top of page

എം. ലീലാവതിയുടെയും ഗീതയുടെയും പുരാവൃത്ത പുനർവായനകൾ 

Oct 24
6 min read

Updated: 7 days ago

അനുപമ കെ.കെ.
ഡോ. രമ്യ ഗോകുലനാഥൻ

പ്രബന്ധസംഗ്രഹം

    ചരിത്രം ഒരു സാംസ്കാരിക നിർമ്മിതിയാണെന്ന അവബോധം രൂപപ്പെട്ടതിൽ നിന്നാണ് ചരിത്രത്തിലെ വിവരങ്ങളെ പ്രശ്നവത്കരിക്കാനുള്ള ശ്രമങ്ങൾ  ആരംഭിക്കുന്നത്. ഉയർന്ന ജനവിഭാഗങ്ങളുടെ കർത്തൃത്വത്തിൽ എഴുതപ്പെട്ട സാഹിത്യചരിത്രങ്ങളിൽ വലിയൊരു വിഭാഗത്തിൽ നിന്നും സ്ത്രീ, ദളിത് ജീവിതങ്ങൾ ഒഴിവാക്കപ്പെട്ടു. ചരിത്രത്തിൽനിന്ന് ഒഴിവാക്കി നിർത്തിയ സ്ത്രീമുന്നേറ്റങ്ങളെ സ്ത്രീപക്ഷ സാഹിത്യചരിത്രവിജ്ഞാനീയം എന്ന രീതിശാസ്ത്രത്തിലൂടെ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ ഇപ്പോൾ നടക്കുന്നുണ്ട്.

 

   ‘എം. ലീലാവതിയുടെയും ഗീതയുടെയും പുരാവൃത്ത പുനർവായനകൾ’ എന്ന പ്രബന്ധത്തിൽ സ്ത്രീനിരൂപകർ കവയിത്രികളുടെ പുരാവൃത്തകവിതകളെ എങ്ങനെ വിലയിരുത്തുന്നു എന്ന വിശകലനമാണ് നടത്തുന്നത്. വി.എം. ഗിരിജയുടെ പുരാവൃത്തകവിതകളായ ലോപാമുദ്ര, ശൂർപ്പണഖ, ചിത്ര, കുന്തി, കുബ്ജ, തച്ചൻ മകളോട് എന്നിവയെ എം. ലീലാവതി ‘സ്ത്രീസ്വത്വാവിഷ്കാരം ആധുനിക മലയാളസാഹിത്യത്തിൽ’ എന്ന പുസ്തകത്തിൽ പഠിച്ചിരിക്കുന്നത്  എങ്ങനെയെന്ന് വിലയിരുത്തുന്നു. ഇതേ കവിതകളെ ഗീതയുടെ ‘ദേവദൂതികൾ മാഞ്ഞുപോവത്’ എന്ന ഗ്രന്ഥത്തിൽ നിരൂപണവിധേയമാക്കിയിരിക്കുന്നതിനെയും പഠനം വിലയിരുത്തുന്നു.

 

താക്കോൽവാക്കുകൾ

 

സ്ത്രീവാദജ്ഞാനശാസ്ത്രം, ലിംഗപദവി, സ്ത്രീസ്വത്വാവിഷ്കാരം, സ്ത്രൈണഭാവം, സ്ത്രീപക്ഷവീക്ഷണം

 

 സ്ത്രീവാദജ്ഞാനശാസ്ത്രത്തിൻ്റെ സാധ്യതകളെ സാഹിത്യപഠനവുമായി ബന്ധപ്പെടുത്തുമ്പോൾ മുന്നോട്ടുവയ്ക്കാനാകുന്ന പുതിയ പഠനസാധ്യതയാണ് സ്ത്രീവാദചരിത്രവിജ്ഞാനീയം. അതിൻ്റെ പ്രയോഗസാധ്യതകൾ ഉപയോഗപ്പെടുത്തിയും അതിനെ പ്രത്യക്ഷവൽക്കരിച്ചുകൊണ്ടും സ്ത്രീപക്ഷ എഴുത്തുകളുടെ പുതിയ അപഗ്രഥന പാഠങ്ങൾ നിർമ്മിക്കാവുന്നതാണ്. അതുപോലെ ഇതിനോട് ബന്ധപ്പെടുത്തിതന്നെ നിലവിലെ സാഹിത്യചരിത്രങ്ങളിലെ ചരിത്രപാഠങ്ങളുടെ പുനർനിർമ്മിതിയും നടത്താം. ‘എം. ലീലാവതിയുടെയും ഗീതയുടെയും പുരാവൃത്ത പുനർവായനകൾ” എന്ന പ്രബന്ധത്തിലും ഈ രീതിശാസ്ത്രത്തെ മുൻനിർത്തിയുള്ള പഠനമാണ് നടക്കുന്നത്.

 

     വ്യത്യസ്ത കാലഘട്ടങ്ങളിൽ ഇറങ്ങിയ 'സ്ത്രീസ്വത്വാവിഷ്കാരം ആധുനികമലയാള സാഹിത്യത്തിൽ' , 'ദേവദൂതികൾ മാഞ്ഞുപോവത്' എന്നീ സാഹിത്യകൃതികളിൽ വി. എം. ഗിരിജയുടെ പുരാവൃത്തകവിതകളിലെ പുരാണ സ്ത്രീകളെ വിലയിരുത്തിയിരിക്കുന്നതിന്റെ ബലാബലങ്ങൾ പഠിക്കുന്നു. അതോടൊപ്പംതന്നെ സ്ത്രീവാദസാഹിത്യചരിത്രവിജ്ഞാനീയത്തിന്റെ പ്രയോഗസാധ്യതകൾ ഉപയോഗപ്പെടുത്തുന്നു. അങ്ങനെ സാഹിത്യചരിത്രങ്ങളിലെ സ്ത്രീപക്ഷനിലപാടുകളുടെയും ചരിത്രപഠനങ്ങളുടെയും പുനർനിർമ്മിതിയും നടത്താൻ ശ്രമിക്കുന്നുണ്ട്.

