ്പെടുത്തിയ കഥകൾ' (ചെറുപൈതങ്ങൾക്ക് ഉപകാരാർത്ഥം ഇംഗ്ലീഷിൽ നിന്ന് പരിഭാഷപ്പെടുത്തിയ കഥകൾ) എന്ന സമാഹാരത്തിലെ ആദ്യത്തെ രണ്ട് കഥകളെ ('എംഗലാന്തിൽ മാർജെരി എന്ന പെരായി നാല വയസ്സ ചെന്ന ഒരു പെൺപൈതലിൻ്റെ കഥ’,'ജ്ഞാനിപ്പൈതൽ') മുൻനിർത്തി, കൊളോണിയൽ ആധുനികത കേരളീയസമൂഹത്തിൽ നിർമ്മിക്കാൻ ശ്രമിച്ച ലിംഗഭാവനകളെയും അച്ചടക്കരീതികളെയും പരിശോധിക്കുന്നതാണ് ഈ പ്രബന്ധം. മിഷണറി വിവർത്തനങ്ങൾ മുന്നോട്ടുവെച്ച സന്മാർഗ്ഗബോധം ലിംഗരഹിതമായ ഒന്നായിരുന്നില്ലെന്നും, അത് ആൺ-പെൺ ഭേദമനുസരിച്ച് രണ്ട് വ്യത്യസ്ത മണ്ഡലങ്ങളെയാണ് ലക്ഷ്യം വെച്ചതെന്നും കാണാൻ കഴിയും. ഒന്നാമത്തെ കഥയിലെ മാർജെരിയിലൂടെ പെൺകുട്ടികളുടെ കുട്ടിക്കാലത്തെ വിക്ടോറിയൻ ഗാർഹികതയിലേക്കും (Domestic Sphere) വിധേയത്വത്തിലേക്കും ചുരുക്കുമ്പോൾ, മിഷേൽ ഫൂക്കോ നിരീക്ഷിച്ച 'ആഭ്യന്തര മനസ്സാക്ഷി'യിലൂടെ സ്വയം നിയന്ത്രിക്കുന്ന കീഴൊതുക്കമുള്ള ശരീരങ്ങളെയാണ് (Docile Bodies) അവിടെ നിർമ്മിക്കുന്നത്. എന്നാൽ രണ്ടാമത്തെ കഥയിലെ ‘പെത്തെർ’ എന്ന ആൺകുട്ടിയിലൂടെ, മാക്സ് വെബർ വിഭാവനം ചെയ്ത 'പ്രൊട്ടസ്റ്റന്റ് നൈതികത'യ്ക്ക് അനുയോജ്യമായ രീതിയിൽ, ബാഹ്യമായ പൊതുമണ്ഡലത്തിലെ  ഉത്പാദനക്ഷമതയും കഠിനാധ്വാനവുമാണ് ലക്ഷ്യം വെയ്ക്കുന്നത്. കഥകളുടെ ഒടുവിൽ മാർജെരിക്ക് ലഭിക്കുന്ന 'വേദപുസ്തകവും' പെത്തെറിന് ലഭിക്കുന്ന 'സ്കൂൾ പാഠപുസ്തകങ്ങളും' വിജ്ഞാനവിതരണത്തിലെ ലിംഗപരമായ വിഭജനത്തെ കൃത്യമായി അടയാളപ്പെടുത്തുന്നവയാണ്.

 

താക്കോൽ വാക്കുകൾ: കൊളോണിയൽ ആധുനികത, ലിംഗഭാവനകൾ, അച്ചടക്കം, വിക്ടോറിയൻ ഗാർഹികത, പ്രൊട്ടസ്റ്റന്റ് നൈതികത, ചെറുപൈതങ്ങൾ, വിവർത്തനം.

 

 

‘ചെറുപൈതങ്ങൾക്ക ഉപകാരാർത്ഥം ഇംക്ലീശിൽനിന്ന് പരിഭാഷപ്പെടുത്തിയ കഥകൾ’ മലയാള സാഹിത്യചരിത്രത്തിലും അച്ചടി സംസ്കാരചരിത്രത്തിലും നിർണായക സ്ഥാനമുള്ള ഒരു കൃതിയാണ്. 1824-ൽ ബെഞ്ചമിൻ ബെയിലി വിവർത്തനം ചെയ്ത് പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥം കേരളത്തിൽ അച്ചടിച്ച ആദ്യ മലയാളഗ്രന്ഥമായി പരിഗണിക്കപ്പെടുന്നു. മലയാള ഗദ്യത്തിന്റെ രൂപീകരണം, ബാലസാഹിത്യത്തിന്റെ തുടക്കം, പാഠപുസ്തകസംസ്കാരത്തിന്റെ ഉദയം, വിവർത്തനസാഹിത്യത്തിന്റെ വളർച്ച എന്നിവയുടെ ചരിത്രത്തിൽ ഈ കൃതിക്ക് സവിശേഷ പ്രാധാന്യമുണ്ട്. ആധുനിക അച്ചടിവിദ്യയുടെ സഹായത്തോടെ കേരളത്തിൽ രൂപംകൊണ്ട പുതിയ വിജ്ഞാനസംസ്കാരത്തിന്റെ ആദ്യഘട്ട രേഖകളിലൊന്നായും ഇതിനെ വായിക്കാം.. ഈ സമാഹാരത്തിലെ ആദ്യത്തെ രണ്ട് കഥകളെ ('എംഗലാന്തിൽ മാർജെരി എന്ന പെരായി നാല വയസ്സ ചെന്ന ഒരു പെൺപൈതലിൻ്റെ കഥ’,'ജ്ഞാനിപ്പൈതൽ') മുൻനിർത്തി, കൊളോണിയൽ ആധുനികത കേരളീയസമൂഹത്തിൽ നിർമ്മിക്കാൻ ശ്രമിച്ച ലിംഗഭാവനകളെയും അച്ചടക്ക രീതികളെയും പരിശോധിക്കുന്നതാണ് ഈ പ്രബന്ധം.

