top of page

വിദ്യാർത്ഥി അച്ചടക്കത്തിന്റെ അരാഷ്ട്രീയപാഠങ്ങൾ ‘വാഴ 2 ‘എന്ന സിനിമയെ മുൻനിർത്തിയുള്ള പഠനം.

Oct 24
4 min read

Updated: 7 days ago

ശ്രീദേവി ബി.എസ്.

സംഗ്രഹം

                      ജെനറേഷൻ വൈ യും(മിലേനിയലുകൾ) ജെനറേഷൻ സിയും (ജെൻസിതലമുറകൾ)  തമ്മിൽ നടക്കുന്ന സംഘർഷം അടയാളപ്പെടുത്തുന്ന  മലയാള സിനിമയാണ് ‘വാഴ2 ബയോ പിക് ഓഫ് എ വില്യൻ ബ്രോസ്’. യുവതലമുറയുടെ അവകാശമുള്ള സ്വാതന്ത്ര്യത്തിന് വിലങ്ങുതടിയായി നിൽക്കുന്ന അധ്യാപകരും,സമൂഹം പരാജിതരായി മാത്രം മുദ്രകുത്തിയ വിദ്യാർത്ഥികളും തമ്മിലുള്ള ആശയസംഘട്ടനമാണ് ഈ സിനിമ. തലമുറകൾ മാറുന്നതോടൊപ്പം മൂല്യസങ്കല്പങ്ങളിലും മാറ്റം സംഭവിക്കുന്നു. ഈ മാറ്റത്തെ തിരിച്ചറിഞ്ഞ് പഴയ മൂല്യസങ്കല്പങ്ങളെ പുതുക്കിപ്പണിയാനും പുതുതലമുറയെ രൂപപ്പെടുത്തിയെടുക്കാനും അധ്യാപകർക്കാവണം. സദാസമയവും ലഹരിവസ്തുക്കൾ ചവയ്ക്കുന്ന അധ്യാപകൻ തന്നെയാണ് മയക്കുമരുന്നിലേയ്ക്ക് നയിക്കപ്പെടുന്ന വിദ്യാർത്ഥിസമൂഹത്തെ മുൾമുനയിൽ നിർത്തുന്നത്. അധ്യാപകർ വിദ്യാർഥികളുമായി നടത്തുന്ന സംഭാഷണഭാഷ സഭ്യതയുടെ അതിരുകൾ ലംഘിക്കുന്നു. തന്റെ മുന്നിലിരിക്കുന്ന കുട്ടിയുടെ മനസ്സറിഞ്ഞ് അവരിലെ തിന്മകളെ       മായ്ച്ച്  നന്മയുടെ പാതയിലൂടെ മാത്രം അവരെ നയിക്കപ്പെടേണ്ട അധ്യാപക സമൂഹത്തിന് ഉണ്ടാകുന്ന മൂല്യച്യുതിയാണ് ഈ പ്രബന്ധം ലക്ഷ്യം  വയ്ക്കുന്നത്.

 

 താക്കോൽ വാക്കുകൾ

 

     മില്ലേനിയലുകൾ(Gen Y)

      ജനനവർഷം (1981-1996)

      ജനറേഷൻ സി(Gen Z)

      ജനന വർഷം (1997-2012)

      സംഘർഷം(Conflict)

 

