top of page

ഭ്രമയുഗത്തിലെ അധികാരചിഹ്നങ്ങൾ: പ്രതീകാത്മകതയും അധികാരവ്യവഹാരവും

Oct 24
8 min read

Updated: 7 days ago

മനോജ്  കുമാര്‍  വി.

പ്രബന്ധസംഗ്രഹം

മനുഷ്യജീവിതത്തിന്റെ സമസ്തമേഖലകളിലും നിർണ്ണായകമായ ചാലകശക്തി- യായി ദൃശ്യമാധ്യമങ്ങൾ വളർന്നുകൊണ്ടിരിക്കുന്ന കാലഘട്ടമാണ് നിലനിൽക്കുന്നത്. ആശയവിനിമയത്തിനുള്ള ശക്തമായ ഉപാധിയായി ദൃശ്യഭാഷ പരിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ദൃശ്യഭാഷയുടെ മുഴുവൻ സാധ്യതകളും പരമാവധി പ്രയോജനപ്പെടുത്തുന്ന വ്യവഹാരരീതിയായി സിനിമയെന്ന മാധ്യമം ഔന്നത്യം പ്രാപിച്ചിരിക്കുന്നു. സിനിമപോലെ മനുഷ്യനെ സ്വാധീനിച്ചുകൊണ്ടിരിക്കുന്ന മറ്റൊരു കലാരൂപം ഇല്ലെന്നുതന്നെ പറയാം. ചലിക്കുന്ന ചിത്രങ്ങൾ സൃഷ്ടിക്കുന്ന ദൃശ്യകലാരൂപമായ ചലച്ചിത്രം ചിഹ്നങ്ങളുടെ ഒരു വലയാണ്. ക്യാമറ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തിയോ ആനിമേഷൻ ചെയ്തോ മറ്റ് നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ചോ സൃഷ്ടിക്കുന്ന സിനിമകളിൽ പ്രത്യക്ഷമായോ പരോക്ഷമായോ കടന്നുവരാവുന്ന പ്രമേയങ്ങളിലൊന്ന് അധികാരമാണ്. ഏതെങ്കിലും ഒരു വ്യക്തിയുടെയോ സമൂഹത്തിന്റെയോ ജീവജാല- ങ്ങളുടെ തന്നെയോ സ്വതന്ത്രമായ ഇച്ഛയ്ക്കും പ്രവർത്തനത്തിനുമേൽ മറ്റൊരു വ്യക്തിയോ സമൂഹമോ ഏർപ്പെടുത്തുന്ന നിയന്ത്രണത്തെയും നായകത്വത്തെയുമാണ് പൊതുവേ അധികാരം എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. വ്യക്തിയുടെ സ്ഥാനമാനങ്ങൾ, പദവി, ജാതി, മതം, ലിംഗം, സാമ്പത്തികശേഷി, കായികവും മാനസികവും ബൗദ്ധികവുമായ കരുത്ത് ഇവയൊക്കെ അധികാരത്തിന് കാരണമാകാറുണ്ട്. 2024 ഫെബ്രുവരി 15ന് തിയറ്ററുകളിൽ പ്രദർശനത്തിനെത്തിയ മലയാളചലച്ചിത്രമായ  ‘ഭ്രമയുഗം : ദ ഏജ് ഓഫ് മാഡ്നസ്’ എന്ന സിനിമയിലെ അധികാരചിഹ്ന- ങ്ങളെക്കുറിച്ചുള്ള വിശകലനമാണീ ലേഖനത്തിലൂടെ ചെയ്യുന്നത്.

താക്കോൽ വാക്കുകൾ

അധികാരം, മേൽക്കോയ്മ, ചിഹ്നം, ചിഹ്നശാസ്ത്രം, സൂചകം, സൂചിതം, ഭ്രമയുഗം.

ചിഹ്നശാസ്ത്രം

ഘടനാവാദത്തിന്റെ ഉപജ്ഞാതാവായ ഫെർഡിനാൻ്റ് ഡി. സൊസ്യൂറാണ് ചിഹ്നങ്ങളുടെ വ്യവസ്ഥയാണ് ഭാഷ എന്ന് സിദ്ധാന്തിച്ചുകൊണ്ട് ചിഹ്നശാസ്ത്രം എന്ന പുതിയ പഠനമേഖലയ്ക്ക് തുടക്കംകുറിച്ചത്. ഒരു വാക്ക് പറയുകയോ കേൾക്കുകയോ ചെയ്യുമ്പോൾ മനസ്സിലെത്തുന്ന ശബ്ദരൂപത്തെ സൂചകം (Signifier) എന്നും സൂചകത്തിലൂടെ മനസ്സിലാകുന്നതെന്തോ അതിനെ സൂചിതം (Signified ) എന്നും വിളിക്കുന്നു. സൂചക സൂചിത ബന്ധമാണ് ചിഹ്നം. “ദൃശ്യവും അദൃശ്യവുമായി നിന്നുകൊണ്ട് ആശയവിനിമയത്തിന് ഉപകരിക്കുന്ന അർത്ഥദായകമായ ഏത് ഘടകത്തെയും ചിഹ്നം എന്ന് വിളിക്കാം”1. സൂചകങ്ങൾ നീതമായ ഒരർത്ഥം സൂചിപ്പിക്കുന്നതിനു പകരം സൂചകങ്ങളുടെ ഒരു നിരയെ തന്നെയാണ് കാണിച്ചുതരുന്നത് എന്നുപറഞ്ഞുകൊണ്ട് സൂചക സൂചിത ബന്ധത്തെ ഴാക് ദെറീദ അപനിർമിക്കുന്നു. “ഒരു ചിഹ്നത്തിലും അർത്ഥം സംസ്ഥിതമല്ലെന്നും സൂചകങ്ങൾ മറ്റു സൂചകങ്ങളിൽ മാത്രമാണ് എത്തുന്നതെന്നും അങ്ങനെ മറ്റു ചിഹ്നങ്ങളുമായുള്ള വ്യത്യാസവും നിരന്തരമായി നീട്ടിവയ്ക്കപ്പെടുന്ന അർത്ഥവും വെളിപ്പെടുത്തുകയാണ് ഭാഷ ചെയ്യുന്നതെന്ന് ദെറീദ സിദ്ധാന്തിച്ചു”2. സൂചക സൂചിതങ്ങളുടെ യോജനയല്ല, വിച്ഛേദനമാണ് ഴാക്ക് ലക്കാന്റെ സൂത്രവാക്യം. S/s എന്ന് രേഖപ്പെടുത്തുന്നതിൽ `S’ സൂചകത്തെയും `s’ സൂചിതത്തെയും അവയ്ക്ക് നടുവിലുള്ള ചരിഞ്ഞവര ( / ) വിച്ഛേദനത്തെയും കുറിക്കുന്നു. സൂചിതത്തിൽ നിന്ന് വിച്ഛേദിക്കപ്പെട്ട സൂചകം മറ്റ് സൂചകങ്ങളുമായി പരസ്പരാശ്രിതമായി നിൽക്കുന്നതിന് സൂചനശൃംഖല (Signifying Chain) എന്നാണ് ലക്കാൻ വിളിക്കുന്നത്. അർത്ഥത്തിന്റെ അനന്തതയാണ് ഇവിടെ അർത്ഥമാക്കുന്നത്. ചിഹ്നപഠനങ്ങൾക്ക് സൈദ്ധാന്തിക അടിത്തറ നൽകിയ അമേരിക്കൻ തത്വചിന്തകനായ ചാൾസ് സാൻഡേഴ്സ് പിയേഴ്സി അർത്ഥോല്പാദനം സാധ്യമാക്കുന്ന, ഒന്നിനു പകരം നിൽക്കുന്ന എന്തിനെയും ചിഹ്നത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തുന്നു. പ്രതീകങ്ങൾ (Symbol), ബിംബങ്ങൾ (Icons), സൂചികകൾ (Index) എന്നിവയെ പ്രധാനചിഹ്നങ്ങളായി കാണുന്നു. വിപുലമായ അർത്ഥത്തിൽ ആശയവിനിമയം സാധ്യമാക്കുന്ന മനുഷ്യസൃഷ്ടമായ സാംസ്കാരികകർമ്മങ്ങളെല്ലാം ചിഹ്നങ്ങളാണ്. “സാഹിത്യത്തിൽ മാത്രമല്ല ചിത്രം, ശില്പം, നാടകം, ചലച്ചിത്രം തുടങ്ങിയ മനുഷ്യനിർമ്മിതമായ ഏത് കലയിലും ചിഹ്നവ്യവസ്ഥയുടെ സാങ്കേതികത്വം കണ്ടെത്താവുന്നതാണ് ”3. ചുരുക്കത്തിൽ ചിഹ്നശാസ്ത്രം സാംസ്കാരികപഠനത്തിനുള്ള ഉപാധി കൂടിയാണ്.

