top of page

ലിംഗ്വിസിസവും കേരളത്തിലെ ഭാഷാപരമായ അന്യവൽക്കരണവും: ഒരു സാമൂഹികഭാഷാശാസ്ത്ര പഠനം

Oct 24
7 min read

Updated: 7 days ago

 മുഹമ്മദ് അസ്ലം

സംഗ്രഹം

ഭാഷ കേവലമായ ആശയവിനിമയോപാധി മാത്രമല്ല; മറിച്ച്, വ്യക്തിയുടെയും സമൂഹത്തിന്റെയും സാംസ്കാരിക സ്വത്വത്തെയും അധികാരബന്ധങ്ങളെയും നിർണ്ണയിക്കുന്ന സുപ്രധാന ഘടകമാണ്. ഒരു ഭാഷയ്ക്കുള്ളിലെ പ്രാദേശിക-സാമൂഹിക വകഭേദങ്ങൾ (Dialectal variations) ഭാഷാപരമായ വൈവിധ്യത്തിന്റെ സ്വാഭാവിക പ്രതിഫലനങ്ങളാണെങ്കിലും, ചില നിർദ്ദിഷ്ട ഭാഷാരൂപങ്ങൾക്ക് മാത്രം വരേണ്യമായ സാമൂഹികമൂല്യവും മേൽക്കൈയും കൽപ്പിച്ചുനൽകപ്പെടാറുണ്ട്. ഭാഷാപ്രയോഗങ്ങളുടെ അടിസ്ഥാനത്തിൽ വ്യക്തികളുടെയും പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളുടെയും സാമൂഹികാംഗീകാരം, അവസരങ്ങൾ, സാംസ്കാരിക മൂലധനം (Cultural capital) എന്നിവയിൽ അസമത്വങ്ങളും വിവേചനങ്ങളും സൃഷ്ടിക്കുന്ന ഇത്തരം ഘടനകളെ വിശകലനം ചെയ്യാൻ 'ലിംഗ്വിസിസം' (Linguicism - ഭാഷാവിവേചനം) എന്ന സൈദ്ധാന്തിക ആശയത്തെയാണ് ഇവിടെ പ്രയോജനപ്പെടുത്തുന്നത്.

കേരളത്തിന്റെ സവിശേഷമായ ഭാഷാപരമായ വൈവിധ്യം രൂപപ്പെടുന്നത് വിവിധ പ്രാദേശിക ഭാഷാവകഭേദങ്ങൾ, തീരദേശ സംസാരരീതികൾ, മാപ്പിള മലയാളം, തെക്കൻ-വടക്കൻ പ്രയോഗങ്ങൾ, ആദിവാസി ഗോത്രഭാഷകൾ എന്നിവയിലൂടെയാണ്. എന്നിരുന്നാലും, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തൊഴിലിടങ്ങൾ, പൊതുമണ്ഡലങ്ങൾ, മുഖ്യധാരാ മാധ്യമങ്ങൾ, സിനിമ, സോഷ്യൽ മീഡിയ തുടങ്ങിയ ഇടങ്ങളിൽ ചില ഭാഷാരൂപങ്ങൾ നിരന്തരം പരിഹാസത്തിനും വിവേചനപരമായ സാമൂഹിക വിധിതീർപ്പുകൾക്കും (Social stereotyping) വിധേയമാകുന്നുണ്ട്. ഉച്ചാരണരീതികളെ അധിക്ഷേപിക്കുക, പ്രാദേശിക ഭാഷാഭേദങ്ങളെ 'അശുദ്ധ'മായോ 'തെറ്റായ ഭാഷ'യായോ മുദ്രകുത്തുക, മാനകഭാഷയിലേക്ക് മാറാൻ സമ്മർദ്ദം ചെലുത്തുക എന്നിവയിലൂടെ വ്യക്തികൾ അനുഭവിക്കുന്ന അധമബോധം വ്യവസ്ഥാപിതമായ ഭാഷാപരമായ അന്യവൽക്കരണത്തിന്റെ (Linguistic alienation) പ്രതിഫലനമാണ്.

'ലിംഗ്വിസിസം' (Linguicism), 'മാനകഭാഷാ പ്രത്യയശാസ്ത്രം' (Standard Language Ideology), 'ഭാഷാപരമായ അരക്ഷിതാവസ്ഥ' (Linguistic Insecurity) എന്നീ സൈദ്ധാന്തിക ചട്ടക്കൂടുകളെ മുൻനിർത്തി കേരളത്തിലെ ഭാഷാവിവേചനത്തിന്റെ സാമൂഹിക പ്രത്യാഘാതങ്ങളെ ഈ പഠനം അപഗ്രഥിക്കുന്നു. തീരദേശ ഭാഷാരൂപങ്ങൾ, മാപ്പിള മലയാളം, ആദിവാസി ഭാഷകൾ, തെക്കൻ കേരളത്തിലെ സംസാരശൈലികൾ എന്നിവയെ കേന്ദ്രീകരിച്ചാണ് പ്രധാന വിശകലനം നടത്തുന്നത്. വിദ്യാഭ്യാസം, തൊഴിൽ, ജനപ്രിയ സംസ്കാരം എന്നിവയിലെ ഭാഷാപ്രാതിനിധ്യത്തെ ആസ്പദമാക്കി, പ്രാഥമിക വിവരശേഖരണങ്ങൾ, പ്രതികരണങ്ങൾ, സാമൂഹിക നിരീക്ഷണങ്ങൾ, മാധ്യമ ഉള്ളടക്ക വിശകലനം (Media content analysis) എന്നിവ സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു മിശ്രപഠനരീതിയാണ് (Qualitative descriptive methodology) ഇതിനായി അവലംബിച്ചിരിക്കുന്നത്.


താക്കോൽ വാക്കുകൾ : ലിംഗ്വിസിസം, ഭാഷാപരമായ അന്യവൽക്കരണം, മാനക ഭാഷാ പ്രത്യയശാസ്ത്രം, ഭാഷാപരമായ അരക്ഷിതാവസ്ഥ, സാമൂഹികഭാഷാശാസ്ത്രം.

 

ആമുഖം

ഒരു വ്യക്തി സംസാരിക്കുന്ന ഭാഷ കേവലമായ ആശയവിനിമയോപാധി എന്നതിനപ്പുറം അയാളുടെ അസ്തിത്വവുമായി ഇഴചേർന്നുനിൽക്കുന്ന ഒന്നാണ്. പ്രദേശം, വർഗ്ഗം, ജാതി, തൊഴിൽ, സാംസ്കാരിക അനുഭവം, കുടുംബപശ്ചാത്തലം എന്നിവയുമായി ഭാഷയ്ക്ക് അഭേദ്യമായ ജൈവികബന്ധമുണ്ട്. അതുകൊണ്ടുതന്നെ, ഒരു വ്യക്തിയുടെ സ്വാഭാവികമായ ഭാഷാപ്രയോഗങ്ങളെയും ഉച്ചാരണരീതികളെയും അസാധുവാക്കുകയോ അവഹേളിക്കുകയോ ചെയ്യുന്നത്, ആ വ്യക്തിയുടെ സാമൂഹിക സ്വത്വത്തെയും ആത്മാഭിമാനത്തെയും തന്നെ റദ്ദുചെയ്യുന്ന അനുഭവമായി മാറുന്നു.