 

      സ്ത്രീവാദസിദ്ധാന്തങ്ങൾ പുതിയ കാഴ്ചപ്പാടിൽ നിന്നുകൊണ്ട് വൈജ്ഞാനിക പരിസരങ്ങളെ നവീനമാക്കുന്നു. അതുവഴി പുതിയ ചോദ്യങ്ങൾ ഉയർത്തുന്നു. വൈജ്ഞാനികമേഖലയെ സമ്പുഷ്ടമാക്കുകയും നൂതന പഠനസാധ്യതകൾക്ക് വഴിതുറക്കുകയും ചെയ്യുന്നു. പുരുഷാധിപത്യത്തിൻ്റെ അധികാരകേന്ദ്രങ്ങൾ സ്വാഭാവികമായും സാഹിത്യത്തിൻ്റെ സമസ്തമേഖലകളെയും അതിൻ്റെ അധീനതയിൽ നിലനിർത്താൻ ശ്രമിച്ചു. ചരിത്രത്തിലെ സ്ത്രീമുന്നേറ്റങ്ങളെല്ലാം പുരുഷകേന്ദ്രിത സമൂഹം മറച്ചുവെയ്ക്കുകയാണ് ചെയ്തുകൊണ്ടിരുന്നത്. ഈ രീതിയിൽ സ്ത്രീമുന്നേറ്റചരിത്രത്തിൻ്റെ മനഃപൂർവ്വമുള്ള പുരുഷ തമസ്ക്കരണങ്ങളുടെ പശ്ചാത്തല കാരണങ്ങൾ കണ്ടെത്തി മറച്ചുവെക്കപ്പെട്ട സ്ത്രീചരിത്രത്തെ കണ്ടെടുക്കുവാനുള്ള പരിശ്രമങ്ങൾ ഇന്ന് നടക്കുന്നുണ്ട്.

 

  സാഹിത്യചരിത്രങ്ങളിൽ നിന്ന് സ്ത്രീ, ദളിത്ജീവിതങ്ങൾ, അവർക്കുണ്ടായ നേട്ടങ്ങൾ ഇവ മനഃപ്പൂർവ്വം മൂടിവെയ്ക്കപ്പെട്ടിട്ടുണ്ട് എന്ന തിരിച്ചറിവിലേക്ക് എത്തിക്കുന്നതിന് ഈ പഠനങ്ങൾ സഹായകമായിത്തീർന്നു. ചരിത്രാഖ്യാനങ്ങൾ എഴുതപ്പെടുന്നത് ചരിത്രരചയിതാവിന്റെ ബോധതലത്തിലും പ്രത്യയശാസ്ത്രപരിസരത്തും നിന്നാണ്. അതുകൊണ്ടുതന്നെ വർഗ്ഗം, ലിംഗം, ജാതി തുടങ്ങിയവയുമായി ബന്ധപ്പെട്ട വിഭജനങ്ങൾ ചരിത്രാഖ്യാനത്തിൽ  സ്വാഭാവികമായും പ്രതിഫലിക്കും.

 

വി. എം. ഗിരിജയുടെ പുരാവൃത്ത പുനർവായനകളും ലീലാവതിയുടെയും ഗീതയുടെയും വിലയിരുത്തലുകളും

 

    വി. എം. ഗിരിജയുടെ പ്രണയം ഒരാൽബം എന്ന സമാഹാരത്തിലെ കവിതകളെ വിലയിരുത്തുന്ന ലീലാവതി സ്ത്രീയുടെ അനുഭവങ്ങൾ പഴയ കവിതയിൽ പുരുഷകേന്ദ്രിത വീക്ഷണത്തിൽ ആവിഷ്കരിച്ചിരിക്കുന്നു എന്ന അവബോധം ഉണ്ടെന്ന് കണ്ടെത്തുന്നു. അതിനെ സ്ത്രീകേന്ദ്രിത വീക്ഷണത്തിലൂടെ തിരുത്തി അവതരിപ്പിക്കുവാൻ വി. എം. ഗിരിജ ശ്രമിച്ചിരിക്കുന്നുവെന്നും പറയുന്നു. ലോപാമുദ്ര എന്ന കവിതയെ വിലയിരുത്തുമ്പോൾ സ്ത്രീയുടെ ഉദ്ദാമ വികാരങ്ങൾ തുറന്നു കാണിക്കുന്നതിനുള്ള മാധ്യമം ആയി ലോപാമുദ്രയെ അവതരിപ്പിക്കുന്നു എന്ന രീതിയിലാണ് പഠിച്ചിരിക്കുന്നത്. കാമത്തിൽ സ്ത്രീക്ക് വിധിക്കപ്പെട്ട യാന്ത്രികവിധേയതയെക്കുറിച്ചും പരാമർശിക്കുന്നുണ്ട്.

