top of page

നാടക-ഹ്രസ്വചിത്രങ്ങളുടെ സംവേദനസാധ്യതസ്‌കൂള്‍പാഠ്യപദ്ധതിയില്‍ : തെരഞ്ഞെടുത്ത നാടകങ്ങളെആസ്പദമാക്കിയുള്ള പഠനം

Oct 24
3 min read

Updated: 7 days ago

ആന്റണി ക്ലമന്റ്‌

പ്രബന്ധ സംഗ്രഹം

നാടകപഠനം പാഠ്യപദ്ധതിയുടെ ഭാഗമാകുന്നത്‌ നാടകതത്പരരായ കുട്ടികള്‍ക്ക്‌ ഗൗരവമുള്ള നാടകാവബോധം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ്‌. വ്യക്തിവികാസത്തിന്‌ വളരെ സഹായിക്കുന്ന ഒന്നാണ്‌ നാടകാനുഭവങ്ങള്‍.ഇത്തരം അനുഭവങ്ങളിലൂടെ കുട്ടികളുടെ ഭാവനാലോകം പൂര്‍ണമായും പ്രയോജനപ്പെടുത്തുവാനും നാടകാവതരണത്തെക്കുറിച്ച്‌ ധാരണനേടുവാനും നാടകകേളികള്‍ (നാടകത്തിലെ ചില പ്രവര്‍ത്തനങ്ങള്‍) കുട്ടികള്‍ മനസ്സിലാക്കുവാനും ശബ്ദനിയന്ത്രണം, ശബ്ദവ്യതിയാനങ്ങള്‍ എന്നിവ പരിശീലിക്കുവാനും നാടകങ്ങളെ ഹ്രസ്വചിത്രങ്ങളാക്കി മാറ്റുമ്പോള്‍ അഭിനയം, സിനിമാട്ടോഗ്രഫി, എഡിറ്റിംഗ്‌, ഡബ്ബിങ്‌, സംവിധാനം തുടങ്ങി ഹ്രസ്വചിത്രനിര്‍മ്മാണത്തിന്റെ വിവിധ വശങ്ങള്‍ സ്വായത്തമാക്കുവാനും സാധിക്കുന്നു. ഇപ്രകാരം തയ്യാറാക്കുന്ന നാടക-ഹ്രസ്വചിത്രങ്ങളിലൂടെ കുട്ടികള്‍ പാഠ്യപ്രവര്‍ത്തനത്തിലേര്‍പ്പെടുമ്പോള്‍ അവ ഏറ്റവും അനായാസമായി ചെയ്യാന്‍ സാധിക്കും. ഭാഷാപഠനത്തിലും പാഠ്യപ്രവര്‍ത്തനങ്ങളിലും ഹ്രസ്വചിത്രങ്ങളുടെ സംവേദനസാധ്യത കണ്ടെത്താന്‍ ശ്രമിക്കുന്നതാണ്‌ ഈ പ്രബന്ധം.

താക്കോല്‍ വാക്കുകള്‍

നാടക-ഹ്രസ്വചിത്രങ്ങള്‍, പാഠ്യപദ്ധതി, നാടകാവബോധം, കേരളീയഗ്രാമങ്ങള്‍, ഗ്രാമീണസംസ്കൃതി, വ്യക്തിവികാസം, ഭാവനാലോകം, ശബ്ദനിയന്ത്രണം, ശബ്ദവ്യതിയാനങ്ങള്‍, അഭിനയം, സിനിമാട്ടോഗ്രഫി, എഡിറ്റിംഗ്‌, ഡബ്ബിങ്‌, സംവിധാനം, ഫ്രസ്വചിത്രനിര്‍മ്മാണം, ഭാഷാപഠനം, പാഠ്യപ്രവര്‍ത്തനങ്ങള്‍.