മലയാളം ഒരിക്കലും ഏകശിലാത്മകമായ (Monolithic) ഒരു ഭാഷാരൂപമല്ല; മറിച്ച്, ബഹുസ്വരവും ചലനാത്മകവുമായ ഭാഷാവകഭേദങ്ങളുടെ ഒരു സമന്വയമാണത്. കാസർഗോഡ്, മലബാർ, തെക്കൻ തിരുവിതാംകൂർ, മധ്യകേരളം, ഇടുക്കിയിലെയും വയനാട്ടിലെയും മലയോര മേഖലകൾ, തീരദേശങ്ങൾ എന്നിവിടങ്ങളിലെ വ്യത്യസ്തമായ ഉച്ചാരണഭേദങ്ങളും (Phonological variations) പദസഞ്ചയങ്ങളും വാക്യഘടനകളും മലയാളത്തിന്റെ സാംസ്കാരിക സമൃദ്ധിയെയാണ് പ്രതിഫലിപ്പിക്കുന്നത്. ഇതിനുപുറമേ, തനതായ ഘടനയും പാരമ്പര്യവുമുള്ള ആദിവാസി-ഗോത്ര ഭാഷകളും ഈ ഭാഷാസമ്പത്തിന്റെ സുപ്രധാന ഘടകങ്ങളാണ്.

എന്നിരുന്നാലും, സാമൂഹികാംഗീകാരത്തിന്റെയും സാംസ്കാരിക മൂലധനത്തിന്റെയും കാര്യത്തിൽ ഈ ഭാഷാരൂപങ്ങൾക്കൊന്നും തുല്യപദവി ലഭിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം. വിദ്യാഭ്യാസം, ഭരണനിർവ്വഹണം, നിയമവ്യവസ്ഥ, മുഖ്യധാരാ മാധ്യമങ്ങൾ തുടങ്ങിയ ഔപചാരിക ഇടങ്ങളിൽ ആധിപത്യം പുലർത്തുന്ന 'മാനക മലയാള'ത്തിൽ നിന്നും അകന്നുനിൽക്കുന്ന പ്രാദേശിക-സാമൂഹിക വകഭേദങ്ങളെ പലപ്പോഴും 'അശുദ്ധ'മായതോ 'തെറ്റായ'തോ ആയ ഭാഷയായി മുദ്രകുത്തുന്നു (Linguistic Stigmatization). അതിനേക്കാൾ ഗുരുതരമായി, ഒരു വ്യക്തിയുടെ ബൗദ്ധികനിലവാരവും വിദ്യാഭ്യാസ യോഗ്യതയും സാമൂഹിക പദവിയും അയാൾ സംസാരിക്കുന്ന ഭാഷാശൈലിയെ ആസ്പദമാക്കി അളക്കുന്ന മുൻവിധികളും പ്രവണതകളും നിലനിൽക്കുന്നു.

സ്വാഭാവികമായ ഭാഷാപരമായ വൈവിധ്യങ്ങൾ എങ്ങനെയാണ് ഒരു സമൂഹത്തിൽ അധികാരബന്ധങ്ങളായും (Power dynamics) സാമൂഹിക വിവേചനങ്ങളായും രൂപാന്തരപ്പെടുന്നത് എന്ന അന്വേഷണമാണ് ഇവിടെ പ്രസക്തമാകുന്നത്. ഈ സാമൂഹിക യാഥാർത്ഥ്യത്തെയാണ് 'ലിംഗ്വിസിസം' (Linguicism - ഭാഷാവിവേചനം), 'മാനകഭാഷാ പ്രത്യയശാസ്ത്രം' (Standard Language Ideology) എന്നീ സൈദ്ധാന്തിക സങ്കൽപ്പങ്ങളുടെ പശ്ചാത്തലത്തിൽ ഈ പ്രബന്ധം അപഗ്രഥിക്കുന്നത്.

 

പഠനത്തിന്റെ പ്രസക്തിയും ലക്ഷ്യങ്ങളും

ജനാധിപത്യവൽക്കരിക്കപ്പെട്ടതും സാക്ഷരതാപരമായി മുന്നിൽ നിൽക്കുന്നതുമായ ഒരു സമൂഹമെന്ന് അടയാളപ്പെടുത്തപ്പെടുമ്പോഴും, കേരളീയ പൊതുമണ്ഡലത്തിൽ ഭാഷാപരമായ അധീശത്വങ്ങളും അന്യവൽക്കരണ പ്രവണതകളും അതിസൂക്ഷ്മമായി പ്രവർത്തിക്കുന്നുണ്ട്. നിർദ്ദിഷ്ട വരേണ്യ ഭാഷാരൂപങ്ങളെ അടിസ്ഥാനമാക്കി വികസിച്ചുവന്ന 'മാനക മലയാള'ത്തെ മാത്രം സാംസ്കാരിക ഔന്നത്യത്തിന്റെയും ബൗദ്ധിക ശുദ്ധിയുടെയും ഏക മാനദണ്ഡമായി പ്രതിഷ്ഠിക്കുന്ന പ്രവണത ഇവിടെ ശക്തമാണ്. ഇത് പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെയും മറ്റ് ഭൂമിശാസ്ത്ര മേഖലകളിലെയും മനുഷ്യരെ തങ്ങളുടെ സ്വാഭാവിക മാതൃഭാഷാപ്രയോഗങ്ങളിൽ നിന്ന് അകറ്റുകയും, ഒരുതരം ഭാഷാപരമായ അപകർഷതാബോധത്തിലേക്ക് (Linguistic Insecurity) അവരെ തള്ളിവിടുകയും ചെയ്യുന്നു. ഈ പശ്ചാത്തലത്തിൽ, ഭാഷാപരമായ നീതിയെയും സമത്വത്തെയും സംബന്ധിച്ച ചർച്ചകൾ കേരളീയ സന്ദർഭത്തിൽ വികസിപ്പിക്കേണ്ടത് ജനാധിപത്യപരമായ ഒരാവശ്യമായി മാറുന്നു.