 

കൊളോണിയൽ ആധുനികതയെന്നത് യൂറോപ്യൻ അധിനിവേശ ശക്തികൾ അവരുടെ രാഷ്ട്രീയ-സാമ്പത്തിക ആധിപത്യത്തോടൊപ്പം വിദ്യാഭ്യാസം, മതം, അച്ചടി, കുടുംബസങ്കൽപ്പം, അച്ചടക്കരീതികൾ, ലിംഗഭാവനകൾ തുടങ്ങിയ സാംസ്കാരിക മൂല്യങ്ങളും അധിനിവേശ സമൂഹങ്ങളിലേക്ക് വ്യാപിപ്പിച്ച പ്രക്രിയയെയാണ് സൂചിപ്പിക്കുന്നത്. ഇത് കേവലം സാങ്കേതിക പുരോഗതിയുടെയോ പാശ്ചാത്യവിദ്യാഭ്യാസത്തിന്റെയോ വ്യാപനം മാത്രമായിരുന്നില്ല,പുതിയ തരത്തിലുള്ള ‘ആധുനിക’ മനുഷ്യരെ നിർമ്മിക്കാനുള്ള അധികാരതന്ത്രം കൂടിയായിരുന്നു. മിഷണറിവിദ്യാഭ്യാസം, വിവർത്തനസാഹിത്യം, അച്ചടിസംസ്കാരം, സ്കൂൾസംവിധാനങ്ങൾ എന്നിവയിലൂടെ അനുസരണം, അധ്വാനശീലം, ഗാർഹികത, മതധാർമ്മികത തുടങ്ങിയ മൂല്യങ്ങൾ സമൂഹത്തിലേക്ക് പ്രചരിപ്പിക്കപ്പെട്ടു. പുരുഷനെ പൊതുമണ്ഡലത്തോടും ഉത്പാദനക്ഷമതയോടും ബന്ധിപ്പിക്കുകയും സ്ത്രീയെ ഗാർഹികതയോടും ശുശ്രൂഷയോടും വിധേയത്വത്തോടും ചേർത്തുനിർത്തുകയും ചെയ്യുന്ന ലിംഗഭാവനകൾ  കൊളോണിയൽ ആധുനികത മുന്നോട്ടുവെക്കുന്നത് കാണാം. കുട്ടികൾക്കായുള്ള സരളമായ കഥകൾ എന്ന രൂപത്തിൽ അവതരിപ്പിക്കപ്പെട്ട ഈ പാഠങ്ങൾ ആൺ-പെൺ കുട്ടികൾക്കായി വ്യത്യസ്തമായ അച്ചടക്കബോധവും ജീവിതമാതൃകകളും എങ്ങനെ നിർമ്മിക്കുന്നു എന്നതിന്റെ വിശകലനമാണ് ഈ ലേഖനം.

 

 

 

 

 

 

വിക്ടോറിയൻ ഗാർഹികതയും പെൺഅച്ചടക്കവും: 'മാർജെരി'യുടെ ആഖ്യാനം

 

 

 

ബെഞ്ചമിൻ ബെയിലി 1824-ൽ വിവർത്തനം ചെയ്ത 'ചെറുപൈതങ്ങൾക്ക ഉപകാരാർത്ഥം ഇംക്ലീശിൽനിന്ന പരിഭാഷപ്പെടുത്തിയ കഥകൾ' എന്ന സമാഹാരത്തിലെ ഒന്നാമത്തെ കഥയാണ്  ‘എംഗലാന്തിൽ മാർജെരി എന്ന പേരായി നാല വയസ്സ ചെന്ന ഒരു പെൺപൈതലിന്റെ കഥ’ (ഇംഗ്ലണ്ടിൽ മാർജെരി എന്നു പേരായി നാലു വയസ്സ് ചെന്ന ഒരു പെൺപൈതലിൻ്റെ കഥ)എന്നത്. കഥക്ക് മൂന്ന് ഉപവിഭാഗങ്ങളുണ്ട്. ”മാർജെരി, അവളുടെ അനുജത്തി ലൂസി, അവരുടെ അമ്മ, അച്ഛൻ, ഒരു തള്ളപ്പക്ഷിയും പക്ഷിക്കുഞ്ഞുങ്ങളും, കുടുംബസ്നേഹിതയായ ഒരു വൃദ്ധ ഇത്രയും പേരാണ് കഥാപാത്രങ്ങൾ. കഥയുടെ ആദ്യഭാഗം ഇങ്ങനെ: ഒരു ദിവസം മാർജെരിയുടെ അമ്മ ലൂസിക്കുഞ്ഞിനെ തൊട്ടിലിൽ കിടത്തി ഉറക്കി, കുഞ്ഞിനെ നോക്കാൻ മാർജെരിയെ ചുമതലപ്പെടുത്തിയിട്ട്, അമ്മ ഉച്ചഭക്ഷണത്തിനുള്ള വിഭവങ്ങൾ ശേഖരിക്കുന്നതിനു തോട്ടത്തിലേക്കു പോയി. എല്ലാം വട്ടിയിൽ കൊള്ളിക്കാൻ കഴിയാഞ്ഞതിനാൽ ഏതാനും ആപ്പിൾപഴങ്ങൾ അവിടെത്തന്നെ വെച്ചിട്ട് ബാക്കി സാധനങ്ങളുമായി വീട്ടിലേക്കു പോന്നു. വീട്ടിലെത്തിയശേഷം ആപ്പിൾപഴങ്ങൾ എടുത്തുകൊണ്ടുവരാൻ മാർജെരിയെ അയച്ചു. പഴം ഒന്നും തിന്നരുതെന്നും പറഞ്ഞു. മാർജെരി പഴങ്ങൾ കൊണ്ടു വന്ന് അമ്മയ്ക്കു കൊടുത്തു. മാർജെരി ഒന്നുപോലും എടുത്തിട്ടില്ലെന്നു കണ്ട അമ്മയ്ക്ക് വലിയ സന്തോഷമായി. മാർജെരിയെ അനുസരണയുള്ളവളാക്കിയത് ഈശ്വരന്റെ വിശുദ്ധാത്മാവാകുന്നു എന്ന് കഥാകൃത്ത് പറയുന്നു”(പുറം 26,2014)