 

   എന്നാൽ നിരൂപക പറഞ്ഞ തലത്തിനപ്പുറം നിൽക്കുന്ന പ്രസക്തമായ ചില സ്ത്രീപക്ഷ വീക്ഷണങ്ങൾ ഈ കവിതയിൽ പ്രശ്നവൽക്കരിക്കപ്പെടുന്നുണ്ട്. സ്ത്രീക്കുമേൽ പുരുഷൻ ഉടമസ്ഥാവകാശം സ്ഥാപിക്കുന്ന ലിംഗാധിഷ്ഠിത നീതിനിർമ്മാണത്തെ ഈ കവിതയിൽ വി. എം. ഗിരിജ ചോദ്യം ചെയ്യുന്നുണ്ട്. അതുപോലെ തന്നെ സ്ത്രീശരീരത്തിൽ സ്ത്രീക്ക് തന്നെയാണ് അവകാശം എന്ന സ്ത്രീവാദജ്ഞാനശാസ്ത്രം സ്ഥാപിക്കപ്പെടുകയും ചെയ്യുന്നു. ഈ കവിതയിലെ ലോപാമുദ്ര തൻ്റെ ആഗ്രഹങ്ങൾ തുറന്നുപറയുവാൻ തക്ക ധൈര്യവും സ്വാതന്ത്ര്യവും നേടിയ പുരാണവനിതയാണ്. അവൾ സ്വയം പ്രതിരോധിക്കുന്നു. അതോടൊപ്പം സ്വയം തിരിച്ചറിയുകയും ചെയ്യുന്നു. ഈ സ്ത്രൈണാംശങ്ങൾ കണ്ടെത്തുന്നതിൽ ലീലാവതിടീച്ചറുടെ നിരൂപണതലം അത്രകണ്ട് ശ്രദ്ധിക്കുന്നില്ല.

 

  ശൂർപ്പണഖ എന്ന കവിതയിൽ “വിവാഹബാഹ്യമാണ് സ്ത്രീയുടെ ഉദ്ദാമ കാമം എന്ന അവസ്ഥ വന്നാൽ അവിടെ സ്ത്രീ തേജോവധം ചെയ്യപ്പെടുന്നു; അവൾക്ക് അംഗഭംഗം വരുത്തി വിരൂപിണിയാക്കാൻ പോലും പുരുഷൻ മടിക്കുന്നില്ല”1 (ലീലാവതി:2008,222) എന്നാണ് ലീലാവതി കണ്ടെത്തുന്നത്. ഈ വിചിത്രമായ നീതിബോധവും പുരുഷന്റെ അഹന്തയും കവിതയിൽ വിമർശിക്കപ്പെടുന്നു എന്നും കൂട്ടിച്ചേർക്കുന്നു.

 

  എന്നാൽ ലീലാവതിയുടെ കണ്ടെത്തലുകൾക്ക് അപ്പുറം നിൽക്കുന്ന ചില വീക്ഷണതലങ്ങൾക്കൂടി ശൂർപ്പണഖയുടെ സ്വത്വാവിഷ്ക്കാരത്തിൽ കൂട്ടിച്ചേർക്കേണ്ടതുണ്ട്. സ്ത്രീലൈംഗികസ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്ന ലിംഗാധിഷ്ഠിതമായ പുരുഷസമൂഹത്തിൻ്റെ ചിന്താഗതി ഈ കവിതയിൽ അടയാളപ്പെടുത്തപ്പെടുന്നുണ്ട്. നിരൂപക പറയുന്നതുപോലെ ശൂർപ്പണഖയുടെ അടക്കമില്ലാത്ത കാമത്തെ പ്രകൃതിനിയമമായി അവതരിപ്പിക്കുകയല്ല ഈ കവിതയിൽ. പുരുഷകേന്ദ്രിതമായി രചിക്കപ്പെട്ട ഇതിഹാസ വായനയെ സ്ത്രീപക്ഷ വീക്ഷണകോണിൽനിന്നും നോക്കിക്കാണുന്ന വി. എം. ഗിരിജയുടെ പഠനതലം ഈ കവിത ഉൾവഹിക്കുന്നുണ്ട്. ശൂർപ്പണഖ വേദനിപ്പിക്കപ്പെടുന്ന ഒരു സ്ത്രീയായി കവിതയിൽ മാറുന്നു. അതോടൊപ്പം സ്വത്വബോധവും, പ്രതിഷേധവും, വ്യക്തിത്വവും കാത്തുസൂക്ഷിക്കുന്ന ഒരു കരുത്തുറ്റ വനിതയുടെ പ്രതിനിധിയായിത്തീരുന്നു. അതിനുവേണ്ടി സമൂഹനീതിയെ തന്നെ ചോദ്യം ചെയ്യുന്ന സ്ത്രീയായി ശൂർപ്പണഖ മാറ്റപ്പെടുന്നു.

