top of page

വർത്തമാനകാല മലയാളസിനിമയിലെ  പെൺവിനിമയങ്ങൾ

Oct 24
9 min read

Updated: 7 days ago

ഡോ. വീണ എസ്.

പ്രബന്ധസംഗ്രഹം

      ലോകത്തിലെ ഏറ്റവും ജനപ്രിയമായിട്ടുള്ള ഒരു കലാരൂപമാണ് സിനിമ. ജീവിതത്തെ ദൃശ്യങ്ങളിലൂടെ പുനർനിർമ്മിക്കാനുള്ള കഴിവാണ് ജനപ്രിയമാധ്യമമെന്ന നിലയിൽ സിനിമ സ്വീകരിക്കപ്പെടാൻ കാരണം. സ്ത്രീ സ്വത്വാവിഷ്കാരത്തിലൂടെ ശ്രദ്ധ നേടിയ നിരവധി സിനിമകൾ മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗമാണ്. സ്ത്രീത്വത്തെക്കുറിച്ചുള്ള പരമ്പരാഗത കാഴ്ചപ്പാടുകളിൽനിന്നും  മാറി സ്ത്രീയുടെ അന്ത: സംഘർഷങ്ങളെയും വൈകാരികതയും സൂക്ഷ്മമായി ആവിഷ്കരിച്ച രണ്ട് സിനിമകളാണ് 2025 ൽ പ്രദർശനത്തിനെത്തിയ ‘ഏക്കോ’(EKO) 2026 ൽ ഇറങ്ങിയ ബാലൻ:ദി ബോയ് എന്നിവ. അസ്തിത്വത്തിന്റെ നാനാർത്ഥങ്ങളോട് സ്വതന്ത്രവും ധീരവുമായ ശൈലിയിൽ പ്രതികരിക്കുന്ന സ്ത്രീകഥാപാത്രങ്ങളിലൂടെയാണ് ഈ സിനിമകൾ പൊതുസമൂഹത്തിൽ ചർച്ചാവിഷയമായത്. സിനിമയിലെ സ്ത്രീയുടെ രാഷ്ട്രീയം, സംസ്കാരത്തിലെ സ്ത്രീപ്രതിനിധാനത്തിന്റെ രാഷ്ട്രീയമായി മാറുന്നു. ബഹുമുഖവും സങ്കീർണവുമായ സ്ത്രീയനുഭവങ്ങളെ അടയാളപ്പെടുത്തുന്ന ഈ രണ്ടു സിനിമകളെ പഠനവിധേയമാക്കിക്കൊണ്ട് പെൺവിനിമയങ്ങൾ വർത്തമാനകാല മലയാളസിനിമയിൽ ആവിഷ്കാരരൂപം പ്രാപിക്കുന്നതെങ്ങനെയെന്നുള്ള അന്വേഷണവും കണ്ടെത്തലുമാണ് ഈ പ്രബന്ധം.

 

 താക്കോൽവാക്കുകൾ : പെൺ വിനിമയങ്ങൾ, വൈകാരികചോദനകൾ, പുരുഷാധിപത്യം, പെൺകാമനകൾ, ഏകരക്ഷാകർതൃത്വം, സ്ത്രീപക്ഷ രാഷ്ട്രീയം, സ്ത്രീപക്ഷപരിസ്ഥിതിവാദം. 

 

 സ്ത്രീസ്വത്വവിഷ്കാരം മലയാളസിനിമയിൽ

 

 സംസ്കാരത്തെ പ്രതിഫലിപ്പിക്കുവാനും രൂപപ്പെടുത്തുവാനും കഴിവുള്ള മാധ്യമമാണ് സിനിമ. കാരണം നിലനിൽക്കുന്ന സാമൂഹികവ്യവസ്ഥകളെയും അധികാരബന്ധങ്ങളെയും ദൃശ്യത്തിലൂടെ പുനരാവിഷ്കരിക്കുകയാണ് മാധ്യമമെന്ന നിലയിൽ സിനിമ ചെയ്യുന്നത്. എന്നാൽ പലപ്പോഴും സമൂഹജീവിതത്തിന്റെയും വ്യക്തിജീവിതത്തിന്റെയും അടരുകൾ വ്യക്തമായ പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ രൂപപ്പെട്ടതായിരിക്കും. അതിന് സാമ്പത്തികവും രാഷ്ട്രീയവും സാമൂഹികവുമായ ഒരു അടിസ്ഥാനമുണ്ട്. അതുകൊണ്ടാണ് സിനിമ ഒരു സാംസ്കാരികരൂപമെന്ന നിലയിൽ സമൂഹത്തിന്റെ പ്രതിഫലനം കൂടിയാകുന്നത്. മലയാളസിനിമയുടെ ചരിത്രം പരിശോധിക്കുമ്പോൾ സ്ത്രീത്വത്തെക്കുറിച്ച് സമൂഹത്തിൽ നിലനിൽക്കുന്ന ധാരണകളെ മുൻനിർത്തി നിർമ്മിക്കപ്പെട്ട സിനിമകളും, സ്ത്രീയുടെ വൈകാരികചോദനയും മാനസിക ഭാവങ്ങളെയും സൂക്ഷ്മമായി അവതരിപ്പിക്കുന്ന അപൂർവ്വം സിനിമകളും കണ്ടെത്താം.

 

            1928 ൽ പുറത്തുവന്ന ‘വിഗതകുമാര’നിൽ തുടങ്ങി ഡിജിറ്റൽ കാലഘട്ടത്തിലും ഇന്ത്യൻസിനിമയിൽ ശ്രദ്ധേയമായ സ്ഥാനം അടയാളപ്പെടുത്തുവാൻ മലയാളസിനിമയ്ക്ക് സാധിച്ചിട്ടുണ്ട്. ആദ്യകാലഘട്ടത്തിൽ മലയാള സാഹിത്യവുമായും സമൂഹവുമായും ബന്ധം പുലർത്തിരുന്ന ഇതിവൃത്തങ്ങളായിരുന്നു പ്രധാനം. “ഒരു സാമൂഹ്യലോകം എന്ന നിലയ്ക്ക് ഒരുപക്ഷേ മലയാളസിനിമ ഏറ്റവും വൈവിധ്യപൂർണമായിരുന്നത് അതിന്റെ ആദ്യദശകങ്ങളിലായിരിക്കും. ആഖ്യാനപരവും പ്രമേയപരവുമായ തലങ്ങളിൽ അന്ന് സിനിമയ്ക്ക് സാഹിത്യവുമായി അഭേദ്യബന്ധമുണ്ടായിരുന്നതിനാൽ ത്തന്നെ അക്കാലത്തെ സാഹിത്യത്തിൽ സംഭവിച്ചുകൊണ്ടിരുന്ന ഭാവുകത്വ പരിണാമങ്ങളുടെ അനുരണനങ്ങൾ സിനിമയും ആവാഹിച്ചു”(സി എസ് വെങ്കിടേശ്വരൻ,2011:9). മാർത്താണ്ഡവർമ്മ, പാടാത്ത പൈങ്കിളി, രണ്ടിടങ്ങഴി, മുടിയനായ പുത്രൻ,  ചെമ്മീൻ തുടങ്ങിയ സിനിമകൾ ഉദാഹരണങ്ങളാണ്. 1970 കൾ വരെയുള്ള സിനിമകൾ പരിശോധിച്ചാൽ സ്ത്രീക്ക് പ്രാധാന്യമുള്ളതും അവളുടെ മാനസികഭാവത്തെ അവതരിപ്പിക്കുന്നതുമായ സിനിമകൾ വിരലിലെണ്ണാവുന്നതേയുള്ളൂ. പുരുഷാധിപത്യമൂല്യങ്ങളിലധിഷ്ഠിതമായ കാഴ്ചപ്പാടോടെ നിർമ്മിക്കപ്പെട്ടതായിരുന്നു അവയിലധികവും. മാതൃത്വത്തിന്റെ മഹനീയത, അനുസരണയും ക്ഷമയുമുള്ള ഭാര്യ, ത്യാഗിയായ കാമുകി എന്നിങ്ങനെ കൃത്യമായ ചട്ടക്കൂടിൽ നിർമ്മിക്കപ്പെട്ട കഥാപാത്രങ്ങൾ. പുരുഷനിൽനിന്ന് വേറിട്ടൊരു വ്യക്തിത്വം അവർക്കില്ലായിരുന്നു. എന്നാൽ പി. ഭാസ്കരനും രാമു കാര്യാട്ടും ചേർന്ന് സംവിധാനം ചെയ്ത് 1954ൽ പുറത്തിറങ്ങിയ നീലക്കുയിൽ, കുഞ്ചാക്കോ സംവിധാനം ചെയ്ത് 1962 ൽ പുറത്തിറങ്ങിയ  ഉണ്ണിയാർച്ച, പി ഭാസ്കരൻ സംവിധാനം ചെയ്ത കള്ളിച്ചെല്ലമ്മ(1969), രാമു കാര്യാട്ട് സംവിധാനം ചെയ്ത ചെമ്മീൻ1965) തുടങ്ങിയ സിനിമകൾ നായികാപ്രാധാന്യം കൊണ്ട് ശ്രദ്ധനേടി. സ്ത്രീജീവിതത്തിന്റെ വർത്തമാനകാല സാഹചര്യങ്ങളെ വിമർശന വിധേയമാക്കുന്ന തരത്തിലുള്ള ആഖ്യാനത്തിലൂടെയും സംഭാഷണങ്ങളി ലൂടെയുമാണ് ഈ സിനിമകൾ ശ്രദ്ധേയമായത്.