ആമുഖം

കേരളീയഗ്രാമങ്ങള്‍ ഒരുകാലത്ത്‌ നാടകകലയോട് ഹൃദയപരമായ അടുപ്പം കാണിച്ചിരുന്നു. ഗ്രാമീണസംസ്‌കൃതിയുമായി നാടകത്തിന്‌ ബന്ധമുണ്ട്‌. കുട്ടികളുടെ സദസ്സിനു വേണ്ടി ഒരുക്കുന്നതാണ്‌ കുട്ടികളുടെ നാടകം. കുട്ടികള്‍ക്കു വേണ്ടിയുള്ള നാടകാവതരണം പ്രേക്ഷകസമൂഹത്തിന്റെ ആനന്ദത്തില്‍മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല. കുട്ടികളില്‍ മൂല്യബോധമുണര്‍ത്തുവാനും സമഗ്രവികസനം സാധ്യമാകുവാനും അത്‌ ഉപകരിക്കും. ഈ കാഴ്ചപ്പാടില്‍ നിന്നുകൊണ്ടുവേണം വിദ്യാഭ്യാസത്തില്‍ നാടകകലയ്ക്കുള്ള സ്ഥാനത്തെ നോക്കികാണേണ്ടത്‌. കുട്ടികളുടെ നാടകത്തില്‍ മുതിര്‍ന്നവര്‍ കഥാപാത്രങ്ങളായ ജീവിതപ്രമേയങ്ങള്‍ കുട്ടികളെകൊണ്ട്‌ വേഷം കെട്ടിച്ച്‌ രംഗത്ത്‌ അവതരിപ്പിക്കുന്നതിലൂടെ കുട്ടികളുടെ ഭാവനാലോകം പൂര്‍ണമായും പ്രയോജനപ്പെടുത്തുകയും അവരുടെ സര്‍ഗാത്മക വാസനകളെ കണ്ടെത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യാന്‍ സാധിക്കും. തിയേറ്റര്‍ വിദ്യാഭ്യാസത്തിലൂടെ കുട്ടികള്‍ക്ക്‌ അതിന്‌ അവസരം ലഭിക്കുന്നു.

സ്കൂള്‍പാഠ്യപദ്ധതിയില്‍ ഇന്ന്‌ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നതാണ്‌ഡിജിറ്റല്‍ വിദ്യാഭ്യാസം. ഡിജിറ്റല്‍ പാഠ്യപദ്ധതിയില്‍ ദൃശ്യ-ശ്രവ്യാനുഭവത്തിലൂടെ പഠനലക്ഷ്യം കൂടുതല്‍ ഗുണമേന്മയുള്ളതാക്കി മാറ്റുവാന്‍ ഓഡിയോ വീഡിയോ ഉള്‍പ്പെടുത്തുകയുണ്ടായി. കാലക്രമത്തില്‍ കേരളത്തിലെ ക്ലാസ്മുറികള്‍ ഡിജിറ്റല്‍ ക്ലാസ്മുറികളായി മാറിയതോടെ പാഠഭാഗവുമായി ബന്ധപ്പെട്ട നാടകങ്ങളെ ആസ്പദമാക്കി ഹ്രസ്വചിത്രങ്ങള്‍ കുട്ടികളെക്കൊണ്ട്‌ നിര്‍മ്മിക്കുവാന്‍ തുടങ്ങി. വ്യക്തിവികാസത്തിന്‌ വളരെ സഹായിക്കുന്ന ഒന്നാണ്‌ നാടക-ഹ്രസ്വചിത്രങ്ങള്‍. നാടകങ്ങള്‍ വായിച്ചും അവതരിപ്പിച്ചും ആസ്വദിച്ചും ഉണ്ടാകുന്ന അനുഭവങ്ങളും ഹ്രസ്വചിത്രനിര്‍മ്മാണത്തിലൂടെ ലഭിക്കുന്ന അറിവുകളും ഭാഷാപഠനത്തിന്റെ ഒരു ഉപാധിയാക്കുകയാണിവിടെ ചെയ്യുന്നത്‌. ഈ സാഹചര്യത്തില്‍ സ്കൂള്‍ പാഠ്യപദ്ധതിയില്‍ നാടക-ഹ്രസ്വചിത്രങ്ങളുടെ സംവേദനസാധ്യതയെ വിശകലനം ചെയ്യുകയാണ്‌ ഈ പ്രബന്ധരചനയിലൂടെ.