 

 

   ചിത്ര എന്ന കവിതയിൽ ചിത്രാംഗദ എന്ന ഭാരത കഥാപാത്രം തൻ്റെ ഉദ്ദാമ കാമത്തിലൂടെ അർജ്ജുനനെ കീഴടക്കുന്നതിന്റെ ചിത്രങ്ങളാണ് കാണിക്കുന്നതെന്ന് ലീലാവതി വിലയിരുത്തുന്നു. കൂടുതൽ സ്ത്രീപക്ഷമായ വീക്ഷണതലങ്ങൾ ഒന്നും തന്നെ എഴുത്തുകാരി പങ്കുവെക്കുന്നില്ല. എന്നാൽ പുരുഷാധിപത്യവ്യവസ്ഥ പിന്തുടരുന്ന സമൂഹത്തിൽ സ്ത്രീ ഒരു വെറും ഉപഭോഗവസ്തുവായി മാത്രം മാറുന്ന തലം ഈ കവിത പ്രശ്നവൽക്കരിക്കുന്നുണ്ട്. ഒരു ലിംഗാധിഷ്ഠിത സമൂഹത്തിൽ സ്ത്രീക്ക് സ്വന്തം വ്യക്തിത്വം എങ്ങനെ നഷ്ടപ്പെടുന്നുവെന്നും ഈ കവിത കാണിച്ചുതരുന്നു. ആ ഒരു വ്യവസ്ഥയിൽ സ്ത്രീകൾ ബന്ധനത്തിൽ പെടുത്തപ്പെടുകയും ആ ബന്ധനം ആജീവനാന്ത ജീവിതത്തിൽ അവളെ പിന്തുടരുകയും ചെയ്യുന്ന ഒരു അവസ്ഥ ഈ കവിതയിൽ ഉള്ളടങ്ങിയിരിക്കുന്നു. അവിടെ സ്ത്രീ വെറുമൊരു ഉപാധി മാത്രമായി ചുരുക്കപ്പെടുന്നു. ഇത്തരത്തിൽ വൈവിധ്യമാർന്ന സ്ത്രീപക്ഷവീക്ഷണതലങ്ങൾ കവിതയിൽ നിന്നും കണ്ടെത്താം എന്നിരിക്കെ നിരൂപക അതിന് മുതിർന്നിട്ടില്ല.

 

   കുന്തി എന്ന കവിതയിൽ നാല് ദേവന്മാരുമായി സഹവസിക്കുന്ന കുന്തിക്ക് അനുഭവപ്പെടുന്ന വ്യത്യസ്തത വർണ്ണിക്കുന്നു എന്നാണ് എഴുത്തുകാരി പഠിക്കുന്നത്. എന്നാൽ കുന്തിയുടെ മൗനത്തിൻ്റെ തലത്തെ വി. എം. ഗിരിജ തൻ്റെ കവിതയിലൂടെ ശബ്ദത്തിന്റെ തലത്തിലേക്ക് പരിവർത്തിപ്പിക്കുന്നു. ചൂഷണം ചെയ്യപ്പെടുന്ന സ്ത്രീശരീരവും അവഗണിക്കപ്പെടുന്ന സ്ത്രീ മനസ്സും കുന്തി എന്ന കവിതയിൽ പ്രശ്നവൽക്കരിക്കപ്പെടുന്നുണ്ട്. അതോടൊപ്പം ‘രതി എന്ന വികാരം’ സ്ത്രീകളെ അടിമകളാക്കാൻ പുരുഷാധിപത്യസമൂഹം തന്ത്രപൂർവ്വം ഉപയോഗിക്കുന്ന സ്ഥലവും കണ്ടെത്താനാകും. മലയാളസാഹിത്യത്തിലെത്തന്നെ ഏറ്റവും പ്രധാനപ്പെട്ട സ്ത്രീപക്ഷ രചനയായി കണക്കാക്കാവുന്ന ഈ കവിതയിലൂടെ വി. എം. ഗിരിജ സ്ത്രീത്വത്തിന്റെ ഉയർത്തെഴുന്നേൽപ്പ് തന്നെയാണ് പ്രത്യക്ഷവൽക്കരിക്കുന്നത്. ലീലാവതി പറയുന്ന ഉന്മത്ത കാമത്തിൻ്റെ തലം മാത്രമല്ല അത്.

 

     "ഉന്മത്തവും ഉന്മസ്തകവും ഉദ്ദാമവുമായ സ്ത്രൈണകാമത്തെ വർണ്ണിക്കാനാണ് ഇതിഹാസ പുരാണാധികളിൽനിന്ന് ആദിപ്രരൂപങ്ങളെ  തേടിപ്പിടിച്ച് ഉപയുക്തങ്ങളാക്കുന്നതെന്ന് ഈ നിദർശനങ്ങളിൽനിന്ന് വ്യക്തമാണല്ലോ"2(ലീലാവതി:2008,223) എന്ന് എഴുത്തുകാരി അടയാളപ്പെടുത്തുന്നുണ്ട്. എന്നാൽ മേൽപ്പറഞ്ഞ ലക്ഷ്യങ്ങൾ മാത്രമല്ല ഈ നാല് സ്ത്രീ കഥാപാത്രങ്ങളിലൂടെ സാക്ഷാത്കരിക്കപ്പെടുന്നത്. സ്ത്രീയുടെ സ്വാതന്ത്ര്യവും മാന്യതയും അംഗീകരിക്കപ്പെടേണ്ടതിന്റെ സാഹിത്യ പ്രഖ്യാപനങ്ങളായി ഈ കവിതയിലെ സ്ത്രൈണകഥാപാത്രങ്ങൾ മാറുന്നുണ്ട്. അതോടൊപ്പം തന്നെ സ്വത്വബോധമുള്ള സ്ത്രീപക്ഷ വീക്ഷണത്തിന്റെ അടയാളങ്ങളായും ആ കവിതകൾ  മാറ്റപ്പെടുന്നു.

