top of page

ഒ.എൻ.വിയുടെ ചലച്ചിത്രഗാനങ്ങളിലെ പ്രകൃതിദർശനവും  ഫാൻ്റസി പരിസരവും

Oct 24
5 min read

Updated: 7 days ago

സ്വാതി കെ.പി.

പ്രബന്ധ സംഗ്രഹം

മലയാള ചലച്ചിത്രഗാനശാഖയിൽ പ്രകൃതിദർശനത്തെ ആഴത്തിൽ ആവിഷ്കരിച്ച കവിയാണ് ഒഎൻവി. ഈ പ്രബന്ധം അദ്ദേഹത്തിൻ്റെ ഗാനങ്ങളിലെ പ്രകൃതി ബോധത്തെ 'ഫാന്റസി' എന്ന സൈദ്ധാന്തിക തലത്തിലൂടെ വിശകലനം ചെയ്യുന്നു.  പ്രകൃതിയെ ചലച്ചിത്രഗാനങ്ങളിൽ ഒരു പശ്ചാത്തലമായി മാത്രം കാണാതെ ജീവസ്സുറ്റതും പ്രകൃതിയുമായി സംവദിക്കുന്നതുമായ ഒരു സാന്നിധ്യമായി(Animism) അദ്ദേഹത്തിൻ്റെഗാനങ്ങളിൽ കാണുന്നു. സൗന്ദര്യാത്മകതയും പാരിസ്ഥിതിക പ്രതിബദ്ധതയും ഒത്തുചേരുന്ന ഈ 'ഫാന്റസി' പശ്ചാത്തലം ഒ എൻ വി തൻ്റെ ഗാനങ്ങളിൽ എപ്രകാരം ആവിഷ്കരിക്കുന്നുവെന്നു  ഈ പ്രബന്ധം വിലയിരുത്തുന്നു.

താക്കോൽ വാക്കുകൾ

പ്രകൃതിദർശനം, ഫാൻ്റസി, അനിമിസം, ചലച്ചിത്ര ഗാനങ്ങൾ, മിത്ത് , നൊസ്റ്റാൾജിയ

ഫാൻ്റസി

​ഭാവനയെ കുറിക്കാൻ ജർമ്മൻ ഭാഷയിൽ ഉപയോഗിക്കുന്ന 'Phantasic' എന്ന പദത്തിൽ നിന്നാണ് 'Fantasy' എന്ന പദം രൂപം കൊണ്ടത്. യഥാർത്ഥ ലോകത്തിനും (Real world) സങ്കൽപ്പ ലോകത്തിനും (Imaginary world) ഇടയിൽ നിന്നുകൊണ്ട് എഴുതപ്പെട്ട കൃതികളെയാണ് 'യഥാർത്ഥ ഫാൻ്റസി' എന്ന് വിളിക്കാൻ കഴിയൂ എന്ന് ടോഡോറോവ് വാദിക്കുന്നു. ശുദ്ധമായഅത്ഭുതം(pure Marvelous), ഭ്രമാത്മകമമായ അത്ഭുതം(Fantastic Marvelous), ഭ്രമാത്മകമായ മനോനിഗൂഢത(Fantastic Uncanny), ശുദ്ധമായ മനോനിഗൂഢത(Pure Uncanny)എന്നിങ്ങനെ ഫാൻ്റസിയുടെ വ്യാപാര മേഖലകളെ ടോഡോറോവ്തരംതിരിക്കുന്നുണ്ട്. അതിഭൗതികമായ (Supernatural) സംഭവങ്ങൾ സൂചിപ്പിക്കുന്നത് വിശ്വസനീയമായിരിക്കണമെന്നും അതൊരിക്കലും  പൂർണ്ണമായി സംഭവിക്കാനും പാടില്ലെന്നും ടോഡോറോവ്  അഭിപ്രായപ്പെടുന്നു. വായനക്കാരൻ്റെ ലോകം യാഥാർത്ഥ്യബോധമുള്ളതായിരുന്നാൽ മാത്രമേ അതിലുള്ള അസ്വാഭാവികതകൾ തിരിച്ചറിയാൻ സാധിക്കൂ. ഫാന്റസിയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ സ്ഥലകാലങ്ങൾക്കനുനുസരിച്ചും താല്പര്യങ്ങൾക്കനുസരിച്ചും  വ്യത്യസ്തത കൈക്കൊള്ളുന്നവയാണ്

​           ഫാൻ്റസിയെ മറ്റ് സാഹിത്യ വിഭാഗങ്ങളിൽ നിന്ന് വേർതിരിക്കാൻ ടൊഡോറോവ് ചില നിയമങ്ങൾ മുന്നോട്ടുവെക്കുന്നു: ഫാൻ്റസി എന്നത് കവിതയ്‌ക്കോ രൂപകപരമായ വായനയ്‌ക്കോ  വിപരീതമാണ്. ഫാൻ്റസി പ്രഭാവം ഉണ്ടാകണമെങ്കിൽ വായനക്കാരൻ ഒരു പ്രത്യേക രീതിയിൽ കൃതിയെ സമീപിക്കണം.  ഫാൻ്റസി കൃതികൾ ഘടനാപരമായി രേഖീയമായ രീതിയിൽ വായിക്കപ്പെടേണ്ടവയാണ്.

