top of page

ആൾക്കൂട്ട കൊലപാതകങ്ങൾ (Mob Lynching): ഒരു  സാമൂഹ്യ മനഃശാസ്ത്രപരമായ പഠനം

Oct 24
15 min read

Updated: 7 days ago

ഡോ. അനുസ്മിത. എൻ

സംഗ്രഹം (Abstract)

ആൾക്കൂട്ട കൊലപാതകം (Mob Lynching) സമകാലിക സമൂഹത്തിൽ വർധിച്ചുവരുന്ന ഗുരുതരമായ സാമൂഹിക അക്രമരൂപമാണ്. നിയമവാഴ്ചയെയും നീതിന്യായ വ്യവസ്ഥയെയും മറികടന്ന് ഒരു ജനക്കൂട്ടം ഒരാളെയോ ഒരു വിഭാഗത്തെയോ കുറ്റക്കാരായി വിധിക്കുകയും അക്രമത്തിലൂടെ ശിക്ഷിക്കുകയും ചെയ്യുന്ന ഈ പ്രവണത ജനാധിപത്യ മൂല്യങ്ങൾക്കും മനുഷ്യാവകാശങ്ങൾക്കും ഭരണഘടന ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശത്തിനും ഗുരുതരമായ വെല്ലുവിളിയാണ്. അഭ്യൂഹങ്ങൾ, ജാതി–മത ധ്രുവീകരണം, വംശീയ മുൻവിധികൾ, സാമൂഹിക ദുരഭിമാനം, രാഷ്ട്രീയ ധ്രുവീകരണം, സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജവിവരങ്ങൾ, നിയമസംവിധാനത്തോടുള്ള അവിശ്വാസം എന്നിവ ആൾക്കൂട്ട കൊലപാതകങ്ങളുടെ പ്രധാന സാമൂഹിക–മനഃശാസ്ത്രപരമായ കാരണങ്ങളായി ഈ പഠനം വിലയിരുത്തുന്നു. ഈ പ്രതിഭാസത്തിന്റെ സാമൂഹിക, മനഃശാസ്ത്രപര, ഡിജിറ്റൽ മാനങ്ങൾ വിശകലനം ചെയ്യുകയും അതിന്റെ സാമൂഹിക പ്രത്യാഘാതങ്ങൾ വിലയിരുത്തുകയും ചെയ്യുക എന്നതാണ് പഠനത്തിന്റെ പ്രധാന ലക്ഷ്യം.

ഗുണാത്മക (Qualitative) ഗവേഷണരീതിയെ അടിസ്ഥാനമാക്കിയുള്ള ഈ പഠനം പുസ്തകങ്ങൾ, ഗവേഷണലേഖനങ്ങൾ, കോടതി വിധികൾ, സർക്കാർ റിപ്പോർട്ടുകൾ, വിശ്വാസ്യതയുള്ള വാർത്താ സ്രോതസ്സുകൾ എന്നിവ ദ്വിതീയ വിവരസ്രോതസ്സുകളായി ഉപയോഗിച്ചാണ് തയ്യാറാക്കിയിരിക്കുന്നത്. ഗുസ്താവ് ലെ ബോണിന്റെ കൂട്ടമനഃശാസ്ത്ര സിദ്ധാന്തം, ഫിലിപ്പ് സിംബാർഡോയുടെ വ്യക്തിത്വലോപ സിദ്ധാന്തം, ഡാർലി–ലാറ്റാനേയുടെ ഉത്തരവാദിത്വത്തിന്റെ വ്യാപന സിദ്ധാന്തം, ഹെൻറി താജ്ഫെലിന്റെയും ജോൺ ടർണറുടെയും സാമൂഹിക സ്വത്വ സിദ്ധാന്തം, ഗോർഡൻ ഓൾപോർട്ടിന്റെയും ലിയോ പോസ്റ്റ്മാന്റെയും അഭ്യൂഹങ്ങളുടെ മനഃശാസ്ത്ര സിദ്ധാന്തം എന്നിവയാണ് പഠനത്തിന്റെ സൈദ്ധാന്തിക ചട്ടക്കൂട്. ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട പ്രധാന ആൾക്കൂട്ട കൊലപാതക സംഭവങ്ങളുടെ വിശകലനം, കൂട്ടമനോഭാവം, സാമൂഹിക തിരിച്ചറിയൽ, ഉത്തരവാദിത്വബോധത്തിന്റെ ക്ഷയം, അഭ്യൂഹങ്ങളുടെ വ്യാപനം, ഡിജിറ്റൽ മാധ്യമങ്ങളുടെ സ്വാധീനം എന്നിവ ജനക്കൂട്ട അക്രമങ്ങളുടെ രൂപീകരണത്തിൽ നിർണായക പങ്കുവഹിക്കുന്നതായി വ്യക്തമാക്കുന്നു.

ആൾക്കൂട്ട കൊലപാതകങ്ങൾ വ്യക്തികളുടെ അക്രമപ്രവണതയുടെ മാത്രം ഫലമല്ലെന്നും സാമൂഹിക ഘടനകൾ, മനഃശാസ്ത്രപരമായ പ്രക്രിയകൾ, ഡിജിറ്റൽ ആശയവിനിമയരീതികൾ, രാഷ്ട്രീയ–സാംസ്കാരിക സാഹചര്യങ്ങൾ എന്നിവയുടെ സംയോജിത ഫലമാണെന്നും പഠനം നിഗമനം ചെയ്യുന്നു. നിയമപരമായ ഇടപെടലുകൾക്കൊപ്പം മനുഷ്യാവകാശബോധം, ഭരണഘടനാ മൂല്യങ്ങളോടുള്ള പ്രതിബദ്ധത, മാധ്യമ–ഡിജിറ്റൽ സാക്ഷരത, സാമൂഹിക ഉത്തരവാദിത്വബോധം എന്നിവ ശക്തിപ്പെടുത്തുന്ന ബഹുമുഖ ഇടപെടലുകളിലൂടെയാണ് ആൾക്കൂട്ട കൊലപാതകങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാനാകുകയെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു.

താക്കോൽ വാക്കുകൾ : ആൾക്കൂട്ട കൊലപാതകം,  കൂട്ടമനോഭാവ സിദ്ധാന്തം,   വ്യക്തിത്വലോപ സിദ്ധാന്തം, ഉത്തരവാദിത്വ വ്യാപന സിദ്ധാന്തം, സാമൂഹിക സ്വത്വ സിദ്ധാന്തം, അഭ്യൂഹങ്ങളുടെ സാമൂഹ്യ മനശ്ശാസ്ത്രം, ഡിജിറ്റൽ മനഃശ്ശാസ്ത്രം.

 


 

ആമുഖം

                    ജനാധിപത്യ സമൂഹത്തിന്റെ അടിസ്ഥാനശിലകളാണ് നിയമവാഴ്ച (Rule of Law), മനുഷ്യാവകാശങ്ങളുടെ സംരക്ഷണം, നിയമത്തിനു മുന്നിലുള്ള സമത്വം, നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യം എന്നിവ. ഒരു വ്യക്തി കുറ്റകൃത്യം ചെയ്തിട്ടുണ്ടോ എന്നത് നിയമപരമായ അന്വേഷണത്തിലൂടെയും ന്യായമായ വിചാരണയിലൂടെയും മാത്രമാണ് നിർണയിക്കപ്പെടേണ്ടത്. കുറ്റകൃത്യങ്ങളെ അന്വേഷിക്കുകയും കുറ്റക്കാരെ നിയമാനുസൃതമായി ശിക്ഷിക്കുകയും ചെയ്യാനുള്ള അധികാരം ഭരണഘടന അംഗീകരിച്ചിരിക്കുന്ന സ്ഥാപനങ്ങൾക്കാണ്. ഈ നിയമസംവിധാനമാണ് വ്യക്തികളുടെ ജീവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും സാമൂഹിക സുരക്ഷയും ഉറപ്പാക്കുന്നത്. എന്നാൽ സമകാലിക സമൂഹത്തിൽ ചില സാഹചര്യങ്ങളിൽ ജനക്കൂട്ടം നിയമസംവിധാനത്തെ മറികടന്ന് സ്വയം കുറ്റം നിർണയിക്കുകയും ശിക്ഷ നടപ്പാക്കുകയും ചെയ്യുന്ന പ്രവണത വർധിച്ചുവരുന്നതായി കാണപ്പെടുന്നു. കുറ്റം തെളിയിക്കപ്പെടുന്നതിന് മുമ്പുതന്നെ ഒരാളെ സംശയത്തിന്റെ പേരിൽ ജനക്കൂട്ടം ആക്രമിക്കുകയും പലപ്പോഴും മരണത്തിലേക്ക് നയിക്കുകയും ചെയ്യുന്ന ഇത്തരം അക്രമങ്ങളെയാണ് പൊതുവെ ആൾക്കൂട്ട കൊലപാതകം (Mob Lynching) എന്ന് വിശേഷിപ്പിക്കുന്നത്. നിയമവാഴ്ചയെ വെല്ലുവിളിക്കുന്ന ഈ പ്രവണത ജനാധിപത്യ മൂല്യങ്ങൾക്കും മനുഷ്യാവകാശങ്ങൾക്കും ഗുരുതരമായ ഭീഷണിയാണ്.

             ആൾക്കൂട്ട കൊലപാതകങ്ങൾ ഒറ്റപ്പെട്ട കുറ്റകൃത്യങ്ങളായി മാത്രം വിലയിരുത്താൻ കഴിയില്ല. സാമൂഹിക മുൻവിധികൾ, കൂട്ടമനോഭാവം, ജാതി–മത ധ്രുവീകരണം, വംശീയ വിദ്വേഷം, അഭ്യൂഹങ്ങൾ, ഡിജിറ്റൽ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ, രാഷ്ട്രീയ ധ്രുവീകരണം, സാമൂഹിക അസഹിഷ്ണുത എന്നിവയുടെ സംയോജിത ഫലമായാണ് ഇത്തരം അക്രമങ്ങൾ രൂപപ്പെടുന്നത്. പ്രത്യേകിച്ച് സാമൂഹ്യമാധ്യമങ്ങളുടെ വ്യാപനത്തോടെ സ്ഥിരീകരിക്കപ്പെടാത്ത വിവരങ്ങളും വ്യാജവാർത്തകളും വളരെ വേഗത്തിൽ പ്രചരിക്കുന്ന സാഹചര്യത്തിൽ ജനങ്ങളുടെ വികാരങ്ങൾ എളുപ്പത്തിൽ ഉത്തേജിതമാകുകയും അത് ജനക്കൂട്ട അക്രമങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു.

       സാമൂഹ്യ–മനഃശാസ്ത്ര പഠനങ്ങൾ വ്യക്തമാക്കുന്നത്, ഒരു വ്യക്തി ഒറ്റയ്ക്ക് ചെയ്യാൻ സാധ്യതയില്ലാത്ത അക്രമപരമായ പ്രവർത്തനങ്ങൾ പോലും ഒരു കൂട്ടത്തിന്റെ ഭാഗമായിരിക്കുമ്പോൾ ചെയ്യാൻ സാധ്യതയുണ്ടെന്നാണ്. കൂട്ടത്തിനുള്ളിൽ വ്യക്തിപരമായ ഉത്തരവാദിത്വബോധം ക്ഷയിക്കുകയും വികാരാധിഷ്ഠിത പ്രതികരണങ്ങൾ ശക്തമാവുകയും കൂട്ടത്തിന്റെ സ്വാധീനം വ്യക്തിയുടെ യുക്തിചിന്തയെ മറികടക്കുകയും ചെയ്യുന്നു. ഈ അവസ്ഥയെ വിശദീകരിക്കുന്നതിനായി ഗുസ്താവ് ലെ ബോൺ, ഫിലിപ്പ് സിംബാർഡോ, ഡാർലി–ലാറ്റാനേ, ഹെൻറി താജ്ഫെൽ, ഗോർഡൻ ഓൾപോർട്ട് തുടങ്ങിയ സാമൂഹ്യ–മനഃശാസ്ത്രജ്ഞർ അവതരിപ്പിച്ച സിദ്ധാന്തങ്ങൾ സുപ്രധാനമായ വ്യാഖ്യാനചട്ടക്കൂടുകൾ നൽകുന്നു.

            കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട നിരവധി ആൾക്കൂട്ട കൊലപാതകങ്ങൾ ഈ പ്രശ്നത്തിന്റെ സാമൂഹിക പ്രസക്തി  കൂടുതൽ വ്യക്തമാക്കുന്നു. മോഷണ സംശയം, കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നുവെന്ന അഭ്യൂഹം, ഗോവധാരോപണം, മതപരവും ജാതിപരവുമായ വിദ്വേഷം, കുടിയേറ്റ തൊഴിലാളികളെ കുറിച്ചുള്ള  മുൻവിധി, സാമൂഹിക ദുരഭിമാനം തുടങ്ങിയ വിവിധ സാഹചര്യങ്ങളിലാണ് ഇത്തരം സംഭവങ്ങൾ കൂടുതലായും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നത് ഉയർന്ന സാമൂഹിക വികസന സൂചികകൾ മാത്രമുപയോഗിച്ച് ഇത്തരം അക്രമങ്ങളെ വിശദീകരിക്കാൻ കഴിയില്ലെന്ന വസ്തുതയിലേക്ക് വിരൽചൂണ്ടുന്നു. ഈ പശ്ചാത്തലത്തിൽ ആൾക്കൂട്ട കൊലപാതകങ്ങളെ സാമൂഹ്യ–മനഃശാസ്ത്ര സിദ്ധാന്തങ്ങളുടെ വെളിച്ചത്തിൽ വിശകലനം ചെയ്യുകയും അവയുടെ സാമൂഹിക, രാഷ്ട്രീയ, നിയമപരമായ പ്രത്യാഘാതങ്ങൾ വിലയിരുത്തുകയും പ്രതിരോധ മാർഗങ്ങൾ നിർദേശിക്കുകയും ചെയ്യുക എന്നതാണ് ഈ പഠനത്തിന്റെ പ്രധാന ലക്ഷ്യം. സമകാലിക ഇന്ത്യയിലെ സാമൂഹിക യാഥാർഥ്യങ്ങളെ മനസ്സിലാക്കുന്നതിനും ജനാധിപത്യ സമൂഹത്തിൽ നിയമവാഴ്ചയും മനുഷ്യാവകാശങ്ങളും ശക്തിപ്പെടുത്തുന്നതിനും ഈ പഠനം പ്രസക്തമാണെന്ന് കരുതുന്നു.