 

     തച്ചൻ മകളോട് എന്ന കവിത വ്യത്യസ്തമാണെന്നും വിജയലക്ഷ്മിയുടെ തച്ചന്റെ മകൾ എന്ന കവിതയ്ക്ക് ഒരനുബന്ധമായി പെരുന്തച്ചൻ തന്റെ മകളോട് അന്തഃസത്യം പറയുന്ന സങ്കല്പതലം ഈ കവിതയിൽ കണ്ടെത്താം എന്നും വിലയിരുത്തുന്നു. അതോടൊപ്പം തന്നെ വ്യത്യസ്തമായ സ്ത്രീസ്വത്വാവിഷ്കാരതലങ്ങൾ ഈ കവിത ആവിഷ്കരിക്കുന്നുണ്ട്. സർഗാത്മക വ്യക്തിത്വമുള്ള സ്ത്രീകൾ നേരിടേണ്ടി വരുന്ന വിവിധ സംഘർഷത്തിന്റെ തലങ്ങൾ ഈ കവിത അവതരിപ്പിക്കുന്നുണ്ട്. സ്ത്രീകളുടെ പ്രവർത്തി മേഖലകളെക്കുറിച്ച് സമൂഹം നിലനിർത്തുന്ന ചിരപുരാതന ധാരണകളെ ഈ കവിത പ്രശ്നവൽക്കരിക്കുന്നു. ലീലാവതിയുടെ നിരൂപണത്തിൽ ഈ തലങ്ങൾ ശ്രദ്ധിക്കപ്പെടുന്നില്ല.

 

 

ഗീത

 

     വി. എം. ഗിരിജയുടെ ലോപാമുദ്ര എന്ന കവിത വിലയിരുത്തുന്ന പി. ഗീത അഗസ്ത്യ പത്നിയായ ലോപാമുദ്രയുടെ ജീവിതവ്രതങ്ങളുടെ പൊരുളുകളാണ് കവയിത്രി അന്വേഷിക്കുന്നത് എന്ന രീതിയിലാണ് പഠനം നടത്തുന്നത്. രാജകൊട്ടാരത്തിലെ സുഖസൗകര്യങ്ങൾ വേണ്ടെന്ന് വച്ച് അഗസ്ത്യമുനിയോടൊപ്പം വനത്തിലേക്കിറങ്ങുന്ന ലോപാമുദ്ര തന്നെ പ്രാപിക്കാൻ വരുന്ന മഹർഷിയോട് വിശിഷ്ടമായ വസ്ത്രങ്ങളും ആഭരണങ്ങളും ആവശ്യപ്പെടുന്നവളാണ്. എന്നാൽ ഈ ആവശ്യപ്പെടലിന് പിന്നിലെ ബാഹ്യമായ കാരണങ്ങൾ കണ്ടെത്തി അവതരിപ്പിക്കാൻ ഗീത വിമുഖത കാട്ടുന്നു.

 

      സ്ത്രീ പുരുഷൻ്റെ ഉടമസ്ഥതയിലുള്ളതാണെന്ന ലിംഗാധിഷ്ഠിത സമീപനത്തെയും അഗസ്ത്യനെയും ഈ കവിതയിൽ വി. എം. ഗിരിജ പ്രശ്നവൽക്കരിക്കുന്നുണ്ട്.

 

"എൻ പ്രിയനാകുമഗ്ത്യനെ

പിൻതുടർന്നെൻ കുലവും

രാജധാനിയും വിട്ടവൾ" എന്നും

 

"എന്നെയിക്കാടിൻ ഋതു

വിലാസങ്ങളിൽ നിന്ന്

മഞ്ഞായിമറയ്ക്കുന്നതെന്തിന്?"

 

എന്നിങ്ങനെ ലോപാമുദ്രയുടെ ആത്മഗതങ്ങൾ കവയിത്രി അവതരിപ്പിക്കുന്നുണ്ട്. പുരുഷസ്വത്വം ധ്വന്വാത്മകമായി വിമർശിക്കപ്പെടുന്ന തലവും ഈ കവിതയിൽ വി. എം. ഗിരിജ പ്രശ്നവൽക്കരിക്കുന്നുണ്ട്. അതുപോലെ ഈ കവിതയിലെ ലോപാമുദ്ര വ്യക്തമായ സ്ത്രീപക്ഷവീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന സ്ത്രീയാണ്. അതുകൊണ്ടുതന്നെ വ്യക്തവും ശക്തവുമായ സ്വതന്ത്ര നിലപാടുകളും അവൾ നിലനിർത്തുന്നു.

 

  "നഗരകാനനസംഘർഷം പുരുഷ സ്ത്രീ സംഘർഷമായും സവർണ്ണാവർണ്ണ സംഘർഷമായും രൂപപ്പെടുന്ന കവിതകളാണ് ശൂർപ്പണഖയും  ചിത്രയും"3  (ഗീത:1999,101) എന്നാണ് ഗീത വിലയിരുത്തുന്നത്. പരാക്രമവും സ്നേഹവും കൊണ്ട് ശൂർപ്പണഖ രാമനെ പരാജയപ്പെടുത്തി എന്നും അവളുടെ വ്യക്തിത്വം അവതരിപ്പിക്കാൻ രണ്ടുതരം ഭാഷ ഉപയോഗിക്കുന്നുവെന്നും നിരൂപക പഠിക്കുന്നുണ്ട്.