​        സെറ്റെവൻ ടൊഡോറോവിൻ്റെ നിരീക്ഷണപ്രകാരം, യാഥാർത്ഥ്യത്തിൻ്റെ അതിർവരമ്പുകളെ ലംഘിക്കുന്ന കൃതികൾ പ്രധാനമായും മൂന്ന് വിഭാഗങ്ങളായി തരംതിരിക്കപ്പെടുന്നു: അസ്വാഭാവികമെന്ന് തോന്നുമെങ്കിലും ഒടുവിൽ യുക്തിസഹമായ വിശദീകരണം ലഭിക്കുന്ന 'അൺകാനി' (The Uncanny), അതിഭൗതികമായ കാര്യങ്ങളെ വായനക്കാരൻ ചോദ്യം കൂടാതെ സ്വീകരിക്കുന്ന 'മാർവലസ്' (The Marvelous), ഇവ രണ്ടിനുമിടയിൽ വായനക്കാരൻ സംശയിച്ചു നിൽക്കുന്ന സന്ദിഗ്ദ്ധാവസ്ഥയായ 'ഫാൻ്റസി' (The Fantastic) എന്നിവയാണവ. ഒരു കൃതി ഫാൻ്റസിയായി നിലനിൽക്കണമെങ്കിൽ പ്രധാനമായും മൂന്ന് നിബന്ധനകൾ പാലിക്കപ്പെടേണ്ടതുണ്ട്; ഒന്ന്, കഥാലോകത്തെ യഥാർത്ഥ ലോകമായി കാണുന്ന വായനക്കാരൻ സംഭവങ്ങൾക്ക് സ്വാഭാവികമോ അതിഭൗതികമോ ആയ വിശദീകരണം നൽകാനാവാതെ ഒരുതരം 'മടി' (Hesitation) അനുഭവിക്കണം. രണ്ട്, ഈ സംശയം കഥയിലെ ഒരു കഥാപാത്രത്തിനും അനുഭവപ്പെടുകയും വായനക്കാരൻ ആ കഥാപാത്രവുമായി താദാത്മ്യം പ്രാപിക്കുകയും വേണം. മൂന്ന്, വായനക്കാരൻ കൃതിയെ വെറുമൊരു കവിതയായോ രൂപകമായോ കാണാതെ അതിലെ സംഭവങ്ങളെ ഗൗരവമായി സമീപിക്കണം.

​ഫാൻ്റസിയുടെ ദൗത്യം

​വായനക്കാരനിൽ പേടി, ഭീതി അല്ലെങ്കിൽ ജിജ്ഞാസ ഉണർത്താനും സസ്പെൻസ് നിലനിർത്താനും കഥയെ കൂടുതൽ ദൃഢമാക്കാനും. ഭാഷയിലൂടെ മാത്രം സൃഷ്ടിക്കാൻ കഴിയുന്ന ഒരു ലോകത്തെ അവതരിപ്പിക്കുകയെന്നതാണ് ഫാൻ്റസിയുടെ ദൗത്യം .

 ഒ എൻ വി ചലച്ചിത്രഗാനങ്ങളിലെ ഫാൻ്റസി

മാതള തേനുണ്ണാൻ‍ പാറി പറന്നു വന്ന

മാണിക്യക്കുയിലാളേ

നീയെവിടെ നിന്റെ കൂടെവിടെ

----------------------------------------------------------

കല്യാണമുറപ്പിക്കാൻ‍ കൊണ്ടു വന്നേയ് (ചിത്രം - ഉയരും ഞാൻ നാടാകെ)