 

 

 ബെഞ്ചമിൻ ബെയിലി പരിഭാഷ നിർവഹിച്ച ഈ കഥകൾ സമ്പാദിക്കുകയും ആമുഖപഠനം തയ്യാറാക്കുകയും ചെയ്ത ഡോ.ബാബു ചെറിയാൻ,കഥയിലെ മൂന്നു ഉപവിഭാഗങ്ങളെ മാർജെരിയുടെ മൂന്നു തലത്തിലുള്ള ജീവിതാനുഭവത്തോട് ബന്ധിപ്പിക്കുന്നുണ്ട്.”കഥ ഒന്നിൽ മാർജെരി അമ്മയോടും അനുജത്തിയോടും നന്നായി പെരുമാറുന്നതു ചൂണ്ടിക്കാട്ടുന്നു. കഥ രണ്ടിൽ മാർജെരി പക്ഷികളോടു കാണിക്കുന്ന ദയയാണു വിഷയം. കഥ മൂന്നിൽ അവൾ ദേവാലയത്തിൽ നല്ലവണ്ണം പെരുമാറുന്നതും അത് അംഗീകരിക്കപ്പെടുന്നതും പ്രതിപാദിക്കുന്നു. ആദ്യഭാഗത്ത് മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധം; രണ്ടിൽ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം; മൂന്നിൽ മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധം-ഈ മൂന്നുതരം ബന്ധങ്ങളും ഒരുപോലെ സമരസപ്പെടുത്തിക്കൊണ്ടുപോകുന്നതിലാണു ജീവിത വിജയമെന്നും മാർജെരിക്കുഞ്ഞിന് അതു സാധിച്ചത് ഈശ്വരാനുഗ്രഹംകൊണ്ടാണെന്നുമുള്ള വലിയ തത്ത്വം വളരെ ലളിതമായും മധുരമായും പറഞ്ഞിരിക്കുന്നു”(പുറം 27,2014).എന്നാൽ ഈ കഥ ആഴത്തിൽ വായിക്കുമ്പോൾ കേവലമൊരു കുട്ടിക്കഥയല്ലെന്നും മറിച്ച്, പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളീയ പശ്ചാത്തലത്തിലേക്ക് 'ആധുനിക സ്ത്രീത്വം' (Modern Womanhood), 'ആഭ്യന്തരമണ്ഡലം' (Domestic Sphere) എന്നീ പാശ്ചാത്യ വിക്ടോറിയൻ സങ്കൽപ്പങ്ങളെ വിവർത്തനം ചെയ്ത് പ്രതിഷ്ഠിക്കാൻ മിഷനറിമാർ ഉപയോഗിച്ച ശക്തമായൊരു പ്രത്യയശാസ്ത്ര ഉപകരണമാണിതെന്നും കാണാം. ഈ കഥയിലെ മൂന്ന് ഉപവിഭാഗങ്ങളെ ലിംഗപദവിപരമായും സൈദ്ധാന്തികമായും താഴെ പറയുന്ന രീതിയിൽ വിശകലനം ചെയ്യാം.

 

 

വിക്ടോറിയൻ ഗാർഹികതയും ആഭ്യന്തരമണ്ഡലത്തിന്റെ വിഭജനവും

 

കഥയുടെ തുടക്കത്തിൽ തന്നെ ബെയിലിയുടെ ഭാഷയിലൂടെ വ്യക്തമാകുന്ന ഒരു പരിസരമുണ്ട്: "മാർജെരിയുടെ അമ്മ തണുപ്പുള്ള ഒരു വലിയ ഇടവഴിത്തലയ്ക്കൽ വെടിപ്പുള്ള ഒരു ചെറുപുരയിൽ പാർത്തു. അവിടെ അവൾ വേനൽക്കാലം വൈകുന്നേരം തുന്നൽപ്പണി ചെയ്തുകൊണ്ട് ഇരുന്നു." ഇവിടെ 'വെടിപ്പുള്ള ചെറുപുര', 'തുന്നൽപ്പണി' തുടങ്ങിയ പ്രയോഗങ്ങളിലൂടെ പാശ്ചാത്യ മധ്യവർഗ്ഗ വിക്ടോറിയൻ ഗാർഹികതയുടെ ഭാവനകളാണ് മലയാളി വായനക്കാരിലേക്ക് വിവർത്തനം ചെയ്യപ്പെടുന്നത്. നാലു വയസ്സുകാരിയായ മാർജെരിയുടെ ലോകമെന്നത് അവളുടെ വീട്, അമ്മ,  കുഞ്ഞനിയത്തി ലൂസി എന്നിവരിലേക്ക് ചുരുങ്ങുന്നു.