 

അധികാരം

വ്യക്തിപ്രഭാവം, പാരമ്പര്യം, കായികവും മാനസികവുമായ കരുത്ത്, ബുദ്ധിശക്തി, കൂട്ടായപ്രവർത്തനം, സ്ഥാനമാനങ്ങൾ എന്നിവയുള്ള ഒരു വ്യക്തിയോ സമൂഹമോ മറ്റൊരു വ്യക്തിക്കോ സമൂഹത്തിനോ മേൽ ചെലുത്തുന്ന നായകത്വമാണ് അധികാരമെന്നത്. “മേൽനോട്ടം, ആധിപത്യം, ഭരണാവകാശം, വ്യക്തികളെയും സ്ഥാപനങ്ങളെയും നിയന്ത്രിക്കാനും നിയോഗിക്കാനും ശിക്ഷിക്കാനും മറ്റും വ്യവസ്ഥാനുസരണം സിദ്ധിച്ചിട്ടുള്ള ശേഷി”4യാണ് അധികാരമെന്ന് ‘കേരള ഭാഷാ നിഘണ്ടു’വിൽ രേഖപ്പെടുത്തിയിരിക്കുന്നു. അതായത് സ്വേച്ഛയ്ക്കനുസരിച്ച് മറ്റൊരു വ്യക്തിയുടെയോ സമൂഹത്തിന്റെയോ സ്വതന്ത്രമായ പ്രവർത്തനങ്ങളിൽ ഇടപെടാനും നിയന്ത്രിക്കാനുള്ള കഴിവാണ് അധികാരം. അധികാരം പ്രയോഗിക്കുന്നയാൾ ഭരിക്കുന്നവൻ ആകുമ്പോൾ അപരൻ ഭരിക്കപ്പെടുന്നവനാകും. അധികാരശക്തിക്ക് കീഴ്പ്പെട്ട് അനുസരണാജീവിതം നയിക്കേണ്ടവനെന്ന തോന്നൽ ഭരിക്കപ്പെടുന്നവരിൽ സൃഷ്ടിച്ചുകൊണ്ടേയിരിക്കുകയും അവനെ കീഴടങ്ങി ജീവിക്കാൻ പ്രാപ്തനാക്കുകയുമാണ് അധികാരശക്തികൾ ചെയ്യുന്നത്. “അധികാര- അനുസരണാബന്ധങ്ങളിലൂടെ സമൂഹം രണ്ട് തട്ടിലാവുകയും അധികാരം കൈയ്യാളുന്നവൻ ഒരു ലഹരിയെന്നപോലെ അധികാരശക്തിയെ ആസ്വദിക്കുകയും ചെയ്യുന്നു. അപരനാകട്ടെ അപകർഷബോധം കൊണ്ടോ ഭയം കൊണ്ടോ അനുസരണാജീവിതം നയിക്കുന്നു”5. അങ്ങനെ അധികാരവർഗ്ഗത്തിന്റെ ഇച്ഛയ്ക്കനുസൃ- തമായ ജീവിതം നയിക്കുകയാണ് അധികാരരഹിതർ ചെയ്തുവരുന്നത്. അധികാരത്തിന്റെ ഇത്തരം തലങ്ങൾ ‘ഭ്രമയുഗം’ എന്ന ചലച്ചിത്രത്തിലെത്രമാത്രമുണ്ടെന്ന് അപഗ്രഥി- ക്കുകയാണ്.

ഭ്രമയുഗം

രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ‘ഭ്രമയുഗം : ദ ഏജ് ഓഫ് മാഡ്നസ്’ ഡാർക്ക് ഫാന്റസി ഹൊറർ ത്രില്ലർ വിഭാഗത്തിൽ ഉൾപ്പെടുന്ന മലയാളസിനിമയാണ്. സിനിമ ‘കേരളത്തിന്റെ ഇരുണ്ട യുഗത്തിൽ വേരൂന്നിയതെ’ന്ന് അവകാശപ്പെടുന്ന സംവിധായകനോടൊപ്പം നോവലിസ്റ്റ് ടി. ഡി. രാമകൃഷ്ണനും കൂടിച്ചേർന്നാണ് സംഭാഷണരചന നിർവ്വഹിച്ചിരിക്കുന്നത്. കഥയും ദൃശ്യങ്ങളും ആവശ്യപ്പെടുന്ന പശ്ചാത്തലസംഗീതത്തിലൂടെ വെള്ളിത്തിരയിലെ കഥാപാത്രങ്ങൾ പ്രേക്ഷകനിലേക്ക് ഇറങ്ങിച്ചെല്ലുന്ന അനുഭൂതി സൃഷ്ടിക്കുംവിധത്തിലാണ് ക്രിസ്‌റ്റോ സേവ്യർ പശ്ചാത്തലസംഗീതമൊരുക്കിയിരിക്കുന്നത്. ഷഹനാഥ് ജലീലിന്റെ ക്യാമറയും ഷഫീഖ് മുഹമ്മദ് അലിയുടെ ചിത്രസംയോജനവും സിനിമയ്ക്ക് അനുയോജ്യമായ വിധത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്. കറുപ്പും വെളുപ്പും ഇടകലർന്ന, ഒരു പശ്ചാത്തലത്തിൽ മാത്രം ചിത്രീകരിച്ചിരിക്കുന്ന സിനിമയിൽ മമ്മൂട്ടി, അർജുൻ അശോക്, സിദ്ധാർത്ഥ് ഭരതൻ എന്നിവരുടെ അഭിനയപ്രാവീണ്യവും പ്രമേയത്തിലെ സാമൂഹിക- രാഷ്ട്രീയ ധാരകളും ചർച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണെങ്കിലും അധികാരചിഹ്നങ്ങളുടെ വിശകലനമാണ് ലക്ഷ്യമാക്കിയിട്ടുള്ളത്.