ആൾക്കൂട്ട കൊലപാതകം: ആശയവും നിർവചനവും (Concept and Definition of Mob Lynching)

●       ആൾക്കൂട്ട കൊലപാതകം (Mob Lynching) എന്നത്, നിയമപരമായ വിചാരണയോ ന്യായവിധിയോ കൂടാതെ, ഒരു വ്യക്തിയെയോ വ്യക്തികളുടെ ഒരു വിഭാഗത്തെയോ കുറ്റക്കാരാണെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ ജനക്കൂട്ടം സ്വമേധയാ ആക്രമിക്കുകയും ഗുരുതരമായി പരിക്കേൽപ്പിക്കുകയോ കൊലപ്പെടുത്തുകയോ ചെയ്യുന്ന നിയമവിരുദ്ധമായ അക്രമപ്രവർത്തനത്തെയാണ് സൂചിപ്പിക്കുന്നത്. ഇത് വ്യക്തിക്കെതിരെയുള്ള അക്രമം മാത്രമല്ല; ജനാധിപത്യ വ്യവസ്ഥയുടെ അടിസ്ഥാനമായ നിയമവാഴ്ച (Rule of Law), നിഷ്പക്ഷ നീതിന്യായം, മനുഷ്യാവകാശങ്ങൾ എന്നിവയ്ക്കെതിരായ ഗുരുതരമായ വെല്ലുവിളി കൂടിയാണ്.  “ആൾക്കൂട്ട കൊലപാതകം” എന്നർത്ഥത്തിൽ ഇന്ന് വ്യാപകമായി ഉപയോഗിക്കുന്ന “Lynching” എന്ന ഇംഗ്ലീഷ് പദം പതിനെട്ടാം നൂറ്റാണ്ടിലെ അമേരിക്കൻ ജഡ്ജിയും, അമേരിക്കൻ സ്വാതന്ത്ര്യസമരകാലത്ത് സന്നദ്ധ സായുധ സംഘം ഉദ്യോഗസ്ഥനുമായ ചാൾസ് ലിഞ്ച് ( Charles Lynch ) എന്ന വ്യക്തിയുടെ പേരുമായി ബന്ധപ്പെട്ടാണ് രൂപംകൊണ്ടതെന്ന് ചരിത്രകാരന്മാർ പൊതുവെ വിലയിരുത്തുന്നു. അമേരിക്കൻ സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടീഷ് അനുകൂലികളെന്ന് സംശയിക്കപ്പെട്ട ചിലരെ ഔപചാരിക കോടതി വിചാരണ കൂടാതെ ശിക്ഷിച്ച അദ്ദേഹത്തിന്റെ നടപടികൾ “Lynch Law” എന്ന പേരിൽ അറിയപ്പെട്ടു. കാലക്രമേണ ഈ പ്രയോഗത്തിൽ നിന്നാണ് “Lynching” എന്ന പദം രൂപംകൊണ്ടത്. പിന്നീട്, ജനക്കൂട്ടം നിയമവ്യവസ്ഥയെ മറികടന്ന് സ്വയം ശിക്ഷ നടപ്പാക്കുന്ന എല്ലാ അക്രമങ്ങളെയും സൂചിപ്പിക്കുന്ന പൊതുപദമായി ‘Lynching’ എന്ന ആശയം വികസിച്ചു. ചരിത്രപരമായി അമേരിക്കയിൽ ആഫ്രിക്കൻ വംശജർക്കെതിരെ നടന്ന വർഗീയ അക്രമങ്ങളുമായി ഈ പദം ശക്തമായി ബന്ധപ്പെട്ടിരുന്നുവെങ്കിലും, ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത സാമൂഹിക സാഹചര്യങ്ങളിൽ നടക്കുന്ന ജനക്കൂട്ട അക്രമങ്ങളെയും ഇതേ പദം ഉപയോഗിച്ച് വിശേഷിപ്പിക്കുന്നു.

          സാധാരണ കൊലപാതകങ്ങളിൽ നിന്ന് ആൾക്കൂട്ട കൊലപാതകങ്ങളെ വ്യത്യസ്തമാക്കുന്ന പ്രധാന ഘടകം, ഒരാളുടെ ആസൂത്രിതമായ വ്യക്തിഗത അക്രമത്തിന് പകരം ഒരു ജനക്കൂട്ടത്തിന്റെ കൂട്ടായ പ്രവർത്തനമാണ് ഇതിൽ നിർണായകമാകുന്നത് എന്നതാണ്. ഇത്തരം സംഭവങ്ങളിൽ ആക്രമണം പലപ്പോഴും വികാരാധിഷ്ഠിതവും തൽക്ഷണവുമായ പ്രതികരണത്തിന്റെ ഫലമാണ്. അഭ്യൂഹങ്ങൾ, തെറ്റായ വിവരങ്ങൾ, ജാതിമത മുൻവിധികൾ, വംശീയ വിദ്വേഷം, മോഷണസംശയം, കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നുവെന്ന പ്രചാരണം, ഗോവധാരോപണം, സാമൂഹിക ദുരഭിമാനം തുടങ്ങിയ ഘടകങ്ങൾ ജനക്കൂട്ടത്തിന്റെ വികാരങ്ങളെ ഉത്തേജിപ്പിക്കുകയും നിയമപരമായ നടപടികൾക്ക് മുമ്പേ സ്വയം ശിക്ഷ നടപ്പാക്കുന്ന പ്രവണതയ്ക്ക് കാരണമാവുകയും ചെയ്യുന്നു. 

           സമൂഹശാസ്ത്രപരമായി നോക്കുമ്പോൾ ആൾക്കൂട്ട കൊലപാതകം "സ്വയംനീതിനിർവഹണം"  (Vigilantism ) എന്ന പ്രതിഭാസവുമായി അടുത്ത ബന്ധമുള്ളതാണ്. ഇത് നിയമസംവിധാനത്തെയും കോടതികളെയും മറികടന്ന് വ്യക്തികളോ ജനക്കൂട്ടങ്ങളോ സ്വമേധയാ കുറ്റം വിധിക്കുകയും ശിക്ഷ നടപ്പാക്കുകയും ചെയ്യുന്ന നിയമവിരുദ്ധ പ്രവണതയാണ്. ആൾക്കൂട്ട കൊലപാതകങ്ങൾ ഈ സ്വയംനീതിനിർവഹണത്തിന്റെ ഏറ്റവും ക്രൂരമായ രൂപങ്ങളിലൊന്നാണ്.

      സാമൂഹ്യ മനഃശാസ്ത്രപരമായി ആൾക്കൂട്ട കൊലപാതകങ്ങളെ വിശദീകരിക്കുമ്പോൾ, വ്യക്തിയുടെ യുക്തിസഹമായ തീരുമാനങ്ങളേക്കാൾ കൂട്ടത്തിന്റെ വികാരങ്ങളും കൂട്ടായ തിരിച്ചറിയലും പെരുമാറ്റത്തെ നിയന്ത്രിക്കുന്ന സാഹചര്യമാണ് പ്രധാനമായി ഉയർന്നുവരുന്നത്. ഗുസ്താവ് ലെ ബോൺ അവതരിപ്പിച്ച കൂട്ടമനഃശാസ്ത്ര സിദ്ധാന്തം, ഫിലിപ്പ് സിംബാർഡോയുടെ വ്യക്തിത്വലോപ സിദ്ധാന്തം, ഡാർലി ലാറ്റാനേയുടെ ഉത്തരവാദിത്വ   സിദ്ധാന്തം, ഹെൻറി താജ്ഫെലിന്റെ സാമൂഹിക സ്വത്വ സിദ്ധാന്തം തുടങ്ങിയ സിദ്ധാന്തങ്ങൾ ഈ പ്രതിഭാസത്തെ മനസ്സിലാക്കുന്നതിനുള്ള ശക്തമായ വ്യാഖ്യാനചട്ടക്കൂടുകൾ നൽകുന്നു. വ്യക്തിയുടെ ഉത്തരവാദിത്വബോധം കൂട്ടത്തിനുള്ളിൽ ക്ഷയിക്കുകയും, “നമ്മൾ അവർ” എന്ന വിഭജനബോധം ശക്തിപ്പെടുകയും, അഭ്യൂഹങ്ങളും വികാരപ്രേരിത സന്ദേശങ്ങളും യുക്തിചിന്തയെ മറികടക്കുകയും ചെയ്യുമ്പോൾ ജനക്കൂട്ട അക്രമങ്ങൾ കൂടുതൽ സാധ്യതയുള്ളതാകുന്നു.

           ഇന്ത്യയിൽ കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ട ആൾക്കൂട്ട കൊലപാതകങ്ങൾ ഈ പ്രതിഭാസത്തിന്റെ സങ്കീർണത വ്യക്തമാക്കുന്നു. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നുവെന്ന അഭ്യൂഹങ്ങൾ, ഗോവധാരോപണങ്ങൾ, മോഷണസംശയങ്ങൾ, ജാതി മത വൈരങ്ങൾ, കുടിയേറ്റ തൊഴിലാളികളോടുള്ള മുൻവിധികൾ തുടങ്ങിയ വിവിധ സാഹചര്യങ്ങളിലാണ് ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഈ പശ്ചാത്തലത്തിൽ ആൾക്കൂട്ട കൊലപാതകങ്ങളെ വെറും ക്രിമിനൽ കുറ്റകൃത്യമായി മാത്രം കാണാതെ, സാമൂഹിക ഘടനകളുടെയും മനഃശാസ്ത്രപരമായ പ്രക്രിയകളുടെയും രാഷ്ട്രീയ സാഹചര്യങ്ങളുടെയും സംയോജിത ഫലമായി വിലയിരുത്തേണ്ടത് അനിവാര്യമാണ്.

ഗുസ്താവ് ലെ ബോണിന്റെ കൂട്ടമനഃശാസ്ത്ര സിദ്ധാന്തം (Gustave Le Bon’s Theory of Crowd Psychology)

           ആൾക്കൂട്ട കൊലപാതകം (Mob Lynching) പോലുള്ള ജനക്കൂട്ട അക്രമങ്ങളെ മനസ്സിലാക്കുന്നതിൽ ഏറ്റവും സ്വാധീനമുള്ള സാമൂഹ്യ മനഃശാസ്ത്ര സിദ്ധാന്തങ്ങളിലൊന്നാണ് ഫ്രഞ്ച് സാമൂഹ്യചിന്തകനായ ഗുസ്താവ് ലെ ബോൺ (Gustave Le Bon) അവതരിപ്പിച്ച കൂട്ടമനഃശാസ്ത്ര സിദ്ധാന്തം (Crowd Psychology). 1895-ൽ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ പ്രസിദ്ധഗ്രന്ഥമായ ‘The Crowd: A Study of the Popular Mind ‘ആധുനിക സാമൂഹ്യ–മനഃശാസ്ത്രത്തിന്റെ വികാസത്തിൽ നിർണായക സ്വാധീനം ചെലുത്തിയ കൃതിയായി കണക്കാക്കപ്പെടുന്നു. വ്യക്തി ഒരു ജനക്കൂട്ടത്തിന്റെ ഭാഗമാകുമ്പോൾ അദ്ദേഹത്തിന്റെ ചിന്താരീതിയിലും വികാരങ്ങളിലും പെരുമാറ്റത്തിലും ഉണ്ടാകുന്ന മാറ്റങ്ങളെയാണ് ലെ ബോൺ വിശദമായി വിശകലനം ചെയ്യുന്നത്. ലെ ബോണിന്റെ അഭിപ്രായത്തിൽ, ഒരു വ്യക്തി ഒറ്റയ്ക്ക് പ്രവർത്തിക്കുമ്പോൾ യുക്തിചിന്തയുടെയും ധാർമ്മികബോധത്തിന്റെയും സാമൂഹിക ഉത്തരവാദിത്വത്തിന്റെയും അടിസ്ഥാനത്തിലാണ് തീരുമാനങ്ങൾ കൈക്കൊള്ളുന്നത്. എന്നാൽ അതേ വ്യക്തി ഒരു ജനക്കൂട്ടത്തിന്റെ ഭാഗമാകുമ്പോൾ ഈ വ്യക്തിഗത നിയന്ത്രണങ്ങൾ ക്രമേണ ക്ഷയിക്കുകയും, കൂട്ടത്തിന്റെ വികാരങ്ങളും പ്രേരണകളും അദ്ദേഹത്തിന്റെ പെരുമാറ്റത്തെ നിയന്ത്രിക്കാൻ തുടങ്ങുകയും ചെയ്യുന്നു,  ( ലെ ബോൺ , 1895 : 28).  ഈ അവസ്ഥയെ അദ്ദേഹം “മാനസിക ഐക്യം” (Psychological Unity of the Crowd) എന്ന് വിശേഷിപ്പിക്കുന്നു. ജനക്കൂട്ടത്തിനുള്ളിൽ വ്യത്യസ്ത വ്യക്തിത്വങ്ങളും സാമൂഹിക പശ്ചാത്തലങ്ങളുമുള്ള ആളുകൾ പോലും ഒരേ വികാരധാരയിൽ പ്രവർത്തിക്കുന്ന പ്രവണത പ്രകടിപ്പിക്കുന്നു.