പ്രകൃതിയെയും മനുഷ്യവികാരങ്ങളെയും കൂട്ടിയിണക്കി കാല്പനികത നിറഞ്ഞ ഫാൻ്റസി (Romantic Fantasy) യാണ്  ഈ ഗാനത്തിൽ കാണുന്നത്. പക്ഷി എന്നതിലപ്പുറം, സംവേദനക്ഷമതയുള്ള വ്യക്തിത്വമായി 'മാണിക്യക്കുയിലിനെ' അവതരിപ്പിക്കുന്നതിലൂടെ പ്രകൃതിയുടെ മാനുഷികവൽക്കരണവും അതിലൂടെ  നാടോടി ഫാൻ്റസിയും ഇവിടെ പ്രകടമാകുന്നു. ബാഹ്യസൗന്ദര്യത്തെ പ്രകൃതിയിലെ വസ്തുക്കളുമായി താരതമ്യം ചെയ്യുന്ന അതിശയോക്തിപരമായ വർണ്ണനകളും, ശബ്ദത്തെ രുചിയുമായി ബന്ധിപ്പിക്കുന്ന ഇന്ദ്രിയാനുഭവങ്ങളുടെ ഏകീകരണവും ഗാനത്തിന് ഒരു അമാനുഷിക പരിവേഷം നൽകുന്നു.  "കുന്നിമണിമാലയിട്ടു നിൽക്കുമ്പോൾ... നിന്നഴക് പൊന്നിനില്ല പൂവിനില്ല" എന്ന വരികളിൽ, സ്വർണ്ണത്തേക്കാളും പൂവിനേക്കാളും തിളക്കമുള്ള ഒന്നായി മനുഷ്യരൂപത്തെ സങ്കല്പിക്കുന്നു. നായികയെ നിലവിളക്കിനോടും നിറപറയോടും ഉപമിക്കുന്നതിലൂടെ മനുഷ്യശരീരത്തെ പരിശുദ്ധമായ അചേതന ചിഹ്നങ്ങളുമായി കൂട്ടി ചേർക്കുന്നു. ഭൗതിക ലോകത്ത് അലൗകിക ആത്മീയസത്യങ്ങളുമായി ബന്ധിപ്പിക്കുന്ന ഭാവനപരമായ പ്രക്രിയയുടെ ഫലമായി  ഫാൻ്റസി ഇവിടെ രൂപപ്പെടുന്നു.  വിവാഹനിശ്ചയ ചടങ്ങുകളിൽ പ്രകൃതി സജീവമായി പങ്കുചേരുന്നു എന്നാണു സങ്കല്പം, പ്രകൃതിയും മനുഷ്യനും തമ്മിലുള്ള വിഭജനം ഇല്ലാതാക്കി ഗാനത്തിനു സ്വപ്നതുല്യമായ ഭാവം പ്രദാനം ചെയ്യുന്നു. ഭൗതിക യാഥാർത്ഥ്യങ്ങളെ അതീന്ദ്രിയ തലത്തിലേക്ക് ഉയർത്തുന്നതിലൂടെയും യുക്തിയുടെ അതിർവരമ്പുകൾ ഭേദിക്കുന്നതിലൂടെയും ഭാഷ, സംഗീതം, സങ്കൽപ്പം എന്നിവ സമന്വയിപ്പിച്ച്  പുതിയ യാഥാർത്ഥ്യത്തെ സൃഷ്ടിക്കുന്ന ഫാൻ്റസിയാണ് ഈ ഗാനം ആവിഷ്കരിക്കുന്നത്.

"പൊൻ പുലരൊളി പൂ വിതറിയ

കാളിന്ദിയാടുന്ന വൃന്ദാവനം കണ്ടുവോ

കാതര മിഴി നീ കാണാ കാർകുയിലൊന്നുണ്ടല്ലോ

പാടിടുന്നൂ ദൂരേ (ചിത്രം - ഇത്തിരി പൂവേ ചുവന്ന പൂവേ)

വൃന്ദാവന പശ്ചാത്തലത്തിൽ രചിക്കപ്പെട്ടിട്ടുള്ള ഈ ഗാനത്തിൽ പുരാണ സങ്കല്പങ്ങളും പ്രകൃതിയും ഒത്തുചേരുന്ന ഒരു മാന്ത്രിക ലോകമാണ് (Fantasy) ദൃശ്യമാകുന്നത്. വരികളുടെ തുടക്കത്തിൽ തന്നെ പ്രകൃതിക്ക് ജീവൻ നൽകുന്ന ഒരു ഫാന്റസി കാണുന്നു. കാളിന്ദിയാടുന്ന വൃന്ദാവനം (നദി) കൃഷ്ണൻ്റെ മുരളി കേട്ട് നൃത്തം ചെയ്യുന്നതായും അദൃശ്യനായ ഒരു കരിങ്കുയിൽ സംഗീതം പൊഴിക്കുന്നതായും അവതരിപ്പിക്കുന്നു. ഇതിലൂടെ പ്രകൃതിക്ക് മാനവികമായ ഭാവങ്ങൾ ഒ എൻ വി നൽകിയിരിക്കുന്നു. 'കുറുനിരകളിലിളകിടുമൊരു ചെറു നീർ മണിയായെങ്കിൽ" കൃഷ്ണന്റെ നെറ്റിയിലെ ചുരുൾമുടിക്കിടയിൽ തത്തിക്കളിക്കുന്ന ഒരു ചെറിയ ജലകണമായി മാറാൻ ആഗ്രഹിക്കുന്നത് ഭക്തി നിറഞ്ഞ ഒരു ഫാൻ്റസിയാണ്. ദൈവം തൻ്റെ അടുത്തു തന്നെയുണ്ടെന്നു വിചാരിക്കുന്ന  ഭാവന യാണിത്. ഭക്തൻ പ്രകൃതിയിലെ ഒരു ജലകണമായി പരിണമിക്കണമെന്ന ഭാവനാപരമായ ആഗ്രഹം  ഭക്തിയും ഭാവനയും തമ്മിലുള്ള സുദൃഢമായ ബന്ധത്തെ വെളിവാക്കുന്നു. വെണ്ണക്കള്ളൻ, വസ്ത്രാക്ഷേപം എന്നിങ്ങനെയുള്ള വാക്കുകൾകൃഷ്ണഗാഥയിലെ പ്രശസ്തമായ മുഹൂർത്തങ്ങളെ ഒരു സ്വപനത്തിലെന്നപോലെ പുനരാവിഷ്കരിക്കുകയാണ് കവി. കൂടാതെ, കാലാതീതമായ കൃഷ്ണലീലകളെ സമകാലികമായ അനുഭൂതിയായി പുനഃസൃഷ്ടിക്കുന്നതിലൂടെ, യാഥാർത്ഥ്യവും മിത്തും(Myth) ഒന്നായി തീർന്ന് സംഗീതാത്മകമായ ഒരു ഫാൻ്റസി തലം ഗാനത്തിന് കൈവരുകയും ചെയ്യുന്നു.