ഭ്രമയുഗത്തിലെ അധികാരചിഹ്നങ്ങൾ

കേരളചരിത്രത്തിന്റെ ഭൂതകാലത്തെ അവതരിപ്പിച്ചുകൊണ്ട്, സ്വാതന്ത്ര്യത്തിന്റെ പുതുകവാടത്തിലേക്ക് നടന്നെത്തുന്ന പാണനിലൂടെയാണ് സിനിമ അനാവരണം ചെയ്യപ്പെടുന്നത്. പതിനേഴാം നൂറ്റാണ്ടിലെ വടക്കൻമലബാറിലെ അകത്തളങ്ങളാണ് ഭ്രമയുഗത്തിന്റെ ആഖ്യാനഭൂപടമാകുന്നത്. അവിടെ  സ്വാതന്ത്ര്യത്തിനുഴലുന്ന  മനുഷ്യരുടെ പരിണാമത്തിലൂടെയാണ് കഥ പുരോഗമിക്കുന്നത്. പാണനായ തേവൻ കൊടുമൺ പോറ്റിയുടെ തകർന്നടിഞ്ഞ, ഇരുളിനാൽ മൂടപ്പെട്ട മനയിൽ എത്തപ്പെടുകയും ക്രാന്തദർശിയും കുശാഗ്രബുദ്ധിക്കാരനുമായ കൊടുമൺപോറ്റി ആ അതിഥി- യെകുറിച്ചെല്ലാം മനസ്സിലാക്കുകയും അദ്ദേഹത്തിന്റെ ആതിഥ്യമര്യാദയിൽ മയങ്ങിപ്പോയ പാണന് ആ ഇല്ലത്തോടും പോറ്റിയോടും തോന്നിയ സ്നേഹവും ആദരവും വിധേയത്വമനോഭാവവും അവരെ ഭരിക്കുന്നവനും ഭരിക്കപ്പെടുന്നവനുമാക്കി മാറ്റുകയാണ്. “തങ്ങൾ എല്ലായിപ്പോഴും അധികാരത്തിന്റെ കാവലിലും തണലിലും ആണെന്ന തോന്നൽ വ്യക്തിയിൽ സൃഷ്ടിക്കുന്നതിലൂടെ അനുസരണാശീലമുള്ള സമൂഹത്തെ വാർത്തെടുക്കാമെന്ന് അധികാരിവർഗ്ഗം തിരിച്ചറിഞ്ഞത് സാമൂഹിക മാറ്റത്തിന്റെ നാന്ദികുറിക്കലായിരുന്നു”6. ഭരണത്തിന്റെ ആദ്യകാലങ്ങളിൽ സുഖലോലുപരായി അഭിരമിക്കുന്നവർ ചതി മനസ്സിലാക്കുന്നത് പിന്നീടാണ്. ഭരണം തുടരുമ്പോൾ അവർ ഉടമയും അടിമയുമായി മാറുന്നു. അടിമ ഉടമ ബന്ധത്തിന്റെ വാർപ്പ് മാതൃകകൾ സിനിമയിൽ ചിഹ്നവൽക്കരിക്കപ്പെട്ടിരിക്കുന്നു. അടിമ ഉടമ ബന്ധത്തിലൂടെ അധികാരത്തിന്റെ സൂക്ഷ്മകണികകൾ വ്യക്തിയിലും അവൻ വ്യാപരിക്കുന്ന സ്ഥാപനങ്ങളിലും സമൂഹത്തിലും ഉടലെടുക്കുന്നതിന്റെ വ്യാഖ്യാനമാണ് സിനിമ നിർവഹിക്കുന്നത്. അധികാരം എന്ന താക്കോൽ വാക്യത്തെ വിപുലമായ അർത്ഥത്തിൽ സിനിമയിൽ പ്രതിനിധാനം ചെയ്തിരിക്കുന്നു. വിധേയൻ, പലേരിമാണിക്യം മുതലായ സിനിമകളിൽ കണ്ട അധികാരത്തിന്റെ വിവിധ പ്രവർത്തനമാതൃകകളെ വിശാലമായ അർത്ഥത്തിൽ മമ്മൂട്ടിയെന്ന മഹാനടനിലൂടെ ആവിഷ്കരിക്കാൻ ‘ഭ്രമയുഗ’ത്തിൽ ശ്രദ്ധിച്ചിട്ടുണ്ട്.

മനുഷ്യനിൽ കാണപ്പെടുന്ന അധികാരത്തിന്റെ മൂന്നു തലങ്ങളാണ് സിനിമയിൽ ദൃശ്യവൽക്കരിച്ചിരക്കുന്നത്.

1. അധികാരം കാലാകാലങ്ങളായി കയ്യടക്കി വെച്ചിരിക്കുന്ന കൊടുമൺപോറ്റി.

2. സ്വാതന്ത്ര്യാഭിവാഞ്ചയോടെ അധികാരം കൊതിക്കുന്ന കുശിനിക്കാരൻ

3. അധികാരഭ്രമത്തിനിടയിൽ പെട്ടുപോയ പാണൻ.

വ്യത്യസ്തങ്ങളായ ഈ മൂന്ന് കഥാപാത്രങ്ങളിലൂടെ അധികാരത്തിന്റെ വിവിധമുഖങ്ങൾ ചിഹ്നവൽക്കരിച്ചിരിക്കുകയാണ്. സാർവ്വലൗകികമായ അധികാരമോഹങ്ങളുടെ വ്യക്തമായ സൂചകങ്ങളായി  മൂന്ന് കഥാപാത്രങ്ങളും നിലനിൽക്കുന്നു.