            ലെ ബോൺ കൂട്ടമനഃശാസ്ത്രത്തെ വിശദീകരിക്കുന്ന മൂന്ന് പ്രധാന ഘടകങ്ങളെ ചൂണ്ടിക്കാണിക്കുന്നു. ഒന്നാമത്തേത് അജ്ഞാതത്വം (Anonymity) ആണ്. ജനക്കൂട്ടത്തിനുള്ളിൽ വ്യക്തിക്ക് തന്റെ വ്യക്തിപരമായ തിരിച്ചറിവ് മങ്ങിപ്പോയെന്ന അനുഭവം ഉണ്ടാകുന്നു. തന്റെ പ്രവർത്തനങ്ങൾക്ക് വ്യക്തിപരമായി ഉത്തരവാദിയാകേണ്ടി വരില്ലെന്ന ധാരണ അദ്ദേഹത്തിന്റെ ധാർമ്മിക നിയന്ത്രണങ്ങളെ ദുർബലപ്പെടുത്തുന്നു. അതിനാൽ സാധാരണ സാഹചര്യങ്ങളിൽ ചെയ്യാൻ മടിക്കുന്ന പ്രവൃത്തികൾ പോലും ജനക്കൂട്ടത്തിനുള്ളിൽ ചെയ്യാൻ വ്യക്തി തയ്യാറാകുന്നു.  രണ്ടാമത്തെ ഘടകം വികാരങ്ങളുടെ വ്യാപനം (Contagion) ആണ്. ലെ ബോണിന്റെ അഭിപ്രായത്തിൽ വികാരങ്ങൾ ജനക്കൂട്ടത്തിനുള്ളിൽ പകർച്ചവ്യാധിപോലെ അതിവേഗത്തിൽ വ്യാപിക്കുന്നു. ഒരാളുടെ ഭയം, കോപം, പ്രതികാരവികാരം എന്നിവ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ മുഴുവൻ കൂട്ടത്തിന്റെയും വികാരമായി മാറുന്നു. യുക്തിപരമായ വിശകലനത്തിന് പകരം വികാരങ്ങൾ തീരുമാനങ്ങളെ നിയന്ത്രിക്കുന്ന അവസ്ഥയാണിത്. ആൾക്കൂട്ട കൊലപാതകങ്ങളിൽ ചെറിയൊരു അഭ്യൂഹം പോലും നിമിഷങ്ങൾക്കുള്ളിൽ വലിയ അക്രമത്തിലേക്ക് മാറുന്നത് ഈ വികാരവ്യാപനത്തിന്റെ ഉദാഹരണമാണ്. മൂന്നാമത്തെ ഘടകം നിർദേശസ്വീകാര്യത (Suggestibility) ആണ്. ജനക്കൂട്ടത്തിനുള്ളിൽ വ്യക്തി വിമർശനാത്മകമായി ചിന്തിക്കുന്നതിനേക്കാൾ, മറ്റുള്ളവരുടെ അഭിപ്രായങ്ങളെയും മുദ്രാവാക്യങ്ങളെയും അഭ്യൂഹങ്ങളെയും എളുപ്പത്തിൽ സ്വീകരിക്കുന്നു. പ്രത്യേകിച്ച് ജനക്കൂട്ടത്തിനുള്ളിൽ സ്വാധീനമുള്ള ഒരാളുടെ പ്രസ്താവനയോ ഒരു സാമൂഹ്യ മാധ്യമ സന്ദേശമോ പരിശോധനയില്ലാതെ സത്യമായി അംഗീകരിക്കപ്പെടാൻ സാധ്യത കൂടുതലാണ്. ഇതുവഴി തെറ്റായ വിവരങ്ങൾ പോലും ജനക്കൂട്ടത്തിന്റെ കൂട്ടായ വിശ്വാസമായി മാറുന്നു. ഈ മൂന്ന് ഘടകങ്ങളുടെ സംയോജനമാണ് ആൾക്കൂട്ട അക്രമങ്ങളുടെ മനഃശാസ്ത്രപരമായ അടിത്തറ രൂപപ്പെടുത്തുന്നത്. വ്യക്തിയുടെ സ്വതന്ത്രമായ യുക്തി ചിന്തയ്ക്ക് പകരം കൂട്ടത്തിന്റെ വികാരങ്ങളാണ് പെരുമാറ്റത്തെ നിയന്ത്രിക്കുന്നത്. ഇതിന്റെ ഫലമായി നിയമവാഴ്ചയോടുള്ള ബഹുമാനവും വ്യക്തിപരമായ ഉത്തരവാദിത്വബോധവും ക്ഷയിക്കുന്നു.

          ഇന്ത്യയിലെ നിരവധി ആൾക്കൂട്ട കൊലപാതക സംഭവങ്ങളിൽ ലെ ബോണിന്റെ സിദ്ധാന്തത്തിന്റെ പ്രസക്തി വ്യക്തമായി കാണാം. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെന്ന അഭ്യൂഹത്തെ തുടർന്ന് മഹാരാഷ്ട്രയിലെ ധുലെയിൽ അഞ്ച് നിരപരാധികളെ ജനക്കൂട്ടം കൊലപ്പെടുത്തിയ സംഭവം, (ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് , 2018 : ജൂലൈ 2 ), കേരളത്തിൽ പാലക്കാട്ടെ അട്ടപ്പാടിയിലെ  മധുവിനെ ഭക്ഷണം മോഷ്ടിച്ചുവെന്നാരോപിച്ച് മർദിച്ചു കൊലപ്പെടുത്തിയ സംഭവം, ( മാതൃഭൂമി , 2018 : ഫെബ്രുവരി 24 ), ഝാർഖണ്ഡിൽ തബ്രേസ് അൻസാരി കൊല്ലപ്പെട്ട സംഭവം (എൻ.ഡി.ടി.വി , 2019 :  ജൂലൈ 12) തുടങ്ങിയവയിൽ ജനക്കൂട്ടത്തിന്റെ വികാരാധിഷ്ഠിത പ്രതികരണമാണ് നിർണായകമായി പ്രവർത്തിച്ചത്. ഈ സംഭവങ്ങളിലെല്ലാം ആക്രമണത്തിന് മുമ്പ് നിയമപരമായ അന്വേഷണത്തിനോ തെളിവുകൾ പരിശോധിക്കുന്നതിനോ ജനക്കൂട്ടം തയ്യാറായിരുന്നില്ല. പകരം, അഭ്യൂഹങ്ങളും കൂട്ടായ വികാരവുമാണ് അവരുടെ പ്രവർത്തനങ്ങളെ നിയന്ത്രിച്ചത്. എന്നിരുന്നാലും, ലെ ബോണിന്റെ സിദ്ധാന്തത്തിന് ചില പരിമിതികളും സാമൂഹ്യ–മനഃശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നു. എല്ലാ ജനക്കൂട്ടങ്ങളും അക്രമാസക്തമാകുന്നില്ല. ദുരന്തനിവാരണ പ്രവർത്തനങ്ങൾ, സാമൂഹിക പ്രക്ഷോഭങ്ങൾ, ജനാധിപത്യപരമായ പ്രതിഷേധങ്ങൾ, രക്ഷാപ്രവർത്തനങ്ങൾ എന്നിവയിൽ ജനക്കൂട്ടം വളരെ ഉത്തരവാദിത്വത്തോടെയും സഹകരണ മനോഭാവത്തോടെയും പ്രവർത്തിക്കുന്നതായി ഗവേഷണങ്ങൾ തെളിയിക്കുന്നു. അതിനാൽ ജനക്കൂട്ടത്തിന്റെ പെരുമാറ്റത്തെ വികാരാധിഷ്ഠിതമായി മാത്രം വിശദീകരിക്കുന്നത് മതിയാകില്ലെന്ന് പിന്നീട് വന്ന ഗവേഷകർ അഭിപ്രായപ്പെട്ടു. പ്രത്യേകിച്ച് സ്റ്റീഫൻ റൈഷർ (Stephen Reicher) അവതരിപ്പിച്ച Social Identity Model of Crowd Behaviour ജനക്കൂട്ടത്തിന്റെ പെരുമാറ്റം പങ്കുവയ്ക്കപ്പെടുന്ന സാമൂഹിക തിരിച്ചറിയലുകളാലും സാഹചര്യങ്ങളാലും രൂപപ്പെടുന്നതാണെന്ന് വിശദീകരിക്കുന്നു. അതിനാൽ ലെ ബോണിന്റെ സിദ്ധാന്തത്തെ പിന്നീട് വികസിച്ച സാമൂഹിക സ്വത്വ സമീപനങ്ങളുമായി ചേർത്തുവായിക്കുമ്പോഴാണ് ആൾക്കൂട്ട കൊലപാതകങ്ങളുടെ യഥാർഥ സാമൂഹ്യ മനഃശാസ്ത്രപരമായ സ്വഭാവം കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ കഴിയുന്നത്. അതേസമയം, ജനക്കൂട്ടത്തിനുള്ളിൽ വ്യക്തിയുടെ ഉത്തരവാദിത്വബോധം കുറയുകയും വികാരങ്ങൾ യുക്തിചിന്തയെ മറികടക്കുകയും ചെയ്യുന്ന സാഹചര്യങ്ങൾ വിശദീകരിക്കുന്നതിൽ ലെ ബോണിന്റെ സിദ്ധാന്തം ഇന്നും പ്രസക്തമാണ്. പ്രത്യേകിച്ച് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജവിവരങ്ങളും അഭ്യൂഹങ്ങളും നിമിഷങ്ങൾക്കുള്ളിൽ വലിയ ജനക്കൂട്ടത്തെ സ്വാധീനിക്കുന്ന ഡിജിറ്റൽ കാലഘട്ടത്തിൽ, കൂട്ടമനഃശാസ്ത്രത്തിന്റെ ഈ അടിസ്ഥാന ആശയങ്ങൾ ആൾക്കൂട്ട കൊലപാതകങ്ങളെ മനസ്സിലാക്കുന്നതിനുള്ള പ്രാഥമിക വിശകലന ചട്ടക്കൂടായി തുടരുന്നു.

വ്യക്തിത്വ ലോപ സിദ്ധാന്തം (De-individuation Theory)

        ആൾക്കൂട്ട കൊലപാതകങ്ങൾ പോലുള്ള കൂട്ട അക്രമങ്ങളിൽ വ്യക്തിയുടെ പെരുമാറ്റത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളെ വിശദീകരിക്കുന്ന പ്രധാന സാമൂഹ്യ മനഃശാസ്ത്ര സിദ്ധാന്തമാണ് വ്യക്തിത്വ ലോപ സിദ്ധാന്തം (De- individuation Theory). 1950-കളിൽ ലിയോൺ ഫെസ്റ്റിംഗർ (Leon Festinger) ഈ ആശയം അവതരിപ്പിച്ചെങ്കിലും, പിന്നീട് ഫിലിപ്പ് സിംബാർഡോ (Philip G. Zimbardo), എഡ് ഡീനർ (Ed Diener) തുടങ്ങിയ ഗവേഷകർ ഇതിനെ കൂടുതൽ വികസിപ്പിച്ചു. ഒരു വ്യക്തി വലിയൊരു കൂട്ടത്തിന്റെ ഭാഗമാകുമ്പോൾ വ്യക്തിപരമായ തിരിച്ചറിവും (personal identity), ആത്മബോധവും (self-awareness), ധാർമ്മിക നിയന്ത്രണവും (self-regulation) താൽക്കാലികമായി ക്ഷയിക്കുന്ന അവസ്ഥയെയാണ് വ്യക്തിത്വലോപം എന്ന് വിശേഷിപ്പിക്കുന്നത്.