 

            ആംഗ്ലോ ഇന്ത്യൻ പെൺകുട്ടിയായ ജൂലിയുടെ അന്ത:സംഘർഷങ്ങളും നിലപാടുകളും വിഷയമാക്കി  1974 ൽ കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത ചട്ടക്കാരി, ലൈംഗികതൊഴിലാളിയായ രാജിയെ(സീമ)നായികയാക്കി പരമ്പരാഗത സങ്കൽപ്പങ്ങളെ വെല്ലുവിളിച്ച ഐ വി ശശി സംവിധാനം ചെയ്ത  അവളുടെ രാവുകൾ(1978), കുടുംബത്തിലും സമൂഹത്തിലും സ്ത്രീകൾ അനുഭവിക്കുന്ന ചൂഷണങ്ങളെ മൂന്നു സ്ത്രീ ജീവിതത്തിലൂടെ അവതരിപ്പിക്കുന്ന കെ ജി ജോർജിന്റെ ആദാമിന്റെ വാരിയെല്ല്(1983), അമ്മസങ്കല്പത്തിന്റെ ബഹുമുഖഭാവങ്ങൾ അവതരിപ്പിച്ച ജോൺ എബ്രഹാമിന്റെ അമ്മ അറിയാൻ(1986), വ്യക്തിബന്ധത്തിന്റെ ആഴം പ്രകടമാക്കി നായികാപ്രാധാന്യത്തോടെ  ഫാസിൽ സംവിധാനം ചെയ്ത നോക്കത്താദൂരത്ത് കണ്ണും നട്ട്(1984), അനീതിക്കെതിരെ ശക്തമായി പ്രതികരിക്കുന്ന ഇന്ദിര(ഗീത)എന്ന കരുത്തുറ്റ കഥാപാത്രത്തെ അവതരിപ്പിച്ച് ഹരിഹരൻ സംവിധാനം ചെയ്ത പഞ്ചാഗ്നി(1986) തുടങ്ങിയവ സമൂഹത്തിൽ സ്ത്രീകളുടെ സ്ഥാനമെന്താണെന്ന് വ്യക്തമായി വിളിച്ചറിയിച്ച സിനിമകളായിരുന്നു.

          

             നമ്പൂതിരിസമുദായത്തിലെ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും തുറന്നുകാട്ടി സ്ത്രീകളുടെ അവസ്ഥ സത്യസന്ധമായി അവതരിപ്പിച്ച് ഹരിഹരൻ സംവിധാനം ചെയ്ത പരിണയം(1994), പത്മരാജന്റെ ദേശാടനക്കിളി കരയാറില്ല(1986 ), നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ(1986), ആരണ്യകം(1988), എന്റെ സൂര്യപുത്രിക്ക്(1991), ആകാശദൂത്(1993), കണ്ണെഴുതി പൊട്ടും തൊട്ട്(1999) ,മഴ(2000), ഭൂതക്കണ്ണാടി(1999), അഗ്നിസാക്ഷി(1999), സൂസന്ന(2000) തുടങ്ങിയ സിനിമകൾ വാണിജ്യവൽക്കരണത്തിന്റെ സാധ്യതകളിലേക്ക് മലയാളസിനിമ ശ്രദ്ധ കേന്ദ്രീകരിച്ച 80 കളുടെ അവസാനത്തിലും 90  കാലഘട്ടത്തിലും സ്ത്രീത്വത്തിന്റെ സൂക്ഷ്മവും സ്ഥൂലവുമായ വിനിമയങ്ങളെയും സാമൂഹികവിഷയങ്ങളെയും ആവിഷ്കരിച്ചവയാണ്.“ യാഥാർത്ഥ്യബോധത്തോടെ പെണ്മ എന്ന പ്രഹേളികയെ അടുത്തുനിന്നു നിരീക്ഷിക്കാനും അകന്നുനിന്ന് വിലയിരുത്താനും പാകത്തിനുള്ള സിനിമകൾ മലയാളസിനിമയുടെ ശതാബ്ദിയോട് അടുക്കുന്ന ചരിത്രത്തിൽ നിന്നും കണ്ടെത്താൻ പ്രയാസമില്ല. സ്ത്രീയുടെ ആകാരവടിവിനെ വിലയിരുത്തുന്ന, അതിൽ അഭിരമിക്കുന്ന പുരുഷദൃഷ്ടിക്ക് പകരം അവളുടെ മനസ്സിന്റെ ഉള്ളറകളിലേക്കും കള്ളറകളിലേക്കും ക്യാമറക്കണ്ണുകളുമായി സംവിധായകൻ ചൂഴ്ന്നിറങ്ങിയപ്പോഴാണ് ലോകസിനിമയുടെ തട്ടകത്തിലേക്ക് നമ്മുടെ സിനിമ എത്തിപ്പെട്ടത്”(ഡോ. സുധാ വാര്യർ,2016:175).1990 കളിൽ അമാനുഷികവൈഭവങ്ങളുള്ള നായക കഥാപാത്രങ്ങൾക്ക് പ്രാമുഖ്യവും ജനപ്രിയതയും ഉണ്ടായിരുന്ന സിനിമാരംഗത്ത് നായകന്റെ ശക്തി പ്രകടിപ്പിക്കുവാനുള്ള ഉപകരണം മാത്രമായി സ്ത്രീകഥാപാത്രങ്ങൾ മാറി. ദേവാസുരം, ഹിസ് ഹൈനസ് അബ്ദുള്ള, കമ്മീഷണർ തുടങ്ങിയ സിനിമകളെല്ലാം ഉദാഹരണങ്ങളാണ്. അധികാരവും വൈദഗ്ധ്യവും കയ്യാളുന്ന ഉയർന്ന ഉദ്യോഗസ്ഥർ മുതൽ എല്ലാതരത്തിലുമുള്ള സ്ത്രീകളെ സിനിമ അവതരിപ്പിച്ചു.പക്ഷേ ഇവരെല്ലാം ആന്തരികമായി വീട്ടമ്മയുടെ പരമ്പരാഗത മാനസിക വാർപ്പു മാതൃകകളുടെ പുറത്ത് കെട്ടിയുറപ്പിച്ച വേഷങ്ങൾ മാത്രമായിരുന്നു”(2016:176).

 

           2010 നു ശേഷം പുറത്തുവന്ന പുതുതലമുറ ചിത്രങ്ങൾ (ന്യൂജനറേഷൻ സിനിമ) സ്വാഭാവികജീവിതത്തെയും, വ്യക്തികളെയും കേന്ദ്രീകരിച്ച് മലയാളസിനിമയിൽ വലിയൊരു മാറ്റത്തിന് വഴിയൊരുക്കിയപ്പോൾ സ്വയം നിർണയനാധികാരമുള്ള, ലൈംഗിക സ്വാതന്ത്ര്യമുള്ള, ആർജ്ജവമുള്ള സ്ത്രീ കഥാപാത്രങ്ങൾ ശ്രദ്ധ നേടി. സ്ത്രീയുടെ ശക്തമായ അതിജീവനവും, പ്രതികാരവും പ്രമേയമാക്കിയ 22ഫീമെയിൽ കോട്ടയം(2012) സ്വത്വവും സ്വപ്നവും നേടിയെടുക്കുന്ന സ്ത്രീത്വത്തെ അവതരിപ്പിച്ച ഹൗ ഓൾഡ് ആർ യു(2014 ), ആസിഡ് ആക്രമണത്തെ അതിജീവിച്ച സ്ത്രീ കഥാപാത്രമുള്ള ഉയരെ(2019 ), ഗാർഹികപീഡനത്തെ കായികമായി പ്രതിരോധിച്ച നായികയെ അവതരിപ്പിച്ച ‘ജയ ജയ ജയഹേ’(2022), പുരുഷനാധിപത്യത്തെയും സ്ത്രീയുടെ ചെറുത്തുനിൽപ്പിനെയും അവതരിപ്പിച്ച ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ(2021), സങ്കീർണ്ണവും വ്യത്യസ്തവുമായ രീതിയിലുള്ള സ്ത്രീമനസ്സിനെ ആവിഷ്കരിച്ച ബിരിയാണി(2020) തുടങ്ങിയവ വർത്തമാനകാലസമൂഹത്തിൽ സ്ത്രീകൾ നേടിയെടുത്ത സ്വാതന്ത്ര്യത്തിന്റെയും വ്യക്തിത്വത്തിന്റെയും പുരോഗമന ചിന്തകളുടെയും സൂചനയാണ്.