പതിനെട്ടാം നൂറ്റാണ്ടിന്റെ ഒടുവിൽ മേരി വോൾസ്റ്റോൺക്രാഫ്റ്റ് (Mary Wollstonecraft) തന്റെ 'എ വിൻഡിക്കേഷൻ ഓഫ് ദി റൈറ്റ്സ് ഓഫ് വുമൺ' (1792) എന്ന കൃതിയിലൂടെ സ്ത്രീകളെ കേവലം പുരുഷന്റെ ആസ്വാദനത്തിനോ ഗാർഹികമായ ശുശ്രൂഷകൾക്കോ മാത്രമുള്ള പാവകളാക്കി വളർത്തുന്ന യൂറോപ്യൻ വിദ്യാഭ്യാസരീതികളെ കഠിനമായി വിമർശിച്ചിരുന്നു. സ്ത്രീകൾക്ക് യുക്തിസഹമായ വിദ്യാഭ്യാസം നൽകി അവരെ സ്വതന്ത്ര പൗരന്മാരാക്കുകയാണ് വേണ്ടതെന്ന് അവർ വാദിച്ചു. എന്നാൽ ഇതിൽ നിന്നും തികച്ചും ഭിന്നമായി, മിഷനറിമാർ മലയാളിപെൺകുട്ടികൾക്ക് മുൻപിൽ മാതൃകയായി വെക്കുന്നത് വോൾസ്റ്റോൺക്രാഫ്റ്റ് എതിർത്ത അതേ വിക്ടോറിയൻ ഗാർഹികമാതൃകയെയാണ്. ചെറുപ്രായം മുതലേ അമ്മയെ സഹായിക്കാനും, കുഞ്ഞുങ്ങളെ നോക്കാനും (Care-giving and Motherhood) പെൺകുട്ടികളെ ശീലിപ്പിക്കുന്ന ഒരു 'ലിംഗവൽക്കരിക്കപ്പെട്ട കുട്ടിക്കാലം' (Gendered Childhood) ഇവിടെ നിർമ്മിക്കപ്പെടുന്നു.

 

 

 

ഫൂക്കോവിയൻ അച്ചടക്കവും 'യാന്ത്രികവിവേകവും'

കഥയുടെ ഒന്നാം ഭാഗത്ത്, അമ്മ തോട്ടത്തിൽ വെച്ചുപോന്ന ആപ്പിൾപ്പഴങ്ങൾ എടുക്കാൻ മാർജെരിയെ ഒറ്റയ്ക്ക് അയക്കുകയും അവയൊന്നും കഴിക്കരുതെന്ന് കൽപ്പിക്കുകയും ചെയ്യുന്നു. ആരും കാണാനില്ലാത്ത അവസ്ഥയിലും മാർജെരി ഒരു പഴം പോലും കഴിക്കാതെ അമ്മയ്ക്ക് കൊണ്ടുവന്നു കൊടുക്കുന്നു. കഥാകൃത്ത് ഇതിനെ "ഈശ്വരന്റെ വിശുദ്ധാത്മാവാണ് അവളെ അനുസരണയുള്ളവളാക്കിയത്" എന്ന് മതപരമായി അടയാളപ്പെടുത്തുന്നു.

ഈ സന്ദർഭത്തെ മിഷേൽ ഫൂക്കോയുടെ  'ഡിസിപ്ലിൻ ആൻഡ് പണിഷ്' (1977) എന്ന ഗ്രന്ഥത്തിലെ ‘അച്ചടക്കസിദ്ധാന്ത’വുമായി ചേർത്തു വായിക്കാം. ഫൂക്കോയുടെ നിരീക്ഷണപ്രകാരം ആധുനിക അധികാരമെന്നത് ശരീരത്തിന്മേൽ നേരിട്ട് നടത്തുന്ന ശാരീരിക ശിക്ഷകളല്ല; മറിച്ച് വ്യക്തികളെ സ്വയം നിയന്ത്രിക്കാൻ പഠിപ്പിക്കുന്ന ഒന്നാണ്. ഇവിടെ അമ്മയുടെ നേരിട്ടുള്ള നോട്ടമോ  ശിക്ഷയോ ഇല്ല. എങ്കിലും അധികാരം മാർജെരിയുടെ ഉള്ളിലേക്ക് കടന്നുചെന്ന് ഒരു 'ആഭ്യന്തര മനസ്സാക്ഷി' (Internalized Conscience) രൂപീകരിച്ചു കഴിഞ്ഞു. താൻ എപ്പോഴും ദൈവത്തിന്റെ നിരീക്ഷണത്തിലാണെന്ന  ബോധം അവളെ സ്വയം നിയന്ത്രിക്കാൻ പ്രാപ്തയാക്കുന്നു.“വിശപ്പ്, കൊതി തുടങ്ങിയ ബാലസഹജമായ ആഗ്രഹങ്ങളെ അടിച്ചമർത്തി നാലുവയസ്സുകാരിയായ മാർജെരിയെ അമ്മ ആജ്ഞ കൊടുത്താൽ പ്രവർത്തിക്കുന്ന യന്ത്രം പോലെ യാന്ത്രികവിവേകത്തിലേക്ക്

പാകപ്പെടുത്തിയെടുക്കുന്നു” എന്നാണ് ഈ കഥാസന്ദർഭം നിരീക്ഷിച്ചു കൊണ്ട് സോമലാൽ ടി.എം വിലയിരുത്തുന്നത്(2023, പുറം 35).

 

 

 പ്രകൃതിയുടെ സംരക്ഷണവും ലിംഗപരമായ ശുശ്രൂഷാബോധവും

 

രണ്ടാമത്തെ ഉപകഥയിൽ മാർജെരി പറമ്പിൽ നിന്ന് പക്ഷിക്കൂടും മുട്ടകളും കണ്ടെത്തുകയും, അവയെ ഉപദ്രവിക്കാതെ ദിവസവും 'അപ്പം' നൽകി സംരക്ഷിക്കുകയും ചെയ്യുന്നു. പാശ്ചാത്യ ഉദാരമാനവികതയുടെ (Liberal Humanism) ഭാഗമായുള്ള ജീവകാരുണ്യം ഇവിടെ വിവർത്തനം ചെയ്യപ്പെടുമ്പോഴും, അത് ലിംഗപരമായ സവിശേഷത പുലർത്തുന്നുണ്ട്. സ്ത്രീകളെ എപ്പോഴും പ്രകൃതിയോട് അടുത്തവരായും സംരക്ഷകരായും (Nurturers) ചിത്രീകരിക്കുന്ന പുരുഷാധിപത്യ ഭാവനയെ ഇത് ഊട്ടിയുറപ്പിക്കുന്നു. ആൺകുട്ടികൾ പൊതുമണ്ഡലത്തിൽ യുക്തിയും അറിവും ഉപയോഗിക്കുമ്പോൾ, പെൺകുട്ടികൾ തങ്ങളുടെ ദയയും ശുശ്രൂഷാ മനോഭാവവും പ്രകൃതിയിലെ ജീവികളിലേക്ക് കൂടി വ്യാപിപ്പിക്കണമെന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നത്.