                സിംബാർഡോയുടെ അഭിപ്രായത്തിൽ, വ്യക്തി ഒറ്റയ്ക്കായിരിക്കുമ്പോൾ തന്റെ പ്രവൃത്തികളുടെ സാമൂഹികവും നിയമപരവുമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധവാനായിരിക്കും. എന്നാൽ ഒരു ജനക്കൂട്ടത്തിന്റെ ഭാഗമാകുമ്പോൾ ആ ബോധം ക്രമേണ കുറയുന്നു. അതിന്റെ ഫലമായി, സാധാരണ സാഹചര്യങ്ങളിൽ അംഗീകരിക്കാത്ത അക്രമപരമായ പെരുമാറ്റങ്ങൾ പോലും വ്യക്തി പ്രകടിപ്പിക്കാൻ സാധ്യതയുണ്ട്. ദി ലൂസിഫർ എഫക്ട് '  എന്ന ഗ്രന്ഥത്തിൽ സിംബാർഡോ ചൂണ്ടിക്കാണിക്കുന്നത്, സാഹചര്യങ്ങളും (Situational factors) സാമൂഹിക പശ്ചാത്തലവും വ്യക്തിയുടെ പെരുമാറ്റത്തെ ആഴത്തിൽ സ്വാധീനിക്കുന്നു എന്നതാണ്. അക്രമം എല്ലായ്പ്പോഴും വ്യക്തിയുടെ സ്വഭാവത്തിൽ നിന്ന് മാത്രമല്ല, പലപ്പോഴും അയാൾ ഉൾപ്പെട്ടിരിക്കുന്ന സാഹചര്യങ്ങളിൽ നിന്നുമാണ് രൂപപ്പെടുന്നത്. വ്യക്തിത്വലോപത്തിന്റെ പ്രധാന ഘടകങ്ങളായി ഗവേഷകർ ചൂണ്ടിക്കാണിക്കുന്നത് അജ്ഞാതത്വം (Anonymity), ഉത്തരവാദിത്വബോധത്തിന്റെ കുറവ് (Reduced Accountability), സ്വയം നിയന്ത്രണത്തിന്റെ ക്ഷയം (Reduced Self-regulation), കൂട്ടത്തിന്റെ മാനദണ്ഡങ്ങളോടുള്ള യോജിപ്പ്  (Conformity to Group Norms) എന്നിവയാണ്. ഈ ഘടകങ്ങൾ ഒരു മിച്ച് പ്രവർത്തിക്കുമ്പോൾ വ്യക്തിയുടെ ധാർമ്മിക തീരുമാനങ്ങളെക്കാൾ കൂട്ടത്തിന്റെ വികാരങ്ങളും മാനദണ്ഡങ്ങളും പെരുമാറ്റത്തെ നിയന്ത്രിക്കാൻ തുടങ്ങുന്നു. ( Zimbard, 2007 : 305-312 )

          ആൾക്കൂട്ട കൊലപാതകങ്ങളിൽ ഈ സിദ്ധാന്തത്തിന്റെ പ്രസക്തി വളരെ വ്യക്തമാണ്. ജനക്കൂട്ടത്തിനുള്ളിൽ ഓരോ വ്യക്തിക്കും, തന്റെ പ്രവർത്തനം പ്രത്യേകം തിരിച്ചറിയപ്പെടുകയോ വിലയിരുത്തപ്പെടുകയോ ചെയ്യില്ലെന്ന ബോധം ഉണ്ടാകാം. അതിനാൽ വ്യക്തിപരമായ ഉത്തരവാദിത്വം കുറവാണെന്ന തോന്നൽ രൂപപ്പെടുകയും അക്രമത്തിൽ പങ്കെടുക്കാനുള്ള മാനസിക തടസ്സങ്ങൾ കുറയുകയും ചെയ്യുന്നു. പ്രത്യേകിച്ച് ആക്രമണത്തിന്റെ ദൃശ്യങ്ങൾ പകർത്തുന്നവരും പ്രോത്സാഹിപ്പിക്കുന്നവരും മുദ്രാവാക്യം വിളിക്കുന്നവരും ആക്രമിക്കുന്നവരും ഒരേ കൂട്ടത്തിന്റെ ഭാഗമാകുമ്പോൾ, ഓരോരുത്തരും തങ്ങൾ വെറും ഒരു ചെറിയ പങ്ക് മാത്രമാണ് വഹിക്കുന്നതെന്ന ധാരണയിലേക്ക് എത്തിച്ചേരാൻ സാധ്യതയുണ്ട്.

             സാമൂഹ്യമാധ്യമങ്ങളുടെ വളർച്ച ഈ പ്രക്രിയയ്ക്ക് പുതിയൊരു മാനം നൽകിയിട്ടുണ്ട്. പലപ്പോഴും ജനക്കൂട്ട അക്രമങ്ങളുടെ ദൃശ്യങ്ങൾ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന പ്രവണത കാണപ്പെടുന്നു. ഇത് അക്രമത്തെ തടയുന്നതിനുപകരം ചില സന്ദർഭങ്ങളിൽ അതിനെ സാമൂഹികമായി അംഗീകരിക്കപ്പെട്ട പ്രവൃത്തിയായി അവതരിപ്പിക്കുന്ന അപകടസാധ്യത സൃഷ്ടിക്കുന്നു. ഇതുവഴി വ്യക്തിത്വലോപം യഥാർത്ഥ ജനക്കൂട്ടത്തിൽ മാത്രമല്ല, ഡിജിറ്റൽ സമൂഹങ്ങളിലും രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് സമകാലിക പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

കേരളത്തിൽ അട്ടപ്പാടിയിലെ മധു കേസിലും പാലക്കാട് റാംനാരായൺ ബഗേൽ കേസിലും പുറത്തുവന്ന ദൃശ്യങ്ങൾ ഈ സിദ്ധാന്തത്തിന്റെ പ്രസക്തി വ്യക്തമാക്കുന്നു. ആക്രമണത്തിനിടെ ചിലർ മർദനത്തിൽ നേരിട്ട് പങ്കെടുത്തപ്പോൾ മറ്റുചിലർ അത് കണ്ട് നിൽക്കുകയോ വീഡിയോ ചിത്രീകരിക്കുകയോ ചെയ്തിരുന്നു. സാമൂഹികമായി ഇടപെട്ട് അക്രമം തടയുന്നതിനുപകരം കൂട്ടത്തിന്റെ പെരുമാറ്റത്തോട് പൊരുത്തപ്പെടുന്ന സമീപനമാണ് പലരും സ്വീകരിച്ചത്. വ്യക്തിഗത ധാർമ്മികബോധത്തേക്കാൾ കൂട്ടത്തിന്റെ സ്വാധീനമാണ് അവരുടെ പെരുമാറ്റത്തെ നിർണയിച്ചതെന്ന് ഈ സംഭവങ്ങൾ സൂചിപ്പിക്കുന്നു. എന്നിരുന്നാലും, വ്യക്തിത്വലോപ സിദ്ധാന്തം എല്ലാ സാഹചര്യങ്ങളും ഒരുപോലെ പ്രവർത്തിക്കുന്നില്ല. എല്ലാ ജനക്കൂട്ടങ്ങളും അക്രമാസക്തമാകുന്നില്ല. ദുരന്തനിവാരണ പ്രവർത്തനങ്ങൾ, രക്തദാന ക്യാമ്പുകൾ, രക്ഷാപ്രവർത്തനങ്ങൾ, ജനാധിപത്യ പ്രതിഷേധങ്ങൾ തുടങ്ങിയ സന്ദർഭങ്ങളിൽ ജനക്കൂട്ടങ്ങൾ ഉയർന്ന ഉത്തരവാദിത്വബോധത്തോടെയും പരസ്പര സഹകരണത്തോടെയും പ്രവർത്തിക്കുന്നതായി പഠനങ്ങൾ തെളിയിക്കുന്നു. അതിനാൽ വ്യക്തിത്വലോപം മാത്രം അക്രമത്തിന്റെ കാരണം അല്ല; കൂട്ടത്തിന്റെ ലക്ഷ്യം, സാമൂഹിക തിരിച്ചറിയൽ, സാഹചര്യപരമായ സമ്മർദങ്ങൾ, നേതൃസ്വാധീനം, പ്രചരിക്കുന്ന വിവരങ്ങളുടെ സ്വഭാവം എന്നിവയും നിർണായകമാണ്. ഈ വിമർശനങ്ങളെ അടിസ്ഥാനമാക്കി പിന്നീട് സ്റ്റീഫൻ റൈഷർ ഉൾപ്പെടെയുള്ള ഗവേഷകർ സാമൂഹിക സ്വത്വ സമീപനത്തിലൂടെ വ്യക്തിത്വ ലോപ സിദ്ധാന്തത്തെ കുറച്ച് കൂടി വികസിപ്പിച്ചു.  ഈ സിദ്ധാന്തം ആൾക്കൂട്ട അക്രമങ്ങളിൽ പങ്കെടുക്കുന്ന ആളുകളുടെ  മനഃശാസ്ത്രപരമായ മാറ്റങ്ങളെ വിശദീകരിക്കാൻ സഹായിക്കുന്നു. പ്രത്യേകിച്ച് അഭ്യൂഹങ്ങളുടെ പശ്ചാത്തലത്തിൽ രൂപപ്പെടുന്ന ജനക്കൂട്ടങ്ങളിൽ വ്യക്തിയുടെ ധാർമ്മിക നിയന്ത്രണങ്ങൾ എങ്ങനെ ക്ഷയിക്കുന്നു എന്നും അക്രമം എങ്ങനെ കൂട്ടായ പ്രവർത്തനമായി മാറുന്നു എന്നും മനസ്സിലാക്കുന്നതിനുള്ള പ്രധാന സൈദ്ധാന്തിക അടിത്തറയാണ് ഈ സമീപനം.

ഉത്തരവാദിത്വ വ്യാപന സിദ്ധാന്തം (Diffusion of Responsibility Theory)

       ആൾക്കൂട്ട കൊലപാതകങ്ങൾ പോലുള്ള കൂട്ട അക്രമങ്ങളെ മനസ്സിലാക്കുന്നതിൽ പ്രധാനമായ മറ്റൊരു സാമൂഹ്യ–മനഃശാസ്ത്ര സിദ്ധാന്തമാണ് ഉത്തരവാദിത്വത്തിന്റെ വ്യാപന സിദ്ധാന്തം (Diffusion of Responsibility Theory). സാമൂഹ്യ മനഃശാസ്ത്രജ്ഞരായ ജോൺ എം. ഡാർലി ( John M. Darley ), ബിബ് ലാറ്റാനേ (Bibb Latané) എന്നിവർ 1968-ൽ അവതരിപ്പിച്ച ഈ ആശയം, ഒരു സംഭവത്തിൽ കൂടുതൽ ആളുകൾ സന്നിഹിതരാകുമ്പോൾ ഓരോ വ്യക്തിക്കും സ്വന്തം ഉത്തരവാദിത്വം കുറവാണെന്ന തോന്നൽ ഉണ്ടാകുമെന്ന് വിശദീകരിക്കുന്നു. ഈ സിദ്ധാന്തം പ്രധാനമായും ബൈസ്റ്റാൻഡർ ഇഫക്റ്റ്   (Bystander Effect) എന്ന പ്രതിഭാസത്തെ വിശദീകരിക്കുന്നതിനായി രൂപപ്പെടുത്തിയതാണെങ്കിലും, പിന്നീട് ജനക്കൂട്ട അക്രമങ്ങളുടെയും ആൾക്കൂട്ട കൊലപാതകങ്ങളുടെയും മനഃശാസ്ത്രപരമായ വിശകലനത്തിൽ വ്യാപകമായി പ്രയോഗിക്കപ്പെട്ടു.

               ഡാർലിയുടെയും ലാറ്റാനേയുടെയും അഭിപ്രായത്തിൽ, ഒരു അടിയന്തര സാഹചര്യത്തിൽ ഒരാൾ മാത്രമാണ് സന്നിഹിതനെങ്കിൽ സഹായിക്കാനോ ഇടപെടാനോ സാധ്യത കൂടുതലാണ്. എന്നാൽ അതേ സാഹചര്യത്തിൽ നിരവധി ആളുകൾ ഉണ്ടായാൽ, “ആരെങ്കിലും സഹായിക്കും”, “ആരെങ്കിലും ഇടപെടും”, “പോലീസിനെ മറ്റാരെങ്കിലും അറിയിച്ചിട്ടുണ്ടാകും” എന്ന ചിന്ത വ്യക്തിയുടെ ഇടപെടൽ സാധ്യത  . ഓരോ വ്യക്തിയും തന്റെ ഉത്തരവാദിത്വത്തിന്റെ ഒരു ഭാഗം മറ്റുള്ളവരിലേക്ക് മാനസികമായി കൈമാറുന്നു. ഈ പ്രക്രിയയെയാണ് ഉത്തരവാദിത്വത്തിന്റെ വ്യാപനം എന്ന് വിശേഷിപ്പിക്കുന്നത്  ( ഡാർലി & ബിബ് ലാറ്റാനേ, 1968 : 378). ആൾക്കൂട്ട കൊലപാതകങ്ങളിൽ ഈ മനഃശാസ്ത്രപരമായ പ്രക്രിയ രണ്ട് തലങ്ങളിൽ പ്രവർത്തിക്കുന്നു. ഒന്നാമതായി, ആക്രമണത്തിൽ നേരിട്ട് പങ്കെടുക്കുന്നവർ “ഞാൻ മാത്രം ചെയ്തതല്ല; എല്ലാവരും ചേർന്നാണ് ചെയ്തത്” എന്ന ന്യായീകരണത്തിലേക്ക് എത്തുന്നു. രണ്ടാമതായി, ആക്രമണം കണ്ടുനിൽക്കുന്നവരും പലപ്പോഴും അത് തടയാൻ ശ്രമിക്കാതെ നിഷ്‌ക്രിയരാകുന്നു. അതായത്, ആക്രമണത്തിൽ പങ്കെടുത്തവർക്കും അത് തടയാൻ കഴിയുമായിരുന്ന സാക്ഷികൾക്കും ഇടയിൽ ഒരുപോലെ ഉത്തരവാദിത്വത്തിന്റെ വ്യാപനം സംഭവിക്കാം.