 

         പ്രമേയപരമായ വ്യതിയാനങ്ങളിലൂടെ വസ്ത്രധാരണത്തിലും പെരുമാറ്റത്തിലും പുരുഷനോടുള്ള ബന്ധത്തിലും കാഴ്ചപ്പാടിലും വിദ്യാഭ്യാസത്തിലും തൊഴിലിലും പുതിയ കാലഘട്ടത്തിൽ വ്യത്യസ്തയാകുന്ന സ്ത്രീകൾ ഇന്നത്തെ സിനിമയുടെ ഭാഗമാണ്. അഭ്രപാളികളിൽ മാത്രമല്ല സാമ്പത്തികമായ അസമത്വം നിലനിൽക്കുന്ന സിനിമാനിർമ്മാണ മേഖലയിലും പുരുഷാധിപത്യത്താൽ നിയന്ത്രിക്കപ്പെട്ട സിനിമാസംഘടനയുടെ വരെ തലപ്പത്തെത്തുവാൻ ധൈര്യവും പ്രതികരണശേഷിയുമുള്ള ഒരു വിഭാഗമായി സ്ത്രീകൾ മാറിക്കഴിഞ്ഞു. സിനിമാരംഗത്ത് അടുത്തകാലത്ത് പുറത്തിറങ്ങിയ ഏക്കോ, ബാലൻ :ദി ബോയ് എന്നീ ചിത്രങ്ങൾ  പെൺമനസ്സിന്റെ  വിനിമയങ്ങളിലൂടെയും വ്യത്യസ്തമായ കഥാഖ്യാനത്തിലൂടെയുമാണ് ശ്രദ്ധ നേടിയത്.

 

 എക്കോ (EKO)

 

 ദിൽജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത് ബാഹുൽ രമേശ് രചനയും ഛായാഗ്രഹണവും നിർവഹിച്ച് 2025 നവംബർ 21ന് പ്രദർശനത്തിന് എത്തിയ ചിത്രമാണ് ‘എക്കോ’.സന്ദീപ് പ്രദീപ്, ബിയാന മോമിൻ,സൗരഭ് സച്ച്ദേവ, വിനീത്,നരേൻ,ബിനു പപ്പു എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്. സിനിമാസ്വാദകരുടെ പ്രശംസ നേടിയ ഈ ചിത്രം പ്രദർശനത്തിനുശേഷം കൂടുതൽ സ്വീകരിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്തു.

 

           വർഷങ്ങളായി കാണാതായ കുര്യച്ചൻ എന്ന വ്യക്തിയെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥ മുന്നേറുന്നത്.അയാളെ തിരഞ്ഞിറങ്ങുന്ന ആളുകളിലൂടെയും ബന്ധുക്കളിലൂടെയും കഥ വികസിക്കുന്നു. പല രാജ്യങ്ങളിൽ നിന്നും അപൂർവ്വ ഇനത്തിൽപ്പെട്ട നായ്ക്കളെ എത്തിച്ച് പരിശീലിപ്പിച്ച് വിവിധ ഏജൻസികൾക്ക് നൽകുന്ന കുര്യച്ചന് അയാളുടെ സ്വഭാവത്തിന്റെ പ്രത്യേകത മൂലം നിരവധി ശത്രുക്കളുണ്ട്. മലമുകളിൽ ഒറ്റപ്പെട്ട സ്ഥലത്തുള്ള വീട്ടിൽ അയാളുടെ മലേഷ്യൻ വംശജയായ ഭാര്യ മലാത്തിയും (മ്ലാത്തി)അവരെ സഹായിക്കുവാൻ പിയൂസ് എന്ന യുവാവുമാണ് ഉള്ളത്. കടിച്ചുകീറാൻ  മടിയില്ലാത്ത കുറെ നായ്ക്കളാണ് ഈ വീടിനും സ്ഥലത്തിനും പരിശീലനത്തിലൂടെ സംരക്ഷണമൊരുക്കുന്നത്. കുര്യച്ചനെ കാണാതായതിനെപ്പറ്റി പല അഭ്യൂഹങ്ങളും നാട്ടിൽ പരക്കുന്നുണ്ട്.ഇയാളെ അന്വേഷിച്ച് പല സ്ഥലത്തുനിന്നും പോലീസുകാർ ഉൾപ്പെടെയുള്ള ആളുകൾ എത്തുന്നു. തുടർന്ന് നടക്കുന്ന കൊലപാതകങ്ങളും അതിന്റെ അന്വേഷണവുമെല്ലാം കഥയുടെ വഴിത്തിരിവിന് കാരണമാകുന്നു. മ്ലാത്തിചേട്ടത്തിയുടെ അനുഭവങ്ങളിലൂടെ പുരുഷാധിപത്യത്തിന്റെയും വഞ്ചനയുടെയും കഥയായി ഈ സിനിമ മാറുന്നു. തനിക്ക് നായ്ക്കളിലൂടെ തടവറയൊരുക്കിയ ആദ്യ ഭർത്താവിൽ നിന്ന് മോചിപ്പിച്ച് സ്വന്തമാക്കിയ കുര്യച്ചൻ യഥാർത്ഥത്തിൽ തന്നോട് ചെയ്ത ചതിയെന്താണെന്ന് തിരിച്ചറിഞ്ഞപ്പോൾ പ്രതികാരം ചെയ്യുകയാണ് മ്ലാത്തി.നിഗൂഢമായ ഒരു മലയിലെ ഗുഹയിൽ കുര്യച്ചന് തടവറ ഒരുക്കിക്കൊണ്ട് നായ്ക്കളെ പരിശീലിപ്പിച്ച് കാവൽ നിർത്തുകയാണവർ ചെയ്തത്. കുര്യച്ചന്റെ ആത്മാർത്ഥ സഹായിയായ പിയൂസിനു  പോലും അത് തിരിച്ചറിയാൻ കഴിഞ്ഞില്ല.അവസാനം ഒരു ഞെട്ടലോടെ അത് തിരിച്ചറിയുന്ന പീയൂസുമായുള്ള കൂടിക്കാഴ്ചയിലാണ് സിനിമ അവസാനിക്കുന്നത്.

 

 ബാലൻ :ദ ബോയ്

 

 ചിദംബരം സംവിധാനം ചെയ്ത് ജിത്തു മാധവൻ തിരക്കഥയെഴുതി 2026 ൽ പുറത്തിറങ്ങിയ ചലച്ചിത്രമാണ് ബാലൻ ദ ബോയ്. ആദിശേഷൻ, മുഹമ്മദ് സിനാൻ, ഫർസാന പാലത്തിങ്കൽ,ടോവിനോ തോമസ്, ജീൻ പോൾ ലാൽ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഒരു അമ്മയുടെയും മകന്റെയും ജീവിതാവസ്ഥകളുടെയും അതിജീവനത്തിന്റെയും കഥ പറയുന്ന സിനിമയാണിത്. ജയിൽശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്ന അമ്മയുടെയും മകന്റെയും ദൃശ്യത്തിലൂടെയാണ് കഥ ആരംഭിക്കുന്നത്. ജയിലിലെ ഉദ്യോഗസ്ഥ അഭയസ്ഥാനം ഒരുക്കിക്കൊണ്ട് നൽകിയ വിലാസം ചവറ്റുകൊട്ടയിൽ എറിഞ്ഞ് അവർ യാത്ര ആരംഭിക്കുന്നു. ഭൂതകാലത്തിൽ നിന്ന് രക്ഷനേടാനും മകന്റെയും തന്റെയും സുരക്ഷിതത്വത്തിനുമായി ഓരോ സ്ഥലത്തും ഓരോ പേരുകളിലും ഓരോ കഥകളിലുമാണ് അവർ ജീവിക്കുന്നത്. സ്ഥിരമായി പേരില്ലാത്തതുകൊണ്ട് മകൻ ‘ബാലൻ’ എന്ന് അടയാളപ്പെടുത്തപ്പെടുന്നു. ഭ്രാന്തിയായ ഒരു ഹോം നേഴ്സിന്റെ കയ്യിൽ നിന്ന് അഡ്രസ്സ് കവർന്ന് ഇരുവരും ഒരു വൃദ്ധയായ സ്ത്രീയുടെ അടുത്തെത്തുകയും അവരെ ശുശ്രൂഷിച്ച് രഹസ്യമായി കഴിയുകയും ചെയ്യുന്നു. വിചിത്രസ്വഭാവക്കാരിയായ വൃദ്ധയുടെ സ്നേഹം തിരിച്ചറിഞ്ഞ് സുരക്ഷിതസ്ഥാനത്തെത്തിയെന്ന വിശ്വാസത്തിൽ മകനെ സ്കൂളിൽ ചേർക്കുന്നു. എന്നാൽ വൃദ്ധയുടെ മരണത്തോടെ അവർ ഒറ്റപ്പെടുന്നു. കുടുക്കാൻ വന്ന അഭിസാരികയെ കൊന്ന അമ്മയ്ക്ക് സ്കൂളിൽ നിന്ന് വന്ന മകനെ പതിവുപോലെ കൂട്ടിക്കൊണ്ടു വരുവാൻ കഴിഞ്ഞില്ല .പോലീസിന്റെ പിടിയിലായ ബാലൻ അവിടെ നിന്ന് രക്ഷപ്പെട്ട് ദൂരെ ഒരിടത്ത് ‘അബ്ബ’എന്ന് വിളിക്കുന്ന ആളുടെ കൂടെ ചില്ലറ കള്ളത്തരങ്ങളും മോഷണങ്ങളും നടത്തി കഴിയുന്നു. ഒടുവിൽ അമ്മയെ അന്വേഷിച്ചിറങ്ങിയ ബാലൻ അവരെ കണ്ടെത്തുന്നതാണ് സിനിമയുടെ പ്രമേയം.