 

 

അച്ചടി സംസ്കാരവും ആധുനിക സന്മാർഗ്ഗബോധവും

 

മൂന്നാം ഭാഗത്ത് ഞായറാഴ്ച പള്ളിയിൽ പോകുന്ന മാർജെരി പ്രാർത്ഥനയും പ്രസംഗവും 'സശ്രദ്ധം' കേട്ടിരിക്കുന്നത് കണ്ട് ഇഷ്ടപ്പെട്ട ഒരു വൃദ്ധ അവൾക്ക് വലിയ അച്ചടിയുള്ള ഒരു 'വേദപുസ്തകം' (Bible) സമ്മാനിക്കുന്നു.പുരോഹിതൻ വായിക്കുകയും പ്രസംഗിക്കുകയും ചെയ്ത നേരത്ത് മാർജെരി ഒരു വാക്കുപോലും സംസാരിച്ചില്ല, ലൂസിക്കുഞ്ഞ് കരഞ്ഞതുമില്ല എന്നാണ് കഥാകാരൻ പറയുന്നത്.

ഇവിടെ 'പുസ്തകം' അഥവാ അച്ചടി സംസ്കാരം (Print Culture) എന്നത് ഒരു പെൺകുട്ടിയുടെ സാമൂഹികപദവിയുടെയും നല്ല സ്വഭാവത്തിന്റെയും (Moral Character) അളവുകോലായി മാറുകയാണ്. പ്രായമായവരോടും മുതിർന്നവരോടുമുള്ള ബഹുമാനവും, പള്ളി എന്ന മതപരമായ പൊതുമണ്ഡലത്തിൽ (Religious Public Sphere) ഒരു പെൺകുട്ടി കാണിക്കേണ്ട പൂർണ്ണമായ വിനയവും വിധേയത്വവുമാണ് അവളെ ഒരു 'മാതൃകാ പെൺകുട്ടി'യാക്കി മാറ്റുന്നത്. ഈ നല്ല സ്വഭാവം അവളുടെ സ്വന്തം കഴിവല്ല, പരിശുദ്ധാത്മാവിന്റെ സഹായമാണെന്ന് കഥ അവസാനിപ്പിക്കുമ്പോൾ, സ്ത്രീയുടെ സ്വന്തമായ ഏജൻസിയെ നിരാകരിക്കുകയും അവളെ പൂർണ്ണമായും വ്യവസ്ഥിതിക്ക് അനുയോജ്യമായ രീതിയിൽ അച്ചടക്കമുള്ളവളാക്കി മാറ്റുകയുമാണ് കൊളോണിയൽ ആധുനികത ചെയ്തത് എന്ന് വ്യക്തമാകുന്നു.

 

മുതലാളിത്ത നൈതികതയും ആൺജ്ഞാനവും: 'ജ്ഞാനിപ്പൈതൽ'

 

ബെഞ്ചമിൻ ബെയിലിയുടെ സമാഹാരത്തിലെ രണ്ടാമത്തെ കഥയാണിത്.”ഉള്ളടക്കത്തിൽ മതപ്രചാരണപരത അല്പംപോലുമില്ലാത്ത, തികച്ചും മതേതര സ്വഭാവമുള്ള ഒരു ചെറിയ കഥയാണ് ജ്ഞാനിപ്പൈതൽ. എട്ടുവയസ്സ്  പ്രായമുള്ള പെത്തർ എന്ന ബാലനാണ് ഈ കഥയിലെ മുഖ്യകഥാപാത്രം.അവൻ നിസ്വനും ബാലസഹജമായ കളിവിനോദങ്ങില്ലാതെ, ജോലി ചെയ്തു കഴിയുന്നവനുമാണെങ്കിലും ജ്ഞാനം ഉള്ള പൈതലാണ്”(2014,28).യജമാനന്റെ കുതിര നിയന്ത്രണം വിട്ടോടിയപ്പോൾ ധീരനായ പെത്തെർ കുറുക്കുവഴിയിലൂടെ  ഓടിച്ചെന്ന് കുതിരയെ പിടിച്ചു കെട്ടുകയും യജമാനൻ വരുവോളം ക്ഷമയോടെ കാത്തുനിൽക്കുകയും ചെയ്തു.അവൻറെ പ്രവൃത്തിയിൽ സന്തുഷ്ടനായ യജമാനൻ എന്തു പ്രതിഫലം വേണമെന്ന് ചോദിച്ചപ്പോൾ തനിക്കൊന്നും വേണ്ടെന്ന് അവൻ മറുപടി പറഞ്ഞു.അവൻറെ ധീരതയും മിടുക്കും യജമാനന് നന്നായി ബോധിച്ചു.മറ്റു കുട്ടികളെപ്പോലെ കളി-വിനോദങ്ങളിലേർപ്പെടാൻ അവനു താൽപ്പര്യമില്ലേയെന്ന് യജമാനൻ അവനോടു ചോദിച്ചു. യജമാനനോട്  ഇപ്പോൾ തനിക്കുള്ള പരിമിതമായ സൗകര്യങ്ങളിൽ താൻ അങ്ങേയറ്റം സംതൃപ്‌തനും സന്തുഷ്‌ടനുമാണെന്ന് അവൻ പറഞ്ഞു.  എല്ലാ ചോദ്യങ്ങൾക്കും അവൻ വളരെ ഭവ്യമായി മറുപടി പറഞ്ഞു. പ്രായത്തിൽ കവിഞ്ഞ പക്വതയും ജീവിതത്തെക്കുറിച്ച് വിവേകപൂർണമായ തിരിച്ചറിവുമുള്ളതുകൊണ്ടാണു പെത്തെറിനെ ‘ജ്ഞാനിപ്പൈതൽ’ എന്നു കഥാകൃത്ത് വിശേഷിപ്പിക്കുന്നത്. “ഉള്ളതിൽ തൃപ്‌തനായി, തനിക്കൊത്തവണ്ണം അധ്വാനിക്കുകയും സമയം ദുർവ്യയം ചെയ്യാതിരിക്കുകയും ചെയ്യുന്ന പെത്തറിന് സ്‌കൂളിലേക്കാവശ്യമുള്ള പുസ്‌തകങ്ങളെല്ലാം താൻ തന്നെ വാങ്ങിത്തന്നുകൊള്ളാമെന്നും അക്കാര്യം അവന്റെ അപ്പനോടു പറയണമെന്നും യജമാനൻ അവനോടു പറഞ്ഞു”(2014,29).കൊളോണിയൽആധുനികതയും മുതലാളിത്തവ്യവസ്ഥയും വിഭാവനം ചെയ്ത 'മാതൃകാ പുരുഷപൗരന്റെ' (Ideal Modern Male Subject) പ്രാരംഭ രൂപീകരണമാണ് എട്ടുവയസ്സുകാരനായ 'പെത്തെർ' എന്ന ആൺകുട്ടിയിലൂടെ ആഖ്യാതാവ്  നിർവ്വഹിക്കുന്നത്.  ഈ കഥയിലെ ലിംഗപദവിപരവും സാമ്പത്തികവുമായ അധികാരതന്ത്രങ്ങളെ താഴെ പറയുന്ന രീതിയിൽ അപഗ്രഥിക്കാം.