 ആമുഖം

            സാഹിത്യം, സംഗീതം, ചിത്രകല, ശില്പകല എന്നീ കലകളിൽ നിന്നും സ്വാധീനം ഉൾക്കൊണ്ട് രൂപപ്പെട്ട കലയാണ് സിനിമ.ദൃശ്യ-ശ്രവ്യാനുഭവങ്ങൾ കാഴ്ചവെക്കുന്ന സിനിമ മനുഷ്യന്റെ വികാരങ്ങളെയും ചിന്തകളെയും ശക്തമായി സ്വാധീനിക്കുന്നു. കാലഘട്ടത്തിൽ ഉണ്ടാകുന്ന മാറ്റം സിനിമയിലും പ്രകടമാണ്. അതുകൊണ്ടുതന്നെ സാമൂഹിക പ്രതിഫലനങ്ങളാണ്   സിനിമകൾ എന്ന് പറയാം. ജെൻസി കാലത്തിന്റെ  സ്പന്ദനങ്ങൾ അടയാളപ്പെടുത്തുന്ന ’വാഴ2,’ 2026 ഏപ്രിൽ 2 ന് പുറത്തിറങ്ങി. ഈ ചിത്രത്തിന്  സംവിധാനവും വിപിൻദാസ് രചനയും നിർവഹിച്ചിരിക്കുന്നു. വിപിൻദാസിന്റെ അഭിപ്രായത്തിൽ ഈ സിനിമയുടെ വിജയത്തിന് പിന്നിൽ ഓരോ കോണിലും പ്രവർത്തിച്ചത്‌ സവിൻസയുടെ സൂക്ഷ്മ നിരീക്ഷണപാടവം ആയിരുന്നു. സിനിമ ‘സംവിധായകന്റെ കലയാണ്’ എന്ന്‌ ഉറച്ചനിലപാടുള്ള അടൂർ ഗോപാലകൃഷ്ണന്റെ വാക്കുകളെ അന്വർത്ഥമാക്കുന്നതിൽ സവിൻസ വിജയിച്ചിരിക്കുന്നതായി കാണാം. പുതിയ അനുഭവങ്ങൾക്കും ആഴത്തിലുള്ള വ്യാഖ്യാനങ്ങൾക്കും തിരിച്ചറിവുകൾക്കും അവസരം ഒരുക്കുന്ന ഈ സിനിമയിലെ കഥാതന്തുവിനെ മുന്നോട്ടു കൊണ്ടു പോകുന്നത് ഹാഷിർ, അലൻ, അജിൻ, വിനായക് എന്നീ ചങ്ങാതിമാരാണ്. വാക്കുകൾകൊണ്ട് സംവേദനം ചെയ്യാൻ കഴിയാത്ത വികാരങ്ങളും ചിന്തകളും ദൃശ്യങ്ങളിലൂടെ ആവിഷ്കരിച്ച്  മനോഹരമാക്കാൻ സംവിധായകന്  കഴിഞ്ഞിരിക്കുന്നു.

 വീടുകളിൽ തുടങ്ങി ഓരോ ക്ലാസ്മുറികളിൽ നിന്നും അച്ചടക്കത്തിന്റെ പാഠങ്ങൾ കുട്ടി സ്വീകരിക്കുന്നു. .കുട്ടികളെ ഭയപ്പെടുത്തി പരിശീലിപ്പിക്കേണ്ട ഒന്നല്ല അച്ചടക്കം. മറിച്ച് നല്ല ശീലങ്ങളും ആത്മസംയമനവും ഉത്തരവാദിത്വബോധവും സ്നേഹത്തോടെ കുട്ടിക്ക്  വ്യക്തമാക്കി കൊടുക്കുന്നതാണ് അച്ചടക്കം. അങ്ങനെ സ്വന്തം കടമകളെക്കുറിച്ചുള്ള തിരിച്ചറിവും ചിട്ടയായ ജീവിതരീതിയുമാണ് അച്ചടക്കം എന്നു കുട്ടി ഗ്രഹിക്കുന്നു. പരമ്പരാഗതമായി രൂപപ്പെട്ടുവരുന്ന അച്ചടക്കം എന്ന സിസ്റ്റത്തെ മാറുന്ന കാലത്തോടൊപ്പം പരിണാമവിധേയമാക്കുന്നതിന് അധ്യാപകർ തയ്യാറാകണം. വിദ്യാർത്ഥി അച്ചടക്കത്തിന്റെ രാഷ്ട്രീയപാഠങ്ങൾ സ്വായത്തമാക്കുന്നത് ക്ലാസ്മുറികളിൽ നിന്നാണ്.നിരീക്ഷണപാടവം, നേതൃപാടവം, സ്വന്തം അഭിപ്രായങ്ങൾ തുറന്നു പറയാനുള്ള ധൈര്യം,വ്യത്യസ്ത കാഴ്ചപ്പാടുകൾ,സമഭാവന,സാഹോദര്യം, ഐക്യം,കൂട്ടായപ്രവർത്തനങ്ങൾ, ആതുരസേവനസന്നദ്ധത, പരോപകാരം എന്നിങ്ങനെ കുട്ടിയുടെ ഉള്ളിലെ എല്ലാ നൈപുണികളും വികസിപ്പിക്കാനുള്ള ഇടങ്ങളാണ് ക്ലാസ്മുറികൾ. അവിടെ കുട്ടിയുടെ സ്വാതന്ത്ര്യത്തെ അടച്ചുവെച്ച്  അവനെ സമൂഹത്തിലേക്ക് കൊണ്ടു വരുമ്പോൾ സമൂഹത്തിന് ഇണങ്ങാത്ത അരാഷ്ട്രീയ നിലപാടുകേന്ദ്രങ്ങളായി വിദ്യാർത്ഥിസമൂഹം മാറുന്നു. പുതുകാലത്തിനൊത്ത ചിന്താഗതികളുമായി അവരെ സഞ്ചരിക്കാൻ അനുവദിക്കുകയാണെങ്കിൽ അച്ചടക്കത്തിന്റെ നല്ലപാഠങ്ങൾ ഉത്പാദിപ്പിക്കുന്ന കേന്ദ്രങ്ങളായി നമ്മുടെ പള്ളിക്കൂടങ്ങൾ മാറും.