 കേരളത്തിലെ സാമൂഹിക ശ്രേണിയിൽ നിലനിൽക്കുന്ന ഭാഷാപരമായ അസമത്വങ്ങളെ 'ലിംഗ്വിസിസം' എന്ന ആശയത്തെ മുൻനിർത്തി അടയാളപ്പെടുത്തുക, മാനക മലയാളവും പ്രാദേശിക/സമുദായ/ഗോത്ര വകഭേദങ്ങളും തമ്മിലുള്ള അധികാരബന്ധങ്ങളെ വിശകലനം ചെയ്യുക, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഔദ്യോഗിക തൊഴിലിടങ്ങളിലും ഭാഷാപരമായ മാനകീകരണം വ്യക്തികളുടെ പങ്കാളിത്തത്തെയും ആത്മവിശ്വാസത്തെയും എങ്ങനെ ബാധിക്കുന്നുവെന്ന് പരിശോധിക്കുക,  മുഖ്യധാരാ സിനിമകളിലും നവമാധ്യമങ്ങളിലും (Social Media) പ്രാദേശിക ഭാഷാഭേദങ്ങൾ എങ്ങനെ സ്റ്റീരിയോടൈപ്പ് ചെയ്യപ്പെടുന്നുവെന്ന് കണ്ടെത്തുക തുടങ്ങിയവയാണ് ഈ പഠനം ലക്ഷ്യമാക്കുന്നത്.

 ലിംഗ്വിസിസം: സൈദ്ധാന്തിക പശ്ചാത്തലം

ടോവെ സ്കുത്നാബ്-കങ്കാസ് (Tove Skutnabb-Kangas) മുന്നോട്ടുവെച്ച 'ലിംഗ്വിസിസം' (Linguicism) എന്ന സങ്കൽപ്പത്തെ മുൻനിർത്തിയാണ് ഈ പഠനം ഭാഷയും അധികാരവും തമ്മിലുള്ള ബന്ധത്തെ പരിശോധിക്കുന്നത്. വംശത്തിന്റെയോ ജാതിയുടെയോ ലിംഗത്തിന്റെയോ പേരിൽ നടക്കുന്ന വിവേചനങ്ങൾ പോലെത്തന്നെ, ഭാഷാപ്രയോഗങ്ങളുടെ പേരിൽ ചില വിഭാഗങ്ങൾക്ക് സമൂഹത്തിൽ കൂടുതൽ അധികാരവും അംഗീകാരവും ലഭിക്കുകയും മറ്റുചിലർ പിന്തള്ളപ്പെടുകയും ചെയ്യുന്ന അവസ്ഥയെയാണ് ഇത് സൂചിപ്പിക്കുന്നത്.

ലിംഗ്വിസിസത്തെ കേവലം ഉച്ചാരണങ്ങളെ കളിയാക്കുന്ന ഒന്നായി മാത്രം ചുരുക്കാനാവില്ല. ഒരു വ്യക്തിയുടെ പ്രാദേശിക ഭാഷാശൈലിയെ 'തെറ്റായ രൂപ'മായി കാണുക, അയാളുടെ ബുദ്ധിയെയും വിദ്യാഭ്യാസത്തെയും സംസാരിക്കുന്ന ഭാഷയെ അടിസ്ഥാനമാക്കി വിലയിരുത്തുക, മാനകഭാഷ സംസാരിക്കാത്തവരെ പരിഹാസ്യരായി ചിത്രീകരിക്കുക തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമാണ്. ചുരുക്കത്തിൽ, സ്വാഭാവികമായ ഭാഷാ വ്യത്യാസങ്ങളെ എങ്ങനെയാണ് സമൂഹം അസമത്വങ്ങളിലേക്കും അപമാനത്തിലേക്കും മാറ്റിയെടുക്കുന്നത് എന്ന് മനസ്സിലാക്കാനാണ് ഈ പഠനത്തിൽ ലിംഗ്വിസിസം എന്ന ആശയം പ്രയോജനപ്പെടുത്തുന്നത്.

 

മാനക ഭാഷാ പ്രത്യയശാസ്ത്രവും ഭാഷാപരമായ അന്യവൽക്കരണവും

വിദ്യാഭ്യാസത്തിലും ഭരണനിർവ്വഹണത്തിലും ഔപചാരിക ആശയവിനിമയത്തിലും ഒരു പൊതു മാനകഭാഷാരൂപം (Standard Language) നിലനിൽക്കുന്നത് സ്വാഭാവികമായ ഒരു ആവശ്യമാണ്. എന്നാൽ “മാനകഭാഷ” എന്നത് “ഏകമായ ശരി” എന്നും, മറ്റുള്ള ഭാഷാവകഭേദങ്ങളെല്ലാം “തെറ്റായ രൂപങ്ങൾ” എന്നും സമൂഹം കരുതാൻ തുടങ്ങുമ്പോഴാണ് Standard Language Ideology അഥവാ മാനക ഭാഷാ പ്രത്യയശാസ്ത്രം ഒരു വിവേചന രൂപമായി മാറുന്നത്.

ഒരു കുട്ടി വീട്ടിൽ സ്വന്തം പ്രാദേശിക ഭാഷാഭേദം സംസാരിക്കുകയും സ്കൂളിലെ ഔദ്യോഗിക ആവശ്യങ്ങൾക്കായി മാനക മലയാളം ഉപയോഗിക്കുകയും ചെയ്യുന്നത് സ്വാഭാവികമായ ഭാഷാപരമായ പൊരുത്തപ്പെടലാണ് (Code-switching). എന്നാൽ സ്കൂളിലോ പൊതുഇടങ്ങളിലോ വെച്ച് സ്വന്തം വീട്ടുഭാഷ സംസാരിക്കുന്നതിൽ അപകർഷതാബോധവും ലജ്ജയും തോന്നുകയും, മറ്റുള്ളവർ കേൾക്കാതിരിക്കാൻ സ്വന്തം സംസാരശൈലി ബോധപൂർവ്വം മറച്ചുവെക്കാൻ നിർബന്ധിതരാവുകയും ചെയ്യുമ്പോൾ അത് Linguistic Insecurity (ഭാഷാപരമായ അരക്ഷിതാവസ്ഥ) എന്ന അവസ്ഥയിലേക്ക് മാറുന്നു.

താൻ സ്വാഭാവികമായി സംസാരിക്കുന്ന മാതൃഭാഷാഭേദത്തെ സ്വത്വത്തിന്റെ അഭിമാനകരമായ ഭാഗമായി കാണുന്നതിന് പകരം, അത് സാമൂഹികമായി മറച്ചുവെക്കേണ്ട ഒന്നാണെന്ന തോന്നൽ വ്യക്തികളിൽ ഉണ്ടാകുന്നു. ഒരു വ്യക്തി തന്റെ പ്രാദേശിക ഭാഷയിൽ നിന്നും അതിലൂടെ സ്വന്തം സാംസ്കാരിക വേരുകളിൽ നിന്നും മാനസികമായി അകറ്റപ്പെടുന്ന ഇത്തരം സാഹചര്യങ്ങളെയാണ് ഈ പഠനം 'ഭാഷാപരമായ അന്യവൽക്കരണം' (Linguistic Alienation) എന്ന ആശയത്തിലൂടെ സമീപിക്കുന്നത്.