പോറ്റി എന്ന ചാത്തനില്‍ ഉണ്ടായിരുന്നത് തേവൻ തന്റേതെന്ന അധികാരബോധമായിരുന്നു. കുശിനിക്കാരനെ സംബന്ധിച്ചിടത്തോളം തേവൻ തന്റെ കാര്യങ്ങൾ സാധ്യമാക്കാനുള്ള ഉപകരണം മാത്രമായിരുന്നു. വലനെയ്യുന്ന എട്ടുകാലി, പോറ്റിയുടെ വിരലിലെ മോതിരം, കൊടുമൺമന, നിലവറയിൽ അണയാതെ കത്തുന്ന വിളക്ക്, പോറ്റിയുടെ മുണ്ടിൻതുമ്പിലെ താക്കോൽ ഇവയെല്ലാം അധികാരത്തിന്റെ വിവിധ ചിഹ്നമാതൃകകളാണ്. എട്ടുകാലി വലയിൽ അകപ്പെടുന്ന ഇരകളെ തിന്ന് തന്റെ ശരീരത്തിന്റെ വിശപ്പകറ്റുന്നു. പോറ്റിയാകട്ടെ മനസ്സിനെ ഗ്രസിച്ച അധികാരമെന്ന വിശപ്പിനെയാണ് തേവനിലൂടെ തീർക്കുന്നത്. “അധികാരാസക്തി കാലദേശങ്ങളെ ഭേദിക്കുന്ന ഒരു മൗലിക പ്രശ്നമാണ്. സർവ്വതിനെയും കാർന്നുതിന്നുന്ന ഈ മനുഷ്യാവസ്ഥയുടെ തുടർച്ചകൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്നിടത്താണ് സിനിമ അവസാനിക്കുന്നത്”7. സിനിമയിലെ ഏറ്റവും ശക്തമായ അധികാരകേന്ദ്രം കൊടുമൺ പോറ്റിയാണ്. അദ്ദേഹത്തിന്റെ ശാരീരികശക്തിയിൽ മാത്രം അധിഷ്ഠിതമല്ല അധികാര- മെന്നത്. ജാതി, സാമൂഹികാവസ്ഥ, അറിവ്, മന്ത്ര - തന്ത്ര വിശ്വാസങ്ങൾ, സമ്പത്ത്, ഭയം എന്നിവയെല്ലാം അധികാരസ്ഥാപനത്തിന്റെ ഉറവിടങ്ങളാണ്. കൊടുമൺ പോറ്റി എന്ന വ്യക്തി അധികാരത്തിന്റെ ദൃശ്യചിഹ്നമായിമാറുകയാണ്. മറ്റുള്ളവരിൽ ഭയം ജനിപ്പിക്കുകയും അവരുടെ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുകയും ചെയ്തുകൊണ്ട് അധികാരത്തെ ഉറപ്പിക്കുന്നു.

മോതിരം അധികാരത്തിന്റെ അടയാളമായി കാലാകാലങ്ങളായി ഉപയോഗി- ക്കപ്പെട്ടുവരുന്ന ഒരു ചിഹ്നമാണ്. പോറ്റിയില്‍ നിന്നും മോതിരം കൈക്കലാക്കുന്ന അവസരത്തിൽ കുശിനിക്കാരന്റെ മുഖത്തുണ്ടാകുന്ന ചിരിയിൽ അത് വ്യക്തമാക്കുന്നുണ്ട്. സിനിമാന്ത്യത്തിൽ മോതിരം തേവന്റെ കൈകളിൽ എത്തുന്നത് അധികാര- കൈമാറ്റത്തിന്റെ സൂചനയാണ് നൽകുന്നത്. തേവൻ മോതിരം നദിയിലേക്ക് എറിഞ്ഞുകളയും എന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന പ്രേക്ഷകരുടെ മുന്നിൽ അയാളത് വിരലിൽ അണിയുന്നു. അധികാരം ആരെയും ദുഷിപ്പിക്കുമെന്നും അത് ഒരുതരം ഉന്മാദമാണെന്നും അതിൽനിന്ന് ആരും മോചിതരല്ലെന്നും വ്യക്തമാക്കപ്പെടുന്നു. ഒരു സമൂഹത്തിന്റെ സ്വാസ്ഥ്യത്തിനു മേലെ കടന്നുകയറുന്ന ഒരുതരം ഭ്രാന്താണ് അധികാരത്തിന്റേത്. ഏറ്റവും ഹൃദയശൂന്യമായ, ക്രൂരമായ, രക്തരൂക്ഷിതമായ അസുഖമാണ് അത്. അധികാരത്തിന്റെ ഭ്രാന്ത് പിടിപെട്ട കഥാപാത്രമാണ് കൊടുമൺപോറ്റി. അധികാരത്തിന്റെ ചിഹ്നമായ ഉന്മാദത്തിനും ഇരുളിന്റെ ശക്തികൾക്കും സിനിമാന്ത്യത്തിലും ഉച്ചാടനം സംഭവിക്കുന്നില്ലെന്ന് മാത്രമല്ല, അത് കൈമാറ്റം ചെയ്യപ്പെടുകയാണ്. അധികാരത്തിന്റെ സുഖം ഒരിക്കൽ അറിഞ്ഞാൽ അത് നേടിയെടുക്കാൻ എന്ത് അധർമപ്രവർത്തിയും ചെയ്യുമെന്ന് കാണിച്ചുതരുന്നുമുണ്ട്. അധികാരം മനുഷ്യനെ ദുഷിപ്പിക്കുമെന്നും പരമമായ അധികാരം പരമമായി ദുഷിക്കുമെന്നും സൂചിതമാക്കപ്പെടുന്നു. “ഒരു രാഷ്ട്രത്തിന് അതിലെ പൗരന്മാരുടെയും പ്രജകളുടെയും മേലുള്ള നിയമത്താൽ നിയന്ത്രിതമല്ലാത്ത അധികാരമാണ് പരമോന്നതമായ അധികാരം”8. അധികാരത്തിന്റെ മോതിരം അണിയുന്നവർ എന്തിനും പോന്നവരായി മാറുമെന്ന് സമകാലികരാഷ്ട്രീയസംഭവങ്ങൾ ഉദാഹരിച്ചുകൊണ്ട് വിശദീകരിക്കാവുന്നതാണ്.

ഇടിഞ്ഞുപൊളിഞ്ഞതും വീഴാറായതും നിഗൂഢതകൾ നിറഞ്ഞുനിൽക്കുന്നതുമായ കൊടുമൺമന ഒരു അതിഥിയെ സ്വീകരിക്കാൻ തക്കവണ്ണം ഉചിതമായതോ ആകർഷിക്കപ്പെടുന്നതോ അല്ല. മൂന്ന് നിലകളിലായി അനേകം അറകളുള്ള, ഭയത്തിന്റെ നിഴലുകൾ നിറഞ്ഞ ഇടനാഴികളുള്ള, നടുമുറ്റത്തെ പുല്ലുപോലും തലയ്ക്കൊപ്പം വളർന്ന് നിൽക്കുന്ന, തൂണുകളിൽ വേരു ചുറ്റുന്ന, മതിലുകൾ കാണാത്ത, വാതിൽ മാത്രം കാണപ്പെടുന്ന രൂപത്തിലാണ് മന അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. അവിടേക്ക് കയറിച്ചെല്ലാനുള്ള ഒരേയൊരു വഴി റിയലിസത്തിൽനിന്ന് ഫാന്റസിയിലേക്കുള്ളതാണ്. അകത്ത് കയറിപ്പോയാൽ പിന്നെ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാത്ത, ഒരു ലോകത്തുനിന്ന് മറ്റൊരു ലോകത്തിലേക്കുള്ള ഇടനാഴിയായി അത് മാറ്റപ്പെടുന്നു. ഏറ്റവും വൃത്തികെട്ട രീതിയിലാണ് മനയും പരിസരവും ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്. ഇരിക്കുന്ന സ്ഥലംപോലും വൃത്തിയായി സൂക്ഷിക്കപ്പെട്ടിട്ടില്ല. മനുഷ്യർക്ക് വസിക്കാൻ പറ്റുന്ന സ്ഥലമല്ലെന്ന് ആദ്യദർശനത്തിൽ തന്നെ സൂചിതമാകും. ഇരിക്കുന്ന സ്ഥലത്ത് തുപ്പുന്നത് അധികാരം ഇരിക്കുന്ന സ്ഥലത്തെയും ദുഷിപ്പിക്കും എന്നതാണ്. ഫ്യൂഡലിസത്തിന്റെ അവശിഷ്ടങ്ങളാണ് മനയുടെ പരിസരത്ത് കാണപ്പെടുന്നത് എന്നതിനാൽ ബ്രാഹ്മണാധിപത്യത്തിന്റെയും ഫ്യൂഡൽമൂല്യങ്ങളുടെയും തിരിച്ചുവരവായി അതിനെ കണക്കാക്കിയാൽ ചാത്തൻ ദളിത് സൂചകമായി മാറ്റപ്പെടുന്നു.