തിയേറ്റര്‍ വിദ്യാഭ്യാസം

മറ്റുള്ളവരുമായി ബന്ധപ്പെടുത്തി അവനവനെത്തന്നെ പരിശോധിക്കുന്നതിനും കൂടുതല്‍ മനസ്സിലാക്കുന്നതിനും മനുഷ്യരോടു മാത്രമല്ല പ്രകൃതിയോടും ഭൗതിക സാമൂഹിക ലോകത്തോടും വിമര്‍ശനാത്മകമായി തന്മയീഭവിക്കുന്നതിനും തിയേറ്ററിനോളം ശക്തമായ മറ്റൊരു മാധ്യമമില്ല. പാഠങ്ങള്‍ നാടകവല്‍ക്കരിക്കുകയെന്നത്‌ തിയേറ്ററിന്റെ ചെറിയൊരു ഭാഗമേ ആവുന്നുള്ളൂ. റോള്‍പ്ലേ, തിയേറ്റര്‍ പരിശീലനങ്ങള്‍, ശാരീരിക ശബ്ദനിയന്ത്രണവും ചലനങ്ങളും, കൂട്ടുചേര്‍ന്നും തനിയെയുമുള്ള അഭിനയങ്ങള്‍ എന്നിവ കൂടുതല്‍ അര്‍ഥവത്തായ അനുഭവങ്ങള്‍ തരുന്നു. അത്തരം അനുഭവങ്ങള്‍ അധ്യാപകര്‍ക്ക്‌ സ്വന്തം വികാസത്തിന്‌ ആവശ്യമാണ്‌. കുട്ടികള്‍ക്ക്‌ പകര്‍ന്നു നല്‍കാനും ആവശ്യമാണ്‌.

ചിത്രശലഭങ്ങള്‍ - ജി. ശങ്കരപ്പിള്ള

മലയാള നാടകവേദിയില്‍ ആധുനികതയുടെ കാഹളമൂതിയവയായിരുന്നു ജി. ശങ്കരപ്പിള്ളയുടെ നാടകങ്ങള്‍. ലോകനാടകസങ്കേതങ്ങളും വികാസ പരിണാമങ്ങളും പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടപ്പോഴും മലയാളത്തനിമ നിലനിര്‍ത്തിക്കൊണ്ട്‌ മുന്നോട്ടുപോകാന്‍ ശ്രമിച്ചവയാണ്‌ അദ്ദേഹത്തിന്റെ നാടകങ്ങള്‍. കുട്ടികളുടെ നാടകവേദിയെ പരിപോഷിപ്പിക്കാനായി 11 നാടകങ്ങളാണ്‌ ജി. ശങ്കരപ്പിള്ള രചിച്ചത്‌. അത്തരത്തിലൊരു നാടകസമാഹാരമാണ്‌ 'പ്ലാവിലത്തൊപ്പികള്‍ '. അതിലെ ഒരു നാടകമാണ്‌ “ചിത്രശലഭങ്ങള്‍'. സര്‍വംസഹയായ പ്രകൃതിയെയാണ്‌ നാടകത്തിലെ മുത്തശ്ശിയിലൂടെ അദ്ദേഹം അവതരിപ്പിച്ചത്‌. പുതുതലമുറയെ വഴിതെറ്റിക്കാനും നശിപ്പിക്കാനും ശ്രമിക്കുന്ന ഇരുട്ടിന്റെ സന്തതികളെയാണ്‌ സിംഹം പ്രതിനിധീകരിക്കുന്നത്‌. ഈ അവസ്ഥയില്‍ മക്കളെ രക്ഷിക്കാനിറങ്ങുന്ന പ്രകൃതിയാവുന്ന അമ്മ നേരിട്ടിറങ്ങുന്നതാണ്‌ നാടകത്തിന്റെ പ്രമേയം.

ഈ നാടകത്തില്‍ നിന്ന്‌ മുത്തശ്ശിയുടെ കഥാപാത്രനിരൂപണം, നാടകത്തിന്റെ കേന്ദ്രാശയം കണ്ടെത്തല്‍, മുത്തശ്ശിയുടെ നന്മപ്രവൃത്തിയെ കുറിച്ചുള്ള വിശകലനക്കുറിപ്പ്‌, ഗാനാലാപനം എന്നീ പ്രവര്‍ത്തനങ്ങളിലേക്ക്‌ കടക്കുന്നതിന്‌ ഈ നാടകത്തിന്റെ ഹ്രസ്വചിത്രം കുട്ടികള്‍ക്ക്‌ ഏറെ പ്രയോജനകരമാണെന്ന്‌ വിദ്യാര്‍ത്ഥികള്‍ അഭിപ്രായപ്പെടുന്നു.