 

 ഉത്തമസ്ത്രീസങ്കല്പം

 

 സ്ത്രീയുടെ ജീവിതത്തിലെ അസാധാരണമായ സന്ദർഭങ്ങളാണ് രണ്ട് സിനിമകളിലെയും വിഷയം. അനന്യമായ ജീവിതസന്ദർഭങ്ങളെ വിവരണാത്മകമാക്കാതെ സൂക്ഷ്മമായി ആവിഷ്കരിക്കുന്നു. ഉത്തമയായ സ്ത്രീയെക്കുറിച്ചുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടുകൾക്ക് വിരുദ്ധമായി പുനർവിഭാവനം ചെയ്യുന്നു. ഭാര്യ,മാതാവ് എന്നീ സങ്കല്പങ്ങളുടെ വ്യത്യസ്തമായ ചില തലങ്ങളിലൂടെ അവർ ശ്രദ്ധ നേടുന്നു.’എക്കോ’യിൽ ഭർത്താവ് തന്നെ വഞ്ചിച്ച കഥയറിയാതെ മക്കളോടൊപ്പം സന്തോഷത്തോടെ ജീവിച്ച നായിക പെട്ടെന്നൊരു ദിവസം യാഥാർത്ഥ്യം തിരിച്ചറിയുകയാണ്. അയാൾ മാപ്പ് അപേക്ഷിക്കുന്നുമുണ്ട്.ഇത്തരം സന്ദർഭങ്ങളിൽ കഴിഞ്ഞുപോയ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാതെ പ്രായോഗികമായി ജീവിക്കുന്നവളാണ് സമൂഹത്തിന്റെ സങ്കല്പത്തിൽ ഉത്തമയായ കുടുംബിനി. ക്ഷമയും ത്യാഗവും പെണ്ണിന്റെ സ്വഭാവഗുണങ്ങളാണെന്ന കാഴ്ചപ്പാടാണ് നിലനിൽക്കുന്നത്.എന്നാൽ പുരുഷൻ തന്നെ ചതിച്ച അതേ രീതിയിൽ തന്നെ അവനോട് പ്രതികാരം ചെയ്യുന്ന ശക്തമായ സ്ത്രീകഥാപാത്രമാണ് മലാത്തി. ആദ്യഭർത്താവിനോടുള്ള സ്നേഹമല്ല,അവളെ അതിലേക്ക് നയിക്കുന്നത്. മറിച്ച് സ്നേഹത്തിന്റെ പേരിൽ തന്നെ തടവിലാക്കിയ പുരുഷാധിപത്യ പ്രവണതയ്ക്കെതിരാണത്. വന്യവും നിഗൂഢവുമായ രീതിയിലാണ് അവർ അത് നിർവഹിക്കുന്നതും. ഭർത്താക്കന്മാരായ രണ്ടുപേരും എപ്രകാരമാണ് സംരക്ഷണത്തിന്റെ പേരിൽ തടവറയൊരുക്കിയത് അതേ നായ്ക്കളും അതേ തടവറയെയും പുനർനിർമ്മിക്കുകയാണ് അവൾ. അസാമാന്യമായ കയ്യടക്കത്തോടെയാണ് ഇത്തരം കഥാസന്ദർഭങ്ങളെ സിനിമയിൽ അവതരിപ്പിക്കുന്നത്.“മനുഷ്യ ജീവിതത്തിന്റെ ഏറ്റവും വലിയ ചാലകശക്തി എന്തെന്ന ചോദ്യത്തിന് കാലം നൽകിയ ഒരൊറ്റ ഉത്തരമേയുള്ളൂ.’കാമന’എന്നാൽ ഈ വാക്കിനെ എക്കാലത്തും പുരുഷന്റെ യുക്ത്യധിഷ്ഠിതമായ ആവശ്യങ്ങൾക്കനുസരിച്ച് മാത്രം വ്യാഖ്യാനിക്കാനാണ് പുരുഷ കേന്ദ്രീകൃതമായ അറിവ് ശ്രമിച്ചിട്ടുള്ളത്. പുരുഷന്റെ നോട്ടത്തിൽ കാമന എന്നത് ഒരു നിശ്ചിത ലക്ഷ്യത്തിലേക്ക് മാത്രം നേർരേഖയിൽ സഞ്ചരിക്കുന്ന ഒന്നാണ്. എന്നാൽ പെൺകാമന എന്നത് കേവലം ഒരു ശാരീരിക ആവശ്യമോ സംതൃപ്തിയോ മാത്രമല്ല., മറിച്ച് അത് ഉടലും മസ്തിഷ്കവും സംസ്കാരവും അധികാരവും അബോധപൂർവ്വമായി പരസ്പരം കൈകോർക്കുന്ന ഒരു വലിയ പ്രപഞ്ചമാണ്”(.റ്റിസി മറിയം തോമസ്,2026:7).സ്ത്രീ വെറും ശരീരം മാത്രമല്ലെന്നും അത് ബുദ്ധിയും ബോധവും ഇച്ഛാശക്തിയും ഉള്ള ബഹുമുഖവും സങ്കീർണവുമായ വ്യക്തിത്വമാണെന്നും ഈ സിനിമ ബോധ്യപ്പെടുത്തുന്നു.

 