കൊടുമൺമന വെറുമൊരു പശ്ചാത്തലം എന്നതിനേക്കാൾ അതൊരു അധികാര- ചിഹ്നമാണ്. അടഞ്ഞ വാതിലുകളും ഇരുണ്ട മുറികളും ഇടുങ്ങിയ ഇടനാഴികളുമുള്ള കഥാപാത്രങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യമില്ലായ്മ അടയാളപ്പെടുത്തുന്ന, പുറംലോകവുമായി യാതൊരു ബന്ധവുമില്ലാത്ത നിയമങ്ങളാൽ അധികാരത്തിന്റെ ഭൗതിക ഇടമായി മന മാറ്റപ്പെടുന്നു. അവിടെ നിറഞ്ഞിരിക്കുന്ന ഇരുട്ട് അധികാരത്തിന്റെ മറ്റൊരു ചിഹ്നമാണ്. സിനിമയിലാകെ വ്യാപിച്ചുകിടക്കുന്ന ഇരുട്ട് അറിവിന്റെ അഭാവവും അതിലൂടെ- യുണ്ടാകുന്ന ഭയവും അധികാരത്തിന്റെ നിഗൂഢ സ്വഭാവം പ്രകടമാക്കുന്നു. തേവനും കാഴ്ചക്കാർക്കും പോറ്റിയുടെ യഥാർത്ഥ ശക്തിയോ ഉദ്ദേശ്യലക്ഷ്യങ്ങളോ തിരിച്ചറിയാൻ കഴിയാതെ പോകുന്നതിന് കാരണം അധികാരത്തിന്റെ ഈ നിഗൂഢതയാണ്. വെളിച്ചത്തിന്റെ അഭാവം ദൃശ്യസൗന്ദര്യഘടകം മാത്രമല്ല, അധികാരത്തിന്റെ അദൃശ്യമായ പ്രവർത്തനരീതിയുടെ ചിഹ്നമാണ്.

നിയന്ത്രണത്തിന്റെ ചിഹ്നമായി വരുന്ന ഭക്ഷണത്തിന് അധികാരവുമായി ബന്ധമുണ്ട്. ഒരാൾ എന്തു, എപ്പോൾ, ആരോടൊപ്പം ഭക്ഷിക്കണം എന്നുള്ളത് അധികാര- ബന്ധങ്ങളുമായി ബന്ധിപ്പിക്കുന്ന ഘടകമാണ്. ഭക്ഷണം ശരീരത്തിന്റെ ആവശ്യകത മാത്രമല്ല, കൊടുക്കുന്നവനും സ്വീകരിക്കുന്നവനും തമ്മിലുള്ള അധികാരബന്ധത്തിന്റെ പ്രതീകം കൂടിയാണ്. കസേരയും ഇരിപ്പിടവും അധികാര- ശ്രേണിയെ നിർമ്മിക്കുന്ന മറ്റൊരു ചിഹ്നമാണ്. ഇരിക്കുന്നതാര്, നിൽക്കുന്നതാര് എന്നത് അധികാരബന്ധത്തെ സൂചിപ്പിക്കുന്നു. ഇരിപ്പിടം സാമൂഹിക സ്ഥാനമാനത്തിന്റെയും അധികാരത്തിന്റെയും ചിഹ്നമാകുമ്പോൾ മറ്റുള്ളവർക്ക് ലഭിക്കുന്ന പരിമിതസ്ഥാനം കീഴാളസ്ഥാനത്തെയും സൂചിപ്പിക്കുന്നു. ശക്തമായ വാക്ക് അധികാര സ്ഥാപനത്തിന്റെയും മൗനം കീഴടങ്ങലിന്റെയും സൂചകങ്ങളാണ്. ആരാണ് സംസാരിക്കുന്നത് എന്നുള്ളത് പ്രധാനമാണ്. സംസാരിക്കുന്നവൻ അധികാരിയും മൗനിയായിരിക്കുന്നവൻ അനുസരണാശീലമുള്ള കീഴാളനുമായി മാറുന്നു. മൗനം ഭയത്തിന്റെ പ്രതീകം കൂടിയാണ്. സിനിമയിലെ പോറ്റി ഭക്ഷണം, ഇരിപ്പിടം, സംസാരം എന്നിവയിലൂടെ അധികാരം സ്ഥാപിച്ചെടുക്കുന്നത് എങ്ങനെയെന്ന് ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്.

കാട്ടിലകപ്പെടുന്ന കോരനും തേവനും വിറക് കൂട്ടി തീ കത്തിക്കുന്നതിൽനിന്ന് അവർക്ക് ആദിമമനുഷ്യന്റെ ഛായ വന്നുചേരുന്നു. അതിൽ ആദ്യത്തെയാൾ യക്ഷിയുടെ കയ്യിൽപെട്ട് മരണപ്പെടുകയും രണ്ടാമത്തെയാൾ കൊടുമൺപോറ്റിയുടെ അതിപുരാത- നമായ മനയിലേക്ക് എത്തപ്പെടുകയും ചെയ്യുന്നു. പടിപ്പുരകടന്നെത്തുന്ന തേവന്റെ സഞ്ചാരം അമ്മയുമായുള്ള ബന്ധത്തിന്റെ കാലം പിന്നിട്ട് പിതൃലോകത്തിന്റെ നിയമങ്ങളിലേക്ക് കടക്കുന്നതിന് തുല്യമാണ്. അമ്മയുമായുള്ള ബന്ധം വിച്ഛേദിച്ച് അച്ഛന്റെ നിയമങ്ങളുടെ ലോകത്തേക്ക് കടക്കുന്ന മനുഷ്യജീവിതത്തെപ്പറ്റി സിഗ്മണ്ട് ഫ്രോയിഡ് വിശദീകരിച്ചിട്ടുണ്ട്. സ്വന്തം അമ്മയുടെ പേര് പോലും തേവൻ മറന്നുപോകുന്നത് പോറ്റിയായ ചാത്തന്റെ പിതൃഅധികാരത്തിന് വിധേയമാകു- മ്പോഴാണ്. ഇവിടെ പിതൃബന്ധം അധികാരത്തിന്റെ അടിമ- ഉടമ ബന്ധമായിത്തീരുന്നു. ഉടമയിലൂടെ മാത്രം നിർവചിക്കപ്പെടുന്ന പിതൃപുത്രബന്ധത്തിന്റെ ഛായയിലുള്ള ഈഡിപ്പൽ ഭീതിയാണ് കഥാന്ത്യം വരെ പോകുന്നത്. എപ്പോഴും വധിക്കപ്പെടാമെന്ന തേവന്റെ ഭീതിയാണ് കാണികളിലേക്കും പടരുന്നത്.