 

 

   എന്നാൽ ഗീതയുടെ നിരൂപണത്തിനപ്പുറം നിൽക്കുന്ന ഒരു സ്ത്രൈണവ്യക്തിത്വം ശൂർപ്പണഖയ്ക്കുണ്ട്. കാമാസക്തയായ രാക്ഷസി എന്ന തലത്തിനപ്പുറം സ്വന്തം ആഗ്രഹങ്ങൾ പ്രകടിപ്പിക്കുന്ന സ്ത്രീ എന്ന തലത്തിലേക്ക് ശൂർപ്പണഖ ഉയരുന്നു.

 

"എന്തൊരു കൊതി.....

ഉയിരുമുടലുംത്രസിക്കുമെന്തൊ

രാകർഷണമന്ത്രം

പൗരുഷത്തിൻ്റെയെന്തനന്ത സൗന്ദര്യം!"

 

എന്നിങ്ങനെ രാമനോടുള്ള തൻ്റെ ഇഷ്ടം ശൂർപ്പണഖ തുറന്നുപറയുന്നുണ്ട് കവിതയിൽ. ഇവിടെ സ്ത്രീയുടെ ലൈംഗികസ്വാതന്ത്ര്യം പുരുഷാധിപത്യ സമൂഹത്തിൽ അംഗീകരിക്കാത്തത് വി. എം. ഗിരിജ കവിതയിലൂടെ പ്രശ്നവൽക്കരിക്കുന്നുണ്ട്. അതുപോലെ വൈവാഹിക ബന്ധത്തിന് പുറത്ത് ഒരു സ്ത്രീ തന്റെ കാമവികാരം പ്രകടിപ്പിച്ചാൽ അവളെ രാമൻ ഉൾപ്പെടുന്ന പുരുഷാധിപത്യസമൂഹം അംഗവിച്ഛേദം ചെയ്ത് വിരൂപയാക്കുമെന്നും കവിതയിലൂടെ കവയിത്രി പറയുന്നു. എന്നാൽ ഇതേ പ്രവർത്തി ചെയ്യുന്ന പുരുഷനാകട്ടെ യാതൊരുവിധത്തിലുള്ള ശിക്ഷയും ലഭിക്കുന്നില്ല. ഈ വിചിത്രമായ നീതിബോധത്തെ ശൂർപ്പണഖ എന്ന ഐതിഹാസിക സ്ത്രീ ബിംബത്തെ ഉപയോഗിച്ച് വിമർശിക്കുന്നു.

 

"രാമാനീയലിയിന്നുവോ

വിങ്ങുന്ന ഹൃത്തുമായ്

നീയെന്നിലേക്കു ചായുന്നോ" എന്നും

 

"കാടത്തിയെകണ്ട കൗതുകം

 നിൻ്റെ കണ്ണിലും "

എന്നിങ്ങനെ രാമൻ്റെ അവസ്ഥാന്തരങ്ങൾ കവിതയിൽ അവതരിപ്പിക്കുന്നുണ്ട് ഇവിടെ വ്യക്തമായ സ്ത്രീപക്ഷവീക്ഷണം കണ്ടെത്താം. ഇത്തരത്തിലുള്ള മാനസിക അവസ്ഥകളിലൂടെ കടന്നുപോകുന്ന ഉന്നതകുലജാതനായ രാമന് സ്ത്രീയുടെ ശരീരത്തെ നിയന്ത്രിച്ച് അവളെ അടിച്ചമർത്തുന്ന പുരുഷാധിപത്യ നീതി അനുഭവിക്കേണ്ടി വരുന്നില്ല. ഹരിതവനത്തിന്റെ കനിയായി വരുന്ന ശൂർപ്പണഖ സ്ത്രീസ്വത്വത്തിന്റെ തനിമയും നഗരവൽക്കരണങ്ങളുടെ നിരാകരണവും കാണിക്കുന്ന കഥാപാത്രമായി മാറ്റപ്പെടുന്നു.

 

      ചിത്ര എന്ന കവിത പഠിക്കുമ്പോൾ പ്രണയത്തിലും സ്നേഹപ്രകടനങ്ങളിലും ഉള്ള സ്ത്രീകളുടെ മേധാവിത്വത്തെയും സ്ത്രീയുടെ സ്നേഹത്തിനും കരുത്തിനും മുന്നിൽ സ്വന്തം നിസ്സാരത തിരിച്ചറിയുന്ന പുരുഷനും ഈ കവിത പ്രശ്നവൽക്കരിക്കുന്നുണ്ടെന്ന് ഗീത പറയുന്നു. എന്നാൽ ഈ തലങ്ങളിൽ മാത്രമല്ല ഈ  കവിതയിലെ സ്ത്രൈണവീക്ഷണം വരുന്നത്

 

    പുരുഷാധിപത്യ സമൂഹത്തിൽ സ്ത്രീ ഒരു ഉപകരണമായി മാത്രം മാറ്റപ്പെടുന്ന അവസ്ഥ വിമർശിക്കപ്പെടുന്നു. അതുപോലെ സ്ത്രീജീവിതം പുരുഷന്റെ ആവശ്യത്തിനനുസരിച്ച് മാത്രം വിലയിരുത്തപ്പെടുന്ന തലം പഠിക്കപ്പെടുന്നുണ്ട്. പുരുഷാധിപത്യത്തെ കവിത ചോദ്യം ചെയ്യുന്നതിനൊപ്പം സ്ത്രീസ്വത്വവും സ്വാതന്ത്ര്യവും നിഷേധിക്കപ്പെടുന്ന തലവും പ്രശ്നവൽക്കരിക്കപ്പെടുന്നു. ചിത്ര എന്ന പൗരാണിക കഥാപാത്രത്തിന് സ്വന്തം ശബ്ദവും വ്യക്തിത്വവും നൽകുന്നുണ്ട് ഗീത. അങ്ങനെ സ്ത്രീയുടെ അടിച്ചമർത്തപ്പെട്ട ശബ്ദം മുന്നിലെത്തുന്നു. ആത്മാഭിമാനവും സ്വാതന്ത്ര്യവും പ്രകടിപ്പിക്കുന്ന സ്ത്രീയായി ചിത്രാംഗദ മാറുന്നു