            മാതൃത്വം പൂർണ്ണമാകുന്നത് ഏത് പ്രതിസന്ധിയിലും സമൂഹത്തിന്റെ രീതിക്കനുസരിച്ച് മക്കളെ വളർത്തുകയും സുരക്ഷിതമായ ജീവിതസാഹചര്യമൊരുക്കി കൊടുക്കുകയും ചെയ്യുമ്പോഴാണ്. ‘ബാലൻ:ദി ബോയ്’എന്ന സിനിമയിലെ അമ്മയാകട്ടെ തന്റെ ഇച്ഛക്കനുസൃതമായി മകന്റെ വ്യക്തിത്വത്തെ രൂപപ്പെടുത്തുകയാണ്. മാതൃത്വത്തിന്റെ സ്വാർത്ഥവും സങ്കീർണ്ണവും സങ്കുചിതവുമായ പ്രവണതകളുടെ പ്രതീകമാണ് അവർ. ജയിൽവാസകാലത്തും ജയിലിൽ നിന്ന് ഇറങ്ങിയതിനു ശേഷവും അവർ മെനയുന്ന ഓരോ കള്ളക്കഥയും, നൽകുന്ന ഓരോ പേരുകളും നിഷ്കളങ്കതയോടെ പാലിക്കുന്ന വ്യക്തിത്വമില്ലാത്ത കഥാപാത്രമാണ് ബാലൻ. അമ്മയും മകനും മാത്രമാകുന്ന ഒരു ലോകത്തിലേക്ക് അവന്റെ ആഗ്രഹങ്ങളെ ഒതുക്കി വയ്ക്കുന്നു. അമ്മ മറ്റുള്ളവരെ കള്ളക്കഥ പറഞ്ഞു വിശ്വസിപ്പിക്കുമ്പോൾ അവർ അനുഭവിക്കുന്ന നിഗൂഢമായ ആനന്ദം പുരുഷാധിപത്യ സമൂഹത്തിന്റെ നേർക്കുള്ള മൗനമായ പ്രതികരണം കൂടിയാണ്.തന്നെ പീഡിപ്പിച്ച ഭർത്താവിനെ വെട്ടിനുറുക്കിയ കഥ അവൾ ഹോംനേഴ്സ് ആയി വന്ന വീട്ടിലെ വൃദ്ധയോട് പറയുന്നുണ്ട്. തീഷ്ണമായ ഇത്തരം അനുഭവങ്ങളിൽ നിന്ന് രൂപപ്പെട്ട അസാമാന്യമായ ധൈര്യത്തോടെയാണ് സമൂഹം കൽപ്പിച്ച വിലക്കുകളെ അവൾ മറികടക്കുന്നത്. തന്റെയും മകന്റെയും ജീവിതവലയത്തിനുള്ളിലേക്ക് കടന്നുവരുന്ന എല്ലാവരെയും അവൾ കൊല്ലുകയാണ്.’ എക്കോ’ എന്ന സിനിമയിലെ സ്ത്രീയും അതുതന്നെയാണ് ചെയ്യുന്നത്. അവൾ ഒരുക്കിയ നിഗൂഢ സ്ഥലരാശിയിലേക്ക് കടന്നുചെല്ലാൻ ശ്രമിച്ചവരെ ഒന്നും അവളും വെറുതെ വിടുന്നില്ല.“ പെൺകാമന എന്നത് പുരുഷാധിപത്യവ്യവസ്ഥ നിർവചിച്ചു വെച്ചിട്ടുള്ള പ്രത്യുൽപാദനപരമായ നിഷ്ക്രിയത്വമോ വെറുമൊരു ശാരീരിക തൃഷ്ണയോ അല്ല, മറിച്ച് അത് മസ്തിഷ്കത്തിന്റെ വികേന്ദ്രീകൃതമായ നാഡീവ്യവസ്ഥകളെയും അബോധ മനസ്സിലെ ആന്തരികശൂന്യതകളെയും ഉൾക്കൊള്ളുന്നതും അതേസമയം തന്നെ കുടുംബം,മതം,ഭരണകൂടം എന്നിവ അടിച്ചേൽപ്പിക്കുന്ന സദാചാര അതിരുകളോട് നിരന്തരം കലഹിച്ചുകൊണ്ട് സ്വന്തം സ്വത്വത്തെയും ശരീരത്തെയും സ്വയം നിർണയിക്കാൻ ശ്രമിക്കുന്ന ഉത്പാദനോന്മുഖമായ ഒരു സാമൂഹിക- രാഷ്ട്രീയ-ചാലക ശക്തിയാണ്”(2026:8) എന്ന യാഥാർത്ഥ്യം സിനിമയിലെ ഓരോ സന്ദർഭങ്ങളും സമൂഹത്തോട് വിളിച്ചുപറയുന്നു. പ്രണയിനിയായ ഭാര്യയുടെയും സ്നേഹവാത്സല്യങ്ങൾ തിങ്ങിയ മാതൃഹൃദയത്തിന്റെയും മറുവശമാണ് പ്രതിഷേധവും പ്രതികാരവും. ഈ രണ്ടു വൈരുദ്ധ്യങ്ങളുടെയും ഉത്തമ ഉദാഹരണങ്ങളാണ് രണ്ടു സിനിമകളിലും സ്ത്രീകഥാപാത്രങ്ങൾ. മാതൃകാകുടുംബിനി,ഉദാത്തമാതൃത്വം എന്നീ സങ്കല്പങ്ങൾ അപനിർമിക്കപ്പെടുകയാണിവിടെ. ദാമ്പത്യത്തെയും കുടുംബജീവിതത്തെയും ‘അബല’ എന്ന വിശേഷണത്തെ മറികടന്നുകൊണ്ട് സ്വന്തമായി രൂപകൽപ്പന ചെയ്യുകയാണ്  ഇവർ. ആത്മവിശ്വാസവും ഇച്ഛാശക്തിയും ബുദ്ധിയും ആണ് അവരുടെ പ്രവർത്തികളുടെ ശക്തിയും വിജയവും.“സ്ത്രീയെന്നത് നിരപേക്ഷവും സ്വതന്ത്രവുമായ ഒരു ഏകകമല്ല. പുരുഷനിർമ്മിതികളിൽ പല അവസ്ഥകളുമായി ബന്ധപ്പെട്ടാണ് അതിന്റെ നില. ജീവശാസ്ത്രപരമായ സ്ത്രീപുരുഷ വ്യത്യാസങ്ങളിലൂന്നിക്കൊണ്ടാണ് സാംസ്കാരികമായ വിവേചന സാധ്യതകളെ ചരിത്രത്തിൽ ഉറപ്പിച്ചെടുത്തത്. അങ്ങനെ ആൺകോയ്മയിൽ ശരീരശാസ്ത്രപരമായ ധർമ്മങ്ങൾ സംസ്കാരസൂചകങ്ങളായി മാറുകയായിരുന്നു. ഉദാഹരണത്തിന് മാതൃത്വമെന്ന സങ്കൽപ്പനം .ഒരമ്മയിൽ നിന്ന് സമൂഹം ആവശ്യപ്പെട്ടത് എന്തൊക്കെയാണ്? സ്ത്രീജീവിതത്തിന്റെ സാഫല്യം, പുരുഷന്റെ സ്വകാര്യ സ്വത്തിന്റെ പിന്തുടർച്ച ഉറപ്പാക്കുന്ന ചാരിത്രശുദ്ധി, ക്ഷമ, സഹനം എന്നിങ്ങനെയുള്ള സാംസ്കാരിക മൂല്യങ്ങളെ ചരിത്രം ഉൽപ്പാദിപ്പിച്ചെടുത്തത് സ്ത്രീയുടെ ജൈവമായ ശരീരധർമ്മങ്ങളിൽ നിന്നാണെന്നു കാണാം”(പി ഗീത,2011:962). അങ്ങനെ ചരിത്രാതീതകാലം തൊട്ടേ സ്വന്തം ശരീരത്തിന്റെയും മനസ്സിന്റെയും നിർണയാധികാരം അവളിൽ നിന്ന് എടുത്തുമാറ്റപ്പെടുകയാണ് ചെയ്തത്. സാംസ്കാരികനിർമ്മിതിയുടെ ആധുനിക ഉപാധികളിലൊന്നായ സിനിമയിലൂടെ വ്യത്യസ്തമായ പെൺവിനിമയങ്ങൾ സൃഷ്ടിക്കപ്പെടുകയാണിവിടെ. ഏക മാതാവിന്റെയും ഏകപിതാവിന്റെയും ജീവിതസംരക്ഷണവൈരുദ്ധ്യങ്ങൾ  ബാലൻ ദ ബോയ് എന്ന സിനിമയിൽ ഉന്നയിക്കുന്നുണ്ട്. സ്വാതന്ത്ര്യത്തിന് വിലക്ക് കൽപ്പിച്ചുകൊണ്ട് അമ്മയൊരുക്കിയ സ്നേഹത്തിന്റെ തടവറയിൽ നിന്ന് മോചനം നേടാൻ പല സന്ദർഭങ്ങളിലും ബാലൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും പിന്നീട് ടോവിനോ അവതരിപ്പിച്ച കഥാപാത്രമായ അബ്ബയുടെ( അപ്പന്റെ സ്ഥാനം) അടുത്ത് ജീവിക്കുമ്പോൾ മദ്യപാനിയായ അയാളുടെ കുത്തഴിഞ്ഞ ജീവിതത്തിൽ ലഭിച്ചതൊന്നും അവനെ തൃപ്തിപ്പെടുത്തുന്നില്ല. അസ്വസ്ഥമായ മനസ്സോടെ അമ്മയുടെ  സ്നേഹത്തിന്റെ തടവറയിലേക്ക് തിരിച്ചു പോകാൻ എപ്പോഴും അവന്റെ മനസ്സ് കൊതിച്ചുകൊണ്ടിരുന്നു. അവസാനം അമ്മയുടെ അടുത്തെത്തുമ്പോൾ ലോകം നേടിയ സന്തോഷമാണ് അവന്റെ മുഖത്ത് പ്രകടമാകുന്നത്.അമ്മയ്ക്ക് മാത്രം നൽകുവാൻ കഴിയുന്ന, സ്വാർത്ഥമെങ്കിലും വിശിഷ്ടമായ സ്നേഹത്തിന്റെ പ്രതീകമാണ് സിനിമയിലെ അമ്മ.  ഏക രക്ഷാകർതൃത്വം എന്ന സമസ്യയെ ധൈര്യപൂർവ്വം സന്തോഷത്തോടെ ഏറ്റെടുക്കുകയാണ് അവർ.. ഇതുപോലുള്ള അമ്മമാരുടെ അല്ലെങ്കിൽ അച്ഛന്മാരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്ന  വർത്തമാനകാലത്ത് കഥയുടെ യുക്തി ചോദ്യം ചെയ്യപ്പെടേണ്ടതില്ല.