പാണനും അരിവെപ്പുകാരനും സാമൂഹ്യമാനങ്ങളുള്ള കഥാപാത്രങ്ങളാണ്. അരിവെപ്പുകാരൻ ചാത്തനായ പോറ്റിക്കുവേണ്ടി അന്നം തേടുന്നവനും വെച്ച് വിളമ്പുന്നവനുമാണ്. കോരനും തേവനും ഒന്നിന്റെ തന്നെ രണ്ട് ഭാവങ്ങളെന്നതുപോലെ തേവനും വെപ്പുകാരനും ഐക്യവും വൈരുദ്ധ്യവും ഒരുപോലെ പ്രദർശിപ്പിക്കുന്ന രണ്ട് ചിഹ്നങ്ങളാണ്. രണ്ടുപേരും ചാത്തന്റെ അധീനതയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നു. കൊടുമൺ പോറ്റിക്ക് അടിച്ചുതളിക്കാരിയിൽ ഉണ്ടായ മകനാണ് വെപ്പുകാരൻ എന്നത് മനയുടെ പിന്തുടർച്ചാവകാശത്തിന് അയാൾ അർഹനാണെന്നതിന്റെ സൂചനയാണ്. അടിസ്ഥാനവർഗ്ഗത്തെ സൂചിപ്പിക്കുന്ന കുറുപ്പ് രാഷ്ട്രീയ അധികാരത്തിന് അർഹതയുള്ള തൊഴിലാളിയാണ്. അധികാരത്തിന്റെ മറ്റൊരു രൂപമാണ് അരിവെപ്പുകാരൻ നൽകുന്നത്. പോറ്റിയുടെ അധികാരത്തിന് പൂർണ്ണമായി കീഴടങ്ങുന്നില്ലെങ്കിലും അധികാരകേന്ദ്ര- ത്തിനുള്ളിൽ തന്നെയാണെങ്കിലും അധികാരത്തിനുവേണ്ടിയുള്ള മത്സരം ആദ്യന്തം അയാൾ നിലനിർത്തുന്നു. അധികാരം ഏകകേന്ദ്രീകൃതമല്ല എന്നതിന്റെ സൂചകമായി അരിവെപ്പുകാരനായ കുറുപ്പ് നിലനിൽക്കുന്നു. അധികാരത്തിന്റെ ഇരുണ്ടരൂപമായ ചാത്തൻ അതീന്ദ്രിയാധികാരത്തിന്റെ പ്രതീകമാണ്. ചാത്തൻ ഇവിടെ പ്രതിനിധീ- കരിക്കുന്നത് ഒരു സമുദായത്തെയല്ല, മറിച്ച് അധ്വാനശേഷിയുടെ ചിഹ്നത്തെയാണ്. വരാഹി ചുടലൻപോറ്റിയ്ക്ക് വരമായി കൊടുത്ത ചാത്തനെ സമഭാവനയോടെ പരിചരിക്കപ്പെടേണ്ടതായിരുന്നു. എന്നാൽ പോറ്റി അതിനെ ചൂഷണം ചെയ്ത് അടിമയാക്കുന്നു. അങ്ങനെ ചാത്തൻ അന്യവൽക്കരിക്കപ്പെട്ട അധ്വാനവും അധികാരവുമാകുന്നു. അതിനെ കയ്യടക്കുന്നവൻ എല്ലാത്തിന്റെയും അധിപനാകുന്നു. ഇവിടെ അധ്വാനം ആദൃശ്യവത്ക്കരിക്കപ്പെടുകയും അത് കേവലം അധികാരമായി, അധികാരത്തിന്റെ അശ്ലീലമായി മാറ്റപ്പെടുകയും ചെയ്യുന്നു. തേവൻ അധികാരത്തിന് കീഴ്പ്പെട്ട് ജീവിക്കുന്ന മനുഷ്യന്റെ പ്രതീകമാണ്. അധികാരത്തിന്റെ ഇരയായിത്തീരുന്ന സാധാരണ മനുഷ്യനാണ്. ഭയം, കീഴടങ്ങൽ, വിധേയത്വം, അനുസരണം, പ്രതിരോധം എന്നിങ്ങനെയുള്ള അധികാരഭാവങ്ങൾ അനുഭവിക്കുന്ന കീഴാളമനുഷ്യന്റെ പ്രതീകം കൂടിയാകുന്നു.