 

കേരളത്തിലെ ഭാഷാപരമായ അന്യവൽക്കരണത്തിന്റെ വിവിധ മേഖലകൾ

1 തീരദേശ സമൂഹങ്ങൾ

തീരദേശ സമൂഹങ്ങളുടെ സംസാരശൈലിയിൽ അവരുടെ പരമ്പരാഗത തൊഴിൽ, കടൽജീവിതം, പ്രാദേശിക ചരിത്രം, വിനിമയങ്ങൾ എന്നിവയുടെ സ്വാധീനം കാണാം. തനതായ പദസമ്പത്തും സംസാരശൈലിയും ഇവരുടെ ഭാഷാരൂപങ്ങളുടെ സവിശേഷതയാണ്.

എന്നാൽ ഇത്തരം ഭാഷാരൂപങ്ങൾ പലപ്പോഴും “സ്ലാംഗ്” എന്ന ഒറ്റപ്പേരിൽ ചുരുക്കപ്പെടുകയും നിസ്സാരവൽക്കരിക്കപ്പെടുകയും ചെയ്യുന്നു. പൊതുഇടങ്ങളിലും കലാലയങ്ങളിലും തീരദേശ പശ്ചാത്തലത്തിൽ നിന്നുള്ള വ്യക്തികൾ തങ്ങളുടെ സ്വാഭാവിക സംസാരരീതിയുടെ പേരിൽ നേരിട്ടുള്ള കളിയാക്കലുകളും അവഗണനകളും നേരിടുന്നുണ്ട്. ഇത് കേവലം ഭാഷാപരമായ വ്യത്യാസമല്ല; മറിച്ച് ഒരാളുടെ ഭാഷയെ മുൻനിർത്തി അയാളുടെ സാമൂഹിക പശ്ചാത്തലത്തെ വിലയിരുത്തുകയും അപരവൽക്കരിക്കുകയും ചെയ്യുന്ന പ്രവണതയാണ്.

2 തെക്കൻ കേരളത്തിലെ അതിർത്തി പ്രദേശങ്ങൾ തിരുവനന്തപുരത്തിന്റെ തെക്കേ അതിർത്തിയായ പാറശ്ശാല തുടങ്ങിയ പ്രദേശങ്ങളിലെ ഭാഷാരൂപങ്ങൾക്ക് തമിഴ്-മലയാള സമ്പർക്കത്തിന്റെ നീണ്ട ചരിത്രമുണ്ട്. എന്നാൽ ജനപ്രിയ സിനിമകളിലും ഹാസ്യപരിപാടികളിലും ഈ പ്രാദേശിക ഭാഷാഭേദം സംസാരിക്കുന്ന കഥാപാത്രങ്ങളെ നിരന്തരം കോമാളിത്തത്തോടോ അല്ലെങ്കിൽ ഗുണ്ടായിസം പോലുള്ള പരുക്കൻ സ്വഭാവങ്ങളോടോ ചേർത്തുവെച്ചാണ് കാണിക്കാറുള്ളത്.

ഇത്തരം ആവർത്തിച്ചുള്ള ചിത്രീകരണങ്ങൾ കാരണം, പൊതുസമൂഹത്തിൽ ഈ ഭാഷ സംസാരിക്കുന്നവരെ മുൻവിധിയോടെ കാണുന്ന പ്രവണത ഉണ്ടാകുന്നു. തങ്ങളുടെ സംസാരശൈലി കളിയാക്കലിന് കാരണമാകുമെന്ന് ഭയന്ന് വിദ്യാർത്ഥികളും യുവാക്കളും പൊതുവേദികളിൽ സ്വന്തം തനതുഭാഷ മറച്ചുവെക്കാൻ നിർബന്ധിതരാകുന്നു.

3 ആദിവാസി ഭാഷാസമൂഹങ്ങൾ: വിദ്യാഭ്യാസത്തിലെയും പൊതുസമൂഹത്തിലെയും നിഷേധം

ആദിവാസി സമൂഹങ്ങളുടെ ഭാഷകൾ നേരിടുന്ന പ്രതിസന്ധി മറ്റ് പ്രാദേശിക ഭാഷാഭേദങ്ങളുടെ പ്രശ്നത്തേക്കാൾ ഏറെ ഗൗരവമുള്ളതാണ്. പൊതുസമൂഹത്തിലും മാധ്യമങ്ങളിലും ഗോത്രഭാഷകളെ പലപ്പോഴും അപരിഷ്കൃതമോ പരിഹാസ്യമായതോ ആയ രൂപങ്ങളായി ചിത്രീകരിക്കുന്ന പ്രവണത കാണാം.

അതിനേക്കാളുപരി, ആദിവാസി ഭാഷകൾക്ക് വിദ്യാഭ്യാസ മേഖലയിലും പൊതുസമൂഹത്തിലും ഔദ്യോഗിക അംഗീകാരം ലഭിക്കുന്നില്ല എന്നതാണ് പ്രധാന പ്രശ്നം. കുട്ടികൾ വീട്ടിൽ സംസാരിക്കുന്ന മാതൃഭാഷയും സ്കൂളിലെ ബോധനഭാഷയായ മാനക മലയാളവും തമ്മിലുള്ള അന്തരം വളരെ വലുതാണ്. കുട്ടികളുടെ സ്വഭാവിക ഭാഷയെ ക്ലാസ് മുറികളിൽ അധ്യാപകരോ പാഠ്യപദ്ധതിയോ പരിഗണിക്കാതിരിക്കുമ്പോൾ, അത് അവരുടെ പഠനത്തെയും ആത്മവിശ്വാസത്തെയും ആഴത്തിൽ ബാധിക്കുകയും സ്കൂളുകളിൽ നിന്നുള്ള കൊഴിഞ്ഞുപോക്കിന് ഒരു പ്രധാന കാരണമായി മാറുകയും ചെയ്യുന്നു.

4 കാസർഗോഡും ഇടുക്കിയും: അതിർത്തി-മലയോര മേഖലകളിലെ ഭാഷകൾ

കേരളത്തിന്റെ അതിർത്തി പ്രദേശങ്ങളായ കാസർഗോട്ടെയും ഇടുക്കി പോലുള്ള മലയോര മേഖലകളിലെയും ഭാഷാഭേദങ്ങൾ സവിശേഷമായ ഭാഷാസമ്പത്താണ്. കന്നഡ, തുളു, കൊങ്കണി, ഉറുദു, ബ്യാരി തുടങ്ങിയ ഭാഷകളുമായി കലർന്നതാണ് കാസർഗോഡൻ ഭാഷാരൂപങ്ങൾ. ഇടുക്കിയിലെ മലയോര-തോട്ടം മേഖലകളിലാകട്ടെ തമിഴ് സമ്പർക്കവും കുടിയേറ്റ ചരിത്രവും ചേർന്ന പ്രത്യേക ഭാഷാശൈലിയാണ് നിലനിൽക്കുന്നത്.