 

 

പ്രൊട്ടസ്റ്റന്റ് നൈതികതയും 'അധ്വാനിക്കുന്ന ആൺശരീരവും'

 

 

കഥയിലെ മുഖ്യകഥാപാത്രമായ ‘പെത്തെർ’  കഠിനാധ്വാനിയുംബാലസഹജമായ വിനോദങ്ങളിലൊന്നും ഏർപ്പെടാതെ  ജോലി ചെയ്തു കഴിയുന്നവനുമാണ്.

 മാക്സ് വെബർ തന്റെ 'പ്രൊട്ടസ്റ്റന്റ് നൈതികതയും മുതലാളിത്ത ബോധവും' (The Protestant Ethic and the Spirit of Capitalism) എന്ന സിദ്ധാന്തത്തിൽ വ്യക്തമാക്കുന്നതുപോലെ, ആധുനികമുതലാളിത്തത്തിന്റെ ആത്മാവ് എന്നത് 'അധ്വാനത്തെ' ഒരു പരമമായ പുണ്യകർമ്മമായി കാണുന്നതിലാണ്. പാരമ്പര്യസാമൂഹികാവസ്ഥയിൽ 'കുട്ടിക്കാല’മെന്നത് കളിചിരികളുടേതായിരുന്നുവെങ്കിൽ, കൊളോണിയൽആധുനികത ആൺകുട്ടികളുടെ സമയത്തെ സാമ്പത്തികമായ ഉത്പാദനക്ഷമതയുമായി (Productive labor and utility of time) ബന്ധിപ്പിക്കുന്നു. കളിവിനോദങ്ങളിൽ ഏർപ്പെടുന്നത് 'അലസതയും' സമയം ദുർവ്യയം ചെയ്യലുമാണെന്നും, ചെറുപ്രായം മുതലേ അധ്വാനശീലരാകുന്നതാണ് 'ജ്ഞാനം' എന്നുമുള്ള പാഠമാണ് പെത്തെറിലൂടെ വിവർത്തനം ചെയ്യപ്പെടുന്നത്. ആദ്യ കഥയിലെ മാർജെരിയുടെ ലോകം വീടിനകത്തെ ഗാർഹികതയിൽ ഒതുങ്ങുമ്പോൾ, പെത്തെറിന്റെ ലോകം പുറത്തെ പറമ്പും അധ്വാനവുമായി ബന്ധപ്പെട്ട ബാഹ്യപൊതുമണ്ഡലമാണ്.

 

 

 

 ഫൂക്കോവിയൻ അച്ചടക്കവും അധികാരത്തിന് മുൻപിലെ വിധേയത്വവും

 

 

ഈ കഥയിലെ യജമാനനെന്നത് കേവലമൊരു വ്യക്തിയല്ല, കൊളോണിയൽ-മുതലാളിത്ത അധികാരവ്യവസ്ഥയുടെ പ്രതീകമാണ്. യജമാനൻ അഭിനന്ദിക്കുന്നത് അവന്റെ സദ്ഗുണത്തെയും അച്ചടക്കത്തെയുമാണ്. മിഷേൽ ഫൂക്കോയുടെ നിരീക്ഷണപ്രകാരം, ഒരു ‘മാതൃകാപൗരൻ’എന്നത് ബാഹ്യമായ പ്രതിഫലം മോഹിച്ചല്ല വ്യവസ്ഥിതിയെ സഹായിക്കേണ്ടത്; മറിച്ച് വ്യവസ്ഥയോടുള്ള അനുസരണവും അച്ചടക്കവും സ്വന്തം അന്തസ്സായി മാറ്റിയെടുക്കുമ്പോഴാണ്. പണം നിരസിക്കുന്നതിലൂടെ പെത്തെർ ഒരു ' കീഴൊതുക്കമുള്ള ശരീരം(docile body)ആയി സ്വയം അടയാളപ്പെടുത്തുന്നു. യജമാനന്റെ എല്ലാ ചോദ്യങ്ങൾക്കും അവൻ വളരെ 'ഭവ്യമായി' മറുപടി പറയുന്നതും, പരിമിതമായ സൗകര്യങ്ങളിൽ അങ്ങേയറ്റം സംതൃപ്തനാണെന്ന് പറയുന്നതും ഇതിന്റെ തെളിവാണ്.