ചാത്തന്റെ അധികാരത്തെ അട്ടിമറിക്കുന്നതിന് എല്ലാ നീക്കങ്ങളും നടത്തുന്നത് വെപ്പുകാരനാണ്. ചാത്തനിൽ നിന്ന് താക്കോൽ കൈക്കലാക്കുന്നതും ചാത്തന്റെ ശക്തിക്ക് നിദാനമായ വിളക്ക് കെടുത്തുന്നതും അയാളാണ്. പാണനാകട്ടെ ആദ്യം അധികാരത്തെ വാഴ്ത്തുകയും പിന്നീട് ചോദ്യം ചെയ്യുകയും ചെയ്യുന്നു. പാണൻ കലയുടെയും എഴുത്തിന്റെയും ചിഹ്നമായി നിൽക്കുന്നു. ഹർഷന്റെ രാജധാനിയിലെ ആസ്ഥാന- കവിയായിരുന്ന ബാണഭട്ടൻ ഹർഷചരിതം എഴുതിയ ആളാണ്. മുമ്പ് കൊല്ലപ്പെട്ടുപോയ ഒരു കൂത്തുകാരനെ കുറിച്ച് പോറ്റി പറയുന്നുണ്ട്. അധികാരത്തെ ചോദ്യം ചെയ്യുകയും പരിഹസിക്കുകയും ചെയ്യുന്നത് കൂത്തിന്റെ രീതിയായിരുന്നു. പാണന്റെ പണി നാടൊട്ടുക്ക് വാർത്തകൾ എത്തിക്കലാണ്. അപ്പോൾ പാണൻ ആധുനിക മാധ്യമപ്രവർത്തകൻ എന്ന സൂചകം നൽകുന്നു. അരുതെന്ന് വിലക്കിയ ഇടങ്ങളിലേക്കെല്ലാം അയാൾ കടന്നുചെല്ലുകയും സത്യം അന്വേഷിക്കുകയും ചെയ്യുന്നു. കഥാന്ത്യത്തിൽ പ്രത്യക്ഷപ്പെടുന്ന പോർട്ടുഗീസ് പട്ടാളക്കാർ ചരിത്രസൂചകങ്ങളാണ്. ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായി പിൽക്കാലത്ത് മാറിയ മലബാർ കഥാപശ്ചാത്തലമാകുമ്പോൾ അത് ഒരേസമയം കോളനീകരണത്തിന്റെയും ചിഹ്നമാകുന്നു. തുറമുഖത്ത് കോളനിയധികാരികൾക്ക് അടിമയായി വിൽക്കപ്പെടാനുള്ള ശ്രമത്തിനിടയിൽ നിന്നാണ് പാണൻ രക്ഷപ്പെട്ടെത്തുന്നത്. മോതിരം വിരലിലണിഞ്ഞ പാണൻ മുഖം അരുവിയിൽ കഴുകുമ്പോൾ പ്രതിബിംബിക്കുന്ന രൂപം അധികാരത്തിന്റെ ആൾരൂപമായ കൊടുമൺ പോറ്റിയുടേതാണ്. ഉടമയായാലും അടിമയായാലും മേലാളനായാലും കീഴാളനായാലും മുതലാളിയായാലും തൊഴിലാളിയായാലും അധികാരം കിട്ടുന്നവർ മറ്റുള്ളവരെ അടിച്ചമർത്തുക തന്നെ ചെയ്യും എന്ന് സൂചിതമാക്കപ്പെടുന്നു. കാലപ്രവാഹമാകുന്ന പുഴയുടെ നടുവിലിരുന്ന്, ബ്രിട്ടീഷുകാരെ കല്ലുകൊണ്ട് നേരിടാൻ ശ്രമിക്കുന്ന വെപ്പുകാരൻ അവരുടെ വെടിയേറ്റ് വീഴുമ്പോൾ പ്രതിരോധത്തിന്റെ അവസാനസൂചനയും അവസാനിക്കുന്നു. അയാൾ അവസാനിക്കുകയും ചാത്തനായി, സർവ്വാധികാരിയായി തീർന്ന മാധ്യമലോകം പാണനായി അവശേഷിക്കുകയും ചെയ്യുന്നു. പത്രപ്രവർത്തകർ രാജാധികാരത്തിൽ എത്തുമെന്ന് വി. കെ. എൻ. ‘ആരോഹണം’ എന്ന നോവലിൽ എഴുതിയിട്ടുണ്ട്. ‘ഭ്രമയുഗ’ത്തെ ഇത്തരം അർത്ഥങ്ങളിലേക്ക്, അനന്തമായ, വ്യാഖ്യാനാത്മകമായ സാധ്യതകളിലേക്ക്, സൂചകശൃംഖലകളിലേയ്ക്ക് എത്തിക്കുന്നത് ചിഹ്നശാസ്ത്രമാണ്.

പാശ്ചാത്യദൊരകൾ കഥാന്ത്യത്തിൽ എത്തുന്നത് അധികാരമോഹം ചാത്തന്റെ മാത്രം കഥയല്ലെന്ന് ബോധ്യപ്പെടുത്താനാണ്. ഭയപ്പെടുത്തി അടക്കിഭരിക്കുന്ന അധികാരതന്ത്രം സാർവ്വലൗകികമാണ്. മനുഷ്യചരിത്രം ഉടനീളം ഈ അധികാരസംസ്ഥാപനം വ്യാപിച്ചുകിടക്കുന്നു. സിനിമാരംഭത്തിൽ പ്രേക്ഷകനെ റിയാലിറ്റിയിൽ നിന്ന് ഫാന്റസിയിലേക്ക് കൊണ്ടുപോയത് പോലെ അന്ത്യത്തിൽ ഫാന്റസിയിൽ നിന്ന് റിയാലിറ്റിയിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്യുന്നു . പാണൻ ചാത്തന്റെ മായാലോകത്ത് നിന്ന് രക്ഷപ്പെട്ട് പുറത്തെത്തുമ്പോൾ അവിടവും ചാത്തന്മാർക്ക് തുല്യരായ മനുഷ്യരാണെന്ന് തിരിച്ചറിയുന്നു. അധികാരം കിട്ടിയ സായിപ്പന്മാർ ഇവിടെ നടപ്പിലാക്കിയ തന്ത്രവും ചാത്തന്റേതായിരുന്നു. തമ്മിൽ തല്ലിയും കൊല്ലിച്ചും പരസ്പരം വെറുപ്പിച്ചും അവർ ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിച്ചു. ചാത്തനും ബ്രിട്ടീഷുകാരും നടപ്പിലാക്കിയ അതേ തന്ത്രമാണ് ഇന്നത്തെ ഭരണാധികാരികളുടെ രൂപത്തിലും ആവർത്തിക്കപ്പെടുന്നത്. “ചരിത്രത്തിൽ ഒരു ഏകാധിപതിയും ഒരു രാജാവും നൃശംസതയോടെ അധികകാലം അധികാരത്തിന്റെ രതിമൂർച്ഛയെക്കാൾ ഭയാനകമായ ലഹരിയിൽ മുഴുകി ജീവിച്ചിട്ടില്ല. മുങ്ങിമരിച്ചിട്ടേയുള്ളൂ. ഉപചാരകരോ വിദേശഭരണാധി- കാരികളോ ചാരന്മാരോ കൊന്നിട്ടേയുള്ളൂ”9. അതുതന്നെയാണ് ‘ഭ്രമയുഗ’വും അടയാള-പ്പെടുത്തുന്നത്. മനുഷ്യചരിത്രം അധികാരത്തിന്റെയും കൊലപാതകത്തിന്റെയും ഭയാനകമായ ചതികളുടെയും ചരിത്രം കൂടിയാണ്.

‘ഭ്രമയുഗം’ മനുഷ്യത്വത്തിന്റെ അപഭ്രംശത്തിന്റെ കൃത്യമായ ആവിഷ്കാരമാണ് നിർവ്വഹിച്ചിരിക്കുന്നത്. ലോകരാഷ്ട്രക്രമം തന്നെ സൈനികശക്തികളുടെ അധികാര- ക്കളമാണ്. സത്യാനന്തരകാലമാണ് ‘ഭ്രമയുഗം’ അടയാളപ്പെടുത്തുന്നത് എന്ന പരസ്യ- വാചകം പോലെ അഹന്തയുടെയും അധികാരത്തിന്റെയും മഹാഭ്രംശമാണ് സംഭവി- ക്കുന്നത്. ഇത് വെറുമൊരു ഐതിഹ്യകഥയല്ല, ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയാധികാരത്തിന്റെ ചിഹ്നമാതൃകയാണ്. ‘ഭ്രമയുഗം’ ഒരു ഹൊറർ സിനിമ എന്നതിലുപരി അധികാരത്തിന്റെ മനഃശാസ്ത്രവും സാമൂഹികഘടനയും പരിശോധിക്കുന്ന ഒരു ചിഹ്നശാസ്ത്ര സിനിമയാണ്.