           സമൂഹ്യ മനഃശാസ്ത്രപരമായി നോക്കുമ്പോൾ, ഇത് ധാർമ്മിക ഉത്തരവാദിത്വത്തിന്റെ ശിഥിലീകരണം  എന്ന പ്രക്രിയയുമായും ബന്ധപ്പെട്ടിരിക്കുന്നു. ആൽബർട്ട് ബൻഡുറ (Albert Bandura) അവതരിപ്പിച്ച ധാർമ്മിക ഉത്തരവാദിത്വത്തിന്റെ ശിഥിലീകരണം (Moral Disengagement) എന്ന ആശയം അനുസരിച്ച്, വ്യക്തികൾ തങ്ങളുടെ പ്രവർത്തനങ്ങളുടെ ധാർമ്മിക ഉത്തരവാദിത്വം നിഷേധിക്കുകയോ മറ്റുള്ളവരിലേക്ക് മാറ്റുകയോ ചെയ്യുമ്പോൾ അക്രമപരമായ പെരുമാറ്റം എളുപ്പത്തിൽ ന്യായീകരിക്കപ്പെടുന്നു. ജനക്കൂട്ടത്തിനുള്ളിൽ വ്യക്തി സ്വയം ഒരു സ്വതന്ത്ര തീരുമാനമെടുക്കുന്നയാളായി കാണാതെ, കൂട്ടത്തിന്റെ ഒരു ചെറിയ ഘടകമായി മാത്രം കാണുന്നതിനാൽ കുറ്റബോധവും ധാർമ്മിക സംഘർഷവും കുറയുന്നു.

ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട നിരവധി ആൾക്കൂട്ട കൊലപാതകങ്ങളിൽ ഈ സിദ്ധാന്തത്തിന്റെ പ്രസക്തി വ്യക്തമായി കാണാം. അട്ടപ്പാടിയിലെ മധു കേസിൽ നിരവധി ആളുകൾ സംഭവസ്ഥലത്ത് ഉണ്ടായിരുന്നുവെങ്കിലും ആക്രമണം തടയാൻ ഫലപ്രദമായ ഇടപെടൽ ഉണ്ടായില്ല. അതുപോലെ ധുലെ, ദാദ്രി, ഝാർഖണ്ഡ് തുടങ്ങിയ കേസുകളിലും ആക്രമണത്തിൽ പങ്കെടുത്തവരുടെ എണ്ണം വർധിച്ചതോടെ വ്യക്തിപരമായ ഉത്തരവാദിത്വം കൂട്ടത്തിൽ ലയിച്ചുപോകുന്ന അവസ്ഥ രൂപപ്പെട്ടതായി കാണാം. പിന്നീട് പ്രതികളിൽ ചിലർ നൽകിയ മൊഴികളിൽ “എല്ലാവരും അടിച്ചതാണ്”, “ഞാൻ ഒറ്റയ്ക്ക് ചെയ്തതല്ല” എന്ന തരത്തിലുള്ള ന്യായീകരണങ്ങൾ ഈ സിദ്ധാന്തത്തിന്റെ പ്രസക്തി വ്യക്തമാക്കുന്നു.

              സമകാലിക ഡിജിറ്റൽ സമൂഹത്തിൽ ‘ഉത്തരവാദിത്വത്തിന്റെ വ്യാപനം’ മറ്റൊരു രൂപത്തിലും പ്രകടമാകുന്നു. സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ വാർത്തകളോ അഭ്യൂഹങ്ങളോ പരിശോധനയില്ലാതെ വീണ്ടും പങ്കുവയ്ക്കുന്ന ആളുകൾ പലപ്പോഴും അതിന്റെ സാമൂഹിക പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിക്കാറില്ല. “ഇത് ഞാൻ സൃഷ്ടിച്ചതല്ല; മറ്റൊരാൾ അയച്ചതാണ്” എന്ന ധാരണ വിവര പ്രചാരണത്തിലും ഉത്തരവാദിത്വത്തിന്റെ വ്യാപനത്തിന് വഴിയൊരുക്കുന്നു. ഇതുവഴി ഡിജിറ്റൽ മാധ്യമങ്ങളിലെ വ്യക്തിപരമായ ഉത്തരവാദിത്വബോധം ക്ഷയിക്കുകയും, തെറ്റായ വിവരങ്ങൾ വ്യാപകമായി പ്രചരിച്ച് ജനക്കൂട്ട അക്രമങ്ങൾക്ക് സാഹചര്യം സൃഷ്ടിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും, ഈ സിദ്ധാന്തത്തിനും ചില പരിമിതികളുണ്ട്. എല്ലാ ജനക്കൂട്ടങ്ങളിലും ഉത്തരവാദിത്വം വ്യാപിക്കുന്നില്ല. ശക്തമായ പൗരബോധവും മനുഷ്യാവകാശബോധവും സാമൂഹിക ഉത്തരവാദിത്വവും ഉള്ള സമൂഹങ്ങളിൽ ജനങ്ങൾ അപകടസാഹചര്യങ്ങളിൽ ഇടപെട്ട് ജീവൻ രക്ഷിക്കുന്ന നിരവധി ഉദാഹരണങ്ങളുണ്ട്. അതിനാൽ വ്യക്തിയുടെ ഇടപെടൽ സാമൂഹിക മൂല്യങ്ങൾ, നേതൃസ്വാധീനം, സാഹചര്യത്തിന്റെ വ്യക്തത, ഇരയോടുള്ള വൈകാരിക അടുപ്പം തുടങ്ങിയ ഘടകങ്ങളാലും നിർണയിക്കപ്പെടുന്നു. ആൾക്കൂട്ട കൊലപാതകങ്ങളിൽ ആക്രമണത്തിൽ നേരിട്ട് പങ്കെടുത്തവരും അത് തടയാൻ കഴിയുമായിരുന്ന സാക്ഷികളും പലപ്പോഴും വ്യക്തിപരമായ ഉത്തരവാദിത്വത്തിൽ നിന്ന് മാനസികമായി അകന്നുനിൽക്കുന്നതായി ഈ പഠനം സൂചിപ്പിക്കുന്നു. അതിനാൽ ജനക്കൂട്ടത്തിനുള്ളിൽ വ്യക്തിയുടെ ഉത്തരവാദിത്വബോധം എങ്ങനെ ക്ഷയിക്കുന്നു എന്നും, അത് അക്രമത്തെ എങ്ങനെ പ്രോത്സാഹിപ്പിക്കുന്നു എന്നും വിശദീകരിക്കുന്നതിൽ ഉത്തരവാദിത്വത്തിന്റെ വ്യാപന സിദ്ധാന്തം നിർണായകമായ വിശകലന ചട്ടക്കൂട് നൽകുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ അഭ്യൂഹങ്ങൾ പ്രചരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ ഈ സിദ്ധാന്തത്തിന്റെ പ്രസക്തി കൂടുതൽ വർധിച്ചിരിക്കുകയാണ്.

സാമൂഹിക സ്വത്വ സിദ്ധാന്തം ( Social Identity Theory)

               ആൾക്കൂട്ട കൊലപാതകങ്ങളുടെ സാമൂഹികവും മനഃശാസ്ത്രപരവുമായ അടിത്തറ മനസ്സിലാക്കുന്നതിൽ ഏറ്റവും സ്വാധീനമുള്ള സിദ്ധാന്തങ്ങളിലൊന്നാണ് ഹെൻറി താജ്ഫെൽ (Henri Tajfel), ജോൺ ടർണർ (John C. Turner) എന്നിവർ വികസിപ്പിച്ച ‘സാമൂഹിക സ്വത്വ സിദ്ധാന്തം’ (Social Identity Theory) 1970-കളിൽ രൂപംകൊണ്ട ഈ സിദ്ധാന്തം പിന്നീട് സാമൂഹിക സംഘർഷങ്ങൾ, മുൻവിധികൾ (Prejudice), വിവേചനം (Discrimination), കൂട്ട അക്രമങ്ങൾ (Collective Violence) എന്നിവയെ വിശദീകരിക്കുന്ന പ്രധാന സൈദ്ധാന്തിക ചട്ടക്കൂടായി മാറി.

        ഈ സിദ്ധാന്തമനുസരിച്ച്, ഓരോ വ്യക്തിയും തന്റെ വ്യക്തിപരമായ സ്വത്വം (Personal Identity) മാത്രമല്ല, താൻ ഉൾപ്പെടുന്ന വിവിധ സാമൂഹിക വിഭാഗങ്ങളിലൂടെയും ( Social Groups ) തന്റെ സ്വത്വം രൂപപ്പെടുത്തുന്നു. മതം, ജാതി, ഭാഷ, വംശം, പ്രദേശം, രാഷ്ട്രം, രാഷ്ട്രീയ ആശയങ്ങൾ തുടങ്ങിയ നിരവധി സാമൂഹിക തിരിച്ചറിയലുകൾ വ്യക്തിയുടെ പെരുമാറ്റത്തെ സ്വാധീനിക്കുന്നു. താജ്ഫെൽ ചൂണ്ടിക്കാണിക്കുന്നത്, വ്യക്തിയുടെ ആത്മാഭിമാനത്തിന്റെ ഒരു പ്രധാന ഉറവിടം താൻ അംഗമായിരിക്കുന്ന സാമൂഹിക കൂട്ടമാണെന്നാണ്. അതിനാൽ സ്വന്തം കൂട്ടത്തെ (In-group) അനുകൂലമായും മറ്റുകൂട്ടങ്ങളെ (Out-group) പ്രതികൂലമായും വിലയിരുത്താനുള്ള പ്രവണത സ്വാഭാവികമായി രൂപപ്പെടാം. സാമൂഹിക സ്വത്വ സിദ്ധാന്തം മൂന്ന് പ്രധാന മാനസിക പ്രക്രിയകളെ വിശദീകരിക്കുന്നു: സാമൂഹിക വർഗീകരണം

(Social Categorisation), സാമൂഹിക തിരിച്ചറിയൽ (Social Identification), സാമൂഹിക താരതമ്യം (Social Comparison).

              ആദ്യഘട്ടത്തിൽ, വ്യക്തികൾ സമൂഹത്തെ വിവിധ വിഭാഗങ്ങളായി വേർതിരിക്കുന്നു. ഉദാഹരണത്തിന്, “ഹിന്ദു–മുസ്ലിം”, “ദളിത്–സവർണൻ”, “പ്രാദേശികർ–കുടിയേറ്റ തൊഴിലാളികൾ”, “നമ്മൾ–അവർ” എന്നീ വിഭാഗീകരണങ്ങൾ രൂപപ്പെടുന്നു. രണ്ടാമത്തെ ഘട്ടത്തിൽ, വ്യക്തി താൻ അംഗമായിരിക്കുന്ന കൂട്ടവുമായി വൈകാരികമായി സ്വയം ബന്ധിപ്പിക്കുന്നു. സ്വന്തം കൂട്ടത്തിന്റെ നേട്ടങ്ങളെയും മൂല്യങ്ങളെയും വ്യക്തിപരമായ നേട്ടങ്ങളായി കാണുകയും, കൂട്ടത്തിന്റെ പ്രതിച്ഛായ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്യുന്നു. മൂന്നാമത്തെ ഘട്ടമായ സാമൂഹിക താരതമ്യത്തിൽ, സ്വന്തം കൂട്ടത്തെ മറ്റുകൂട്ടങ്ങളുമായി താരതമ്യം ചെയ്ത് ഉയർന്ന സ്ഥാനത്താണെന്ന് തെളിയിക്കാനുള്ള പ്രവണത ശക്തമാകുന്നു. ഈ താരതമ്യം പലപ്പോഴും മുൻവിധികൾക്കും വിവേചനത്തിനും ശത്രുതയ്ക്കും വഴിയൊരുക്കുന്നു. ചില സാഹചര്യങ്ങളിൽ ഈ ശത്രുത ജനക്കൂട്ട അക്രമങ്ങളായും ആൾക്കൂട്ട കൊലപാതകങ്ങളായും പരിണമിക്കുന്നു.

                 ആൾക്കൂട്ടവും കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ഈ സിദ്ധാന്തത്തിന് വലിയ പ്രസക്തിയുണ്ട്. നിരവധി സംഭവങ്ങളിൽ ഇരകളെ  വ്യക്തികളായി കാണുന്നില്ല; മറിച്ച്, അവർ “ഏതെങ്കിലും വിഭാഗത്തിന്റെ” പ്രതിനിധികളായി ചിത്രീകരിക്കപ്പെടുന്നു. ഇതോടെ അവരുടെ വ്യക്തിഗത അവകാശങ്ങളേക്കാൾ അവരുടെ സാമൂഹിക തിരിച്ചറിയലാണ് ആക്രമണത്തിന്റെ അടിസ്ഥാനമായി മാറുന്നത്. മതം, ജാതി, വംശം, ഭാഷ, ദേശീയത എന്നിവയുടെ പേരിൽ വ്യക്തികളെ ലക്ഷ്യമിടുന്ന ആക്രമണങ്ങളിൽ ഈ മനഃശാസ്ത്രപരമായ പ്രക്രിയ വ്യക്തമായി പ്രകടമാകുന്നു.

           ഇന്ത്യയിൽ ഗോവധാരോപണത്തിന്റെ പേരിൽ നടന്ന ആൾക്കൂട്ട കൊലപാതകങ്ങൾ, മതന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾ, ദളിതർക്കെതിരായ ജനക്കൂട്ട അക്രമങ്ങൾ, കുടിയേറ്റ തൊഴിലാളികളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ എന്നിവ സാമൂഹിക സ്വത്വ സിദ്ധാന്തത്തിന്റെ വെളിച്ചത്തിൽ വിശകലനം ചെയ്യാൻ കഴിയും. ഇത്തരം സംഭവങ്ങളിൽ ഇരകൾ വ്യക്തികളെന്ന നിലയിൽ അല്ല, മറിച്ച് ഒരു പ്രത്യേക മതത്തിന്റെയോ ജാതിയുടെയോ സമൂഹത്തിന്റെയോ പ്രതിനിധികളായാണ് ചിത്രീകരിക്കപ്പെടുന്നത്. ഇതുവഴി ആക്രമണം വ്യക്തിക്കെതിരെയുള്ളതിൽ നിന്ന് ഒരു സാമൂഹിക വിഭാഗത്തിനെതിരെയുള്ള കൂട്ടായ അക്രമമായി മാറുന്നു.