    ക്ലാസ്മുറിയിൽ ഇരിക്കുന്ന കുട്ടികളുടെ അഭിരുചികളെ മനസ്സിലാക്കാൻ അധ്യാപകർക്ക് കഴിയണം. എങ്കിൽ മാത്രമേ അവന്റെ നൈപുണികളെ പുറത്തു കൊണ്ടുവരാൻ കഴിയുകയുള്ളൂ. “അഭിരുചിയുള്ള മേഖലകളിൽ വ്യക്തിമുദ്ര തെളിയിക്കാനുള്ള സ്വാതന്ത്ര്യം വിദ്യാർത്ഥികൾക്ക് അനുവദിക്കണ”മെന്ന് എഴുത്തുകാരനായ വർഗീസ്പോൾ ’വിദ്യാഭ്യാസം പഠനം- ബോധനരീതികൾ’ എന്ന കൃതിയിൽ പറയുന്നു. വിദ്യാഭ്യാസത്തിലെ ഒരു പ്രധാന ഘടകമാണ് ദൃശ്യമാധ്യമങ്ങൾ. അതിൽ ഉൾപ്പെടുന്നതാണ് സിനിമ . സിനിമ ഒരു വിനോദ ഉപാധിയാണ്. ക്ലാസ്മുറികളിൽ സിനിമാപഠനം സജീവമാക്കേണ്ട വിഷയവുമാണ്. “വിദ്യാഭ്യാസത്തെ പരമാവധി ആകർഷകമാക്കാനുള്ള ദൃശ്യശ്രവ്യമാധ്യമങ്ങളും മറ്റും ക്ലാസ്സ് മുറികളിൽ പ്രയോഗിക്കുന്നുണ്ട് എന്നും അധ്യാപകൻ ഉറപ്പുവരുത്തണം”എന്നുകൂടി.വർഗ്ഗീസ്സ്പോൾ  കൂട്ടിച്ചേർക്കുന്നു. കുട്ടിയുടെ അഭിരുചിയെയോ അവന്റെ സിനിമ കാണാനുള്ള താല്പര്യത്തെയോ വാഴ2 എന്ന സിനിമയിലെ ഒരുവിഭാഗം അധ്യാപകർ ഉൾക്കൊള്ളുന്നില്ല. അതിനു കാരണം അവരുടെ തലമുറകൾ തമ്മിലുള്ള മൂല്യസങ്കല്പത്തിന്റെ പ്രശ്നമാണ്. മാറുന്ന തലമുറയെയും മാറ്റത്തെയും ഉൾക്കൊള്ളാൻ അധ്യാപലോകം ശ്രമിക്കുകയാണ് എങ്കിൽ ഈ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കാവുന്നതേയുള്ളൂ. “വർത്തമാനകാലത്തെ ഏറ്റവും വലുതും വൈവിധ്യമുള്ള കലയാണ്  സിനിമ,”-യെന്ന് ‘പുതുസിനിമ ഭാവന ഭാഷ ഭാവുകത്വം’ എന്ന കൃതിയിൽ ജോസ്.കെ.മാനുവൽ അഭിപ്രായപ്പെടുന്നു.മാറുന്ന സൗന്ദര്യശാസ്ത്രവും പുത്തൻ സിനിമാഗാനങ്ങളും വാഴ2 എന്ന സിനിമയെ മനോഹരമാക്കുന്നു.