 

      വ്യക്തമായ സ്ത്രീപക്ഷ നിരീക്ഷണതലങ്ങൾ പ്രകടിപ്പിക്കുന്ന കുന്തി, കുബ്ജ എന്നീ കവിതകൾ നിരൂപക വിശദമായ പഠനം നടത്തുന്നില്ല. വിജയലക്ഷ്മിയുടെ ‘തച്ചന്റെ മകൾ’ എന്ന കവിതയെ വിലയിരുത്തുന്ന തലത്തിനോട് ചേർത്തുനിർത്തി ഗിരിജയുടെ തന്നെ ‘തച്ചൻ മകളോട്’ എന്ന കവിതയെ പഠിക്കുന്നു4. ആധുനിക മലയാള കവിതയിലെ പെരുന്തച്ചൻ ചിന്തകളുടെ കൂട്ടത്തിൽപ്പെടുന്ന കവിത എന്ന നിരൂപണതലവും പങ്കുവയ്ക്കുന്നുണ്ട്. മകളെ വിലയിരുത്തുന്ന രീതിയിലുള്ള കൂടുതൽ വിശദീകരണങ്ങൾ ഒന്നും തന്നെ നൽകുന്നില്ല. എന്നാൽ പെരുന്തച്ചൻ്റെ പത്നീപ്രണയവും മകളോട് തൻ്റെ ഉള്ളിലുള്ള സത്യം തുറന്നുപറയുന്ന സങ്കല്പതലവും ഈ കവിതയിൽ വരുന്നുണ്ട്. അതുപോലെ സ്ത്രീകൾ അനുഭവിക്കുന്ന വിവിധ സംഘർഷതലങ്ങൾ ഈ കവിത പ്രശ്നവൽക്കരിക്കുന്നുണ്ട്. പുരുഷാധിപത്യ മൂല്യ സങ്കൽപങ്ങളെ കവിതയിൽ വിചാരണ ചെയ്യുന്നു. സ്ത്രീയെ വാർത്തെടുക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ലിംഗാധിഷ്ഠിത നീതിബോധത്തെ കവിത പ്രശ്നവൽക്കരിക്കുന്നു. ഇവകൂടി പഠനത്തിൽ ഉൾപ്പെടുത്തേണ്ടതായിരുന്നു.

 

     ഇങ്ങനെ വി. എം. ഗിരിജയുടെ പുരാവൃത്ത കവിതകൾ ആയ ലോപാമുദ്ര,  ശൂർപ്പണഖ, ചിത്ര, കുന്തി, തച്ചൻ മകളോട് എന്നീ കവിതകളെ സ്ത്രൈണവീക്ഷണതലത്തിൽ വിലയിരുത്തുമ്പോൾ വ്യത്യസ്തങ്ങളായ സ്ത്രീപക്ഷ സ്വത്വനിർമ്മിതികളെ കണ്ടെത്താം. പുരാണങ്ങളിലും ചരിത്രങ്ങളിലും പുരുഷകേന്ദ്രിതമായി അവതരിപ്പിക്കപ്പെട്ട സ്ത്രീ കഥാപാത്രങ്ങളാണ് ഈ  കവിതകളിൽ വരുന്നത്. സ്ത്രീപക്ഷവീക്ഷണകോണിൽ നിന്നുള്ള രീതിശാസ്ത്രത്തിന്റെ പിൻബലത്തിൽ ആ കവിതകളെ പഠിക്കുമ്പോൾ സാഹിത്യ ചരിത്രങ്ങളിലെ പുരാണത്തിന്റെ പുനർവായനകൾ സാധ്യമായിത്തീരുന്നു. അങ്ങനെ സ്ത്രീയനുഭവങ്ങളെയും സ്ത്രീശബ്ദങ്ങളെയും പുതിയ രീതിയിൽ വായിക്കുകയും കണ്ടെത്തുകയും ചെയ്യാൻ സാധിക്കും. ആ പുനർവായനകൾ സ്ത്രീപക്ഷ സാഹിത്യത്തിന് ഒരു മുതൽക്കൂട്ടാകുന്നു. ലീലാവതി ടീച്ചർ സ്ത്രൈണകാമത്തിന്റെ അവതരണമായാണ് ഗിരിജയുടെ പുരാവൃത്ത പുനർവായനകളെ കാണുന്നത്. എന്നാൽ പി. ഗീത ഉത്തരാധുനിക വീക്ഷണത്തിൽ ആ കവിതകളെ വിലയിരുത്തുന്നു. സ്ത്രീവാദജ്ഞാനശാസ്ത്രത്തിൻ്റെ പിൻബലത്തിൽ ആ കവിതകളെ വിലയിരുത്തുമ്പോൾ കൂടുതൽ കരുത്തുറ്റ സ്ത്രീപക്ഷ പാരായണസാധ്യതകൾ തെളിയുകയും ചെയ്യുന്നു.