 

 സ്ത്രീപക്ഷരാഷ്ട്രീയം

 സ്ത്രീപക്ഷരാഷ്ട്രീയവും അതിന്റെ നിർവഹണത്തിന്റെ സവിശേഷതകളും രണ്ട് സിനിമകളുടെയും പ്രത്യേകതയാണ്.നിശബ്ദമായ ഹിംസയുടെ അനാവരണമാണ് ഇവയിലുള്ളത്.സ്വന്തം കാമുകിയെ ചതിക്കുന്ന പോലീസ് ഉദ്യോഗസ്ഥനും, ക്രൂരമായി സ്ത്രീയെ പീഡിപ്പിക്കുന്ന ഭർത്താവും ബാലൻ ദ ബോയ് എന്ന സിനിമയിലുണ്ടെങ്കിൽ പീഡനത്തെക്കാൾ ദുസഹമായ വൈകാരികപ്രക്ഷോഭമാണ് പുരുഷനാൽ മലാത്തി എന്ന കഥാപാത്രം അനുഭവിക്കുന്നത്.സമൂഹവും വ്യക്തിയും തമ്മിലുള്ള സംഘർഷത്തിലൂടെ സ്വയം തെരഞ്ഞെടുത്ത വഴികൾ സൃഷ്ടിച്ചാണ് ഇതിലെ സ്ത്രീകൾ പ്രവർത്തിച്ചത്. നീതിയെയും നിയമത്തെയും സ്വന്തമായ രീതിയിൽ തങ്ങൾക്കധീനമാക്കിയാണ് ഇവർ ജീവിക്കുന്നത്. നീതിയുടെ നിർണയങ്ങൾക്ക് കാത്തുനിൽക്കാതെ അവർ സ്വയം വിധിക്കുന്നു. ബാലനിലെ വേശ്യയുടെ കൊലപാതകവും ‘എക്കോ’യിലെ കൊലപാതകങ്ങളും നീതിപീഠത്തിനോടുള്ള വെല്ലുവിളിയാണ്. സ്ത്രീയവസ്ഥകൾക്ക് വിലകൽപ്പിക്കാത്ത സമൂഹത്തോടുള്ള സ്ത്രീത്വത്തിന്റെ പ്രതികരണം. നിരാലംബതയ്ക്ക് സ്വയം ഊന്നുവടിയാവുകയാണിവർ. അധീശത്വഭാവവുമായി ബന്ധപ്പെട്ട പുരുഷസ്വരൂപവും വിധേയത്വവുമായി ബന്ധപ്പെട്ട സ്ത്രീത്വവും ഇവിടെ മാറ്റിമറിക്കപ്പെടുന്നു.

 

          ലാഘവത്തോടുകൂടിയാണ് സ്ത്രീപുരുഷബന്ധത്തിന്റെ അനിവാര്യതയെ ഇരു സ്ത്രീകളും കാണുന്നത്. സ്ത്രീയുടെ വ്യക്തിത്വത്തിന് പുതിയ വ്യാഖ്യാനം ചമക്കുകയാണ് ഇരു സിനിമകളും.കാലങ്ങളായി നിലനിൽക്കുന്ന ചില സങ്കല്പങ്ങൾ ചോദ്യം ചെയ്യപ്പെടുന്നു.സ്ത്രീകളുടെ ആന്തരികലോകം സഹനം, സ്നേഹം, ഭയം, അനുസരണ, ത്യാഗം മുതലായ സ്ത്രൈണഗുണഭാവങ്ങൾ മാത്രമാണെന്ന കാഴ്ചപ്പാടിൽ നിന്ന് വ്യത്യസ്തമായി അന്തർബലം തികഞ്ഞ വ്യക്തിസ്വത്വത്തിനുടമകളായി അവരെ അവതരിപ്പിക്കുന്നു.“പുരുഷൻ-സ്ത്രീ എന്ന ലിംഗഭേദത്തിന്റെ അടിസ്ഥാനത്തിൽ സാമ്പത്തിക-രാഷ്ട്രീയ-സാംസ്കാരിക മേഖലകളിൽ വിഭാഗീയത നിലനിൽക്കുകയും പുരുഷനെ അപേക്ഷിച്ചു സ്ത്രീ താഴേക്കിടയായി പരിഗണിക്കപ്പെടുകയും ചെയ്യുന്ന സമൂഹങ്ങളിലെല്ലാം ഫെമിനിസ്റ്റ് ആശയങ്ങളും പ്രസ്ഥാനങ്ങളും ആവിർഭവിക്കും”(ഡോ രാധികാ സി നായർ,2007:62).

 

          പാരമ്പര്യ ചിന്തകളിലധിഷ്ഠിതമായ സമൂഹത്തിന്റെ സങ്കീർണ ബലതന്ത്രങ്ങൾ സമസ്താധികാരത്തിന്റെ ആന്തരികശക്തിയായി വ്യാപരിക്കുന്നുണ്ട് .ഈ അധികാര വിന്യാസം വ്യവസ്ഥകളുടെ അന്തർധാരയായി നിലകൊള്ളുന്നു. അതുകൊണ്ടുതന്നെ ഘടനാപരമായ മാറ്റത്തിനു വേണ്ടിയുള്ള ഏതൊരു ശ്രമത്തെയും അത് ഭീതിയോടെ മാത്രം കാണും.”മനുഷ്യരിടപെടുന്ന മറ്റെല്ലാ വ്യവഹാരങ്ങളിലുമെന്നപോലെ സിനിമയെന്ന മാധ്യമത്തിലും പുരുഷ കാമനകൾക്കും താല്പര്യങ്ങൾക്കും മുൻതൂക്കം കൊടുക്കുകയും സ്ത്രീയുടെ കാമനാലോകത്തെ അദൃശ്യമാക്കുകയും ചെയ്യുന്നു”(2026:194).എന്നാൽ പെൺവിനിമയങ്ങളുടെ സമകാലിക സാധ്യതകളിലേക്കാണ് ഈ സിനിമ വിരൽചൂണ്ടുന്നത്. അസാധാരണമായ ദ്വന്ദാത്മകതയുടെ സർഗ്ഗപ്രതിഫലനമായ ഈ സ്ത്രീ കഥാപാത്രങ്ങൾ സൗന്ദര്യവും,ആസക്തിയും,സ്വാതന്ത്ര്യാഭിനിവേശവും നിറയുന്ന പുതുതലമുറയുടെ വക്താക്കളാണ്. തങ്ങളുടെ സാഹചര്യത്തിനകത്ത് പല രൂപത്തിലുള്ള കോയ്മകളോട് മല്ലിടുന്ന സ്ത്രീസമൂഹത്തിന്റെ രാഷ്ട്രീയത്തെ സൂക്ഷ്മമായി ഉപയോഗിക്കുകയാണ് ഈ സിനിമകളിൽ.

 

           സ്ത്രീ എപ്പോഴും പുരുഷൻ ഉത്പാദിപ്പിക്കുന്ന അർത്ഥങ്ങളുടെ സൂചകം മാത്രമാണ്. അവൾ സ്വന്തമായി അർഥങ്ങൾ സൃഷ്ടിക്കുന്നില്ല. സ്വയം കാണാതെ പുരുഷനാൾ കാണപ്പെടുകയും വർണ്ണിക്കപ്പെടുകയും മാത്രമാണ് ചെയ്തിട്ടുള്ളത്.ചരിത്ര വികാസത്തിന്റെ ഓരോ ഘട്ടത്തിലും പുന:പരിശോധനയ്ക്ക് വിധേയമാക്കിപ്പെടേണ്ടവയാണ് നമ്മുടെ കലാരൂപങ്ങളും അവയുടെ ആവിഷ്കാരവും.പുതിയ സ്വത്വബോധമുണ്ടായി വരുന്നതും ആൺകൊയ്മയോട് കലഹിക്കുകയും ഇടപെടുകയും ചെയ്യുന്നതെങ്ങനെയെന്നും ആവിഷ്കരിക്കുകയെന്നതും പ്രധാനമാണ്.അനീതിയുടെ ഏറ്റവും ആസുരമായ രൂപങ്ങളോടു പോലും പ്രതിഷേധിക്കാനാവാതെ ചൂഷണത്തിന്റെ സമസ്തതലങ്ങളോടും നിശബ്ദമായി പൊരുത്തപ്പെട്ട് ജീവിക്കുന്ന സ്ത്രീകളിൽ നിന്ന് വ്യത്യസ്തമായി അനിതരസാധാരണമായ ആത്മബോധം കൊണ്ട് അതിജീവനത്തിന് ശ്രമിക്കുന്നു ഈ സിനിമകളിലെ സ്ത്രീകഥാപാത്രങ്ങൾ. സ്ത്രീകളുടെ അനുഭവപരിസരങ്ങൾ നിശബ്ദമായി പ്രേക്ഷകരോട് സംവദിക്കുകയും ചെയ്യുന്നു.

 

 സ്ത്രീപക്ഷപരിസ്ഥിതിവാദം(Eco Feminism)

 

 പുരുഷാധിപത്യസമൂഹങ്ങൾ സ്ത്രീകളെയും പ്രകൃതിയെയും ഒരുപോലെ കീഴ്പ്പെടുത്താനും ചൂഷണം ചെയ്യാനും ശ്രമിക്കുന്നുവെന്ന് ഈ സിദ്ധാന്തം വ്യക്തമാക്കുന്നു.പലവിധ ചൂഷണങ്ങൾക്ക് വിധേയമാകുന്ന സ്ത്രീകളും പ്രകൃതിയും  തമ്മിലുള്ള ബന്ധം പഠിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ആശയമാണ് സ്ത്രീപക്ഷപരിസ്ഥിതി വാദം(Eco Feminism). ഇതിനെതിരെയുള്ള പോരാട്ടം ഒന്നാണ്(Ruth Hottell:2022:173).ഇതിന്റെ സൈദ്ധാന്തിക അടിത്തറയെക്കുറിച്ച് ഇക്കോ ഫെമിനിസം(Eco Feminism )എന്ന ഗ്രന്ഥത്തിൽ വിശദമാക്കുന്നുണ്ട്( Maria Mies and Vandana Shiva,1993:3 to 5).സ്ത്രീപക്ഷപരിസ്ഥിതിവാദത്തോടടുത്ത് നിൽക്കുന്ന ചില ആശയങ്ങൾ രണ്ടു സിനിമകളുടെയും ദൃശ്യാവിഷ്കാരത്തിലും കഥാംശത്തിലും പ്രകടമാണ്.