എന്നാൽ ഈ അതിർത്തി-മലയോര ഭാഷാരൂപങ്ങളെ പലപ്പോഴും “കേട്ടാൽ മനസ്സിലാകാത്ത ഭാഷ” എന്ന നിലയിൽ കളിയാക്കലുകൾക്കും തമാശകൾക്കും മാത്രമായി മാധ്യമങ്ങളിലും സോഷ്യൽ മീഡിയ ട്രോളുകളിലും ഉപയോഗിക്കുന്നു. ഒരു വ്യക്തി കാസർഗോഡൻ ശൈലിയിലോ ഇടുക്കി ശൈലിയിലോ സംസാരിക്കുമ്പോൾ അതിനെ ഗൗരവത്തോടെ ഉൾക്കൊള്ളുന്നതിന് പകരം സംസാരശൈലിയെ മാത്രം കേന്ദ്രീകരിച്ച് പരിഹസിക്കുന്നത് ഈ പ്രദേശങ്ങളിൽ നിന്നുള്ളവരിൽ വലിയ തോതിലുള്ള അപകർഷതാബോധം ഉണ്ടാക്കുന്നുണ്ട്.

 വിദ്യാഭ്യാസ-തൊഴിൽ ഇടങ്ങളിലെ ഭാഷാപരമായ അന്യവൽക്കരണം

വിദ്യാഭ്യാസ സ്ഥാപനങ്ങളും തൊഴിലിടങ്ങളും ഒരു വ്യക്തിയുടെ ഭാഷാപരമായ സാമൂഹികീകരണത്തിലും വ്യക്തിത്വവികാസത്തിലും നിർണായക പങ്ക് വഹിക്കുന്ന ഇടങ്ങളാണ്. എന്നാൽ ഈ രണ്ടു മേഖലകളിലും മാനകഭാഷയെ മാത്രം ആധികാരികമായി പ്രതിഷ്ഠിക്കുകയും, പ്രാദേശിക-തനതു ഭാഷാഭേദങ്ങളെ താഴ്ന്നതായി മുൻവിധിയോടെ കാണുകയും ചെയ്യുന്ന പ്രവണത ശക്തമാണ്.

സ്കൂളുകളിലും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആശയവിനിമയം നടത്തുമ്പോൾ വിദ്യാർത്ഥികളിൽ നിന്ന് സ്വാഭാവികമായി പുറത്തുവരുന്ന നാട്ടുഭാഷാ പ്രയോഗങ്ങൾ പലപ്പോഴും അധ്യാപകരിൽ നിന്നും സഹപാഠികളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും വലിയ തോതിലുള്ള കളിയാക്കലുകൾക്കും കുറ്റപ്പെടുത്തലുകൾക്കും കാരണമാകുന്നു. പ്രാദേശിക സംസാരശൈലിയെ ഒരു സ്വാഭാവിക വൈവിധ്യമായി കാണുന്നതിനു പകരം തിരുത്തപ്പെടേണ്ട 'തെറ്റായ രൂപ'മായി അധ്യാപകർ ചിത്രീകരിക്കുമ്പോൾ, സഹപാഠികൾ അതിനെ തമാശയ്ക്കുള്ള വിഷയമാക്കി മാറ്റുന്നു.

ഇത്തരം അനുഭവങ്ങൾ വിദ്യാർത്ഥികളിൽ കടുത്ത അപകർഷതാബോധവും മാനസിക സമ്മർദ്ദവുമാണ് ഉണ്ടാക്കുന്നത്. ഇതിന്റെ ഫലമായി പലരും ക്ലാസ് മുറികളിൽ ചോദ്യങ്ങൾ ചോദിക്കാനോ സംവാദങ്ങളിൽ സ്വതന്ത്രമായി ഇടപെടാനോ മടിച്ച് പൂർണ്ണമായും നിശബ്ദതയിലേക്ക് ഉൾവലിയുന്നു. അതിലുപരി, തങ്ങൾ വരുന്ന പ്രദേശം ഏതാണെന്ന വിവരം പോലും മറ്റുള്ളവരിൽ നിന്ന് മറച്ചുവെക്കാനും, സ്വന്തം നാടും പ്രാദേശിക സ്വത്വവും ഒളിച്ചുവെക്കാനും അവർ നിർബന്ധിതരാകുന്നു. തങ്ങൾക്ക് അനായാസം വഴങ്ങാത്ത മാനകഭാഷ സംസാരിക്കാൻ നിരന്തരം കഠിനശ്രമം നടത്തേണ്ടി വരുന്ന വിദ്യാർത്ഥികൾ, ഒടുവിൽ സ്വന്തം മാതൃഭാഷയിലും കുടുംബ-സാമൂഹിക പശ്ചാത്തലത്തിലും സ്വയം ലജ്ജ തോന്നുന്ന തരത്തിലുള്ള ആഴത്തിലുള്ള ഭാഷാപരമായ അന്യവൽക്കരണത്തിലേക്ക് തള്ളപ്പെടുന്നു.

പഠനകാലത്ത് വേരൂന്നുന്ന ഈ ഭാഷാപരമായ അരക്ഷിതാവസ്ഥ പിൽക്കാലത്ത് തൊഴിലിടങ്ങളിലേക്കും പടരുന്നതായി കാണാം. ഔദ്യോഗിക തൊഴിൽമേഖലകളിൽ ഒരു വ്യക്തിയുടെ കാര്യക്ഷമതയെയും ബുദ്ധിയെയും അറിവിനെയും അളക്കുന്നത് അയാൾ സംസാരിക്കുന്ന ഉച്ചാരണത്തെയും ശൈലിയെയും മുൻനിർത്തിയാണ്. “പ്രൊഫഷണലായി സംസാരിക്കുക” എന്നാൽ പ്രാദേശിക ഭാഷാവഴികൾ പൂർണ്ണമായി ഉപേക്ഷിക്കലാണെന്ന അലിഖിതമായ നിബന്ധന പല തൊഴിലിടങ്ങളിലും നിലനിൽക്കുന്നുണ്ട്. ചുരുക്കത്തിൽ, വിദ്യാഭ്യാസ കാലഘട്ടത്തിൽ അനുഭവിക്കുന്ന ഭാഷാപരമായ അടിച്ചമർത്തലുകൾ തൊഴിൽമേഖലയിലെ അവസരങ്ങളെയും ആത്മവിശ്വാസത്തെയും ബാധിക്കുകയും, ഒരു വ്യക്തിയെ സ്വന്തം ഭാഷാസ്വത്വത്തിൽ നിന്ന് പൂർണ്ണമായും അന്യവൽക്കരിക്കുകയും ചെയ്യുന്നു.