തേന്‍കനി - ഡോ. വയലാവാസുദേവന്‍പിള്ള

ഡോ. വയലാവാസുദേവന്‍പിള്ളയുടെ ‘തേന്‍കനി’ എന്ന നാടകം കുട്ടികളുടെ നാടകവേദിയുടെ ആധുനികമുഖം കാട്ടിത്തരുന്നു. ബാലമനസ്സിലെ ഭയങ്ങളെ സര്‍ഗാത്മകമായ കൂട്ടായ്മകള്‍കൊണ്ട്‌ മറികടക്കാനാകുമെന്നും കുട്ടികളുടെ സ്വാശ്രയബോധത്തെക്കുറിച്ചും ഈ നാടകം യുക്തിപൂര്‍വ്വം ചര്‍ച്ച ചെയ്യുന്നു. നാടകസാഹിത്യപഠനത്തോടൊപ്പം അരങ്ങിലെ സാങ്കേതിക കാര്യങ്ങളെക്കുറിച്ചുള്ള സാമാന്യാവബോധധവും കുട്ടികള്‍ക്കു ലഭിക്കാന്‍ ഈ നാടകം ഉപയുക്തമാകുന്നു. അവനവന്റെ ഉള്ളില്‍ത്തന്നെ കുടികൊള്ളുന്ന ‘ഉമ്മാക്കി’കളെ പരാജയപ്പെടുത്തേണ്ടത്‌ വളര്‍ച്ചയ്ക്ക്‌ അനിവാര്യമാണെന്ന സന്ദേശം നല്‍കുന്ന നാടകമാണ്‌ ‘തേന്‍കനി'.

ഈ നാടകത്തില്‍ നിന്ന്‌ വിശകലനക്കുറിപ്പ്‌, ആസ്വാദനക്കുറിപ്പ്‌, താരതമ്യക്കുറിപ്പ്‌, കഥാപാത്രനിരൂപണം, നാടകാവതരണം എന്നീ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നാടക-ഹ്രസ്വചിത്രം ഏറെ ഗുണകരമായിരുന്നു എന്ന്‌ കുട്ടികള്‍ രേഖപ്പെടുത്തുകയുണ്ടായി.

അടുക്കളയില്‍ നിന്ന്‌ അരങ്ങത്തേക്ക്‌ - വി.ടി. ഭട്ടതിരിപ്പാട്‌

നമ്പൂതിരി സമുദായത്തിലെ യാഥാസ്ഥിതികതയ്ക്കെതിരെയും

സ്ത്രീസ്വാതന്ത്ര്യത്തിനുവേണ്ടിയും വി.ടി. 1929-ല്‍ രചിച്ച വിപ്ലവാത്മകമായ നാടകമാണ്‌ ‘അടുക്കളയില്‍ നിന്ന്‌ അരങ്ങത്തേക്ക്‌’ എന്ന നാടകം. നമ്പൂതിരി സമുദായത്തിലെ അനാചാരങ്ങള്‍, വൃദ്ധവിവാഹം, അന്ധവിശ്വാസങ്ങള്‍ എന്നിവയ്ക്കെതിരെ ശക്തമായ പ്രതികരണമാണ്‌ ഈ നാടകം.

ഈ നാടകപഠനത്തിനുശേഷം ഉപന്യാസം, പ്രതികരണക്കുറിപ്പ്‌, കേരളത്തിലെ അക്കാലത്തെ സാമൂഹികവ്യവസ്ഥിതി രേഖപ്പെടുത്തല്‍ എന്നീ പ്രവര്‍ത്തനങ്ങള്‍ക്ക്‌ പാഠഭാഗഹ്രസ്വചിത്രങ്ങള്‍ കുട്ടികള്‍ക്ക്‌ ഏറെ പ്രയോജനപ്പെടുന്നതായി കാണാം.