 

           വന്യവും നിഗൂഢവുമായ പ്രകൃതിയുടെ പശ്ചാത്തലത്തിലാണ് രണ്ട് സിനിമകളും അവതരിപ്പിക്കുന്നത്. പ്രകൃതിയുടെ വന്യതയും നിഗൂഢതയും സ്വഭാവത്തിലുള്ള രണ്ട് സ്ത്രീകളാണ് കഥാപാത്രങ്ങളും. പ്രകൃതിയോട് മനുഷ്യൻ ചെയ്യുന്ന വഞ്ചനകൾക്കും ക്രൂരതകൾക്കും പ്രകൃതി തന്നെ പ്രതികരിക്കുന്നത് പോലെയാണ് ഇരുവരുടെയും പ്രതികാരവും. സംരക്ഷണത്തിന്റെ പേരിൽ പ്രകൃതിയെ നിയന്ത്രിച്ച് സ്വന്തം ആവശ്യങ്ങൾക്ക് വേണ്ടി ദുരുപയോഗം ചെയ്യുന്ന പുരുഷാധിപത്യസമൂഹം സ്ത്രീക്ക് സംരക്ഷണമൊരുക്കുന്നതും ചൂഷണം ചെയ്യുന്നതും ഒരുപോലെയാണ്. എക്കോ സിനിമയിലെ കുര്യച്ചൻ എന്ന കഥാപാത്രം മലാത്തിക്ക് സംരക്ഷണത്തിന്റെ പേരിൽ തടവറ തന്നെയാണ് ഒരുക്കുന്നത് .ആർക്കും പെട്ടെന്ന് കടന്നു ചെല്ലാൻ സാധിക്കാത്ത പ്രദേശത്ത് പരിശീലനം ചെയ്ത നായ്ക്കളുടെ സംരക്ഷണത്തിനാണ് അവർ ജീവിക്കുന്നത്. നായ്ക്കളും മലാത്തിയുമായുള്ള ബന്ധത്തിലൂടെ സ്ത്രീയും പ്രകൃതിയിലെ ജീവജാലങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ തീവ്രത വെളിവാക്കുന്നു.കുര്യച്ചൻ പരിശീലിപ്പിച്ച നായ്ക്കളെ തന്ത്രപൂർവ്വം തന്റെ ആജ്ഞാനുവർത്തിയാക്കുന്ന സ്ത്രീയാണ് അവർ. മനുഷ്യന്റെ അധികാരചൂഷണങ്ങൾക്കെതിരെ നിശബ്ദവും എന്നാൽ കഠിനവുമായ പ്രത്യാഘാതങ്ങളിലൂടെയാണ് പ്രകൃതി പ്രതികരിക്കുന്നത്. അതുപോലെ അതീവരഹസ്യമായും നിശബ്ദമായും എന്നാൽ കഠിനമായും പ്രവർത്തിച്ചു കൊണ്ടാണ് മലാത്തിയും തിരിച്ചടിക്കുന്നത്. പ്രകൃതിയെയും സ്ത്രീയെയും അനായാസം കീഴ്പ്പെടുത്താമെന്ന അധികാരത്തിന്റെ ദുർമോഹങ്ങളാണ് സ്വയം നിർമ്മിച്ച തടവറയിലാകുന്നത്. സ്ത്രീയുടെ അതിജീവനതന്ത്രങ്ങളും പ്രകൃതിയുടെ അതിജീവനതന്ത്രങ്ങളും ഒന്നാകുന്ന അപൂർവ്വമായ ദൃശ്യാവിഷ്കാരമായി ‘എക്കോ’ എന്ന സിനിമ മാറുന്നു.

 

          പുരുഷാധികാരപ്രവണതകളാൽ പാർശ്വവൽക്കരിക്കപ്പെടുന്ന സ്ത്രീത്വത്തിന്റെയും ബാല്യത്തിന്റെയും പ്രതിനിധികളാണ് ബാലൻ:ദി ബോയ് എന്ന സിനിമയിലെ അമ്മയും മകനും. നിയമത്തിന്റെയും, ശരീരത്തിന്  വിലപേശീയ സ്ത്രീയേയും മറികടന്ന് നിഗൂഢമായ പ്രകൃതിയിലാണ് അവർ അഭയം തേടുന്നത്. പ്രകൃതിയെപ്പോലെ പാരുഷവും വാത്സല്യവും ഉള്ളിലൊളിപ്പിച്ച അമ്മച്ചിയുടെ അടുത്ത് അഭയവും ആശ്വാസവും അവർക്ക് അനുഭവപ്പെടുന്നു. പുരുഷാധിപത്യത്തിന്റെയും അധികാരത്തിന്റെയും പ്രതിനിധിയാണ് സിനിമയിലെ പോലീസുദ്യോഗസ്ഥൻ.പ്രകൃതിയുടെ അതിജീവനതന്ത്രം തന്നെയാണ് അമ്മ മകനെ പഠിപ്പിക്കുന്നത്. കുടുംബത്തിനകത്ത് പുരുഷനൊരുക്കുന്ന സുരക്ഷിതത്വത്തെക്കാൾ മൂല്യം അമ്മയുടെ കരുതലിനുണ്ടാകുന്നു.’അമ്മ വരാൻ അല്പം താമസിച്ചാലും എങ്ങും പോകരുത് ഞാൻ വരും’ എന്ന അമ്മയുടെ വാക്കുകളാണ് ജീവിതത്തിന്റെ തിക്തതയിൽ  പെട്ടുഴ ലുമ്പോഴും അവന്റെ പ്രതീക്ഷ. ആ ഉറപ്പ് ശക്തമായ പ്രകൃതിയുടെ ഉറപ്പാണ്. പുരുഷന്റെ സഹായമില്ലാതെ തന്നെ ജീവിക്കാം എന്നുള്ള മാതൃത്വത്തിന്റെ ഉറപ്പും. ബന്ധുക്കൾ ഉപേക്ഷിച്ച വൃദ്ധയും സമൂഹം ഉപേക്ഷിച്ച അമ്മയും മകനുമെല്ലാം പ്രകൃതിയുടെ സ്വാതന്ത്ര്യത്തിലാണ് സന്തോഷമനുഭവിക്കുന്നത്. എതിർത്തവരെയെല്ലാം പ്രകൃതിയെപ്പോലെ വന്യമായ രീതിയിൽ സംഹരിക്കുകയാണ് അവർ. രണ്ട് സിനിമകളിലും സ്ത്രീത്വത്തിന്റെ അതിജീവനവും പ്രകൃതിയുടെ അതിജീവനവും ഒന്നായി മാറുന്ന അവസ്ഥയുടെ ആവിഷ്കാരം കാണാം. എക്കോ സിനിമയിൽ പരിശീലനം നേടിയ നായ്ക്കൾക്ക് പകരം ‘ബാലൻ ദ ബോയ്’ ൽ ബാലൻ എന്ന കുട്ടിയാണ്. നാടൻ നായ്ക്കൾക്ക് പ്രത്യേക പേരോ വ്യക്തിത്വമോ ഇല്ലാത്തതുപോലെ ബാലനും സ്ഥിരമായ ഒരു പേരില്ല. പ്രകൃതിയിലുള്ള ഒന്നിനും മനുഷ്യനുള്ളതു പോലെ ഒരു പേരില്ല. അസ്തിത്വം തന്നെ അനിശ്ചിതത്വത്തിൽ ആയ ഈ കുട്ടിയുടെ ജീവിതം അമ്മയുടെ ജീവിതം തന്നെയാണ്. മനുഷ്യന്റെ ജീവിതം പ്രകൃതിയുമായി ബന്ധപ്പെട്ട് തന്നെയാണ് നിലനിൽക്കുന്നത്. അമ്മ പറയുന്നതും ചിന്തിക്കുന്നതും പരിശീലിപ്പിക്കുന്നതും പ്രാവർത്തികമാക്കുന്ന കഥാപാത്രം. അതുപോലെ എക്കോയിലെ നായ്ക്കൾ യജമാനൻ ആജ്ഞാപിക്കുന്നതും പരിശീലിപ്പിക്കുന്നതും അനുസരിക്കുന്നു. നായ്ക്കൾക്ക് യജമാനനിൽ നിന്നും മനുഷ്യന് പ്രകൃതിയിൽ നിന്നും വേറിട്ട ഒരു ലോകം ഇല്ലാത്തത് പോലെ ബാലനും.