 

സിനിമയിലെ ഭാഷാപരമായ പ്രതിനിധാനവും സ്റ്റീരിയോടൈപ്പുകളും

സിനിമകളിൽ ഒരു പ്രത്യേക സമുദായത്തെയോ ജനവിഭാഗത്തെയോ തിരിച്ചറിയാനുള്ള പ്രധാന ഉപാധിയായി പലപ്പോഴും ഭാഷ മാറാറുണ്ട്. കഥാപാത്രങ്ങൾ ഉപയോഗിക്കുന്ന ഭാഷാശൈലിയും പദപ്രയോഗങ്ങളും അവരുടെ സാമൂഹിക വർഗ്ഗത്തെയും പദവിയെയും പ്രേക്ഷകർക്ക് മുന്നിൽ വ്യക്തമാക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നു. മലയാളത്തിലെ മുഖ്യധാരാ സിനിമകളിൽ നായക കഥാപാത്രങ്ങൾ വരേണ്യ മാനകമലയാളം സംസാരിക്കുമ്പോൾ, കോമാളിത്തം, അപരിഷ്കൃതത്വം, അധോലോക സ്വഭാവം എന്നിവയെ അടയാളപ്പെടുത്താൻ നിർദ്ദിഷ്ട പ്രാദേശിക സമുദായ ഭാഷാരൂപങ്ങളെ ആശ്രയിക്കുന്ന ഒരുതരം ഭാഷാപരമായ ക്ലാസിസം (Linguistic Classism) ദീർഘകാലം നിലനിന്നിരുന്നു.

പ്രാദേശിക പശ്ചാത്തലത്തിൽ കഥ പറയുമ്പോൾ ഭാഷയിൽ അനാവശ്യമായ അതിശയോക്തി കലർത്തി ആ പ്രദേശത്തിന്റെ സംസാരരീതിയെത്തന്നെ തെറ്റായി പുനർനിർമ്മിക്കുന്ന പ്രവണതയ്ക്ക് വ്യക്തമായ ഉദാഹരണമാണ് കിളിച്ചുണ്ടൻ മാമ്പഴം. യഥാർത്ഥ സംസാരരീതിയെ വക്രീകരിച്ച് അവതരിപ്പിക്കുന്നതിലൂടെ ഭാഷയും സമുദായ സ്വത്വവും ചേർത്തുവെച്ച് കൃത്രിമമായ ഒരു സ്റ്റീരിയോടൈപ്പ് നിർമ്മിക്കുകയാണ് ഇവിടെ ചെയ്യുന്നത്. അതുപോലെ ബാംബു ബോയ്സ് പോലുള്ള ചിത്രങ്ങളിൽ ആദിവാസി കഥാപാത്രങ്ങളുടെ സംസാരശൈലിയെ അവരുടെ പരിമിതമായ ബൗദ്ധികനിലവാരവുമായും അപരിഷ്കൃതത്വവുമായും നേരിട്ട് ബന്ധിപ്പിച്ചു. ഇത്തരം പ്രതിനിധാനങ്ങൾ ഗോത്രഭാഷകളെയും ജനവിഭാഗങ്ങളെയും പൊതുബോധത്തിൽ പരിഹാസ്യമായി നിലനിർത്താൻ കാരണമാകുന്നുണ്ട്.

തെക്കൻ കേരളത്തിലെ, വിശേഷിച്ച് തിരുവനന്തപുരം പാറശ്ശാല അതിർത്തി പ്രദേശങ്ങളിലെ സംസാരശൈലിയെ സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും വിലകുറച്ചു കാണിക്കുന്ന പ്രവണതയും ഇതിന്റെ ഭാഗമാണ്. ഗൗരവമുള്ളതോ ആഴമുള്ളതോ ആയ അനുഭവങ്ങൾ പറയുന്നതിന് പകരം, ഗുണ്ടായിസം കാണിക്കുന്ന കഥാപാത്രങ്ങൾക്കോ വിവരക്കേട് കാട്ടുന്ന കോമാളി വേഷങ്ങൾക്കോ മാത്രമായി ഈ പ്രാദേശിക ശൈലിയെ ചുരുക്കിക്കെട്ടി. ഒരു നിർദ്ദിഷ്ട സമുദായത്തെയോ പ്രദേശത്തെയോ അടയാളപ്പെടുത്താൻ അവരുടെ ഭാഷയെത്തന്നെ ഒരു കാരിക്കേച്ചർ ആക്കി മാറ്റുന്ന ഇത്തരം സിനിമാറ്റിക് ശൈലികൾ, സമൂഹത്തിൽ നിലനിൽക്കുന്ന ഭാഷാപരമായ വിവേചനത്തെയും ശ്രേണീകരണത്തെയും സാധൂകരിക്കാനാണ് ഇടയാക്കിയത്.

 

 

സമകാലിക സിനിമയിലെ ഭാഷയുടെ പുനർവായന

എന്നാൽ സമകാലിക മലയാള സിനിമയിൽ പ്രാദേശിക ഭാഷകളെയും സംസ്കാരങ്ങളെയും കൂടുതൽ ജൈവികതയോടെയും അന്തസ്സോടെയും അവതരിപ്പിക്കുന്ന ശ്രദ്ധേയമായ മാറ്റങ്ങൾ കണ്ടുവരുന്നുണ്ട്.

സുഡാനി ഫ്രം നൈജീരിയ , കെ.എൽ. 10, തല്ലുമാല തുടങ്ങിയ ചിത്രങ്ങളിൽ മലബാർ/മലപ്പുറം പശ്ചാത്തലവും അവിടുത്തെ ഭാഷാപ്രയോഗങ്ങളും കഥാലോകത്തിന്റെ തികച്ചും സ്വാഭാവികമായ ഘടകങ്ങളായി പ്രത്യക്ഷപ്പെടുന്നു. പ്രാദേശിക ഭാഷയെ കേവലം ചിരിയുണർത്താനുള്ള ഒരു ഉപാധി (Comic device) എന്ന നിലയിൽ മാത്രം ഉപയോഗിച്ചിരുന്ന മുൻകാല ശൈലിയിൽ നിന്നുള്ള വ്യക്തമായ മാറ്റമാണിത്.

ഈ സാംസ്കാരിക മുന്നേറ്റം സമകാലിക കാസർഗോഡൻ പശ്ചാത്തലത്തിലുള്ള സിനിമകളിലും ശക്തമായി പ്രതിഫലിക്കുന്നുണ്ട്. "കേട്ടാൽ മനസ്സിലാകാത്ത ഭാഷ" എന്ന മുൻവിധിയോടെ ദീർഘകാലം മാറ്റിനിർത്തപ്പെട്ടിരുന്ന കാസർഗോഡൻ സംസാരശൈലിയെ ‘തിങ്കളാഴ്ച നിശ്ചയം’, ‘ന്നാ താൻ കേസ് കൊട്’ തുടങ്ങിയ സിനിമകൾ തികഞ്ഞ ആധികാരികതയോടും തനിമയോടും കൂടിയാണ് അടയാളപ്പെടുത്തിയത്. ഇവിടെ പ്രാദേശിക ഭാഷാപാഠങ്ങൾ ഹാസ്യത്തിനുള്ള ഉപകരണമല്ല; മറിച്ച് ആ നാടിന്റെ സാമൂഹിക-രാഷ്ട്രീയ യാഥാർത്ഥ്യങ്ങളെയും സാധാരണ മനുഷ്യരുടെ ആഴത്തിലുള്ള ജീവിതാനുഭവങ്ങളെയും സംവേദനം ചെയ്യുന്ന മുഖ്യ മാധ്യമമാണ്.