            കേരളത്തിൽ അട്ടപ്പാടിയിലെ മധു കേസും,  പാലക്കാട് വാളയാറിലെ റാംനാരായൺ ബഗേൽ കേസും, കോട്ടയത്തെ കെവിൻ കേസും, ഈ സിദ്ധാന്തത്തിന്റെ പശ്ചാത്തലത്തിൽ പരിശോധിക്കാവുന്നതാണ്. ആദിവാസിയായ മധുവിനെ സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്ന് വേർതിരിച്ചു നിർത്തുന്ന  സമീപനവും, കുടിയേറ്റ തൊഴിലാളിയായ റാംനാരായൺ ബഗേലിനെ “പുറത്തുനിന്നുള്ളവൻ” എന്ന മുൻവിധിയോടെ കാണുന്ന സമീപനവും സാമൂഹിക വിഭാഗീകരണത്തിന്റെയും, ദളിത് കൈസ്ത്രവ വിഭാഗത്തിൽ പെട്ട കെവിൻ നീനു എന്ന പെൺകുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ  ആൾക്കൂട്ട കൊലക്ക്  ഇരയാകേണ്ടി വന്നത് ദുരഭിമാനക്കൊലക്കും  ഉദാഹരണങ്ങളാണ്. ബഗേൽ കേസിൽ പുറത്തുവന്ന ദൃശ്യങ്ങളിൽ, “നീ ബംഗ്ലാദേശിയാണോ?” എന്ന ചോദ്യം ആവർത്തിച്ചു കൊണ്ട് ആൾക്കൂട്ടം  അദ്ദേഹത്തെ ആക്രമിക്കുന്നതായി കാണാം. ഇത് മോഷണസംശയം മാത്രമല്ല, അദ്ദേഹത്തിന്റെ ഭാഷയും രൂപഭാവവും ദേശീയതയും അടിസ്ഥാനമാക്കിയുള്ള മുൻവിധികളും (prejudice) വിദ്വേഷ മനോഭാവങ്ങളും ആക്രമണത്തിന് ആക്കം കൂട്ടിയിരിക്കാമെന്ന  സൂചന നൽകുന്നു. കുടിയേറ്റ തൊഴിലാളികളെ “പുറത്തുനിന്നുള്ളവർ” (outsiders) എന്ന നിലയിൽ കാണുന്ന മനോഭാവവും വിദേശിയെന്ന സംശയവും (xenophobia) ജനക്കൂട്ട അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സാമൂഹിക-മനഃശാസ്ത്രപരമായ ഘടകങ്ങളാണെന്ന് ഈ സംഭവം വ്യക്തമാക്കുന്നു. ഇത്തരം സാഹചര്യങ്ങളിൽ വ്യക്തിയുടെ മനുഷ്യാവകാശങ്ങൾക്കുപകരം അദ്ദേഹത്തിന്റെ സാമൂഹിക തിരിച്ചറിയലാണ് ജനക്കൂട്ടത്തിന്റെ പ്രതികരണത്തെ നിർണയിക്കുന്നത്.

              ഇന്ത്യയിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കും തൊഴിലാളികൾക്കും നേരെ വിവിധ നഗരങ്ങളിൽ ഉണ്ടായിട്ടുള്ള ആക്രമണങ്ങൾ, ആഫ്രിക്കൻ വംശജരായ വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ അക്രമങ്ങൾ, കുടിയേറ്റ തൊഴിലാളികൾക്കെതിരായ ആക്രമണങ്ങൾ എന്നിവ വംശീയ മുൻവിധികൾ എങ്ങനെ ജനക്കൂട്ട ആക്രമണങ്ങളിലേക്ക് വഴിമാറുന്നുവെന്നതിന്റെ ഉദാഹരണങ്ങളാണ്. സമാനമായി, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടിയേറ്റക്കാരെയും അഭയാർത്ഥികളെയും ന്യൂനപക്ഷ വംശവിഭാഗങ്ങളെയും ലക്ഷ്യമിട്ട് നടന്ന ആൾക്കൂട്ട ആക്രമണങ്ങൾ വംശീയ വിദ്വേഷത്തിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങൾ വ്യക്തമാക്കുന്നു. സമൂഹശാസ്ത്രജ്ഞനായ ഗോർഡൻ ഓൾപോർട് തന്റെ ‘The Nature of Prejudice’ (1954) എന്ന ഗ്രന്ഥത്തിൽ മുൻവിധികൾ സാമൂഹിക അകൽച്ചയിൽ നിന്ന് ആരംഭിച്ച് വിവേചനത്തിലേക്കും പിന്നീട് അക്രമത്തിലേക്കും ഒടുവിൽ നശീകരണത്തിലേക്കും (Extermination) വരെ വളരാൻ സാധ്യതയുണ്ടെന്ന് വിശദീകരിക്കുന്നു. അതിനാൽ വംശീയ വിദ്വേഷം വെറും ആശയപരമായ പ്രശ്നമല്ല; അത് ജനക്കൂട്ട മനോഭാവവുമായി ചേർന്നാൽ അത്യന്തം ക്രൂരമായ അക്രമങ്ങൾക്ക് കാരണമാകുന്ന സാമൂഹിക അപകടസാധ്യതയാണ്.

         സാമൂഹിക സ്വത്വ സിദ്ധാന്തം ആധുനിക ഡിജിറ്റൽ സമൂഹത്തിലും പ്രസക്തമാണ്. സാമൂഹ്യമാധ്യമങ്ങളിൽ ഒരേ ആശയങ്ങളും വിശ്വാസങ്ങളും പങ്കുവയ്ക്കുന്നവരുമായി മാത്രം ഇടപഴകുന്ന പ്രവണത (എക്കോ ചേംബറുകൾ),  ഉപയോക്താവിന്റെ താൽപര്യങ്ങൾക്കനുസരിച്ച് സമാനമായ വിവരങ്ങൾ മാത്രം തുടർച്ചയായി ലഭ്യമാകുന്ന അവസ്ഥ ( ഫിൽട്ടർ ബബിളുകൾ ) ,ഉപയോക്താവിന്റെ മുൻഗണനകളെ അടിസ്ഥാനമാക്കി അതേ തരത്തിലുള്ള ഉള്ളടക്കം വീണ്ടും വീണ്ടും മുന്നിലെത്തിക്കുന്ന അൽഗോരിതമുകളുടെ പ്രവർത്തനം ( Algorithmic Reinforcement ) എന്നിവ ഒരേ ആശയമുള്ളവരെ കൂടുതൽ അടുപ്പിക്കുകയും, വ്യത്യസ്ത അഭിപ്രായമുള്ളവരോട് അസഹിഷ്ണുത വർധിപ്പിക്കുകയും ചെയ്യുന്നു. ഇതുവഴി “നമ്മൾ–അവർ” എന്ന വിഭജനബോധം കൂടുതൽ ശക്തിപ്പെടുകയും, തെറ്റായ വിവരങ്ങളും വിദ്വേഷ സന്ദേശങ്ങളും ജനക്കൂട്ട അക്രമങ്ങൾക്ക് പ്രേരണ നൽകുകയും ചെയ്യാം. ഈ പഠനത്തിൽ വിശകലനം ചെയ്ത ജാതി–മത വൈരങ്ങൾ, വംശീയ വിദ്വേഷം, കുടിയേറ്റ തൊഴിലാളികൾക്കെതിരായ ആക്രമണങ്ങൾ, സാമൂഹിക ദുരഭിമാനം എന്നിവയെ വിശദീകരിക്കുന്നതിൽ സാമൂഹിക സ്വത്വ സിദ്ധാന്തം നിർണായകമായ വിശകലനചട്ടക്കൂടാണ്. “നമ്മൾ–അവർ” എന്ന വിഭജനബോധം എങ്ങനെ രൂപപ്പെടുന്നു, അത് മുൻവിധികളിലേക്കും വിവേചനത്തിലേക്കും ഒടുവിൽ ആൾക്കൂട്ട കൊലപാതകങ്ങളിലേക്കും എങ്ങനെ നയിക്കുന്നു എന്നത് മനസ്സിലാക്കാൻ ഈ സിദ്ധാന്തം സഹായിക്കുന്നു. അതിനാൽ സമകാലിക ഇന്ത്യയിലെ ആൾക്കൂട്ട കൊലപാതകങ്ങളുടെ സാമൂഹിക പശ്ചാത്തലം വിശകലനം ചെയ്യുന്നതിൽ ഈ സിദ്ധാന്തത്തിന് പ്രത്യേക പ്രാധാന്യമുണ്ട്.

              സാമൂഹിക സ്വത്വ സിദ്ധാന്തം ആധുനിക ഡിജിറ്റൽ സമൂഹത്തിലും പ്രസക്തമാണ്. സാമൂഹ്യമാധ്യമങ്ങളിലെ എക്കോ ചേംബറുകൾ, ഫിൽട്ടർ ബബിളുകൾ, അൽഗോരിതമിക് പ്രവർത്തനരീതി  തുടങ്ങിയ ഘടകങ്ങൾ ഒരേ ആശയമുള്ളവരെ കൂടുതൽ അടുപ്പിക്കുകയും, വ്യത്യസ്ത അഭിപ്രായമുള്ളവരോട് അസഹിഷ്ണുത വർധിപ്പിക്കുകയും ചെയ്യുന്നു. ഇതുവഴി “നമ്മൾ–അവർ” എന്ന വിഭജനബോധം കൂടുതൽ ശക്തിപ്പെടുകയും, തെറ്റായ വിവരങ്ങളും വിദ്വേഷ സന്ദേശങ്ങളും ജനക്കൂട്ട അക്രമങ്ങൾക്ക് പ്രേരണ നൽകുകയും ചെയ്യാം. ഈ പഠനത്തിൽ വിശകലനം ചെയ്ത ജാതി–മത വൈരങ്ങൾ, വംശീയ വിദ്വേഷം, കുടിയേറ്റ തൊഴിലാളികൾക്കെതിരായ ആക്രമണങ്ങൾ, സാമൂഹിക ദുരഭിമാനം എന്നിവയെ വിശദീകരിക്കുന്നതിൽ സാമൂഹിക സ്വത്വ സിദ്ധാന്തം നിർണായകമായ വിശകലനചട്ടക്കൂടാണ്. “നമ്മൾ–അവർ” എന്ന വിഭജനബോധം എങ്ങനെ രൂപപ്പെടുന്നു, അത് മുൻവിധികളിലേക്കും വിവേചനത്തിലേക്കും ഒടുവിൽ ആൾക്കൂട്ട കൊലപാതകങ്ങളിലേക്കും എങ്ങനെ നയിക്കുന്നു എന്നത് മനസ്സിലാക്കാൻ ഈ സിദ്ധാന്തം സഹായിക്കുന്നു. അതിനാൽ സമകാലിക ഇന്ത്യയിലെ ആൾക്കൂട്ട കൊലപാതകങ്ങളുടെ സാമൂഹിക പശ്ചാത്തലം വിശകലനം ചെയ്യുന്നതിൽ ഈ സിദ്ധാന്തത്തിന് പ്രത്യേക പ്രാധാന്യമുണ്ട്.

അഭ്യൂഹങ്ങളുടെ സാമൂഹ്യ മനഃശ്ശാസ്ത്രം. (Psychology of Rumours)

                സാമൂഹ്യ സംഘർഷങ്ങളിലും കൂട്ട അക്രമങ്ങളിലും 'അഭ്യൂഹങ്ങൾ' നിർണായക പങ്ക് വഹിക്കുന്നതായി സാമൂഹ്യ മനഃശ്ശാസ്ത്ര പഠനങ്ങൾ സൂചിപ്പിക്കുന്നു. ഈ വിഷയത്തെ വിശദമായി പഠിച്ച ഗവേഷകരിൽ പ്രധാനപ്പെട്ടവരാണ്  ഗോർഡൻ ഡബ്ലു. ഓൾപോർട്ടും (Gordon W. Allport) ലിയോ പോസ്റ്റ്  മാൻ (Leo Postman)  ഉം ഇവർ ചേർന്ന് എഴുതിയ  “ദി സൈക്കോളജി ഓഫ് റൂമർ” (The Psychology of Rumor ) എന്ന ഗ്രന്ഥത്തിൽ അഭ്യൂഹങ്ങളുടെ പ്രചരണത്തെക്കുറിച്ച് വിശദമായ പഠനം അവതരിപ്പിക്കുന്നു. അവരുടെ പഠനപ്രകാരം, ഒരു സമൂഹത്തിൽ അനിശ്ചിതത്വവും ഭയവും വർധിക്കുന്ന സാഹചര്യങ്ങളിൽ അഭ്യൂഹങ്ങൾ അതിവേഗത്തിൽ പ്രചരിക്കുന്നു. വ്യക്തികൾക്ക് വിശ്വസനീയമായ വിവരങ്ങൾ ലഭ്യമാകാത്തപ്പോൾ അവർ അഭ്യൂഹങ്ങളെ എളുപ്പത്തിൽ വിശ്വസിക്കാൻ സാധ്യതയുണ്ട്. (ഓൾപോർട്ടും & ലിയോ പോസ്റ്റ്  മാൻ, 1947 : 9 - 21 ). ആൾക്കൂട്ട കൊലപാതക സംഭവങ്ങളിൽ പലപ്പോഴും “കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവർ”, “മോഷ്ടാക്കൾ, “കന്നുകാലികളെ  കടത്തുന്നവർ” തുടങ്ങിയ അഭ്യൂഹങ്ങൾ ആക്രമണത്തിന് കാരണമാകുന്നതായി വിവിധ പഠനങ്ങൾ സൂചിപ്പിക്കുന്നു. സോഷ്യൽ മീഡിയയുടെ വ്യാപനത്തോടെ ഇത്തരം അഭ്യൂഹങ്ങൾ വളരെ വേഗത്തിൽ പ്രചരിക്കുകയും അതുവഴി കൂട്ട അക്രമങ്ങൾക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുകയും ചെയ്യുന്നു.