    ബാല്യംമുതൽക്കേ തുടരുന്ന സൗഹൃദം സ്കൂൾതലത്തിൽനിന്ന് കോളേജ്തലത്തിലേക്ക്  ചേക്കേറുമ്പോഴും അവരുടെ സുഹൃത്ബന്ധത്തിന് ഒരു മാറ്റവും സംഭവിക്കുന്നില്ല.ലോകത്തിന്റെ വ്യത്യസ്തകോണുകളിൽ ജീവിതം തള്ളിനീക്കുമ്പോഴും അവരെ നയിക്കുന്നത് ആത്മവിശ്വാസവും പ്രതീക്ഷയും നിഷ്കളങ്ക സ്നേഹവുമാണ്. കൂടപ്പിറപ്പിനെ ഒരിക്കലും പിരിയരുത് എന്നും ആ സ്നേഹത്തെ എന്നും ചേർത്തു വയ്ക്കണമെന്നും വാഴ2 എന്ന സിനിമ നമ്മെ പഠിപ്പിക്കുന്നു. സഹോദരങ്ങൾ തമ്മിലുള്ള കൊച്ചു കൊച്ചു പിണക്കങ്ങൾ, തിയേറ്ററിൽ നിന്നും അധ്യാപകരോടൊപ്പം സ്കൂളിൽ എത്തുന്ന ആഷ്ന, മാതാപിതാക്കളോടൊപ്പം വരുന്ന ആഷ്നയോട് അസഭ്യം പറയുന്ന വിദ്യാർത്ഥികൾ, മനംനൊന്ത് ആത്മഹത്യ ചെയ്യാൻ ഒരുനിമിഷം ചിന്തിക്കുന്ന ആഷ്ന, ചെയ്യാത്ത കുറ്റം ഏറ്റെടുത്ത് ഹാഷിർ പോലീസുകാരോടൊപ്പം  വാനിൽപോകുന്നത്, വിനായകന്റെ അച്ഛന്റെ മരണം, പനിച്ചുരുകി കഴിയുന്ന വിനായകന്റെ ദയനീയഅവസ്ഥ, കുട്ടികളുടെ മൊബൈൽഫോണുകൾ ക്ലാസ്മുറിയിൽ നിന്ന് കണ്ടെത്തുന്നത്, അവരുടെ പ്രണയങ്ങൾ പരസ്യമാകുന്നതോടൊപ്പം ഹാഷിറിന്റെ പ്രണയം സഫലമാകുന്നതും ഒക്കെ പ്രേക്ഷകമനസ്സിലെ ഹൃദയസ്പർശിയായ മുഹൂർത്തങ്ങളാണ്.

            ഉത്തമനായ ഒരു പോലീസു ദ്യോഗസ്ഥനും, “ജീവിതം ഒന്നല്ലേ ഉള്ളൂ മോനേ”-എന്ന് പറഞ്ഞ് ഏത് പാതിരാത്രിയിലും കരുണയുടെ വെളിച്ചമായി കടന്നുവരുന്ന ദൈവദൂതനായ മനുഷ്യനും, തന്റെ മുന്നിലുള്ള കുട്ടികളുടെ തലമുറയെ കൃത്യമായി മനസ്സിലാക്കി അവരോടൊപ്പം സഞ്ചരിക്കുന്ന മനോജ് സാറും, മക്കളെ ചേർത്തുപിടിക്കുന്ന അലന്റെയും വിനായകന്റെയും അച്ഛന്മാരും ഈ ചിത്രത്തിൽ നേർമയുടെ പ്രതീകങ്ങളായി കടന്നുവരുന്നു. അലൻ, ഹാഷിർ, അജിൻ എന്നിവരുടെ അമ്മമാർ ദൈന്യതയുടെ പ്രതീകവും ഒപ്പം പുരുഷാധിപത്യത്തെ ഭയക്കുന്ന സ്ത്രീ കഥാപാത്രങ്ങളുമാണ്.

              തന്റെ സുഖങ്ങൾക്ക് വേണ്ടി മക്കളെ വിദേശത്ത് ജോലിക്കായി കയറ്റിയയക്കുന്ന അജിന്റെ അച്ഛനും, ഹാഷിറും അനുജനും ചെയ്യുന്ന തെറ്റുകളെ വലുതാക്കി കാണിച്ച് അവരെ വേദനിപ്പിക്കുന്ന  ഹാഷിമിന്റെ മാമനും, കുട്ടികളെ അനുനയിപ്പിച്ച് ജ്യൂസിൽ തുടങ്ങി മയക്കുമരുന്നോളം വില്പന നടത്തുന്ന സ്കൂളിലെ പൂർവവിദ്യാർത്ഥിയായ മനൂ.പി.സദാശിവനും ഈ സിനിമയിലൂടെ സമൂഹത്തിന്റെ  വർത്തമാനകാലചിത്രം അടയാളപ്പെടുത്തുന്നു.