കൊച്ചു ചക്കരച്ചി പെറ്റു കൊച്ചുങ്ങളായിരം

ഒന്നിനേ നീ കൊണ്ടേ വാ കുന്നിറങ്ങും കുളിര്‍കാറ്റേ (2)

കൊണ്ടുവന്നാൽ ആരെടുക്കും അതാരെടുക്കും

ഞാനെടുക്കും

ങാഹാ ഞാനെടുക്കും മമ്മീ ഞാനെടുക്കും

                                                 (ചിത്രം - എൻ്റെ അമ്മു, നിൻ്റെ തുളസി, അവരുടെ ചക്കി)

"പ്രകൃതിയിലെ ചരാചരങ്ങൾക്ക് മാനുഷികഭാവം നൽകുന്ന 'അനിമസം'(അചേതന വസ്തുക്കളിലും പ്രകൃതിപ്രതിഭാസങ്ങളിലും ജീവനുണ്ടെന്ന സങ്കല്പം)എന്ന സങ്കല്പമാണ് ഈ ഗാനത്തിലെ ഫാൻ്റസിക്ക് അടിസ്ഥാനം. "കൊച്ചു ചക്കരച്ചി പെറ്റു കൊച്ചുങ്ങളായിരം": എന്ന വരികളിൽ പ്ലാവിലെ ചക്കകളെ കുഞ്ഞുങ്ങളായി കാണുന്നതിലൂടെ പ്ലാവിനെ 'അമ്മ'യായി മാറ്റുന്നു. ഇവിടെ പ്ലാവിന് പ്രസവിക്കാനും സ്നേഹിക്കാനുമുള്ള മാനുഷികമായ  ശേഷി കവി കണ്ടെത്തുന്നു. ഇവിടെ ഫാൻ്റസിയുടെ ഒരു ഘടകമായി 'അനിമസ'(Animism) ത്തെ കണക്കാക്കുന്നു. ഒരു വസ്തുവിനു ജീവൻ നൽകുന്നതിലൂടെ യാഥാർത്ഥ്യത്തിനു ഭംഗം സംഭവിച്ച് ആസ്വാദകരെ മറ്റൊരു അനുഭൂതിതലത്തിലേക്കു കൊണ്ടുപോകുകയും ചെയ്യുന്നു. സസ്യങ്ങളെയും പക്ഷികളെയും കാറ്റിനെയും കുടുംബാംഗങ്ങളെപ്പോലെ പരിഗണിക്കുന്ന ജൈവബോധമാണ് കവിയുടെ ഈ വരികളിൽ തെളിയുന്നത്.  അതിശയോക്തി കലർന്ന ബിംബങ്ങളിലൂടെ (ഉദാഹരണത്തിന് പൊന്മുട്ട, കണ്ണിൻ ദണ്ണമുള്ള തെച്ചിപ്പൂവ്) നിത്യജീവിതത്തിലെ കാഴ്ചകളെ മാന്ത്രികാനുഭവങ്ങളായി മാറ്റുന്ന ഭാവനാപരമായ പ്രക്രിയ ഈ വരികളിൽ പ്രകടമാണ്.