നാടക-ഹ്രസ്വചിത്രങ്ങളുടെ പ്രാധാന്യം

നാടകത്തെ ഹ്രസ്വചിത്രത്തിലൂടെ അവതരിപ്പിക്കുമ്പോള്‍ കുട്ടികള്‍ക്ക്‌ അത്‌ ഏറെ ആസ്വാദ്യകരമാകുന്നു. നാടകസന്ദേശം എളുപ്പത്തില്‍ കുട്ടികളില്‍ എത്തുവാനും സാങ്കേതിക വിദ്യയുടെ ഉപയോഗം (എഡിറ്റിംഗ്‌, സംഗീതം, ക്യാമറ, സ്ക്രിപ്റ്റ്‌) പഠിക്കുവാനും സാധിക്കുന്നു. ഇപ്രകാരം കുട്ടികളുടെ സര്‍ഗസിദ്ധമായ കഴിവുകള്‍ വളരുന്നതിനും ഡിജിറ്റല്‍ കാലഘട്ടത്തില്‍ ആധുനിക മാധ്യമസമ്പ്രദായങ്ങള്‍ തിരിച്ചറിയുന്നതിനും സാധ്യമാകുന്നു. നാടിന്റെ അകങ്ങളില്‍ നാടകം സ്വാധീനം ചെലുത്തിയത്‌ മനസ്സിലാക്കുന്നതിനും ഗ്രാമീണസംസ്കൃതിയുമായി നാടകത്തിന്റെ ബന്ധം തിരിച്ചറിയുന്നതിനും ഭാഷാപഠനത്തില്‍ നാടകസാഹിത്യത്തിന്റെ പ്രാധാന്യം ഉള്‍ക്കൊള്ളുന്നതിനും സാധിക്കുന്നു.

സംവേദനസാധ്യതകള്‍

◆ നാടകഭാഷയിലൂടെ ആശയവിനിമയസാധ്യത ശക്തിപ്പെടുന്നു.

◆അഭിനയം, ശരീരഭാഷ, മുഖഭാവം എന്നിവ ആശയപ്രകടനത്തിനായി ഉപയോഗിക്കാന്‍ പഠിക്കുന്നു.

◆ സഹകരണാത്മകവും സഹവര്‍ത്തിത്വവും നേടുന്നു.

ഉപസംഹാരം

കുട്ടികളുടെ നാടകവേദി ഇന്ന്‌ കേരളത്തില്‍ ഏറ്റവും സജീവമാണ്‌. കേരളത്തിലെ സ്‌കൂള്‍ കലോത്സവങ്ങളില്‍ ഓരോ വര്‍ഷവും ആയിരക്കണക്കിനു നാടകങ്ങളാണ്‌ അരങ്ങേറുന്നത്‌. നമ്മുടെ മിക്ക സ്കൂളുകളും ബൃഹത്തായ ഈ നാടകകൂട്ടായ്മയില്‍ പങ്കാളികളാണ്‌. അതോടൊപ്പം ഇത്തരം നാടകങ്ങള്‍ ഹ്രസ്വചിത്രങ്ങളായി മാറുമ്പോള്‍ ആധുനിക ഡിജിറ്റല്‍ സാങ്കേതികവിദ്യയിലൂടെ കുട്ടികളുടെ പഠനലക്ഷ്യം പൂര്‍ണ്ണമാകുന്നു.

നാടകങ്ങളും ഹ്രസ്വചിത്രങ്ങളും കുട്ടികളെ അനുഭവസമ്പന്നമാക്കുന്ന ശക്തമായ ഉപാധികളാണ്‌. ഇതിലൂടെ വിദ്യാര്‍ത്ഥികളുടെ സമ്രഗവികസനവും മൂല്യാധിഷ്ഠിത വിദ്യാഭ്യാസവും സാധ്യമാകുന്നു. ആയതിനാല്‍ നാടകങ്ങളെയും മറ്റു സാഹിത്യരൂപങ്ങളെയും ഹ്രസ്വചിത്രനിര്‍മ്മാണത്തിലൂടെ സംയോജിപ്പിക്കുന്ന നൂതന പഠനരീതി വരുംതലമുറയ്ക്ക്‌ ഉതകുന്നതായി മാറും എന്നതാണ്‌ യാഥാര്‍ത്ഥ്യം.

ഗ്രന്ഥസൂചി

1. സാജന്‍ തെരുവപ്പുഴ, ഷോര്‍ട്ട്ഫിലിം നിര്‍മ്മാണം, മാതൃഭൂമി ബുക്സ്‌, 2016.