 

കുറിപ്പുകൾ

1.ജെയിംസ് ജി. (ഡോ.) , സിനിമയും സാഹിത്യവും - ഒരു ചിഹ്നശാസ്ത്രപഠനം, പുറം 21.

2.രാധിക സി. നായർ (ഡോ.), സമകാല സാഹിത്യസിദ്ധാന്തം, പുറം- 47.

3. അരുൺ ജെ. ജി. (ഡോ.) ചിഹ്നശാസ്ത്രം - സിദ്ധാന്തവും പ്രയോഗവും, പുറം -6.

4. ഗുപ്തൻ നായർ എസ്. ; കേരളഭാഷാ നിഘണ്ടു, പുറം – 51.

5.അരുൺ ജെ. ജി. , അധികാരത്തിന്റെ പ്രത്യയശാസ്ത്രം - ആദ്യകാല മലയാള നോവലുകളിൽ, ഭാഷ, ഓണപ്പതിപ്പ്, 2003

6.മിഷേൽ ഫൂക്കോ, പവർ നോളഡ്ജ്, പുറം -69.

7.ആതിര എസ്. , അധികാരഭ്രമത്തിന്റെ ഇരുണ്ടയുഗം, സിനിമ, പുറം – 34.

8.ചന്ദ്രചൂഡൻ ടി. ജെ. (പ്രൊഫ) ,ദേവദാസ് ഡി. (ഡോ.), രാഷ്ട്രതന്ത്രം ,പുറം – 209.

9.ഷുക്കൂർ പി. എം., അധികാരലോകത്തിന്റെ അപഭ്രംശങ്ങൾ, സിനിമ , പുറം- 18.

ഗ്രന്ഥസൂചി

മലയാളം

1.അയ്യപ്പൻ എ. , ഭാരതപ്പഴമ, മാതൃഭൂമി പ്രിന്റിംഗ് ആൻഡ് പബ്ലിഷിംഗ് കമ്പനി ലിമിറ്റഡ്, കോഴിക്കോട്, 1985

2.അയ്യപ്പപ്പണിക്കർ കെ. (ഡോ.) എഡി. - മലയാളം തിസോറസ് - പദാന്വേഷണ ശബ്ദകോശം, ഡി. സി. ബുക്സ്, കോട്ടയം, 2003.

3.അരുൺ ജെ. ജി., ചിഹ്നശാസ്ത്രം - സിദ്ധാന്തവും പ്രയോഗവും, വരരുചി, കോട്ടയം, 2018.

4.അശോകൻ ചരുവിൽ, എഴുത്തിന്റെ വെയിലും നിലാവും, പ്രോഗ്രസ് പബ്ലിക്കേഷൻസ്, കോഴിക്കോട്, 2013.

5.ഗുപ്തൻ നായർ എസ്., (ചീഫ് എഡി.) കേരള ഭാഷാ നിഘണ്ടു, കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 1997.

6.ചന്ദ്രചൂഡൻ ടി. ജെ., (പ്രൊഫ), ദേവദാസ് ഡി. ( ഡോ.), രാഷ്ട്രതന്ത്രം ,കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 1995.

7.ജെയിംസ് ജി. (ഡോ.) സിനിമയും സാഹിത്യവും - ഒരു ചിഹ്നശാസ്ത്ര പഠനം, പാം പബ്ലിക്കേഷൻസ്, കൊല്ലം, 2009.

8.ജോർജ് സി . ജെ., നവസിദ്ധാന്തങ്ങൾ - ചിഹ്നശാസ്ത്രവും ഘടനാവാദവും, ഡി സി ബുക്സ്, കോട്ടയം, 2021.

9.രാജേഷ് ആർ. (ഡോ), പ്രദീപ് ഇറവൻകര (ഡോ), സിനിമ, ഭാഷയും വ്യാകരണവും, പന്തളം എൻ. എസ്. എസ്. കോളേജ്, മലയാള വിഭാഗം, ഉണ്മ പബ്ലിക്കേഷൻസ്, നൂറനാട്, 2016.

10.രാധിക സി. നായർ (ഡോ), സമകാലികസാഹിത്യ സിദ്ധാന്തം - ഒരു പാഠപുസ്തകം, കറൻ്റ് ബുക്സ്, കോട്ടയം, 2007.

11.സുശീലൻ ജി., ബൈബിൾ ശബ്ദസാഗരം, സമ്പൂർണ്ണ ബൈബിൾ നിഘണ്ടു, ജി. എൽ. പി. എസ്. പബ്ലിക്കേഷൻസ്, 2004.

ഇംഗ്ലീഷ്

1.Arrora Peeyush, Dictionary of Political Science, Sarup and sons, New Delhi, 2007.

2. Foucault Michael, Discipline and Punish - The Birth of Prison, Trans. by Alan Sheridon, Penguin Books, London, 1991.

3. Foucault Michael, Power Knowledge, Trans. by Robert Hurley, Random Book House, Newyork, 1986.

4. Tawney, R.H., Equality, Allen & Unwin, 1952.

ആനുകാലികം

1.സിനിമ, മാർച്ച് 2024, ലക്കം - 201, പുറം - 202

മനോജ്  കുമാര്‍  വി.

അസിസ്റ്റന്റ് പ്രൊഫസര്‍,

മലയാളവിഭാഗം,

ഫാത്തിമ മാതാ നാഷണല്‍ കോളേജ്, (ഓട്ടോണമസ് ), കൊല്ലം,

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
ചീഫ് എഡിറ്റര്‍
ഡോ. ബി. ശ്രീകുമാർ സമ്പത്ത്



സ്റ്റുഡന്‍റ് എഡിറ്റര്‍
രതീഷ്
Fkv. 

ഇഷ്യു എഡിറ്റർ

​ഷീന എസ്.

FUntäm-dnb t_mÀUv 
AwK§Ä
ഡോ. കെ. റഹിം
ഡോ. സജീവ്കുമാർ എസ്.
ഡോ. ശ്രീലക്ഷ്മി എസ്.കെ.
ഡോ. രാമചന്ദ്രൻ പിള്ള എം.
ഡോ. അമ്പിളി ആർ.പി.
ഡോ. സംഗീത കെ.
ബിന്ദു എ.എം.

ഷീന എസ്.
ഡോ. കാരുണ്യ വി. എം.
അസോസിയേറ്റ് എഡിറ്റേഴ്സ്
ഡോ.ലാലു വി. , യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം
ഡോ.ഗംഗാദേവി എം., ഗവ. കോളേജ്, നെടുമങ്ങാട്, 
ഡോ.സേതുലക്ഷ്മി എം.എസ്. 
ഗവ.കോളേജ് ,നെടുമങ്ങാട്
Publishers Name:          
Dr.B.SREEKUMAR SAMBATH
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996          

Unssk³ & te Hu«vv
cXojv Fk.v

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2026

​

bottom of page