 കുട്ടികളിൽ ഉറങ്ങിക്കിടക്കുന്ന നൈപുണികളെ പുറത്തു കൊണ്ടുവരാനും കുട്ടിയുടെ മാനസികചോദനകളെ അറിയാനും അവരിൽ പ്രകടമാകുന്ന മാറ്റം സൂക്ഷ്മതയോടെ മനസ്സിലാക്കി അവരുടെ തെറ്റുകളെ അവരറിയാതെ മായ്ച്ച് ശരിയായ ദിശയിലൂടെ അവരെ നയിച്ച് ഉത്തമപൗരർ ആക്കുകയാണ് അധ്യാപകന്റെ കർത്തവ്യം. വിദ്യാർത്ഥിയുടെ പഠനം, പെരുമാറ്റം, വികാസം, താല്പര്യം, വ്യക്തിവ്യത്യാസങ്ങൾ എന്നിവ മനസ്സിലാക്കി അനുയോജ്യമായ അധ്യാപനരീതികൾ സ്വീകരിക്കാൻ വിദ്യാഭ്യാസമനശാസ്ത്രം അധ്യാപകനെ സഹായിക്കുന്നു.  നീണ്ടപഠനത്തിന് . ശേഷം അധ്യാപകനായി തീരുമ്പോൾ പഠിച്ച മനശാസ്ത്രപാഠങ്ങൾ പാതിവഴിയിൽ ഉപേക്ഷിച്ച ഒരുകൂട്ടം അധ്യാപകരെ ഈ സിനിമയിൽ നാം കാണുന്നു.അവരും വർത്തമാനകാലത്തിന്റെ തനി പ്പകർപ്പാണ്.

 ഈ സിനിമയിൽ കായിക വിദ്യാഭ്യാസത്തിന്റെ പ്രസക്തി മനസ്സിലാക്കി കൊടുക്കുന്നതിന് ഒരു പോലീസുകാരൻ വേണ്ടിവന്നു എന്ന് വരുമ്പോൾ അധ്യാപകരുടെ ഉത്തരവാദിത്തങ്ങളിൽ വരുന്ന താളപ്പിഴകൾ പ്രകടമാകുന്നു.സിനിമ ഇന്ന് പഠനവിഷയമാണ്. എന്നിട്ടും സിനിമ കാണുന്നതിനെ തെറ്റായി വ്യാഖ്യാനിക്കുന്ന കുത്തഴിഞ്ഞ സമൂഹത്തിന്റെ പ്രതിനിധികളായി ലേഖടീച്ചറും മുജീബ് സാറും മാറുന്നു. ലേഖടീച്ചർ ആഷ്നയോട് പറയുന്നത് ഇപ്രകാരമാണ്, “ഇവൾ ഒക്കെ ഒരുങ്ങി കെട്ടി വരുന്നത് ദാ അവന്മാരെ കാണിക്കാനാണ്”. മറ്റൊരു അധ്യാപിക കുട്ടികളോട് ഇങ്ങനെ പറയുന്നു,”ഇവർ തനി ഗുണ്ടകളാ”. ആഷ്നയെപ്പറ്റി മാതാപിതാക്കളുടെ മുന്നിൽ വെച്ച്  മുജീബ് സാർ പറയുന്നത്, “ഇന്ന്        സിനിമയ്ക്ക്പോയി നാളെ വല്ല ലോഡ്ജിലും ആയിരിക്കും” - എന്നാണ്. അധ്യാപകസമൂഹം കുട്ടികളുടെ മേൽപ്രയോഗിക്കേണ്ട വാക്കുകൾ ആണോ ഇവ?.”ഒരുങ്ങി കെട്ടി വരുന്നു” എന്ന് അടച്ചാക്ഷേപിക്കുന്ന ലേഖടീച്ചർ സ്വന്തം സ്വത്വത്തെ വെളിപ്പെടുത്തുന്നു. ബിനുസാറിനെ പോലുള്ളവരെ കാണിക്കാനാണ് ലേഖ ടീച്ചർ എത്തുന്നത് എന്ന് സിനിമ നമുക്ക് കാണിച്ചു തരുന്നു. കുട്ടികളിലെ പ്രേമത്തെ അപരാധമായി കാണുന്ന ലേഖടീച്ചർക്ക് സ്വന്തം കാര്യത്തിൽ പ്രേമം അപരാധമല്ല മറിച്ച് അനുഭവമാണ്.