                              അഭ്യൂഹ പ്രചാരങ്ങളുടെ ഭാഗമായി നടന്ന ആൾക്കൂട്ട കൊലപാതകങ്ങളുടെ  ഉദാഹരണമാണ് 2018 ജൂലൈ 1-ന് മഹാരാഷ്ട്രയിലെ ധുലെ ജില്ലയിൽ നടന്ന സംഭവം.  കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘമാണെന്ന അഭ്യൂഹത്തെ തുടർന്ന് അഞ്ച് പേരെ ജനക്കൂട്ടം തല്ലിക്കൊന്നു. പിന്നീട് നടത്തിയ അന്വേഷണത്തിൽ അവർ യാതൊരു കുറ്റകൃത്യത്തിലും പങ്കാളികളല്ലെന്ന് കണ്ടെത്തി (Indian Express, 1 July 2018). ഈ സംഭവത്തോടെ മഹാരാഷ്ടയിൽ ആറുമാസത്തിനിടയിൽ  ഇരുപത്തിമൂന്നുപേരാണ് ആൾക്കൂട്ട കൊലപാതകത്തിൽ കൊല്ലപ്പെട്ടതെന്ന്  വാർത്താ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒഡീഷയിൽ നടന്ന ' ജുവൽ ഷെയ്ഖ്'  കേസ്  മറ്റൊരു ഉദാഹരണമാണ്. പശ്ചിമ ബംഗാളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളിയായ ജുവൽ ഷെയ്ഖിനെ ബംഗ്ലാദേശ് പൗരനാണെന്ന് സംശയിച്ച് നാട്ടുകാർ ആക്രമിച്ച് കൊന്നു. അന്വേഷണത്തിൽ ഇയാൾ നിരപരാധിയായ  തൊഴിലാളിയാണെന്ന് തെളിഞ്ഞു (അന്വേഷണം ന്യൂസ് , 26 ഡിസംബർ  2022). അഭ്യൂഹങ്ങളെ അടിസ്ഥാനമാക്കിയുള്ള ഇത്തരം ആക്രമണങ്ങൾ മോറൽ പാനിക് (Moral Panic) എന്ന സാമൂഹ്യശാസ്ത്ര ആശയത്തോടും ബന്ധപ്പെടുത്തി പഠിക്കപ്പെടുന്നു.

ഡിജിറ്റൽ മനഃശാസ്ത്രവും ആൾക്കൂട്ട കൊലപാതകങ്ങളും (Digital Psychology and Mob Lynching)

            ഇരുപത്തൊന്നാം നൂറ്റാണ്ടിൽ സാമൂഹ്യമാധ്യമങ്ങളുടെ വ്യാപനം മനുഷ്യരുടെ ആശയവിനിമയ രീതികളിലും സാമൂഹിക ഇടപെടലുകളിലും വലിയ മാറ്റങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. വിവരങ്ങൾ അതിവേഗത്തിൽ പ്രചരിക്കുന്ന ഡിജിറ്റൽ ലോകം ജനാധിപത്യപരമായ ആശയവിനിമയത്തിന് പുതിയ സാധ്യതകൾ തുറന്നുകൊടുത്തിട്ടുണ്ടെങ്കിലും, അതോടൊപ്പം തന്നെ വ്യാജവാർത്തകൾ (Fake News), അഭ്യൂഹങ്ങൾ (Rumours), വിദ്വേഷപ്രചാരണം (Hate Speech), ഡിജിറ്റൽ വിജിലന്റിസം (Digital Vigilantism) തുടങ്ങിയ സാമൂഹിക പ്രതിഭാസങ്ങൾക്കും വേഗതയും വ്യാപ്തിയും നൽകിയിട്ടുണ്ട്. ഇതിന്റെ ഫലമായി, ആൾക്കൂട്ട കൊലപാതകങ്ങൾ പോലുള്ള ജനക്കൂട്ട അക്രമങ്ങളുടെ സ്വഭാവത്തിലും പ്രവർത്തനരീതിയിലും ശ്രദ്ധേയമായ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്.

       മുൻകാലങ്ങളിൽ അഭ്യൂഹങ്ങൾ പ്രധാനമായും വാചികമായാണ് പ്രചരിച്ചിരുന്നത്. എന്നാൽ ഇന്ന് വാട്സ് ആപ്പ്, ഫേസ്ബുക്ക്, യൂ ട്യൂബ്, ടെലഗ്രാം, ഇൻസ്റ്റാഗ്രാം തുടങ്ങിയ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ സ്ഥിരീകരിക്കപ്പെടാത്ത വിവരങ്ങൾ ഏതാനും നിമിഷങ്ങൾക്കുള്ളിൽ ആയിരക്കണക്കിന് ആളുകളിലേക്ക് എത്തുന്നു. വിവരങ്ങളുടെ ഈ അതിവേഗ പ്രചരണം പലപ്പോഴും യുക്തിപരമായ വിലയിരുത്തലിന് അവസരം നൽകാതെ വികാരാധിഷ്ഠിത പ്രതികരണങ്ങൾക്ക് കാരണമാകുന്നു. സാമൂഹ്യ മനഃശാസ്ത്രപരമായി നോക്കുമ്പോൾ, ഡിജിറ്റൽ മാധ്യമങ്ങളിലെ സ്ഥിരീകരണ പക്ഷപാതം (Confirmation Bias) ആൾക്കൂട്ട അക്രമങ്ങൾക്ക് പ്രധാന പ്രേരകഘടകമാണ്. വ്യക്തികൾ സ്വന്തം മുൻവിധികളെയും വിശ്വാസങ്ങളെയും അനുകൂലിക്കുന്ന വിവരങ്ങൾ എളുപ്പത്തിൽ സ്വീകരിക്കുകയും, അവയ്ക്ക് വിരുദ്ധമായ തെളിവുകൾ അവഗണിക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന്, ഒരു പ്രത്യേക സമൂഹത്തെക്കുറിച്ചുള്ള മുൻവിധിയുള്ളവർക്ക് അതേ സമൂഹത്തിനെതിരെ പ്രചരിക്കുന്ന അഭ്യൂഹങ്ങൾ കൂടുതൽ വിശ്വസനീയമായി തോന്നാൻ സാധ്യതയുണ്ട്. ഇതുവഴി തെറ്റായ വിവരങ്ങൾ പോലും യാഥാർഥ്യമായി അംഗീകരിക്കപ്പെടുകയും, അവയെ അടിസ്ഥാനമാക്കിയുള്ള കൂട്ടായ പ്രതികരണങ്ങൾ രൂപപ്പെടുകയും ചെയ്യുന്നു.

           ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ   ഉപയോക്താവ് മുമ്പ് കണ്ടതോ ഇഷ്ടപ്പെട്ടതോ ആയ ഉള്ളടക്കവുമായി സാമ്യമുള്ള വിവരങ്ങൾ വീണ്ടും വീണ്ടും പ്രദർശിപ്പിക്കുന്ന അൽഗോരിതമിക് പ്രവർത്തനരീതിയും, ഒരേ  ആശയങ്ങൾ മാത്രം പങ്കുവെക്കുന്നവരുമായി ഇടപഴകുന്ന പ്രവണതയും  പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാക്കുന്നു.  ഇതിന്റെ ഫലമായി വ്യത്യസ്ത അഭിപ്രായങ്ങൾ കാണാനുള്ള അവസരം കുറയുകയും, സ്വന്തം വിശ്വാസങ്ങൾ കൂടുതൽ ശക്തിപ്പെടുകയും ചെയ്യുന്നു. സാമൂഹിക വിഭജനങ്ങളും വിദ്വേഷവും ഈ സാഹചര്യത്തിൽ കൂടുതൽ രൂക്ഷമാകാൻ സാധ്യതയുണ്ട്.

                   ഇതുമായി ബന്ധപ്പെട്ട മറ്റൊരു പ്രധാന ആശയമാണ് സ്വയംനീതിനിർവഹണം (Digital Vigilantism). നിയമപരമായ നടപടികൾക്ക് മുമ്പേ സാമൂഹ്യമാധ്യമങ്ങളിലൂടെ ഒരാളെ കുറ്റക്കാരനായി പ്രഖ്യാപിക്കുകയും, അദ്ദേഹത്തിന്റെ ചിത്രങ്ങളും വ്യക്തിവിവരങ്ങളും വ്യാപകമായി പ്രചരിപ്പിക്കുകയും, പൊതുജനങ്ങളെ പ്രതികരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന പ്രവണതയെയാണ്. ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. പലപ്പോഴും ഇത്തരം പ്രചാരണങ്ങൾ യഥാർത്ഥ തെളിവുകളുടെ അടിസ്ഥാനത്തിലല്ല, മറിച്ച് അപൂർണ്ണമായ വിവരങ്ങളുടെയും അഭ്യൂഹങ്ങളുടെയും അടിസ്ഥാനത്തിലാണ് നടക്കുന്നത്. ഇതുവഴി സാമൂഹ്യമാധ്യമങ്ങൾ വെറും ആശയവിനിമയ വേദികളല്ല, ജനക്കൂട്ട മനോഭാവം രൂപപ്പെടുത്തുന്ന സാമൂഹിക ഇടങ്ങളായി മാറുന്നു.

               ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട നിരവധി ആൾക്കൂട്ട കൊലപാതകങ്ങളിൽ വാട്സ് ആപ്പിലൂടെ പ്രചരിച്ച “കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം” എന്ന തരത്തിലുള്ള സന്ദേശങ്ങൾ ആക്രമണങ്ങൾക്ക് പ്രേരകമായതായി അന്വേഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പല സംസ്ഥാനങ്ങളിലും യാതൊരു തെളിവുമില്ലാത്ത ഇത്തരം സന്ദേശങ്ങൾ ജനങ്ങളിൽ ഭീതി സൃഷ്ടിക്കുകയും, അപരിചിതരായ വ്യക്തികളെ സംശയത്തോടെ കാണുന്ന മനോഭാവത്തിന് കാരണമാവുകയും ചെയ്തു. ഇതിലൂടെ സാമൂഹിക വിശ്വാസം (Social Trust) കുറയുകയും, ഭയവും സംശയവും ജനക്കൂട്ട അക്രമങ്ങളായി പരിണമിക്കുകയും ചെയ്തു.

          ഡിജിറ്റൽ മനഃശാസ്ത്രത്തിന്റെ പശ്ചാത്തലത്തിൽ ഈ പ്രതിഭാസങ്ങളെ വിശകലനം ചെയ്യുമ്പോൾ, പരമ്പരാഗത കൂട്ടമനഃശാസ്ത്ര സിദ്ധാന്തങ്ങൾ ഡിജിറ്റൽ സാഹചര്യങ്ങളിലും പ്രസക്തമാണെന്ന് കാണാം. ഗുസ്താവ് ലെ ബോണിന്റെ വികാരവ്യാപനം (Emotional Contagion) എന്ന ആശയം ഇന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെ കൂടുതൽ വേഗത്തിൽ പ്രവർത്തിക്കുന്നു. അതുപോലെ, വ്യക്തിത്വലോപവും ഉത്തരവാദിത്വത്തിന്റെ വ്യാപനവും ഓൺലൈൻ ഇടപെടലുകളിലും പ്രകടമാകുന്നു. ഒരു സന്ദേശം പരിശോധിക്കാതെ പങ്കുവയ്ക്കുന്ന വ്യക്തി, അതിന്റെ പ്രത്യാഘാതത്തെക്കുറിച്ചുള്ള ഉത്തരവാദിത്വം പലപ്പോഴും സ്വയം ഏറ്റെടുക്കുന്നില്ല. അതിനാൽ ഡിജിറ്റൽ ലോകത്തും കൂട്ടമനഃശാസ്ത്രത്തിന്റെ അടിസ്ഥാനപ്രക്രിയകൾ സജീവമായി പ്രവർത്തിക്കുന്നതായി വിലയിരുത്താം.

        ആധുനിക ഇന്ത്യയിലെ ആൾക്കൂട്ട കൊലപാതകങ്ങളുടെ ഒരു പ്രധാന സവിശേഷത, അവയിൽ പലതും ഡിജിറ്റൽ മാധ്യമങ്ങളിലൂടെ പ്രചരിച്ച അഭ്യൂഹങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ്. അതിനാൽ ഈ പഠനത്തിൽ ആൾക്കൂട്ട കൊലപാതകങ്ങളെ പരമ്പരാഗത സാമൂഹിക ഘടകങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമല്ല, ഡിജിറ്റൽ മനഃശാസ്ത്രം, വിവരപ്രചരണത്തിന്റെ സാമൂഹ്യ മനഃശാസ്ത്രം, സാമൂഹ്യമാധ്യമങ്ങളുടെ സ്വാധീനം എന്നിവയുടെ വെളിച്ചത്തിലും വിശകലനം ചെയ്യുന്നു. ഭാവിയിൽ ആൾക്കൂട്ട അക്രമങ്ങൾ തടയുന്നതിനുള്ള നയരൂപീകരണത്തിലും മാധ്യമ സാക്ഷരതാ പ്രവർത്തനങ്ങളിലും ഈ സമീപനം പ്രയോജനകരമാകുമെന്ന് കരുതുന്നു.