ഇത്തരം സിനിമകളിൽ പ്രാദേശിക ഭാഷാവകഭേദങ്ങൾ കഥാപാത്രങ്ങളുടെ സങ്കീർണ്ണമായ വികാരങ്ങൾ, ആഴത്തിലുള്ള സാമൂഹികബന്ധങ്ങൾ, സാധാരണ ജീവിതാനുഭവങ്ങൾ എന്നിവ പ്രകടിപ്പിക്കുന്ന മാധ്യമമായി മാറുന്നുണ്ട്. ഒരു ഭാഷാശൈലിയെയും വരേണ്യ മാനകത്തിന് കീഴിൽ താഴ്ത്തിക്കെട്ടാതെ, അതിന്റെ തനിമയോടെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കാൻ ശ്രമിക്കുന്നു എന്ന നിലയിൽ സമകാലിക സിനിമകൾ ഭാഷാപരമായ അന്യവൽക്കരണത്തിനെതിരെയുള്ള ഒരു സാംസ്കാരിക പുനർവായനയായി മാറുന്നു.

സോഷ്യൽ മീഡിയയും ഭാഷാപരമായ പരിഹാസവും

സോഷ്യൽ മീഡിയ ഭാഷാപരമായ അന്യവൽക്കരണത്തിനും മുൻവിധികളുടെ പുനരുൽപ്പാദനത്തിനും പുതിയൊരു ഡിജിറ്റൽ ഇടം സൃഷ്ടിച്ചിട്ടുണ്ട്. പ്രാദേശിക ഉച്ചാരണങ്ങളെയും തനതു പദങ്ങളെയും വികലമായി അനുകരിച്ചുകൊണ്ടുള്ള റീലുകൾ, മീമുകൾ, ട്രോളുകൾ തുടങ്ങിയവ സൈബർ ഇടങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഭാഷയെ നർമ്മത്തിനായോ വിനോദത്തിനായോ ഉപയോഗിക്കുന്നത് സ്വതവേ ലിംഗ്വിസിസം ആകണമെന്നില്ല; എന്നാൽ ചില പ്രാദേശിക ഭാഷാഭേദങ്ങളെ നിരന്തരം ബുദ്ധിക്കുറവ്, അറിവില്ലായ്മ, പിന്നാക്കാവസ്ഥ, സംസ്കാരമില്ലായ്മ തുടങ്ങിയ സ്റ്റീരിയോടൈപ്പുകളുമായി മാത്രം ചിത്രീകരിക്കുമ്പോൾ അത് ഭാഷാപരമായ വിവേചനത്തിന്റെ പ്രകടമായ രൂപമായി മാറുന്നു.

അതേസമയം, പരമ്പരാഗത മാധ്യമങ്ങളുടെ നിയന്ത്രണങ്ങളെ മറികടന്നുകൊണ്ട് പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യർക്ക് സ്വന്തം ശബ്ദം സ്വതന്ത്രമായി രേഖപ്പെടുത്താനുള്ള ഒരിടം കൂടിയായി ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ മാറിയിട്ടുണ്ട്. കർഷകർ, മത്സ്യത്തൊഴിലാളികൾ, ആദിവാസി ജനവിഭാഗങ്ങൾ, മറ്റ് തനതുതൊഴിലുകളിൽ ഏർപ്പെടുന്നവർ എന്നിവരെല്ലാം ഇന്ന് യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും സജീവമായി വ്ലോഗുകൾ ചെയ്യുന്നുണ്ട്. തങ്ങളുടെ ദൈനംദിന ജീവിതവും തൊഴിലും അനുഭവങ്ങളും സ്വന്തം നാട്ടുഭാഷയിൽത്തന്നെ അവർ പ്രേക്ഷകരുമായി പങ്കുവെക്കുന്നു. പ്രാദേശിക സ്വത്വത്തെ ആത്മാഭിമാനത്തോടെയും ആധികാരികതയോടെയും സ്വയം അടയാളപ്പെടുത്താനുള്ള വലിയൊരു സാധ്യതയാണ് ഇത് തുറന്നുനൽകുന്നത്.

എന്നാൽ, ഇത്തരം കണ്ടന്റുകളുടെ കമന്റ് ബോക്സുകളിലും അനുബന്ധ ട്രോളുകളിലും ഇപ്പോഴും കടുത്ത ഭാഷാപരമായ അന്യവൽക്കരണം പ്രകടമാണ്. ഒരു വിഭാഗം ആളുകൾ ഇവരുടെ സംസാരശൈലിയെയും ഉച്ചാരണത്തെയും വസ്ത്രധാരണത്തെയും അങ്ങേയറ്റം വികൃതമായ ഭാഷയിൽ പരിഹസിക്കുകയും, അവരെ “സംസ്കാരമില്ലാത്തവർ” എന്ന് മുദ്രകുത്തുകയും ചെയ്യുന്ന കമന്റുകൾ ധാരാളമായി കാണാം. വിഷയത്തിന്റെ പ്രാധാന്യത്തെ ശ്രദ്ധിക്കുന്നതിനു പകരം സംസാരിക്കുന്ന രീതിയെ മാത്രം മുൻനിർത്തി ഇത്തരത്തിൽ തരംതാഴ്ത്തുന്നത് ഡിജിറ്റൽ ഇടങ്ങളിലും മാനകഭാഷാബോധവും വർഗ്ഗ–ജാതി മുൻവിധികളും എത്രത്തോളം ആഴത്തിൽ നിലനിൽക്കുന്നു എന്നതിന്റെ തെളിവാണ്.

ചുരുക്കത്തിൽ, ഇന്നത്തെ ഡിജിറ്റൽ സ്പേസ് ഒരേസമയം ഭാഷാപരമായ അപമാനങ്ങളുടെയും അതിക്രമങ്ങളുടെയും, ഒപ്പം പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യരുടെ സാംസ്കാരിക പ്രതിരോധത്തിന്റെയും ആത്മപ്രകാശനത്തിന്റെയും സങ്കീർണ്ണമായ ഒരു വേദിയായി നിലകൊള്ളുന്നു.

 

 ഉപസംഹാരം

കേരളത്തിന്റെ സാംസ്കാരികവും സാമൂഹികവുമായ ചരിത്രത്തിന്റെ അടിത്തറ രൂപപ്പെടുന്നത് ഇവിടുത്തെ സമ്പന്നമായ ഭാഷാവൈവിധ്യത്തിൽ നിന്നാണ്. എന്നാൽ, ഈ ഭാഷാവൈവിധ്യത്തിന് പൊതുസമൂഹത്തിൽ ലഭിക്കുന്ന അംഗീകാരവും സ്വീകാര്യതയും ഒരിക്കലും തുല്യമായ അളവിലല്ല. ചില ഭാഷാരൂപങ്ങൾ മാത്രം “ശുദ്ധവും” “മാനകവു”മായ ഭാഷയായി ഉയർത്തപ്പെടുമ്പോൾ, മറ്റു പല പ്രാദേശിക ഭാഷാവകഭേദങ്ങളും കേവലം “സ്ലാംഗ്”, തമാശ, അജ്ഞത, സാംസ്കാരികമായ പിന്നാക്കാവസ്ഥ എന്നിവയുടെ അടയാളങ്ങളായി നിരന്തരം തരംതാഴ്ത്തപ്പെടുന്നു.