ദേവദൂതർ പാടി

സ്‌നേഹദൂതർ പാടി

ഈ ഒലീവിൻ പൂക്കൾ

ചൂടിയാടും നിലാവിൽ (ചിത്രം - കാതോടു കാതോരം )

ജീവിതാനുഭവങ്ങളെ ദൈവിക സങ്കല്പങ്ങളുമായി ബന്ധിപ്പിക്കുന്ന ഒരു ഫാൻ്റസിയാണ്  ഈ ഗാനത്തിൽ നിഴലിക്കുന്നത്. ദേവദൂതന്മാരുടെ സാന്നിധ്യം, സ്വർഗ്ഗത്തിലെ ആമാടപ്പെട്ടി തുറക്കൽ തുടങ്ങിയ പ്രയോഗങ്ങളിലൂടെ ലൗകികമായ ഒരാഘോഷത്തെ അലൗകികമായ തലത്തിലേക്ക്  കൊണ്ടെത്തിക്കുന്നു. അനുഭൂതികളിലൂടെ മാത്രം തിരിച്ചറിയാൻ കഴിയുന്ന ഒരു അദൃശ്യചൈതന്യത്തിന്റെ സാന്നിധ്യമാണ് മിസ്റ്റിക്കൽ ഫാൻ്റസിയുടെ കാതൽ. പ്രകൃതിശക്തികളും അലൗകിക ഭാവങ്ങളും ഒത്തുചേരുന്നതിലൂടെ ജീവിതാനുഭവങ്ങളെ ഒരു ആത്മീയ അനുഭൂതിയായി മാറുന്ന കാഴ്ച ഈ ഗാനത്തിലുണ്ട്. പ്രകൃതിയ്ക്കു മേലുള്ള മനുഷ്യന്റെ അധികാര ഭാവത്തെയും പ്രകൃതിയെ ഒരു വിഭവശേഖരമായി മാത്രം കാണുന്ന ആധിപത്യബോധത്തെയും ഒ.എൻ.വി. പിന്തുണയ്ക്കുന്നില്ല എന്ന യാഥാർത്ഥ്യമാണ് ഈ വരികൾ വെളിപ്പെടുത്തുന്നത്. മിസ്റ്റിക്കൽ ഫാൻ്റസിയിലൂടെ പ്രകൃതിക്ക് ഒരു വിശുദ്ധ പദവി നൽകി, അതിനെ ആദരവോടെയും ആത്മീയതയോടെയും സമീപിക്കേണ്ടതാണെന്ന് അടയാളപ്പെടുത്തുന്നിടത്ത് ഒ.എൻ.വി.യുടെ പ്രകൃതിദർശനം പൂർണ്ണത നേടുന്നു.

ആ രാത്രി മാഞ്ഞുപോയി

ആരക്തശോഭമാം

ആയിരം കിനാക്കളും പോയിമറഞ്ഞു..

ആ രാത്രിമാഞ്ഞുപോയീ..

പാടാൻ മറന്നു പോയ

പാട്ടുകളല്ലോ നിൻ

മാടത്ത മധുരമായ് പാടുന്നു.(ചിത്രം - പഞ്ചാഗ്നി)

ഭൂതകാലസ്മരണകളെയും മാന്ത്രിക കഥകളെയും കോർത്തിണക്കി നിർമ്മിച്ചിട്ടുള്ള ഒരു ഗൃഹാതുരത്വം നിറയുന്ന ഫാൻ്റസി (Nostalgic Fantasy) യാണ് ഈ ഗാനത്തിൽ കാണുന്നത്. അപ്‌സരസ്സുകൾ ചിത്രശലഭങ്ങളായി രൂപാന്തരപ്പെടുന്നു എന്ന സങ്കല്പം അതിശയോക്തി ഉണർത്തുന്നതാണ്.  പ്ലാവില പാത്രവും അത്ഭുത കഥകളുടെ ചെപ്പും യാഥാർത്ഥ്യത്തിൽ നിന്നുള്ള പിൻവാങ്ങലിനെയും നിഷ്കളങ്കമായ ഒരു സമാന്തര ലോകത്തെയും പ്രതിനിധാനം ചെയ്യുന്നു. പ്ലാവില പാത്രം' പോലുള്ള പ്രകൃതിദത്ത രൂപകങ്ങൾ പാട്ടിൽ ഉപയോഗിക്കുന്നതിലൂടെ, മനുഷ്യൻ്റെയും പ്രകൃതിയുടെയും പാരസ്പര്യത്തെയാണ് കവി ഓർമ്മിപ്പിക്കുന്നത്. ഭൂതകാലത്തെ ഒരു ഫാൻ്റസിയായി അവതരിപ്പിക്കുമ്പോൾ, നഷ്ടപ്പെട്ടു പോയ ജൈവ വൈവിധ്യത്തെ പുനഃസൃഷ്ടിക്കാൻ ശ്രമിക്കുന്നതിലൂടെ ക ഇന്നത്തെ പ്രകൃതി ചൂഷണത്തിനെതിരെയുള്ള  വിമർശനമായും ഇതിനെ കണക്കാക്കാം. ആധുനികതയുടെ കൃത്രിമത്വങ്ങളിൽ നിന്ന് പ്രകൃതിയുടെ നിഷ്കളങ്കതയിലേക്കുള്ള മടക്കമായി ഇതിനെ കാണാം. വേദനാനിർഭരമായ വർത്തമാനകാലത്തിൽ നിന്ന് ഭാവനാസമ്പന്നമായ ഭൂതകാലത്തിലേക്കുള്ള ഒരു തിരിച്ചുപോക്കാണ് ഈ വരികളിലെ ഫാൻ്റസി ഘടകങ്ങൾ നിർവ്വഹിക്കുന്നത്.