 

 

ഉപസംഹാരം

             ആൾക്കൂട്ട കൊലപാതകം (Mob Lynching) ഒരു സാധാരണ ക്രിമിനൽ കുറ്റകൃത്യമെന്നതിലുപരി സാമൂഹിക, മനഃശാസ്ത്രപര, രാഷ്ട്രീയ, സാംസ്കാരിക, ഡിജിറ്റൽ ഘടകങ്ങൾ പരസ്പരം സംയോജിച്ച് രൂപപ്പെടുന്ന സങ്കീർണമായ സാമൂഹിക പ്രതിഭാസമാണെന്ന് ഈ പഠനം വ്യക്തമാക്കുന്നു. നിയമസംവിധാനത്തോടുള്ള അവിശ്വാസം, സാമൂഹിക മുൻവിധികൾ, ജാതി മത ധ്രുവീകരണം, വംശീയ വിദ്വേഷം, സാമൂഹിക ദുരഭിമാനം, ഡിജിറ്റൽ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന അഭ്യൂഹങ്ങളും വ്യാജവാർത്തകളും, ജനക്കൂട്ട മനോഭാവം എന്നിവ ആൾക്കൂട്ട അക്രമങ്ങൾക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നതായി പഠനം കണ്ടെത്തുന്നു.

                   ഗുസ്താവ് ലെ ബോണിന്റെ കൂട്ടമനഃശാസ്ത്ര സിദ്ധാന്തം, ഫിലിപ്പ് സിംബാർഡോയുടെ വ്യക്തിത്വലോപ സിദ്ധാന്തം, ഡാർലി–ലാറ്റാനേയുടെ ഉത്തരവാദിത്വത്തിന്റെ വ്യാപന സിദ്ധാന്തം, ഹെൻറി താജ്ഫെലിന്റെ സാമൂഹിക സ്വത്വ സിദ്ധാന്തം, ഗോർഡൻ ഓൾപോർട്ടിന്റെയും ലിയോ പോസ്റ്റ്മാന്റെയും അഭ്യൂഹങ്ങളുടെ മനഃശാസ്ത്രം എന്നീ സാമൂഹ്യ–മനഃശാസ്ത്ര സമീപനങ്ങൾ ആൾക്കൂട്ട കൊലപാതകങ്ങളുടെ പശ്ചാത്തലം വിശദീകരിക്കുന്നതിന് പരസ്പരപൂരകമായ സൈദ്ധാന്തിക ചട്ടക്കൂടുകൾ നൽകുന്നുവെന്ന് ഈ പഠനം തെളിയിക്കുന്നു. വ്യക്തിയുടെ യുക്തിചിന്തയെക്കാൾ കൂട്ടത്തിന്റെ വികാരങ്ങളും സാമൂഹിക തിരിച്ചറിയലും സാഹചര്യപരമായ സ്വാധീനങ്ങളും എങ്ങനെ അക്രമത്തിലേക്ക് നയിക്കുന്നു എന്നത് ഈ സിദ്ധാന്തങ്ങളുടെ വെളിച്ചത്തിൽ വ്യക്തമായി മനസ്സിലാക്കാൻ കഴിയുന്നു.

            ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ആൾക്കൂട്ട കൊലപാതക സംഭവങ്ങളുടെ വിശകലനം, അഭ്യൂഹങ്ങൾ, തെറ്റായ വിവരങ്ങൾ, സാമൂഹിക മുൻവിധികൾ, ഡിജിറ്റൽ മാധ്യമങ്ങളുടെ ഉത്തരവാദിത്വമില്ലാത്ത ഉപയോഗം എന്നിവ ഇത്തരം അക്രമങ്ങളുടെ വ്യാപനത്തിൽ നിർണായക പങ്കുവഹിക്കുന്നതായി സൂചിപ്പിക്കുന്നു. കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട സംഭവങ്ങളും ഉയർന്ന സാമൂഹിക വികസന സൂചികകൾ മാത്രം ഇത്തരം അക്രമങ്ങളെ തടയാൻ പര്യാപ്തമല്ലെന്നും, സാമൂഹിക ബോധവൽക്കരണവും മനുഷ്യാവകാശബോധവും ഒരുപോലെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും വ്യക്തമാക്കുന്നു.

              ആൾക്കൂട്ട കൊലപാതകങ്ങളെ ഫലപ്രദമായി പ്രതിരോധിക്കുന്നതിന് നിയമപരമായ നടപടികൾ മാത്രം മതിയാകില്ല. നിയമവാഴ്ചയിലുള്ള പൊതുജനവിശ്വാസം ശക്തിപ്പെടുത്തുക, വ്യാജവാർത്തകൾക്കും അഭ്യൂഹങ്ങൾക്കും എതിരെ ഫലപ്രദമായ ഡിജിറ്റൽ മാധ്യമ സാക്ഷരത വളർത്തുക, വിദ്യാഭ്യാസത്തിലൂടെ ഭരണഘടനാ മൂല്യങ്ങളും മനുഷ്യാവകാശബോധവും പ്രോത്സാഹിപ്പിക്കുക, സാമൂഹിക സഹിഷ്ണുതയും വൈവിധ്യത്തോടുള്ള ബഹുമാനവും വളർത്തുക, കുറ്റകൃത്യങ്ങൾക്കെതിരെ അതിവേഗവും നിഷ്പക്ഷവുമായ നിയമനടപടികൾ ഉറപ്പാക്കുക എന്നിവ സമഗ്രമായ പ്രതിരോധ തന്ത്രത്തിന്റെ ഭാഗമായി സ്വീകരിക്കേണ്ടതാണ്.

             സാമൂഹ്യ–മനഃശാസ്ത്ര സിദ്ധാന്തങ്ങളെയും ഇന്ത്യൻ സാമൂഹിക യാഥാർഥ്യങ്ങളെയും ഡിജിറ്റൽ ആശയവിനിമയ സാഹചര്യങ്ങളെയും സമന്വയിപ്പിച്ച് ആൾക്കൂട്ട കൊലപാതകങ്ങളെ വിശകലനം ചെയ്യുന്നതിലൂടെ ഈ പഠനം വിഷയത്തെക്കുറിച്ചുള്ള അക്കാദമിക ചർച്ചകൾക്ക് പുതിയ ദിശ നൽകുന്നു. ജനാധിപത്യ സമൂഹത്തിൽ നിയമവാഴ്ചയും മനുഷ്യാവകാശങ്ങളും സാമൂഹിക നീതിയും സംരക്ഷിക്കുന്നതിനുള്ള നയരൂപീകരണത്തിനും തുടർഗവേഷണങ്ങൾക്കും ഈ പഠനം പ്രയോജനകരമാകുമെന്ന് പ്രതീക്ഷിക്കുന്നു. ആൾക്കൂട്ട കൊലപാതകങ്ങളെ നിയന്ത്രിക്കുന്നത് നിയമസംവിധാനത്തിന്റെ മാത്രം ഉത്തരവാദിത്വമല്ല; കുടുംബം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മാധ്യമങ്ങൾ, സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമുകൾ, രാഷ്ട്രീയ നേതൃത്വം, സിവിൽ സമൂഹം എന്നിവയുടെ സംയുക്ത ഉത്തരവാദിത്വമാണ്. സാമൂഹിക വിശ്വാസവും ഭരണഘടനാ മൂല്യങ്ങളോടുള്ള പ്രതിബദ്ധതയും ശക്തിപ്പെടുത്തുന്നതിലൂടെയാണ് ജനക്കൂട്ട അക്രമങ്ങളെ ദീർഘകാലാടിസ്ഥാനത്തിൽ തടയാൻ കഴിയുക.

 

 

 

സഹായക ഗ്രന്ഥങ്ങൾ (References)

1.     Allport , Gordon W. The Nature of Prejudice. Addison-Wesley, 1954.

2.     Allport, Gordon W., and Leo Postman. The Psychology of Rumor. Henry Holt and Company, 1947.

3.     Bandura, Albert. Moral Disengagement: How People Do Harm and Live with Themselves. Worth Publishers, 2016.

4.     Cohen, Stanley. Folk Devils and Moral Panics. 3rd ed., Routledge, 2002.

5.     Darley, John M., and Bibb Latané. “Bystander Intervention in Emergencies: Diffusion of Responsibility.” Journal of Personality and Social Psychology, vol. 8, no. 4, 1968.

6.     Diener, Ed. “Deindividuation: The Absence of Self-Awareness and Self-Regulation in Group Members.” Nebraska Symposium on Motivation, vol. 27, University of Nebraska Press, 1980.

7.     Festinger, Leon, Albert Pepitone, and Theodore Newcomb. “Some Consequences of De-individuation in a Group.” Journal of Abnormal and Social Psychology, vol. 47, no. 2, 1952.

8.     Goffman, Erving. Stigma: Notes on the Management of Spoiled Identity. Prentice-Hall, 1963.

9.     Le Bon, Gustave. The Crowd: A Study of the Popular Mind. Translated by Anonymous, T. Fisher Unwin, 1895

10.  Reicher, Stephen D. “The St. Pauls’ Riot: An Explanation of the Limits of Crowd Action in Terms of a Social Identity Model.” European Journal of Social Psychology, 1984.

11.  Sunstein, Cass R. Republic: Divided Democracy in the Age of Social Media. Princeton University Press, 2017.

12.  Tajfel, Henri. Human Groups and Social Categories. Cambridge University Press, 1981.

13.  Tajfel, Henri, and John C. Turner. “The Social Identity Theory of Intergroup Behavior.” Psychology of Intergroup Relations, edited by Stephen Worchel and William G. Austin, 2nd ed., Nelson-Hall, 1986.

14.  Zimbardo, Philip G. The Lucifer Effect: Understanding How Good People Turn Evil. Random House, 2007.

 

കോടതി വിധി

15.  തഹ്‌സീൻ എസ്. പൂനാവാല വേഴ്സസ് യൂണിയൻ ഓഫ് ഇന്ത്യ., Tehseen S. Poonawalla v. Union of India,  9 SCC 501.  സുപ്രീം കോടതി, 2018 

വാർത്താ സ്രോതസ്സുകൾ

16.  ദി ഇന്ത്യൻ എക്സ്പ്രസ്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നുവെന്ന അഭ്യൂഹത്തെ തുടർന്ന് ധൂലെയിൽ അഞ്ച് പേർ ആൾക്കൂട്ട കൊലപാതകത്തിനിരയായി, 2018, ജൂലൈ 1

17.  ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്. മഹാരാഷ്ട്രയിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നുവെന്ന അഭ്യൂഹത്തെ തുടർന്ന് അഞ്ച് പേർ ആൾക്കൂട്ട കൊലപാതകത്തിനിരയായി, 2018, ജൂലൈ 2. 

18.  എൻ.ഡി.ടി.വി. തബ്രേസ് അൻസാരി ആൾക്കൂട്ട കൊലപാതക കേസ്: റിപ്പോർട്ടുകളും അന്വേഷണവും, 2019, ജൂലൈ 12. 

19.  മാതൃഭൂമി. അട്ടപ്പാടി മധു ആൾക്കൂട്ട കൊലപാതക കേസ്, 2018, ഫെബ്രുവരി 24.

20.  മലയാള മനോരമ. പാലക്കാട് രാംനാരായൺ ബാഗേൽ ആൾക്കൂട്ട കൊലപാതക കേസ്,                           2025, ഡിസംബർ 17.

21.  ഏഷ്യാനെറ്റ് ന്യൂസ്. ജുവൽ ഷെയ്ഖ് ആൾക്കൂട്ട കൊലപാതക കേസ്, 2022, ഡിസംബർ 26. 


ഡോ. അനുസ്മിത. എൻ

അസോസിയേറ്റ് പ്രൊഫസർ, മലയാള വിഭാഗം

ശ്രീനാരായണ ഗുരു കോളേജ്, ചേളന്നൂർ, കോഴിക്കോട്

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
ചീഫ് എഡിറ്റര്‍
ഡോ. ബി. ശ്രീകുമാർ സമ്പത്ത്



സ്റ്റുഡന്‍റ് എഡിറ്റര്‍
രതീഷ്
Fkv. 

ഇഷ്യു എഡിറ്റർ

​ഷീന എസ്.

FUntäm-dnb t_mÀUv 
AwK§Ä
ഡോ. കെ. റഹിം
ഡോ. സജീവ്കുമാർ എസ്.
ഡോ. ശ്രീലക്ഷ്മി എസ്.കെ.
ഡോ. രാമചന്ദ്രൻ പിള്ള എം.
ഡോ. അമ്പിളി ആർ.പി.
ഡോ. സംഗീത കെ.
ബിന്ദു എ.എം.

ഷീന എസ്.
ഡോ. കാരുണ്യ വി. എം.
അസോസിയേറ്റ് എഡിറ്റേഴ്സ്
ഡോ.ലാലു വി. , യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം
ഡോ.ഗംഗാദേവി എം., ഗവ. കോളേജ്, നെടുമങ്ങാട്, 
ഡോ.സേതുലക്ഷ്മി എം.എസ്. 
ഗവ.കോളേജ് ,നെടുമങ്ങാട്
Publishers Name:          
Dr.B.SREEKUMAR SAMBATH
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996          

Unssk³ & te Hu«vv
cXojv Fk.v

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2026

​

bottom of page