 

 ഉപസംഹാരം

 പെൺവിനിമയങ്ങളെ വിചിത്രവും സങ്കീർണ്ണവുമായ രീതിയിൽ ആവിഷ്കരിച്ചുകൊണ്ട് സാമൂഹ്യ വ്യവസ്ഥിതിയെ വിമർശനവിധേയമാക്കുന്ന രണ്ട് ചിത്രങ്ങളാണ് എക്കോ,ബാലൻ ദ ബോയ് എന്നിവ. .പ്രതിരോധത്തിന്റെ രാഷ്ട്രീയം തന്നെയാണ് അവയിൽ ദൃശ്യവൽക്കരിക്കപ്പെടുന്നത്. പലവിധത്തിലുള്ള കോയ്മകളോട് മല്ലിടുന്ന സ്ത്രീസ്വത്വത്തിന്റെ ബഹുസ്വരതയുടെ അടയാളപ്പെടുത്തലുകളായി ഈ സിനിമകൾ മാറുന്നു. അതികാല്പനികതയിൽ നിർമ്മിക്കപ്പെട്ട മാതൃകകളെ ഭേദിച്ചുകൊണ്ട് അധികാര വ്യവസ്ഥയിൽ നിശബ്ദരാക്കപ്പെട്ടവരുടെ ശബ്ദവും സാന്നിധ്യവും ഇതിൽ അനുഭവവേദ്യമാകുന്നു. എല്ലാവിധ പ്രത്യയശാസ്ത്രങ്ങളോടും സാമൂഹിക വ്യവസ്ഥകളോടും കലഹിച്ചുകൊണ്ട് സ്വന്തമായി ഒരു ലോകം തന്നെ സൃഷ്ടിക്കുകയാണ് ഇതിലെ സ്ത്രീ കഥാപാത്രങ്ങൾ.സ്ത്രീയുടെ കർതൃത്വ ത്തെക്കുറിച്ചുള്ള പുരുഷാധികാര സമൂഹത്തിന്റെ തീർപ്പുകളെ നിഷേധിച്ചുകൊണ്ട് രക്ഷാകർതൃത്വത്തിലും ദാമ്പത്യത്തിലും സ്വന്തമായൊരിടം സാധ്യമാണെന്ന യാഥാർത്ഥ്യം പ്രഖ്യാപിക്കുന്ന സിനിമകളാണിത്. പുരുഷാധിപത്യപരമായ അധികാരബന്ധങ്ങളാൽ പ്രാന്തവത്കരിക്കപ്പെട്ടവരാണ് ഇതിലെ സ്ത്രീ കഥാപാത്രങ്ങൾ. അവിടെ അവർ തന്നെ കണ്ടെത്തുന്ന സ്വതന്ത്രമായൊരിടമുണ്ട്. അവിടെ അവർ തന്നെയാണ് തീരുമാനമെടുക്കുന്നതും നടപ്പിലാക്കുന്നതും. ഉത്തമഭാര്യ, മാതാവ് എന്നീ സങ്കൽപ്പങ്ങൾ ഇവിടെ വിപരീതാർത്ഥത്തിൽ വിനിമയം ചെയ്യപ്പെടുകയാണ്. മികച്ച ഏതൊരു കലാസൃഷ്ടിയും ഉൾക്കൊള്ളുന്ന ജൈവ സംവ്യക്തതയ്ക്ക് ഉദാഹരണമാണ് ഈ ചലച്ചിത്രങ്ങൾ.ആത്മവിശ്വാസവും ഇച്ഛാശക്തിയുമുള്ള കഥാപാത്രങ്ങളിലൂടെ സ്ത്രീത്വത്തെക്കുറിച്ചുള്ള പരമ്പരാഗതധാരണകളെ വിമർശനവിധേയമാക്കുന്നു. നീതിന്യായ വ്യവസ്ഥകളെ അവഗണിച്ചുകൊണ്ട് വിധിയും ശിക്ഷയും അവർ തന്നെ നടപ്പിലാക്കുന്നു. ശരീരം എന്നത് ജൈവികമായ നിർമ്മിതിയല്ലെന്നും സാംസ്കാരികമായ വിവിധ വ്യവഹാരങ്ങളിലൂടെ നിർമ്മിക്കപ്പെടുന്ന ഒന്നാണെന്നും ഈ സിനിമകൾ അറിയിക്കുന്നു. രക്ഷാകർതൃത്വം സ്ത്രീക്ക് മാത്രമായും സാധ്യമാണെന്ന വർത്തമാനകാലയാഥാർത്ഥ്യം സിനിമകളിൽ പ്രകടമാണ്. സ്ത്രീപക്ഷപരിസ്ഥിതിവാദത്തോട് ചേർന്ന് നിൽക്കുന്ന കഥാപാത്രങ്ങളും ആശയവുമാണ് ഈ സിനിമകളിലുള്ളത്. ചൂഷണങ്ങൾക്ക് വിധേയമാകുന്ന പരിസ്ഥിതിയുടെയും സ്ത്രീയുടെയും പ്രതികരണങ്ങളുടെ, അതിജീവനങ്ങളുടെ സാക്ഷ്യമാണവ. സ്ത്രീയുടെ അതിജീവനവും പ്രകൃതിയുടെ അതിജീവനവും ഒന്നാണെന്ന യാഥാർത്ഥ്യമാണ് സിനിമ മുന്നോട്ട് വെക്കുന്നത്. അങ്ങനെ കേരളത്തിന്റെ സാമൂഹ്യ അന്തരീക്ഷത്തിന് നിഷിദ്ധമായ സ്ത്രീ സ്വത്വബോധങ്ങളുടെ പരിപ്രേഷ്യമായി ഈ സിനിമകൾ മാറുന്നു.

 

 സഹായകഗ്രന്ഥങ്ങൾ

1. വെങ്കിടേശ്വരൻ,സി എസ്.,മലയാള സിനിമാപഠനങ്ങൾ, ഡി സി ബുക്സ്, കോട്ടയം,2011.

2. സുധാ വാര്യർ, പന്മന രാമചന്ദ്രൻ നായർ,പ്രൊഫ.,(എഡി)മലയാള സിനിമയിലെ സ്ത്രീ,ചലച്ചിത്ര പഠനങ്ങൾ, പി കെ പരമേശ്വരൻ നായർ സ്മാരക ട്രസ്റ്റ്,തിരുവനന്തപുരം,2016.

3. റ്റിസി മറിയം തോമസ് , പി എൻ ശ്രീകുമാർ(എഡി.),പെൺ കാമനകൾ, ഡി സി ബുക്സ്,കോട്ടയം,2026.

4. ഗീത പി,പന്മന രാമചന്ദ്രൻ നായർ,പ്രൊഫ.,(എഡി.) സ്ത്രീത്വം ഒരു ചരിത്രാന്വേഷണം,കേരളസംസ്കാര പഠനങ്ങൾ, കറന്റ് ബുക്സ് കോട്ടയം,2011.

5. രാധിക സി നായർ,ഡോ.,സമകാലിക സാഹിത്യ സിദ്ധാന്തം -ഒരു പാഠപുസ്തകം,കറന്റ് ബുക്സ്,കോട്ടയം.2007.

6.Francoise d’ Eaubonne, Ruth Hottell(Tranc.)Feminism or death,Verso books,London and New York,2022.

7. Maria Mies And Vandana shiva,Ecofeminism,zed Books,London, 1993.

 

 

 

ഡോ. വീണ എസ്

അസോസിയേറ്റ് പ്രൊഫസർ

മലയാളവിഭാഗം

സെന്റ് തോമസ് കോളേജ്,

പഴവങ്ങാടി പി. ഒ

റാന്നി.

ഇ മെയിൽ :sveena2024@gmail.com

 

 

 

 

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
ചീഫ് എഡിറ്റര്‍
ഡോ. ബി. ശ്രീകുമാർ സമ്പത്ത്



സ്റ്റുഡന്‍റ് എഡിറ്റര്‍
രതീഷ്
Fkv. 

ഇഷ്യു എഡിറ്റർ

​ഷീന എസ്.

FUntäm-dnb t_mÀUv 
AwK§Ä
ഡോ. കെ. റഹിം
ഡോ. സജീവ്കുമാർ എസ്.
ഡോ. ശ്രീലക്ഷ്മി എസ്.കെ.
ഡോ. രാമചന്ദ്രൻ പിള്ള എം.
ഡോ. അമ്പിളി ആർ.പി.
ഡോ. സംഗീത കെ.
ബിന്ദു എ.എം.

ഷീന എസ്.
ഡോ. കാരുണ്യ വി. എം.
അസോസിയേറ്റ് എഡിറ്റേഴ്സ്
ഡോ.ലാലു വി. , യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം
ഡോ.ഗംഗാദേവി എം., ഗവ. കോളേജ്, നെടുമങ്ങാട്, 
ഡോ.സേതുലക്ഷ്മി എം.എസ്. 
ഗവ.കോളേജ് ,നെടുമങ്ങാട്
Publishers Name:          
Dr.B.SREEKUMAR SAMBATH
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996          

Unssk³ & te Hu«vv
cXojv Fk.v

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2026

​

bottom of page