രാരീ രാരീരം രാരോ...പാടീ രാക്കിളി പാടീ

പൂമിഴികൾ പൂട്ടി മെല്ലെ..നീയുറങ്ങി ചായുറങ്ങി

സ്വപ്നങ്ങൾ പൂവിടും പോലേ നീളെ...

വിണ്ണിൽ വെൺതാരങ്ങൾ..മണ്ണിൽ മന്താരങ്ങൾ

പൂത്തു വെൺതാരങ്ങൾ..പൂത്തു മന്താരങ്ങൾ

രാരീ രാരീരം രാരോ...പാടീ രാക്കിളി പാടീ ( ചിത്രം - ഒന്നു മുതൽ പൂജ്യം വരെ )

പ്രകൃതിയ ഒരു തൊട്ടിലാക്കി, പ്രകൃതിബിംബങ്ങളെ അതിന്റെ സംരക്ഷകരായും സങ്കൽപ്പിക്കുന്നത്  ഈ ഗാനത്തിന്റെ സവിശേഷതയാണ്. ആകാശവും ചന്ദ്രനും കുഞ്ഞായി മാറി അമ്മയുടെ മാറിൽ അഭയം തേടുന്നു എന്ന സങ്കല്പം സ്നേഹത്തിൻ്റെ അതിർവരമ്പുകളെ ഭേദിച്ചുകൊണ്ട് പ്രകൃതിയാകെ വ്യാപിച്ചു കിടക്കുന്നു. നക്ഷത്രങ്ങളെ മണ്ണിലെ പൂക്കളായും മിന്നാമിന്നികളെ പൂത്തിരികളായും അവതരിപ്പിക്കുന്നതിലൂടെ, ഒരു കുഞ്ഞിന്റെ ഉറക്കത്തെ പ്രകൃതി മുഴുവൻ ആഘോഷിക്കുന്ന അതീന്ദ്രിയമായ ഒരു മാന്ത്രികാനുഭവമായി കവി രൂപാന്തരപ്പെടുത്തുന്നു.

ദും ദും ദും ദുന്ദുഭിനാദം നാദം നാദം....

ഇന്ദ്രധനുസ്സേന്തി വരുന്ന ഘനാഘനസേനകളേ

വന്നാലും ഇതിലേ ഇതിലേ ഇതിലേ...

വന്നാലും ഇതിലേ ഇതിലേ ഇതിലേ...

ദേവദുന്ദുഭി തൻ വർഷാമംഗലഘോഷം.(ചിത്രം - വൈശാലി )

പ്രകൃതിയിലെ മാറ്റങ്ങളെ പുരാണങ്ങളിലെ  കാഴ്ചകളോട് ഉപമിച്ചുകൊണ്ട് ഒരദ്ഭുത ലോകത്തെ കവി ഈ ഗാനത്തിൽ കാണിച്ചുതരുന്നു. മഴമേഘങ്ങളെ  ഇന്ദ്രധനുസ്സേന്തി വരുന്ന ഒരു പടയാളി സംഘമായിട്ടാണ് ഒ എൻ വി അവതരിപ്പിക്കുന്നത്. ഇടിമിന്നലിന്റെയും കാറ്റിന്റെയും ശബ്ദത്തെ ദേവലോകത്തെ വാദ്യമേളമായ 'ദുന്ദുഭി'യോട് ഉപമിക്കുന്നതിലൂടെ പ്രകൃതിക്ക് ഒരു പുരാണ കഥയുടെ ഗാംഭീര്യം കൈവരുന്നു. ഭൂമിയെ ഒരു നായികയായും വസന്തകാലത്തെ സ്നേഹത്തിന്റെ ആഘോഷമായും സങ്കൽപ്പിക്കുന്നതിലൂടെ, പ്രകൃതി കല്യാണവേദിയായി മാറുന്ന അനുഭവമാണ്  ഈ വരികൾ നൽകുന്നത്. മഴയും മേഘവും ഇടിമുഴക്കവും പോലുള്ള സ്വാഭാവിക പ്രകൃതി പ്രതിഭാസങ്ങളെ കവി തന്റെ ഭാവനയിലൂടെ ഒരു ഫാന്റസി ലോകമായി പുനർനിർമ്മിക്കുന്നു. നേരിട്ടു കാണുന്ന കാഴ്ചകളെ മറച്ചുവച്ചുകൊണ്ട് ആകാശത്ത് യുദ്ധത്തിന് തയ്യാറെടുക്കുന്ന ഒരു സൈന്യത്തെയും ഭൂമിയിൽ പ്രണയാതുരയായ ഒരു നായികയെയും അവതരിപ്പിക്കുന്നതിലൂടെ വായനക്കാരൻ ഒരു മാന്ത്രിക ലോകത്തേക്ക് എത്തുന്നു.