2. Gary Parker and Bruce May, How to make a Short Film, Ann IFF Publications 2022.

3. മലയാളം ടീച്ചര്‍ടെക്സ്റ്റ്‌, സ്റ്റാന്‍ഡേര്‍ഡ്‌ 8, SCERT കേരളം, 2015

4. മലയാളം ടീച്ചര്‍ടെക്സ്റ്റ്‌, സ്റ്റാന്‍ഡേര്‍ഡ്‌ 6,  SCERT കേരളം, 2015

5. വിജയകൃഷ്ണന്‍ പി., ചലച്ചിത്രത്തിന്റെ പൊരുള്‍, കേരള ഭാഷാഇന്‍സ്റ്റിറ്റൂട്ട്‌, 2015.

6. അടൂര്‍ ഗോപാലകൃഷ്ണന്‍, സിനിമയുടെ ലോകം, കേരള ഭാഷാ ഇന്‍സ്റ്റിറ്റൂട്ട്‌, 2014.

7. സര്‍വ്വവിജ്ഞാനകോശം, പത്താം വാല്യം, ചലച്ചിത്രം, സ്റ്റേറ്റ്‌ ഇന്‍സ്റ്റിറ്റൂട്ട്‌ ഓഫ്‌ എന്‍സൈക്ടോപീഡിക്‌ പബ്ലിക്കേഷന്‍സ്‌, 1995

8.  രാമചന്ദ്രന്‍ എം.എം.(എഡിറ്റര്‍), ചലച്ചിത്രം, മനോരാജ്യം പബ്ലിക്കേഷന്‍സ്‌, കോട്ടയം,1980.

9. തിയേറ്റര്‍ വിദ്യാഭ്യാസത്തില്‍, NCF (National Curriculum Framework), 2005.

10. ശങ്കരപ്പിള്ള ജി. പ്ലാവിലത്തൊപ്പികള്‍, കേരളസാഹിത്യ അക്കാദമി, തൃശൂര്‍, 1983.

11. വയലാവാസുദേവന്‍പിള്ള (ഡോ.), തേന്‍കനി, കറന്റ്‌ ബുക്സ്‌, കോട്ടയം, 1992.

12. ഭട്ടതിരിപ്പാട്‌ വി.ടി, അടുക്കളയില്‍ നിന്ന്‌ അരങ്ങത്തേക്ക്‌, കേരളസാഹിത്യ അക്കാദമി, തൃശൂര്‍, 1997.


ആന്റണി ക്ലമന്റ്‌

ഗവേഷകന്‍, മലയാളവിഭാഗം

സര്‍ക്കാര്‍ വനിതാ കോളേജ്‌, വഴുതക്കാട്‌ തിരുവനന്തപുരം.


 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
ചീഫ് എഡിറ്റര്‍
ഡോ. ബി. ശ്രീകുമാർ സമ്പത്ത്



സ്റ്റുഡന്‍റ് എഡിറ്റര്‍
രതീഷ്
Fkv. 

ഇഷ്യു എഡിറ്റർ

​ഷീന എസ്.

FUntäm-dnb t_mÀUv 
AwK§Ä
ഡോ. കെ. റഹിം
ഡോ. സജീവ്കുമാർ എസ്.
ഡോ. ശ്രീലക്ഷ്മി എസ്.കെ.
ഡോ. രാമചന്ദ്രൻ പിള്ള എം.
ഡോ. അമ്പിളി ആർ.പി.
ഡോ. സംഗീത കെ.
ബിന്ദു എ.എം.

ഷീന എസ്.
ഡോ. കാരുണ്യ വി. എം.
അസോസിയേറ്റ് എഡിറ്റേഴ്സ്
ഡോ.ലാലു വി. , യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം
ഡോ.ഗംഗാദേവി എം., ഗവ. കോളേജ്, നെടുമങ്ങാട്, 
ഡോ.സേതുലക്ഷ്മി എം.എസ്. 
ഗവ.കോളേജ് ,നെടുമങ്ങാട്
Publishers Name:          
Dr.B.SREEKUMAR SAMBATH
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996          

Unssk³ & te Hu«vv
cXojv Fk.v

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2026

​

bottom of page