 

 

 വർഗ്ഗബോധത്തെ അടിച്ചമർത്തലും 'ഉള്ളതിൽ തൃപ്തിപ്പെടലും'

 

പ്രായത്തിൽ കവിഞ്ഞ പക്വതയും ജീവിതത്തെക്കുറിച്ച് വിവേകപൂർണ്ണമായ തിരിച്ചറിവുമുള്ളതുകൊണ്ടാണ് പെത്തെറിനെ 'ജ്ഞാനിപ്പൈതൽ' എന്ന് വിളിക്കുന്നത്. എന്നാൽ ഈ 'ജ്ഞാനം' എന്നത് യഥാർത്ഥത്തിൽ നിലവിലുള്ള വർഗ്ഗവ്യത്യാസങ്ങളെയും സാമ്പത്തിക ചൂഷണങ്ങളെയും ചോദ്യം ചെയ്യാതിരിക്കാൻ ദരിദ്രരായ ആൺകുട്ടികളെ പഠിപ്പിക്കുന്ന ഒരു പ്രത്യയശാസ്ത്ര തന്ത്രമാണ്. വ്യവസ്ഥിതിയോട് കലഹിക്കാതെ, സ്വന്തം ദാരിദ്ര്യത്തെയും പരിമിതികളെയും വിധിയായി സ്വീകരിച്ച്, ഉള്ളതിൽ തൃപ്തിപ്പെട്ട്, യജമാനന്മാരോട് വിനയം കാണിക്കുന്നതിനെയാണ് കൊളോണിയൽ ആധുനികത ആൺകുട്ടികളുടെ 'സ്വഭാവമഹിമ’യായി വിവർത്തനം ചെയ്തത് എന്ന് വ്യക്തമാണ്.

 

സംഭാഷണ രൂപവും വിജ്ഞാന വിതരണത്തിന്റെ സ്ഥാപനവൽക്കരണവും

 

കഥയുടെ ആഖ്യാനശൈലിയിലെ വലിയൊരു സവിശേഷത അത് യജമാനനും പെത്തെറും തമ്മിലുള്ള 'സംഭാഷണങ്ങളിലൂടെ' വികസിക്കുന്നു എന്നതാണ്. കഥയുടെ അവസാനം, സമയം ദുർവ്യയം ചെയ്യാത്ത പെത്തെറിന് സ്കൂളിലേക്കാവശ്യമുള്ള പുസ്തകങ്ങളെല്ലാം താൻ വാങ്ങിത്തരാമെന്ന് യജമാനൻ ഏൽക്കുന്നു.പാരമ്പര്യ ജാതിവ്യവസ്ഥ അരികുവൽക്കരിക്കപ്പെട്ട കുട്ടികൾക്ക് വിജ്ഞാനം നിഷേധിച്ചപ്പോൾ, മിഷണറിമാർ 'പുസ്തകം', 'സ്കൂൾ' തുടങ്ങിയ ആധുനികസ്ഥാപനങ്ങളിലൂടെ വിജ്ഞാനത്തെ ജനാധിപത്യവൽക്കരിക്കാൻ ശ്രമിച്ചുവെന്നത് ഇതിന്റെ  ഗുണപരമായ വശമാണ്. എങ്കിലും, ഈ വിജ്ഞാനവിതരണത്തിന്റെ നിയന്ത്രണം യജമാനനിലാണ് അധിഷ്ഠിതമായിരിക്കുന്നത്. പുസ്തകസംസ്കാരത്തിലൂടെയും അച്ചടിയിലൂടെയും മാത്രമേ ഒരുവന് 'ജ്ഞാനി'യാകാൻ കഴിയൂ എന്ന് സ്ഥാപിക്കുന്നതിലൂടെ ആധുനികതയുടെ സ്ഥാപനവൽക്കരണ പ്രക്രിയ ഇവിടെ പൂർത്തിയാകുന്നു. ആദ്യ കഥയിലെ മാർജെരിക്ക് വേദപുസ്തകം ലഭിക്കുമ്പോൾ, പെത്തെറിന് ലഭിക്കുന്നത് മതേതരമായ സ്കൂൾ പുസ്തകങ്ങളാണ് എന്നത് ആൺകുട്ടികളുടെ വിജ്ഞാന മണ്ഡലം പൊതുലോകത്തോട് ചേർന്നുനിൽക്കുന്നതാണെന്ന ലിംഗപരമായ വിഭജനത്തെ വീണ്ടും ദൃഢമാക്കുന്നു.

 

ബെഞ്ചമിൻ ബെയിലിയുടെ 'ചെറുപൈതങ്ങൾ'  എന്ന കൃതിയിലെ ആദ്യത്തെ രണ്ട് കഥകളെ മുൻനിർത്തി, നടത്തിയ ഈ പഠനം വിവർത്തനത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ചും കൊളോണിയൽ ആധുനികതയുടെ ലിംഗഭാവനകളെക്കുറിച്ചും ചില നിഗമനങ്ങളിൽ എത്തിച്ചേരുന്നുണ്ട്.