കുന്നിമണിച്ചെപ്പുതുറന്നെണ്ണിനോക്കും നേരം

പിന്നിൽ‌വന്നു കണ്ണുപൊത്തും തോഴനെങ്ങുപോയി

കാറ്റുവന്നു പൊൻ‌മുളതൻ കാതിൽമൂളും നേരം

കാത്തുനിന്നാത്തോഴനെന്നെ ഓർത്തുപാടും പോലെ

                                                              (ചിത്രം - പൊന്മുട്ടയിടുന്ന താറാവ് )

നിത്യജീവിതത്തിലെ കാഴ്ചകളെ പ്രകൃതിബിംബങ്ങൾ കൊണ്ട് കാവ്യാത്മകമായി പുനഃസൃഷ്ടിക്കുന്നതിലൂടെ ഈ വരികൾ  ഒരു ഫാൻ്റസി തലത്തിലെത്തുന്നു. . ചന്ദ്രന്റെ മാറ്റങ്ങളെപ്പോലും പ്രണയത്തിന്റെയും പ്രതീക്ഷയുടെയും അടയാളങ്ങളായി മാറ്റുന്നതിലൂടെ, യാഥാർത്ഥ്യത്തിന് മുകളിൽ വൈകാരികമായ ഒരു സങ്കല്പലോകം കവി കെട്ടിപ്പടുക്കുന്നു. പ്രകൃതി മനുഷ്യവികാരങ്ങളെ പ്രതിഫലിപ്പിക്കുകയും അവയോട് സംവദിക്കുകയും ചെയ്യുന്ന ഒരു സജീവ സാന്നിധ്യമായിട്ടാണ് ഈ പാട്ടിൽ കാണുന്നത്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ഈ ആത്മബന്ധമാണ് ഒ.എൻ.വി.യുടെ പ്രകൃതി ദർശനത്തെ ഫാൻ്റസിയുമായി കൂട്ടിയിണക്കുന്നത്.

സുഖമോ ദേവി സുഖമോ ദേവി സുഖമോ ദേവി.....

സുഖമോ സുഖമോ.

നിൻകഴൽ തൊടും മൺ‌തരികളും

മംഗലനീലാകാശവും

കുശലം ചോദിപ്പൂ നെറുകിൽ തഴുകീ

കുളിർ‌പകരും പനിനീർക്കാറ്റും (ചിത്രം - സുഖമോ ദേവി)

പ്രണയിനിയെ പ്രകൃതിയുടെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുന്ന ഫാൻ്റസി ഈ ഗാനത്തിൽ ദൃശ്യമാണ്. പ്രകൃതിയിലെ മൺതരികളും കാറ്റും ആകാശവും പക്ഷിമൃഗാദികളും ഒരു മനുഷ്യരൂപത്തോടെന്നപോലെ കുശലം ചോദിക്കുകയും പരിചരിക്കുകയും ചെയ്യുന്നതിലൂടെ ദൃശ്യപരമായ കാഴ്ചകൾക്കപ്പുറമുള്ള പ്രകൃതിയെ സങ്കല്പലോകത്തേക്ക് കവി എത്തിക്കുന്നു. പ്രകൃതിയിലെ ഓരോ ചലനത്തെയും പ്രണയത്തിന്റെ ദൂതുകളായി രൂപാന്തരപ്പെടുത്തുന്ന ഈ കാവ്യശൈലി, പ്രണയത്തിന് ഒരു മാന്ത്രിക പരിവേഷം നൽകുകയും വായനക്കാരെ.ഫാൻ്റസിയുടെ ലോകത്തേക്ക് നയിക്കുകയും ചെയ്യുന്നു.

നിരീക്ഷണങ്ങൾ

●      നിത്യജീവിതത്തിലെ സാധാരണ കാഴ്ചകളെ വൈകാരികമായി ഉയർത്തുന്ന  ഒഎൻവി ഗാനങ്ങളിൽ ദൃശ്യമാണ്.

●      നഷ്ടപ്പെട്ടുപോയ ജൈവവൈവിധ്യത്തെയും മനുഷ്യ-പ്രകൃതി പാരസ്പര്യത്തെയും ഗൃഹാതുരത്വത്തിലൂടെ പുനഃ സൃഷ്ടിക്കുന്നു

●      പ്രകൃതിയിലെ അദൃശ്യശക്തി, ദൈവികചൈതന്യം എന്നിവ ഉൾക്കൊണ്ടുകൊണ്ട് പ്രകൃതിയെ ആത്മീയമായും പവിത്രമായും സമീപിക്കുന്ന ദർശനം ഒഎൻവി ഗാനങ്ങളിലുണ്ട്

●      ഐതിഹ്യങ്ങളെയും പ്രകൃതി പ്രതിഭാസങ്ങളെയും സമന്വയിപ്പിച്ച് ഒരു മാന്ത്രിക ലോകം സൃഷ്ടിക്കുന്നു.