      

                മയക്കുമരുന്ന്  ഉപയോഗിച്ച് അറസ്റ്റിലാക്കപ്പെടുന്ന കുട്ടികളെ രോഷത്തോടെ കാണുന്ന മുജീബ്സാർ ഒരുമൃഗത്തിന്റെ സ്വത്വം പ്രദർശിപ്പിക്കുന്നു. പല്ലിനിടയിൽ വെറ്റില ചവച്ച് രസിച്ചതിന്റെ നിറം പോലീസുകാരനാൽ സമൂഹം അറിയുമ്പോൾ ഇങ്ങനെയുള്ള ലഹരിവസ്തുക്കൾ ഉപയോഗിക്കേണ്ടി വന്നതിൽ ആദ്യം ശിക്ഷിക്കപ്പെടേണ്ടത് “മുജീബ്സാർഅല്ലേ“- എന്ന് പ്രേക്ഷകർ ചിന്തിക്കുന്നു. വീട്ടിൽ പന്ത് തട്ടി കളിക്കുന്ന കുട്ടികളുടെ പന്ത് പാരമേൽ വെച്ച്പൊട്ടിക്കുന്ന അജിന്റെ അച്ഛന്റെ നേർപകർപ്പാണ് ഇവിടെ മുജീബ്സാർ. കുട്ടികൾ കളിക്കേണ്ട ഗ്രൗണ്ടിൽ സ്കൂൾ ബസ് നിരത്തി ഇടാനും ഇടവേളകളിൽ കളിക്കാനായി കുട്ടികൾ പുറത്തിറങ്ങുമ്പോൾ ഉടൻതന്നെ വടിയുമായി കുട്ടികളെ അടിച്ച് ഓടിക്കാനും ശ്രമിക്കുന്ന ക്രൂരതയുടെ മുഖമാണ് മുജീബ്‌ സാറിന് ഉള്ളത്. പഴമയെ മാത്രം പുണർന്ന് മുന്നിലിരിക്കുന്ന മാറുന്ന തലമുറയുടെ സ്പന്ദനം അറിയാത്ത മാനേജ്മെന്റും ഒരു കൂട്ടം അധ്യാപകരും ഉൾക്കൊള്ളുന്ന ഈ സിനിമയിലൂടെ വർത്തമാനകാല ജീവിതം തന്നെയാണ്   നാം ദർശിക്കുന്നത്. ഇതിൽ മരുന്നിനെന്നോണം ദൃശ്യമാകുന്ന ഒരു മികച്ച അധ്യാപകനാണ് മനോജ് സാർ.

         ആത്മവിശ്വാസം,  സഹിഷ്ണതാ മനോഭാവം ,ക്ഷമ, അനുകമ്പ, സ്നേഹം, ശക്തമായ നിലപാടുകൾ എന്നിവ പ്രകടമാക്കുന്ന ജെൻസി തലമുറയുടെ ചിത്രമാണ് നാം ഈ സിനിമയിലൂടെ കാണുന്നത്. പ്രണയം സാക്ഷാത്കരിക്കപ്പെടണമെന്ന്  ഹാഷിർ വാശി പിടിക്കുന്നില്ല. അവൻ ചിന്തിക്കുന്നു.....ജീവിത സാഹചര്യങ്ങൾ വ്യത്യസ്തമാണ്. ”നിനക്ക് പറ്റിയ ചെക്കൻ അല്ല ഞാൻ”-എന്ന് പ്രണയിനിയോട് തുറന്നു പറയുന്ന ശക്തമായ നിലപാടുള്ള ഒരു തലമുറയെയാണ് നാം ഇവിടെ കാണുന്നത്. ജെൻസി തലമുറയെ മനസ്സിലാക്കാൻ അധ്യാപകർ ശ്രമിക്കാത്തതും അവരുടെ മാതാപിതാക്കൾ ശ്രമിക്കുന്നതും അങ്ങനെ സംഘർഷനിമിഷങ്ങൾ ഒഴിവാക്കുന്നതും ഈ  സിനിമയിലൂടെ നാം കാണുന്നു. കുട്ടിയുടെ മനസ്സറിഞ്ഞ് ബൗദ്ധികമായ വികാസം രൂപപ്പെടുത്തേണ്ട അധ്യാപക ലോകത്തിനേൽക്കുന്ന മൂല്യച്യുതിയുടെ ചിത്രം ഈ സിനിമ പങ്കുവയ്ക്കുന്നു.