പത്തൊമ്പതാം നൂറ്റാണ്ടിലെ കൊളോണിയൽ മിഷനറി വിവർത്തനങ്ങൾ എന്നത് കേവലം ഭാഷാപരമായ കൈമാറ്റമായിരുന്നില്ല,  തദ്ദേശീയമായ ബോധമണ്ഡലങ്ങളെയും കുടുംബവ്യവസ്ഥകളെയും പുനർനിർമ്മിക്കാൻ ഉപയോഗിച്ച സാംസ്കാരിക ഉപകരണമായിരുന്നു. 'ചെറുപൈതങ്ങൾ' എന്ന വിവർത്തന പാഠം മുന്നോട്ടുവെച്ച സന്മാർഗ്ഗബോധം ലിംഗരഹിതമായ (Gender-neutral) ഒന്നായിരുന്നില്ല. അത് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും തികച്ചും വ്യത്യസ്തമായ രണ്ട് അച്ചടക്ക വ്യവസ്ഥകളും  പ്രവർത്തന മണ്ഡലങ്ങളുമാണ് വിഭാവനം ചെയ്തത്.രണ്ട് കഥകളുടെയും ഉപസംഹാരത്തിൽ കുട്ടികൾക്ക് ലഭിക്കുന്ന പ്രതിഫലങ്ങൾ—മാർജെരിക്ക് ലഭിക്കുന്ന 'വേദപുസ്തകവും' പെത്തെറിന് ലഭിക്കുന്ന 'സ്കൂൾ പാഠപുസ്തകങ്ങളും'—വിജ്ഞാന വിതരണത്തിൽ കൊളോണിയൽ ആധുനികത നിലനിർത്തിയ ലിംഗപരമായ വിവേചനത്തെ അടിവരയിടുന്നു, ഇത്തരം  പ്രത്യയശാസ്ത്രപരമായ അധിനിവേശതന്ത്രങ്ങൾ നിലനിൽക്കുമ്പോൾ തന്നെ, പാരമ്പര്യമായി അറിവ് നിഷേധിക്കപ്പെട്ടിരുന്ന ഒരു ജനതയ്ക്ക് മുൻപിലേക്ക് അച്ചടിസംസ്കാരത്തിലൂടെയും ആധുനിക ഗദ്യരൂപീകരണത്തിലൂടെയും അറിവിനെ ജനാധിപത്യവൽക്കരിക്കാൻ ഈ കൃതിക്ക് കഴിഞ്ഞു എന്ന ചരിത്രപരമായ യാഥാർത്ഥ്യത്തെ വിസ്മരിക്കാനാവില്ല.

ചുരുക്കത്തിൽ, 'ചെറുപൈതങ്ങൾ' എന്നത് മലയാളിസമൂഹം വരാനിരിക്കുന്ന ആധുനികതയുടെയും പുതിയ ലിംഗഭാവനകളുടെയും അച്ചടക്കപാഠങ്ങൾ വായിച്ചുതുടങ്ങിയ ഏറ്റവും ആദ്യത്തെ 'വിവർത്തന പാഠപുസ്തകം' ആയിരുന്നുവെന്ന് ഈ പ്രബന്ധം നിരീക്ഷിക്കുന്നു.

 

 

 

ഗ്രന്ഥസൂചി

 

1. ബെയിലി ബെഞ്ചമിൻ, ചെറുപൈതങ്ങൾക്ക ഉപകാരാർത്ഥം ഇംക്ലീശിൽനിന്ന പരിഭാഷപ്പെടുത്തിയ കഥകൾ, കോട്ടയം: സാഹിത്യപ്രവർത്തന സഹകരണ സംഘം, 2014

 

2.Foucault, Michel. Discipline and Punish: The Birth of the Prison. Translated by Alan Sheridan. New York: Vintage Books, 1977.

 

3.Weber, Max. The Protestant Ethic and the Spirit of Capitalism. Translated by Talcott Parsons. London: Routledge, 2001.

 

4.Wollstonecraft, Mary. A Vindication of the Rights of Woman. London: Penguin Books, 1792.

 

 

ലേഖനം

 

1. സോമലാൽ ടി.എം,”കുട്ടിയും അധിനിവേശകരും ചെറുപൈതങ്ങൾക്കായുള്ള ഉപകാരങ്ങളിലെ ചരിത്രബന്ധങ്ങൾ”,സാഹിത്യലോകം,2023 മാർച്ച് -ഏപ്രിൽ

 

 

അനുബന്ധം:-



അപർണ എം.ബി.

ഗവേഷക

മലയാള വിഭാഗം

കെ.കെ. ടി. എം ഗവ. കോളേജ്

പുല്ലൂറ്റ്

കോഴിക്കോട് സർവ്വകലാശാല

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
ചീഫ് എഡിറ്റര്‍
ഡോ. ബി. ശ്രീകുമാർ സമ്പത്ത്



സ്റ്റുഡന്‍റ് എഡിറ്റര്‍
രതീഷ്
Fkv. 

ഇഷ്യു എഡിറ്റർ

​ഷീന എസ്.

FUntäm-dnb t_mÀUv 
AwK§Ä
ഡോ. കെ. റഹിം
ഡോ. സജീവ്കുമാർ എസ്.
ഡോ. ശ്രീലക്ഷ്മി എസ്.കെ.
ഡോ. രാമചന്ദ്രൻ പിള്ള എം.
ഡോ. അമ്പിളി ആർ.പി.
ഡോ. സംഗീത കെ.
ബിന്ദു എ.എം.

ഷീന എസ്.
ഡോ. കാരുണ്യ വി. എം.
അസോസിയേറ്റ് എഡിറ്റേഴ്സ്
ഡോ.ലാലു വി. , യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം
ഡോ.ഗംഗാദേവി എം., ഗവ. കോളേജ്, നെടുമങ്ങാട്, 
ഡോ.സേതുലക്ഷ്മി എം.എസ്. 
ഗവ.കോളേജ് ,നെടുമങ്ങാട്
Publishers Name:          
Dr.B.SREEKUMAR SAMBATH
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996          

Unssk³ & te Hu«vv
cXojv Fk.v

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2026

​

bottom of page