ഉപസംഹാരം

ഒ എൻ വിയുടെ ചലച്ചിത്രഗാനങ്ങളിൽ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തിന്റെ അനുഭവങ്ങൾ ആവിഷ്കരിക്കുന്നു. അദ്ദേഹത്തിൻ്റെ കാവ്യലോകത്ത് 'ഫാന്റസി' എന്നത് യാഥാർത്ഥ്യങ്ങളെ സർഗാത്മകമായി മറികടന്ന് ആശയപരമായ പുതിയ ഭാവതലങ്ങളെ  കണ്ടെത്താനുള്ള ഉപാധിയാണ്. പ്രകൃതിയിലെ ആധുനിക ഉപഭോഗ സംസ്കാരത്തിന് വിരുദ്ധമായി അതിനെ ചൈതന്യവും വൈകാരികതയും നൽകുന്ന 'അനിമസം' അദ്ദേഹത്തിൻ്റെ ചലച്ചിത്ര ഗാനങ്ങളുടെ സവിശേഷതയാണ്. പുരാണമിത്തുകളെയും പ്രകൃതി പ്രതിഭാസങ്ങളെയും ചേർത്തുകൊണ്ട് അദ്ദേഹം സൃഷ്ടിക്കുന്ന മാന്ത്രിക ലോകം ആസ്വാദകന്റെ പരിസ്ഥിതി ബോധത്തെ ഉണർത്തുന്ന ഒന്നാണ്. പരിസ്ഥിതി ചൂഷണത്തിന്റെ ഉച്ഛാവസ്ഥയിൽ നിൽക്കുന്ന ഈ കാലഘട്ടത്തിൽ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള വിഭജനം ഇല്ലാതാക്കി ഭൂമിയെ ഒരു തൊട്ടിലായും പ്രകൃതിയെ അതിൻ്റെ കാവലാളായും കാണുന്ന ഒ എൻ വിയുടെ ഗാനങ്ങളിൽ പാരിസ്ഥിതിക പ്രതിബദ്ധത സൃഷ്ടിക്കുന്ന 'ഫാന്റസി'(fantasy) പരിസരം    സവിശേഷതയാണ്.

ഗ്രന്ഥസൂചി

●      അനിൽകുമാർ കെ വി ഒ എൻ വിയുടെ രചനാശില്പം, പ്രബോധ പബ്ലിക്കേഷൻസ് കൊച്ചി 2022

●      ഒ എൻ വി , മധുരിക്കും ഓർമ്മകളേ ( ചലച്ചിത്രഗാനങ്ങൾ) ഡി സി ബുക്സ് കോട്ടയം 2016

●      മധുസൂദനൻ ജി ( എ ഡി)ഹരിതനിരൂപണം മലയാളത്തിൽ കറൻ്റ് ബുക്സ് തൃശൂർ , 2002

●      വത്സലൻ വാതുശ്ശേരി ഡോ. കഥയും ഫാൻ്റസിയും കറൻ്റ് ബുക്സ് കോട്ടയം 2004

●      Tzetan Todorov, The Fantastic: A Structural Approch to a Literary Genre, Ithaca,N.Y. Comell University press 1975

സ്വാതി കെ പി

ഗവേഷക

മലയാള വിഭാഗം

വിമല കോളേജ് (ഓട്ടോണമസ്) തൃശൂർ

കാലിക്കറ്റ് യൂണിവേഴ്സിറ്റി

 

 

 

 

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
ചീഫ് എഡിറ്റര്‍
ഡോ. ബി. ശ്രീകുമാർ സമ്പത്ത്



സ്റ്റുഡന്‍റ് എഡിറ്റര്‍
രതീഷ്
Fkv. 

ഇഷ്യു എഡിറ്റർ

​ഷീന എസ്.

FUntäm-dnb t_mÀUv 
AwK§Ä
ഡോ. കെ. റഹിം
ഡോ. സജീവ്കുമാർ എസ്.
ഡോ. ശ്രീലക്ഷ്മി എസ്.കെ.
ഡോ. രാമചന്ദ്രൻ പിള്ള എം.
ഡോ. അമ്പിളി ആർ.പി.
ഡോ. സംഗീത കെ.
ബിന്ദു എ.എം.

ഷീന എസ്.
ഡോ. കാരുണ്യ വി. എം.
അസോസിയേറ്റ് എഡിറ്റേഴ്സ്
ഡോ.ലാലു വി. , യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം
ഡോ.ഗംഗാദേവി എം., ഗവ. കോളേജ്, നെടുമങ്ങാട്, 
ഡോ.സേതുലക്ഷ്മി എം.എസ്. 
ഗവ.കോളേജ് ,നെടുമങ്ങാട്
Publishers Name:          
Dr.B.SREEKUMAR SAMBATH
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996          

Unssk³ & te Hu«vv
cXojv Fk.v

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2026

​

bottom of page