 

 ഉപദർശനങ്ങൾ

             വർത്തമാനകാല   ജീവിതത്തിന്റെ കണ്ണാടിയാണ് വാഴ2 എന്ന സിനിമ. വിജ്ഞാനവും വിനോദവും പകരുന്നതിനോടൊപ്പം ശരിയായ അച്ചടക്കത്തിന്റെ പാഠങ്ങൾ അധ്യാപകർ ക്ലാസ്മുറികളിലൂടെ പകരണം എന്നും സിനിമ പഠിപ്പിക്കുന്നു. ഓരോ കാലഘട്ടത്തിനും ഓരോ മൂല്യ സങ്കല്പങ്ങൾ ഉണ്ട്. കാലം മാറുമ്പോൾ പഴയ തലമുറയിൽ നിൽക്കുന്ന അധ്യാപകർ ആണെങ്കിൽ പുതിയ തലമുറയെ പഠിപ്പിക്കുമ്പോൾ ആ തലമുറയിലെ മാറ്റത്തെയും ഉൾക്കൊള്ളാൻ തയ്യാറാകണം. അങ്ങനെ സിനിമയിൽ പ്രകടമാകുന്ന അരാഷ്ട്രീയ പാഠങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ അധ്യാപക ലോകത്തി ന് സാധിക്കും. കാരണം കുട്ടിക്ക്  ലഭിക്കാവുന്ന ഏറ്റവും മികച്ച പാഠപുസ്തകമാണ്  അധ്യാപകർ.

 

സഹായക ഗ്രന്ഥങ്ങൾ

 

1. ജോസ്.കെ. മാനുവൽ

   പുതുസിനിമഭാവനഭാഷഭാവുകത്വo

   രണ്ടാം പതിപ്പ് പുസ്തകലോകം

    2024 Jan

2. വർഗീസ് പോൾ

  വിദ്യാഭ്യാസംപഠനബോധനരീതികൾ

   ഒരുഅക്ഷരപ്രസിദ്ധീകരണം

    ഒന്നാം പതിപ്പ് 1993 നവംബർ.

3.അപ്പോൾആരാണ്ഈജെൻസി                  എൻ.പി.സജീഷ്മാത്യഭൂമിആഴ്ചപ്പതിപ്പ്2026ജൂൺ 28 ലക്കം16

NHdzsZTfhONPt7eh

ശ്രീദേവി ബി എസ് മലയാളവിഭാഗം ഗവേഷക

യൂണിവേഴ്സിറ്റി കോളേജ്

തിരുവനന്തപുരം.

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
ചീഫ് എഡിറ്റര്‍
ഡോ. ബി. ശ്രീകുമാർ സമ്പത്ത്



സ്റ്റുഡന്‍റ് എഡിറ്റര്‍
രതീഷ്
Fkv. 

ഇഷ്യു എഡിറ്റർ

​ഷീന എസ്.

FUntäm-dnb t_mÀUv 
AwK§Ä
ഡോ. കെ. റഹിം
ഡോ. സജീവ്കുമാർ എസ്.
ഡോ. ശ്രീലക്ഷ്മി എസ്.കെ.
ഡോ. രാമചന്ദ്രൻ പിള്ള എം.
ഡോ. അമ്പിളി ആർ.പി.
ഡോ. സംഗീത കെ.
ബിന്ദു എ.എം.

ഷീന എസ്.
ഡോ. കാരുണ്യ വി. എം.
അസോസിയേറ്റ് എഡിറ്റേഴ്സ്
ഡോ.ലാലു വി. , യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം
ഡോ.ഗംഗാദേവി എം., ഗവ. കോളേജ്, നെടുമങ്ങാട്, 
ഡോ.സേതുലക്ഷ്മി എം.എസ്. 
ഗവ.കോളേജ് ,നെടുമങ്ങാട്
Publishers Name:          
Dr.B.SREEKUMAR SAMBATH
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996          

Unssk³ & te Hu«vv
cXojv Fk.v

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2026

​

bottom of page