ലിംഗ്വിസിസം (Linguicism) എന്ന സാമൂഹികഭാഷാശാസ്ത്ര ആശയം ഇത്തരം അനുഭവങ്ങളെ കേവലം വ്യക്തിപരമായ പരിഹാസങ്ങളോ ഒറ്റപ്പെട്ട സംഭവങ്ങളോ മാത്രമായി ചുരുക്കാതെ, ഭാഷയും അധികാരവും സ്ഥാപനങ്ങളും തമ്മിൽ നിലനിൽക്കുന്ന സൂക്ഷ്മമായ ശ്രേണീകരണത്തിന്റെ ഭാഗമായി മനസ്സിലാക്കാൻ സഹായിക്കുന്നുണ്ട്. വിദ്യാലയങ്ങളിലും തൊഴിലിടങ്ങളിലും മാധ്യമങ്ങളിലും നവമാധ്യമ ഇടങ്ങളിലും ഒരുപോലെ പ്രകടമാകുന്ന ഈ പ്രവണത, വ്യക്തികളിൽ ആഴത്തിലുള്ള അരക്ഷിതാവസ്ഥയും സ്വന്തം സാംസ്കാരിക വേരുകളിൽ നിന്നുള്ള അന്യവൽക്കരണവുമാണ് സൃഷ്ടിക്കുന്നത്.

ഒരു പൊതു ആശയവിനിമയ മാധ്യമമെന്ന നിലയിൽ മാനകമലയാളം പഠിക്കേണ്ടതിന്റെയും ഉപയോഗിക്കേണ്ടതിന്റെയും പ്രായോഗിക ആവശ്യകതയെ അംഗീകരിക്കുമ്പോൾത്തന്നെ, അതിൽ നിന്ന് ഭിന്നമായ പ്രാദേശിക ഭാഷാരൂപങ്ങളെ തെറ്റായതോ വിലകുറഞ്ഞതോ ആയി കാണേണ്ടതില്ല. തീരദേശ ഭാഷാരൂപങ്ങൾ, മാപ്പിള മലയാളം, ആദിവാസി ഭാഷകൾ, തിരുവനന്തപുരം-പാറശ്ശാല ശൈലി, കാസർഗോഡും മലയോര മേഖലകളും ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ തനതു സംസാരരീതികൾ എന്നിവയെല്ലാം മലയാളം എന്ന മഹാഭാഷയുടെ ആന്തരിക സമ്പത്താണ്.

ഭാഷാപരമായ ജനാധിപത്യം എന്നത് യഥാർത്ഥത്തിൽ മാനകമലയാളത്തെ പാടേ നിരാകരിക്കലല്ല; മറിച്ച്, മാനകമലയാളം സ്വായത്തമാക്കാനുള്ള അവസരങ്ങൾ ഉറപ്പാക്കുന്നതിനൊപ്പം തന്നെ, ആത്മാഭിമാനത്തോടെയും അപമാനിക്കപ്പെടുമോ എന്ന ഭയമില്ലാതെയും സ്വന്തം മാതൃഭാഷാഭേദങ്ങൾ പൊതുഇടങ്ങളിൽ സംസാരിക്കാനുള്ള തുല്യമായ സാമൂഹിക അംഗീകാരം ലഭ്യമാക്കലാണ്.

 

സഹായകഗ്രന്ഥങ്ങൾ 

●       Bourdieu, P. (1991). Language and Symbolic Power. Harvard University Press.

●       Jayaraj, T. (2018). “The realisation of the phonological variation of /ɻ/ in Malabar Mappila dialect of Malayalam.” Jadavpur Journal of Languages and Linguistics, 1(2), 39–48.

●         Skutnabb-Kangas, T. (2000). Linguistic Genocide in Education—or Worldwide Diversity and Human Rights? Lawrence Erlbaum Associates.

●       Skutnabb-Kangas, T. (2015). “Linguicism.” The Encyclopedia of Applied Linguistics. Wiley.

●       Somasekharan Nair, P. (1979). Cochin Dialect of Malayalam. International School of Dravidian Linguistics, Thiruvananthapuram.

●ഉണ്ണികൃഷ്ണൻ, എ. എം. (2019). മലയാളഭാഷാ പഠനങ്ങൾ. കറന്റ് ബുക്സ്, കോട്ടയം.

●ഗോപിനാഥൻ നായർ, എൻ. (2006). ഭാഷയും സമൂഹവും: ഭാഷാശാസ്ത്രപഠനങ്ങൾ. പബ്ലിക്കേഷൻ ഡിവിഷൻ, കാലിക്കറ്റ് സർവ്വകലാശാല.

●ജയദേവൻ, എൻ. (2020). ഗോത്രഭാഷയിൽ നിന്നും മലയാള ലിപിയിലേക്ക്. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം.

●ഡ്രമണ്ട്, റോബർട്ട്. (1799/പുനഃപ്രസിദ്ധീകരണം). ഗ്രാമർ ഓഫ് ദ മലബാർ ലാംഗ്വേജ്. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം.

●സീമാ ജെറോം. (2023). ഭാഷ വ്യവസ്ഥയും വ്യവഹാരവും. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം.

 

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
ചീഫ് എഡിറ്റര്‍
ഡോ. ബി. ശ്രീകുമാർ സമ്പത്ത്



സ്റ്റുഡന്‍റ് എഡിറ്റര്‍
രതീഷ്
Fkv. 

ഇഷ്യു എഡിറ്റർ

​ഷീന എസ്.

FUntäm-dnb t_mÀUv 
AwK§Ä
ഡോ. കെ. റഹിം
ഡോ. സജീവ്കുമാർ എസ്.
ഡോ. ശ്രീലക്ഷ്മി എസ്.കെ.
ഡോ. രാമചന്ദ്രൻ പിള്ള എം.
ഡോ. അമ്പിളി ആർ.പി.
ഡോ. സംഗീത കെ.
ബിന്ദു എ.എം.

ഷീന എസ്.
ഡോ. കാരുണ്യ വി. എം.
അസോസിയേറ്റ് എഡിറ്റേഴ്സ്
ഡോ.ലാലു വി. , യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം
ഡോ.ഗംഗാദേവി എം., ഗവ. കോളേജ്, നെടുമങ്ങാട്, 
ഡോ.സേതുലക്ഷ്മി എം.എസ്. 
ഗവ.കോളേജ് ,നെടുമങ്ങാട്
Publishers Name:          
Dr.B.SREEKUMAR SAMBATH
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996          

Unssk³ & te Hu«vv
cXojv Fk.v

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2026

​

bottom of page