 

കുറിപ്പുകൾ

 

  1. ലീലാവതി. എം. (ഡോ), സ്ത്രീസ്വത്വാവിഷ്ക്കാരം ആധുനികമലയാള സാഹിത്യത്തിൽ, 2008, പുറം 222

  2. ലീലാവതി. എം. (ഡോ), സ്ത്രീസ്വത്വാവിഷ്ക്കാരം ആധുനികമലയാള സാഹിത്യത്തിൽ, 2008, പുറം 223

  3. ഗീത. പി, ദേവദൂതികൾ മാഞ്ഞുപോവത്, 1999, പുറം 101

  4. ഗീത. പി, ദേവദൂതികൾ മാഞ്ഞുപോവത്, 1999, പുറം 104

വ്യവസ്ഥയുടെ പട്ടുനൂൽക്കെട്ടു പൊട്ടിച്ച് സ്വന്തം സർഗ്ഗാത്മകതയും വനമേഖലകൾ തേടി പുറത്തുപോയ വിജയലക്ഷ്മിയുടെ ആ മകൾക്ക് ദുർബലമായൊരു തുടർച്ചയാണ് ഗിരിജയുടെ ‘തച്ചൻ മകളോട്’.

 

 

ഗ്രന്ഥസൂചി

 

  1. ഗീത. പി, 1999, ദേവദൂതികൾ മാഞ്ഞുപോവത്, നാഷനൽ ബുക്ക് സ്റ്റാൾ, കോട്ടയം.

  2. ദേവിക. ജെ, 2000, സ്ത്രീവാദം, ഡി. സി. ബുക്സ്, കോട്ടയം.

  3. പ്രശാന്തകുമാർ. എൻ. (ഡോ), 1998, സ്ത്രീരചനാദർശനം ഒരു അവലോകനം, നാഷനൽ ബുക്ക് സ്റ്റാൾ, കോട്ടയം.

  4. പ്രസാദ്. സി. ആർ. (ഡോ), 2011, എഴുത്ത്: കരുത്തും വിശ്വാസവും, നാഷനൽ ബുക്ക് സ്റ്റാൾ, കോട്ടയം.

  5. രാജലക്ഷ്മി. ആർ. ബി. (ഡോ), 2010, സർഗ്ഗഭാവനയുടെ പെൺപക്ഷം, നാഷനൽ ബുക്ക് സ്റ്റാൾ, കോട്ടയം.

  6. ലീലാവതി. എം. ( ഡോ), 2008, സ്ത്രീസ്വത്വാവിഷ്ക്കാരം ആധുനിക മലയാള സാഹിത്യത്തിൽ, കേരള സാഹിത്യ അക്കാദമി, തൃശ്ശൂർ.

  7. ഷീബാ ദിവാകരൻ. (ഡോ), 2014, പെൺകവിത മലയാളത്തിൽ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം.

 

ആനുകാലികങ്ങൾ

 

  1. മലയാളം റിസേർച്ച് ജേണൽ, ബെഞ്ചമിൻ ബെയിലി ഫൗണ്ടേഷൻ, വാല്യം 8, ലക്കം 3, സെപ്റ്റംബർ - ഡിസംബർ, 2015

  2. മലയാളം റിസേർച്ച് ജേണൽ, ബെഞ്ചമിൻ ബെയിലി ഫൗണ്ടേഷൻ, വാല്യം 9, ലക്കം 1, ജനുവരി - ഏപ്രിൽ, 2016

  3. മലയാളപ്പച്ച, റിസേർച്ച് ജേണൽ : ഭാഷ, സാഹിത്യം, സംസ്കാരം, ലക്കം 10, ഫെബ്രുവരി, 2020.

 

അനുപമ കെ.കെ.

ഗവേഷക

ദേവസ്വം ബോർഡ് കോളേജ്, തലയോലപ്പറമ്പ്

 

ഡോ. രമ്യ ഗോകുലനാഥൻ

അസിസ്റ്റൻ്റ് പ്രൊഫസർ

ദേവസ്വം ബോർഡ് കോളേജ്, തലയോലപ്പറമ്പ്

മലയാള വിഭാഗം

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
ചീഫ് എഡിറ്റര്‍
ഡോ. ബി. ശ്രീകുമാർ സമ്പത്ത്



സ്റ്റുഡന്‍റ് എഡിറ്റര്‍
രതീഷ്
Fkv. 

ഇഷ്യു എഡിറ്റർ

​ഷീന എസ്.

FUntäm-dnb t_mÀUv 
AwK§Ä
ഡോ. കെ. റഹിം
ഡോ. സജീവ്കുമാർ എസ്.
ഡോ. ശ്രീലക്ഷ്മി എസ്.കെ.
ഡോ. രാമചന്ദ്രൻ പിള്ള എം.
ഡോ. അമ്പിളി ആർ.പി.
ഡോ. സംഗീത കെ.
ബിന്ദു എ.എം.

ഷീന എസ്.
ഡോ. കാരുണ്യ വി. എം.
അസോസിയേറ്റ് എഡിറ്റേഴ്സ്
ഡോ.ലാലു വി. , യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം
ഡോ.ഗംഗാദേവി എം., ഗവ. കോളേജ്, നെടുമങ്ങാട്, 
ഡോ.സേതുലക്ഷ്മി എം.എസ്. 
ഗവ.കോളേജ് ,നെടുമങ്ങാട്
Publishers Name:          
Dr.B.SREEKUMAR SAMBATH
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996          

Unssk³ & te Hu«vv
cXojv Fk.v

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2026

​

bottom of page